ജോര്‍ജ് മൂലേച്ചാലില്‍
(യേശുവിനോടൊപ്പം അവശേഷിച്ചവരില്‍ ഭയവും സംഭ്രമവും വളരുന്നു. ചിലര്‍കൂടി ഓടിപ്പോവുന്നു. ബാക്കിയായ രണ്ടുപേരോട് പോലീസുകാര്‍, 'അപ്പോള്‍ നീ ഇവന്റെ കൂടെത്തന്നെയാ അല്ലേടാ', എന്ന് ലാത്തി വീശിക്കൊണ്ടുചോദിക്കുകയും ''അയ്യോ അല്ലേ'' എന്നു നിലവിളിച്ചുകൊണ്ട് അവര്‍ ഓടുകയും ചെയ്യുന്നു. കുരിശു താങ്ങി നില്‍ക്കുന്നയാള്‍ പരുങ്ങുന്നതുകണ്ട് ഒരു പോലീസുകാരന്‍ അയാളോട് ''അപ്പോള്‍ നിനിക്കീ കുരിശില്‍ കിടന്നുതന്നെ ചാകണം; അല്ലേടാ റാസ്‌ക്കല്‍'' എന്നു പറഞ്ഞു ആഞ്ഞടിക്കുകയും, 'അയ്യോ വേണ്ടേ' എന്നു നിലവിളിച്ചുകൊണ്ട്, അയാള്‍ കുരിശ് യേശുവിന്റെ തോളില്‍ ചാരി ഓടി രക്ഷപ്പെടുകയും ചെയ്യുന്നു)
ഒരു പോലീസ് : (പരിഹാസത്തോടെ) ഓ! ഇത്രയെയുണ്ടായിരുന്നുള്ളോ ഈ ഓശാനക്കാരുടെ ഉശിര്? (യേശുവിനെ നോക്കുന്നു) ഇപ്പോള്‍ നിനക്കും ഒന്നോടിയാല്‍ കൊള്ളാമെന്നുണ്ടാകും അല്ലടാ (പെട്ടെന്ന് മുഖം രൂക്ഷമാവുകയും 'കഴുവേറീ' എന്നലറിക്കൊണ്ട് ഓര്‍ക്കാപ്പുറത്തെന്നപോലെ യേശുവിന്റെ അടിവയറിനിട്ട് ആഞ്ഞു കുത്തുകയും ചെയ്യുന്നു) ഹ് ആ! ഇനി ഓടിക്കോ നല്ല സ്പീഡായിരിക്കും. ഹ ഹാ...ഹാ!..(അയാള്‍ അട്ടഹസിക്കുന്നു. യേശു വേദനകൊണ്ടു പുളയുന്നു. ആള്‍ക്കാരില്‍ കുറേപ്പേര്‍, അയ്യോ കഷ്ടം! എന്ന് സഹതപിച്ചു കരയുകയും മറ്റുചിലര്‍, മുട്ടിന്മേല്‍ നിന്നു കൊന്തയുരുട്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു)
മറ്റൊരു പോലീസ് : (പരിഹാസത്തോടെ) അല്ലാ, ഇവനിപ്പം എങ്ങോട്ടെങ്കിലും ഓടിപ്പോ യാല്‍ത്തന്നെ എന്താ ഒരു കുഴപ്പം? എവിടെവച്ചു പിടിച്ചാലും അവിടെത്തന്നെ തറയ്ക്കാന്‍ എവിടെയും വേണ്ടത്ര കുരിശുകള്‍ നമുക്കുണ്ടല്ലോ.
പോലീസ് മേധാവി : ഇവന്‍ പാവമാണെന്നു കരുതേണ്ട. അസ്സല്‍ ഭീകരനാണിവന്‍. ഇവന്റെ ആള്‍ക്കാര്‍ കാടുകളിലും മലകളിലും ഒക്കെ താവളമടിച്ചിട്ടുണ്ടാകും. ഇവനെ സൂക്ഷിക്കണം.
