Translate

Sunday, March 4, 2018

ഹലോ ഹലോ 'ചര്‍ച്ച് ആക്ട്!' ചലോ ചലോ സെക്രട്ടറിയേറ്റ്!!

https://www.facebook.com/indulekha.joseph.1/videos/1067378480069995/

ഇപ്പന്‍ - ഫോണ്‍: 9446561252

തെരുവിലുപേക്ഷിക്കപ്പെട്ട ഒരു പട്ടിക്കുഞ്ഞ്. എല്ലും തോലും മാത്രം. ആട്ടും തല്ലും ഏറും ഏറെക്കൊണ്ട് അവശന്‍. അതാ, യോഗ്യനായ ഒരു മനുഷ്യന്‍ വരുന്നു. പട്ടിക്കുഞ്ഞിനൊരു വെളിപാട്-വട്ടായിലച്ചന്‍ ക്ഷമിക്കുക - ഇതാ നിന്റെ രക്ഷകന്‍! അവന്‍ അയാളുടെ അടുത്ത് വാലാട്ടി മണത്തുമണത്തു കൂടുന്നു. അയാള്‍ വേഗത്തില്‍ നടന്നു നോക്കുന്നു. പട്ടിക്കുഞ്ഞു വിടുന്നില്ല. അയാള്‍ ആട്ടുന്നു. കല്ലെടുക്കുന്നു. ഓങ്ങുന്നു. കോക്രി കാണിക്കുന്നു. നിവൃത്തിയില്ലാതെ എറിയുന്നു. പക്ഷേ, കൊള്ളിക്കുന്നില്ല. ശുനകനും മാന്യനും കണ്ടുമുട്ടുന്നിടത്തൊക്കെ ഈ നാടകം ആവര്‍ത്തിക്കുന്നു. ഒന്നും രണ്ടുമല്ല, 25 വര്‍ഷം ഈ ബന്ധം തുടരുന്നു. നിങ്ങള്‍ പറയൂ, അയാള്‍ ഒരു മനുഷ്യനാണെങ്കില്‍ ആ പട്ടിയെ രഹസ്യമായെങ്കിലും സ്‌നേഹിച്ചുതുടങ്ങില്ലേ? പക്ഷേ, എന്തുചെയ്യാം? അയാള്‍ക്കേയുള്ളൂ മനുഷ്യപ്പറ്റ്. വീട്ടിലുള്ളതെല്ലാം സൊസൈറ്റിലേഡികളാണ്. അവര്‍ക്കു കില്ലപ്പട്ടികളെ കണ്ടുകൂടാ. അയാള്‍ക്കാകെ ചെയ്യാവുന്നതിത്രമാത്രം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു എല്ലിന്‍ കഷണം പോക്കറ്റിലൊളിപ്പിച്ചുവെച്ച് പട്ടി കാണാതെ അവനു മണത്തുചെല്ലാവുന്ന സ്ഥലത്ത് നിക്ഷേപിച്ച് ഗൗരവഭാവത്തില്‍ നടന്നു കളയുക. അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അയാള്‍ക്കു ഭയമാണ്. പട്ടി കയറി വിളയാടി വീട്ടിലെത്തിയാല്‍ പട്ടി മാത്രമല്ല, അയാളും പുറത്ത്!
ഈ കഥയിലെ പട്ടി ഞാനും മനുഷ്യപ്പറ്റുള്ള മനുഷ്യന്‍ മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറവുമാണെന്നു വെളിപ്പെടുത്തിയാല്‍ ഞാനും അദ്ദേഹവുമായുള്ള 25 വര്‍ഷത്തെ ബന്ധമായി. ഇന്ദുലേഖയുടെ നൃത്തസമരംതൊട്ടു തുടങ്ങിയതാണത്. മനോരമയില്‍ വന്ന കുമ്പസാരസത്യഗ്രഹം സംബന്ധിച്ച ഒരു ദിവസം വൈകിയ വാര്‍ത്ത എനിക്കങ്ങനെ അദ്ദേഹം കനിഞ്ഞു സമ്മാനിച്ച ഒരു എല്ലിന്‍ കഷണമാണ്.
