Translate
Friday, April 6, 2012
ജോര്‍ജു മൂലെച്ചാലിന്‍റെ 'അവന്‍റെ രണ്ടാം വരവെന്നുള്ള' നാടകത്തെപ്പറ്റി ഒരു അവബോധനം
By Joseph Padannamakkel
നല്ലൊരു ദുഖവെള്ളിയാഴ്ച തുടക്കമിട്ടുകൊണ്ട് അവതരിപ്പിച്ച 'അവന്‍റെ രണ്ടാം വരവ്' എന്ന ജോര്‍ജു മൂലെച്ചാലിന്‍റെ രമണീയമായ നാടകകൃതി വായനക്കാരന്‍റെ ഹൃദയങ്ങളെ ആഴത്തിലേക്ക് സ്പര്‍ശിക്കുന്നു. ഭക്തിയും സ്പര്‍ധയും ദൈവനിന്ദയും അഹങ്കാരവും അധികാര മോഹവും പൌരാഹിത്യ മേധാവിത്വമെല്ലാമടങ്ങിയ ദുഷിച്ച ലോകത്തിലേക്ക് ക്രൂശിതനായ ക്രിസ്തു വീണ്ടും വരുന്നതായിട്ടാണ് ഈ ചെറു നാടകത്തിന്‍റെ ഇതിവൃത്തം. നമുക്കു ചുറ്റുമുള്ള കപടലോകത്തിലെ ജീവിക്കുന്ന മനുഷ്യരെയും ഇവിടെ കണ്ടെത്തിയെന്നിരിക്കും. ജോര്‍ജു അതില്‍ ഉത്തരവാദിയല്ല. സമൂഹമാണ് ഇവിടെ കുറ്റക്കാരന്‍. വിധിക്കേണ്ടത് സമൂഹത്തെയും. രണ്ടാംവരവില്‍ ജനിച്ചു വന്ന അവന്‍ ലോകത്തിനു മുമ്പില്‍ കൈചൂണ്ടികൊണ്ട് രണ്ടായിരം വര്‍ഷത്തിനു മുമ്പുണ്ടായിരുന്ന അതേ ശബ്ദം തന്നെ ഇവിടെ വീണ്ടും മുഴക്കുന്നതു കാണാം. ആ പ്രതിധ്വനിയുടെ മുമ്പില്‍ വികാരിയും കപ്പ്യാരും കൈക്കാരനും കരപ്രമാണിയും കറുത്ത മുഖങ്ങളും വെളുത്ത മുഖങ്ങളും കാക്കിയണിഞ്ഞ പോലീസും ചുറ്റുവട്ടത്ത് തന്നെയുണ്ട്.
ഒരു കുരിശിന്‍റെ വഴിയാണ് ആരംഭം. സ്വര്‍ണ്ണകുരിശുമായി ഒരു അച്ചനും , തൊട്ടുപിന്നില്‍ മരകുരിശുകളുമേന്തി സാവധാനം നീങ്ങുന്ന ഒരു ജനതയുമാണ് ആദ്യരംഗത്തില്‍ സദസ്സ്യര്‍ ദര്‍ശിക്കുക. വിലാപ രംഗവുമായി ജനമധ്യത്തില്‍ക്കൂടി ഭാരമേറിയ വലിയ ഒരു കുരിശുമായി ഏന്തിയേന്തി നടന്നുവരുന്ന പാവപ്പെട്ട ഔസേപ്പാണ് ഇതിലെ കഥാനായകന്‍.അവസാനം അവന്‍ ക്ഷീണിതനായി കാല്‍മുട്ടുകള്‍ വിറപ്പിച്ചു തളര്‍ന്നു മുമ്പോട്ടു നടക്കുവാന്‍ സാധിക്കാതെ അല്‍പ്പ വിശ്രമത്തിനായി കൊതിക്കുന്നു. അവന്‍ കുരിശു തോളില്‍ വെക്കുന്നു. ഒപ്പം ഉയര്‍ത്തി പിടിയെടാ, പൊക്കെടാ കുരിശു എന്നുള്ള കര പ്രമാണിയുടെ ആക്രോശവും ഔസേപ്പിനെ ഞെട്ടിക്കുന്നുണ്ട്. കുഞ്ഞു കുരിശുകളുമായി കുശുകുശുത്തു മുമ്പോട്ടു നീങ്ങുന്ന ചേടത്തി സ്ത്രീ ജനങ്ങളെ മാതൃകയാക്കണമെന്നു അച്ചന്‍റെ പരിഹാസ്സവും
