Translate

Sunday, March 25, 2018

ഞങ്ങൾ ഹാപ്പിയാണ്!

ചങ്ങനാശ്ശേരിയിൽ ചേർന്ന അത്മായാമഹാസമ്മേളനം കണ്ടെത്തിയത് തലങ്ങും വിലങ്ങും ചതിക്കപ്പെട്ട മാർ ആലഞ്ചേരി ജീവിക്കുന്നയൊരു  വിശുദ്ധനാണെന്നാണ്. അതു തെളിയിക്കാൻ ആവശ്യമായ രണ്ടു കാര്യസാദ്ധ്യാനുഭവങ്ങൾ ആ യോഗത്തിൽ പങ്കുവെക്കപ്പെടുകയുമുണ്ടായി. എറണാകുളം ജില്ലക്കാരായ രണ്ടു മെത്രാന്മാരെ യോഗം പേരെടുത്തു ചതിയന്മാരെന്നു പറഞ്ഞു പ്രമേയവും പാസ്സാക്കിപ്പിരിഞ്ഞു. ആലഞ്ചേരിപ്പിതാവ് പഞ്ചപാവമാണെന്ന കാര്യത്തിൽ എനിക്കും അഭിപ്രായവ്യത്യാസമില്ല; പക്ഷേ, ഈ തൊഴിൽ തനിക്കു പറ്റിയതല്ലെന്നു മനസ്സിലായ നിമിഷം, അതിട്ടിട്ടദ്ദേഹം സ്ഥലം വിടണമായിരുന്നു. കാണുന്ന സർവ്വ ആഘോഷങ്ങൾക്കും പിരിവുകൾക്കും തോന്ന്യാസങ്ങൾക്കുമെല്ലാം തലവെച്ചു കൊടുത്തയദ്ദേഹം, അത്മായനറിയാതെ റോമിലെ ക്യുരിയാ ഹൗസിന്റെ ഇടപാടു മാത്രമല്ല നടത്തിയത്. അത്മായനൊരു കത്തയച്ചാൽ കിട്ടിയെന്നു മറുപടിപറയാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഇന്നും സൗകര്യമില്ല. നടപ്പാക്കുന്നതു ക്രൈസ്തവ നീതിയാണോയെന്നു നോക്കാതെയാണ് അദ്ദേഹം പല തീരുമാനങ്ങളും എടുത്തിട്ടുള്ളതും; രക്തശുദ്ധിവാദം അദ്ദേഹം അംഗീകരിച്ചതും വത്തിക്കാൻ തള്ളിക്കളഞ്ഞതും ഉദാഹരണം. അമേരിക്കയിൽ നിന്നും ആളുകൾ വന്നു പിതാവിന്റെ കാലുപിടിച്ചപേക്ഷിച്ചതാ. കേട്ടോ?

വിമതരെ മുഴുവൻ ഒറ്റപ്പെടുത്തി കടലിൽമുക്കിക്കൊന്നാലും സീറോസഭയുടെ പ്രശ്നങ്ങൾ തീരുമോ? വിശ്വാസികളെ ഊറ്റിപ്പിഴിഞ്ഞെടുത്ത പണം കൊണ്ടർമ്മാദിച്ചു നടക്കുന്ന വൈദികർ സമ്പാദിച്ച ശാപം എവിടെക്കൊണ്ടെ തീർക്കും? സലോമിയെന്ന ഒരൊറ്റ സ്ത്രീയുടെ ഹൃദയം ഉരുകിയുള്ള ശാപം മതിയല്ലോ ഈ സഭ വെണ്ണീറാകാൻ! അളവെടുക്കപ്പെട്ട എത്രയോ പെൺജന്മങ്ങൾ ഈ വർഗ്ഗത്തെയടച്ചു പ്രാകിയിരിക്കണം! പവ്വത്തിൽ പിതാവിനെ വിശുദ്ധനാക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ ഓർക്കുക - ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് ആ മനുഷ്യൻ കാണിച്ച ധാർഷ്ട്യത്തിന്റെയും വിഡ്ഢിത്തരങ്ങളുടെയും പരിണിത ഫലമാണിപ്പോൾ നാം ആസ്വദിക്കുന്നത്. 

