Translate

Monday, April 30, 2012

അടുത്തത് ഒരു ക്രൈസ്തവ പ്രസിഡന്റ്‌ ആവട്ടെ: ഇതു വര്ഗീയതയല്ല


അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു ക്രൈസ്തവനെ നാമനിര്‍ദേശം ചെയ്യണമെന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തെ വര്‍ഗീയമായി കാണുന്ന ചിലരെങ്കിലും ഉണ്ട്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ നിര്‍ദേശത്തില്‍ വര്‍ഗീയത ഉള്ളതായി എനിക്കു തോന്നുന്നില്ല.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഇതര ജനാധിപത്യ രാഷ്ട്രങ്ങളില്‍നിന്നും തികച്ചും വിഭിന്നമായ ഒരു പാതയാണ് സ്വീകരിച്ചത്. ഭരണഘടനയും രാഷ്ട്രീയ പാരമ്പര്യവും ഇന്ത്യന്‍ സമൂഹത്തിന്റെ  വൈവിദ്ധ്യ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിച്ചുപോന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രത്യേകത ഇന്ത്യയിലെ ജനങ്ങളെ വര്‍ഗങ്ങളായിതന്നെ കണ്ടുകൊണ്ടാണ് ഭരണഘടന രചിച്ചത് എന്നതാണ്. ഭരണഘടനയുടെ  ആമുഖത്തില്‍ തന്നെ ഈ വൈവിദ്ധ്യം എടുത്തു പറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്.

''ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം: സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവര്‍ക്കെല്ലാമിടയില്‍ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും'' ആണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തത്.

ഭരണഘടന 29-ാം വകുപ്പ് ഇങ്ങനെ പറയുന്നു: ''(1) ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ ലിപിയോ സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.''

ഭാരതത്തിന്റെ വൈവിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ട് സാഹോദര്യം പുലര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭരണഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. പദവിയിലും അവസരത്തിലും സമത്വം പുലര്‍ത്തണമെന്നതാണ് ഭരണഘടനയുടെ ലക്ഷ്യം.

വൈവിദ്ധ്യത്തെ അലങ്കാരമായി കരുതുന്ന ഈ ഭാരതത്തില്‍ പദവികള്‍ തുല്യമായി പങ്കുവയ്ക്കുന്നതിനുള്ള പാരമ്പര്യം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കഴിഞ്ഞ 60 കൊല്ലക്കാലമായി പ്രസിഡണ്ട് പദവിയും വൈസ് പ്രസിഡണ്ട് പദവിയും ഭൂരിപക്ഷ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മാറിമാറി നല്‍കിപ്പോന്നു. ഈ ക്രമം തുടരണമെന്നും ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരെ അവഗണിക്കരുത് എന്നും ചൂണ്ടിക്കാണിക്കുന്നത് വര്‍ഗീയതയല്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉദ്ദര്‍ശനം ചെയ്തിരിക്കുന്ന അവസരസമത്വത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്.

ദളിത് സംഘടനകള്‍ മുന്നോട്ടു വന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ശ്രീ. കെ. ആര്‍ നാരായണനെ വൈസ്പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. ദളിത് സംഘടനകളുടെ ആവശ്യത്തെ ആരും വര്‍ഗീയമായി കണ്ടില്ല. മറിച്ച് ആ ആവശ്യത്തിനു പിന്നിലുള്ള തുല്യ പദവി എന്ന ഭരണഘടനാശാസന അനുസരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായത്. ദളിത് സംഘടനകള്‍ അന്ന് ആരുടെയും പേരു പറഞ്ഞില്ല. മറിച്ച് രാഷ്ട്ര ക്രമത്തില്‍ അനുവര്‍ത്തിക്കേണ്ട തുല്യതയെയാണ് ഉയര്‍ത്തിപ്പിടിച്ചത്.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതു മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ പ്രസിഡണ്ടാകാന്‍ യോഗ്യതയുള്ള ക്രൈസ്തവനെ കണ്ടുപിടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയാണ്. ഇക്കാലമത്രയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിച്ചുപോന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും അങ്ങനെതന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തിന്റെ പിന്നിലുണ്ടായിരുന്നതെന്ന് തോന്നുന്നു.