ഔസേപ്പിനെ ഒപ്പം തളര്‍ത്തുന്നു. കൈകള്‍ കഴയ്ക്കുന്നുവെന്ന അയാളുടെ ദീനരോദനം ആരുണ്ട് ശ്രവിക്കുന്നു. അച്ചന്‍റെയും കരപ്രമാണികളുടെയും മുമ്പില്‍ അയാള്‍ അവിടെ തര്‍ക്കുത്തരക്കാരനായി, പാപിയായി മുദ്ര കുത്തപ്പെട്ടു. കൂടാതെ അന്നു ദുഖവെള്ളിയാഴ്ച കാപ്പി കുടിച്ചെന്നുള്ള പാപവും ചുമത്തി അയാള്‍ തന്നെ കുരിശു പിടിക്കട്ടെ, ആരും സഹായിച്ചു പോകരുതെന്നുള്ള അച്ചന്‍റെ വിധി പ്രസ്താവനയും ഒന്നാം രംഗത്തില്‍ കാണാം. കര്‍ത്താവില്‍ ക്ഷമിച്ചുകൊണ്ട് ഭാരമേറിയ അവന്‍റെ കുരിശിനെ സഹായിക്കുന്നവരും പാപികളെന്നു ജനകൂട്ടത്തെ നോക്കി അച്ചന്‍ സാരോപദേശം നല്‍കുമ്പോള്‍ ശ്രോതാക്കളില്‍ അമര്‍ഷം ഉണ്ടാകാതെ ഇരിക്കുകയില്ല.
കര്‍ത്താവിനെ ചമ്മട്ടികൊണ്ടു അടിച്ചു രക്തംവാര്‍ന്ന കഥകള്‍, പീഡാനുഭവങ്ങള്‍ എന്നിങ്ങനെ അച്ചന്‍ പള്ളിപ്രസംഗത്തില്‍ അവതരിപ്പിക്കുമ്പോള്‍ ചില സ്ത്രീജനങ്ങള്‍കരയുന്നുണ്ടെങ്കിലും ജനശ്രദ്ധ മുഴുവന്‍ ഔസെപ്പിലായിരുന്നു. ആടിയുലഞ്ഞു നെറ്റിതടത്തില്‍ വിയര്‍പ്പുതുള്ളികളുമായി ദേഹമാകമാനം കുളിച്ചതുപോലെ നില്‍ക്കുന്ന ഓസേപ്പിനെ സഹായിക്കുവാന്‍ ഒരു സമേരിയാക്കാരന്‍ എത്തുന്നതും കാണാം. പ്രസംഗം തടസ്സപ്പെട്ട അച്ചന്‍ കുപിതനായി പരോപകാരി ശല്ല്യമെന്നു പറഞ്ഞു പിശാചിന്‍റെ ദൂതനായി സമരിയാക്കാരനെ പരിഹസിക്കുന്ന രംഗവും തന്മയത്വമായി അവതരപ്പിച്ചിട്ടുണ്ട്.കര്‍ത്താവിനെ ക്രൂരമായികൊന്ന കുരിശു വിശുദ്ധമാകുന്നത് എങ്ങനെയെന്നുള്ള ഒരു വിശ്വാസിയുടെ ചോദ്യത്തിനു പ്രസംഗം തടസ്സപ്പെടുത്തിയ അയാളെ മതനിന്ദകനായി അച്ചന്‍ മുദ്രകുത്തി. മത മൌലികവാദികള്‍ ഭാരതത്തിന്‍റെ ഭരണം പിടിച്ചെടുത്താല്‍ ഗാന്ധിജിയെ കൊന്ന വെടിയുണ്ടകളും ഒരിക്കല്‍ ഈ നാടിന്‍റെ രക്ഷാചിന്ഹം ആയികൂടാമെന്നുമില്ല. വിശുദ്ധ കുരിശിനെതിരെയുള്ള വിമര്‍ശനം ഭീഷണിയായി അച്ചന്‍ ഇവിടെ ജനത്തിനെ ഇളക്കുന്നതാണ് മറ്റൊരു രംഗം.
