Translate
Thursday, April 5, 2012
അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :12
ജോര്‍ജ് മൂലേച്ചാലില്‍
(യേശുവിന്റെ ശരീരം spot light-ല്‍ വെട്ടിത്തിളങ്ങുന്നു. അതു ക്രമേണ മുഖത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഒരു നിമിഷത്തിനുശേഷം Vibrating light-ന്റെ പശ്ചാത്തലത്തില്‍ യേശു സാവധാനം താഴ്ന്ന് അപ്രത്യക്ഷനാകുന്നു. മുന്‍പു ഔസേപ്പുചേട്ടന്‍ കുരിശുമായി വീണ അതേ spot-ല്‍ ത്തന്നെയാണിത്. മുമ്പ് ഔസേപ്പുചേട്ടന്‍ വീണ ശബ്ദം കേട്ട് അങ്ങോട്ടു നോക്കി ഉദ്വേഗത്തോടെ പകച്ചുനിന്ന അതേ പോസിലാണിപ്പോള്‍, എല്ലാവരും . ആദ്യത്തേതുപോലെ വിവിധ വര്‍ണ്ണങ്ങളിലുള്ള പ്രകാശതരംഗങ്ങള്‍ രംഗത്ത് മാറിമറിയുന്നു. തുടര്‍ന്ന്, സാധാരണ വെളിച്ചത്തില്‍, ഒരു നിശ്ചല ദൃശ്യംപോലെ ഏതാനും സെക്കന്റുകള്‍ രംഗം അങ്ങനെതന്നെ നില്‍ക്കുന്നു. ഒരു 'ഫ്‌ളാഷ് ബാക്ക്' കഴിഞ്ഞ പ്രതീതി. തുടര്‍ന്ന്, രംഗം ചലനാത്മകമാകുന്നു. പ്രമാണിമാര്‍ ഔസേപ്പുചേട്ടന്‍ വീണിടത്തേയ്ക്ക് ഓടി അടുക്കുന്നു. പെട്ടെന്നൊരാള്‍ തിരിഞ്ഞ് അവരുടെ നേരെ കൈചൂണ്ടി. 'നില്ക്കവിടെ,' എന്ന് ഗര്‍ജ്ജിക്കുന്നു. അവര്‍ ഭയത്തോടെ അവിടെ നില്ക്കുന്നു. തുടര്‍ന്ന്, ആധികാരിക ഭാവത്തില്‍ അച്ചന്‍ അങ്ങോട്ടടുക്കുന്നു. ഇതിനകം ഒന്നിനു പിറകെ മറ്റൊന്നായി എല്ലാവരും തിരിഞ്ഞ് , കുറ്റാരോപണം ചെയ്യുന്നതുപോലെ അച്ചന്റെയും പ്രമാണിമാരുടെയും നേര്‍ക്ക് കൈചൂണ്ടി നില്‍ക്കുന്നു. അച്ചന്‍, ആദ്യം കൈ ചൂണ്ടിയ ആളുടെ അടുത്തെത്തിയപ്പോഴേയ്ക്കും പ്രമാണിമാര്‍ അച്ചന്റെ പുറകിലേയ്ക്കു വലിയുന്നു. എല്ലാവരും തന്റെ നേരെ വിരല്‍ ചൂണ്ടി നില്ക്കുന്നതു കാണുന്ന അച്ചന്റെ മുഖത്ത് ആധികാരിക ഭാവം കുറഞ്ഞു വരുന്നുണ്ട്.)
നേതാവ് : (ദൃഢമായ സ്വരത്തില്‍) ഇല്ല! ഔസേപ്പുചേട്ടനെ ക്രൂശിക്കാന്‍ ഇനി നിങ്ങള്‍ക്കാവില്ല.
എല്ലാവരും : (അതേ ഭാവത്തില്‍) ഇല്ല! മനുഷ്യപുത്രനെ ക്രൂശിക്കാന്‍ ഇനി നിങ്ങള്‍ക്കാവില്ല.
അച്ചന്‍ : (സംഭ്രമത്തോടെ, എങ്കിലും പിടിച്ചു നിന്നുകൊണ്ട്) ക്രൂശിക്കാനല്ല; രക്ഷിക്കാനാണ്.
നേതാവ് : വേണ്ട! ഞങ്ങള്‍ ഉയിര്‍ത്തെണീറ്റിരിക്കുന്നു.
എല്ലാവരും : അതേ! യേശുവില്‍ ഞങ്ങള്‍ ഉയിര്‍ത്തെണീറ്റിരിക്കുന്നു!
നേതാവ് : ഔസേപ്പുചേട്ടനെ വീഴ്ത്തിയത്...നിങ്ങളാണ്.
എല്ലാവരും : ഞങ്ങളെയെല്ലാം വഴി തെറ്റിച്ചത്, നിങ്ങളാണ്.