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സഭയ്ക്കുള്ളില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ആ സംഘടന പൊതു സമൂഹത്തില്‍ ക്രൈസ്തവര്‍ക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെടുന്നത് ഒരിക്കലും വര്‍ഗീയമല്ല. തങ്ങളുടെ സമൂഹത്തോടും രാഷ്ട്രത്തോടുമൂള്ള കടമനിര്‍വഹണമായിട്ടാണ് ഇതിനെ കാണേണ്ടത്. എന്തുകൊണ്ട് ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ മെത്രാന്മാര്‍ അലംഭാവം പ്രകടിപ്പിച്ചു എന്ന ഒരു അഭിപ്രായം കണ്ടു. ഇത്തരം കാര്യങ്ങളില്‍ മെത്രാന്മാര്‍ ഇടപെടരുതെന്നുതന്നെയാണ് എന്റെ അഭിപ്രായം. ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ തുല്യതയ്ക്കുവേണ്ടി പരിശ്രമിക്കേണ്ടത് ക്രൈസ്തവ സംഘടനകളാണ്. മെത്രാന്മാര്‍ ആദ്ധ്യാത്മിക പരിപോഷകരാണ്. ആ രംഗത്താണ്, ആ രംഗത്തു മാത്രമാണ് അവര്‍ അഭിപ്രായം പറയേണ്ടത്.

ജോസഫ് പുലിക്കുന്നേല്‍

7 comments:

  1. ക്രൈസ്തവരില്‍ തന്നെ ന്യൂന പക്ഷമായ ക്നാനായക്കാരില്‍ നിന്നാകട്ടെ ആദ്യ പ്രസിഡണ്ട്‌....

