Translate

Monday, March 5, 2018

വഴുതിപ്പോകുന്ന കാനോൻ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും



ജോസഫ് പടന്നമാക്കൽ 

ആദ്ധ്യാത്മികതയുടെ നാടായ ഭാരതത്തിൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തീയ ചൈതന്യം വേരൂന്നിയിരുന്നുവെന്നു പാരമ്പര്യമായി നാം വിശ്വസിച്ചുവരുന്നു.  ഇന്ത്യയുടെ സാംസ്ക്കാരിക മുന്നേറ്റത്തിൽ ക്രിസ്ത്യൻ സംസ്ക്കാരവും ഭാരതീയ ദേശീയതയിൽ ലയിച്ചു ചേർന്നിരുന്നു. പൗരാണിക ഭാരതീയ ക്രിസ്ത്യാനികൾക്ക് പടിഞ്ഞാറൻ ക്രിസ്ത്യാനികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പോർട്ടുഗീസുകാർ കോളനികൾ സ്ഥാപിച്ചപ്പോൾ നാട്ടു ക്രിസ്ത്യാനികളെ റോമിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു. അതിനെ ദേശീയ ക്രിസ്ത്യാനികൾ എതിർക്കുകയും പോർട്ടുഗീസുകാരുടെ ശ്രമങ്ങളെ വിഘ്നപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

1653-ൽ കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിൽ ക്രൈസ്തവ സഭകളെ പാശ്ചാത്യവൽക്കരിക്കുന്നതിനെതിരെ ക്രിസ്ത്യാനികൾ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. പോർട്ടുഗീസുകാർക്കെതിരെ പ്രതിക്ഷേധിക്കുകയും വിദേശ ആചാരങ്ങളെയും റോമ്മായുടെ മതപരമായ കാഴ്‌ചപ്പാടുകളെയും ഭാരത സഭയിൽ അടിച്ചേൽപ്പിക്കുന്നതിൽ എതിർക്കുകയും ചെയ്തു. അവിടെ ഒരു കുരിശിൽ കയറു കെട്ടി കൈകൾ കയറിന്മേൽ! പിടിച്ചുകൊണ്ടു തങ്ങൾക്ക് റോമ്മാ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിജ്ഞയും ചെയ്തു. ജനക്കൂട്ടം കുരിശിൽ കെട്ടിയ കയറുകൾ താഴോട്ടു വലിച്ചിരുന്നതുകൊണ്ട് കുരിശു വളയുകയുമുണ്ടായി. അന്നുമുതൽ ചരിത്രപ്രധാനമായ ഈ സത്യപ്രതിജ്ഞയെ കൂനൻ കുരിശു സത്യമെന്ന് അറിയപ്പെടുന്നു. കൂനൻ കുരിശു സത്യത്തെ പ്രതിജ്ഞ ചെയ്തവർ യാക്കോബാ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ വിഭാഗങ്ങളായി മാറുകയും റോമ്മായെ അനുകൂലിച്ചവർ കത്തോലിക്കരായി തുടരുകയും ചെയ്തു.

പോർട്ടിഗീസുകാർക്കെതിരെ നാട്ടു ക്രിസ്ത്യാനികൾ സമരം പ്രഖ്യാപിച്ചത് ക്രിസ്ത്യാനികളുടെ പാരമ്പര്യ സാംസ്ക്കാരികതയെ പരിരക്ഷിക്കാനായിരുന്നു. അന്നുവരെ ക്രിസ്ത്യാനികൾ അനുഷ്ടിച്ചു വന്ന നിയമത്തെ തോമസ് നിയമങ്ങളെന്നു പറഞ്ഞു വന്നിരുന്നു. തോമസ് നിയമം അനുസരിച്ച് ഒരോ പള്ളിയും സ്വതന്ത്രമായിരുന്നു. ഭൗതിക കാര്യങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ മാത്രമേ ചുമതലയുണ്ടായിരുന്നുള്ളൂ. സഭയുടെ ഭൗതിക കാര്യങ്ങളിൽ അവർക്ക് യാതൊരു അവകാശങ്ങളും ഉണ്ടായിരുന്നില്ല. ഓരോ പുരോഹിതനുമുള്ള പ്രതിഫലം ഇടവക ജനങ്ങൾ നിശ്ചയിച്ചിരുന്നു.