കുരിശിനെ അപമാനിച്ച മതനിന്ദകനെതിരായി അച്ചനും ജനവും തിരിയുന്നതായി കര്‍ട്ടന്‍ വീണ്ടും ഉയരുമ്പോള്‍ കാണാം. ഈ മതപീഡകനെ ജനം ഓടിച്ചിട്ട് പിടികൂടുന്നുമുണ്ട്. ദൈവദൂഷണം പറയുന്ന ഇയാളുടെ നാവു മുറിക്കണമെന്ന മോശയുടെ പ്രമാണത്തിന് അയവ് വരുത്തിയുള്ള അച്ചന്‍റെ വിധിയിന്മേല്‍, ജനക്കൂട്ടം അയാളുടെ നാവു മൂടിക്കെട്ടി ശിക്ഷയുടെ ഇളവു കുറയ്ക്കുകയാണ് സംഭവിച്ചത്. തത്സമയം രക്ഷകനായ യേശു രണ്ടാംവരവായി ഔസേപ്പിന്‍റെ കുരിശുമേന്തി ഇവിടെ അവതരിക്കുകയാണ്. കപടഭക്തരും കപട ഹൃദയരുമായ പുരോഹിത പ്രമാണി വര്‍ഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച തിരുവചനങ്ങളാണ് ഒരു രംഗം മുഴുവനും.
തിരുസഭയുടെ വിസ്ത്രുതിക്കായി ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും യേശു കുപിതനാകുന്നുണ്ട്. " ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍, അയാളെ, നിങ്ങളേക്കാള്‍ ഇരട്ടിയായി നരകത്തിന് അര്‍ഹനാക്കിത്തീര്‍ക്കുകയും ചെയ്യുന്നു." സമീപ കാലത്തെ കുട്ടപ്പന്‍ എന്ന പുതു ക്രിസ്ത്യാനിയുടെ ശവസംസ്ക്കാര ചടങ്ങുകള്‍ നിഷേധിച്ചതും ഉദാഹരണമാണ്. ആകാശം മുട്ടിയുള്ള പള്ളികള്‍, പള്ളി കൃഷി, കോഴ വാങ്ങിയുള്ള സഭയുടെ സ്ഥാപനങ്ങള്‍ മുതലായവകള്‍ യേശുവിനെതിരെയുള്ള നീക്കങ്ങളായിട്ടാണ് ഇവിടെ രണ്ടാംവരവിലെ യേശു കണക്കാക്കുന്നത്.
നാല്‍ക്കവലകളിലും തെരുവിലും പ്രസംഗിക്കുന്നവരോടു താക്കീത് നല്‍കി അദൃശ്യനായ പിതാവിനോട് പ്രസംഗിക്കുവാനാണ് യേശു നിര്‍ദ്ദേശിക്കുന്നതും. പ്രവാചകര്‍ക്ക് ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നവരായും പുരോഹിതരെ ഈ അവതരിച്ച ക്രിസ്തു കാണുന്നുണ്ട്.
പിന്നെയുള്ള രംഗങ്ങളില്‍ അച്ചന്‍റെ ദേശസ്നേഹം ആളികത്തുകയാണ്. യേശുവിനെ ഭീകരവാദിയും തീവ്രവാദിയുമായി അച്ചന്‍ ഇവിടെ ചിത്രീകരിക്കുന്നു. ഭിന്നിപ്പുണ്ടാക്കുന്ന ജനത്തിന്‍റെ ഇടയില്‍ ക്രിസ്തു വരുമെന്നുള്ള ഒരു പ്രവചനവും ഇവിടെ അവതരിപ്പിക്കുകയാണ്. മര്‍ദ്ദിതരും മര്‍ദ്ദിക്കപ്പെടുന്നവരുടെയിടയിലും ഒന്നുപോലെ ക്രിസ്തു ഉണ്ട്, യേശുവിന്‍റെ ദൌത്യം പാപികളെ തേടിയെന്നും പ്രവചനം ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്.
