Translate

Tuesday, April 10, 2012

ക്രിസ്തീയത എന്ത്? എന്തിന്?


ക്രിസ്തീയത സംബന്ധിച്ച് കുറെ ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ വ്യക്തിപരമായ ഉത്തരങ്ങളും പകര്‍ത്തുകയാണ്. അല്മായശബ്ദം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വ്യത്യസ്മായ ഉത്തരങ്ങളാവും ഉണ്ടാവുക. അവ വ്യക്തമാക്കാന്‍ ഈ പോസ്റ്റിന്റെ അടിയിലുള്ള കമന്റ് ബോക്‌സ് എല്ലാവരും ഉപയോഗിക്കണം എന്ന് ഒരഭ്യര്‍ഥനയുണ്ട്. ഈ ചോദ്യങ്ങളും ഇവയ്ക്കുള്ള ഉത്തരങ്ങള്‍ സ്വയം അന്വേഷിക്കലും നാം ഓരോരുത്തര്‍ക്കും നമ്മുടെ സമൂഹത്തിനും കൂടുതല്‍ ഉത്കര്‍ഷമുണ്ടാക്കും എന്ന പ്രതാശയോടെയാണ് ഞാന്‍ ഇതു പോസ്റ്റുചെയ്യുന്നത്.


എന്തിനാണ് അല്മായശബ്ദം എന്ന ഈ സ്വതന്ത്ര ചര്‍ച്ചാവേദി?
യേശുക്രിസ്തുവിന്റെ ഉദ്‌ബോധനങ്ങളെക്കാള്‍ സഭാധികാരികളുടെ കല്പനകള്‍ക്കു പ്രാധാന്യം നല്കുകയും അല്മായരെ അവഗണിക്കുകയും ചെയ്യുന്നത് സഭയ്ക്ക് വലിയ അധോഗതിയുണ്ടാക്കിയിട്ടുണ്ട്. അവ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട് അതിനു സഹായകമായ സംവിധാനങ്ങള്‍ കണ്ടെത്തുക എന്നതായിരിക്കണം ഈ ചര്‍ച്ചാവേദിയുടെ ലക്ഷ്യം.


യേശുക്രിസ്തുവിന്റെ പ്രധാന ഉദ്‌ബോധനങ്ങള്‍ എന്തായിരുന്നു?
അസഹിഷ്ണുവും തെറ്റുക
ള്‍  ചെയ്യുന്നവരോട് പ്രതികാരം ചെയ്തിരുന്നവനുമായ പഴയനിയമത്തിലെ യാഹ്വേയുടെ സ്ഥാനത്ത് തെറ്റുകള്‍ നിരുപാധികം പൊറുക്കുകയും ദുഷ്ടരുടെമേലും ശിഷ്ടരുടെമേലും ഒരുപോലെ മഴപെയ്യിക്കുകയും ചെയ്യുന്ന സ്‌നേഹസ്വരൂപനായ, പിതാവായ, ദൈവത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യേശു ആദ്യം ചെയ്തത്. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക, തന്റെ അയല്‍ക്കാരനെ തന്നെപ്പോലെ തന്നെ സ്‌നേഹിക്കുക എന്നീ രണ്ടു കല്പനകളില്‍ എല്ലാ ദൈവകല്പനകളും സംഗ്രഹിക്കാമെന്നും തന്നോടു മറ്റുള്ളവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരോടും പെരുമാറാന്‍ തയ്യാറായാല്‍ നിയമങ്ങളും പ്രവാചകരും പറഞ്ഞതെല്ലാം പ്രയോഗത്തില്‍ വന്നുകൊള്ളും എന്നും യേശു വ്യക്തമാക്കി. രക്ഷകനെ കാത്തിരുന്ന ഒരു ജനതയുടെ മുന്നില്‍ യേശു ഈ രക്ഷാമാര്‍ഗം കാണിച്ചുകൊടുത്തതേയുള്ളു. 


എങ്കില്‍ യേശുവിനെ മത-രാഷ്ട്ര സംവിധാനങ്ങള്‍ വധശിക്ഷയ്ക്കു വിധിച്ചത് എന്തിനായിരുന്നു? മതം, രാഷ്ട്രം എന്നീ രണ്ടു സംവിധാനങ്ങളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത നിയമങ്ങള്‍ അടങ്ങിയ അടിസ്ഥാനശിലകള്‍ തകര്‍ക്കുന്നതായിരുന്നു യേശുവിന്റെ നിലപാട്. ദൈവം സ്‌നേഹപിതാവാണെന്നും മനുഷ്യരെല്ലാം ദൈവമക്കളാണെന്നും ഒക്കെ സമ്മതിച്ചുകൊടുത്താല്‍ എത്രയെത്ര ചൂഷണോപാധികളാണ് ഇല്ലാതാവുക?


യേശുവിന്റെ കുരിശുമരണം മനുഷ്യവര്‍ഗത്തിന്റെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയായിരുന്നു എന്ന വിശ്വാസത്തെപ്പറ്റി എന്നു പറയുന്നു?


തന്നെ കൊല്ലും എന്ന് ഉറപ്പായപ്പോള്‍ യേശു തന്റെ മരണം അവരുടെയെല്ലാം പാപങ്ങള്‍ക്കുള്ള പരിഹാരബലിയായി ഗ്രഹിച്ചുകൊള്ളാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്, എന്തിനുമേതിനും രക്തബലികളാണ് പരിഹാരമെന്നു വിശ്വസിച്ചിരുന്ന തന്റെ സമുദായാംഗങ്ങളെ അവരുടെ അന്ധവിശ്വാസത്തില്‍നിന്നു മുക്തരാക്കാനായി ആയിരുന്നു.


വ്യക്തികളെ ആത്മീയോത്കര്‍ഷത്തിലേക്കു നയിക്കാന്‍ ആയിരുന്നില്ലേ യേശുവന്നത്? സഭ, സഭാനവീകരണം മുതലായവയ്ക്ക് യേശുവുമായി എന്തു ബന്ധം?


പ്രാര്‍ഥന വാതിലടച്ച് മുറിയിലിരുന്ന് രഹസ്യമായി ആയിരിക്കണം എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും യേശു ആത്മീയസാധനയുടെ പേരില്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു മാറി ജീവിക്കണം എന്നു വാദിക്കുന്നവരുടെ വക്താവായിരുന്നില്ല. ദൈവപരിപാലനയില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച്, സ്വകാര്യസ്വത്ത്‌ ഒഴിവാക്കി, ഭാവിയെക്കുറിച്ചുള്ള ആകുലതകളില്‍നിന്നെല്ലാം മുക്തരായവരുടെ ഒരു സമൂഹം അദ്ദേഹം വിഭാവനം ചെയ്തിരുന്നു എന്നും ആദിമ ക്രൈസ്തവര്‍ അതനുസരിച്ച് ജീവിച്ചിരുന്നു എന്നും ഉള്ളതിന്റെ തെളിവ് അപ്പോസ്തല പ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്ന സഭാസംവിധാനം തന്നെ. 

3 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ഞാന്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള എന്റെ ഓരോ മറുപടിയെയും ഖണ്ഡനമായോ മണ്ഡനമായോ വിമര്‍ശിച്ചുകൊണ്ട് അക്കമിട്ടു പ്രതികരിച്ചാല്‍ ചര്‍ച്ച കൂടുതല്‍ ഏകാഗ്രവും സൃഷ്ടിപരവുമാകുമായിരുന്നു.

      Delete
    2. This comment has been removed by the author.

      Delete