Translate

Thursday, April 19, 2012

‍ ഒരു സദ്ഗുരുവിനെ കണ്ടെത്തിയാല്‍ ജീവിതം കീഴടക്കി സ്വയം ഇല്ലാതാകുന്നവന്‍!!!

ജോസഫ് മറ്റപള്ളിയുടെ ലേഖനത്തില്‍  പറഞ്ഞിരിക്കുന്നത്  "ഒരു സദ്ഗുരുവിനെ കണ്ടെത്തിയാല്‍ ആ പാദങ്ങളില്‍ പൂര്‍ണമായും സമര്‍പ്പിച്ചു സ്വയം ഇല്ലാതാ വാന്‍ തയ്യാറാവുന്ന ഒരുവനാണ് യഥാര്‍ഥത്തില്‍ ജിവിതത്തെ കിഴടക്കുന്നത്, അതായിരുന്നു അവരുടെ സന്ദേശത്തിന്റെ രത്‌നച്ചുരുക്കവും." അദ്ദേഹം യേശുവിനെ ഗുരുദേവനായി കാണുന്നു.

 ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടില്‍ യേശു ദൈവമാണ്. എങ്കിലും മാര്‍പാപ്പ പോലും യേശുവിനു വേണ്ടി സ്വയം ഇല്ലാതാവുമെന്ന് തോന്നുന്നില്ല. ആശ്രമ ജീവിതവും ദൈവവുമായി ജീവിക്കുന്ന ലോകം ഭൂമിക്കു തന്നെ ഭാരമായിരിക്കും. എങ്കില്‍ ഈ കമ്പ്യൂട്ടര്‍ പോലും ഇന്നു കാണുകയില്ലായിരുന്നു. ആല്ബര്ട്ട് ഐന്‍സ്റ്റിനോ തോമസ്‌ ആല്‍വാ എഡിസണോ ജനിക്കുകയില്ലായിരുന്നു.

ഈ തത്വചിന്ത മനസ്സിലാക്കുവാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ വളരെ ബുദ്ധിമുട്ടും. ഏതെങ്കിലും ഗുരുവിനോട് ഇത് എങ്ങനെയെന്നു ചോദിച്ചാല്‍ നിന്‍റെ കുഞ്ഞു ബുദ്ധിയില്‍ ഒതുങ്ങുന്ന രഹസ്യമല്ലെന്നു പറയും. ഉത്തരം പറയാതെ തിരിഞ്ഞും നടക്കും. പുരാണങ്ങളില്‍ ഗുരുവിനുവേണ്ടി വിരല്‍ മുറിച്ചു കൊടുക്കുന്നവരും ഉമ്മിത്തീയില്‍ ചാടുന്നവരും ആത്മാഹൂതി ചെയ്യുന്നവരും ഉണ്ട്. ഇതെല്ലാം ബ്രാഹ്മണതന്ത്രങ്ങളും പറ്റിക്കുന്ന കഥകളും ആയിരുന്നു. ബ്രാഹമണമേധാവിത്വം നിലനിര്‍ത്തി അടിമത്വം താണവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ബ്രാഹ്മണരുടെ കുടില തന്ത്രങ്ങളും. അവര്‍ അതില്‍ അന്നു വിജയിക്കുകയും ചെയ്തു. ബ്രാഹ്മണമതങ്ങള്‍ വിഭാവന ചെയ്ത അടിമത്വം അവസാനിച്ചു.

ഈ അടവുകള്‍ മെത്രാന്മാരും പുരോഹിതരും ഉപയോഗിച്ചു. അങ്ങനെ അവര്‍ വിശ്വാസിലോകം കീഴടക്കി. അല്മായര്‍  എന്ന അടിമത്വസമ്പ്രദായം ഇന്നും തുടരുന്നു. വേഷഭൂഷാദികളും രാജകീയവടികളും കാണിച്ചു ഭയപ്പെടുത്തി പേടിപ്പിച്ചാണ് ഈ ഗുരുക്കന്മാര്‍ സഭയില്‍ വാണരുളുന്നത്.

