Translate

Thursday, March 8, 2018

കാനോന്‍നിയമവും സിവില്‍നിയമവും


ജോസഫ് പുലിക്കുന്നേല്‍ (ഓശാന,  ഒക്‌ടോബര്‍ 1996)

യൂറോപ്പില്‍, മധ്യകാലഘട്ടങ്ങളില്‍, സഭാധികാരത്തിനു കീഴ്‌പ്പെട്ടതാണ് രാജാധികാരം എന്ന തികച്ചും അക്രൈസ്തവമായ ഒരു നൈയാമികധാരണ വളര്‍ത്തിയെടുക്കപ്പെട്ടു. പോപ്പ് ബോനിഫസ് തന്റെ Unam Sanctum എന്ന ബൂളായിലൂടെ ഇങ്ങനെ പ്രഖ്യാപിച്ചു: ''പത്രോസിന് ഭൗതികാധികാരത്തിന്റെ വാള്‍ ഇല്ല എന്നു വാദിക്കുന്നവര്‍ നമ്മുടെ കര്‍ത്താവിന്റെ 'പത്രോസേ നിന്റെ വാള്‍ ഉറയിലിടുക' എന്ന വാക്കുകള്‍ ദുര്‍ വ്യാഖ്യാനിക്കുകയാണ്. ആദ്ധ്യാത്മികവും ഭൗതികവുമായ രണ്ടു വാളുകളും സഭാധികാരത്തിന്റെ അധീനതയിലാണ്. ആദ്ധ്യാത്മികവാള്‍ സഭ പ്രയോഗിക്കുന്നു. ഭൗതികവാള്‍ സഭയ്ക്കുവേണ്ടി പ്രയോഗിക്കുന്നു. ആദ്യത്തേത് പുരോഹിതരും രണ്ടാമത്തേത് പുരോഹിതരുടെ അനുവാദത്തോടെ രാജാക്കന്മാരും പ്രഭുക്കന്മാരും പ്രയോഗിക്കുന്നു. ഒരു വാള്‍ മറ്റേ വാളിന്റെ അധീനത യിലാണ്. ഭൗതികവാള്‍ ആദ്ധ്യാത്മികവാളിന് വഴങ്ങേണ്ടിയിരിക്കുന്നു. ഭൗതികാധികാരം പൊതുവേ ആദ്ധ്യാത്മികാധികാരത്തിനുകീഴിലാണ്.''
ഇദ്ദേഹത്തിന്റെ മറ്റൊരു കുപ്രസിദ്ധ പ്രഖ്യാപനം ഇതായിരുന്നു: ''ഓരോ വ്യക്തിയും അവന്റെ ആത്മരക്ഷയ്ക്കായി റോമാ മാര്‍പ്പാപ്പായ്ക്ക് കീഴ്‌വഴങ്ങേണ്ടത് പൂര്‍ണ്ണമായും ആവശ്യമാണെന്ന് നാം നിര്‍വചിക്കുകയും പ്രഖ്യാപിക്കു കയും ചെയ്യുന്നു.''
അക്കാലഘട്ടത്തില്‍ യൂറോപ്പിലാകെയുള്ള സഭാസമ്പത്തിന്റെ ഭരണാവകാശം, ആദ്ധ്യാത്മികതയുടെ പേരില്‍, റോമിലെ മാര്‍പ്പാപ്പാമാര്‍ കയ്യടക്കി. മാര്‍പ്പാപ്പാമാരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ മെത്രാന്മാര്‍ രൂപതയിലും ഇടവകയിലുമുള്ള സമ്പത്ത് ഭരിച്ചുപോന്നു. മാര്‍പ്പാപ്പായുടെ കല്പനകളാണ്, സഭയുടെ ആദ്ധ്യാത്മികവും സാമ്പത്തികവുമായ ഭരണത്തിന് ആധാരമെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കപ്പെട്ടു. വിചിത്രമായ ഈ അധികാരസങ്കല്പം വളരെയധികം കള്ളരേഖകളിലൂടെയാണ് സ്ഥാപിച്ചെടുത്തത് എന്നത് അത്ഭുതകരമായിത്തോന്നാം.
കള്ളരേഖകള്‍
മാര്‍പ്പാപ്പായുടെ സാമ്രാജ്യവാദത്തെ നൈയാമികമായി ഉറപ്പിക്കുന്നതിനു കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു വ്യാജരേഖയാണ് 'കോണ്‍സ്റ്റന്റയിന്റെ ദാനം'. സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പ്പാപ്പായ്ക്ക് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി അന്ത്യോക്യാ, അലക്‌സാണ്ട്രിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ജെറുശലേം എന്നീ നാലു റോമന്‍ പ്രവിശ്യകളില്‍ അധികാരം ദാനം ചെയ്തു എന്നുള്ളതായിരുന്നു ഈ കള്ളരേഖ (തിരുസ്സഭാചരിത്രം, ഡോ. കൂടപ്പുഴ, 1994, പേജ് 498). മറ്റൊരു കള്ളരേഖ 'ഇസിഡോറിയന്‍ വ്യാജരേഖകള്‍' (847887) എന്നറിയപ്പെടുന്നു. ആധികാരികമായി മാര്‍പ്പാപ്പായുടെയും മെത്രാന്മാരുടെയും അധികാരത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ രേഖകള്‍. 1918-ല്‍ രൂപംകൊടുത്ത സഭയുടെ സാര്‍വ്വത്രിക കാനോന്‍ നിയമത്തിന് ആധാരമായ ഗ്രേഷ്യന്റെ 'ദെക്രേത്തു'(11-ാം നൂറ്റാണ്ട്) കളില്‍ ആധികാരികരേഖകളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള 324 രേഖകളില്‍ 313 എണ്ണവും കള്ളരേഖകളാണെന്നു പിന്നീടു തെളിയിക്കപ്പെട്ടിട്ടുണ്ട്. മാര്‍പ്പാപ്പായുടെ ഭൗതികാധികാരത്തിന് ആധാരമായ കാനോന്‍നിയമം അങ്ങനെ കള്ളരേഖകള്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ചതാണ്.
യേശുവിന്റെ ദര്‍ശനം
ദൈവപുത്രനായയേശു ഒരു ഭൗതികസാമ്രാജ്യം സ്ഥാപിക്കുന്നതിനല്ല പശുത്തൊഴുത്തില്‍ ജനിച്ച് കുരിശില്‍ മരിച്ചത്. 'എന്റെ രാജ്യം ഐഹികമല്ല' (യോഹ. 18: 36) എന്നു റോമന്‍ രാജാധികാരത്തിന്റെ പ്രതീകമായ പീലാത്തോസിനോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ യേശു പ്രഖ്യാപിച്ചു. മാത്രമല്ല, ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസനായിരിക്കണമെന്നും റോമന്‍ സാമ്രാജ്യമുറയനുസരിച്ചുള്ള അധികാരഭരണം നിങ്ങളുടെ ഇടയിലുണ്ടാവരുതെന്നും അവിടുന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കല്പിക്കുകയുണ്ടായി. എന്നാല്‍, അവിടുത്തെ മരണത്തിനുശേഷം, അവിടുത്തെ പേരില്‍, പുരോഹിതാധികാരം ഭൂഖണ്ഡങ്ങളെ ബന്ധിക്കുന്ന ഒരു സാമ്പത്തിക അധികാരസാമ്രാജ്യം വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചുവെന്നതും, 20-ാം നൂറ്റാണ്ടിലും അതു തുടര്‍ന്നുപോകുന്നു എന്നുള്ളതും സാത്താന്റെ ഒരു വലിയ 'അത്ഭുത'മാണ്. യേശുവിനെ ഒരു മലയുടെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തുകൊണ്ട് സാത്താന്‍ പറഞ്ഞു: ''നീ സാഷ്ടാംഗം വീണ് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്കുതരും.'' യേശു സാത്താന്റെ ഈ വാഗ്ദാനത്തെ നിരാകരിച്ചുകൊണ്ട് പറഞ്ഞു: ''നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവനെ മാത്രമേ സേവിക്കാവൂ'എന്നു വിശുദ്ധലിഖിതത്തിലുണ്ടല്ലോ''(മത്താ. 4:10). ക്രിസ്തു ഭൗതികാധികാരം നിരാകരിച്ചുവെങ്കില്‍ സാത്താന്റെ പ്രലോഭനത്തില്‍പ്പെട്ട സഭാധികാരം ഇന്ന് സാത്താന് സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് രാജ്യങ്ങളെയും അവയുടെ പ്രതാപത്തെയും സ്വീകരിച്ചിരിക്കുന്നു.
മനുസ്മൃതി
ഹൈന്ദവസമൂഹത്തിന്റെ വ്യക്തിനിയമമായി ഒരുകാലത്ത് അംഗീകരിക്കപ്പെട്ടിരുന്നത് മനുസ്മൃതി എന്ന നിയമസംഹിതയായിരുന്നു. മനുഷ്യസമൂഹം അവികസിതമായ ഒരു കാലത്തെ പുരോഹിതപ്രോക്തമായ മനുസ്മൃതിക്ക് ഒരുപക്ഷേ അന്ന് സാധുതയുണ്ടായിരുന്നിരിക്കും. ചാതുര്‍ വര്‍ണ്യത്തില്‍ അധിഷ്ഠിതമായതും ബ്രാഹ്മണാധികാരകേന്ദ്രീകൃതവുമായ മനുസ്മൃതിയും ഇതരഗ്രന്ഥങ്ങളും ഹൈന്ദവസമൂഹത്തിന്റെ വ്യക്തിനിയമമായി ആധുനികനീതിപീഠം അംഗീകരിച്ചിട്ടില്ല. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവസഭയിലെ ബ്രാഹ്മണര്‍ (മെത്രാന്മാര്‍) അവരുടെ വികലമായ അധികാരം ക്രൈസ്തവസമൂഹത്തിന്റെമേല്‍ അടിച്ചേല്പിക്കുന്നതിന് ഏകപക്ഷീയമായി ഉണ്ടാക്കിയ കാനോന്‍നിയമങ്ങളെ ഇന്ത്യന്‍കോടതികള്‍ ഇന്നും അംഗീകരിക്കുന്നു. ഇത് ഭാരതഭരണഘടനയെ വിവേചനാപരമായി വ്യാഖ്യാനിക്കുന്നു എന്നതിന്റെ ഒരുദാഹരണമാണ്. ഭാരതഭരണഘടന ഒരു ഇന്ത്യന്‍ പൗരനു നല്‍കിയിരിക്കുന്ന സിവില്‍സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുംവിധം ഗവണ്മെന്റും കോടതികളും കാനോന്‍നിയമത്തെ കത്തോലിക്കാസമൂഹത്തിന്റെ നിയമമായി അംഗീകരിക്കുന്നത് ഒരു വിരോധാഭാസമാണ്.
