Translate

Wednesday, April 4, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :11


ജോര്‍ജ് മൂലേച്ചാലില്‍
(അതോടെ അവരുടെ കരച്ചില്‍ അധികരിക്കുന്നു. അച്ചന്‍ അല്പം അസ്വസ്ഥനാകുന്നു. തുടര്‍ന്ന്, പോലീസ് മേധാവിയുമായി കൂടിയാലോചിക്കുന്നു. മേധാവി, അച്ചന്റെയും രണ്ടനുചരരുടെയും അകമ്പടിയോടെ ജനങ്ങളുടെ അടുത്തേയ്ക്ക്, നിറഞ്ഞ ഗാംഭീര്യത്തോടെ നടക്കുന്നു. കരച്ചിലിന്റെയും പ്രാര്‍ത്ഥനയുടെയും ശബ്ദം കുറഞ്ഞുകുറഞ്ഞു വരുകയും അയാള്‍ നില്‍ക്കുന്നതോടെ തീര്‍ത്തും ഇല്ലാതാകുകയും ചെയ്യുന്നു. അയാളുടെ നില്പും ഭാവവും തികച്ചും ആധികാരികമാണ്.)
പോലീസ് മേധാവി : ധിക്കാരികളേ! (അല്പനേരം എല്ലാവയെരും നിരീക്ഷിക്കുന്നു. എല്ലാവരും ഭയംപൂണ്ടു നില്‍ക്കുകയാണ്. കുറെക്കൂടി ശാന്തമായ സ്വരത്തില്‍ മേധാവി തുടരുന്നു) ഞാനിപ്പോള്‍ നിങ്ങളെയോരോരുത്തരെയും, ദേശഭക്തരെന്നും, ദേശദ്രോഹികളെന്നും രണ്ടായി വേര്‍തിരിക്കുവാന്‍ പോകുകയാണ്. ഈ ദേശദ്രോഹിക്കെതിരെ തുറന്നു പറയുന്നവര്‍ ദേശസ്‌നേഹികളുടെ നിരയില്‍പ്പെടുന്നതാണ്. അല്ലാത്തവരെല്ലാം ദേശദ്രോഹികളുടെ നിരയിലും. (അല്പം നിര്‍ത്തി, ഒരു താക്കീതിന്റെ സ്വരത്തില്‍) ദേശദ്രോഹികള്‍ക്കുള്ള ശിക്ഷ, പീഡനവും മരണവുമാണെന്നോര്‍മ്മയിരിക്കട്ടെ....അതിനാല്‍, ഈ തെളിവെടുപ്പില്‍, അച്ചന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ദേശഭക്തിയോടുകൂടി ഉറച്ച സ്വരത്തില്‍ മറുപടി നല്‍കുന്നതാണ് നിങ്ങളോരോരുത്തര്‍ക്കും നല്ലത്.
അച്ചന്‍ : നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനാണ് വന്നിരിക്കുന്നതെന്ന് (യേശുവിനെ ചൂണ്ടി) ഇവനിവിടെ പറഞ്ഞത് നിങ്ങളെല്ലാവരും കേട്ടതല്ലേ?
(ആരും ശബ്ദിക്കുന്നില്ല. പരിപൂര്‍ണ്ണ നിശബ്ദത. കലികയറിയ ഒരാളെപ്പോലെ അച്ചന്‍ ചോദ്യം ഉറക്കെ ആവര്‍ത്തിക്കുന്നു).
അച്ചന്‍ : നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണു വന്നിരിക്കുന്നതെന്ന് (ക്രിസ്തുവിനെ ചൂണ്ടി) ഇവനിവിടെ പറഞ്ഞില്ലേ?
(രണ്ടുമൂന്നുപേര്‍ പരസ്പരം നോക്കി ഒരു തീരുമാനമെടുത്തിട്ടെന്നപോലെ, പെട്ടെന്ന് കൈകള്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി എണീറ്റുകൊണ്ട്)
രണ്ടുമൂന്നുപേര്‍ : ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(പെട്ടെന്ന് ഇരച്ചുകയറിയ ധൈര്യത്തില്‍ കുറേപ്പേര്‍കൂടി അതേപോലെ എണീറ്റ്, യേശുവിനു ചുറ്റും കൈകോര്‍ത്തുയര്‍ത്തിനിന്നുകൊണ്ട്)
കുറേപ്പേര്‍ ഒരുമിച്ച് : (ഉറക്കെ) അതെ, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(ബാക്കിയുണ്ടായിരുന്നവര്‍കൂടി, അതേപോലെ കയ്യുയര്‍ത്തി എണീറ്റ് യേശുവിനുചുറ്റും കയ്യുയര്‍ത്തി നില്‍ക്കുന്നു)