പോർട്ടുഗീസുകാർക്ക്, പ്രാചീനമായി ക്രിസ്ത്യാനികൾ പുലർത്തി വന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നശിപ്പിച്ച് ഭൂരിഭാഗം ക്രിസ്ത്യാനികളെ പോപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചു. പോപ്പിന്റെ പ്രതിനിധികളായ മെത്രാന്മാർക്കും കർദ്ദിനാൾവരെയും  ആദ്ധ്യാത്മിക അധികാരത്തിനു പുറമേ ഭൗതികമായ അധികാരങ്ങളുമുണ്ടായിരുന്നു. പോപ്പ് കൊടുത്ത ഏകാധിപത്യ തീരുമാനം പുരോഹിതർക്കും മെത്രാന്മാർക്കും അല്മെനികളെ നിയന്ത്രിക്കാനുള്ള അധികാരവുമായി മാറി. അടിമ-യജമാനൻ എന്ന മനസ്ഥിതിയും രൂപാന്തരപ്പെട്ടു. പുരോഹിതരും മെത്രാന്മാരും രാജ്യത്തിന്റെ നിയമങ്ങൾക്കു മീതെ സഞ്ചരിക്കുന്നുവെന്ന അഹങ്കാരവുമുണ്ടായി. ഓരോ രൂപതകളുടെ പള്ളികളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുരോഹിതരുടെ കുത്തകയായി മാറ്റപ്പെട്ടു. മദ്ധ്യകാലത്തിലെ പ്രഭുത്വത്തിനു തുല്യമായി രാജകീയ വേഷങ്ങളണിഞ്ഞുകൊണ്ടു ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും ആരംഭിച്ചു. സഭയുടെ വസ്തുക്കളിൽ അവർക്കു മാത്രം പരമാധികാരം. പള്ളിക്കു സ്വത്തുണ്ടാക്കേണ്ടത് അല്മെനികളും. മില്യൺ കണക്കിനു വരുന്ന കറൻസികളുടെ വാർഷിക വരുമാനവും ഭൗതിക സ്വത്തുക്കളും റോമിലെ കാനോൻ നിയമമനുസരിച്ച് അതാത് സ്ഥലങ്ങളിലെ ബിഷപ്പുമാർ നിയന്ത്രിക്കുന്നു. മതസ്ഥാപനമായതുകൊണ്ടു നികുതിയും കൊടുക്കേണ്ട.

ഇന്ത്യൻ ഭരണഘടനയുടെ മുപ്പതാം വകുപ്പനുസരിച്ച് ന്യുനപക്ഷ അവകാശമെന്ന പേരിൽ സഭാസ്വത്തുക്കൾക്ക് സംരക്ഷണവും ലഭിക്കുന്നു. കാനോൻ നിയമം അനുസരിച്ച് ബിഷപ്പിന് ഭരണ ചുമതലയും നിയമ നിർമ്മാണവും പരിപൂർണ്ണ തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമുണ്ട്. വ്യക്തിപരമായി ഈ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു. സഭയുടെ ഭൗതിക സ്വത്തുക്കളിൽ, അല്മായന് യാതൊരു അധികാരവുമില്ല. ഓരോ ബിഷപ്പുമാരും മാർപാപ്പാ നിയമിച്ച സ്ഥലത്തെ മഹാരാജാക്കന്മാർക്ക് തുല്യമായി ജീവിക്കുന്നു. അല്മായർ ഈ മഹാരാജാവിനോട് വിധേയത്വം പുലർത്തുകയും വിശ്വസ്തരുമായിരിക്കണം.

കാനോൻ നിയമം പുരോഹിതർക്കുവേണ്ടിയുള്ള ഒരു സൃഷ്ടിയാണ്. അതിലെ നിയമം 191 അനുസരിച്ച് ഇന്ത്യ മുഴുവനുമായുളള സഭയുടെ ഭൗതിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള അധികാരം പോപ്പ് നിയമിക്കുന്ന ബിഷപ്പിനാണ്. ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിയമവും കോടതികളും ബിഷപ്പുമാർക്ക് അനുകൂലമായ തീരുമാനമായിരുന്നു എക്കാലവും എടുത്തിരുന്നത്. ന്യുനപക്ഷ അവകാശങ്ങളുടെ തണൽ പറ്റിയാണ് ഇവർ കോടതിയിൽ വിജയം നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത കാലത്തെ കോടതി വിധികൾ അനുകൂലമല്ലാതെയും വന്നിട്ടുണ്ട്.

സൈബർ ലോകത്തെയും സോഷ്യൽ മീഡിയാകളെയും സഭയും പുരോഹിതരും ഭയപ്പെടുന്നു. അന്തരിച്ച സുപ്രീം കോടതി ജഡ്ജി ശ്രീ വി.ആർ. കൃഷ്ണയ്യർ കൊണ്ടുവന്ന ചർച്ച് ആക്ട് നടപ്പിലായാൽ പൗരാഹിത്യത്തിന്റെ അധികാര ശൃംഖല പൊട്ടി തകരുമെന്നും വേവലാതിപ്പെടുന്നുണ്ട്. പള്ളിയും പട്ടക്കാരുമായുള്ള ദുരനുഭവങ്ങളിൽ ബലിയാടാകേണ്ടി വരുന്ന വിശ്വാസികൾക്ക് താഴെ വിവരിച്ചിരിക്കുന്ന ചില കോടതിവിധികൾ പ്രയോജനപ്പെട്ടേക്കാം. വിശ്വാസത്തെക്കാളും പുരോഹിതർക്ക് മുഖ്യം പണമാണെന്നു ഓരോ കാലഘട്ടങ്ങളിലുണ്ടായ കേസ് വിസ്താരങ്ങളിൽനിന്നു മനസിലാക്കാനും സാധിക്കും.

