Translate

Monday, April 16, 2012

മലവേല


സത്യക്രിസ്ത്യാനികള്‍ വായിക്കുന്ന മലയാള മനോരമയില്‍ വായിച്ചതാണ്. വടക്കെങ്ങാണ്ട് നാടോടികളിലൊരുത്തനെ പിടിച്ച് പോലീസ് ലോക്കപ്പിലിട്ടു. നാടോടികളെന്തു ചെയ്‌തെന്നോ? അവര്‍ മേലാകെ മലംപുരട്ടി. എന്നിട്ട് എല്ലാവരും കൂടി പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു പാഞ്ഞുചെന്നു. എസ്.ഐയും പാര്‍ട്ടിയും മൂക്കും പൊത്തിക്കൊണ്ട് ഓടി. അവര്‍ സാവകാശം താക്കോലൊക്കെ തെരഞ്ഞു കണ്ടുപിടിച്ച് പ്രതിയേയും മോചിപ്പിച്ചുകൊണ്ട് അവരുടെ പാട്ടിനു പോവുകയും ചെയ്തു. കാര്യസാദ്ധ്യത്തിനുവേണ്ടി തറവേലകള്‍ കാണിക്കുന്നവരെ നമുക്കറിയാം. അവരെയും കടത്തിവെട്ടിക്കളഞ്ഞു നാടോടികള്‍. ലേശം ദുര്‍ഗന്ധമുണ്ടെങ്കില്‍ പോലും ഈ വേലയ്ക്കു മലവേലയെന്നല്ലാതെ എന്തു നാമകരണം ചെയ്യും? നാടോടികള്‍ പള്ളിക്കൂടത്തില്‍ തീയ്ക്കുപോലും പോയിട്ടില്ലാത്ത പാവങ്ങളാണ്. അതുകൊണ്ടവര്‍ക്കു നമുക്കു മാപ്പു കൊടുക്കാം. എന്നാല്‍ തിരുസഭ അങ്ങനെയാണോ? ഭുവനപ്രശസ്തമായ പല യൂണിവേഴ്‌സിറ്റികളും സഭ നടത്തുന്നതാണ്. സഭ കാശുണ്ടാക്കാനും കാര്യം സാധിക്കാനുമായി ഇത്തരം വേലകള്‍ കാട്ടുന്നതു ശരിയോ? അവരിതല്ല, ഇതിന്റെ അപ്പുറവും കാട്ടും. രണ്ടുദാഹരണങ്ങളാകട്ടെ ഈ ലക്കം. ഒന്നെന്റെ അനുഭവം തന്നെയാണ്.
ഇന്ദുലേഖ മരണാസന്നയായി സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കിടക്കുന്ന കാലം. ഞാനൊരു നേര്‍ച്ച നേര്‍ന്നു. കര്‍ത്താവേ എന്റെ കുഞ്ഞിനെ എനിക്കു തരൂ. തന്നാലും തന്നില്ലെങ്കിലും നിന്റെ മുന്തിരിത്തോട്ടത്തിലെ കളപറിക്കാന്‍ ഞാന്‍ വരാം' കളപറിക്കലിന്റെ ഭാഗമായി ഒരു മതവിമര്‍ശനഗ്രന്ഥം രചിക്കാമെന്നും അതിലൊരദ്ധ്യായമായി കൂണുപോലെ മുളച്ചുവരുന്ന കരിസ്മാറ്റിക് തട്ടിപ്പു കേന്ദ്രങ്ങളെ നിശിതമായി വിമര്‍ശിക്കാമെന്നും ഒക്കെ ഞാന്‍ മനസ്സില്‍ കരുതി. എന്റെ കൊച്ചുപെങ്ങള്‍ നേര്‍ന്നത് ആലപ്പുഴയ്ക്കടുത്തുള്ള ഐ.എം.എസ് എന്ന ധ്യാനകേന്ദ്രത്തിന്റെ മുഖമാസികയില്‍ അവളുടെ ഫോട്ടോവച്ച് ഒരു ഉപകാരസ്മരണ പ്രസിദ്ധീകരിച്ചേക്കാമെന്നാണ്. കര്‍ത്താവ് എന്റെ പ്രാര്‍ത്ഥന കേട്ടെന്നു ഞാന്‍. അവളുടെ പ്രാര്‍ത്ഥന കേട്ടെന്ന് അവള്‍. ദൈവം ഞങ്ങളുടെ കുഞ്ഞിനെ തിരിച്ചു തന്നു. ഞാനന്നു മുതല്‍ കളപറിക്കാന്‍ തുടങ്ങി. പെങ്ങള്‍ ഉപകാരസ്മരണയും പ്രസിദ്ധീകരിച്ചു. ഞാന്‍ മതവിമര്‍ശനഗ്രന്ഥം രചിച്ചു. ഇന്ദുലേഖ എന്റെ കോളജില്‍ വന്നുചേര്‍ന്നു. വൈസ്‌ചെയര്‍പേഴ്‌സണായി. അന്നു മുതല്‍ കത്തോലിക്കാ മാനേജ്‌മെന്റ് അവളെ പീഡിപ്പിക്കാന്‍ തുടങ്ങി. അവസാനം ഡിസ്മിസ് ചെയ്തു. കേസ് സുപ്രീംകോടതിയിലെത്തി. ഇന്ദുലേഖ മാസം പതിനായിരം രൂപയുടെ മരുന്നു കഴിക്കുന്നുണ്ട്. രോഗിണിയാണെന്ന കാര്യം ഹര്‍ജിയില്‍ രേഖപ്പെടുത്തിയിരുന്നു. രോഗിണി എന്ന നിലയിലുള്ള സഹതാപപൂര്‍ണ്ണമായ പരിഗണന അവള്‍ക്കു സുപ്രീംകോടതിയില്‍ നിന്നു ലഭിക്കാതിരിക്കാന്‍ തിരുസ്സഭ എന്തു ചെയ്‌തെന്നോ? ഈ ഉപകാരസ്മരണ കോടതിക്കു സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു കുട്ടിക്കു രോഗശാന്തി ലഭിച്ചെന്ന്. കേസു ജയിക്കാന്‍ അവരെ വിശ്വസിച്ചു കൊടുത്ത ഉപകാരസ്മരണ കോടതിയില്‍ സമര്‍പ്പിച്ച അവര്‍ കേസുകള്‍ ജയിക്കുവാന്‍വേണ്ടി നമ്മുടെ കുമ്പസാര രഹസ്യങ്ങളും വെളിപ്പെടുത്തുകയില്ലെന്ന് എന്താണുറപ്പ്? ഏതായാലും ഡീസന്‍സിയുടെ കാര്യത്തില്‍ നാടോടികള്‍ തിരുസ്സഭയെക്കാള്‍ ഉയരത്തിലാണെന്നുള്ളതിനു തര്‍ക്കമില്ല. ഭൗതികകാര്യസാധ്യത്തിനുവേണ്ടി എന്തു മലവേലയും അവര്‍ ഇറക്കും.



ബിലാത്തിമലയാളി മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന നാറാണത്തു ജല്പനങ്ങളില്‍നിന്ന്. ഈ ലേഖനങ്ങള്‍ പൂര്‍ണമായി വായിക്കാന്‍ സന്ദര്‍ശിക്കുക: http://naranathujalpanangal.blogspot.in 

No comments:

Post a Comment