മാര്‍പ്പാപ്പാ
റോമിലെ മാര്‍പ്പാപ്പാ ആഗോളകത്തോലിക്കാസഭയുടെ ആദ്ധ്യാത്മികതലവനാണ്. ഇസ്ലാമിലെ ഇസ്ലാമിയാ വിഭാഗത്തിന്റെ തലവന്‍ ആഗാഖാനാണ്. ലോകത്തെമ്പാടുമുള്ള ഇസ്ലാമിയാ വിഭാഗത്തിന്റെ ആരാധനാകേന്ദ്രങ്ങളുടെ ഉടമസ്ഥാവകാശം, അദ്ദേഹംതന്നെ സൃഷ്ടിക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തമാക്കാനാകുമോ? കത്തോലിക്കാസഭയുടെ ആദ്ധ്യാത്മികതലവനെന്ന നിലയില്‍ വിശ്വാസസത്യങ്ങളെയും ധാര്‍മ്മികതയെയുംകുറിച്ചു പഠിപ്പിക്കാന്‍ മാര്‍പ്പാപ്പായ്ക്ക് അധികാരമുണ്ട്. എന്നാല്‍ വത്തിക്കാനിലെ രാഷ്ട്രത്തലവന്‍കൂടിയായ മാര്‍പ്പാപ്പായുടെ പേരില്‍ സ്വതന്ത്രഭാരതത്തിലെ ആരാധനാകേന്ദ്രങ്ങളുടെമേല്‍ വത്തിക്കാന് നൈയാമിക അധികാരമുണ്ട് എന്നു സ്ഥാപിക്കുന്ന നിയമങ്ങളുണ്ടാക്കാന്‍ റോമിന് അധികാരമുണ്ടോ? ഭാരതത്തിലെ പൗരന്മാരായ കത്തോലിക്കരുടെ സിവില്‍ അവകാശത്തെയും പാരമ്പര്യത്തെയും ധ്വംസിക്കുന്ന നിയമമുണ്ടാക്കാന്‍ റോമിലെ കൂരിയാകള്‍ക്ക് അധികാരമുണ്ടോ? ഇന്ത്യന്‍ ഭരണകൂടവും ഇന്ത്യയിലെ കോടതികളും ഇതംഗീകരിച്ചുകൊടുക്കണമോ? ഈ ചോദ്യം ഇന്ന് വളരെ പ്രസക്തമായിരിക്കുന്നു.
കാനോന്‍നിയമവും ഭാരതനസ്രാണികളും
മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ ഒരു അതിപുരാതനസഭയാണ് കേരളത്തിലെ നസ്രാണിസഭ. റോമിലെ മാര്‍പ്പാപ്പായുമായി ഈ സഭാസമൂഹത്തിന് 16-ാം നൂറ്റാണ്ടുവരെ അധികാരപരമോ ആദ്ധ്യാത്മികമോ ആയ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഭാരതസംസ്‌കാരത്തിലും രാജ്യത്തിന്റെ പാരമ്പര്യാധിഷ്ഠിതമായ ജീവിതവ്യവസ്ഥയിലും ഈ ജനത 16 നൂറ്റാണ്ടുകാലം ജീവിച്ചു. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷമാണ് ഈ സമൂഹം റോമന്‍ കത്തോലിക്കാസഭയുമായി ബന്ധപ്പെടുന്നത്. 1455 ജനുവരി 18-ാംതീയതി പോപ്പ് നിക്കോളാസ് അഞ്ചാമന്‍ പുതിയതായി കണ്ടിപിടിക്കപ്പെടുന്ന ഭൂപ്രദേശങ്ങളെല്ലാം പോര്‍ട്ടുഗീസുരാജാവിന്റെ ഉടമസ്ഥതയില്‍പ്പെട്ടതായിരിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1500-ാമാണ്ട് മാര്‍ച്ചുമാസം 26-ാം തീയതി കുപ്രസിദ്ധനായ പോപ്പ് അലക്‌സാണ്ടര്‍ അഞ്ചാമന്‍ ഗുഡ്‌ഹോപ്പു മുനമ്പു മുതല്‍ ഇന്ത്യവരെയുള്ള പ്രദേശങ്ങളിലെ ക്രൈസ്തവരെ ഭരിക്കുന്നതിനായി ഒരു അപ്പോസ്തലിക് കമ്മീഷനെ നിയമിക്കുന്നതിനുള്ള അധികാരം പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവല്‍ ഒന്നാമനു കൊടുത്തു. ('ജീൃൗേഴൗലലെ ജമറൃൗമറീ ശി കിറശമ', ശി 'ഇവൃശേെശമിശ്യേ ശി കിറശമ' യ്യ ണശരസ്യ, ജൃമസമവെമാ ജൗയഹശരമശേീി, അഹഹലുു്യ, ജമഴല: 49). 1514 ജൂലൈ 7-ാം തീയതി ലിയോ പത്താമന്‍ മാര്‍പ്പാപ്പാ, ഇന്ത്യാരാജ്യത്തിലും പുറത്തുമുള്ള എല്ലാ ക്രൈസ്തവ ആരാധനാസ്ഥലങ്ങളും മേലില്‍ സ്ഥാപിക്കുന്ന ആരാധനാകേന്ദ്രങ്ങളും എല്ലാ പള്ളികളും സഭാധികാരസ്ഥാനങ്ങളും പോര്‍ട്ടുഗലിലെ രാജാവിന്റെ അധികാരത്തിന്‍കീഴിലാക്കി.
അങ്ങനെ മാര്‍പ്പാപ്പായില്‍നിന്നും പോര്‍ട്ടുഗീസുകാര്‍ക്ക് ഇന്ത്യന്‍ ക്രൈസ്തവരുടെ പള്ളികളുടെമേല്‍ ലഭിച്ച അധികാരത്തിട്ടൂരവുമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഈ വസ്തുതകളൊന്നും പാവപ്പെട്ട ഭാരതനസ്രാണികള്‍ക്ക് അറിയുമായിരുന്നില്ല.
പോര്‍ട്ടുഗീസ്‌മെത്രാനായ മെനസിസ് 1599-ല്‍ ഉദയംപേരൂരില്‍ പള്ളി പ്രതിപുരുഷന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. ഓരോ ഇടവകയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു പ്രതിനിധികളും (ആകെ 640 അല്മായര്‍) 110 വൈദികപ്രമുഖരുമായിരുന്നു യോഗത്തില്‍ സംബന്ധിച്ചത്. ഭാരതനസ്രാണികളുടെ അതിപുരാതനമായ പാരമ്പര്യമനുസരിച്ചുള്ള പള്ളിപ്രതിപുരുഷയോഗമായിരുന്നു അത്. അന്നുവരെ നസ്രാണിസമുദായം ബാബിലോണിലെ പാത്രിയര്‍ക്കീസില്‍നിന്നും ആദ്ധ്യാത്മികശുശ്രൂഷകള്‍ സ്വീകരിച്ചുവന്നു. ആ ബാബിലോണിയന്‍ പാത്രിയര്‍ക്കീസ് പാഷണ്ഡിയാണെന്നും യഥാര്‍ത്ഥ സഭാതലവന്‍ റോമിലെ പാത്രീയര്‍ക്കീസാണെന്നും മെനസിസ് അവരോടു പ്രഖ്യാപിക്കുകയും ആ സൂനഹദോസില്‍വെച്ച് മാര്‍പ്പാപ്പായെ സഭയുടെ ആദ്ധ്യാത്മികതലവനായി പള്ളിപ്രതിപുരുഷയോഗം അംഗീകരിക്കുകയും ചെയ്തു.
ഉദയംപേരൂര്‍ ''സൂനഹദോസ്'' മൂന്ന് അതിപ്രധാന കാര്യങ്ങള്‍ എടുത്തുകാട്ടുന്നു:
(1) പാശ്ചാത്യസഭാസമ്പ്രദായമനുസരിച്ചുള്ള ഒരു സൂനഹദോസ് ആയിരുന്നില്ല അത്. പാശ്ചാത്യസഭാസൂനഹദോസുകളില്‍ മെത്രാന്മാര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അന്നും ഇന്നും അധികാരമുള്ളൂ. മെനസിസ് മെത്രാന്‍ പാശ്ചാത്യസഭയുടെ പാരമ്പര്യമല്ല; മറിച്ച് നസ്രാണികളുടെ പാരമ്പര്യമാണ് അംഗീകരിച്ചത്.
(2) മാര്‍പ്പാപ്പായെ സഭാതലവനായി അംഗീകരിച്ചത് പള്ളിപുരുഷയോഗ മാണ്. സഭയുടെ അസ്തിത്വത്തിനാധാരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം പള്ളിപ്രതിപുരുഷയോഗത്തിനാണെന്ന് മെനസിസ് മെത്രാന്‍ സമ്മതിച്ചു. ഈ അതിപുരാതനമായ പാരമ്പര്യത്തെ പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ അടിവരയിട്ട് ഇങ്ങനെ പ്രഖ്യാപിക്കുന്നു: ''സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഒന്നോ രണ്ടോ പള്ളിക്കാര്‍ മാത്രമായിട്ടു തീരുമാനിക്കാ റില്ല. ഒരു സംഭവമുണ്ടായാല്‍ എന്താണ് നിവൃത്തിമാര്‍ഗ്ഗമെന്ന് ശേഷമുള്ള പള്ളിക്കാരെയും വിളിച്ചുകൂട്ടി ആലോചിക്കുകയായിരുന്നു പണ്ടുമുതലുള്ള പതിവ്''(വര്‍ത്തമാനപ്പുസ്തകം, പേജ് 45). ഈ പതിവ് അനുസരിച്ചുള്ള നസ്രാണികളുടെ പ്രത്യേകമായ ഭരണരീതിയെയാണ് മെനസിസ് അംഗീകരിച്ചത്.
(3) ഉദയംപേരൂര്‍ സൂനഹദോസില്‍വെച്ച് നസ്രാണികള്‍ ബാബിലോണിയന്‍ പാത്രിയര്‍ക്കീസിനു പകരമായി മാര്‍പ്പാപ്പായെ സഭാതലവനായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. അന്നു നിലവിലുണ്ടായിരുന്ന ആദ്ധ്യാത്മികശുശ്രൂഷാക്രമമനുസരിച്ച് പാത്രിയര്‍ക്കീസിനു ലഭ്യമായിരുന്ന അവകാശങ്ങള്‍ മാത്രമാണ് റോമിലെ മാര്‍പ്പാപ്പായ്ക്ക് സൂനഹദോസിന്റെ തീരുമാനത്തിലൂടെ ലഭിച്ചത്. പാശ്ചാത്യസഭയില്‍ മാര്‍പ്പാപ്പായ്ക്കുണ്ടായിരുന്ന ഭൗതികാധികാരം ഭാരതനസ്രാണികള്‍ അംഗീകരിച്ചില്ല, ഭൗതികാധികാരം മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാക്കുന്ന പാശ്ചാത്യഭരണനിയമവും സൂനഹദോസ് അംഗീകരിച്ചില്ല. അതുകൊണ്ടാണ് റോസ് മെത്രാന്‍ 1609-ല്‍ പ്രസിദ്ധീകരിച്ച നിയമാവലി അംഗീകരിക്കാന്‍ സമുദായം തയ്യാറാകാതിരുന്നതും കൂനന്‍കുരിശുസത്യത്തിലേക്കു സമുദായംനീങ്ങിയതും.
ഉദയംപേരൂര്‍ സൂനഹദോസില്‍വെച്ച് മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാധികാരം മാത്രമാണു നസ്രാണികള്‍ അംഗീകരിച്ചത്. ഉദയംപേരൂര്‍ സൂനഹദോസ് വ്യക്തമാക്കുന്ന പരമമായ ഒരു സത്യമുണ്ട്. നസ്രാണികളുടെ സൂനഹദോസും നിയമനിര്‍മ്മാണസമിതിയും പള്ളിപ്രതിപുരുഷയോഗമാണ് എന്നതാണത്. കൂനന്‍കുരിശു സത്യത്തിനുശേഷം നസ്രാണിസഭയിലെ ഇന്നത്തെ കത്തോലിക്കാവിഭാഗം വീണ്ടും മാര്‍പ്പാപ്പായെ സഭാതലവനായി അംഗീകരിച്ചത്,സഭയുടെ ഈ നൈയാമികമായ നിലപാടിനെ സെബസ്റ്റീനി മെത്രാന്‍ അംഗീകരിക്കുകയും കടുത്തുരുത്തിയില്‍ വെച്ച് (1665) തങ്ങളുടെ മെത്രാനെ തെരഞ്ഞെടുക്കാനുള്ള അവകാശം പള്ളിപ്രതിപുരുഷയോഗത്തിന് അനുവദിച്ചു കൊടുക്കുകയും ചെയ്തതുകൊണ്ടാണ്. അന്നു മുതല്‍ 1896-വരെ ഈ പൂര്‍വ്വകാല പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിനും സ്വയംഭരണത്തിനും വേണ്ടിയാണ് നസ്രാണികള്‍ സഭയ്ക്കുള്ളില്‍ പോരാടിയിരുന്നത്.