എല്ലാവരും ഒരുമിച്ച് : (ദൃഢസ്വരത്തില്‍) അതെ, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(ഈ ഓരോ ഘട്ടത്തിലും, അച്ചനും പോലീസുകാരും ഒന്നിനൊന്നു സ്തബ്ധരായിക്കൊണ്ടിരിക്കുന്നു. അവസാനം, എന്തോ മൗഢ്യം ബാധിച്ചവരെപ്പോലെ നിന്നുപോകുന്നു. ജനം, പരസ്പരം ഒന്നു ചേര്‍ന്നുണ്ടായ ഒരു ശില്പം പോലെ അങ്ങനെ നില്‍ക്കുകയാണ്. ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്റെയും പുരോഹിത-അധികാരിവിഭാഗത്തിന്റെ പതര്‍ച്ചയുടെയും പരസ്പരവിരുദ്ധങ്ങളായ രണ്ടു നിശ്ചലദൃശ്യങ്ങളാണ് ഇപ്പോള്‍ രംഗം. അല്പം സമയത്തിനുശേഷം മൗഢ്യത്തില്‍ നിന്നുണര്‍ന്ന അച്ചന്‍ വേച്ചു പോകുന്നു. എങ്കിലും, ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കുന്നു. എന്നിട്ട്, പരിക്ഷീണവും പതറിയതുമായ ഒരു സ്വരത്തില്‍ ജനങ്ങളോടു ചോദിക്കുന്നു)
അച്ചന്‍ : (കിതച്ചുകൊണ്ട്) ഇവന്‍ സഭാധികാരികളെ അധിക്ഷേപിച്ചു പറഞ്ഞത് നിങ്ങള്‍ കേട്ടതല്ലേ?
എല്ലാവരും : (യേശുവിനു ചുറ്റുമായി ഒറ്റക്കെട്ടായ മറ്റൊരു ചലനത്തോടുകൂടി) ഞങ്ങളാണ് അങ്ങനെ പറഞ്ഞത്, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(അച്ചന്‍ വിഷമിച്ചു നില്‍ക്കുന്നു. പോലീസ് മേധാവി ലാത്തിച്ചാര്‍ജിന് ഓര്‍ഡര്‍ നല്‍കുന്നു. പോലീസുകാര്‍ ചുറ്റുപാടും നടന്ന് ലാത്തി വീശുന്നു. എത്ര ലാത്തി വീശിയിട്ടും സുദൃഢമായ ആ മനുഷ്യശില്പത്തിന് ഒരിളക്കവും പക്ഷേ, സംഭവിക്കുന്നില്ല. അവസാനം അവര്‍ മടുത്തു കിതച്ച് പിന്മാറുന്നു. അഭിമാനത്തിനു ക്ഷതമേറ്റ പോലീസ് മേധാവി ചീറ്റുന്നു.)
മേധാവി : (നിലത്ത് ആഞ്ഞു ചവിട്ടിക്കൊണ്ട്) ആഹ്ഹാ! അത്രയ്ക്കായോ? എന്നാല്‍ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ. (വിഷണ്ണനായി നില്‍ക്കുന്ന അച്ചനോട്) ഞങ്ങളിതാ പോലീസുകാരുടെ ഒരു ബറ്റാലിയനുമായി വരുന്നു. (പോലീസുകാര്‍ ജനത്തെ ഒന്നുകൂടി നോക്കി, നിലം ചവിട്ടിത്തകര്‍ത്ത് കടന്നുപോകുന്നു. ജനങ്ങള്‍ കൈ വിടുവിച്ച് സാധാരണ നിലയിലാകുന്നു. എല്ലാവരിലും ഇപ്പോള്‍, ആകെയൊരു ഊര്‍ജ്ജസ്വലതയും ചൈതന്യവും നിറഞ്ഞു നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. യേശു കുരിശ് നിലത്തിടുന്നു.)
യേശു : ഇതെല്ലാം ഈറ്റുനോവിന്റെ തുടക്കം മാത്രമാണ്. അവര്‍ നിങ്ങളെ മര്‍ദ്ദനത്തിന് ഏല്‍പ്പിച്ചു കൊടുക്കും. നിങ്ങളെ കൊല്ലുന്നവരെല്ലാം തങ്ങള്‍ ദൈവത്തിനു ബലി അര്‍പ്പിക്കുകയാണെന്നു കരുതുന്ന സമയം വരും. നിങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക. കാരണം, ഇതെല്ലാം സംഭവിച്ചേ തീരൂ. എന്തുകൊണ്ടെന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
(തുടരും)

No comments:

Post a Comment