    ReplyDelete
    Replies
    1. ഇവിടെ നടന്ന prasidandu ചര്‍ച്ചയില്‍ അഭിപ്രായം പറയാഞ്ഞത് , ലജ്ജകൊണ്ടായിരുന്നു , അല്പം ലജ്ജ മാറിയപ്പോള്‍ , എന്‍റെ അഭിപ്രായം പറയട്ടെ , നാരായണനെ ദളിതനായും, കലാമെന്ന പ്രതിഭയെ , മുസ്ലീമായും , ഗ്യാനിയെ സിക്കുകാരനായും , നീലത്തെ ഹിന്ദുവായും കാണുന്ന നാം ഇനിയും വളരണം .മനുഷത്വമുള്ള ഏതെങ്കിലും ഒരാളായിരിക്കണം എന്നെ നാം ചിന്തിക്കാവൂ . ബാക്കിയുള്ളതൊക്കെ ഒരു തരാം വര്‍ഗീയതയാണ് .ഇങ്ങിനുള്ള പദവികള്‍ ജാതിമത ചിന്തകള്‍ക്കതീതാമായ വ്യക്തിത്വങ്ങല്‍ക്കെ നല്‍കാവൂ . പ്രതിഭയില്ലാത്ത പ്രതിഭ യേക്കാള്‍ , എത്രയോ ലക്ഷം വ്യക്തിത്വങ്ങള്‍ , ഇന്ത്യയിലുണ്ടായിരുന്നു , എന്നിട്ടും അങ്ങിനെ സംഭവിച്ചു .
      ഇനി ക്രിസ്ത്യന്‍ കൌണ്‍സിലിനെ സന്തോഷിപ്പിക്കാന്‍ ,ഒരു പേരുകൊണ്ട് ക്രിസ്ത്യാനിയായ , എം . എ ബേബിയോ , തോമസ്‌ ഐസക്കോ , അരക്കപ്പരംപില്‍ ആന്റണിയോ , ആയാല്‍ ക്രിസ്ത്യാനിക്ക്
      ഗുണത്തിനുപകാരം ദോഷമേ വരൂ എന്നാരക്കാനരിയാത്തത്.
      നമ്മുടെ ആല്‍മായ ശബ്ദത്തില്‍ , എന്‍റെ ഭാവനയിലെ പ്രസിടണ്ടിന്റെ ഗുണഗണങ്ങള്‍ ഒക്കെ ഏറെക്കുറെ ഇണങ്ങുന്ന ഒരു വ്യക്തിത്വമുണ്ട് . ആരോടും പ്രത്യേകിച്ച് പകയില്ലാത്ത , ചിന്തകനായ ശ്രീ നെടുംകനാല്‍ . അദ്ദേഹത്തിന്‍റെ ചിന്തകള്‍ ഞാന്‍ വായിച്ചു അഭിപ്രായം പറയാത്തത് , അത്രയും ഉയരത്തില്‍ ചിന്തിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് . ഞാനുള്‍പ്പെടെ മറ്റുപലരും എഴുതുന്നത്‌ , ഏതെങ്കിലും വ്യക്തിയെയോ പ്രസ്ഥാനത്തെയോ , വളര്‍ത്താനോ തളര്‍ത്താനോ ആണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അതുകൊണ്ട് നമ്മുടെയിടയില്‍ ഒരു ഇന്ത്യന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു നടന്നാല്‍ എന്‍റെ വോട്ടു നെടുംകനാലിനു തന്നെ . എന്‍റെ പല അയോഗ്യതകളിലോന്നു ബൈബിള്‍ മാത്രം ശരിയെന്നു വിശ്വസിക്കുന്നു എന്നതാണ് . കഠിനമായ ഒരു മതവിശ്വാസിയും ഈ പദവി അലങ്കരിക്കാന്‍ പാടില്ല എന്നാണു എന്‍റെ മതം . നമ്മുടെ രാജ്യം ഐഹീകമായിരിക്കരുത് . ഇതൊക്കെ വായിക്കാന്‍ ക്രിസ്ത്യാനിക്കെവിടെ സമയം .

      Delete
    2. ഇത് വായിക്കുമ്പോള്‍ ഓര്‍മ്മവരുന്ന ഒരു നര്‍മ്മം . ( സംഭവിച്ചതോ എന്നറിയില്ല ) . ക്രിസ്ത്യാനിയും ,കത്തോലിക്കനും ,സര്‍വോപരി ക്നനയക്കാരനുമായിരുന്ന ജോസഫ് ചാഴികാടന്‍ M.L.A ആയിരുന്നപ്പോള്‍ , നടന്ന സംഭവം . നിയമസഭയില്‍, ഇന്ത്യ ആഫ്രിക്കയില്‍നിന്ന് ഇരുപത്തഞ്ചു കണ്ടാമൃഗത്തെ ഇറക്കുമതി ചെയ്ത കാര്യത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ ഉറക്കത്തിലായിരുന്ന വക്കീല്‍ , ഉറക്കമുണര്‍ന്നപ്പോള്‍ കേട്ടത് ഇരുപത്തിയഞ്ച് എണ്ണത്തിന്റെ കാര്യമാണ് . ഉടന്‍തന്നെ ചാടിയെഴുന്നേറ്റു പറഞ്ഞു , അതില്‍ പത്തു കത്തോലിക്കനും , പത്തില്‍ രണ്ടു ക്നാനയക്കാരനുമായിരിക്കണമെന്നു .

      Delete
    3. സംഭവം നടന്നതുതന്നെ എന്നാണ് എന്റെ അറിവ്. കഥാപാത്രം ചാഴികാടനായിരുന്നില്ല, തര്യതു കുഞ്ഞിത്തൊമ്മനായിരുന്നു എന്നും ക്‌നാനായക്കാരനുവേണ്ടി അദ്ദേഹം പ്രത്യേകം സംവരണം ചോദിച്ചില്ലെന്നും ആണ് എന്റെ അറിവ്.