ഒരു പോലീസ് : (യേശുവിനോട്) എടാ തെണ്ടീ! നീ നക്‌സല്‍ ആണോടാ? എവിടെയാടാ നിന്റെ ആള്‍ക്കാര്‍ താവളമടിച്ചിരിക്കുന്നത്? (യേശു മിണ്ടുന്നില്ല. അയാളുടെ മുഖത്ത് കോപം ഇരച്ചു കയറുകയും യേശുവിനെ ആഞ്ഞുതൊഴിക്കുകയും ചെയ്യുന്നു) പറയെടാ ഏതു കാട്ടിലാടാ നിന്റെ താവളം? (വീണ്ടും അടിക്കാന്‍ കൈ ഓങ്ങുന്നു. അപ്പഴേയ്ക്കും)
അച്ചന്‍ : ഓ, സാരമില്ലെന്നേ (എന്നു പറഞ്ഞുകൊണ്ട്, നിസ്സാരഭാവത്തില്‍, ആ അടി തടയുന്നു. എന്നിട്ട് വിജയഭാവത്തില്‍ പോലീസ് മേധാവിയോട്) ഓരോ കാടും മലയും ഞങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രമാക്കിക്കഴിഞ്ഞു. (അഭിമാനത്തോടെ) ഞങ്ങള്‍ എവിടെയും കുരിശിനു ക്ഷാമം വരുത്തിയിട്ടില്ല.
മേധാവി : (അഭിനന്ദനസ്വരത്തില്‍) വളരെ നല്ലത്! അതെ, നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ തീര്‍ത്തും കുറ്റമറ്റതായിരിക്കുന്നു.
(യേശുവിന്റെ അടുത്തേയ്ക്ക് അച്ചന്‍ ഒരു വിജയഭാവത്തില്‍ നടന്നു ചെല്ലുന്നു. രംഗം കൂടുതല്‍ നിശ്ശബ്ദമാകുന്നു. ഒരവസാന ‘offer’ അഥവാ ‘bargain’ എന്നപോലെ, യേശുവിന്റെ ചെവിയിലേയ്ക്ക് രഹസ്യത്തില്‍, എന്നാല്‍ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍)
അച്ചന്‍ : അള്‍ത്താരയോ കുരിശോ എന്ന് ഇപ്പോള്‍ തീരുമാനിച്ചു കൊള്ളുക.
യേശു : (എല്ലാവരോടുമെന്നപോലെയും, ആത്മഗതമെന്നപോലെയും, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന സ്വരത്തില്‍) ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കുവാന്‍ അവനെന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും, അന്ധര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍, ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
പോലീസ് മേധാവി : ങ്‌ഹേ! ഇതു തനി വിപ്ലവമാണല്ലോ.
അച്ചന്‍ : (യേശുവിന്റെ അടുത്തുനിന്ന് പിന്തിരിഞ്ഞിട്ട്) അതെ, ഇവന്‍ വിപ്ലവം പ്രസംഗിക്കുന്നു. (ആള്‍ക്കാരുടെ നേരെ തിരിഞ്ഞ്) നമ്മുടെയിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വന്നിരിക്കുന്നതെന്ന് ഇവന്‍ ഇവിടെ പറഞ്ഞത് നിങ്ങള്‍ കേട്ടതല്ലയോ?
(പ്രമാണിമാരടക്കം ഏതാനും പേര്‍, 'ഞങ്ങള്‍ കേട്ടതാണ്' എന്ന് ഉടനെതന്നെ പറയുന്നു. എന്നാല്‍, നിസ്സഹായതയോടെ കരയുന്നവരുടെയും പ്രാര്ത്ഥിക്കുന്നവരുടെയുമിടയി
അച്ചന്‍ : (അധികാരത്തോടെ) നിങ്ങളോടാണു ചോദിക്കുന്നത്. ഇവന്‍ അങ്ങനെ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ?
(അവരില്‍നിന്നും പക്ഷേ, വിലാപത്തിന്റെയും പ്രാര്‍ത്ഥനയുടെയും സ്വരം കൂടുതലായുയരുകയാണു ചെയ്യുന്നത്. ഇത് ശ്രദ്ധിച്ച്, യേശു അവരുടെ നേരെ തിരിഞ്ഞ്)
യേശു : (അവരോട്) നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും ഓര്‍ത്തു കരയുക...
(തുടരും)
No comments:
Post a Comment