(അച്ചന്റെ മുഖം പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടേതുപോലെ ഭയസംഭ്രമങ്ങളാല്‍ നിറയുകയും, പതറുന്ന കാല്‍വെയ്പുകളോടെ പിന്നോക്കം നീങ്ങാന്‍ ശ്രമിക്കയും ചെയ്യുന്നു. അച്ചന്റെ പിന്‍വലിയലിനുസരിച്ച്, ജനം ഓരോ ചുവട് മുന്നേറുകയും ചെയ്യുന്നു. ഇടയ്ക്ക് ദുര്‍ബലമായ ഒരു പിടിച്ചു നില്പില്‍.)
അച്ചന്‍ : (ബലഹീനമായ സ്വരത്തില്‍, ബദ്ധപ്പെട്ട്) ഞങ്ങള്‍.... ഞങ്ങള്‍ തിരുവചനങ്ങള്‍....തിരുവചനങ്ങള്‍ (തുടര്‍ന്നു ഒന്നും പറയാന്‍ കിട്ടാതെ കുഴങ്ങി നില്‍ക്കുന്നു)
ഒരാള്‍ : ശരിയാണ്, നിങ്ങള്‍ തിരുവചനങ്ങളെഴുതിയ നെറ്റിപ്പട്ടങ്ങള്‍ക്കു വീതിയും മേലങ്കിയിലെ തൊങ്ങലുകള്‍ക്ക് നീളവും വര്‍ദ്ധിപ്പിച്ചു.
മറ്റൊരാള്‍ : നിങ്ങള്‍ മനുഷ്യപുത്രരുടെ വായ് മൂടികെട്ടി.
എല്ലാവരും : ഞങ്ങളുടെയെല്ലാം ചിന്തയ്ക്ക്, നിങ്ങള്‍ കൂച്ചുവിലങ്ങിട്ടു.
വേറൊരാള്‍ : നിങ്ങളുണ്ടാക്കിയ നിയമങ്ങള്‍ ദൈവപ്രമാണങ്ങളെന്നനിലയില്‍ ഞങ്ങളുടെമേല്‍ നിങ്ങള്‍ അടിച്ചേല്‍പ്പിച്ചു.
മറ്റൊരാള്‍ : അങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിലൂടെതന്നെ ദൈവവചനത്തെ നിങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
(പോംവഴിയില്ലാത്ത ഒരു ജനകീയ വിചാരണയിലെ കുറ്റവാളിയുടെ നിസ്സഹായതയോടും ദൈന്യഭാവത്തോടും കൂടി, ഓരോ ഘട്ടത്തിലുമായി അച്ചന്‍ കൂന്നു കുമ്പിട്ട് പിന്നാക്കം നീങ്ങുകയാണ്. അവസാനത്തെ വിചാരണാസംഭാഷണം കഴിഞ്ഞതോടെ പെട്ടെന്ന് ആള്‍ക്കാരുടെ ഇടയില്‍നിന്നും ഔസേപ്പുചേട്ടന്‍ ആവിര്‍ഭവിക്കുന്നു. ധാര്‍മ്മികധീരതയും ത്യാഗോജ്ജ്വലതയും മുറ്റിയ, യേശുവിന്റെപോലെ ഇരുത്തം വന്ന ഒരു ജനനായകന്റെ ഭാവത്തോടെ, മദ്ധ്യഭാഗത്തേയ്ക്ക് കടന്നുനിന്ന്)
ഔസേപ്പുചേട്ടന്‍ : (ഒരു വിധിവാചകം പറയുന്നതുപോലെ-ആ തുടര്‍ച്ച നിലനിര്‍ത്തിക്കൊണ്ട്) കപട പുരോഹിതവര്‍ഗ്ഗമേ, നിങ്ങള്‍ക്കു ദുരിതം!
(ദൈന്യതയുടെ ഒരു തിരത്തള്ളലില്‍ സ്വയമറിയാതെയെന്ന പോലെ, പെട്ടെന്ന്, അച്ചന്‍ മുമ്പോട്ട് ഏതാനും ചുവടുകള്‍ ഓടി ഔസേപ്പുചേട്ടന്റെ സമീപത്തായി കിതച്ചു നില്‍ക്കുന്നു. എന്നിട്ട്, കണ്ണുകളും കൈകളും മുകളിലേയ്ക്കുയര്‍ത്തി ദൈവത്തെ നോക്കിക്കൊണ്ടെന്നപോലെ)
അച്ചന്‍ : ദൈവമേ, ഞങ്ങള്‍ നിനക്ക് ആഘോഷമായ റാസക്രമത്തില്‍ കുര്‍ബാനകള്‍ അര്‍പ്പിക്കുന്നവരല്ലയോ? നിന്നെ പ്രകീര്‍ത്തിക്കാന്‍ നൊവേനയും ലദീഞ്ഞും വേസ്പരയും ഒപ്പീസും നടത്തുന്നവരല്ലയോ...?