മോളി-സെബാസ്റ്റ്യൻ വിവാഹമോചന കേസ്:

 2017 ജനുവരിയിൽ സഭാകോടതിയുടെ തീരുമാനമനുസരിച്ച് സീറോ മലബാർ സഭയിലെ വിവാഹിതരായ മോളി-സെബാസ്റ്റ്യൻ ദമ്പതികൾക്ക് വൈവാഹിക ബന്ധത്തിൽനിന്നും മോചനം നൽകിയിരുന്നു. ഈ  കേസ് 1996-ൽ സഭാ കോടതിയിൽ തീർപ്പു കല്പിച്ചതായിരുന്നു. എന്നാൽ ഇന്ത്യയുടെ പരമോന്നത കോടതി അവരുടെ  വിവാഹ മോചനം ഔദ്യോഗികാംഗീകാരമില്ലാത്തതെന്നു സ്ഥിതീകരിച്ചു. സഭയുടെ അധികാര പരിധിയിലുള്ള വിവാഹമോചനം ഇന്ത്യൻ നിയമം അനുസരിച്ച് അതാത് നിയമാതിർത്തിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വിവാഹ മോചനത്തിന് സാധുതയില്ലെന്നായിരുന്നു വിധി. സഭാകോടതിയുടെ തീരുമാനം ഇന്ത്യൻ പരമോന്നത നിയമങ്ങൾക്ക് വിധേയമല്ലെന്നും കോടതിയുടെ വിസ്താരത്തിലുണ്ടായിരുന്നു. സഭ, വിവാഹ മോചനം നൽകിയാലും നിയമത്തിന്റെ മുമ്പിൽ അവർ ഭാര്യ ഭർത്താക്കന്മാർ തന്നെയാണ്. ഒരേ സമയം രണ്ടു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവുള്ള വ്യക്തി (bigamist) ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റക്കാരുമാണ്. 1869-ലെ ക്രിസ്ത്യൻ വിവാഹമോചന പ്രകാരം വിവാഹ മോചനം നിയമപരമായി രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച്, സഭയുടെ അറ്റോർണി ക്ലാരേൻസ് പയസ് വഴി നൽകിയ പെറ്റിഷൻ തള്ളിക്കളയുകയും ചെയ്തു.

വിവാഹവും വിവാഹ മോചനവും കത്തോലിക്ക സഭയെ സംബന്ധിച്ച് കാനോൻ നിയമങ്ങളാണ്  നിയന്ത്രിക്കുന്നത്. സഭാക്കോടതിയിൽ നൂറു കണക്കിന് വിവാഹ മോചനത്തിനായുള്ള കേസു‌കളുടെ ഫയലുകൾ കെട്ടി കിടക്കുന്നുവെന്ന് സഭാവക്കീൽ 'പയസ്‌' വാദിച്ചിരുന്നു. കാനോൻ നിയമം അനുസരിച്ച് ഇടവകയിലെ വികാരി വിവാഹം കൂദാശ ചെയ്യുമ്പോൾ വിവാഹം സാധുവാകുന്നു. അതുപോലെ വിവാഹ മോചനവും. എന്നാൽ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമ പ്രകാരം കാനോൻ നിയമപ്രകാരമുള്ള വിവാഹത്തിന് യാതൊരു സാധുതയുമില്ലെന്നുള്ളതാണ്. സഭയുടെ നിയമം അനുസരിച്ചു മാത്രം പുനർ വിവാഹം ചെയ്തു ജീവിക്കുന്നവർ ഇന്ത്യൻ വകുപ്പ് 494 ബഹുഭാര്യത്വം, ബഹുഭർത്തൃത്വം പ്രകാരം ജയിൽ ശിക്ഷയ്ക്ക് വിധേയരുമായിരിക്കും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ നൂറു കണക്കിന് ഭാര്യ ഭർത്താക്കന്മാർ ജയിൽ ശിക്ഷയോ കോടതി ഫൈനോ നേരിടേണ്ടി വരും. വിവാഹ മോചനത്തിന് സഭാ കോടതികളുടെ തീരുമാനത്തിന് യാതൊരു വിലയുമില്ലെന്നു ഈ കോടതി വിധിയിലൂടെ തെളിയുകയാണ്.

പള്ളി യോഗത്തിൽ സംബന്ധിക്കാത്തതിനുള്ള കേസ് :