മതകൊളോണിയലിസം
ഒരു മതം അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ ചില രൂപാന്തരങ്ങള്‍ സ്വയംസംരക്ഷണത്തിനായി സ്വീകരിക്കുന്നു:
(1) മതശുശ്രൂഷകരായ പുരോഹിതര്‍ മതാധികാരികളായിത്തീരുന്നു. ശ്രീബുദ്ധന്റെ കാലത്ത് ഇന്ത്യയിലും, യേശുവിന്റെ കാലത്ത് ഇസ്രായേലിലും പുരോഹിതര്‍ അതത് മതസമൂഹങ്ങളില്‍ അധികാരപരിവേഷിതരായിരുന്നു. ബുദ്ധനും യേശുവും ഈ അധികാരപരിവേഷിതമായ പൗരോഹിത്യത്തോടാണ് ഏറ്റുമുട്ടിയത്.
(2) തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിന് പുരോഹിതര്‍ സമൂഹത്തില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഈ നിയമങ്ങളെ അതതു മതവിശ്വാസികളുടെമേല്‍ ആദ്ധ്യാത്മികതയുടെപേരില്‍ കെട്ടിവെയ്ക്കുകയുംചെയ്യുന്നു. ക്രിസ്തു ഈ ദുഷിച്ച വ്യവസ്ഥയിലേക്കു കൈചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ''അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു; അവ മനുഷ്യരുടെ ചുമലില്‍ വെയ്ക്കുന്നു. എന്നാല്‍, തങ്ങളുടെ വിരല്‍കൊണ്ടുപോലും സഹായിക്കുവാന്‍ അവര്‍ ഒരുക്കമല്ല....'' (മത്താ. 23:3-4). ''അവര്‍ ചെയ്യുന്നത് പ്രമാണമാക്കരുത്'' എന്നു യേശു കല്പിച്ചത് നിയമങ്ങള്‍കൊണ്ട് പുരോഹിതര്‍ മതബോധമുള്ള ജനതയെ അടിമകളാക്കുന്നു എന്നു കണ്ടിട്ടായിരുന്നു.
പൗലോസ് ഇങ്ങനെ പ്രഖ്യാപിക്കുന്നു:''നിയമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവരെല്ലാം ശാപഗ്രസ്തരാണ് ... നിയമം ആരെയും ദൈവസന്നിധിയില്‍ നീതീകരിക്കുന്നില്ല എന്നു സ്പഷ്ടമാണ്'' (ഗലാ. 3:10).
'അഹം ബ്രഹ്മാസ്മി'എന്നും 'തത്ത്വമസി' എന്നുമുള്ള സനാതനപാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ഹിന്ദുജനതയുടെമേല്‍ മനുസ്മൃതി അടിച്ചേല്പിച്ചതുപോലെ, ക്രൈസ്തവസഭയില്‍ പുരോഹിതാധികാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനാരംഭിച്ചത് കോണ്‍സ്റ്റന്റയിന്റെ കാലത്തോടുകൂടിയാണ്. ഭരണാധികാരിയായ ക്ഷത്രിയനും, മതാധികാരിയായ ബ്രാഹ്മണനും കൈ കോര്‍ത്തുപിടിച്ച് ജനങ്ങളെ മതത്തിന്റെപേരില്‍ തങ്ങളുടെ അടിമകളാക്കിയതുപോലെ കോണ്‍സ്റ്റന്റയിനിലൂടെയും കാറള്‍മാന്‍ ചക്രവര്‍ത്തി (9-ാം നൂറ്റാണ്ട്) യിലൂടെയും പുരോഹിതാധികാരികള്‍ പാശ്ചാത്യദേശത്തെ ക്രൈസ്തവവിശ്വാസികളുടെമേല്‍ നൈയാമികമായ അടിമത്തം അടിച്ചേല്‍പിച്ചു. ഈ അടിമത്തം നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനു മായിരുന്നു പുരോഹിതാധികാരത്തിന്റെ എല്ലാക്കാലത്തെയും പരിശ്രമം. ഈ ലക്ഷ്യത്തോടെ പാശ്ചാത്യസഭയുടെ മതകൊളോണിയലിസം സ്ഥാപിക്കുവാന്‍ ഒരു സ്വതന്ത്രവിശ്വാസകൂട്ടായ്മയായിരുന്ന നസ്രാണികളുടെമേല്‍ അവരുടെ നിയമങ്ങള്‍ കെട്ടിവെയ്ക്കാനാരംഭിച്ചു. ഈ പാശ്ചാത്യസഭാ മതകൊളോണിയലിസത്തിന്റെ ആദ്യവക്താക്കള്‍ പോര്‍ട്ടുഗീസുകാരായിരുന്നു. പിന്നീട് അതിന്റെ ഭാവഹാവങ്ങള്‍ റോമാതന്നെ മറനീക്കി പ്രദര്‍ശിപ്പിക്കാന്‍തുടങ്ങി.
സുദീര്‍ഘമായ സമരചരിത്രം
മനുഷ്യസമൂഹങ്ങളുടെ വികാസപരിണാമങ്ങളില്‍ നിര്‍ദ്ദോഷമായ ചില സംഭവങ്ങള്‍ ബാഹ്യ അധികാരസംക്രമണത്തിന് നിമിത്തമായിത്തീരാറുണ്ട്. എല്ലാ കൊളോണിയല്‍ ആധിപത്യശക്തികളും, നിസ്സഹായരും നേര്‍ബുദ്ധിക്കാരുമായ ജനതകളുടെമേല്‍, നിരുപദ്രവങ്ങളെന്നു പ്രഥമദൃഷ്ട്യാ തോന്നുന്ന ചാലുകളിലൂടെ, അധികാരസംക്രമണം നടത്തുന്നു. കച്ചവടത്തിനായി ഇവിടെയെത്തിയ ബ്രിട്ടീഷുകാരുടെ പ്രാഥമികതാത്പര്യം വെറും കച്ചവടം മാത്രമാണെന്നു തോന്നാം. എന്നാല്‍, കച്ചവടതാത്പര്യങ്ങളുടെ സംരക്ഷണം അധികാരതാത്പര്യങ്ങളുടെ സംരക്ഷണമായും അതു പിന്നീട് ആധിപത്യസ്ഥാപനമായും മാറി. വിദേശമിഷണറിമാര്‍ ഇവിടെയെത്തുമ്പോള്‍ അവരുടെ പ്രചോദനനിദാനം ഒറ്റനോട്ടത്തില്‍ സുവിശേഷപ്രചാരണം മാത്രമായിരുന്നു. ഈ സുവിശേഷപ്രഘോഷണം അധികാരസംരക്ഷണത്തിനും പിന്നീട് അധികാര വികസനത്തിനും വഴിവെച്ചു.
ഭരണക്രമവ്യത്യാസം
നസ്രാണികളുടെ പൂര്‍വ്വികര്‍ പാശ്ചാത്യസഭാധികാരികളുമായി പോരാ ടിയത് അവരുടെ തനിമയാര്‍ന്ന സഭാഭരണശൈലി സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. റവ.ഡോ. കൂടപ്പുഴ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ''രണ്ടു വ്യത്യസ്ത ഭരണക്രമങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു അത്. ഭാരതത്തിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് തനതായ സഭാഭരണശൈലി വളര്‍ത്തിയെടുക്കുന്നതിന് കഴിഞ്ഞിരുന്നു. പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരുവനായ മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകത്തില്‍ എക്കാലവും അഭിമാനിച്ചിരുന്ന ഇവര്‍ തങ്ങളുടെ സഭാപൈതൃകത്തെയും ഭരണക്രമത്തെയും ''തോമ്മായുടെമാര്‍ഗ്ഗം'' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദൈവജനത്തിന്റെ കൂട്ടായ്മയും സുവിശേഷ ചൈതന്യത്തിലധിഷ്ഠിതമായ സമത്വവും സാഹോദര്യവും പരിപാവനമായി സംരക്ഷിക്കുന്നതിന് സഹായകമായിരുന്നു അവരുടെ ഭരണക്രമം (ദീപിക, 1996 ജൂലൈ 28).
വത്തിക്കാന്‍ സൂനഹദോസ്
വത്തിക്കാന്‍ സൂനഹദോസ് പൗരസ്ത്യദേശത്തെ സഭകളെക്കുറിച്ചുള്ള (പാശ്ചാത്യസഭയല്ലാത്ത എല്ലാ സഭകളെക്കുറിച്ചുമാണ് ഇവിടെ സൂചന). ഡിക്രിയില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:
'This Council solemnly declares that the churches of the East like those of the West have the right and duty to govern themselves according to their own special disciplines. For these are guaranteed by ancient tradition, and seem to be better suited to the customs of their faithful and to the good of their souls....'
'All members of the Eastern Churches should be firmly convinced that they can and ought always preserve their own legitimate liturgical rites and ways of life, and that changes are to be introduced only to forward their own organic development. They themselves are to carry out all these prescriptions with greatest fidelity. They are to aim always at a more perfect knowledge and practice of their rites, and if they have fallen away due to circumstances of times or person, they are to strive to return to their ancestral traditions.'
അപ്പോള്‍ സഭയുടെ ഈ അടിസ്ഥാന ഡിക്രിയനുസരിച്ച് നസ്രാണിക്രൈസ്തവരുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശവും കടമയും അവര്‍ക്കു ലഭിച്ചു. ഈ പൂര്‍വ്വപാരമ്പര്യം പാശ്ചാത്യപാരമ്പര്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണെന്നതിനു സംശയമില്ല. പ്രൊഫ. കെ.ടി. സെബാസ്റ്റ്യന്‍ ഇങ്ങനെ എഴുതുന്നു: ''കാലക്രമത്തില്‍ പാശ്ചാത്യവും പൗരസ്ത്യവുമായ പ്രാചീന സഭാസമൂഹങ്ങളെല്ലാം തന്നെ റോമന്‍സാമ്രാജ്യത്തിന്റെ ഭരണശൈലി സ്വീകരിച്ചു. കേരളത്തിലെ മാര്‍ത്തോമ്മാക്രൈസ്തവസമൂഹത്തിനു മാത്രം അപ്പസ്‌തോലികകാലത്തെ കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്റേതുമായ പ്രവര്‍ത്തനശൈലി പിന്തുടരുവാന്‍സാധിച്ചു. പാശ്ചാത്യസഭയില്‍ അധികാരകേന്ദ്രീകരണം കൊടികുത്തിവാഴുകയും അത്മായര്‍ക്കു സഭയില്‍ കാര്യമായ യാതൊരു സ്ഥാനവും ദൗത്യവും ഇല്ലാതാവുകയും ചെയ്തപ്പോഴും കേരളസഭയുടെ ജനകീയ അടിത്തറ ഭദ്രമായിരുന്നു. ഇവിടുത്തെ സഭാസമൂഹങ്ങളുടെ സ്വയംഭരണശൈലി കണ്ടുകൊണ്ടാണല്ലോ ഈ സമൂഹങ്ങളെ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്നത്!... ഇന്നത്തെ ഇടവകയോഗമോ, പാസ്റ്ററല്‍ കൗണ്‍സിലോ പോലെ ഇവ ഇടവകവികാരിയെയോ മെത്രാനെയോ സഹായിക്കുവാനോ ഉപദേശിക്കുവാനോ മാത്രമുള്ള സമിതികളല്ലായിരുന്നു. ഇവ ശരിക്കും മെത്രാന്മാരും ദേശത്തുപട്ടക്കാരും ഇണങ്ങരും ഉള്‍പ്പെടുന്ന സഭാസമിതികള്‍തന്നെയായിരുന്നു. മലങ്കരസഭയെ സംബന്ധിച്ചിടത്തോലം മലങ്കര സഭായോഗം പരമാധികാരസമിതിതന്നെയായിരുന്നു. ഈ സഭായോഗങ്ങള്‍ നമ്മുടെ സഭയുടെ ജനകീയാടിത്തറ ഏതാണ്ട് വിശദമായിത്തന്നെ വെളിപ്പെടുത്തുന്നു. ''കേരളത്തിലെ മാര്‍ ത്തോമ്മാ ക്രൈസ്തവസഭ ഏതര്‍ത്ഥത്തിലും 'ജനങ്ങളുടെ സഭ' (People's Church) തന്നെയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവ് വേണ്ട''(കര്‍മ്മെലകുസുമം, സെപ്തംബര്‍ 1996, പേജ് 56).
