Translate

Friday, March 23, 2018

ആറാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്


 

പ്രിയരേ,

KCRM - North America -യുടെ ആറാമത്തെ ടെലികോൺഫെറൻസ് മാർച്ച് 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി വളരെയധികംപേർ സജീവമായി പങ്കെടുക്കുകയുണ്ടായി.  ഇപ്രാവശ്യത്തെ ചർച്ച " പൗരോഹിത്യവും അവിവാഹിതാവസ്ഥയും" എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, ബഹുമാനപ്പെട്ട ഡോ. ഔസേപ്പറമ്പിലച്ചനാണ് വിഷയം അവതരിപ്പി ച്ചു സംസാരിച്ചത്. അച്ചൻറെ അവതരണത്തിലെ പ്രധാന ആശയങ്ങൾ:

കല്ല്യാണം കഴിച്ച സഭാധികാരികൾ വോട്ടുചെയ്താണ് പുരോഹിതർക്കുവേണ്ടിയുള്ള ബ്രഹ്മചര്യനിമയം പാസാക്കിയത്. നിയമം ഉണ്ടാക്കിയവർ നിയമം ഉണ്ടാക്കാൻ അർഹതയില്ലാത്തവരായിരുന്നു. പുരോഹിതവിവാഹനിയമങ്ങൾ മാനുഷ്യത്യരഹിതവും, മനുഷ്യാവകാശലംഘനവും, ദൈവനീതിയ്ക്ക് നിരക്കാത്തതും, സ്ത്രീവിദ്വേഷം പുലർത്തുന്നതും, അജ്ഞതയിൽ അടിയുറച്ചതും, സ്വന്തം സത്തയെത്തന്നെ നിഷേധിക്കുന്നതുമാണ്.

ബ്രഹ്മചര്യം എന്നുവെച്ചാൽ ദൈവത്തോടുകൂടി ജീവിക്കുകയെന്നാണ് മനസ്സിലാക്കേണ്ടത്. മറിച്ച്, സെക്സ് കൂടാതെ ജീവിക്കുകയെന്നല്ല. സ്ത്രീപുരുഷബന്ധത്തിൻറെ പൂർണതയാണ് ദൈവം. ബ്രഹ്മതുല്യമാണ് ലൈംഗികാസ്വാദനം. ദൈവസങ്കല്പത്തിന് അനുകൂലമാണ് വൈവാഹിതജീവിതം. അത് ദൈവത്തിങ്കലേക്കുള്ള വഴിയാണ്. സ്ത്രീയുടെയും പുരുഷൻറെയും ബോധാവസ്ഥ ഒന്നായിത്തീരുന്നത് ദൈവത്തിങ്കലേയ്ക്ക് അടുക്കാനുള്ള മാർഗമാണ്. അതുകൊണ്ട് പുരോഹിതർ വിവാഹിതരാകുന്നത് നല്ലതാണ്; എതിരല്ല. പുരോഹിതന് ബ്രഹ്മചര്യത്തിൻറെ ആവശ്യമില്ല. ലൈംഗിക നിയന്ത്രണത്തിന് വിവാഹം കഴിക്കുന്നത് നല്ലതാണ്. ഒരു ഭാര്യ ഉണ്ടെങ്കിൽ, ലൈംഗികതയോടെ ജീവിച്ചാൽ സ്ത്രീകളെ കാണുമ്പോൾ കേറിപിടിക്കാൻ തോന്നുകയില്ല. ലൈംഗിക നിയന്ത്രണം എളുപ്പമാകും. പുരോഹിതന് ഒരു ഭാര്യ ഇല്ലാത്തതിനാലാണ് അയാളുടെ ജീവിതത്തിലേയ്ക്ക് എല്ലാവരും ഒളികണ്ണിട്ടുനോക്കുന്നത്.

കെട്ടാനും അഴിക്കാനുമിരിക്കുന്ന ഒരാളല്ല ദൈവം. മനുഷ്യൻറെ ലിംഗപ്രയോഗത്തെ ശ്രദ്ധിച്ചിരിക്കുന്ന ഒരാളുമല്ല ദൈവം. പുരോഹിതർ പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഒരു ദൈവമില്ല. എന്നാൽ സഭയുടെ പ്രവർത്തികൾ കണ്ടാൽ സഭയാണ് സ്വർഗത്തെ നിയന്ത്രിക്കുന്നതെന്ന് തോന്നിപ്പോകും.

സഭാചരിത്രം പരിശോധിച്ചാൽ അപ്പോസ്തലർ എല്ലാവരുംതന്നെ വിവാഹിതരായിരുന്നു. സഭയിൽ മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവർ വിവാഹിതരായിരിക്കണമെന്ന് പൗലോസ് നിർദേശിക്കുന്നുണ്ട്. പൗരോഹിത്യം ഉണ്ടായത് നാലാം നൂറ്റാണ്ടിലാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് പൗരോഹിത്യബ്രഹ്മചര്യം സഭയിൽ നടപ്പിലാക്കുന്നത്.

വൈദികരുടെ ബ്രഹ്മചര്യനിയമം സഭയിൽ നടപ്പിലാക്കിയത്തിൻറെ പിന്നിൽ സാമ്പത്തീകമാണ്. വൈദികബ്രാഹ്മചര്യം സാമ്പത്തികഘടനയാണ്; മതഘടനയല്ല. പൊതുസ്വത്ത് അനിയന്ത്രിതമായി കൈകാര്യം ചെയ്യാനും ഇഷ്ടാനുസരണം വിനയോഗിക്കാനുമുള്ള ഒരു മാർഗമാണ് വൈദികബ്രാഹ്മചര്യം. ആ കാരണം ഒന്നുകൊണ്ടുമാത്രമാണ് വൈദികബ്രഹ്മചര്യത്തെ ഇന്നും നിലനിർത്തുന്നത്.