ഇരിഞ്ഞാലക്കുട രൂപതയിൽ കൈപ്പമംഗലം പള്ളിയിലെ വികാരി ഫാദർ സെബി കുളങ്ങര  വേദപാഠ ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ഒരു കുട്ടിയുടെ പിതാവായ 'പോൾസൺ പണ്ടാരി' ആ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല. യോഗത്തിൽ പങ്കു ചേരാതിരുന്നതിന്റെ പേരിൽ പോൾസന്റെ രണ്ടു മക്കൾ 'വിവേകിനേയും വൈശാഖിനെയും'ക്ലാസ്സിൽ നിന്നും പുറത്താക്കി. നീതിയില്ലാത്ത വികാരിയുടെ ഈ പ്രവർത്തിക്കെതിരെ പോൾസൺ കൊടുങ്ങല്ലൂരുള്ള മുനിസിഫിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. വികാരിയ്‌ക്കെതിരെ കേസ് കൊടുത്ത്, സഭയയെയും പള്ളിയെയും അപമാനിച്ചെന്ന് പറഞ്ഞുകൊണ്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റിൽ പോൾസനെ പള്ളിയോടനുബന്ധിച്ചുള്ള കൂദാശകൾ സ്വീകരിക്കുന്നതിൽനിന്നും മുടക്കി. കുമ്പസാരവും കുർബാനയും മുടക്കുകയും പള്ളിയിൽ വരാൻ പാടില്ലെന്നു കൽപ്പനയും  പുറപ്പെടുവിച്ചു. അതിനെതിരെയും പോൾസൺ കൊടുങ്ങല്ലൂർ മുൻസിഫ്‌ കോടതിയിൽ കേസ് കൊടുത്തു.

പ്രതിഭാഗം വക്കീൽ കെ.ജെ.മിഖൈയാൽ 'ഇതൊക്കെ കത്തോലിക്ക സഭയുടെ കാനോൻ നിയമപ്രകാരമുള്ളതാണ്, കേസ് നിലനിൽക്കില്ലെന്നും' വാദിച്ചു. എന്നാൽ വാദിഭാഗം വക്കീലായിരുന്ന കെ.കെ. അൻസാറിന്റെ ജൂനിയർ മിസ് ശബളയുടെ വാദത്തിൽ 'കാനോൻ നിയമം വാദിയുടെ പൗരാവകാശ നിയമത്തെ ചോദ്യം ചെയ്യുന്നുവെന്നും' വാദിച്ചു. നിയമത്തിന്റെ പഴുതുകൾ തേടി കോടതിയിൽ സഹായം തേടിയെന്ന പേരിൽ കൂദാശകൾ നിരസിക്കുന്നതു രാജ്യത്തിലെ സിവിൽ നിയമങ്ങളോടുള്ള അവഹേളനമാണെന്നും വാദങ്ങളിൽ ഉണ്ടായിരുന്നു. ഇതിനു സമാനമായ സുപ്രീം കോടതിയിലെ ഒരു വിധിയും ചൂണ്ടി കാണിച്ചിരുന്നു. കൊടുങ്ങല്ലൂർ മുനിസിഫ് ശ്രീ അനന്തകൃഷ്ണൻ, കേസിൽ പോള്സണും മക്കൾക്കും അനുകൂലമായി വിധി പ്രസ്താവിച്ചു. 2009 മാർച്ച് ഇരുപത്തിനാലാം തിയ്യതിയായിരുന്നു വിധി പ്രസ്താവിച്ചത്. പള്ളി വികാരിയും കൂട്ടരും ഈ വിധിക്കെതിരെ പിന്നീട് അപ്പീലുമായി മേൽക്കോടതികളിൽ പോയില്ല. അതുകൊണ്ടു ആ നിയമം ഇന്നും പ്രാബല്യമാണ്. ഈ കേസ് നടക്കുന്ന മൂന്നു വർഷത്തോളം പള്ളിയിൽ ആദ്യകുർബാന ചടങ്ങുകളുണ്ടായിരുന്നില്ല.

സഭയുടെ ഒരു വസ്തുക്കേസ്: 

2012 ഒക്ടോബർ മാസം കേരള ഹൈക്കോടതിയിൽ ജഡ്ജി കെ വിനോദ് ചന്ദ്രൻ പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിൽ സഭയുടെ വസ്തു വകകളിൽ ഇടവക ജനത്തിന് അവകാശമുണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. കൊല്ലത്ത് ശക്തികുളങ്ങരയിലുള്ള മുക്കാട് തിരുക്കുടുംബ ദേവാലയ അധികാരികളും ഇടവക ജനങ്ങളും തമ്മിൽ പള്ളിവക വസ്തുക്കളെ സംബന്ധിച്ച വസ്തു തർക്കങ്ങളായിരുന്നു, കേസിനാസ്പദം. ഇടവക ജനം ഒന്നായോ അവരുടെ കമ്മിറ്റി പ്രതിനിധികൾക്കോ പള്ളിയുടെ സ്വത്തുക്കളിൽ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തി.