      Delete
    4. തിരുത്തലിനു നന്ദി ശ്രീ Josantony.
      ചെറുപ്പത്തില്‍ ചങ്ങാതിമാരുമായി വട്ടത്തിലിരുന്നു സംസാരിച്ചപ്പോള്‍ കേട്ട ഒരു ഫലിതമായിരുന്നു . സാധാരണ നമ്മള്‍ മലയാളീസ് കേള്‍ക്കുന്ന കാര്യങ്ങളോട് , നമ്മുടെ ഭാവനയും കൂട്ടിചെര്‍ക്കരുണ്ടല്ലോ . പലപ്പോഴും ചരിത്രവും ഇങ്ങനെയൊക്കെത്തന്നെ .

      Delete
  2. "ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സഭയ്ക്കുള്ളില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ആ സംഘടന പൊതു സമൂഹത്തില്‍ ക്രൈസ്തവര്‍ക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെടുന്നത് ഒരിക്കലും വര്‍ഗീയമല്ല. തങ്ങളുടെ സമൂഹത്തോടും രാഷ്ട്രത്തോടുമൂള്ള കടമനിര്‍വഹണമായിട്ടാണ് ഇതിനെ കാണേണ്ടത്."

    എന്തോ കാതലായ ചിന്താക്കുഴപ്പം ബഹുമാന്യനായ പുലിക്കുന്നേല്‍ സാറിന് ഇവിടെ സംഭവിച്ചില്ലേ എന്നു ചോദിച്ചുപോകുന്നു. ആദ്യം നമ്മള്‍ ഇന്ത്യാക്കാരും അത് കഴിഞ്ഞുമാത്രം ഏതിങ്കിലും സമുദായത്തിലെ അംഗങ്ങളും ആണെന്ന്‌ ചിന്തിച്ച് ശീലിച്ചിരുന്നെങ്കില്‍, ഈ വിധത്തിലുള്ള "നീതിക്ക്"വേണ്ടി നാം തൂലിക ഉപയോഗിക്കുകയില്ലായിരുന്നു.

    ഔദ്യോഗികമായ സ്ഥാനങ്ങള്‍ പൊതു ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്നു എന്നു മനസ്സിലാക്കാതെ, അവയെ സ്വന്തം സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും സമുദായത്തിന്റെയുമൊക്കെ പ്രത്യേക പരിഗണനക്കായി ഉപയോഗിക്കുന്നത് സാമാന്യ പെരുമാറ്റരീതിയായിപ്പോകുന്ന ഒരു തഴക്കം പണ്ടുമുതലേ ഉള്ളതുകൊണ്ടാണ് ഈവിധത്തിലുള്ള സങ്കുചിത ചിന്തകള്‍ ന്യായീകരിക്കാന്‍ ആര്‍ക്കും വിഷമം തോന്നാത്തത്. പാലായിലേയ് ക്ക് അല്ലെങ്കില്‍ കോട്ടയത്തേയ്ക്ക് മാത്രം ശ്രീ മാണിയും, പൂഞ്ഞാറ്റിലേയ്ക്ക് അല്ലെങ്കല്‍ കാഞ്ഞിരപ്പള്ളിയിലെയ്ക്ക് മാത്രം ശ്രീ പി.സി. ജോര്‍ജ്ജും പിറവത്തെയ്ക്ക് അവിടത്തുകാരനായ പുതിയ മന്ത്രിയും കിട്ടുന്ന ഫണ്ട് എല്ലാം വഴിതിരിച്ചുവിട്ട് വികസനം കൊണ്ടുവന്നാല്‍, സംസ്ഥാനത്തിന്റെ പൊതുവളര്ച്ചയില്‍ ശ്രദ്ധിക്കാന്‍ പ്രത്യേക മന്തിമാരെ തെരഞ്ഞെടുക്കേണ്ടി വരില്ലേ? വാസ്തവത്തില്‍ ഈ വിധത്തിലല്ലേ നമ്മള്‍ ജനവും നമ്മുടെ നേതാക്കളും എപ്പോഴും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും? ഇത്ര പ്രാദേശികമായും ജാതിയെ മുന്നിരുത്തിയും മാത്രം ചിന്തിക്കാനേ നേതൃസ്ഥാനങ്ങളില്‍ ചെന്നു പറ്റുന്നവര്‍ക്കും സാധിക്കൂ എന്നതുകൊണ്ടല്ലേ, പറ്റുന്നിടത്തൊക്കെ ഞമ്മന്റെ ആള്‍ക്കാര്‍ കയറിപ്പറ്റണം എന്ന സ്വാര്‍ര്‍ത്ഥതയെ ധാര്‍മ്മികതയായി കരുതാന്‍ നമുക്ക് ഒരു നാണവും തോന്നാത്തത്? ഇന്ത്യയെ തന്റെ മാതൃ രാജ്യമായി കാണുന്നവര്‍ ഒരിക്കലും സ്വന്തം കൂട്ടത്തില്‍ നിന്നു തന്നെ ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ വേണം എന്നു ഒരിക്കലും ആഗ്രഹിക്കില്ല. കഴിവും മന:ശുദ്ധിയും ഉള്ളവര്‍ നേതൃസ്ഥാനത്ത് വരണം എന്നതാണ് പരമപ്രധാനം.

