Translate

Thursday, March 29, 2018

മാർ ജോസഫ് പാംബ്ളാനി Sunday Shalom-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഒരു പ്രതികരണം

 

 
ചാക്കോ കളരിക്കൽ

"സഭ എന്നാൽ അച്ചനും മെത്രാനും മാത്രമോ?" എന്ന ശീർഷകത്തിൽ മാർ ജോസഫ് പാംബ്ളാനി Sunday Shalom-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കുവാനിടയായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഭൂമി കുംഭകോണത്തെയും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരത്തെയും വൈദികരുടെയും അൽമായരുടെയും പ്രതികരണങ്ങളെയും ആസ്പദമാക്കിയാണ് അദ്ദേഹത്തിൻറെ ലേഖനം. നെപ്പോളിയനോട് പിയൂസ് ഏഴാമൻ മാർപാപ്പ 'നീ പോടാ പുല്ലേ, ഈ സഭ പതിനേഴ് നൂറ്റാണ്ട് നിലനിന്ന സഭയാണ്' എന്ന്  കൊച്ചാക്കി പറയുന്ന മാതിരിയുള്ള കഥയോടെയാണ് ലേഖനം ആരംഭിക്കുന്നത്. സഭാധികാരികളുടെ ഹുങ്ക് ആ കഥയിൽ പ്രകടമാണ്. സഭയിലെ സമീപകാല സംഭവങ്ങളും ആ കഥയുമായി എന്തു ബന്ധമാണെന്ന് എന്നോടുചോദിച്ചാൽ എനിക്ക് ഉത്തരം മുട്ടും. പക്ഷെ ഒന്നുണ്ട്: പാംബ്ളാനി മെത്രാൻ സഭാധികാരികളുടെ വിട്ടുവീഴ്ചയില്ലാത്ത ദാർഷ്ട്യത്തെ തുറന്നു കാണിക്കുന്നു.

"കുരിശു മരണത്തോളം കീഴ്വഴങ്ങി സ്വർഗത്തോളം ഉയർത്തപ്പെട്ട ക്രിസ്തുവിൻറെ ശരീരമാണ് തിരുസഭ" എന്ന കാലഹരണപ്പെട്ട ദൈവശാസ്ത്രവും എറണാകുളത്തുനടന്ന കള്ളക്കച്ചവടവും വൈദിക ഗുണ്ടായിസവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിക്കരുത്. അച്ചനും മെത്രാനുമാണ് സഭ എന്ന കൊളോണിയൽ സഭാദർശനം മാറ്റി ദൈവജനമാണ് എന്നു പറയുന്ന മെത്രാൻ അച്ചന്മാരും അതിമെത്രാപ്പോലീത്തയും തമ്മിലുള്ള മല്പിടുത്തത്തിലേയ്ക്ക് നോക്കുകുത്തികളായ അല്മായരെ എന്തിന് വലിച്ചിഴച്ച് കൊണ്ടുവരുന്നു എന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ദൈവജനം എന്തു പിഴച്ചു? എന്തിന് ദൈവജനത്തോട് പരിത്യാഗംചെയ്ത് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു?