പുണ്യവാന്‍മാര്‍ സ്വര്‍ഗത്തിലേക്കുള്ള വഴികളും അവര്‍ തന്നെയും ഒരുക്കി കഴിഞ്ഞു.
"സത്യം വിളിച്ചു പറയുന്നതും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണു തീവ്രവാദമെങ്കില്‍, ആ തീവ്രവാദം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു." എന്നുള്ള ശക്തമായ ഭാഷ ജോര്‍ജിന്‍റെ ഈ കൃതിക്ക് മാറ്റുകൂട്ടുന്നു. ഇവിടെ ജോര്‍ജ് മൂലേച്ചാലില്‍ എന്ന പാവം മനുഷ്യനിലും വലിയ ഒരു വിപ്ലവകാരിയുണ്ടെന്നു വ്യക്തം. രണ്ടാംവരവിലും ഒരു ജനത്തെ ഇളക്കി മറിച്ച യേശുവിനെതിരെ അധികാര വര്‍ഗവും പോലീസും ക്രൂരമായി പ്രതികരിക്കുന്ന രംഗങ്ങളും കാണാം. അവനെ ക്രൂശിക്കുക എന്നു പുരോഹിത പക്ഷക്കാരും ഇവിടെ വീണ്ടും അധികാരവര്‍ഗത്തോടു ആവശ്യപ്പെടുന്നുണ്ട്. പണത്തിന്‍റെ ഒഴുക്കില്‍ ദരിദ്രരെ ജയിലഴികളില്‍ അടപ്പിക്കുന്ന ധനികര്‍ക്കെതിരെയുള്ള ആഞ്ഞടിയും കാണാം. യേശു ഇവിടെ അധികാരികളില്‍ നിന്ന് പീഡനം അന്നത്തെപ്പോലെ ഇന്നും സ്വയം ഏറ്റുവാങ്ങുകയാണ്. പോലീസിനു കൈക്കൂലിയും കോഴയും കൊടുത്തു പ്രീണിപ്പിക്കുന്ന പുരോഹിതവര്‍ഗത്തെയും ഈ അച്ചനില്‍ക്കൂടി കാണിക്കുന്നുണ്ട്.
ഒരു രംഗത്തില്‍ ദേശദ്രോഹികളെയും ദേശഭക്തരെയും നിയമപാലകരും അച്ചനുമൊത്ത് തരംതിരിച്ചപ്പോള്‍ നീതിക്കുവേണ്ടി പോരാടുന്നവരെയാണ് ഓര്‍മ്മവന്നത്. അങ്കമാലിയിലുംമറ്റു പലെയിടങ്ങളിലും നേഴ്സിംഗ് കുട്ടികള്‍ നീതിക്കുവേണ്ടി പൊരുതിയപ്പോള്‍ അവരെ വിപ്ലവകാരികളും തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരുമായി മുദ്രകുത്തിയതുംഅടുത്ത കാലത്തെ സംഭവവികാസങ്ങളാണ്. 1988 ല്‍ എഴുതിയ ഈ നാടകരചന ഒന്നു അവലോകനം ചെയ്തപ്പോള്‍ കാലത്തെ ദീര്‍ഘദൃഷ്ടിയോടുകൂടി ജോര്‍ജു കാണുന്നുണ്ടെന്നും മനസ്സിലാക്കി. ഏതു ജനരോഷത്തെയും വിപ്ലവത്തെയും അടിച്ചമര്‍ത്തുവാന്‍ പൌരാഹിത്വ മേധാവിത്വത്തിനു പ്രാപ്തിയുണ്ടെന്നും ഈ ചെറുനാടകം സന്ദേശം നല്‍കുന്നുണ്ട്.
അവസാനത്തെ രംഗം അഴിമതികോഴരഹിത പൌരാഹിത്വമേധാവിത്വമില്ലാത്ത പുതിയ യേശുവിന്‍റെ രാജ്യത്തെ സൂചിപ്പിക്കുകയാണ്. ഔസേപ്പുമാരും സമരിയാക്കാരും സത്യത്തിന്‍റെ വിജയപതാകകളുമായി ഉയര്ത്തെഴുന്നെല്‍ക്കുന്നു. സഭയുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചു അല്മായരെ അടിമത്വത്തില്‍ നിന്നും
മോചിപ്പിക്കുന്ന സൂചനയും ഇവിടെ നാടകം അവസാനിക്കുമ്പോള്‍ സദസ്സ്യര്‍ക്ക് തോന്നിപ്പോവും.
