Translate

Thursday, March 29, 2018

ഇവനെ തട്ടിയേക്കാം!

എല്ലാ മതക്കാർക്കും അവധിയുണ്ട്, ഞങ്ങൾക്കും വേണം ഒരു പൊതു അവധിയെന്ന് കുറേ നിരീശ്വരവാദികൾ കോടതിയിൽ പരാതിപ്പെട്ടപ്പോൾ അനുവദിച്ചു കിട്ടിയതാണ്, ഏപ്രിൽ ഒന്നെന്നാണ് കഥ. അവരെക്കാൾ അർഹരായവർ വന്നാൽ ആ ദിവസം അവർക്ക് വിട്ടുകൊടുക്കണമെന്നും വിധിയിലുണ്ടായിരുന്നു. ഈസ്റ്റർ ഏപ്രിൽ ഒന്നിനു തന്നെ വെച്ചാൽ എന്താ ചെയ്ക? ഇനി നിരീശ്വര വാദികൾക്ക് വേറൊരു ദിവസം കൊടുക്കാം. പണ്ടൊരാശ്ശാരിയോട് കൈയ്യിലിരിക്കുന്ന പൊതിയിലെന്താണന്നു ചോദിച്ചപ്പോൾ, അഴിച്ചാൽ ചുറ്റെന്നാണു പറഞ്ഞത്. എറണാകുളം കേസും അഴിച്ചു നോക്കിയവരെല്ലാം ചുറ്റിപ്പോയി. പണം ആരും കൊടുക്കാതിരുന്നിട്ടില്ല, കിട്ടാനുണ്ടായിരുന്നവർ അതെടുക്കുകയായിരുന്നുവെന്നാണിപ്പോൾ കേൾക്കുന്നത്. 'കർദ്ദിനാളേ'ന്നാരു വിളിച്ചാലും, 'എന്നോടു ക്ഷമിക്കണം. നഷ്ടപ്പെട്ട പണം ഞാൻ തരാം' എന്നാണദ്ദേഹം ഇപ്പോൾ പറയുന്നതെന്നാണ് കേട്ടത്. 'മുട്ട മുഴുവൻ അടവെക്കണം, പിന്നെയും അടവെക്കണം, പിന്നെയും അടവെക്കണം....' ഇങ്ങിനെ സ്വപ്നം കണ്ട അനേകം പേർ അടിയന്തിര സുന്നഹദോസിൽ എപ്പോൾ വിളിച്ചാലും പങ്കെടുക്കത്തക്ക രീതിയിൽ പര്യമ്പുറത്തു കറങ്ങി നടന്നു. എല്ലാവരേയും ഈ മനസ്താപ പ്രകടനം നിരാശപ്പെടുത്തിക്കളഞ്ഞു! നിരാശപ്പെട്ടവരിൽ അവരവരുടെ രൂപതയിൽ ഇപ്പോഴും ഇല്ലാതിരിക്കുന്ന എല്ലാവരും പെടും. അച്ചൻപട്ടം കിട്ടിയപ്പോൾ സഭാതലവനോട് വിധേയത്വം പ്രഖ്യാപിച്ചു നടത്തിയ പ്രതിജ്ഞ പുതുക്കാൻ പ്രകടനമായിവന്ന ഓരോ വൈദികനും ഒരു കോടി വെച്ചു ചോദിച്ചാലും തന്നേക്കാമെന്നുള്ള രീതിയിൽ ആലഞ്ചേരിപ്പിതാവ് സംസാരിച്ചപ്പോഴാണ്, സർവ്വയന്ത്രങ്ങളും ഞെട്ടിയത്! 'ഇയ്യാൾക്കെവിടെന്നാ ഇത്രയും പണം'? ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ കാഞ്ഞിരപ്പള്ളിക്കാരോട് ചോദിക്കണം. 