ഗുരു ആരാണ്, എന്തിനു വേണം, വ്യക്തി ജീവിതത്തില്‍ ഒരു ഗുരുവിനെ ആവശ്യമുണ്ടോ? ഉത്തരം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ചുറ്റുമുള്ള ആള്‍ദൈവങ്ങളും പുരോഹിതരും ആചാര്യന്മാരും, ഗുരുക്കന്മാരും
സെക്സ് മാഫിയാകളായി ചിത്രീകരിച്ചു വര്‍ത്തമാനപത്രങ്ങളും മീഡിയാകളും സൈബര്‍ലോകവും ഒന്നടങ്കം വ്യക്തമാക്കുന്നു. പേരും പെരുമയും ആര്‍ജിച്ച ഗുരുക്കന്മാര്‍വരെ തങ്ങളുടെ ശിഷ്യഗണങ്ങളുടെ ലൈംഗിക  ഉപഭോക്താക്കളായി ഈശ്വരനെ തേടിയലയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പതിനായിരകണക്കിന് ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്ന സ്വാമി ദയാനന്ദയെ അമേരിക്കയില്നിന്ന് നാടുകടത്തിയതും ഓര്‍മ്മിക്കുന്നു. കണക്കില്‍ ഒതുങ്ങാത്ത സ്വത്ത് ആചാര്യലേബലില്‍ സമ്പാദിക്കുകയും ചെയ്തു.നികുതിവെട്ടിപ്പില്‍ കുപ്രിസിദ്ധി നേടിയ ഇദ്ദേഹത്തെ ഭാരതത്തിലും ജീവിക്കുവാന്‍ അനുവദിക്കുകയില്ലായിരുന്നു.  നൂറുകണക്കിന് വേദങ്ങളുടെ സമാഹാരംതന്നെ അദ്ദേഹത്തിന്‍റെ രചനകളായി ഗ്രന്ഥപ്പുരകളില്‍ ഉണ്ട്.

സെക്സ് ആയിരുന്നു അയാളുടെ പതനത്തിനും ഇടയാക്കിയത്. ഇങ്ങനെ അനേകം സെക്സ് ബോംമ്പുകളുടെ തുടര്‍കഥകള്‍തന്നെ സമകാലീക ചരിത്രത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.

മാതാ അമൃതാഭായിയെ കെട്ടിപ്പിടിച്ചു ചൂട് ശരീരത്തില്‍ പ്രവഹിപ്പിച്ചാല്‍ ‍ പരമാത്മാവിനെ കണ്ടുമുട്ടുമെന്നും ഹൃദയത്തില്‍ ദരിദ്രര്‍ ആയ ഭാഗ്യവാന്‍മാരും ഭക്തജനങ്ങളും വിശ്വസിക്കുന്നു. തട്ടിപ്പു പ്രസ്ഥാനങ്ങളുമായി നടക്കുന്ന ആള്‍ദൈവങ്ങളുടെയും ആചാര്യന്മാരുടെയും നാടായി ഭാരതം മാറിയിരിക്കുകയാണ്. ഇന്ദിരാഗാന്ധിവരെ രാജ്യത്തിന്‍റെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത് സത്യസായി ബാവായുടെ കാലുതൊഴുതു വന്ദിച്ച
ശേഷമായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ദൈവത്തെ കണ്ടെത്തുവാന്‍ പുരോഹിതരും ഗുരുക്കന്മാരും വേണമെന്നു പറയുന്നതും ഒരു പണം തട്ടിപ്പുവേല തന്നെ.

എന്നാല്‍, നാം ഗുരുവെന്ന വാക്കിന്‍റെ മഹത്വം അറിയുന്നുവെങ്കില്‍ ഭാരതീയ തത്വശാസ്ത്രങ്ങളില്‍ അഭിമാനംകൊള്ളും.നമ്മുടെ തത്വചിന്തകളില്‍ ദത്തത്രെയ എന്ന ഒരു സാഗാ മുനിയുണ്ട്.ഈ മുനിയുടെ ഗുരുക്കന്മാര്‍ പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും മരങ്ങളുമെല്ലാം ആയിരുന്നു.

