Translate

Saturday, April 7, 2012

മദറേ,അവന്‍ വന്നു!


ഒരു സണ്ടേ മെസ്സ് ഹാളിലെ അലമ്പു മേശകള്‍ക്കിടയിലൂടെ സിസ്റ്റര്‍ ഓടുകയാണ് ഭയന്ന് അവരുടെ കണ്ണുകള്‍ മിഴിച്ചിരിക്കുന്നു.

അതെ, അവന്‍ വന്നിരിക്കുന്നു.

കേള്‍ക്കുമ്പോള്‍ കര്‍ത്താവാണെന്ന് തോന്നുമെങ്കിലും

ഞായറാഴ്ചകളില്‍ സജീവമാകുന്ന അലക്കുകല്ലുകള്‍ക്ക് പിന്നിലെ കുറ്റികാട്ടില്‍ ഇപ്പോള്‍ വന്നു മറഞ്ഞു നില്ക്കുന്നത് ഒരു മാനാണ്, ഷോമാന്‍!

ആ മാനെ പേടിച്ചാണ് സിസ്‌റ്റെറുടെ ഓട്ടം.

എല്ലാ സണ്‍ഡെയും മുടങ്ങാതെ വരാറുള്ള ഷോമാന്റെ വരവ് മദറിനെ അറിയിക്കാനുള്ള ഓട്ടമാണ് അത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992, മാര്‍ച്ച് 27നു ഒരു വെളുപ്പാന്‍കാലത്തും വന്നു ചില മാനുകള്‍, സിസ്റ്റര്‍ അഭയയെ തേടി. കൂടം കൊണ്ടടിച്ചു കൊന്നു പത്തൊന്‍പത് വയസുള്ള കൊച്ചു സിസ്റ്ററെ കിണറ്റിലിട്ടു.

1993-ല്‍ കേരള ക്രൈം ബ്രാഞ്ച് അഭയയുടെ മരണം ഭ്രാന്ത് മൂത്തുള്ള ആത്മഹത്യയെന്ന് വിധിയെഴുത്തുന്നു.

1993-ല്‍ തന്നെ ഡിഎസ്പി, വര്‍ഗീസ്.പി.തോമസിന്റെ നേതൃത്വത്തില്‍ കേസ് സിബിഐ ഏറ്റെടുക്കുന്നു.

എസ്പി, വി.ത്യാഗരാജന്റെ അനധികൃതമായ ഇടപെടലുകള്‍ കാരണം വര്‍ഗീസ്.പി.തോമസ് രാജി വെയ്ക്കുന്നു.

1995-ല്‍ ഡമ്മി പരീക്ഷണം.

96-ല്‍ ദൈവം തമ്പുരാന് പോലും തെളിയിക്കാന്‍ പറ്റാത്ത കേസെന്നു പറഞ്ഞു സിബിഐ ഫയല് പൂട്ടിക്കെട്ടി.

2007 ആഗസ്റ്റില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ.തോമസ് എം. കോട്ടൂര്‍, സഭയുടെ കീഴിലെ കോളജിന്റെ പ്രിന്‍സിപ്പല്‍ ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ നാര്‍കോ പരിശോധന നടത്താന്‍ ബംഗലുരുവിലേക്ക് കൊണ്ടുപോകുന്നു.

2008-ല്‍ മൂന്നു പേരെയും കൊച്ചി ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ അറസ്റ്റ് ചെയുന്നു.

ഇത് 2012. കൊല്ലം ഇത്ര കഴിഞ്ഞിട്ടും അച്ചന്‍മാരുടെയും കന്യാസ്ത്രീയുടെയും വിചാരണ നടന്നിട്ടില്ല.

അഭയ കേസിനൊപ്പം മുളച്ച നാമ്പുകള്‍ വളര്‍ന്ന് വടവൃക്ഷങ്ങളായി. കൊമ്പുകളില്‍ അവര്‍ ഊഞ്ഞാല്‍ കെട്ടികളിക്കുന്നു. ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് വള്ളികളില്‍ തൂങ്ങിയാടുന്നു. നാര്‍കോ അനാലിസിസ് സിഡികള്‍ പുറത്താകുകയും അച്ചന്‍മാരുടെ കുറ്റസമ്മതം നാട്ടുകാര്‍ മുഴുവന്‍ കാണുകയും ചെയ്തതാണ്.
ഇതൊന്നും പോരാത്തതിന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം, അഭയ കേസ് തീം ആക്കിയ സിനിമകള്‍, കഥകള്‍, കോമഡി ഷോകള്‍
എല്ലാം കണ്ടു ചിരിച്ചും സസ്‌പെന്‍സടിച്ചും നമ്മള്‍ അങ്ങിനെയിരിക്കുന്നു.
നൂറു ശതമാനം സാക്ഷരമായ ഒരു സംസ്ഥാനം ഒരു കൊടും കുറ്റ കൃത്യത്തിന് സാക്ഷിയായി.