പൗരസ്ത്യകാനോന്‍നിയമം
വത്തിക്കാന്‍ സൂനഹദോസ് ഡിക്രികള്‍ക്കനുസൃതമായ സ്വയംഭരണാവകാശത്തിനായി പ്രതീക്ഷിച്ചിരുന്ന ഈ സഭയെ ഞെട്ടിപ്പിച്ചുകൊണ്ട് 1991-ല്‍ ആരോരുമറിയാതെ പൗരസ്ത്യകാനോന്‍ എന്ന നിയമസംഹിത ഈ സഭയുടെ ഭരണക്രമമായി റോമില്‍നിന്നും അടിച്ചേല്‍പ്പിക്കപ്പെട്ടു. ഈ കാനോന്‍നിയമത്തില്‍ സഭാഘടനാക്രമം പൂര്‍ണ്ണമായും പാശ്ചാത്യസമ്പ്രദായത്തിലാണ് രൂപംകൊടുത്തിരിക്കുന്നത്. ഭാരതനസ്രാണിസഭയെ ഒരു വ്യക്തിസഭയായി അംഗീകരിച്ചതിനുശേഷം, ഈ സഭയുടെ പുരാതന പാരമ്പര്യങ്ങളെയൊന്നും കണക്കിലെടുക്കാതെ, പൗരസ്ത്യസഭകളുടെ നിയമത്തെ ഈ സഭയുടെ ഭരണനിയമമാക്കി പ്രഖ്യാപിച്ചത് തികച്ചും നിയമവിരുദ്ധമാണ്. കാരണം ഈ സഭയെ സ്പര്‍ശിക്കുന്ന നിയമനിര്‍മ്മാണം ചെയ്യുന്നതിനുള്ള അവകാശം പള്ളിപ്രതിപുരുഷയോഗത്തിനു മാത്രമാണ്. ഭാരത ഭരണനേതൃത്വവും കോടതികളും നസ്രാണികളുടെ ഈ പാരമ്പര്യം സംരക്ഷിക്കുന്നതിന് മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
ഇതര നസ്രാണിസഭാപാരമ്പര്യങ്ങള്‍
നസ്രാണി പാരമ്പര്യമുള്ള ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മാ സഭകളില്‍ പൂര്‍വ്വനസ്രാണി സഭാക്രമത്തിന്റെ തനിമ ഇന്നും വളരെ വ്യക്തമാണ്. മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതിനും സഭാകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും തീരുമാനിക്കുന്നതിനും പള്ളിപ്രതിപുരുഷയോഗങ്ങള്‍ക്ക് ആ സഭകളില്‍ അവകാശമുണ്ട്. അവിടെയും മെത്രാന്മാര്‍ റോമന്‍ പാരമ്പര്യത്തെ അനുകരിച്ച് അധികാരം പിടിച്ചെടുക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കില്‍പ്പോലും പൂര്‍വ്വനസ്രാണി പാരമ്പര്യമായ പള്ളിപ്രതിപുരുഷയോഗത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നു. ഇതു നസ്രാണികളുടെ മഹത്തായ സഭാപാരമ്പര്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്.
പൗരസ്ത്യകാനോന്‍നിയമത്തിന്റെ സഭാദര്‍ശനവും നസ്രാണികളുടെ സഭാദര്‍ശനവും തമ്മിലുള്ള വൈരുദ്ധ്യം തികച്ചും പ്രകടമാണ്. പാശ്ചാത്യസഭാദര്‍ശനമനുസരിച്ച് അധികാരം മുകളില്‍നിന്നും താഴോട്ടാണ് പ്രവഹിക്കുന്നത്. താഴത്തറ്റമെത്തുമ്പോള്‍ അതായത്, ഇടവകകളിലേക്കെത്തുമ്പോള്‍, വിശ്വാസികള്‍ക്ക് യാതൊരധികാരവുമില്ല. അവര്‍ ഭരണീയരായ പ്രജകള്‍മാത്രം. ഇത് റോമന്‍സാമ്രാജ്യത്തിന്റെ അധികാരദര്‍ശനത്തില്‍ കയ്യൂന്നി നില്‍ക്കുന്നതാണ്. എല്ലാ അധികാരങ്ങളും ചക്രവര്‍ത്തിയുടേതാണ്. കീഴധികാരങ്ങള്‍ എല്ലാം ചക്രവര്‍ത്തിയില്‍നിന്നും ലഭ്യമാകുന്നതാണ്. അധികാരത്തിന്റെ പ്രയോഗതലം അവകാശങ്ങളൊന്നുമില്ലാത്ത പ്രജകളെ ഭരിക്കുകയെന്നതാണ്. നാലാം നൂറ്റാണ്ടുമുതല്‍ പാശ്ചാത്യസഭയിലും പൗരസ്ത്യസഭകളിലും ഈ സഭാദര്‍ശനം അംഗീകരിക്കപ്പെടുകയും വര്‍ദ്ധമാനമാകുകയും ചെയ്തു. എന്നാല്‍, ഭാരതനസ്രാണിസഭാദര്‍ശനം അനുസരിച്ച് അധികാരത്തിന്റെ ഉറവിടം ദൈവജനം ആണ്. ഇത് ആദിമസഭാദര്‍ശനവുമായി തികച്ചും ഐക്യരൂപ്യം പുലര്‍ത്തുന്നു. അപ്പോസ്തലന്മാരുടെ കാലഘട്ടത്തില്‍ എല്ലാ ഭൗതികഭരണങ്ങളും തെരഞ്ഞെടുക്കപ്പെട്ട സമിതിയില്‍ നിക്ഷിപ്തമായിരുന്നു(അപ്പോ. പ്രവ. 6:14). റോമിലെ ക്ലെമന്റ് ഇങ്ങനെയെഴുതുന്നു: 'As for these, then who were appointed by them, (Apostles) or who were afterwardss appointed by other illustrious men with the consent of the whole Church''(The Faith of Early Fathers, Vol. page 10).
ഇവിടെ സഭ മുഴുവനുംകൂടിയാണ് ശുശ്രൂഷകനായ മെത്രാനെ തെരഞ്ഞെടുക്കുന്നത്. തെര്‍ത്തുല്യന്‍ (അ.ഉ.200) ഇങ്ങനെയെഴുതുന്നു: 'So it is that today one man is bishop, tomorrow another, today, a deacon, and tomorrow he is a lector; today, a priest who is tomorrow a layman. For even on laymen do they enjoin the functions of the priesthood'(Ibid, page 123). ഹിപ്പോളിറ്റസ് മാര്‍പ്പാപ്പാ (അ.ഉ. 235) ഇങ്ങനെ എഴുതുന്നു: 'Let the bishop be ordained after he has been chosen by all the people'(ibid, page166).
ആദിമസഭയില്‍ ദൈവജനത്തില്‍നിന്നായിരുന്നു ഒരു ബിഷപ്പിനു ശുശ്രൂഷകാധികാരം ലഭിച്ചിരുന്നത്. കാരണം ദൈവജനം, ''തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു. അന്നു നിങ്ങള്‍ ഒരു ജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവജനമായിത്തീര്‍ന്നിരിക്കുന്നു.'' (1.പത്രോ. 2:910). ദൈവജനത്തിന്റെ പ്രബോധകരും ശുശ്രൂഷകരും മാത്രമായിട്ടാണ് സഭയില്‍ മെത്രാന്മാരെയും എപ്പിസ്‌കോപ്പാമാരെയും നിയമിച്ചുപോന്നത്. അങ്ങനെ സര്‍വ്വസമ്മതരായി തെരഞ്ഞെടുക്കപ്പെട്ടു പോന്നവര്‍ അപ്പോസ്തലന്മാരെപ്പോലെ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായ കഴിഞ്ഞു(അപ്പോ.പ്രവ. 6:14).
16-ാം നൂറ്റാണ്ടുവരെ ഈ വിശുദ്ധപാരമ്പര്യമാണ് നസ്രാണിസഭയിലുണ്ടായിരുന്നത്. വൈദികരെ നിയമിച്ചിരുന്നത് ഇടവകജനങ്ങളായിരുന്നു. ആദ്ധ്യാത്മികശുശ്രൂഷകരായ വൈദികര്‍ക്കോ കത്തനാരന്മാര്‍ക്കോ വിദേശികളായിരുന്ന മെത്രാന്മാര്‍ക്കോ സഭാസമ്പത്തുക്കളുടെമേല്‍ യാതൊരധികാരവു മുണ്ടായിരുന്നില്ല. പള്ളിയോഗങ്ങളും പ്രാദേശികയോഗങ്ങളും പൊതുയോഗങ്ങളുമാണ് സഭയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നതും ചട്ടങ്ങള്‍ക്ക് രൂപംകൊടുത്തിരുന്നതും. തങ്ങള്‍ക്ക് അനഭിമതരായ മെത്രാനെയും പുരോഹിതരെയും പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള അധികാരവും പള്ളിപൊതുയോഗത്തില്‍ നിക്ഷിപ്തമായിരുന്നു (വര്‍ത്തമാനപുസ്തകം, പേജ് 28). ഡോ. ജോസ് കുറിയേടത്ത്, അൗവേീൃ്യേ ശി വേല ഇമവേീഹശര ഇീാാൗിസശ്യേ ശി ഗലൃമഹമ എന്ന ഗ്രന്ഥത്തില്‍ ഈ സഭാപാരമ്പര്യത്തെക്കുറിച്ച് ഇങ്ങനെയെഴുതുന്നു: In Ecclesiastical and civil matters  the yogam had juridical powers' (page 96) It was exclusively the responsibility of the yogam to administer the temporal goods of the community attached to the Church'(page 95) 'To the question whether the bishops were involved in the temporal administration of the community, historians almost unanimously say that the bishops exercised no such powers except perhaps in rare and unusual situations, and that the actual administration of the socio-temporal matters of the community was normally in the hands of an Archdeacon and yogam'(page 86).
ഇതില്‍ നിന്നെല്ലാം നസ്രാണിസഭ ആദിമസഭാപാരമ്പര്യത്തെ 16-ാംനൂറ്റാണ്ടുവരെ പുലര്‍ത്തിപ്പോന്നു എന്നു വ്യക്തമാണ്. അതായത്, സഭയില്‍ അധികാരത്തിന്റെ സ്രോതസ്സ് ദൈവജനമാണ്. ഇതിനു കടകവിരുദ്ധമായ ഒരു സഭാശൈലിയുടെ സംക്രമണമായിരുന്നു പോര്‍ട്ടുഗീസുകാരുമായുള്ള നസ്രാണികളുടെ ഏറ്റുമുട്ടലിനു നിദാനമായിരുന്നത്.