കാനോൻ നിയമം അനുസരിച്ച് പള്ളിയുടെ സ്വത്തുക്കൾ ബിഷപ്പിന്റെയോ വികാരിയുടെയോ  പേരിലായിരിക്കും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വികാരിയെയോ ബിഷപ്പിനെയോ മാത്രമേ കേസുകൾ വിസ്തരിക്കാൻ അനുവാദം കൊടുക്കാറുള്ളൂ. 'പള്ളി അല്മായന്റെയും കൂടിയാണെന്ന സ്ഥിതിക്ക് യാതൊരു വിധത്തിലും കാനോൻ നിയമം ഈ രാജ്യത്ത് ബാധകമല്ലെന്നും' വിധിന്യായത്തിലുണ്ടായിരുന്നു.
പള്ളിയും സ്വത്തുക്കളും മെത്രാന്റെയോ പോപ്പിന്റെയോ അധീനതയിലായിരിക്കരുത്. റോം സംസാരിക്കുന്നുവെങ്കിൽ കേസ് അവസാനിപ്പിക്കുമായിരുന്നു. എന്നാൽ ആ നിയമം ഈ രാജ്യത്ത് വിലപ്പോവില്ലന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള കാനോൻ നിയമം ഇന്ത്യയുടെ പൗര നിയമങ്ങൾക്ക് മറ സൃഷ്ടിക്കുന്നു. പൗരാവകാശ നിയമങ്ങൾക്ക് അതിരു കടക്കുന്ന കാനോൻ  നിയമങ്ങൾ സമൂഹത്തിൽനിന്നും നീക്കം ചെയ്യേണ്ടതാണെന്നും വിധിയിലുണ്ടായിരുന്നു.

കാനോൻ നിയമങ്ങൾ അനുസരിച്ച് പുരോഹിതർക്കും മെത്രാന്മാർക്കും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാം. എന്നാൽ അത് ഈ രാജ്യത്തിലെ പൗരാവകാശ നിയമങ്ങളെ മറി കടന്നുള്ളതായിരിക്കരുത്. അതൊരു വ്യക്തിഗതമായ നിയമമാണ്. കാനോൻ നിയമങ്ങൾ ദൈവ ശാസ്ത്രപരമോ സഭാ സംബന്ധിയായ വിഷയങ്ങളിലോ ഉപകരിച്ചേക്കാം. അത്തരം വ്യക്തിഗത നിയമങ്ങൾക്ക് യാതൊരു നിയമ പ്രാബല്യവുമില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് പ്രസ്താവിച്ചു. സുപ്രിം കോടതിക്ക് ഈ വിധിയെ ഭേദഗതി ചെയ്യാമെന്നും വിധിയിലുണ്ടായിരുന്നു.

ഷിക്കാഗോ രൂപതയിലെ കല്യാണക്കുറി കേസ്:

പള്ളി വികാരികളും മെത്രാന്മാരും സാധാരണ അല്മായന് മാനസിക പീഢനം കൊടുക്കുന്നത് മാമ്മോദീസായോ കല്യാണമോ മരണമോ സംഭവിക്കുമ്പോഴാണ്. അപ്പോഴെല്ലാം പുരോഹിതർ തനി ബിസിനസുകാരെപ്പോലെ പെരുമാറും. അന്യായമായി പണം ഈടാക്കാനുള്ള പദ്ധതികളുമായി അരങ്ങേറും. കേരളത്തിൽ ഇത്തരം തരികിട കളികൾ ചെലവാകും. പക്ഷെ അമേരിക്കയിലും ഇതേ നയം ചെലവാക്കാൻ നോക്കിയ ഷിക്കാഗോ രൂപത മെത്രാനെപ്പറ്റിയും മറ്റു രണ്ടു പുരോഹിതരെപ്പറ്റിയുമുള്ള ശ്രീ ജയിംസ് തുണ്ടത്തിലിന്റെയും ലിസിയുടെയും  ഒരു പോസ്റ്റ് വായിക്കാനിടയായി.  ബിഷപ്പ് അങ്ങാടിയത്തിനയച്ച അറ്റോർണിയുടെ നോട്ടീസും ലേഖനത്തോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാൻ പോകുന്ന യുവ വധുവരന്മാരുടെ പരീക്ഷണങ്ങളുടേതായ ഈ കഥ വായിച്ചാൽ, ആരിലും സഭയുടെ കപട മുഖമെന്തെന്നുള്ള പ്രതിച്ഛായ നിഴലിച്ചു വരും. പണത്തിനുവേണ്ടി ഷിക്കാഗോ രൂപത അനുവർത്തിച്ച നയങ്ങളിലൂടെ വിവാഹിതരാകാൻ പോകുന്ന  യുവദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും  നൽകിയ പീഡനങ്ങൾ സാമാന്യ ജനത്തിനു ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അത്രക്ക് ഭീകരവും ജുഗുപ്സാവഹവുമായി രൂപത ഈ യുവതി യുവാക്കളെ അങ്ങേയറ്റം മാനസികമായി പീഢിപ്പിച്ചു.