(ഔസേപ്പു ചേട്ടനെ നോക്കുന്നു. മുഖഭാവത്തിനു മാറ്റമില്ലെന്നുകണ്ട്, വീണ്ടും കണ്ണുകള്‍ മുകളിലേയ്ക്കുയര്‍ത്തി തുടരുന്നു)
അച്ചന്‍ : കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിച്ചവരല്ലയോ? നിന്റെ നാമത്തില്‍ ഞങ്ങള്‍ പിശാചുക്കളെ പുറത്താക്കിയില്ലയോ? നിന്റെ നാമത്തില്‍ പല വലിയ കാര്യങ്ങളും ഞങ്ങള്‍ ചെയ്തില്ലയോ?
ഔസേപ്പുചേട്ടന്‍ : (തികഞ്ഞ ആധികാരികതയോടെ) ഹേ, ദുര്‍വൃത്തരേ, എന്നെ വിട്ടകന്നു പോകൂ. നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. (അച്ചന്‍ ചൂളി നില്‍ക്കുന്നു.)
എല്ലാവരും : (അതേ ആധികാരികതയോടെ) ഹേ, ദുര്‍വൃത്തരേ, ഞങ്ങളെ വിട്ടകന്നു പോകൂ...ഞങ്ങളെ വിട്ടകന്നു പോകൂ.... (അതിന്റെ പ്രതിധ്വനിപോലെ, കുറഞ്ഞു കുറഞ്ഞു വരുന്ന ശബ്ദത്തില്‍, അത് ആവര്‍ത്തിക്കപ്പെടുന്നു. അടുത്തടുത്തുവരുന്ന അസഹ്യമായ ഒരു വെളിച്ചത്തിനെതിരെ എന്നപോലെ കൈകള്‍ വിലങ്ങനെവെച്ച് കണ്ണും മുഖവും മറച്ചുകൊണ്ട് അച്ചന്‍, പിറകോട്ട് അകന്നകന്നുപോയി തിരോഭവിക്കുന്നു. 'പ്രതിധ്വനി' ആരംഭിക്കുന്നതുമുതല്‍ വെളിച്ചം കുറഞ്ഞുവരുകയും അച്ചന്റെമേല്‍ spot light focus ചെയ്യുകയും ചെയ്യുന്നു. അച്ചന്‍ തിരോഭവിക്കുന്നതോടെ പുതിയൊരു വെളിച്ചം കൊണ്ട് രംഗം നിറയുന്നു).
(ശുഭം!)
Subscribe to:
Post Comments (Atom)
അരങ്ങത്തു കൂത്ത് നടന്നത് കൊണ്ടാണെന്ന് തോന്നുന്നു അണിയറയില്‍ നടന്ന നാടകം ആരും കാണാതെ പോയത്. ജോര്‍ജ്ജിന്റെ കൊച്ചു നാടകം നന്നായിരുന്നു. മിശിഹാ കര്‍ത്താവ് ഇന്ന് ഇവിടെ വന്നാല്‍ എന്താകും എന്ന് സാമാന്യം നന്നായി വരച്ചു കാട്ടിയിരിക്കുന്നു. എനിക്കോര്‍മ്മ വരുന്നത് ഒരമേരിക്കന്‍ കഥയാണ്. ഒരച്ചന്‍ പള്ളിയില്‍ ബൈബിള്‍ വ്യാഖ്യാനിച്ചപ്പോള്‍ ശരിയായില്ല. ഇത് കേട്ട് കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു അച്ചനോട് വിവരം പറഞ്ഞു. കര്‍ത്താവിനെപ്പോലെ ഒരാള്‍ പള്ളിമുറിയില്‍ ഉണ്ട് എന്ന് അച്ചന്‍ ബിഷപ്പിനെ വിളിച്ചു പറഞ്ഞു. ബിഷപ് നേരിട്ട് സംസാരിച്ചു, സംഗതി സത്യമാണെന്ന് തോന്നിയപ്പോള്‍ അങ്ങേരു റോമിന് വിളിച്ചു. അവസാനം മാര്‍പ്പാപ്പാ തന്നെ നേരിട്ട് കര്‍ത്താവിനെ വിളിച്ചു. സംഗതി സത്യമാണെന്ന് മനസ്സിലായപ്പോള്‍ താണ് വിണ് ഒരപേക്ഷ നടത്തി,
ReplyDelete" ദയാപരനായ കര്‍ത്താവേ, ഇവിടുത്തെ കാര്യങ്ങളൊക്കെ അങ്ങേക്ക് നല്ലപോലെ അറിവുള്ളതാണല്ലോ; ഒരു പരുവത്തിലാണ് കാര്യങ്ങളൊക്കെ നടത്തികൊണ്ട് പോവുന്നത്. പിതാവിനെ ഓര്‍ത്തു കുഴപ്പം ഒന്നും ഉണ്ടാക്കരുത്. തല്‍ക്കാലം പോയെ ഒക്കൂ" എന്ന്. കര്‍ത്താവ് വരുന്നുണ്ട് എന്നറിഞ്ഞാല്‍ മിക്ക വികാരിമാരും പള്ളി പൂട്ടി സ്ഥലം വിടും. എന്ത് ചെയ്യാം...കലികാലം എന്നല്ലാതെ എന്ത് പറയണം.