Translate

Sunday, March 4, 2018

അച്ചനെ കുത്തിയ ജോണിയെ വിട്ടയക്കണം. ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികൾക്ക് റോമിന്റെ ഭരണഘടനാനിയമമായ കാനോനികനിയമമുള്ളപ്പോൾ ഇന്ത്യയുടെ നിയമങ്ങൾ എങ്ങനെ ബാധകമാകും.കാനോനിക നിയമം രാജ്യത്ത് നിരോധിക്കാത്തിടത്തോളം കാലം കത്തോലിക്കാ ക്രിസ്ത്യാനികളുടെമേൽ ജുഡീഷ്യൽ അധികാരമുൾപ്പെടെ സകലഅധികാരങ്ങളും മെത്രാന്റേതാണ്.സർക്കാരിന്റേതല്ല. കാനോനിക നിയമം 190,191,391 വകുപ്പുകൾ പ്രകാരം മെത്രാന് സ്വന്തമായി നിയമനിർമ്മാണത്തിനും നിയമനിർവ്വഹണത്തിനും നിയമവ്യാഖ്യാനത്തിനും പൂർണ്ണ അധികാരം നൽകുന്നു. 1012-ാം വകുപ്പു പ്രകാരം വിശ്വാസികളിൽ നിന്നും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ സർക്കാരിനെ പോലെ സ്വതന്ത്രമായി നികുതി പിരിക്കുന്നതിനും കഴിയും . സഭയുടെ നിയമമായ  കാനോൻ നിയമപ്രകാരം മെത്രാന്റെ തീരുമാനത്തെ ചോദ്യം ചെയ്യുവാൻ ആർക്കും അധികാരമോ അവകാശമോ ഇല്ല. ഇന്ത്യക്കുള്ളിൽ മറ്റോരു പരമാധികാര രഷ്ട്രമായി പ്രവർത്തിക്കുന്നു.   


ഫാദർ സേവ്യറിനെ കുത്തിക്കൊന്ന ജോണിക്ക് മാർ ആലഞ്ചേരി മാപ്പുനൽകിയതിനാൽ ജോണിയെ ജയിലിൽ അടക്കുവാൻ ഭാരത സർക്കാരിന് ഇനിയെന്തവകാശം. ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക്   റോമിന്റെ ഭരണഘടനയായ കാനോനിക നിയമമാണ് ബാധകം. ഒരു വിശ്വാസിയുടെ മേലുള്ള സകല അധികാരങ്ങളും മെത്രാന്റേതാണ് .


മലയാറ്റൂർ മലയിൽ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന സഭാവിശ്വാസി ശ്രീ ജോണിയെ ആലുവ സബ്ജയിലിൽ അടച്ച സർക്കാർനടപടി സഭാവിരുദ്ധവും ഖേദകരവുമാണ്. അദ്ദേഹത്തെ പുറത്തുവിടുവാൻ അടിയന്തിര നടപടിയുണ്ടാവണം. ഇല്ലാത്ത അധികാരം ഒരുവ്യക്തിയുടെ മേൽ സർക്കാരെന്തിന് ബലമായി  പ്രയോഗിക്കണം.


സഭയുടെ മേജർ ആർച്ചു ബിഷപ്പായ കർദ്ദിനാൾ മാർ ആലഞ്ചേരി പ്രാർത്ഥനാ മനോഭാവത്തോടെ ജോണിക്കു മാപ്പുനൽകിയതായി4-3-2018-ൽ പുറത്തിറങ്ങിയ മംഗളം ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കൊല്ലപ്പെട്ട ഫാ. സേവ്യറിന്റെ സംസ്‌കാരചടങ്ങിനു മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. 