പൗരസ്ത്യകാനോന്‍ നിയമത്തിലെ അധികാരവ്യവസ്ഥ
പൗരസ്ത്യ കാനോന്‍നിയമത്തിലെ അധികാരവ്യവസ്ഥ തികച്ചും പാശ്ചാത്യമാണ്. പൗരസ്ത്യകാനോന്‍ നിയമം 190-ാം വകുപ്പില്‍ The eparchial bishop represents the eparchy in all its juridical affairs എന്നു പറയുന്നു. പാശ്ചാത്യ കാനോന്‍നിയമത്തില്‍പ്പോലും ഇങ്ങനെ ഒരു വകുപ്പ് കാണുന്നില്ല. മെത്രാന്മാരുടെ അധികാരത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ,പൗരസ്ത്യ കാനോന്‍നിയമങ്ങളുടെ വ്യവസ്ഥകള്‍ താഴെക്കൊടുക്കുന്നു.
പൗരസ്ത്യകാനോന്‍ നിയമം
Can. 191. The eparchial bishop governs the eparchy entrusted to him with legislative, executive and judicial power.
2. The eparchial bishop personally exercises legislative power; he exercises executive power either personally or through a protosyncellus or syncellus; he exercises judicial power either personally or through a judicial vicar and judges.
പാശ്ചാത്യകാനോന്‍നിയമം
Can. 391. The diocesan Bishop governs the particular Church entrusted to him with legislative, executive and judicial power, in accordance with the law.
2. The Bishop exercises legislative power himself. He exercises executive power either personally or through Vicars general or episcopal Vicars, in accordance with the law. He exercises judicial power either personally or through a judicial Vicar and judges, in accordance with the law.
ഈ വകുപ്പുകളനുസരിച്ച് 35 ലക്ഷത്തോളം വരുന്ന കേരളത്തിലെ നസ്രാണികളെ സംബന്ധിക്കുന്ന നിയമങ്ങളുണ്ടാക്കാനും നിയമങ്ങള്‍ നടപ്പിലാക്കാനും അവ വ്യാഖ്യാനിക്കാനുമുള്ള അവകാശം മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്നു!! ലോകത്തിലെ ഒരു ഭരണാധികാരിക്കും ഇങ്ങനെയുള്ള സമഗ്രാധികാരമില്ല. ഒരു ജനതയെ മുഴുവന്‍ മതത്തിന്റെപേരില്‍ അടിമകളാക്കുന്ന ഈ വ്യവസ്ഥ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള എല്ലാ ആധുനിക ധാരണകളെയും നിരാകരിച്ച് ഒന്നാം നൂറ്റാണ്ടിലെ അഗസ്റ്റസ് സീസറിന്റെ അധികാരത്തോട് അന്വയിക്കുന്നു. ജനാധിപത്യയുഗത്തില്‍ ജീവിക്കുന്ന ഭാരതത്തിലെ പൗരന്മാരുടെമേല്‍ ഇത്തരം ഒരു നിയമത്തിന് പ്രാബല്യമുണ്ടാകുന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള കടുത്ത ധിക്കാരമാണ്. മനുസ്മൃതിപോലും ബ്രാഹ്മണര്‍ക്ക് ഇത്തരം അധികാരങ്ങള്‍ നല്‍കിയിരുന്നില്ല. രാജാധികാര പരിവേഷിതമായ ഇത്തരം ഒരു അധികാരസങ്കല്പം ക്രിസ്തുവിന്റെ പഠനങ്ങളിലൊരിടത്തുമില്ല. യേശു കല്പിച്ചു:”“വിജാതീയരുടെ രാജാക്കന്മാര്‍ (റോമാക്കാര്‍) അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു. അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കയും ചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല, നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവന്‍-ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവന്‍ അല്ലേ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷകനെപ്പോലെയാണ്(ലൂക്കോ. 22: 2527). യേശു ഒരു അടിമയെപ്പോലെ അന്ത്യഅത്താഴദിവസം ശിഷ്യന്മാരുടെ കാലുകഴുകി ഇങ്ങനെ പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതുശരിയാണ്. കാരണം, ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലുകഴുകിയെങ്കില്‍ നിങ്ങളും പരസ്പരം കാലുകഴുകണം’’(യോഹ. 13:1214).
ജീവിതവിശുദ്ധിക്കായി ക്രിസ്തുവിനെ ഇഷ്ടദൈവമായി അംഗീകരിച്ചവരാണ് നസ്രാണികള്‍. 2,000 കൊല്ലങ്ങള്‍ക്കു ശേഷമിതാ വിദേശത്തുണ്ടാക്കിയ ഒരു നിയമം ഇവിടേക്ക് ഇറക്കുമതിചെയ്ത് നസ്രാണികളുടെ എല്ലാ പാരമ്പര്യങ്ങളെയും ലംഘിച്ചിരിക്കുന്നു. പുരോഹിതപ്രോക്തമായ പൗരസ്ത്യകാനോന്‍ നിയമത്തിലൂടെ അവരെ അടിമകളും പ്രജകളുമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന മതവിഭാഗങ്ങള്‍ക്ക് നല്കിയ ആരാധനാസ്വാതന്ത്ര്യത്തിന്റെ മറവില്‍, മെത്രാന്മാര്‍ ഇന്നു നസ്രാണികളുടെ മതസ്വാതന്ത്ര്യത്തിന്റെമേല്‍ കയ്യേറ്റം നടത്തിയിരിക്കുകയാണ്. ഭരണാധികാരവും കോടതികളും ഇതു കണ്ടില്ലെന്നു നടിക്കുവാന്‍ പാടില്ല. സമുദായത്തിന്റെ കോടിക്കണക്കിനു സമ്പത്ത് ഒരു നിയമത്തിലൂടെ മെത്രാന്മാരുടേതാക്കാന്‍, മതത്തിന്റെപേരില്‍, ഇന്നു ചില വിദേശഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ആധുനികലോകത്തുള്ള ഏതെങ്കിലുമൊരു ജനസമൂഹത്തില്‍ അവരുടെ സാമൂഹ്യസമ്പത്തിന്റെ ഭരണത്തെ നിയന്ത്രിക്കുന്ന ഇത്തരം ഒരു നിയമം ഉണ്ടോ എന്നു ഭരണാധികാരികള്‍ ചിന്തിക്കേണ്ടതുണ്ട്. ഈ വമ്പിച്ച സ്വത്തിന്റെ ഉടമകളായ വിശ്വാസികള്‍ക്ക് അവരുടെ അഭിപ്രായം പറയുവാന്‍ ഒരു വേദികള്‍ പോലുമില്ല. സഭാംഗങ്ങളില്‍ 99% വരുന്ന ഇണങ്ങര്‍(അല്‍മായര്‍)ക്ക് ആലോചനാസമിതിയില്‍ കിട്ടുന്ന പ്രാതിനിധ്യം എത്രയെന്ന് കാനോന്‍ 238. 10-ല്‍ പറയുന്നുണ്ട്.
എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ അധികാരത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു:
230.10.  Lay people elected by the pastoral councilm if it exists, or designated in some other manner determined by the eoarchial bishop so that the number of lay people does not exeed one-third of the members of the eparchial assembly. അതായത് ദൈവജനത്തിന് ഈ ഉപദേശകസമിതിയില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ അംഗത്വം പാടില്ല. പാസ്റ്ററല്‍കൗണ്‍സിലിനെക്കുറിച്ചുള്ള വകുപ്പുകള്‍ താഴെ കൊടുക്കുന്നു:
272. In the eparchy, if pastoral circumstances recommend it, a pastoral council is to be established whose responsibility it is, under the authority of the eparchial bishop, to investigate, ponder and propose practical conclusions about those things which regard pastoral works in the eparchy. ഇടവകയോഗത്തിനും പാസ്റ്ററല്‍ കൗണ്‍സിലിനും എപ്പാര്‍ക്കിയല്‍ അസംബ്ലിയ്ക്കും വെറും ഉപദേശകാധികാരമേയുള്ളൂ. അവിടെയും മെത്രാന്റെ ഇഷ്ടമനുസരിച്ചുള്ള തെരഞ്ഞെടുപ്പാണ്.
നികുതി ചുമത്താനുള്ള അവകാശം
നികുതി ചുമത്തുക എന്നത് ഒരു ഗവണ്മെന്റിന്റെ അവകാശമാണ്. പക്ഷേ, വിശ്വാസികളുടെമേല്‍ നികുതി ചുമത്താനുള്ള അവകാശം കാനോന്‍നിയമം മെത്രാന്മാര്‍ക്ക് നല്‍കിയിരിക്കുന്നു!
Can. 1012.1 - Whenever it is necessary for the good of the eparchy, the eparchial bishop has the right, with the consent of the finance council, to impose a tax on juridic persons subject to his authority and which should be proportionate to their income; no tax can be imposed on the offerings received on the occasions of the celebration of the Divine Liturgy.
2. A tax can be levied on physical persons only according to the particular law of their own Church sui iuris.
Can. 1013.1 The eparchial bishop has the right, within the limits set by the particular law of his own Church sui iuris, to fix the amount of the taxes for the various acts of the power of governance and of the offerings  made on  the  ocasion of the  celebration of the Divine  Liturgy, of the sacraments,  of the sacrametals and of any other liturgical  celebrations, unless common  law provides otherwise.
2. Patriarchs and eparchial bishops from various churches who exercise their power within the same territory are to see, after consultation with each other, that same norms on taxes and offerings be established.
ഭാരതത്തില്‍ സാധാരണ നികുതി ചുമത്തുക തെരഞ്ഞെടുക്കപ്പെട്ട സമിതികളാണ്. എന്നാല്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ വിശ്വാസികളുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം മെത്രാനില്‍ മാത്രമായി നിക്ഷിപ്തമാക്കിയിരിക്കുന്നു. നികുതി ചുമത്തുന്നതിന് ഫൈനാന്‍സ് കൗണ്‍സിലിന്റെ സമ്മതം വേണമെന്ന ഈ വകുപ്പിലെ പ്രഖ്യാപനം വെറും കണ്ണില്‍ പൊടിയിടലാണ്. കാരണം, കാനോന്‍ 263 അനുസരിച്ച് കൗണ്‍സിലിനെ നിയമിക്കുന്നതും മെത്രാനാണ്. അപ്പോള്‍ ഫൈനാന്‍സ് കൗണ്‍സിലിന് മെത്രാന്റെ ഇഷ്ടത്തിനനുസരിച്ചു തുള്ളിയേ മതിയാവൂ. ഈ നികുതി പിരിവു വ്യവസ്ഥ ഉയര്‍ത്തിപ്പിടിച്ച്, സഭയില്‍നിന്നും വിശ്വാസികള്‍ക്ക് അവകാശമായി ലഭിക്കേണ്ട കൂദാശകളും മറ്റു സേവനങ്ങളും നിഷേധിക്കുന്ന അനേകം സംഭവങ്ങളുണ്ട്. വിവാഹാവസരത്തില്‍ വന്‍തുകകള്‍ ആവശ്യപ്പെടുന്ന സംഭവങ്ങള്‍ അപൂര്‍വമൊന്നുമല്ല. ഏകപക്ഷീയമായി ചുമത്തിയ വന്‍ നികുതിപ്പണം ഗൃഹനാഥന്‍ നല്‍കാതിരുന്നതിന് കുട്ടികള്‍ക്ക് മാമ്മോദീസായും ആദ്യകുര്‍ബ്ബാനയും നിഷേധിച്ച അനേകം സംഭവങ്ങളുണ്ട്. സ്വതന്ത്രഭാരതത്തില്‍ നികുതി ചുമത്തുന്നത് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിസഭയാണ്. എന്നാല്‍, കത്തോലിക്കാസമുദായത്തിലെ അംഗങ്ങളുടെമേല്‍ നികുതി ചുമത്താനുള്ള അവകാശം പൂര്‍ണ്ണമായും മെത്രാനില്‍ നിക്ഷിപ്തമാണ്.