ജെയിനി, ജോമോൻ എന്നീ വധുവരന്മാരുടെ വിവാഹത്തിനുള്ള കല്യാണക്കുറി കൊടുക്കാൻ ഷിക്കാഗോ രൂപതയുടെ വൈദികനായ ഫാദർ ഇല്ലികുന്നുംപുറത്തും ഇടവക ലാറ്റിൻ പള്ളി സഹവികാരിയായ ഫാദർ തറയിലുമൊത്തുകൂടി 3000 ഡോളർ ആവശ്യപ്പെട്ടു. അരമനയും ബിഷപ്പും പുരോഹിതരെ പിന്തുണക്കുകയും ചെയ്തു. അത്രയും വലിയ ഒരു തുക രൂപതയ്ക്ക് കൊടുക്കാൻ, വിവാഹം കഴിക്കാൻ പോവുന്ന ദമ്പതികൾ തയാറായിരുന്നില്ല. ഒടുവിൽ വധു വരന്മാരുടെ മാതാപിതാക്കൾ നിയമപരമായ നോട്ടീസ് കൊടുത്തു കഴിഞ്ഞാണ്, 'രൂപത' കുറി കൊടുക്കാൻ തയ്യാറായത്. ഈ രാജ്യത്തെ നിയമങ്ങളറിയാതെയുള്ള പുരോഹിതരുടെ വിളച്ചിലുകൾ ഇവിടെ പരാജയപ്പെട്ടു. ഇത് അമേരിക്കയാണ്, നിയമങ്ങൾ വേറെയെന്നുമുള്ള കഥകളും അവർ മറന്നു പോയിരുന്നു. ആത്മീയ ചൈതന്യം വിതറേണ്ട ബിഷപ്പും ഫാദർ തറയിലും ഫാദർ ഇല്ലികുന്നുംപുറത്തും കളിച്ച കളികൾ ഡോളറിനുവേണ്ടിയായിരുന്നു. പക്ഷെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.

മനസുചോദ്യവും കല്യാണത്തിനുള്ള ഹാളും സകല കല്യാണ ഒരുക്കങ്ങളും നടത്തി കഴിഞ്ഞിട്ടും ഡോളറിനു വേണ്ടി ഈ ത്രിമൂർത്തികളായ പുരോഹിതർ നല്ലൊരു ഗെയിം തന്നെ കളിച്ചു. സീറോ മലബാർ ബിഷപ്പ് അങ്ങാടിയത്തിനും പുരോഹിതർക്കും മാറി മാറി കത്തുകൾ മാസങ്ങളോളം ഈ കുടുംബം അയച്ചുകൊണ്ടിരുന്നു. ഇമെയിലുകളും അയക്കുമായിരുന്നു. മറുപടി കിട്ടാതെ ഒരു കുടുംബത്തിന്റെ സമയം മുഴുവൻ പാഴാക്കിക്കൊണ്ടിരുന്നു. നേരിട്ടു കണ്ടാൽ ഭംഗിവാക്കുകളാൽ  കുറിയുടൻ തരാമെന്നു വാഗ്ദാനം ചെയ്തു കളിപ്പിച്ചുവിടുമായിരുന്നു. കുറിയുടെ കാര്യത്തിലെ ഒരു തീരുമാനത്തിനായി കുടുംബത്തിൽനിന്നും മാറി മാറി ഓരോരുത്തരും അരമന സന്ദർശനവും നടത്തിയിരുന്നു. അപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകളുടെ മറുപടിയും കിട്ടും. ഇക്കാര്യത്തിൽ ഇടവക സഹ വികാരിയായ ഫാദർ തറയിലും ക്നാനായ വികാരി ഇല്ലികുന്നുംപുറത്തും കപടതയുടെ മുഖം മൂടിയണഞ്ഞു ഒരേ ടീമായി പ്രവർത്തിച്ചു. അവർ ഇരുവരെയും കല്യാണക്കുറിക്കായി മാറി മാറി കണ്ടുകൊണ്ടിരുന്നിട്ടും പ്രയോജനമുണ്ടായില്ല. കല്യാണ ദിവസങ്ങൾ അടുത്തുകൊണ്ടുമിരുന്നു.

ഒടുവിൽ ഫാദർ തറയിൽ ഇവരുടെ വിവാഹം നടത്തില്ലെന്നറിയിച്ചപ്പോഴാണ് നിയമപരമായ നടപടികളിലേക്ക് ഈ കുടുംബം നീങ്ങിയത്. വക്കീലിന്റെ നോട്ടീസ് കിട്ടിയയുടൻ തന്നെ കല്യാണക്കുറി തയ്യാറാക്കി വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു. വരന്റെ മാതാവായ ലിസി തുണ്ടത്തിൽ പറയുന്നു, "ഒരു കല്യാണക്കുറി ലഭിക്കാൻ പള്ളിക്ക് മൂവായിരം ഡോളർ കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. അഴിമതിയിൽക്കൂടി കാര്യം നേടാൻ ആഗ്രഹിക്കാത്തതുകൊണ്ടു ഈ വിഷയത്തിൽ അവരുടെ കുടുംബം ഒറ്റക്കെട്ടായി അനീതിയ്‌ക്കെതിരെ പോരാടി. ഇത്തരം ഒരു സാഹസത്തിൽക്കൂടി അവർ പോരാടിയത്."ഭാവി തലമുറയ്ക്ക് നീതി കിട്ടണമെന്ന ഉദ്ദേശത്തിലായിരുന്നുവെന്നും" ലിസ്സി പറഞ്ഞു.

