Translate

Wednesday, March 7, 2018

പുലിക്കുന്നേലിന്റെ ഒരു ഗൂഢോപഹാസലേഖനം

കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട് എന്നു (https://almayasabdam.blogspot.in/2018/03/blog-post_46.html) റജി പറയുന്ന സീറോമലബാര്‍ സഭയിലെ പിളര്‍പ്പ് ഇതിലുമേറെ രൂക്ഷമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലിറ്റര്‍ജി ഭാരതീയമാകണമെന്ന മാര്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എറണാകുളം ഗ്രൂപ്പും മാര്‍ പവ്വത്തിലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കല്‍ദായ പാരമ്പര്യവാദികളും തമ്മില്‍ ഉണ്ടായിരുന്ന ആ വിവാദം യഥാര്‍ഥത്തില്‍ ലിറ്റര്‍ജിക്കലൊന്നുമായിരുന്നില്ല. (യഥാര്‍ഥത്തില്‍ കേരളസഭയില്‍ ഉണ്ടായിരുന്ന വിഭജനം കല്‍ദായവാദികള്‍, മാര്‍ത്തോമ്മാവാദികള്‍ എന്നല്ല, കല്‍ദായപാരമ്പര്യവാദികള്‍ ഭാരതീയപാരമ്പര്യവാദികള്‍ എന്നാണ്.) കുര്‍ബാന ജനങ്ങള്‍ക്കു പിന്തിരിഞ്ഞു വേണമോ ജനങ്ങളോട് അഭിമുഖം നിന്നു വേണമോ എന്ന മുന്‍തിരി-പിന്‍തിരി പക്ഷഭേദമായിരുന്നില്ല, സഭയുടെ മൊത്തം നേതൃത്വം നേടിയെടുക്കാനുള്ള തികച്ചും വ്യക്തിപരവും സ്വാര്‍ഥവുമായ രാഷ്ട്രീയമായിരുന്നു, അത്. ഇപ്പോഴും വെട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനല്ല, വെട്ടിപ്പിനുള്ള അവസരം എങ്ങനെ നേടിയെടുക്കാനാവും എന്നതിനാണ് സഭാനേതാക്കള്‍ ഊന്നല്‍കൊടുക്കുന്നത്.  സഭാഭരണനേതൃത്വം കിട്ടിയാല്‍ സാമ്പത്തികനേട്ടങ്ങളുണ്ടാക്കാനാവും എന്ന വിചാരത്തോടെയാണ് കര്‍ദിനാളായാലും സഹായമെത്രാനായാലും ഇപ്പോള്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടത് മാര്‍ പവ്വത്തിലും മാര്‍ പാറേക്കാട്ടിലും നമുക്ക് തന്നിട്ടുള്ള ചില വടികള്‍ ഉപയോഗിച്ചുതന്നെ ചര്‍ച്ച് ആക്ട് നടപ്പാക്കുകയാണ്. ഇത്തരുണത്തില്‍ വളരെയേറെ പ്രസക്തമാണ് ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകം. അതിലെ ആഗസ്റ്റ് 1997- ല്‍ എഴുതിയ താഴെക്കൊടുക്കുന്ന ലേഖനം റോമിലെ സിനഡില്‍ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമായ സത്യവാങ്മൂലം  കോടതിയില്‍ നല്കാന്‍ മടിക്കാതിരുന്ന മാര്‍ പവ്വത്തിലിന്റെ ഹിപ്പോക്രസി തുറന്നുകാട്ടുന്നതിന് എഴുതിയ ഒരു ഗൂഢോപഹാസ ലേഖനമാണ്.

'മാര്‍ത്തോമ്മായുടെ  നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക!

ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുകയാണ്. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മാര്‍ത്തോമ്മായുടെ നിയമത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'- പേജ് 71) മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി അദ്ദേഹം വളരെ കാര്യങ്ങള്‍ തുടര്‍ന്നുപറയുന്നുണ്ട്. ഏതാനും ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:
(ശ) ''ഇന്‍ഡ്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ''മാര്‍ത്തോമ്മായുടെ നിയമം'' എന്ന പദം അവരുടെ ദൈവശാസ്ത്രപരവും ആരാധനാക്രമപരവും പള്ളികൂട്ടായ്മാപരവുമായ സന്യാസ-സാമൂഹ്യ-സാംസ്‌കാരിക ജീവിതശൈലീസവിശേഷതയെ വേണ്ടത്ര പ്രകടിപ്പിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് പോര്‍ട്ടുഗീസുകാരും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഡോം മെനെസിസ്, ശിക്ഷയ്ക്കു കീഴില്‍, ആര്‍ച്ചുഡീക്കനോട് മാര്‍ത്തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുമായുള്ള ആദ്യകാലബന്ധങ്ങളില്‍ മാര്‍ത്തോമ്മായുടെ നിയമം ഒരു സംഘട്ടനവിഷയമോ പാഷണ്ഡതാവിഷയമോ ആയിരുന്നില്ല എന്ന് പൊതുവെ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതൊരു പാഷണ്ഡതയായി മുദ്രകുത്തിയത്, റോമായുടെയും പോര്‍ട്ടുഗീസുകാരുടെയും സമ്പ്രദായങ്ങളെ മലബാറിലേക്ക് കടത്തിവിടുന്നതിന് പരിശ്രമിച്ചപ്പോള്‍, ഇത് (മാര്‍ത്തോമ്മായുടെ നിയമം) ഒരു വിലങ്ങുതടിയായി കണ്ടതിനുശേഷം മാത്രമാണ്. മാര്‍ത്തോമ്മാക്രൈസ്തവര്‍ മാര്‍ത്തോമ്മായുടെ നിയമത്തെ അമൂല്യനിധിയായി തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചു. കാരണം, അത് മാര്‍ത്തോമ്മായില്‍നിന്നും പൈതൃകമായി ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തെ മഹത്തായ ഒരു പൈതൃകമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അവരുടെ ആദ്ധ്യാത്മികജീവിതത്തില്‍ അവര്‍ക്കത് എല്ലാമെല്ലാമായിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്. ഒരേസമയം പൗരസ്ത്യവും, മലബാറിയനുമായ ഇത് മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ഏറ്റവും അനുയോജ്യവുമായിരുന്നു''(പേജ് 72).
(ശശ)  ''അവര്‍ക്ക് അവരുടേതായ ഒരു പള്ളിക്കൂട്ടായ്മാവിജ്ഞാനീയം (Ecclesiology) ഉണ്ടായിരുന്നു. അതില്‍ പ്രാദേശികസഭകളുടെ ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സമ്മേളിക്കപ്പെട്ടിരുന്ന പള്ളിയോഗം, ദൈവജനത്തിന്റെ പള്ളിക്കൂട്ടായ്മാവിജ്ഞാനീയത്തിന്റെ യഥാര്‍ത്ഥ രൂപമായിരുന്നു. സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രത്യക്ഷീകരണമായിരുന്നു അത്. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. ''മന്റം'' എന്നറിയപ്പെട്ടിരുന്ന ദ്രവിഡിയന്‍ ഗ്രാമസഭയാണ് പള്ളിയോഗം എന്ന പ്രാദേശികസമിതിയുടെ രൂപീകരണത്തിന് പ്രേരണയായത് എന്നു തോന്നുന്നു. പങ്കുവെയ്ക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രത്യക്ഷീകരണമായിരുന്നു അത്'' (പേജ് 72).
(ശശശ) “''മാര്‍ത്തോമ്മാക്രൈസ്തവസഭയ്ക്ക് അതിന്റേതായ ശിക്ഷണക്രമമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈ ശിക്ഷണക്രമം തികച്ചും ദേശീയമായിരുന്നു. പ്രാദേശികസഭകളുടേതായ ഒരു ദൈവശാസ്ത്രമായിരുന്നു അവരുടെ ശിക്ഷണക്രമത്തിന്റെ അടിത്തറ രൂപീകരിച്ചത്. ദൈവജനത്തിന്റെ കൂട്ടായ്മയായാണ് സഭയെ കണ്ടിരുന്നത്. കുടുംബത്തലവന്മാര്‍ പള്ളിയോഗത്തില്‍ പ്രാതിനിധ്യം വഹിച്ചിരുന്നു'' (പേജ്, 74).
(ശ്) “''പ്രാദേശികസഭകളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് ഇടവകയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും പ്രാദേശികപുരോഹിതരുടെയും സമിതിയായിരുന്നു. ഏറ്റവും പ്രായംചെന്ന വൈദികനാണ് ദേശത്തുപട്ടക്കാരുടെ അദ്ധ്യക്ഷന്‍. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പള്ളിഭരണം അവരുടെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ് ക്കാരിക പശ്ചാത്തലത്തില്‍ വികസിച്ചതായിരുന്നു. അതിനു മൂന്നു തട്ടുകളുണ്ടായിരുന്നു: (1) പ്രാദേശികതലത്തില്‍ പള്ളിയോഗം, (2) സാമുദായികതലത്തില്‍ ആര്‍ച്ച്ഡീക്കന്‍യോഗം, (3) ആദ്ധ്യാത്മികശ്രേണീതലത്തില്‍ മെത്രാനും പാത്രിയാര്‍ക്കീസും'' (പേജ് 75, 76).
നമ്മുടെ പൈതൃകവും പാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലുള്ള പള്ളിഭരണസമ്പ്രദായം ഏതെന്ന് റവ.ഡോ. കൂടപ്പുഴ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയോഗത്തിന്റെ അധികാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും  പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. സഭാസമൂഹത്തില്‍നിന്ന് തത്ക്കാലത്തേയ്ക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു.
പ്രാദേശികതാത്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം - പേജ് 282).’’
മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് മെത്രാന്മാര്‍ക്ക് പള്ളിയുടെ സ്വത്തുക്കളുടെമേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് റവ.ഡോ. കുറിയേടത്ത് ഇങ്ങനെ എഴുതുന്നു: ''മെത്രാന്മാര്‍ സമുദായത്തിന്റെ വക സമ്പത്തിന്റെ ഭരണകാര്യത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി പറയുന്നത് മെത്രാന്മാര്‍ ഇത്തരം അധികാരം പ്രയോഗിച്ചിരുന്നില്ല എന്നാണ്'' (Athourity in the Catholic Community, Page 86 - തര്‍ജ്ജമ സ്വന്തം).
ഒരു വ്യക്തിസഭയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭാരത നസ്രാണിസഭയില്‍, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച്, ഭൗതികഭരണത്തില്‍ പൂര്‍ണ്ണ അധികാരമുള്ള ഇടവകയോഗങ്ങളെ പുനഃസ്ഥാപിക്കുകയും മെത്രാന്മാര്‍ ആദ്ധ്യാത്മികതലത്തില്‍ മാത്രം അവരുടെ പ്രവര്‍ത്തനമണ്ഡലം ഒതുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നസ്രാണികളുടെ പാരമ്പര്യവും പൈതൃകവും മാര്‍ത്തോമ്മായുടെ നിയമമാണെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെ ഒരു തീരുമാനമായി സിനഡ് അംഗീകരിക്കണം. അതിനായി സഭയ്ക്കുള്ളില്‍ തീവ്രമായ ബോധവല്‍ക്കരണശ്രമങ്ങള്‍ ആവശ്യമാണ്.

No comments:

Post a Comment