നന്ദി പറയാന്‍ ഞാനദ്ദേഹത്തെ വിളിച്ചു. 'ഒരു ന്യൂസ് മേക്കറെന്ന നിലയില്‍ അങ്ങെന്റെ ഗുരുവാണ്.' ഉടനെവന്നു കനപ്പിച്ച മറുപടി. 'നമ്മളാരുടെയും ഗുരുവാകാന്‍ ആഗ്രഹിക്കുന്നില്ല.' 'എനിക്ക് ഏകലവ്യനാകാമല്ലോ' ഞാന്‍ പറഞ്ഞു. പനച്ചി അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം എന്റെ ഗുരുവാണ്. മാധ്യമശ്രദ്ധയില്‍ ഇടിച്ചുകയറാനുള്ള പല തന്ത്രങ്ങളും ഞാന്‍ പഠിച്ചത് അദ്ദേഹം പറഞ്ഞിട്ടുള്ള വഴക്കുകളിലൂടെയാണ്. എങ്ങനെ വഴക്കു പറയാതിരിക്കും? ഞാന്‍ ചെയ്യുന്ന ലൊട്ടുലൊടുക്കുകാര്യങ്ങള്‍വരെ അദ്ദേഹത്തെ വിളിച്ചറിയിക്കും. കേരളത്തിലെ ഏറ്റവും പീക്കിരിപ്പത്രത്തിന്റെവരെ മുഖ്യപത്രാധിപരെ വിളിച്ചറിയിച്ചാല്‍ കൊള്ളാമെന്ന് എനിക്കുണ്ട്. വിളിച്ചാല്‍ അവരെയൊക്കെ ഒന്നുകിട്ടണ്ടേ? 563646. എന്റെ ഭാര്യയുടെയും പിള്ളേരുടെയും നമ്പര്‍ കഴിഞ്ഞാല്‍ മനോരമയുടെ ഈ നമ്പരേ എനിക്കു കാണാപ്പാഠം അറിയാവൂ. അതില്‍ വിളിച്ചാല്‍ പത്തു സെക്കന്റിനുള്ളില്‍ പനച്ചിപ്പുറത്തെ കിട്ടും. എനിക്കേ കിട്ടൂ എന്നു വിചാരിക്കരുത്. സ്ഥലത്തെ പ്രധാനദിവ്യനും കിട്ടും. പ്രധാനതെണ്ടിക്കും കിട്ടും. വാര്‍ത്തക്കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍വേണ്ടി 24 മണിക്കൂറും തുറന്നിരിക്കുന്ന അമ്മത്തൊട്ടിലാണദ്ദേഹം. മനോരമ എന്ന സൊസൈറ്റീലേഡി സെക്‌സ് അപ്പീലിലുള്ള അമിതശ്രദ്ധമൂലം മുലകളില്‍ പൂതനാവിഷം പുരട്ടുന്നതുകൊണ്ട് ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട പല കുഞ്ഞുങ്ങളും ചാപിള്ളകളാകുന്നുവെന്നുമാത്രം. അരവയര്‍ നിറയാതെ കീറയുറക്കപ്പായില്‍ കിടന്നു പിച്ചും പേയും പറയുന്ന ഭാരതമാതാവിന്റെ കോടിക്കണക്കിനു കുഞ്ഞുമക്കളുടെ പോറ്റമ്മയാകുന്നതിനേക്കാള്‍ മനോരമയ്ക്കു പ്രിയം മുതലാളിത്തത്തിന്റെ മുന്തിയ വേശ്യയാകാനാണ്. ലോകമുതലാളിത്തത്തെ താങ്ങിനിര്‍ത്തുന്ന കത്തോലിക്കാമതമലിനജലസേതു എറണാകുളത്തു പൊട്ടുമ്പോള്‍ മനോരമ മണല്‍ച്ചിറ കെട്ടാന്‍ ശ്രമിക്കുന്നതിനെ പിന്നെ എങ്ങനെ കാണണം? പോരാഞ്ഞ് ഈയിടെ ബ്രെസ്റ്റുള്ള ക്രൈസ്റ്റിനെ ചിത്രീകരിച്ചതിന് കേരളത്തിലെ മെത്രാന്മാരെല്ലാംകൂടി അവരുടെ പപ്പും പൂടയും പച്ചയ്ക്കു പറിച്ചതേയുള്ളൂ. വേശ്യ കാശുകിട്ടുമെന്നു കണ്ടാല്‍ പീഡനരതിപോലും സഹിക്കും.