ശവസംസ്ക്കാരം നിഷേധിച്ച കേസുകൾ: 

നിസാര കാര്യത്തിനുപോലും പാവങ്ങളും ദളിതരും മരിച്ചാൽ പ്രതികാരം ചെയ്യുകയെന്നുള്ളത്, പുരോഹിതരുടെ ഒരു ക്രൂര വിനോദമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് കല്ലുവെട്ടത്ത് കുട്ടപ്പൻ എന്ന സാധു ദളിതൻ മരിച്ചപ്പോൾ വികാരി അയാളുടെ ശവസംസ്ക്കാര ചടങ്ങുകൾ നിഷേധിച്ചത് പാലായിലെ പൗര ജനങ്ങളുടെയിടയിൽ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. അതിലെ വില്ലൻ ഫാദർ മൈക്കിൾ നരിക്കോട്ട് എന്ന വികാരിയായിരുന്നു. കുട്ടപ്പന്റെ ഭാര്യ കേണപേക്ഷിച്ചിട്ടും നാട്ടിലെ പ്രമുഖർ പലരും ആവശ്യപ്പെട്ടിട്ടും വികാരിയുടെ മനസ്സലിഞ്ഞില്ല. ദരിദ്രനായി മരിച്ച കുട്ടപ്പന്റെ വീട്ടിൽ ചെല്ലാനുള്ള മനസ്ഥിതി അയാൾക്കുണ്ടായില്ല. കർമ്മങ്ങളിൽ പങ്കു കൊള്ളാതെ വികാരി പരിപൂർണ്ണമായി ഒഴിഞ്ഞു നിന്നു. നാട്ടുകാരും ബന്ധുജനങ്ങളും ശവപ്പെട്ടിയുമായി പള്ളിയിലെത്തിയപ്പോൾ പള്ളി അടച്ചിട്ടിരുന്നു. മൃതദേഹം പള്ളിയിൽ പ്രവേശിപ്പിക്കാനോ സെമിത്തേരിയിൽ പോലും പ്രവേശിപ്പിക്കാനോ അനുവദിച്ചില്ല. അവസാനം മൃതദേഹം പള്ളിയുടെ വാതിൽക്കൽ ഉപേക്ഷിച്ചു പോവുമെന്ന ഘട്ടം വന്നപ്പോഴാണ് സെമിത്തേരിയുടെ വാതിൽ തുറന്നുകൊടുത്തത്. ഇത്രയെല്ലാം ഒച്ചപ്പാടുണ്ടായിട്ടും മനുഷ്യത്വം നശിച്ച ആ പുരോഹിതൻ സെമിത്തേരിയിൽ വരുകയോ കർമ്മങ്ങളിൽ പങ്കു ചേരുകയോ ഉണ്ടായില്ല. ക്രിസ്തുവിന്റെ പരിവേഷം ധരിച്ച അയാളുടെ മനസുമുഴുവൻ അഹങ്കാരം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കുട്ടപ്പൻ ജീവിച്ചിരുന്നപ്പോൾ ചെയ്ത പാപം പള്ളിയിൽ 'ആത്മ സ്ഥിതി വിവരങ്ങൾ'  എടുത്തപ്പോൾ സഹകരിച്ചില്ലെന്നായിരുന്നു. എഴുത്തും വായനയും അറിയാത്ത കുട്ടപ്പന് ആ ഫോറം പൂരിപ്പിക്കാൻ പോലും അറിയില്ലായിരുന്നു. ഇത്തരം വിചാര ശൂന്യന്മാരായ വികാരിമാർ ക്രൈസ്തവലോകത്തിൽ നിറഞ്ഞിരിക്കുകയാണ്. അക്രൈസ്തവർ ക്രിസ്ത്യാനികളെ പരിഹസിക്കുന്ന കാരണവും ഇങ്ങനെയുള്ള നെറികെട്ടവരെ സഭയും കുഞ്ഞാടുകളും തീറ്റിപോറ്റുന്നതുകൊണ്ടാണ്.

കുറവിലങ്ങാട് കെ. കുര്യൻ കേസിലും ഒരു വികാരിയുടെ മർക്കട മുഷ്ടിമൂലം ശവസംസ്ക്കാരം നിഷേധിച്ചിരുന്നു. ആ കേസിൽ നഷ്ടപരിഹാരമായി പാലാ ബിഷപ്പ് രണ്ടേകാൽ ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. കൂടാതെ കോടതി ചിലവും അരമന വഹിക്കേണ്ടി വന്നു. പ്രസിദ്ധമായ കുര്യൻ കേസിലെ വിധിയിൽ പറയുന്നു, "മരിച്ച ഒരാളിന്റെ ശവസംസ്ക്കാര കർമ്മങ്ങൾ മാന്യമായ രീതിയിൽ നടത്തുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അത് നിഷേധിച്ചാൽ കാനോൻ നിയമത്തിനുപരി മാനുഷികാവകാശങ്ങൾ കോടതി വഴി നടപ്പാക്കാൻ ഒരു പൗരന് അവകാശമുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിൽ സമാനമായ കേസുകൾ നടത്തി വിശ്വാസികൾ ജയിച്ചതായ ചരിത്രവുമുണ്ട്.