ഫ്രാൻസിസ് അസീസിയെയും മാർട്ടിൻ ലൂഥറെയും സഭയിലെ തിരുത്തലിൻറെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഫ്രാൻസിസ് സുവിശേഷ മൂല്യങ്ങളെ ആധാരമാക്കിയും ലൂഥർ സഭാധികാരികളെ വെല്ലുവിളിച്ചുകൊണ്ടുമുള്ള സഭാ നവീകരണ മാർഗങ്ങളാണ് സ്വീകരിച്ചത്. ലൂഥറിൻറെ മാർഗത്തെ സംബന്ധിച്ചിടത്തോളം ലേഖനത്തിലെ ഈ പ്രസ്താവന തികച്ചും അസത്യമാണ്. ലൂഥറിൻറെ ചരിത്രം പഠിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഒളിഞ്ഞിരിക്കുന്ന അജണ്ട അതിലുണ്ടായിരിക്കാമെന്ന് ന്യായമായി ഊഹിക്കാം. കാരണം മാർട്ടിൻ ലൂഥർ സുവിശേഷാധിഷ്ഠിതമായി സഭയെ നവീകരിക്കാൻ അങ്ങേയറ്റം ശ്രമിച്ച വ്യക്തിയാണ്. അഹങ്കാരികളും അധികാര ദുർമോഹികളുമായ സഭാധികാരികളുടെ ‘ഞാൻഭാവ’മാണ് ലൂഥറിനെ ചെവിക്കൊള്ളാൻ അവർക്ക് കഴിയാതെ പോയത്. സഭ പിളരാൻ കാരണമായതും അതുതന്നെ. സഭയുടെ വളർച്ചയിൽ യൂറോപ്യൻ രാജാക്കന്മാർ അസൂയാലുക്കളായതിനാലാണ് അവർ ലൂഥറിനെ പിന്താങ്ങിയതെന്ന് പാംബ്ളാനി മെത്രാൻ പുതിയതായ ഒരു കണ്ടുപിടുത്തവും നടത്തിയിരിക്കുന്നു. തികഞ്ഞ സന്ന്യാസ പുരോഹിതനായിരുന്ന ലൂഥർ സഭയുടെ സത്യവിശ്വാസത്തെയല്ല ചോദ്യം ചെയ്തത്. മറിച്ച്, അന്നത്തെ സഭാധികാരികളുടെ ദുഷ്പ്രവർത്തികൾക്ക് എതിരെയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. പ്രോട്ടസ്റ്റൻറ് വിപ്ലവത്തിൻറെ പൂർണ ഉത്തരവാദിത്തം ലൂഥറിൽ ചുമത്താനും സഭാധികാരികളെ ന്യായീകരിക്കാനും മാർ പാംബ്ളാനി ശ്രമിക്കുന്നുണ്ട്.

അദ്ദേഹത്തിൻറെ ലേഖനം വായിച്ചാൽ അല്മേനികളും ചാനലുകാരുമാണ് സഭാധികാരികളെ ചെളിവാരിയെറിയുന്നതെന്ന് തോന്നിപ്പോകും. കള്ളക്കച്ചവടങ്ങളും പെണ്ണുപിടികളും ആർഭാടജീവിതവും ദൂർത്തും ഗുണ്ടാപരിപാടികളും സഭാധികാരികളുടെ ഇടയിൽ നടക്കുമ്പോൾ അവരല്ലേ ളോഹയൂരി ചാക്കുടുത്ത് വിശുദ്ധീകരണത്തിനായി പരിശ്രമിക്കേണ്ടത്? സഭയുടെ നന്മയെ ലക്ഷ്യംവെച്ച് പ്രവർത്തിച്ചവർ ലൂഥർമാർഗം സ്വീകരിച്ചെന്നും അതിൽ അദ്ദേഹം ദുഃഖിതനെന്നും ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. എങ്കിൽ അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുപറ്റം വൈദികരോട് നേരിട്ട് പറയണ്ട ഒരു കാര്യംതന്നെയാണത്.

മാർ പാംബ്ളാനിയുടെ അടുത്ത കംപ്ളെയ്ൻറ് സഭയ്ക്കുള്ളിൽ പറയേണ്ടവ പുറത്തു പറഞ്ഞു എന്നതാണ്. "സ്‌കോളാസ്റ്റിക് ചിന്തയുടെ നിരൂപണ" ത്തിലൂടെ അനഭിമതരായവരെ സകല തിന്മകളുടെയും മൂർത്തീഭാവമായി അവതരിപ്പിച്ചത് സ്ഥാനം തെറ്റിയ നന്മയാണെന്നും അത് പറുദീസായിലെ പ്രലോഭനംപോലെ ആയിപ്പോയിയെന്നും അദ്ദേഹം നിഗമനം ചെയ്യുന്നു.