    ReplyDelete
  3. രാഷ്ട്രപതിപദത്തിന് ഭാരതത്തിനു വേണ്ടത് ഗീതയോ ബൈബിളോ ഖുറാനോ വായിക്കുവാന്‍ പ്രാപ്തനായവനെയല്ല. ഇന്നത്തെ ഭരണകൂടമെന്നു പറയുന്നത് സോണിയയുടെ കൈപത്തിക്കുള്ളില്‍ അമ്മാനംആടുന്ന നിസഹായരായ ചില വ്യക്തിത്വങ്ങളുടെ സംവിധാനമാണ്.മാറ്റം കൂടിയേതീരൂ.

    പുതിയതായി വരുന്ന പ്രസിഡണ്ട്‌ റബ്ബര്‍സ്റ്റാമ്പ് ആകാതെ ഏതു സാഹചര്യത്തിലും
    ഭരണം മുമ്പോട്ടുകൊണ്ടുവാന്‍ കഴിവുള്ളവന്‍ ആയിരിക്കണം.ഭാരതസര്‍വ്വപീഠം അലങ്കരിക്കേണ്ട ഒരു നേതാവിന്‍റെ തിരഞ്ഞെടുപ്പെന്ന് പറയുന്നത് മാര്‍പാപ്പയുടെയോ ആലംചെരിയുടെയോ തിരഞ്ഞെടുപ്പുപോലെയല്ല. അവിടെ കുഞ്ഞാലിക്കുട്ടിയോ പനയ്ക്കലച്ചനോ, ക്രിസ്ത്യാനിയോ പ്രസിഡണ്ടാകണമെന്നല്ല ദേശസ്നേഹികള്‍ ചിന്തിക്കേണ്ടത്.