മൃതദേഹത്തോട് ആദരവ് കാണിക്കാതെയും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാതെയുമുള്ള ഒരു കേസ്  സി.എസ്.ഐ സഭയിലുമുണ്ടായി. ഗ്രന്ഥകാരനും കോളേജ് പ്രൊഫസറുമായിരുന്ന ജേക്കബ് മരിച്ചപ്പോൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിച്ചില്ല. മരിച്ച ജേക്കബ് തന്റെ പുസ്തകത്തിൽ സഭയുടെ ശിശുസ്നാനത്തെ വിമർശിച്ചുവെന്നായിരുന്നു ആരോപണം. അത് സഭയുടെ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യലായി ബിഷപ്പ് ദാനിയേൽ കരുതി. നടപടിയെന്നോണം സഭയിൽ വിലക്കും കല്പ്പിച്ചിരുന്നു. ഈരാറ്റുപേട്ട ജഡ്ജ് 'ഹാരീഷ് ജി' മരിച്ച പ്രൊഫ. ജേക്കബിന്റെ കുടുംബത്തിന്  പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി  നൽകണമെന്നും വിധിച്ചു. ബിഷപ്പ് കെ.ജി. ദാനിയേൽ മരിച്ചുപോയ പ്രൊഫ. ജേക്കബിന്റെ കുടുംബത്തെ അപമാനിച്ചുവെന്നും മൃതദേഹത്തോട് മാന്യത കൽപ്പിച്ചില്ലെന്നും വിധിയിൽ കുറിച്ചിട്ടുണ്ടായിരുന്നു. മരിച്ച ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് നൽകിയ കേസിന്മേലായിരുന്നു വിധി.

ഭൂമി വിവാദവും കർദ്ദിനാൾ ആലഞ്ചേരിയും:

കോടിക്കണക്കിന് വിലയുളള സഭയുടെ സ്വത്തുക്കൾ നിസാര വിലയ്ക്കു വിറ്റ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ ചൂടുപിടിച്ച വിവാദങ്ങൾ നാടെങ്ങും പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്നു. ഭൂമിവിവാദത്തിനെതിരെ സീറോ മലബാർ ഗ്രുപ്പിലെ ഏതാണ്ട് ഇരുപതോളം നവീകരണ വിഭാഗങ്ങൾ ശക്തമായ പ്രതിക്ഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഓൾ കേരള ചർച്ച് ആക്ട് എന്ന സംഘടന  രൂപീകരിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ച് ആക്ട് ഉടനടി നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സഭയുടെ സ്വത്തുക്കൾ മാർപ്പാപ്പയുടെ അധീനതയിലാണെന്നും പൊതുജനങ്ങൾക്ക് അത് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുമുള്ള കർദ്ദിനാളിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം രേഖ സമർപ്പിച്ചപ്പോഴും ഇതേ അഭിപ്രായങ്ങൾ തന്നെ കർദ്ദിനാൾ രേഖപ്പെടുത്തുകയും ചെയ്തു.

സഭാ സ്വത്തുക്കളുടെ വാങ്ങൽ വിൽപ്പന നടക്കുന്നത് കാനോൻ നിയമം അനുസരിച്ചാണ്. അതിനൊരു മാറ്റമുണ്ടാകണമെന്നാണ് കേരളാ ക്രിസ്ത്യൻ നവീകരണ സംഘടനകൾ ആവശ്യപ്പെടുന്നത്. ഒരു കർദ്ദിനാളോ മെത്രാനോ സഭാവക സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാരോ സഭാജനമോ അറിയുന്നില്ല. സഭയുടെ സ്വത്തുക്കൾ മെത്രാന്റെയോ പുരോഹിതരുടെയോ കുടുംബത്തിൽ നിന്നും കൊണ്ടുവന്നതുമല്ല. സമൂഹം നൽകിയ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള അവകാശം സമൂഹത്തിനാണ്. ഹിന്ദു ധർമ്മ സ്ഥാപനങ്ങൾക്ക്  സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സർക്കാർ നിയന്ത്രണമുള്ള ദേവസം ബോർഡുണ്ട്. അതുപോലെ മുസ്ലിമുകൾക്ക് വക്കഫ് ബോർഡും. എന്നാൽ കർദ്ദിനാൾ ആലഞ്ചേരി പറയുന്നു, "സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശം തനിക്കു മാത്രം. തന്നെ ചോദ്യം ചെയ്യാൻ മാർപ്പാപ്പയ്ക്ക് മാത്രമേ കഴിയൂ. തനിക്കുമീതെ ഒരു സർക്കാരുമില്ല." എന്തേ! ഒരു ജനാധിപത്യ രാജ്യത്തു രണ്ടു നിയമങ്ങളൊ? ഒരു ഏകാധിപതിയുടെ ശബ്ദമാണ് കർദ്ദിനാൾ ഹൈക്കോടതിയിൽ മുഴക്കിയത്. ഇത്തരം വിവാദാസ്പദമായ പ്രസ്താവനകൾ ഒരു ജനാധിപത്യ സംവിധാനത്തിനും സാമൂഹിക ചിന്തകൾക്കുതന്നെയും അപമാനകരമാണ്.









No comments:

Post a Comment