നസ്രാണിപൂര്‍വ്വികരുടെ ത്യാഗം
പാശ്ചാത്യസഭാസമ്പ്രദായത്തിനെതിരെ നസ്രാണികളുടെ പൂര്‍വ്വികര്‍ ത്യാഗം സഹിച്ചുപോരാടിയത് സുവിശേഷാധിഷ്ഠിതമായ, ജനാധിപത്യമൂല്യങ്ങള്‍ മാനിക്കുന്ന, തങ്ങളുടെ സഭാഭരണക്രമം വീണ്ടെടുക്കുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍, ഇപ്പോഴിതാ പൗരസ്ത്യകാനോന്‍നിയമത്തിലൂടെ ദൈവജനത്തിന്റെ എല്ലാ അവകാശങ്ങളും മെത്രാന്മാര്‍ കവര്‍ന്നെടുത്തിരിക്കുന്നു!
മെത്രാന്മാരുടെ നീക്കം
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആരാധനാക്രമകാര്യത്തില്‍ അഭിപ്രായവ്യത്യാസം പുലര്‍ത്തുന്ന നമ്മുടെ മെത്രാന്മാര്‍ അധികാരഭരണത്തെ സംബന്ധിച്ച് പലപ്പോഴും ഏകാഭിപ്രായക്കാരായാണ് കാണുന്നത്. പൗരസ്ത്യകാനോന്‍നിയമത്തെ നമ്മുടെ ഭരണനിയമമായി ഇവിടുത്തെ കോടതികളെക്കൊണ്ടും ഗവണ്മെന്റിനെക്കൊണ്ടും അംഗീകരിപ്പിക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ്, അവര്‍.
കോടതിവിധികള്‍
ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ പാശ്ചാത്യകാനോന്‍നിയമം കത്തോലിക്കരുടെ ഭരണനിയമമായി സഭാധികാരം അംഗീകരിപ്പിച്ചെടുത്തു. അതിനനുസൃതമായി പല കോടതിവിധികളും ഓരോ കാലഘട്ടത്തിലും അവര്‍ സമ്പാദി ച്ചിരുന്നു. എന്നാല്‍, ആ കാനോന്‍നിയമം നസ്രാണികള്‍ക്കു ബാധകമാണെന്ന് കോടതികള്‍ വിധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. (അങ്ങനെ വല്ല വിധികളുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനപേക്ഷ).
സഭയുടെ ഭൗതികഭരണത്തിന്റെ പരമാധികാരം മാര്‍പ്പാപ്പായ്ക്കാണെന്നും മാര്‍പ്പാപ്പായിലൂടെ നസ്രാണിമെത്രാന്മാരിലേക്ക് അത് പ്രവഹിക്കുമെന്നുമാണ് ഇന്ന് നമ്മുടെ മെത്രാന്മാര്‍ കോടതികളില്‍ വാദിക്കുന്നത്.ഇതിന്നാധാരമായി അവര്‍ ചൂണ്ടിക്കാണിക്കുന്ന കാനോന്‍നിയമത്തിലെ വകുപ്പ് താഴെ കൊടുക്കുന്നു.
Can. 43 - The bishop of the Church of Rome, in whom resides the office (munus) given in special way by the Lord to Peter, first of the Apostles and to be transmitted to his successors, is head of the college of bishops, the Vicar of Christ and Pastor of the entire Chuch on earth; therefore; in virtue of his office (munus) he enjoys  supreme, full, immediate and universal ordinary power in the Church which he can always freely exercise.
ഈ വകുപ്പില്‍ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. പത്രോസിന് യേശു കൊടുത്ത അധികാരത്തിന്റെ പിന്തുടര്‍ച്ചാവകാശം മാത്രമാണ് മാര്‍പ്പാപ്പായ്ക്കുള്ളത്. ക്രിസ്തു കൊടുത്ത അധികാരത്തിനപ്പുറം ഒരധികാരവും പത്രോസിനോ, പത്രോസിന്റെ പിന്‍ഗാമികള്‍ക്കോ ഇല്ല. ക്രിസ്തു പത്രോസിനു കൊടുത്തത് ഭൗതികാധികാരമല്ല; ആദ്ധ്യാത്മികാധികാരമാണ്. ലോകത്തെമ്പാടുമുള്ള വിശ്വാസികളുടെ സ്വത്തുക്കളുടെ ഭരണനിയമം നിര്‍മ്മിക്കുന്നതിനുള്ള അധികാരം ക്രിസ്തു പത്രോസിനു നല്‍കിയിട്ടില്ല. നിയമത്തിന്റെ ചാലകശക്തി നിര്‍ബന്ധമാണ്; അധികാരഗര്‍വാണ്. ഒന്നാമത്തെ മാര്‍പ്പാപ്പായായ പത്രോസ് തന്റെ സഹപ്രവര്‍ത്തകരായ മൂപ്പന്മാര്‍ക്കു നല്‍കിയ ഉപദേശം ഈ വസ്തുത സാക്ഷിക്കുന്നു.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയും വെളിപ്പെടാന്‍ പോകുന്ന മഹത്വത്തിന്റെ പങ്കാളിയും ഒരു കൂട്ടുമൂപ്പനും എന്ന നിലയില്‍ നിങ്ങളുടെ ഇടയിലെ മൂപ്പന്മാരെ ഞാന്‍ ഉപദേശിക്കുന്നു: നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍പറ്റത്തെ മേയിക്കുക. നിര്‍ബന്ധംകൊണ്ടല്ല, സന്മനസ്സോടെ, നിന്ദ്യമായ ലാഭേച്ഛയോടെയല്ല, താത്പര്യത്തോടെ അതു ചെയ്യുക. അതു നിങ്ങളെ ഭരമേല്പിച്ചിരിക്കുന്നവരുടെമേല്‍ അധികാരഗര്‍വോടെയല്ല, അജഗണത്തിന്നു മാതൃകയാകത്തക്കവണ്ണം ആയിരിക്കണം. അങ്ങനെ ചെയ്താല്‍, മുഖ്യഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ക്കു മഹത്വത്തിന്റെ മങ്ങാത്ത കിരീടം ലഭിക്കും(1 പത്രോ. 5:14).
നിര്‍ബന്ധംകൊണ്ടോ നിന്ദ്യമായ ലാഭേച്ഛയോടെയോ അധികാരഗര്‍വോടെയോ അല്ല അപ്പോസ്തലന്മാര്‍ക്കു നല്‍കിയ ശുശ്രൂഷാധികാരം വിനിയോഗി ക്കേണ്ടതെന്ന് പത്രോസ് ഇവിടെ ഉറപ്പിച്ചുപറയുന്നു. ക്രിസ്തു പത്രോസിനോട് ശുശ്രൂഷകനായ ഇടയനാകുവാന്‍ കല്പിച്ചിട്ടുണ്ട്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുമെന്ന യേശുവിന്റെ വിവരണത്തിനനുസരിച്ച് സഭയെ ശുശ്രൂഷിക്കാനാണ് പത്രോസിനെ ഏല്‍പ്പിച്ചത്. വിജാതീയരുടെ ഭരണ ക്രമം സ്വീകരിക്കരുത് എന്നു കല്പിച്ചതിലൂടെ പത്രോസിനും ശിഷ്യന്മാര്‍ക്കും അധികാരഭരണം ക്രിസ്തു വിലക്കി. ക്രൈസ്തവമതത്തിന്റെ ഈ അടിസ്ഥാന സങ്കല്പങ്ങളെ പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ക്രൈസ്തവരുടെമേല്‍ ആധിപത്യം ചെലുത്തുവാന്‍ മാര്‍പ്പാപ്പായ്ക്ക് അവകാശമില്ല. മാര്‍പ്പാപ്പായ്ക്കു സഭയുടെമേലുള്ള അവകാശം, പഠിപ്പിക്കാനും ഉദ്‌ബോധിപ്പിക്കാനുമുള്ളതാണ്; സമുദായംവക സമ്പത്തുകള്‍ ഭരിക്കാനുള്ളതല്ല എന്നു വ്യക്തമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഇന്ത്യന്‍കോടതികളില്‍ വന്ന ചില കേസുകളുടെ വിധികളും അതേത്തുടര്‍ന്നുണ്ടായ മറ്റു വിധികളുമാണ് മാര്‍പ്പാപ്പായ്ക്ക് ഭാരതത്തിലെ സഭാസമ്പത്തുക്കളുടെമേല്‍ അധികാരമുണ്ടെന്ന് സ്ഥാപിക്കാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. Civil and Ecclesiastical Law with Notes in Canon Law (Jerom A Saldana) എന്ന ഗ്രന്ഥത്തില്‍ താഴെ പറയുന്ന വ്യാഖ്യാനം ഒരു കോടതിഉത്തരവില്‍ അടുത്തയിടെ എടുത്തുദ്ധരിച്ചിരിക്കുന്നതായി കണ്ടു. ''As to Catholic churches and their properties the courts in India have always refused to recognise the authority of the parishnoers or the congregations of a church founded by the people themselves or their ancestors and devoted to religious worship according to the Roman Catholic ritual, to manage or divert its temporalities independently of their ecclesiastical superiors subject to the See of Rome, much less to interfere in its public worship or change the character thereof stated that the Roman pontiff is the supreme administrator and stuward of all ecclesial goods”(quoted in the judgement of Athirampuzha church case). അതായത്, കത്തോലിക്കാസഭയുടെ എല്ലാ സ്വത്തുക്കളുടെയും ഭരണം മെത്രാനില്‍ നിക്ഷിപ്തമാണ്. പൗരസ്ത്യകാനോന്‍നിയമത്തിന്റെ വ്യാഖ്യാതാവായ പോസ്പിഷില്‍ ഇങ്ങനെ എഴുതുന്നു: “The members of the parish through whose generosity the Parish acquired property, are thereby not owners of it regardless what civil law may declare Eastern Catholic Church Law Commentary, page 582).  അതായത്, സിവില്‍നിയമം എന്തുതന്നെ പറഞ്ഞാലും ഇടവകക്കാരുടെ ഔദാര്യത്തില്‍ ഉണ്ടായ പള്ളിവക സ്വത്ത് മെത്രാന്റേതാണുപോലും!
പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ധിക്കാരം
ഒരു പരമാധികാരസ്വതന്ത്ര രാഷ്ട്രത്തിനെതിരെയുള്ള ധിക്കാരമാണിത്. ഒരു ഭാരതപൗരന്‍ അയാള്‍ മെത്രാനാകട്ടെ, സന്യാസിയാകട്ടെ, മുള്ളാ ആകട്ടെ, അയാള്‍ക്കോ അയാളുള്‍പ്പെടുന്ന മതസമൂഹത്തിനോ രാജ്യത്തിന്റെ നിയമം പ്രസക്തമല്ല എന്നു പ്രഖ്യാപിച്ചിരിക്കുന്നത് ഭാരത ഭരണഘടനയോടുള്ള ധിക്കാരമാണ്.