ദൈവത്തെ തോൽപിക്കാൻ കഴിയാത്ത സാത്താൻ ദൈവത്തിന് പ്രിയപ്പെട്ട സഭയെ തോൽപിക്കാൻ ശ്രമിക്കുന്നെന്നാണ് അദ്ദേഹം പറയുന്നത്. സാത്താൻറെ ഇടപെടലിലൂടെ സാധാരണ വിവേകംപോലും സഭാധികാരികൾക്ക് നഷ്ട്ടപ്പെട്ടെത്രെ. തെമ്മാടിത്തരം കാണിച്ച മെത്രാന്മാർക്കും വൈദികർക്കുമെതിരെ പ്ലാക്കാർഡു പൊക്കിപ്പിടിച്ച ദൈവജനം അവിവേകികളും. മെത്രാന്മാരും അച്ചന്മാരും ക്ളീൻ. അല്മായർ തിന്മയുടെ ശക്തികൾ! കോർപറേറ്റു മാധ്യമങ്ങൾ സഭയുടെ ശത്രുക്കൾ!! എങ്ങനെയുണ്ട് മാർ പാംബ്ളാനിയുടെ അവലോകനം?

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മെത്രാൻ ആദാമിൻറെ വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്ന ഉപമയെ ആധാരമാക്കി ക്രിസ്തു സഭയ്ക്ക് ജന്മം നൽകി എന്ന് പറയുമ്പോൾ ഇവർ ഈലോകത്തിലാണോ ജീവിക്കുന്നതെന്ന് സംശയിച്ചുപോകും. ക്രിസ്തുവിനെ രണ്ടാം ആദമാക്കുന്ന ഗിമിക്കും ആഗസ്തീനോസിലൂടെ തെളിയിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നമ്മുടെ പിടിയരിയും പിരിവുമാണ് സഭയുടെ മൂലധനം എന്ന വാദത്തിൽ കഴമ്പില്ലെന്നും വിശുദ്ധ ജീവിതം നയിച്ച്‌ കൃപയിൽ വളർന്ന് സഭയ്ക്കുവേണ്ടി ത്യാഗം സഹിക്കണമെന്ന പുണ്യപ്രസംഗത്തിലൂടെയുള്ള ഉപദേശവും മുമ്പോട്ടുവെയ്ക്കാൻ മാർ പാംബ്ളാനി മറന്നിട്ടില്ല.

സഭയിലെ സമകാല കുഴപ്പത്തിന് അദ്ദേഹം കണ്ട പരിഹാര മാർഗങ്ങളാണ് ഇതിലേറെ രസകരം. സഭയെ അപ്പോസ്തലന്മാരുടെ അടിസ്ഥാനത്തിൽ ക്രിസ്തു സ്ഥാപിച്ചതാണ്; സഭയുടെ ഹയരാർക്കിയെ ക്രിസ്തു സ്ഥാപിച്ചതാണ്; മേജർ ആർച്ച് ബിഷപ്പിനെയും മെത്രാപ്പോലീത്തമാരെയും സഹായമെത്രാന്മാരെയും ക്രിസ്തുവാണ് നിയമിച്ചത്; ചാനൽ സംസാരക്കാർ സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുകയാണ് ചെയ്തത്; സഭയുടെ പ്രശ്‍നം സഭയ്ക്കുള്ളിലാണ് പരിഹരിക്കേണ്ടത്. നിങ്ങൾക്കുള്ളിലെ പ്രശ്‍നം തീർക്കാൻ കഴിവുള്ള ഒരാൾപോലും നിങ്ങളുടെ ഇടയിലില്ലേ എന്ന ശ്ലീഹായുടെ ചോദ്യം ശരി. പക്ഷെ അത് അക്കാലം. ഇത്‌ ഇക്കാലം. അന്നത്തെ ശ്ലീഹന്മാർ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. സീസറിനുള്ളത് സീസറിന് കൊടുക്കാനാണ് യേശു അവരെ പഠിപ്പിച്ചത്. ഇവിടെ നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്പഷ്ടമായപ്പോൾ കോടതി വ്യവഹാരം വേണ്ടെ? നീതിപീഠങ്ങളെ സഭയ്ക്കുവേണ്ടി ദുരുപയോഗം ചെയ്‌തെന്നാണ് ഈ മെത്രാൻറെ കണ്ടുപിടുത്തം. കോടതി വ്യവഹാരം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സഭയെ സ്നേഹിക്കുന്നവരെ മേശയ്ക്കുചുറ്റുമിരുത്തി സഭാനേതൃത്വത്തിൻറെ നിർദേശങ്ങൾക്ക് റാം മൂളണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ ഭൂമി കുംഭകോണത്തിൻറെ പേരിൽ സഭയ്ക്കുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്ന വിശ്വാസികളില്ലെന്നും ഈ മെത്രാന് അറിയില്ല.

തെരുവിലിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക കൂട്ടായ്‌മയുടെ ഔന്നത്യത്തെ ഒരു മെത്രാൻ പ്രകീർത്തിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഇദ്ദേഹവും മേജർസ്ഥാനം കാംഷിക്കുന്നുണ്ടോയെന്ന് സംശയിക്കണം. സഭയിലെ ഈ കുഴപ്പങ്ങളെല്ലാം ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ വഴിമരുന്നിടുമെന്നും അത് എലിയെ കൊല്ലാൻ ഇല്ലം ചുടണമെന്ന് വാദിക്കുന്നതുപോലെയാണെന്നും സർവസ്വത്തും സർക്കാരിന് അടിയറവ് വയ്ക്കുകയാണെന്നും പാതിരിബുദ്ധിയോടെ അദ്ദേഹം വിലയിരുത്തുന്നു. സഭാസ്വത്ത് സർക്കാരിന് അടിയറ വ് വയ്ക്കുകയല്ലാ ചർച്ച് ആക്റ്റ് വഴി നടപ്പിലാക്കുന്നത്. മറിച്ച്, സഭയുടെ സ്വത്തുക്കൾ അല്മായ പങ്കാളിത്തത്തോടെ സുതാര്യമായി ഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ രണ്ടായിരം വർഷത്തെ പഴക്കമുള്ള ഇടവക വികാരി അധ്യക്ഷനായുള്ള പള്ളിയോഗങ്ങൾവഴിയുള്ള പള്ളിഭരണത്തെ മെത്രാന്മാർ അടുത്തകാലത്ത് അട്ടിമറിച്ചു. നമ്മുടെ പരമ്പരാഗത പള്ളിഭരണ സമ്പ്രദായത്തെ പുനരുദ്ധരിക്കുകയാണ് ചർച്ച് ആക്റ്റ് വഴി നേടിയെടുക്കാൻ സഭാവിശ്വാസികൾ പരിശ്രമിക്കുന്നത്. ഇക്കാര്യം ഈ മെത്രാന് അറിവുള്ളതാണ്. പള്ളിയുടെ സാമ്പത്തിക കൈകാര്യകതൃത്വം പൊതുയോഗത്തിന് വിട്ടുകൊടുക്കാൻ വൈദിക മേധാവിത്വം ഒരുകാലത്തും സമ്മതിക്കില്ല. ചർച്ച് ആക്റ്റ് നടപ്പിലായാൽ സഭയുടെ സർവസ്വത്തും സർക്കാറിന് അടിയറവ് വയ്ക്കുകയാണെന്ന് പച്ചക്കള്ളം എഴുതാൻ ഈ മെത്രാനെ പ്രേരിപ്പിച്ചതും ഇതുതന്നെ. ഈ കള്ളം പരത്താൻ പള്ളിപ്രസംഗങ്ങൾ ഉപയോഗിക്കുന്നത് ഖേദകരം തന്നെ. മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ ആത്‌മീയകാര്യങ്ങളിൽ വ്യാവൃത്തരാകട്ടെ. സാമ്പത്തിക കാര്യങ്ങൾ അവരുടെ മേല്നോട്ടത്തോടെ അല്മായർ കൈകാര്യം ചെയ്യട്ടെ. ചർച്ച് ആക്റ്റ് നടപ്പിലായാൽ സഭയിൽ ഇന്നുനടക്കുന്ന അഴിമതികൾക്കും അനവധി മറ്റ് പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നുള്ളതിന് സംശയമില്ല. വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