ഗുരുവിനു ലാമാ, ടീച്ചര്‍, ആചാര്യ എന്നിങ്ങനെ പല പേരുകള്‍ ഉണ്ട്. എല്ലാം ഒരേ അര്‍ത്ഥം. ചുറ്റുമുള്ളതെല്ലാം ഗുരുക്കള്തന്നെ. ഈ പ്രപഞ്ചംതന്നെ സദ്‌ഗുരുവാണ്. പ്രപഞ്ചത്തിലെ ഓരോ പരമാണുവും മണല്‍ത്തരിപോലും പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളതാണ്‌. നമുക്ക് ഒരു ഗുരുവല്ല, സൃഷ്ടിയുടെ സകലതിനെയും ഗുരുക്കന്മാര്‍ ആയി കാണണം. ഒരു മണല്‍ത്തരിക്കുപോലും കോടാനുകോടി വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്; നൂറായിരം ഗവേഷണഗ്രന്ഥങ്ങള്‍ രചിപ്പിക്കുവാനും‍ സാധിക്കും. അനേക പാഠങ്ങള്‍ ഉള്‍കൊള്ളുവാനും സാധിക്കും.

ഓരോ പരമാണുവും നമ്മുടെ ഗുരുക്കന്മാര്‍ തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഗുരുവായ ഈ പ്രകൃതിക്ക് എന്തിനും കഴിവുണ്ട്. രണ്ടു കാലും നാലു കാലുമുള്ള ജീവികളും ആകാശത്തിലും ഭൂമിയിലും വെള്ളത്തിലും ജീവിക്കുന്ന ജീവജാലങ്ങളും നമ്മുടെ ഗുരുക്കന്മാര്‍തന്നെ.

നന്മയും തിന്മയും എന്തിലുമുണ്ട്. കോടാനുകോടി ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ ....എല്ലാം കണ്ടെത്തണമെങ്കില്‍ മനസ്സ് എകാഗ്രമാക്കണം. മനസ്സിനെ സ്വന്തമാക്കണം. എങ്കില്‍ അന്വേഷണം ഒരിക്കലും വഴി തെറ്റുകയില്ല. നമ്മുടെ മനസാക്ഷി, മനസ്ഥിതി, കാഴ്ചപ്പാട്, സഹജാവബോധം, അനുകമ്പ അങ്ങനെ എല്ലാം ഉണര്‍ത്തിയാല്‍ ഉള്ളില്‍ വസിക്കുന്ന ആ ഗുരുവിനെ ദര്‍ശിക്കുവാന്‍ സാധിക്കും.

മുമ്പോട്ടുള്ള യാത്രയില്‍ ഈ ഗുണങ്ങള്‍ സദാകൂട്ടുകാരായി നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മുടെ യാത്രയില്‍ ഏറെ മുമ്പന്മാര്‍ കുറെ പിമ്പന്മാര്‍....കാല്‍വെപ്പ്‌ തുടക്കവും ഏറെ ദൂരവുമുണ്ട്. ബഹുദൂരത്തിലുള്ള ഈ യാത്രയില്‍ വെളിച്ചം കാണുന്നവരും അന്ധകാരത്തില്‍ നടക്കുന്നവരും ഒപ്പം ഉണ്ട്. അവിടെ ഗുരുവിനെ ആവശ്യമുണ്ടെന്നു ഭാരതീയ തത്വശാസ്ത്രം പഠിപ്പിക്കുന്നു.

മനസ്സില്‍ക്കൂടെ തിന്മയും നന്മയും ഒന്നുപോലെ വിഹരിക്കുന്നു. സ്വയം സംസാരിക്കുന്നു. എല്ലാം സംസാരിക്കുന്നു. പരിശുദ്ധമായ മനസ്സെന്നു പറയുന്നതും നന്മയുടെ ഉറവിടമാണ്. ഈ വാക്കുകളാണ് യേശുവും ബുദ്ധനും നമ്മോടു സംസാരിച്ചതും. ഭൌതികലോകത്ത് ഈ ഗുരുക്കന്മാര്‍ ഇല്ല. എന്നാല്‍ ഇവരുടെ സത് വചനങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. പരിശുദ്ധആത്മാവു ഈ വചനങ്ങള്‍ നയിക്കുന്നുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

മനസ്സ് കുസൃതി നിറഞ്ഞതാണ്‌. ഒരു ഓട്ടക്കാരനും. കണ്ണുകള്‍ കള്ളം പറയുകയില്ല. മറ്റൊരുവന്‍ ഗുരുവായവന്‍ ശരിയാണോയെന്നും അറിയില്ല. മനസ്സും ശരീരവും സംസാരവും പഠിക്കുവാന്‍ ബഹുദൂരം സഞ്ചരിക്കേണ്ടതായി ഉണ്ട്. ജഗത്തിലെ സൃഷ്ടിജാലങ്ങളെല്ലാം നമുക്കൊപ്പം സഞ്ചരിക്കുന്ന ഗുരുക്കന്മാര്‍ തന്നെ.