ഈ ഗുരുശിഷ്യബന്ധത്തിന്റെ കഥ നീണ്ടുപോയെങ്കില്‍ ക്ഷമിക്കുക. അനര്‍ഘസമ്പത്തായ അറിവുതരുന്നവനെ ആദരിക്കണം. എന്നെ സംബന്ധിച്ച് ബ്രഹ്മജ്ഞാനത്തിനു തൊട്ടുതാഴെ നില്‍ക്കുന്ന ഒരറിവ് - ഒരു മാധ്യമരഹസ്യം - അദ്ദേഹമാണെനിക്കു പകര്‍ന്നുതന്നത്. 'വിവാദങ്ങള്‍ക്കൊന്നും ഞങ്ങളില്ല. എന്തെങ്കിലും സംഭവം നടന്നാല്‍ ഞങ്ങള്‍ ഇടും.' ഈ വാക്കും അദ്ദേഹത്തിന് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹം ഉപദേശിച്ചതനുസരിച്ച് നമ്മള്‍ നടത്തിയ സംഭവങ്ങള്‍ മറ്റു മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്. ഈ ബോധോദയത്തിനുശേഷമാണ് എനിക്കു സമരങ്ങളോട് ഭ്രാന്തമായ ആവേശം!
ചര്‍ച്ച് ആക്ടുമായി ബന്ധപ്പെട്ടു നടന്ന ഏറ്റവും ഗംഭീരമായ സെമിനാറായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് എറണാകുളത്തുവെച്ചു നടന്നത്. അത് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു ഉദ്ഘാടനം ചെയ്തത്. വലിയ ഹാള്‍ നിറഞ്ഞുകവിഞ്ഞ് ആളുകളുണ്ടായിരുന്നു. 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ഫെലിക്‌സ് പുല്ലൂടന്റെ സംഘാടകശേഷിയുടെ വിജയംകൂടിയായിരുന്നത്. എന്നിട്ടോ? എല്ലാ മാധ്യമങ്ങളും ക്രൂരമായി തമസ്‌കരിച്ചു. അന്നു ഞാനൊരു പാഠം പഠിച്ചു. കതകടച്ചിട്ടു നടത്തുന്ന കുമ്പസാരസിമ്പോസിയങ്ങളൊന്നും മാധ്യമശ്രദ്ധ നേടില്ല. അതുകൊണ്ടു പ്രയോജനമില്ലെന്നല്ല. അവ നമ്മള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കും. നമ്മുടെ വിജ്ഞാനചക്രവാളത്തിന്റെ അതിരുകളെ വികസിപ്പിക്കും. പക്ഷേ, പുരോഗതിയുടെ ഊര്‍ജ്ജസ്രോതസ്സായ അറിവ് ജനങ്ങളിലെത്തണമെങ്കില്‍ മാധ്യമങ്ങളുടെ സഹായം കൂടിയേ കഴിയൂ. മാധ്യമശ്രദ്ധ നേടാന്‍ തെരുവിലിറങ്ങിയേതീരൂ.
ഭൂമികുംഭകോണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ കേട്ടു തുടങ്ങിയപ്പോഴേ എനിക്കുതോന്നി, ഇതിന്റെ പിറകിലുള്ള ബുദ്ധികേന്ദ്രത്തെ വിമോചനദൈവശാസ്ത്രവും പുലിക്കുന്നനും ചര്‍ച്ച് ആക്ടും കെ.സി.ആര്‍.