മിണ്ടാതുരിയാടാതെ പിഞ്ചിക്കീറിയ അടിവസ്ത്രങ്ങള്‍ക്ക് മീതെ സദാചാര യൂണിഫോം അണിഞ്ഞു പോസിട്ടു നില്ക്കുന്നു.

കര്‍ത്താവേ ഇവര്‍ ചെയുന്നതെന്താണെന്ന് ആര്‍ക്കുമറിയില്ലെന്നാണോ ഇവരുടെ ധാരണ?

രണ്ടു അച്ചന്‍മാരേയും ഒരു കന്യാസ്ത്രീയെയും ശിക്ഷിക്കുന്നിടത്ത് തീരുമോ കാര്യങ്ങള്‍?

വേണമെങ്കില്‍ അവരെ നിയമത്തിനു വിട്ടു കൊടുത്തു സഭയ്ക്ക് സത്യസന്ധമായി കൈ കഴുകാം.

നഷ്ടപ്പെട്ടു പോയ നൂറാമത്തെ ആട്ടിന്‍കുട്ടിയെ തേടി പോകുന്ന വിശാലമനസ്‌കത കാരണമൊന്നും അല്ല സഭയുടെ ഈ സംരക്ഷണം എന്നു ഏത് പൊട്ടനും മനസിലാകും.
എന്തു വന്നാലും ആടിനെ വിട്ടൊരു കളിയില്ലെന്നാണല്ലോ. ഫാ.തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഒരു വലിയ ക്രിമിനല്‍ സംഘത്തിന്റെ വെറും ബലിയാടുകള്‍ മാത്രമാകുന്നു. ഒരു ദിവസം ഫാദര്‍മാര്‍ ഹൃദയാഘാതം മൂലം മൃതിയടഞ്ഞുവെന്നും, സിസ്റ്റര്‍ നാണക്കേട് കാരണം തൂങ്ങി മരിച്ചു എന്നും കേള്‍ക്കാം.

അഭയയ്ക്ക് ലോകത്തോട് പറയാനുണ്ടായിരുന്ന ആ എന്തോ ഒന്നു തന്നെയല്ലേ ഈ അച്ചന്മാരും കന്യാസ്ത്രീയും ചുമന്നു നടക്കുന്നതും?

ഫാ.കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയ എല്ലാവരും വലിയ വരാലുകളുടെ കായലിലെ ഗപ്പികള്‍.

സംഘടിത മതങ്ങളുടെ സംഘടിതമായ കുറ്റകൃത്യങ്ങള്‍ എപ്പോഴും മതത്തിനുള്ളില്‍ തന്നെ സംരക്ഷിക്കപ്പെടുന്നു. സിസ്റ്റര്‍ സെഫിയുടെ കന്യകാത്വത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍, ദേഹ പരിശോധന ഇവയെല്ലാം ചെയ്തു പോയ തെറ്റിനെക്കാള്‍ വലിയ ശിക്ഷകളാണ്.

ഒരു അച്ചനും, കന്യാസ്ത്രീയും തമ്മില്‍ ഉള്ള ലൈംഗിക ബന്ധം ഒരു ഭൂലോക പാപമാകുന്നിടത്താണ് കുറ്റ കൃത്യം തുടങ്ങുന്നത്. അത് കണ്ടു പോയ അഭയയെ കൊന്നെ തീരൂ. ഇവിടെ കുറ്റം ചെയ്തത് ലൈംഗികതയാണ്. മനുഷ്യന്റെയുള്ളില്‍ നരകം തീര്‍ക്കാന്‍ സാത്താന്‍ ആപ്പിളില്‍ ഇഞ്ചെക്ട് ചെയ്തു ഭൂമിയിലെക്കേറിഞ്ഞ വിഷം. ഭക്ഷണം പോലെ തന്നെ ആണിനും പെണ്ണിനും സെക്‌സ് ചെയ്‌തേ മതിയാകൂ. അതിനി ആരായാലും. അത്തരത്തില്‍ ഒരു ചോദന ഇല്ലാതെ ജനിക്കുന്നവര്‍ ജനിതക തകരാറുള്ളവരായിരിയ്ക്കും.