മനുഷ്യജീവിതത്തിൻറെ മൂല്ല്യം കാണിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ബ്രഹ്മചര്യം പാലിച്ചതുകൊണ്ട് ദൈവാനുഭവം ഉണ്ടാകുന്നില്ല. ദൈവത്തിൻറേതല്ലാത്ത സഭയ്ക്കുവേണ്ടി ബ്രഹ്മചര്യം പാലിച്ചിട്ട് കാര്യമില്ല.

വിഷയാവതരണത്തിനുശേഷം സജീവമായ നീണ്ട ചർച്ച നടന്നു.

ആദ്യക്രൈസ്തവസമൂഹത്തിൽ ക്ലർജികൾ/അല്മായർ എന്ന വേർതിരിവ് ഉണ്ടായിരുന്നില്ല. പത്രോസ് ഒന്നാം ലേഖനത്തിൽ യേശുഅനുയായികളെപ്പറ്റി എഴുതിയതിപ്രകാരമാണ്: "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാണ്" (പത്രോ. 2: 9). ഇന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വിശ്വാസികളുടെ ആ പൗരോഹിത്യത്തെ അടിവരയിട്ട് പ്രോത്സാഹിപ്പിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. യേശു തൻറെ സഭ ഒരു മതമാകണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, അയൽക്കാരനെ സ്നേഹിച്ചുകൊണ്ട് ദൈവത്തെ പൂർണമായി സ്നേഹിക്കുക എന്ന വളരെ ലളിതമായ കല്പനയാണ് യേശു നൽകിയത്. സ്ഥാപിതനിയമങ്ങളെക്കാൾ അന്നും ഇന്നും മനുഷ്യത്വത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് സുഹൃത്തുക്കളുടെ ഇടയിലെ പങ്കുവയ്ക്കലായി യൂക്കറിസ്റ്റിനെ യേശു അവതരിപ്പിച്ചത്. യേശുവിനെ അനുകരിച്ച് "അവർ ഏകമനസ്സോടെ താത്പര്യപൂർവം അനുദിനം ദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു" (അപ്പ. പ്രവ. 2: 46). ആദ്യക്രൈസ്തവരെപ്പോലെ വീടുകളിൽ ഒരുമിച്ചുക്കൂടി അപ്പംമുറിക്കലും പങ്കുചേരലും നടത്തിയാൽ വൈവാഹിതപൗരോഹിത്യത്തിൻറെയും സ്ത്രീപൗരോഹിത്യത്തിൻറെയും പ്രശ്‍നം സഭയിൽ പരിഹരിക്കപ്പെടുമെ ന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, മറ്റ് ക്രിസ്തീയസഭകളിൽ വിവാഹിതരായ പുരോഹിതർ സേവനം ചെയ്യുന്നുണ്ട്. അതുപോലെ കത്തോലിക്കാസഭയിലും എന്തുകൊണ്ട് വിവാഹിതരായ വൈദികർ ആയിക്കൂടാ എന്ന ചോദ്യവും പൊന്തിവന്നു. ലൈംഗികവികാരത്തെ അടിച്ചമർത്തുകവഴി വൈദികരുടെ സമനില തെറ്റുമെന്നും പൂർണ വ്യക്തിത്വം അവരിൽ വികസിക്കുകയില്ലെന്നും ഒരു ഭാര്യയുണ്ടെങ്കിൽ അവർ മെച്ചപ്പെടുമെന്നുമെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. ചർച്ചയിൽ പങ്കെടുത്തവരുടെ പൊതു അഭിപ്രായം പുരോഹിതവിവാഹം ഓപ്‌ഷണൽ ആയിരിക്കണമെന്നായിരുന്നു.

സഭ ഒരു സംഘടനയാണെന്നും അച്ചന്മാർ അവിവാഹിതരായിരിക്കണമെന്ന നിയമത്തെ അനുകൂലിക്കാനും പാലിക്കാനും തയ്യാറല്ലാത്തവർ ആ സംഘടനയിൽനിന്ന് പുറത്തുപോകണമെന്ന ഒരാളുടെ അഭിപ്രായമല്ലാതെ, സജീവമായിരുന്ന നീണ്ട ചർച്ചയിൽ മറ്റാരും പുരോഹിതബ്രഹ്മചര്യത്തെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചില്ല എന്ന വസ്തുത എടുത്തുപറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ പ്രായോഗികമായി എന്തുചെയ്യാൻ സാധിക്കുമെന്ന ചോദ്യവും ഉയർന്നുവന്നു. ചർച്ചയിൽ പങ്കെടുത്ത പലരും വിഷയംവിട്ട് സംസാരിക്കുകയുണ്ടായി. കത്തോലിക്കാസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും തടയിടാൻ അടിസ്ഥാനപരമായി നമുക്കെന്തുചെയ്യാൻ സാധിക്കും എന്നതായിരുന്നു അവരുടെ മുഖ്യവിഷയം.

KCRM - North America- യുടെ ഏഴാമത് ടെലികോൺഫെറൻസ് ഏപ്രിൽ 11, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: "പള്ളിയോഗപുനഃസ്ഥാപനം ചർച്ചാക്റ്റിലൂടെ". ടെലികോൺഫെറൻസിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

മാർച്ച് 22, 2018
 

No comments:

Post a Comment