യഥാര്‍ത്ഥത്തില്‍ ഇടവകയില്‍ ഭരിക്കുന്ന വികാരിമാര്‍ ക്രിസ്ത്യാനികള്‍ ആണോ? ഏത് അധികാരം എടുക്കുവാനുള്ള അവകാശവും പുരോഹിതനെന്നാണ് വെപ്പ്. ആരെങ്കിലും ഇടവകക്കാര്‍ മറുചോദ്യം ചോദിക്കുന്നത് ചിന്തിക്കുവാന്‍പോലും ഇവര്‍ക്കു സാധിക്കുകയില്ല. അച്ചനെതിരെ, അച്ചന്‍റെ തീരുമാനങ്ങള്‍ക്കെതിരെയുള്ള ഇടവകക്കാരുടെ പ്രതികരണങ്ങള്‍ മനസ്സിനെ കൂട്ടിലടച്ചുകൊണ്ടുള്ള അച്ചന്‍റെ ഈഗോയില്‍ പരിയവസാനിക്കും. പുരോഹിതര്‍ ഇടപെട്ടു ഇടവകക്കാരെ വിരോധംകുത്തിവെച്ചു പരസ്പരം തമ്മില്‍തല്ലീക്കുക എന്നുള്ളതും സഭയില്‍ തുടരുന്ന ദു:ഖകരമായ ഒരു സത്യമാണ്. താക്കീതുകളും കുറ്റപ്പെടുത്തലുകളും മഹാറോനും ശിങ്കിടികളുമൊത്തു ഗുണ്ടായിസ്സവും തൊഴിലാക്കിയിരിക്കുന്ന പുരോഹിതരുടെയും പൌരപ്രമാണിമാരുടെയും കണ്ണുകള്‍ തുറപ്പിക്കുവാന്‍ ജോര്‍ജിന്‍റെ ഈ ചെറുരചന ഉപകാരമാകട്ടെയെന്നും ആശംസിക്കുന്നു.
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteഅടുത്തയിടെ അല്മായ ശബ്ദത്തില്അനേക ലേഖനങ്ങളുടെ തുടരെയുള്ള പ്രാവാഹമായിരിക്കാം ജോര്ജു മൂലെച്ചാലിന്റെ കൊച്ചുനാടകം വായിച്ചു ആരും അഭിപ്രായങ്ങള് രേഖപ്പെടുത്താഞ്ഞതെന്നു തോന്നുന്നു. ഏതായാലും എന്റെ ഈ വര്ഷത്തെ ദുഖവെള്ളിയാഴ്ചയും പ്രാര്ത്ഥനയും ഈ ലേഖനം വഴിയായിരുന്നു. ആരും ശ്രദ്ധിച്ചില്ലായെന്നുള്ള റോഷന്റെ പരാതിയെ മാനിച്ചു ഞാന് ആ കൊച്ചു പുസ്തകം ദുഖവെള്ളിയാഴ്ചതന്നെ, സമയം എടുത്തു നല്ലവണ്ണം വായിച്ചു.
ReplyDeleteപിപ്പിലാഥന് ബൈബിള്വാചകങ്ങള് എഴുതിയാല് മാത്രമേ സാധാരണ ഞാന് വായിക്കുകയുള്ളു. അച്ചന്മാര് പഠിപ്പിച്ച ബൈബിളുമായി വ്യത്യസ്തപ്പെടുത്തിയാണ് അദ്ദേഹം പലപ്പോഴും എഴുതുക. പെസ്സഹാ, സൂര്യനസ്തമിക്കുന്നതിനു മുമ്പാണ് യഹൂദന്മാര് ആചരിച്ചിരുന്നതെന്ന് പിപ്പിലാഥനില്നിന്നും ഞാന് മനസ്സിലാക്കി. എതിര്ക്കാന് പുതിയ നിയമവും പഴയനിയമവും തപ്പിനോക്കി.പരാജയം സമ്മതിച്ചു വിശുദ്ധഗ്രന്ഥം മടക്കിയുംവെച്ചു.