    സമുദായന്യൂനപക്ഷ ചിന്താഗതിക്കാര്‍, ക്രിസ്ത്യാനി വേണമെന്നു ചിന്തിക്കുന്നവര്‍ മുക്കര്‍ജിയെക്കാള്‍ പാടവമുള്ള ഒരു ഭരണാധികാരിയെ കണ്ടെത്തട്ടെ. അനുകൂലിക്കാം.ഭാരതം സാമ്പത്തിക ശക്തിയാകണമെന്നു ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ പ്രേംജിയെക്കാള്‍, രത്തന്‍ ടാറ്റയെക്കാള്‍ ദീര്‍ഘദൃഷ്ടിയുള്ളവരെ കണ്ടെത്തട്ടെ. ഞാന്‍ പുലിക്കുന്നന്‍ സാറിന്‍റെ ആശയങ്ങളില്‍ പങ്കുചേരാം.
    ഭാരതത്തെ ടെക്കനോളജി യുഗത്തില്‍ കാണുവാന്‍ സ്വപ്നം കാണുന്ന ക്രിസ്ത്യാനികള്‍ പ്രഗത്ഭനും രാഷ്ട്രപതിപദവി ഒരിക്കല്‍ അലങ്കരിച്ചയാളുമായ അബ്ദുല്‍ക്കലമിനെക്കാള്‍ മെച്ചമായ നേതാവിനെയും തേടട്ടെ.അദ്ദേഹത്തിനു വയസു എണ്പതുമായല്ലോ. മഹാത്മാഗാന്ധിജിയുടെ പൌത്രന്‍ എന്ന നിലയില്‍ ചിലര്‍ക്കു ഗോപാല ഗാന്ധിയെ വേണം.വിദ്യാഭ്യാസ ചിന്തകരും വേദാന്തികളുമെല്ലാം നിറഞ്ഞ നിറകുടം തന്നെയാണ് ഭാരതമെന്നും സംശയമില്ല. അവിടെ ക്രിസ്ത്യാനിയെ കണ്ടെത്തുവാനും ബുദ്ധിമുട്ടില്ല. എല്ലാവര്ക്കും ദേശീയരാഷ്ട്രീയത്തെക്കാളുപരി വ്യക്തിസാമുദായിക താത്പര്യംതന്നെ മുന്നില്‍വേണം. അതും വൈവിധ്യനിറങ്ങളുള്ള ഭാരതത്തിനു ഒരു യോഗ്യതയായിരിക്കാം.

    ഏതായാലും ക്രിസ്ത്യാനി പ്രസിഡണ്ട് തിരച്ചിലില്‍ ദേശീയലെവലില്‍
    ആന്റണിയുടെ പേരും കേള്‍ക്കുന്നുണ്ട്. നല്ല ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിനും മുക്കര്‍ജിയെപ്പോലെ ഭരണപാടവം ഉണ്ട്. അമേരിക്കന്‍ പ്രസിഡണ്ട്‌ ഭാരതത്തില്‍ വരുമ്പോള്‍ അര്‍ദ്ധയാജകനെപ്പോലെ വേഷംധരിച്ചു സ്വീകരിച്ചു ഭാരതത്തിന്‍റെ വിലകളയരുതെന്നും ആഗ്രഹിക്കുന്നു.ആന്റണിയെ തിരഞ്ഞെടുക്കുന്നുവെങ്കില്‍ അദ്ദേഹത്തെ നല്ലവണ്ണം ഡ്രസ്സ്ചെയ്യുവാന്‍ ഒരു ക്രാഷ് കോഴ്സിനു വിടുന്നതും നന്നായിരിക്കു. റബ്ബര്‍സ്റ്റാമ്പ് കുത്താനും പഠിപ്പിക്കണം അര്‍ദ്ധനഗ്നരായി ജീവിച്ചിരുന്ന നാല്പ്പതുകളിലെ ഇന്ത്യക്ക് മഹാത്മാഗാന്ധി ഒരു അലങ്കാരവും ഇന്നത്തെ ഭാരതത്തിനു ആന്റണിവേഷം ഒരു പരിഹാസവുമാണ്.

    വി.വി. ഗിരിയെപ്പോലെ ഒരു തൊഴിലാളിനേതാവിനെ ഇന്നത്തെ ടെക്കനോളജി ഭാരതത്തിനു ആവശ്യമില്ല.അതുകൊണ്ട് തൊഴിലാളി ക്രിസ്ത്യാനിയെ തേടാരുതെന്നും ക്രിസ്ത്യന്‍ സംഘടനകളോട് അപേക്ഷയുണ്ട്. ട്രാക്ട്ടരും കമ്പ്യൂട്ടറും അവര്‍ തല്ലിഉടയ്ക്കും.