മതസ്വാതന്ത്ര്യം
ഭാരത ഭരണഘടന 25, 26 വകുപ്പുകളുടെ സംരക്ഷണത്തെ പുരോഹിതാധികാര സംരക്ഷണത്തിന്റെ കവചമാക്കാന്‍ സഭാധികാരം ഇന്നു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാധികാരം മാത്രമാണ് നസ്രാണികള്‍ സ്വീകരിച്ചിരിക്കുന്നത്; അല്ലാതെ വത്തിക്കാന്‍ രാഷ്ട്രത്തലവന്റെ നിയമനിര്‍മ്മാണാധികാരമല്ല നസ്രാണികള്‍ അംഗീകരിച്ചിരിക്കുന്നത്. ഒരു നിയമം വഴി ഒരു ജനതയുടെ പരമ്പരാഗതസമ്പത്തുക്കള്‍ മുഴുവന്‍ നിയമപരമായി റോമിന്റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്റെ ലംഘനമാണ്. ആദ്ധ്യാത്മികകാര്യങ്ങളിലല്ലാതെ ഭൗതികകാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം മാര്‍പ്പാപ്പായ്ക്കില്ല. കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് വിശ്വാസത്തെയും സന്മാര്‍ഗ്ഗത്തെയുംകുറിച്ചു പഠിപ്പിക്കാനുള്ള അധികാരമല്ലാതെ ഭാരതത്തിലെ സഭാവകസമ്പത്തുക്കളെക്കുറിച്ച് നിയമനിര്‍മ്മാണം നടത്താനുള്ള അവകാശം വത്തിക്കാന്‍ രാഷ്ട്രത്തലവനു നല്‍കുന്നത് ശരിയായ ഒരു നടപടിയാണോ? ഭാരത ഭരണഘടനയുടെ മതപരമായ അവകാശത്തിന്റെ ഉപഭോക്താവ് ജനങ്ങളല്ല, മാര്‍പ്പാപ്പാ മാത്രമാണെന്നല്ലേ അതിനര്‍ത്ഥം? ഭരണഘടന 27-ാം വകുപ്പനുസരിച്ച് മതസ്ഥാപനങ്ങളുടെ നടത്തിപ്പിനെ നികുതിയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. മാര്‍പ്പാപ്പായാണ് ഭൗതികസ്വത്തുക്കളുടെ ഉടമയും ഭരണനിര്‍വ്വാഹകനുമെങ്കില്‍ ഇതിന്റെ ഗുണഭോക്താവും മാര്‍പ്പാപ്പാ മാത്രമാണ്. കത്തോലിക്കാവിദ്യാലയങ്ങള്‍ക്ക് ഭരണഘടനയിലെ 30-ാം വകുപ്പനുസരിച്ച് പ്രത്യേക സംരക്ഷണം ലഭിക്കുന്നു. പള്ളിവക സ്‌കൂളുകള്‍ കാനോന്‍നിയമമനുസരിച്ച് മാര്‍പ്പാപ്പായുടേതാണ്. അപ്പോള്‍, ന്യൂനപക്ഷാവകാശത്തിന്റെ സംരക്ഷണം ലഭിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കല്ല; മറിച്ച്, മാര്‍പ്പാപ്പായ്ക്കും അദ്ദേഹത്തിന്റെ ഭാരതത്തിലെ പുരോഹിതഏജന്‍സികള്‍ക്കും മാത്രമാണെന്നുവരുന്നു. ഭരണഘടനയിലെ 29-ാം വകുപ്പ് ന്യൂനപക്ഷങ്ങളുടെ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ന്യൂനപക്ഷാവകാശത്തെ കാണാന്‍. അങ്ങനെയെങ്കില്‍ ഭാരതനസ്രാണികളുടെ അതിപുരാതനമായ മതപാരമ്പര്യങ്ങള്‍ക്കു വിരുദ്ധമായി, റോമില്‍നിന്നും ഒരു ഭരണനിയമം ആ സമൂഹത്തിന്റെ മേല്‍ കെട്ടിവെയ്ക്കുകയും അതുവഴി ഇന്നലെവരെ നസ്രാണിസമൂഹം മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്വരൂപിച്ച സമ്പത്തെല്ലാം ഒരു വിദേശ രാഷ്ട്രത്തലവന്‍കൂടിയായ മാര്‍പ്പാപ്പായുടേതാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു നിയമം ഭാരതപൗരന്മാരുടെമേല്‍ അടിച്ചേല്പിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കാന്‍ ഗവണ്മെന്റും കോടതികളും തയ്യാറാകുന്നെങ്കില്‍ അത് ഭാരതത്തിന്റെ പരമാധികാരത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു സമീപനമാണെന്നു പറയേണ്ടിവരുന്നു. ഭാരതത്തിലെ വസ്തുവകകളെ, മതത്തിന്റെപേരില്‍, ഒരു വിദേശരാഷ്ട്രത്തലവന്‍കൂടിയായ മതാധികാരിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കണമോ?
ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യസമരം
വിദേശികള്‍ക്കും വിദേശമേല്‍ക്കോയ്മയ്ക്കുമെതിരായി ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ആദ്യം പ്രഖ്യാപിച്ചത് ക്രൈസ്തവരായിരുന്നു എന്ന അഭിമാനകരമായ ചരിത്രസത്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മതസാജാത്യത്തിന്റെ മറവില്‍ പോര്‍ട്ടുഗീസുകാര്‍ മാര്‍പ്പാപ്പായുടെപേരില്‍ നസ്രാണിസമുദായത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ 1,653-ല്‍ 4,500-ഓളം ക്രൈസ്തവര്‍ മട്ടാഞ്ചേരിയില്‍ സമ്മേളിച്ച് പോര്‍ട്ടുഗീസ് മതാധികാരത്തെ നിരാകരിക്കുകയുണ്ടായി. അതായിരുന്നു ഭാരതത്തിലെ ആദ്യത്തെ രക്തരഹിത 'ക്വിറ്റ്ഇന്ത്യാസമരം'. സ്വന്തം സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സംരക്ഷിച്ചുകൊണ്ട്, ക്രിസ്തുവിനെ ഇഷ്ടദൈവമായി സ്വീകരിച്ച്, 16 നൂറ്റാണ്ടുകാലമായി ജീവിച്ചുപോന്ന ഒരു ജനതയുടെമേല്‍ മാര്‍പ്പാപ്പായുടെ പേരില്‍ ഭരണാധികാരം ഉറപ്പിച്ചെടുക്കാന്‍ വിദേശീയര്‍ പരിശ്രമിച്ചപ്പോള്‍ അതിനെതിരെ വിപ്ലവകാഹളം മുഴക്കിയ ക്രൈസ്തവജനതയെ ഇന്നിതാ സ്വതന്ത്രഭാരതത്തില്‍, വിദേശത്തു നിര്‍മ്മിച്ച നിയമങ്ങള്‍കൊണ്ട് ബന്ധിക്കുന്നു.
കോടിക്കണക്കായ സമ്പത്തിന്റെ ഉടമയാണ് ക്രൈസ്തവസമൂഹം. നൂറുനൂറു കൊല്ലങ്ങളായി തങ്ങളുടെ ആദ്ധ്യാത്മികോത്കര്‍ഷത്തിനു വേണ്ടി സംഭാവനകള്‍ നല്‍കി വളര്‍ത്തിയെടുത്ത ജനങ്ങളുടെ പള്ളികള്‍, 1991-ല്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നിതാ മെത്രാന്റേതും പുരോഹിതരുടേതും മാത്രമായിത്തീര്‍ന്നിരിക്കുന്നു!
രണ്ടു ഭരണഘടനകള്‍
ഭാരതത്തിലെ ക്രൈസ്തവര്‍ അനുസരിക്കേണ്ട രണ്ടു ഭരണഘടനകള്‍ ഉണ്ട്.
(1) ആദ്ധ്യാത്മിക ഭരണഘടന
ക്രിസ്തു ആവിഷ്‌കരിച്ച അത്യുദാത്തവും എല്ലാ ക്രൈസ്തവരും അനുസരിക്കേണ്ടതുമായ സുവിശേഷമാണത്. ആ സുവിശേഷത്തില്‍ റോമന്‍ സമ്പ്രദായമനുസരിച്ചുള്ള അധികാരഭരണം സഭയ്ക്കുള്ളിലുണ്ടാവരുതെന്നും ശുശ്രൂഷകന്‍ സമൂഹത്തിന്റെ ദാസനായിരിക്കണമെന്നും വളരെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്തു ഉപേക്ഷിച്ച ഭൗതികാധികാരത്തെ ഇന്ന് ആര്‍ത്തിയോടെ സമാഹരിച്ചുകൊണ്ട് പുരോഹിതാധിപത്യം സമുദായസമ്പത്തിന്റെ ഉടമകളും നിര്‍വ്വാഹകരുമായിത്തീര്‍ന്നിരിക്കുന്നു.
(2) ഇന്ത്യന്‍ഭരണഘടന
ഇന്ത്യന്‍ നിയമങ്ങളാണ് ഭാരതക്രൈസ്തവസമൂഹത്തിന്റെ സാമ്പത്തിക ഉടമാവകാശത്തെ നിര്‍ണ്ണയിക്കേണ്ടത്. പള്ളികളും മതസ്ഥാപനങ്ങളും ഒരു മതട്രസ്റ്റെന്ന നിലയിലാണ് നികുതിയില്‍നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആ ട്രസ്റ്റുനിയമങ്ങള്‍ ക്രൈസ്തവപള്ളികള്‍ക്കു ബാധകമല്ലെന്ന നിലപാടാണ് മെത്രാന്മാര്‍ എടുത്തിരിക്കുന്നത്. ഇത് ഭരണഘടനയുടെ ലംഘനമാണ്.
അങ്ങനെ ഭാരതക്രൈസ്തവരുടെ ആദ്ധ്യാത്മിക ഭരണഘടനയെയും ഇന്ത്യന്‍ ഭരണഘടനയെയും ലംഘിച്ചുകൊണ്ട് ക്രൈസ്തവരുടെമേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു കാനോന്‍നിയമത്തിനെതിരെ ജനങ്ങളേയും ഗവണ്മെന്റിനെയും കോടതികളെയും സമീപിക്കേണ്ടിയിരിക്കുന്നു.
നസ്രാണികള്‍ക്ക് സ്വന്തം നിയമം വേണം
സഭാവക സ്വത്തിനെ സംബന്ധിച്ച് പ്രത്യേക നിയമമുണ്ടാക്കേണ്ടത് ഇന്ന് ആവശ്യമായി വന്നിരിക്കുന്നു. പള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടി മാത്രമേ സഭാവക സമ്പത്തിനെക്കുറിച്ച് ചട്ടങ്ങളുണ്ടാക്കാന്‍ പാടുള്ളൂ. നൂറ്റാണ്ടുകളോളം പഴക്കമുള്ള മനുസ്മൃതിയെ നിരാകരിച്ച ഭാരതത്തിന്റെ മണ്ണില്‍ 3-ാം നൂറ്റാണ്ടുമുതല്‍ ക്രൈസ്തവസമൂഹത്തിനുള്ളില്‍ കെട്ടിയിരുത്തപ്പെട്ട മാമോന്റെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത കാനോന്‍നിയമത്തെ, സഭാസമൂഹവും രാഷ്ട്രവും ശക്തമായി എതിര്‍ക്കേണ്ടിയിരിക്കുന്നു. ഇതിന് ബോധവല്‍ക്കരണവും ആവശ്യമായിരിക്കുന്നു. അവകാശസംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭണത്തിന് സമുദായം തയ്യാറായേ മതിയാവൂ. ബ്രാഹ്മണ്യ പൗരോഹിത്യം ഭാരതജനസമൂഹത്തെ വരിഞ്ഞുകെട്ടി ദാസ്യത്തിലേക്ക് അധഃപതിപ്പിച്ചപ്പോള്‍ 'മാറ്റുവിന്‍ ചട്ടങ്ങളെ'യെന്ന് അധികാരഗോപുരങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് മുദ്രാവാക്യമുയര്‍ത്തിയ കുമാരനാശാന്റെ ആത്മാവ് ഇന്ന് മനുസ്മൃതിയുടെ നിരാകരണത്തില്‍ സന്തോഷിക്കുന്നുണ്ടാവാം. അതുപോലെ സഭാപിതാവായ പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെ വാക്കുകള്‍ ഭാരതനസ്രാണികള്‍ക്ക് ഉത്തേജനം നല്‍കട്ടെ: ''നിന്റെ ഉപായവും തട്ടിപ്പുംകൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്കു വിറ്റിട്ടുമില്ല. ഞങ്ങളുടെ യോഗത്തിനു നിന്നെ സ്വീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍ സ്വീകരിക്കും. മനസ്സില്ലെങ്കില്‍  ബലം പ്രയോഗിച്ചു സ്വീകരിപ്പിക്കാന്‍ നിന്നെക്കൊണ്ടു സാധ്യമല്ല. ഇതു നല്ലവണ്ണം ഓര്‍ത്തുകൊള്‍ക'' (വര്‍ത്തമാനപ്പുസ്തകം, പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, പേജ് 275). മഹാനായ ആ ദേശാഭിമാനിയുടെ-പാറേമ്മാക്കലിന്റെ-വാക്കുകള്‍ നസ്രാണിസമുദായത്തിനും ഭാരതജനതയ്ക്കും ആത്മാഭിമാനപ്രചോദകമാകട്ടെ!