ജീവിതകാലം മുഴുവന് രാത്രികാലങ്ങളില് പെസ്സഹാ അനുഷ്ടിച്ചുവന്ന എനിക്ക് ദൈവത്തിന്റെ മുമ്പില് കുറ്റബോധവും തോന്നി. അല്മെയരെ തെറ്റായി
തിരുവചനങ്ങള് പഠിപ്പിക്കുന്ന പുരോഹിതര്ക്കും ഇതുപോലുള്ള കുറ്റബോധങ്ങള് ഉണ്ടായെങ്കിലെന്നും തോന്നിപോവുന്നു.
ജോര്ജിന്റെ ഈ കൊച്ചുനാടകത്തില് യേശുവിന്റെ കാതലായ വചനങ്ങള് പ്രഘോഷിച്ചുകൊണ്ടാണ് പ്രമാണിമാരെകൊണ്ടും നിയമപാലകരെകൊണ്ടും കഥയിലെ വില്ലനായ അച്ചന് ക്രൂരപ്രവര്ത്തികള് ചെയ്യിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള് എന്റെ ചെറുപ്പകാലങ്ങളില് സാധാരണമായിരുന്നു. കുറച്ചുകൂടി ചിന്താശക്തിയുള്ള തലമുറകള് വളര്ന്നു കഴിഞ്ഞത്കൊണ്ട് പുരോഹിതന്റെ ഈ വേലകള് ഇന്ന് അധികമൊന്നും നടക്കുമെന്ന് തോന്നുന്നില്ല. റോഷന് ഒരിക്കല് പറഞ്ഞതുപോലെ ജനങ്ങള് ഇവര്ക്കു പുല്ലുവില കല്പ്പിക്കുന്നു.
പൌലോസ്ശ്ലീഹാ കാല്നടയായി സഞ്ചരിച്ചാണ് പ്രേഷിതവേല ചെയ്തിരുന്നത്. സാമാന്യ ജനത്തെക്കാള് വിലകൂടിയ സ്വന്തംകാറില് ഇവര് അച്ചന്മാര് സഞ്ചരിക്കുന്നെങ്കില് കാറിന്റെ ടയര് ആണികുത്തി നിരപ്പാക്കിയാല് ശുദ്ധീകരണസ്ഥലത്തുനിന്നു പാപമോചനം കിട്ടുമെന്നും ഇനിമുതല് പഠിപ്പിക്കണം.
പുതിയതായി പടുത്തുയര്ത്തിയ ഭീമാകാരമായ ദേവാലയങ്ങളില് സ്ത്രീകളും കുഞ്ഞുങ്ങളും പോവുമ്പോള് കുഞ്ഞുങ്ങളെ ഡായിപ്പര് കെട്ടിക്കാതെ പള്ളിയില് കൊണ്ടുപോയാലും പുണ്യംകിട്ടും. എക്കണോമിയും പിള്ളേര്ക്ക് ചിരങ്ങുകള്വരാതെ കരുതുകയും ചെയ്യാം. ലാഭിക്കുന്ന പണം പാവങ്ങള്ക്കും കൊടുക്കൂ.അച്ചനും കപ്പ്യാരുമൊത്ത് പള്ളിയും വൃത്തിയാക്കട്ടെ.അധ്വാനിക്കുന്നതിന്റെയും ഭാരം ചുമക്കുന്നതിന്റെയും വിലകള് പുരോഹിതരും മനസ്സിലാക്കട്ടെ.
പള്ളിപുരോഹിതരും അല്മെനികളും ചേരിതിരിഞ്ഞുള്ള വടംവലി ആഗോള വ്യാപകമായി എല്ലാ ക്രിസ്ത്യന് സഭകളിലും ഉണ്ട്. ഇടവകക്കാരെ തമ്മില് ഭിന്നിപ്പിച്ചു ഭരിക്കണമെന്ന് തീയോളജിയില് പ്രത്യേകം പഠിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.