    കേരള ക്രിസ്തിയന്‍ സംഘടനകള്‍ രാഷ്ട്രപതിയെ തേടുമ്പോള്‍
    കക്ഷിരാഷ്ട്രീയങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരി‍ക്കണം. സോണിയയെ തൂങ്ങിനില്‍ക്കുന്ന മനമോഹന്‍ സിംഗിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സഹായിക്കുവാനും കഴിവുണ്ടാകണം. ആ സ്ഥിതിക്ക് ചിന്തകനെയല്ല ആവശ്യം.പിപ്പിലാഥന്‍റെ അഭിപ്രായംപോലെ സാക്കിനു തല്‍ക്കാലം ഞാന്‍ വോട്ടു ചെയ്യുകയില്ല. Sorry.

    രാഷ്ട്രീയക്കളി പഠിച്ചുപയറ്റി വിജയിച്ചവനെതന്നെ കണ്ടുപിടിക്കണം. മാണിയായാലും കുഴപ്പമില്ല. രാഷ്ട്രപതിഭവനില്‍ പോവുന്നതിനു മുമ്പ് കഴുത്തിലെ വെന്തിങ്ങാ തല്‍ക്കാലം ഊരിവെച്ചിട്ട് അവിടെ താമസംആക്കട്ടെ. മന്‍മോഹന്‍ മന്ത്രിസഭ താഴെവീണാല്‍ ഭാരതത്തിലെ എണ്‍തുശതമാനം ഹിന്ദുക്കളെയും പതിന്നാലു ശതമാനം മുസ്ലിംകളെയും ഭരിക്കേണ്ടയാളല്ലേ. ആറു മാസംവരെ
    മന്ത്രിസഭ പിരിച്ചുവിട്ടു ഭരിക്കുവാനും അധികാരമുണ്ട്‌.

    രാഷ്ട്രതത്വസംഹിതകളും ആഗോളവല്‍ക്കരണവും അറിവുള്ള പ്രസിഡണ്ടിനെയാണ് നമുക്കാവശ്യം. ഇന്നു കേന്ദ്രം‌ സുസ്ഥിരമല്ലാത്തതും ബലഹീനരാലും ഭരിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ ആണ്. റബ്ബര്‍സ്റ്റാമ്പ് അല്ല വേണ്ടത്. രാഷ്ട്രീയം, സാമ്പത്തികം, സാംസ്ക്കാരികം, മൌലിക ചിന്താഗതികള്‍ ഒത്തിണങ്ങിയ ഒരു ക്രിസ്ത്യാനിയെ കണ്ടെത്തുമെങ്കില്‍ കേരള ക്രിസ്ത്യന്‍ കൌണ്‍സിലിനു അഭിവാദനങ്ങള്‍.

    നേരായ മാര്‍ഗത്തില്‍ നയിക്കുവാന്‍ കെല്‍പ്പുള്ള, രാഷ്ട്ര ഒത്തൊരുമ കൈവരുത്തുവാന്‍ കഴിവുള്ള ആഗോളസമാധാനം സ്വപ്നം കാണുന്ന
    ബ്യൂറോക്രാറ്റ് ചിന്താഗതികള്‍ക്ക് ഉപരിയായ, ഒരു ക്രിസ്ത്യാനിയായ നേതാവിനെ കേരള ക്രിസ്ത്യന്‍ ഫെഡറേഷനും രാഷ്ട്രീയപാര്‍ട്ടികളും ഒത്തു തിരഞ്ഞെടുത്താല്‍ ഉത്തമമായിരിക്കും. മതവും വൈവിധ്യതയും തത്ക്കാലം അങ്ങനെ ജയിക്കട്ടെ..നാനാത്വത്തില്‍ ഏകത്വം, കഷ്ടമേ ഭാരതം.

    ReplyDelete