തുറവിക്കാരുടെ ആക്രോശം കേട്ടപ്പോൾ നാലുറുമ്പുകൾ കാട്ടിൽ പോയ കഥയോർത്തുപോയി. അവരൊരാനയെ കണ്ടു, 'ഇവനെ തട്ടിയേക്കാം', ഒന്നാമൻ പറഞ്ഞു. 'വേണ്ട, കാലൊടിച്ചു വിട്ടാൽ മതി', രണ്ടാമൻ പറഞ്ഞു. 'ഏതായാലും നമ്മുടെ വഴിമുടക്കി നിൽക്കുയല്ലെ, അവനെ വെറുതെ വിടാൻ പാടില്ല,' മൂന്നാമൻ പറഞ്ഞു. പക്ഷെ, നാലാമൻ പറഞ്ഞത്, നാലു പേരുകൂടി ഒരാളെ ആക്രമിക്കുന്നത് എന്തായാലും ശരിയല്ലെന്നാണ്. നാലാമൻ കൊരട്ടിക്കാരനാണെങ്കിൽ പള്ളിയിൽ പോകുന്നവനല്ലെന്നുറപ്പ്. ഒരു വൈദികനെ കുടുംബത്ത് പിറക്കാത്തവനെന്ന് ഒരു പ്രമുഖൻ വിളിച്ചപ്പോൾ ട്രാൻസ്പെരൻസിക്കാരെന്നല്ല, ആരും പ്രതിക്ഷേധിച്ചില്ലെന്നൊരു പരാതി കേട്ടു. ഇതിനു മൂന്നു കാരണങ്ങളുണ്ടാകാം. പറഞ്ഞതു സത്യമായിരുന്നതു കൊണ്ടാവാം, അതിനോടു പ്രതികരിച്ച് 'പ്രമുഖന്റെ' നോട്ടപ്പുള്ളിയാകേണ്ടെന്നു കരുതിയാവാം, അല്ലെങ്കിൽ ദ്രോഹിക്കുന്നവരോടു ക്ഷമിച്ചുകളയാം എന്ന നല്ല ചിന്തകൊണ്ടുമാവാം. എല്ലാവരും ഒന്നോർക്കുക, ദീപികയുടെ എഡിറ്റോറിയൽ ഒരു എം എ ക്കാരൻ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഒരു മെത്രാനെപ്പറ്റി ആളുകൾ ഇതിലും കടുത്തതു പറഞ്ഞതല്ലേ? അന്നാരും പ്രതികരിച്ചില്ലല്ലോ! പറഞ്ഞവരുടെയൊക്കെ നാക്കുകുഴഞ്ഞതല്ലാതെ മെത്രാനു വല്ലതും പറ്റിയോ? ആ മെത്രാനോടെ പി സി ജോർജ്ജും തോറ്റുള്ളു. 

ഇയ്യിടെ വട്ടായിയച്ചനെ ന്യായീകരിച്ച് ഒരു ദീർഘലേഖനം കണ്ടു. അതിൽ അദ്ദേഹം നല്ലവനാണ്, പണം മോഷ്ടിക്കാറില്ല, പാവങ്ങളെ കൈയ്യയച്ചു സഹായിക്കുന്നു, രോഗികൾക്കു വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്നു .... അങ്ങിനെയങ്ങിനെ ഒത്തിരി വാദഗതികളുണ്ട്. എല്ലാവരോടും കൂടി പറയാം, കരിസ്മാറ്റിക്കുകാർ എഴുന്നള്ളിക്കുന്ന വിഡ്‌ഢിത്തരങ്ങൾ സഭാവിശ്വാസികളെ നാണം കെടുത്തുന്നു. കർത്താവോ ശിക്ഷ്യന്മാരോ കലാനിലയംകാരു നടന്നപോലെ സ്റ്റേജും പരിവാരവുമായല്ല നടന്നിരുന്നത്, അവരുടെ കൈയ്യിൽ അടുത്ത നേരത്തേക്ക് പോലും ഒന്നുമുണ്ടായിരുന്നുമില്ല; സ്‌തോത്രക്കാഴ്ച്ചകുടുക്കയുമായി അവരാരെയും സമീപ്പിച്ചിട്ടുമില്ല, ആരെയും പേടിപ്പിച്ചിട്ടുമില്ല. ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നതിന്റെ കാരണം പറയുന്ന വാളമ്നാലച്ചനും, ധ്യാനാവസരത്തിൽ ലഭിക്കുന്ന സൗഖ്യം തട്ടിപ്പാണെന്നു പറയുന്ന പുത്തൻപുരയച്ചനും, കുർബ്ബാന ചൊല്ലേണ്ടത് രാവിലെയല്ല സന്ധ്യക്കാണെന്നു പറയുന്ന ബോബിയച്ചനും .... റോബിനച്ചനല്ല പെൺകുട്ട്യാണു തെറ്റു ചെറ്റയ്തതെന്നെഴുതിയ ബെന്നിച്ചനും എല്ലാരുംകൂടി ഒരുമിച്ചിരുന്ന് കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാക്കുക. എന്തിനാ അത്മായന്റെ മുതുകിൽ കയറുന്നത്? ഒരു പൗലോസ് തന്നെ അധികമായിട്ടിരിക്കുകയാ ഇവിടെ. 