അമേരിക്കന് മലയാളീപള്ളികളിലെ തമ്മില്തല്ലുകള് ലോകപ്രസിദ്ധമാണ്. ആദ്യകാലങ്ങളില് കത്തോലിക്കരുടെ ഇടയില് അമേരിക്കയില് അടിയില്ലായിരുന്നു. അടുത്ത കാലത്താണ് കല്ദായപള്ളികള് എല്ലാ പട്ടണങ്ങളിലും ഈ അടിപിടി പോങ്ങിവന്നത്. നാട്ടില്നിന്നു പ്രത്യേകിച്ചു പാലാ രൂപതയില് നിന്നും അച്ചന്മാര് വരുമ്പോഴാണ് കുഴപ്പങ്ങള് കൂടുതല് ഉണ്ടാക്കുന്നത്.
ചെങ്ങളംപള്ളി തകര്ത്ത പുതുമനയച്ചനെ സ്വീകരിക്കുവാന് സീറോമലബാര് വോയിസ് പന്തലുകെട്ടി കഴിഞ്ഞു. ആ ബ്ലോഗില് പോയാല് രസകരമായ അനേക പ്രതികരണങ്ങളും വായിക്കാം.
ചെറിയ കാരണങ്ങള് വലുതാക്കിയാണ് സാധാരണ അച്ചന്മാര് അല്മെനികളെ തമ്മില് അടിപ്പിക്കുന്നത്. അങ്ങനെയാണല്ലോ ബ്രിട്ടീഷുകാര് ഭാരതം
ഭരിച്ചിരുന്നതും. ഒരു ലക്ഷ്യത്തിനുവേണ്ടി അല്മായര് ഒന്നായി പള്ളിക്കുവേണ്ടി പ്രവര്ത്തിക്കുവാനും തീയോളജി മാറ്റിയെഴുതുവാനും സമയമായി.
പുരോഹിതന് അധികാരം എന്നുംവേണം. കീശയില് അല്മെനിയുടെ പൈസയും വേണം. അയാള് എന്തു ഊളത്തരം പറഞ്ഞാലും അടിമയെപ്പോലെ അല്മേനി ശരിയും വെച്ചുകൊള്ളണം. പ്രതികരിച്ചാല് പുരോഹിതന്റെ ഈഗോപ്രശ്നമായി. ഇടവകക്കാര് മറുചോദ്യം ചോദിച്ചാല് കലാപമായി, അച്ചന്റെ തുള്ളല് കാരണം പിന്നെ ആര്ക്കും അങ്ങോട്ട് അടുക്കാനും പറ്റില്ല.
യഥാര്ത്ഥത്തില് ഈ അച്ചന് ആരാണ്. ഇദ്ദേഹം ഒരു ക്രിസ്ത്യാനിയാണോ? ക്രിസ്ത്യന് മൂല്യങ്ങള് എന്തെങ്കിലും ഇദ്ദേഹത്തില് കുടികൊള്ളുന്നുണ്ടോ? ടെക്കനോളജിയുടെ പുരോഗതിയില് ജീവിക്കുന്ന പുതിയ തലമുറ പത്രോസ്സിന്റെ താക്കോലില്നിന്നും ഡ്യുപ്ലിക്കേറ്റു താക്കോല് ഉണ്ടാക്കികഴിഞ്ഞു. പത്രോസ് സ്വര്ഗം തുറന്നു തന്നില്ലെങ്കില് പകരം താക്കോല് ഇട്ടു തുറക്കാന് സാധിക്കുന്ന സ്ഥിതിക്ക് സ്വര്ഗവും നരകവും പറഞ്ഞു അച്ചന്മാര് അല്മെനികളെ പേടിപ്പിക്കാന് വരാതെയിരുന്നാല് ഇടവക സമാധാനമായി ഭരിക്കാം. താക്കീതുകളും
മഹാറോനും കുറ്റപ്പെടുത്തലുകളും തൊഴിലാക്കിയിരുന്ന പുരോഹിതയുഗം കഴിഞ്ഞുവെന്നും ജോര്ജിന്റെ ഈ ബൈബിള് നാടകം വായിച്ചാല് മനസ്സിലാകും.