രാജ്യനിയമവുമായി ഒത്തുപോകുന്ന കാനോൻനിയമത്തെ അപഹസിക്കരുതെന്നും അദ്ദേഹം പറയുന്നു. സഭാതലവൻറെ ശ്രദ്ധക്കുറവും സാങ്കേതിക വീഴ്ചകളുമാണ് ഇതിനെല്ലാം കാരണമെന്നും നമുക്ക് ഒരുമനസോടെ പ്രാർത്ഥിക്കാമെന്നുമുള്ള ഉപദേശത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.

4 comments:

  1. This bishop speaks half truth and lies to glorify the actions of the indecent Archbishop and other Bishops. He knows that truth is precious and he uses it sparingly. He is clever to manage most of the arguments with lies and saves the truth for his benefit. Ouseparampil

    ReplyDelete
  2. A. C. George
    Most fitting reply. These arrogant Bishops and priests do not understand. They always justify their stand and blame the laity and the media.

    It is great and your time and effort is greatly appreciated.

    ReplyDelete
  3. Sojan Pulickal
    Very well put. Hope this article will be there in the Social Media. Thank you.

    ReplyDelete
  4. സഭയിൽ പരിശുദ്ധാത്മാവ് വാഴുന്നു...

    ശ്രീ. സി. രവിചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ, 'ഒരു വ്യാഖ്യാന- ഫാക്ടറി ബിരുദമാണ് ഈ തെയോളോജിക്കൽ ഡോക്ടറേറ്റ്'. ഒരുവശത്ത്, ദൈവത്തെ മനുഷ്യബുദ്ധിയാൽ ഗ്രഹിക്കാനാവില്ലെന്നു പഠിപ്പിക്കുകയും, മറുവശത്ത്, അതേ ദൈവത്തെക്കുറിച്ചുള്ള മാനുഷികവെളിപാടുകൾ 'ശാസ്ത്രീയമായി' അവതരിപ്പിക്കുകയും ചെയ്താൽ, അവ പരസ്പരം ഖണ്ഡിക്കുന്ന പ്രസ്താവനയും പ്രവർത്തിയുമാണ്. സാമാന്യബുദ്ധിക്ക് നമ്മളെന്താണ് മനസ്സിലാക്കേണ്ടത്; ദൈവത്തെക്കുറിച്ച് യുക്തിപരമായി യാതൊന്നും ദൈവശാസ്ത്രത്തിൽ ഇല്ല എന്നല്ലേ? മനുഷ്യന്റെ അനുദിന ജീവിതവുമായി, ദൈവശാസ്ത്രം യാതൊരു ബന്ധവും പുലർത്താത്തത് ഈയൊരു വൈരുധ്യം കൊണ്ടാണ്. ഇത്തരം വികടചിന്തകൾ കൊണ്ട് ഗുണമുണ്ടാകുന്നത്, അത് പടച്ചുവിടുന്നവർക്ക് മാത്രമാണ്. ഈ വിഡ്ഢിത്തങ്ങൾ ചോദ്യം ചെയ്യപ്പെടാത്തിടത്തോളം അവർക്ക് പരമസുഖമാണ്. അപ്പോൾ അവർ പറയും സഭയിൽ പരിശുദ്ധാത്മാവ് വാഴുന്നു...

    ReplyDelete