എം. പോലുള്ള നവീകരണപ്രസ്ഥാനങ്ങളും സത്യജ്വാലയുടെ തീക്ഷ്‌ണോഷ്ണകിരണങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന്. കര്‍ദ്ദിനാളിനെ എതിര്‍ക്കുന്ന ഭൂരിപക്ഷം വൈദികരെയും അല്മായരെയും ഇതൊന്നും സ്പര്‍ശിക്കുന്നുണ്ടെന്നു തോന്നുന്നില്ല. കുര്‍ബ്ബാന ചൊല്ലുമ്പോള്‍ പുരോഹിതന്‍ പൃഷ്ഠം എങ്ങോട്ടുതിരിക്കണം? കര്‍ത്താവിനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്ലാവര്‍ ആകൃതിയിലുള്ള കുരിശില്‍ ഒന്നുകൂടി തറയ്ക്കണോ? ഇങ്ങനെയുള്ള പല ഉള്ളിതൊലിച്ച തര്‍ക്കങ്ങള്‍ ചങ്ങനാശ്ശേരിക്കാരും എറണാകുളംകാരും തമ്മില്‍ വളരെക്കാലമായി ഉണ്ട്. ഗള്ളിവര്‍ ചെന്നുപെട്ട ലില്ലിപ്പുട്ടിലും ഉണ്ടായിരുന്നല്ലോ, മുട്ട എവിടംതൊട്ടു മുറിക്കണം എന്നതിനെക്കുറിച്ചുള്ള മഹായുദ്ധങ്ങളില്‍ ചെന്നു കലാശിക്കുന്ന തര്‍ക്കങ്ങള്‍. കര്‍ദ്ദിനാളാണെങ്കിലും ശരി, ചങ്ങനാശ്ശേരിക്കാരന്‍ ഒരു വരത്തന്‍ ഇവിടെ വന്നാളുകളിക്കേണ്ടെന്ന ഹുങ്കും ഒരു കൂട്ടര്‍ക്കുണ്ട്. പക്ഷേ, സ്വത്തു മെത്രാന്റെ ആണെന്ന കാര്യത്തില്‍മാത്രം ഇവര്‍ക്കൊരു തര്‍ക്കവുമില്ല. മെത്രാന്‍ എറണാകുളംകാരനാണെങ്കില്‍ പ്രശ്‌നം തീര്‍ന്നു.
എന്നാല്‍ കര്‍ദ്ദിനാള്‍ വിരുദ്ധരായ ന്യൂനപക്ഷത്തിന്റെ കഥ അങ്ങനെയല്ല. അവരാണ് പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്യാന്‍ ചങ്കൂറ്റം കാട്ടിയവര്‍. അങ്കമാലിയില്‍ സമ്മേളിച്ചതവരാണ്. ആ യോഗത്തിനു ഞാനും പോയിരുന്നു, ഒരു നിരീക്ഷകനായി. സീറോ-മലബാര്‍ ചെളിക്കുളത്തില്‍ അല്മായര്‍ക്കുവേണ്ടി തന്ത്രപൂര്‍വ്വം മീന്‍ പിടിക്കുന്നവരെയാണ് ഞാനവിടെ കണ്ടത്. ചര്‍ച്ചകള്‍ നയിച്ചിരുന്നത് വട്ടോളിയച്ചനാണ്. (ഈ വട്ടോളി, പത്തുവര്‍ഷംമുമ്പ് എന്നെയും കുടുംബത്തെയും സാത്താന്റെ സഭ കിടത്തിപ്പൊരിച്ചുകൊണ്ടിരുന്നപ്പോള്‍ നാട്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ 'ഓറ'യിലെ ഫാദര്‍ അലോഷ്യസ് ഫെര്‍ണാണ്ടസിനോടൊപ്പം വന്നു പ്രസംഗിച്ച അച്ചനാണ്). ഇവര്‍ ചര്‍ച്ച് ആക്‌ടെന്ന പദം ഉപയോഗിക്കുന്നില്ലെന്നേയുള്ളൂ. അന്നത്തെ യോഗം പാസാക്കിയ മുഖ്യപ്രമേയം നോക്കുക. 