പ്രശ്നം തീർക്കാൻ സഭാസ്നേഹികൾ ഓടി നടക്കുന്നു - പരി.ആത്മാവിന്റെ ലക്ഷണം സമാധാനവും ചെകുത്താന്റെ ലക്ഷണം തമ്മിലടിയുമാണെന്നു പഠിപ്പിച്ചത് അച്ചന്മാർ തന്നെയല്ലെ? ജനം ഇതുവരെ തൊപ്പിക്കാരാരെയും കൈവെച്ചനുഗ്രഹിച്ചില്ല, പക്ഷെ അതുടനുണ്ടാവും. സാൻഫ്രാൻസിസ്കോ പള്ളിയിൽ പൊതുയോഗം അടിവെച്ചു പിരിഞ്ഞു - വീഡിയോ ഫെയിസ്ബുക്കിൽ, ഒല്ലൂർ പള്ളിക്കുള്ളിൽ ഇരുന്നൂറോളം പേർ പ്ളാക്കാർഡ് ഉയർത്തിപ്പിടിച്ചു പ്രതിക്ഷേധിച്ചു, അതു പാലയൂർ തീർത്ഥാടനത്തിൽ തുടരുകയും ചെയ്തു. കൊരട്ടിമുത്തിയെ മയക്കിക്കിടത്തി വികാരി എന്തെങ്കിലും കാണിച്ചോയെന്നത് മുഴുവൻ കണക്കും നോക്കിയാലെ അറിയാൻ സാധിക്കൂ. നാലുകോടി ആറുകോടിയെന്നൊക്കെ കേൾക്കുന്നു. മലയാറ്റൂരിൽ ഈ വർഷം തോമ്മാശ്ളീഹായുടെ ആത്മാവ് ഉണ്ടായിരിക്കുമൊയെന്നുറപ്പില്ല.  ദാ... ഒരു മണീക്കൂറെ ആയിട്ടുള്ളൂ അനിൽ സബർമതിയിൽ നിന്നു വിളിച്ചിട്ട്. അവൻ ഭാര്യവീട്ടിൽ പോയവഴി ഇന്ന് അഹമ്മദാബാദിലെ നരോഡാ പള്ളിയിലാ ഓശാനക്കുർബ്ബാന കാണാൻ പോയതെന്നു പറഞ്ഞു. അവിടെ കുർബ്ബാന കഴിഞ്ഞ് ഇടവകക്കാരെല്ലാം കൂടി ഒത്തുചേർന്ന് ഒരു തീരുമാനം എടുത്തത്രെ - ഷംഷാബാദ് രൂപതയുടെ പണി ഇവിടെ വേണ്ടാന്ന്! ഇനി ഷംഷാ'ബാഡി'ന്റെ പേര് ഷംഷാ'ഗുഡ്' എന്നാക്കി നോക്കിയാലറിയാം എന്തെങ്കിലും വ്യത്യാസമുണ്ടാകുമോന്ന്. അവർ അവിടെ ഹാപ്പിയാണെന്നാണവൻ പറഞ്ഞത്. അവന്റെ പറച്ചിലു കേട്ടാൽ തോന്നും അവരു മാത്രമേ ഹാപ്പിയായിട്ടുള്ളൂന്ന്. എറണാകുളത്ത് അടി തുടങ്ങിയെന്നു കേട്ടപ്പോൾ മുതൽ ഭൂരിഭാഗം ക്രിസ്ത്യാനികളും ഹാപ്പിയാണ്. സ്രാമ്പിക്കൽ പിതാവ് റിക്രൂട്ട്മെന്റ് സ്വപ്നം കഴിഞ്ഞു വേറേതോ സ്വപ്‍നം കണ്ടുകൊണ്ടിരിക്കുകയാണെന്നാ കേട്ടത്. മാർ ഭരണിക്കുളങ്ങരയും താഴത്തുപിതാവുമൊക്കെ കാണുന്നതിക്കൂട്ടാണോയെന്നുറപ്പില്ല. ലോകം മുഴുവനുമുള്ള സ്വന്തം വിശ്വാസികൾ സ്വന്തം സഭയെ തള്ളിപ്പറയുന്നതെന്തിനെന്നു ചിന്തിക്കാനുള്ള വിവേകം പരി.ആത്മാവ് പവ്വത്തിൽ പിതാവിനും കൊടുത്തില്ല, ആലഞ്ചേരിപ്പിതാവിനും കൊടുത്തില്ല, വിവേകമുള്ള ആരെയും ചെമ്പട്ടുചുറ്റിയനുഗ്രഹിച്ചുമില്ല.

സീറോ മലബാറിൽ കുരുത്തോല വീട്ടിൽ കൊണ്ടു വെയ്ക്കുന്നതിനും പ്രാർത്ഥനയിറങ്ങിക്കഴിഞ്ഞു. ഇനി കക്കൂസിൽ പോകുമ്പോൾ ചൊല്ലാനുള്ളതും കൂടിയായാൽ ക്ളീൻ! ഈ ആഴ്ച്ചത്തെ പീഢാനുഭവം കഷ്ടമാണെന്നറിയാമെങ്കിലും ഞാൻ കർത്താവിനോടു ചോദിച്ചു, നോയമ്പുവീടൽ രണ്ടു മാസത്തേനും കൂടി നീട്ടിവെയ്കാമോന്ന് - എത്ര ലോഡാ, സിവിൽ സപ്ളൈസിന്റെ മുന്നിലെത്തിക്കൊണ്ടിരിക്കുന്നത്!

No comments:

Post a Comment