പുരിയിലെ നായയുടെ കഥകൂടി പറഞ്ഞേക്കാം. രഥോൽസവം നടക്കുമ്പോൾ ഒരു നായ മുന്നിൽ നടന്നു; ഇടക്കിടെ പിന്നോട്ടു നോക്കിയതു ചിന്തിക്കുമായിരുന്നത്രെ, 'എത്ര രഥങ്ങൾ, എത്ര കോലങ്ങൾ, എന്തു മേളം, എന്തു ജനം, എല്ലാം എന്റെ പിന്നിൽ!' ഇത്തരം നായ്ക്കളുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്നാണെനിക്കു തോന്നുന്നത്. നായക്ക് ഗൾഫെന്നോ അമേരിക്കയെന്നോ വ്യത്യാസമുണ്ടോ? ഈ ഉപമ ഏതെങ്കിലുമോ ആരെങ്കിലുമോ ആയി എന്തെങ്കിലും ബന്ധം തോന്നിയാൽ അതിനു ഞാനുത്തരവാദിയല്ല. പണ്ടൊരു പോലീസുകാരൻ നോക്കിനിൽക്കെ ഒരുത്തൻ പാലത്തിൽ നിന്നു കായലിലേക്കു ചാടാൻ ഒരുങ്ങി - ഒറ്റപ്പിടുത്തത്തിനയാളെ പോലീസുകാരൻ പിടികൂടി. കുറെ ഉപദേശിച്ചിട്ടു പറഞ്ഞു, "നീ ചെയ്യാൻ പോകുന്നതിനെപ്പറ്റി ഒരു മണിക്കൂർ ഇവിടിരുന്ന് ചിന്തിക്കുക, എന്നിട്ടു തീരുമാനിക്കുകയെന്ന്." അയാൾ മറുപടി പറഞ്ഞു, "ഇന്നലെ രാത്രി മുഴുവൻ ശരിക്കും ആലോചിച്ചിരുന്നു സാർ. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞാൽ വ്യത്യാസമൊന്നുമുണ്ടാകില്ല." പോലീസുകാരൻ പറഞ്ഞു, "ആരു പറഞ്ഞു, ഒരു വ്യത്യാസവും ഉണ്ടാകില്ലെന്ന്? അപ്പോഴേക്കും എന്റെ ഡ്യൂട്ടി കഴിയില്ലേ?" ഇവിടെ ഓരോ മെത്രാനും പറയുന്നതും ഇതു തന്നെ, 'എന്റെ കാലാവധി കഴിയുന്നിടം വരെ മിണ്ടരുത്.' നോക്കിക്കേ, പവ്വത്തിൽ തിരുമേനി എന്തെങ്കിലും മിണ്ടുന്നുണ്ടോന്ന്.

ഒരു ക്രിസ്ത്യാനി മനോരോഗാശുപത്രിയിൽ ചെല്ലാനിടയായാൽ ഡോക്ടർ, ആദ്യമിതു പാരമ്പര്യമായുള്ളതാണോന്നു ചോദിക്കും, രണ്ടാമതിയാൾ കരിസ്മാറ്റിക്കിനു പോയിരുന്നോയെന്നു ചോദിക്കും. ഈ കരിസ്മാറ്റിക്കുകാരുണ്ടായതിൽപ്പിന്നെ കേരളത്തിൽ സൈക്കാട്രിസ്റ്റുകൾക്കു നല്ല ഡിമാന്റാ! 

1 comment:

  1. //// പണ്ടൊരു പോലീസുകാരൻ നോക്കിനിൽക്കെ ഒരുത്തൻ പാലത്തിൽ നിന്നു കായലിലേക്കു ചാടാൻ ഒരുങ്ങി - ഒറ്റപ്പിടുത്തത്തിനയാളെ പോലീസുകാരൻ പിടികൂടി. കുറെ ഉപദേശിച്ചിട്ടു പറഞ്ഞു, "നീ ചെയ്യാൻ പോകുന്നതിനെപ്പറ്റി ഒരു മണിക്കൂർ ഇവിടിരുന്ന് ചിന്തിക്കുക, എന്നിട്ടു തീരുമാനിക്കുകയെന്ന്." അയാൾ മറുപടി പറഞ്ഞു, "ഇന്നലെ രാത്രി മുഴുവൻ ശരിക്കും ആലോചിച്ചിരുന്നു സാർ. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞാൽ വ്യത്യാസമൊന്നുമുണ്ടാകില്ല." പോലീസുകാരൻ പറഞ്ഞു, "ആരു പറഞ്ഞു, ഒരു വ്യത്യാസവും ഉണ്ടാകില്ലെന്ന്? അപ്പോഴേക്കും എന്റെ ഡ്യൂട്ടി കഴിയില്ലേ?" ഇവിടെ ഓരോ മെത്രാനും പറയുന്നതും ഇതു തന്നെ, 'എന്റെ കാലാവധി കഴിയുന്നിടം വരെ മിണ്ടരുത്.'////

    ഏതൊരുത്തന്റെയും മുണ്ടാട്ടം മുട്ടിപ്പോകും സാർ!

    ReplyDelete