ചിലര്‍ സ്വമനസാലെ അതിനെ മെരുക്കി ഒതുക്കി പുരോഹിതരാകും. അല്ലാത്തവരെ കടുക്ക വെള്ളം കുടിപ്പിച്ചു കിടത്തി ഉറക്കി ഉയരുന്ന കാമത്തെ അടിച്ചമര്‍ത്തൂം. എല്ലാ അണക്കെട്ടുകളും ഒരു നാള്‍ പൊട്ടും.

ആ പൊട്ടലാണ് ഇവിടെയും നടന്നത്.
ജയിലുകളിലെ സ്വവര്‍ഗ്ഗ രതി പോലെ, അവര്‍ സ്വവര്‍ഗ്ഗനുരാഗികള്‍ ആയിരിക്കില്ല. പക്ഷേ രതിക്ക് ഒരു മരപ്പൊത്തോ മരക്കാമ്പോ കിട്ടിയാലും മതിയാകും.
ഇല്ലായ്മകള്‍ സൃഷ്ടികുന്ന ആക്രാന്തങ്ങള്‍

ഒരു തത്ത്വ ശാസ്ത്രത്തിന്റെ, മതമോ, രാഷ്ട്രീയമോ ആകട്ടെ, വളര്‍ച്ചയ്ക്ക് വേണ്ടി നല്ല ബുദ്ധിയുള്ളവര്‍ ഇരുന്നു മെനെഞ്ഞെടുത്ത തന്ത്രം.

മനുഷ്യനെ തകര്‍ക്കന്‍ കുറ്റബോധത്തേക്കാള്‍ കേമമോരു കൃഷിയില്ല.

അധികാരങ്ങള്‍ പിന്നെ അടിച്ചേല്‍പ്പിക്കേണ്ട. കീഴടങ്ങികോളുമല്ലോ.

ടി.എസ്.ഇലിയറ്റിന്റെ Waste Landile സംശയങ്ങളുമായാണ് ഒരു ദിവസം ഒരു സിസ്റ്റര്‍ മുറിയിലേക്ക് വന്നത്. എന്റെ അതെ പ്രായമുള്ള അവരെ ഞാന്‍ കൊച്ചുസിസ്റ്ററെ എന്നു വിളിച്ചു. തരിശുഭൂമിയും, ഹാംലെറ്റും പഠിച്ചു വികാരജീവിയായ സിസ്റ്റര്‍ കരച്ചിലായി.

സൗഹൃദം വളര്‍ന്നു.

ഒരിക്കലും കല്യാണം കഴിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സിസ്റ്ററാകാന്‍ വന്നതെന്ന് അവര്‍ പറഞ്ഞു.

കുഞ്ഞുന്നാളില്‍ നെഞ്ചില്‍ ചൂട് കഞ്ഞി വീണു നാഭി വരെ പൊള്ളി പോയത്രേ.

വലിയ പഞ്ഞിപ്പാവകളെയും, ഡിസ്‌നി കഥകളെയും സ്‌നേഹിക്കുന്ന കൊച്ചു സിസ്റ്റര്‍ക്ക് ലൈംഗികത എന്നു കേള്‍ക്കുന്നത് തന്നെ പേടിയാണ്.

ഷോമാനെ കണ്ടു പേടിച്ചോടുന്ന എന്റെ സിസ്റ്ററെ, ഒന്നു നില്‍ക്കൂ. അതൊന്നുമില്ല. അതൊന്നുമേയല്ല.

നോവുകള്‍ക്ക് മീതെ പിച്ചിയും മാന്തിയും നോവിക്കുന്ന പാപചിന്തകളെ കുറിച്ചുള്ള ഭയം മാത്രമാണ്.

സ്‌നേഹവും ക്ഷമയും പൂക്കേണ്ടിടത്ത് നിയമങ്ങളും അരുതായ്മകളും വാഴുമ്പോള്‍ പാപങ്ങളെ മറയ്ക്കാന്‍ പാപങ്ങള്‍ കൊണ്ട് കോട്ടകെട്ടേണ്ടി വരും.

പക്ഷേ എത്ര ഉയരത്തില്‍?

നിങ്ങള്‍ എന്നും ഓടിക്കൊണ്ടേയിരിക്കും.

പരം പൊരുളായ പാപത്തില്‍ നിന്നും.

ഓഹ്, എന്റെ ഫാദര്‍ ഫെര്‍ണാണ്ടെസ്! കന്യാസ്ത്രീകളെപ്പറ്റി എത്രയെത്ര മെഴുകുതിരികോല്‍ കഥകള്‍

(ഷാരോണ്‍ റാണി)

കടപ്പാട്: മാതൃഭൂമി

No comments:

Post a Comment