കത്തോലിക്കാ സഭക്ക് ബാധകമായിരിക്കുന്ന നിയമം പൗരസ്ത്യ കാനോനിക നിയമമാണ്. ഇതിൻ പ്രകാരം സഭയെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും ജൂഡീഷ്യൽ അധികാരത്തോടെ തീരുമാനമെടുക്കുന്നതിനുള്ള അധികാരം മെത്രാനാണുള്ളത് . എറണാകുളം - അങ്കമാലി സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ എത്തിയ കേസ്സുകളിലും സഭയുമായി ബന്ധപ്പെട്ട മറ്റു കേസ്സുകളിലും ഇന്ത്യൻ കോടതികളെ സഭ ഇക്കാര്യം അറിയിച്ചിട്ടുള്ളതും സഭയുടെ നിലപാടുകളിൽ അനുകൂല വിധികൾ ഉണ്ടായിട്ടുള്ളതുമാണ്.  സഭയുടെ നിയമമായ  കാനോൻ നിയമപ്രകാരം മെത്രാന്റെ തീരുമാനത്തെ ചോദ്യം ചെയ്യുവാൻ ആർക്കും അധികാരമോ അവകശമോ ഇല്ല. കൊല്ലപ്പെട്ടത് സഭയുടെ ഒരു വൈദികനാണ്. കുത്തിയത് സഭയുടെ ഒരു വിശ്വാസിയും. രണ്ടു പേരും സഭയിലെ അംഗങ്ങൾതന്നെ. സഭയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് കത്തോലിക്കാസഭക്ക് സ്വന്തമായി സഭാകോടതിയും , പുരോഹിതവക്കീലന്മാരും ജഡ്ജിയുമുണ്ട്. ഒരു വിശ്വാസിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ടാക്‌സ് പിരിക്കുന്നതിനും രജീസ്ട്രാറുടെ പദവിക്കുതുല്യമായി ഒരുവിശ്വാസിയുടെ വിവാഹം നടത്തുന്നതും മൃതസംസ്‌കാര ശുശ്രൂഷ നടത്തുന്നതിനുമുള്ള അധികാരവും മെത്രാനുണ്ട്. അതു ചെയ്യുന്നതിന് മെത്രാൻ ക്ലാർക്കുമാരായി ഓരോഇടവകപ്പള്ളികളിലും വൈദികരെ നിയമിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ സർവ്വ അധികാരങ്ങളോടും കുടി ഒരു രാജ്യവും രാജാവും പ്രജകളുമായിട്ടാണ് കത്തോലിക്കാ സഭ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് .

ഈ നിയമം രാജ്യത്ത് നിരോധിക്കാത്തിടത്തോളം കാലം ഒരു ക്രിസ്തീയ വിശ്വാസിയുടെ മേലുള്ള സർവ്വ അധികാരങ്ങളും മെത്രാനുള്ളതായിരിക്കെ, ഇന്ത്യൻ ഭരണഘടനക്കോ ജൂഡീഷ്യറിക്കോ ഒരു വിശ്വാസിയുടേയും കാര്യത്തിൽ നിയമപരമായ അധികാരമില്ലെന്നിരിക്കെ  മെത്രാൻ മാപ്പുകൊടുത്ത ശ്രീ ജോണിയെ ഇനിയും സർക്കാർ കോടതിയിൽ ഹാജരാക്കുന്നതും വിചാരണ നടത്തുന്നതും,പോലീസ് നടപടികൾക്ക് വിധേയമാക്കുന്നതും , സർക്കാർ ജയിലിൽ അടക്കുന്നതും, കാനോനിക നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. കുറ്റകരമാണ്.
ഈ സാഹചര്യത്തിൽ റോമിന്റെ നിയമമായ കാനോനിക നിയമം ഇന്ത്യൻ ഭരണഘടനക്കും ജൂഡീഷ്യറിക്കും ഉപരിപോലെ പ്രവർത്തിച്ചുവരുന്നതും നാളിതുവരെ ഇന്ത്യയിൽ കാനോനികനിയമം നിരോധിക്കുകയോഇവിടുത്തെ കത്തോലിക്ക ക്രിസ്ത്യാനികൾക്കായി മറ്റൊരു നിയമം പുതിയതായി നിർമ്മിക്കുകയോ ഏകീകൃതസിവിൽകോട് നടപ്പാക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ശ്രീ ജോണിയെ കേരളാ സർക്കാർ അന്യായമായി തടങ്കലിൽ വയ്ക്കാതെ വിട്ടയക്കണം.

 റോമിന്റെ നിയമമായ കാനോനിക നിയമം രാജ്യത്ത് നിരോധിക്കാത്തിടത്തോളം കാലം ഒരു ക്രിസ്ത്യാനി അവന്റെ മെത്രാനെ അനുസരിച്ചാൽ മതി ,അല്ലാത്തപക്ഷം ക്രിസ്ത്യാനികൾക്കായി രാജ്യത്ത് നിലനിൽക്കുന്ന റോമിന്റെ ഭരണഘടനയായ പൗരസ്ത്യ കാനോൻ നിയമം അനുസരിക്കണമൊ, ഇന്ത്യൻ ഭരണഘടനയനുസരിക്കണമോ എന്ന് ഉത്തരവിലൂടെ  സർക്കാർ വ്യക്തമാക്കണം .ഇതുണ്ടാകാത്തസാഹചര്യത്തിൽ  ഇന്ത്യയിലെ ക്രിസ്ത്യാനികളായ പൗരന്മാർക്ക് രണ്ടു സ്വതന്ത്ര രാജ്യങ്ങളുടെ ഭരണഘടന അംഗീകരിക്കേണ്ടി വരുന്നു. ഇത് അംഗീകരിക്കുവാനുള്ള കടമയില്ലാത്തതിനാൽ ആദരണിയനായ ആലഞ്ചേരിപിതാവ് മാപ്പുകൊടുത്ത ശ്രീ ജോണിയെ ആലുവ സബ്ജയിലിൽ അടക്കുന്നത് കാനോൻ നിയമത്തിനെതിരും  നിയമപരമായി  തെറ്റുമായതിനാൽ അദ്ദേഹത്തെ ഉടൻതന്നെ മോചിപ്പിക്കണമെന്ന് കേരളാ സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

                       റെജി ഞള്ളാനി
                        ചെയർമാൻ
                  ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.