'ഏതു മെത്രാന്‍ വന്നാലും ഇനി അല്മായരുടെ അനുവാദംകൂടാതെ സ്ഥലം വില്‍ക്കാനോ കടപ്പെടുത്താനോ പാടില്ല.' ഇവിടെനിന്ന് ഒരു പടികൂടി ചവിട്ടിയാല്‍ ചര്‍ച്ച് ആക്ടായി. അതുകൊണ്ടാണു പറഞ്ഞത്, എറണാകുളം വിവാദത്തിന്റെ മുഖ്യസൂത്രധാരകരെ ചര്‍ച്ച് ആക്ട് സ്വാധീനിച്ചിട്ടുണ്ടെന്ന്. ഇവരോടാണ് കര്‍ദ്ദിനാളിനും കലിയെന്ന് അസന്ദിഗ്ദ്ധമായി തെളിഞ്ഞു. യോഗത്തിനു വന്നവരെല്ലാംതന്നെ പതിവുപോലെ മധ്യവയസ്‌കരും വയസ്സന്മാരുമായിരുന്നു. അവരെയൊക്കെ തട്ടിമറിച്ചുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കല്‍ദായഗുണ്ടകള്‍ കാട്ടുപോത്തുകളെപ്പോലെ വട്ടോളിയച്ചനുനേരെ മുക്രയിട്ടെത്തിയത്. കര്‍ദ്ദിനാള്‍ കാണുന്നിടത്തെല്ലാം കരയുന്നുണ്ടല്ലോ, കര്‍ത്താവിന്റെ പാവം പാവം രാജകുമാരനായ തനിക്കൊരു മണ്ടത്തരം പറ്റിയതാണെന്ന്. അങ്കമാലിയിലെ അങ്കക്കലിപ്രകടനം കോഴി കട്ടവന്റെ തലയില്‍ത്തന്നെയാണ് പൂടയെന്ന് ഉച്ചത്തില്‍ വിളിച്ചുകൂവുന്നു. കര്‍ദ്ദിനാള്‍ ഗര്‍ദ്ദഭബുദ്ധിയായ ഒരു മേജര്‍ ചട്ടമ്പിയും കൂടിയാണെന്ന് പിന്നീട് വൈക്കത്തും തെളിയിച്ചു.
ഇത്രയൊക്കെയായിട്ടും ചര്‍ച്ച് ആക്ട് ഒരാവശ്യമാണെന്നു തോന്നാത്തവരോട് ഇനി കര്‍ത്താവ് നേരിട്ടു വന്നു പറഞ്ഞാലും പ്രയോജനമൊന്നുമില്ല. ഇതുപോലൊരു സുവര്‍ണ്ണാവസരം ഇനി കിട്ടാനില്ല. ഇടതുപക്ഷസര്‍ക്കാര്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ പൊടിതട്ടിയെടുത്താല്‍ മെത്രാന്മാര്‍ വിമോചനസമരത്തിന്റെ 'വി' പറയുന്നതിനുമുമ്പേ അവര്‍ക്കു വിരേചനം സംഭവിച്ചിരിക്കും. അങ്ങനെ അത് അവരുടെ ടോയ്‌ലറ്റുകളിലൊതുങ്ങുന്ന വിരേചനസമരമായി കലാശിക്കും.
ഇത് അല്മായ നായകള്‍ക്കു ലഭിച്ച ദിവസമാണ്. നമുക്കു കുരച്ചു കുരച്ചു സെക്രട്ടറിയേറ്റിലേക്കു മുന്നേറാം. ഹലോ ഹലോ ചര്‍ച്ച് ആക്ട്! ചലോ ചലോ സെക്രട്ടറിയേറ്റ്! പൗരോഹിത്യത്തിന്റെ ആട്ടും തുപ്പും ഏറും ഏറെക്കൊണ്ട് അവശരായ നമ്മള്‍ നടത്തുന്ന ഈ സുപ്രധാന 'സംഭവം' ജനാധിപത്യത്തിന്റെ കാവല്‍നായയായിരിക്കേണ്ട മനോരമ തമസ്‌കരിക്കുമോന്നു നോക്കാം.


3 comments:

 1. http://almayasabdam.blogspot.in/2015/03/blog-post_0.html

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഒരിക്കല്‍ക്കൂടി വായിക്കുക http://almayasabdam.blogspot.in/2015/03/blog-post_90.html
  ഡോ. എം. പി. മത്തായിയുടെ പ്രചോദനം പകരുന്ന പ്രഭാഷണം

  ReplyDelete