ഗവണ്മെന്റിനോടും നീതിന്യായക്കോടതികളോടും
1991-ല്‍ നിലവില്‍ വന്ന കാനോന്‍നിയമം നസ്രാണിസഭയുടെ ഭരണനിയമമായി അംഗീകരിച്ചാല്‍ രാഷ്ട്രത്തിനകത്ത് വേറൊരു രാഷ്ട്രമെന്ന വികൃതമായ ഒരു സാമൂഹികവ്യവസ്ഥ സൃഷ്ടിക്കപ്പെടും.
ഭാരതം ഒരു ജനാധിപത്യരാഷ്ട്രമാണ്. ഭാരതനസ്രാണികള്‍ക്ക് ജനാധിപത്യപരമായ ഒരു പാരമ്പര്യവും ഭരണരീതിയുമാണ് നൂറ്റാണ്ടുകളായി ഉണ്ടായിരുന്നത്. ഇവയെയെല്ലാം കടപുഴക്കിയെറിഞ്ഞ്, ഈ സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമായി 1991-ല്‍ വിദേശത്തു രൂപംകൊടുത്ത ഒരു ഭരണനിയമം അവരുടെമേല്‍ അടിച്ചേല്‍പിക്കുന്നത് ഭരണഘടനാവിരുദ്ധമായ ഒരു നടപടിയാണ്. അതിനംഗീകാരം കൊടുക്കുന്നത് ക്രൈസ്തവസമുദായത്തോടും രാഷ്ട്രത്തോടും ചെയ്യുന്ന പാതകമാണ്. അപകടകരമായ ഈ അവസ്ഥയെക്കുറിച്ച് സമുദായനേതാക്കന്മാരും പൊതുപ്രവര്‍ത്തകരും നീതിന്യായക്കോടതികളും പേര്‍ത്തും പേര്‍ത്തും ചിന്തിക്കണമെന്ന് അഭ്യര്‍ ത്ഥിക്കുന്നു. ഭാരതത്തിലെ നസ്രാണിക്രിസ്ത്യാനികളുടെ കോടിക്കണക്കായ സ്വത്തു മുഴുവനും ഇഷ്ടപ്പടി ഭരിക്കാനുള്ള അധികാരം മെത്രാന്മാര്‍ക്കു നല്‍കുന്ന പൗരസ്ത്യകാനോന്‍നിയമത്തെ ആ സമൂഹത്തിന്റെ ഭരണനിയമമായി അംഗീകരിക്കരുതെന്ന് ഭരണകര്‍ത്താക്കളോടും നീതിന്യായവ്യവസ്ഥയോടും താഴ്മയായി അപേക്ഷിക്കുന്നു.
പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തല്‍ ആധുനികസമൂഹത്തില്‍ ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല. (No taxation without representation) 1215-ല്‍ ബ്രിട്ടണിലെ രാജാവായ ജോണ്‍ ജനങ്ങളുമായി ഒപ്പുവെച്ച 'മാഗ്നാകാര്‍ട്ട'യിലെ അതിപ്രധാനമായ വകുപ്പ് ജനസമ്മതിയില്ലാതെ നികുതി ചുമത്തുകയില്ല എന്നുള്ളതായിരുന്നു. എന്നാല്‍, അന്നത്തെ മാര്‍പ്പാപ്പായായ ഇന്നസെന്റ് മൂന്നാമന്‍ ഇംഗ്ലണ്ടിലെ ജനങ്ങളുമായി ജോണ്‍ ഒപ്പുവെച്ച 'മാഗ്നാകാര്‍ട്ട' റോമിലിരുന്ന് റദ്ദുചെയ്തു എന്നു കൂടി ഓര്‍ക്കുക. (കെട്ടാനും അഴിക്കാനുമുള്ള അധികാരം ക്രിസ്തു നിരുപാധികം പത്രോസിനു കൊടുത്തെന്നും ആ അധികാരം കാല-ദേശ-ദിഗ്‌ഭേദങ്ങളില്ലാതെ പ്രയോഗിക്കുവാന്‍ മാര്‍പ്പാപ്പായ്ക്കു കഴിയുമെന്നുമാണല്ലോ മധ്യകാലഘട്ടത്തില്‍ ധാര്‍മ്മികമായി അധഃപതിച്ച മാര്‍പ്പാപ്പാമാര്‍ വിധിച്ചിരുന്നത്!). ഈ ഇന്നസെന്റ് മൂന്നാമന്റെ കാലത്താണ് വേദവിപരീതികളായ വൈദികരുടെ വസ്തുവക കള്‍ മാര്‍പ്പാപ്പായ്ക്കും അല്‍മായന്റെ വസ്തുവകകള്‍ രാജാവിനും സ്വതന്ത്രമായി പിടിച്ചെടുക്കാം എന്ന വ്യവസ്ഥയുണ്ടാക്കിയത്. ഇതിന്റെ അടി സ്ഥാനത്തില്‍ ഫ്രാന്‍സിലെ 'വേദവിപരീതികള്‍' എന്ന് മാര്‍പ്പാപ്പായ്ക്കു തോന്നിയ ക്രൈസ്തവരെ (അല്‍ബീജിയന്‍സ്) ഫ്രാന്‍സില്‍ കൊന്നു എന്നാണ് ചരിത്രം. സ്വതന്ത്രഭാരതത്തില്‍ നികുതി ചുമത്താനുള്ള അവകാശം ഏതെങ്കിലും ഒരു മതാധികാരിക്കു കൊടുത്തുകൊണ്ട് വിദേശത്ത് ഒരു നിയമം നിര്‍മ്മിച്ചിരിക്കുന്നത് രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെമേലുള്ള ഒരു കയ്യേറ്റമല്ലേ? ഇതിനു മതപരമായ യാതൊരു സാധൂകരണവുമില്ല. ക്രിസ്തുവോ പത്രോസോ പൗലോസോ മറ്റു ശിഷ്യന്മാര്‍ ആരെങ്കിലുമോ വിശ്വാസികളില്‍നിന്നും നികുതി പിരിച്ചതായി സുവിശേഷത്തിലില്ല. രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രം എന്ന അവസ്ഥയാണ് പൗരസ്ത്യകാനോന്‍നിയമം സംജാതമാക്കുന്നത്.
ഉപസംഹാരം
കാനോന്‍നിയമമാണ് കത്തോലിക്കാസഭയുടെ ഭരണനിയമമെന്ന തെറ്റായ ഒരു ചിന്ത പൊതുസമൂഹത്തിലും ഭരണാധികാരവേദികളിലും കോടതികളിലും ഇന്നു പ്രചരിച്ചുവരുന്നു. ഒരു കാലത്ത് മനുസ്മൃതിപോലുള്ള നിയമങ്ങളും ആചാരങ്ങളും ഹിന്ദുമതവിശ്വാസത്തിന്റെ ഭാഗങ്ങളായി ഭരണാധികാരം അംഗീകരിച്ചിരുന്നതുപോലെ ഇന്ന് കാനോന്‍നിയമം കത്തോലിക്കാസമുദായത്തിന്റെ നിയമമായി അംഗീകരിപ്പിക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് ഇവര്‍. മതം വിശ്വാസങ്ങളുടെ സംഹിതയാണ്. സ്വത്താകട്ടെ, ഭൗതികമാണ്. ഒരു അന്തര്‍ദേശീയ മതകോര്‍പ്പറേഷന്‍ സ്ഥാപിച്ച് ഭാരതത്തിലെ വിശ്വാസികളുടെ പൂര്‍വ്വാര്‍ജ്ജിത സമ്പത്തു മുഴുവന്‍ മതത്തിന്റെപേരില്‍ മെത്രാന്മാരില്‍ നിക്ഷിപ്തമാക്കുന്ന നിയമം സ്വതന്ത്രഭാരതത്തിലെ ഭരണകൂടവും കോടതികളും അംഗീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഭാരതനസ്രാണികളുടെ അതിപുരാതന പാരമ്പര്യമനുസരിച്ച് പള്ളിയുടെ ഭൗതികസ്വത്തുക്കള്‍ അതതു പള്ളികളിലെ വിശ്വാസികളുടേതാണ്. ഈ വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടു നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ ഈ സമുദായത്തിനു സ്വീകാര്യമല്ല. പള്ളിവക ഭൗതികസ്വത്തുക്കളുടെ ഭരണക്രമത്തെക്കുറിച്ചു നിയമനിര്‍മ്മാണം നടത്താനും, തീരുമാനങ്ങള്‍ എടുക്കാനുമുള്ള അവകാശം തെരഞ്ഞെടുക്കപ്പെടുന്ന പള്ളിപ്രതിപുരുഷയോഗത്തില്‍ നിക്ഷിപ്തമാക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട പള്ളിപ്രതിപുരുഷയോഗം അംഗീകരിക്കാത്ത ഒരു വിദേശനിയമവും ഈ സമുദായത്തിന് അംഗീകരിക്കാനാവില്ല.

2 comments:

  1. http://www.azhimukham.com/trending-sherin-wilsons-facebook-post-on-athirupatha-land-sale-controversy/

    ReplyDelete
  2. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 2008-ല്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ചര്‍ച്ച് ആക്ടിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഇ-പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: almayasabdam@gmail.com
    ഇംഗ്ലീഷ് പുസ്തകത്തില്‍ സഭയിലെ ചരിത്രപണ്ഡിതരും ദൈവശാസ്ത്രജ്ഞരും നമ്മുടെ സഭാഭരണപാരമ്പര്യത്തെപ്പറ്റി എഴുതിയിട്ടുള്ള ആധികാരിക രേഖകളില്‍നിന്നുള്ള ഉദ്ധരണികളും അനുബന്ധമായി നല്കിയിട്ടുണ്ട്.
    പ്രിന്റു ചെയ്ത കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് ഒരു കോപ്പിക്ക് മലയാളം 10 രൂപാ, ഇംഗ്ലീഷ് 20 രൂപാ നിരക്കില്‍. ബന്ധപ്പെടുക. 8848827644. പോസ്‌റ്റേജ് സൗജന്യം : almayasabdam@gmail.com

    ReplyDelete