3 comments:

 1. അല്മായശബ്ദം ബ്ലോഗ് KCRM (കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം) തുടങ്ങിയിട്ടുള്ള ഒരു ഗ്രൂപ്പ് ബ്ലോഗാണ്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് സ്വതന്ത്രമായി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്കിക്കൊണ്ട് ഒരു ചര്‍ച്ചാവേദിയായാണ് ഈ ബ്ലോഗ് വിഭാവനം ചെയ്തിട്ടുള്ളത്. ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. കുറെക്കാലം മുമ്പുവരെ റെജി ഞള്ളാനി KCRM-ന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ KCRM-ന്റേതല്ല. അദ്ദേഹം തന്റെ ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്ന കാഴ്ചപ്പാട് ഹാസ്യാത്മകമായി വിപരീതാര്‍ഥത്തില്‍ എടുത്ത്
  ചര്‍ച്ചചെയ്യപ്പെടാവുതാണ്. അതിനാല്‍മാത്രം ഈ പോസ്റ്റ് ഡിലീറ്റുചെയ്യുന്നില്ല. എങ്കിലും കാനോന്‍നിയമം ഇന്ത്യന്‍ഭരണഘടനയ്ക്കും അതീതമാണ് എന്നും അതിന്റെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭാംഗങ്ങള്‍ക്ക് ഏതു ക്രിമിനല്‍ കുറ്റത്തില്‍നിന്നും വിടുതല്‍ നല്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് അധികാരമുണ്ടെന്നും ഉള്ള റജിയുടെ വാദഗതിയോട് KCRM യാതൊരുവിധത്തിലും യോജിക്കുന്നില്ല. ഇത് വ്യക്തമായും കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് വ്യക്തിപരമായി പിന്തുണനല്കുന്ന ഒരു പോസറ്റാണ്. ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രസിദ്ധീകരിക്കാന്‍ തുനിഞ്ഞാല്‍ റെജിയെ കോണ്‍ട്രിബ്യൂട്ടര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത് എന്ന് KCRM നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാക്കുന്നു.

  ReplyDelete
 2. https://www.facebook.com/groups/333422447174288/

  ReplyDelete
 3. കർദ്ദിനാൾ ആലഞ്ചേരിയെ പരിഹസിച്ചുകൊണ്ട് ശ്രീ റജി ഞള്ളാനി ഹാസ്യ രൂപത്തിൽ എഴുതിയ ലേഖനമാണ് ഇത്. ഒരു ഹാസ്യ ലേഖനം ഹാസ്യരൂപത്തിൽ തന്നെ എടുക്കണം. രാജ്യത്തിന്റെ സുപ്രധാന നിയമം ഇന്ത്യൻ ഭരണഘടനയാണ്‌. അംബേദ്‌കറിന്റെയും നെഹ്‌റുവിന്റെയും കാലത്ത് ഇന്ത്യയുടെ പരമാധികാര പാർലമെന്റ് കയ്യടിച്ചു പാസാക്കിയതാണ് ഇന്ത്യൻ ഭരണഘടന. കത്തോലിക്കരുടെ കാനോൻ നിയമം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ല. 'കാനോൻ നിയമം' ഇന്ത്യൻ നിയമമെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, കർദ്ദിനാൾ ആണെങ്കിൽ തന്നെയും അത് ദേശദ്രോഹമാണ്. കാനോൻ എന്ന വിദേശ വാക്കുപോലും ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടില്ല.

  കാനോൻ നിയമത്തെ സംബന്ധിച്ചും അതിനോടനുബന്ധിച്ചുള്ള കോടതി വിധികളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ എന്റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. അല്മായ ശബ്ദത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന "വഴുതിപ്പോകുന്ന കാനോൻ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും" എന്ന എന്റെ ലേഖനം വായിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും.

  സ്വതന്ത്രമായ അഭിപ്രായങ്ങൾ എഴുതാൻ ഒരാൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ എഴുതുന്നവരെ എന്തിന് കോൺട്രിബ്യുട്ടർ സ്ഥാനത്തുനിന്ന് എടുത്തു കളയണം? ഇഷ്ടമില്ലാത്ത ലേഖനം നീക്കം ചെയ്‌താൽ പോരെ? കാനോൻ നിയമത്തെ ഇന്ത്യൻ നിയമമായി കാണുന്ന പല പുരോഹിതരുമുണ്ട്. അവരുടെ അന്ധതയെ അല്മായ ശബ്ദം നീക്കുകയാണ് വേണ്ടത്!

  ReplyDelete