3 comments:

  1. ഗുരുവിനു എന്തിനാണ് അനുയായികള്‍? സ്വയം ബുദ്ധിമാന്‍ എന്നു ഭാവിച്ചു കുറെ മണ്ടന്മാരെ നയിക്കുവാന്‍ വേണ്ടിയല്ലേ? സ്വന്തം ശരീരത്തില്‍
    ‍വൈഷയിക തൃപ്തി നേടാന്‍, ആത്മാരാധനക്ക്
    ബാഹ്യമായ ഒരു ഗുരുവിന്‍റെ സഹായം
    പക്വത വരാത്ത കുഞ്ഞുങ്ങളില്‍ ഫലിച്ചെക്കാം.

    സ്വയം ബുദ്ധിമാന്‍ എന്നു വിചാരിച്ചു നടക്കുന്ന പല ഗുരുക്കന്മാരും ദോഷദര്‍ശന സ്വഭാവക്കാരും
    ലോക വിദ്വെഷികളും ആണ്. ലോകം പരിഷ്കൃത ലോകത്തിനു അനുയോജ്യമായി ജീവിക്കുന്നത് ഇവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ഈ ആത്മീയക്കാര്‍ക്ക് തലമുടി ഫാഷനില്‍ വെട്ടിയാല്‍ കുഴപ്പം,
    പെണ്‍പിള്ളേര്‍ കണ്ണിനു ഇമ്പം നല്‍കുന്ന നല്ല ഫാഷന് ചേരുന്നവിധം ഡ്രസ്സ്ധരിച്ചാല്‍ കുഴപ്പം. ചട്ടയില്‍ നിന്ന് സാരിയില്‍ മാറുന്ന കാലത്ത് പള്ളി ഗുരുക്കന്മാര്‍ അക്കാലത്ത് വിപ്ലവപ്രസംഗങ്ങള്‍ നടത്തുമായിരുന്നു.സര്‍പ്പങ്ങള്‍ എന്നു വിളിച്ചു കളിയാക്കുമായിരുന്നു. രണ്ടായി തലമുടി പിന്നി തലയില്‍ മുണ്ട് ഇടാതെ പള്ളിയില്‍ വന്നാല്‍ ഇവര്‍ ചന്തിപോലെ തലയെന്നു പറഞ്ഞു പള്ളിയിലും കയറ്റുകയില്ലായിരുന്നു.പരിഹസിക്കുമായിരുന്നു. എതിര്‍പ്പ് പിന്നെ ചൂരിദാറിനും പാശ്ചാത്യ വേഷങ്ങള്‍ക്കും എതിരായും. ഇവരുടെ വിടുവായന്‍ പള്ളിപ്രസംഗങ്ങള്‍ ഇന്നും തുടരുന്നു.

    ഗുരുവിനേക്കാള്‍ ആല്മീയബോധം ഗുരുവല്ലാത്തവരില്‍ ഉണ്ട്. അങ്ങനെയുള്ള നിലക്ക് നമ്മുടെ വിശ്വാസങ്ങളെ മറ്റുള്ളവര്‍ക്ക് അടിയറ വെക്കേണ്ട ആവശ്യമുണ്ടോ?

    ഒരു ബുദ്ധിമാന്‍ മറ്റുള്ളവരും തന്നെപ്പോലെ തുല്ല്യ ബുദ്ധിയുള്ളവരെന്നു ചിന്തിക്കും. അവരെ ഗുരുക്കളായ പങ്കാളിക്ക് തുല്ല്യമാക്കാം. മറിച്ചു ദൈവതുല്യമായി ബുദ്ധിമാനെന്നു ഭാവിച്ചു നടക്കുന്നവനെ വന്ദിക്കുന്നതും ദൈവനിന്ദയാണ്. ചില മന്ത്രവാദങ്ങളും മന്ത്രസിദ്ധിയും പൊടിവേലകളും കാണിച്ചു ഈ വ്യാജഗുരുക്കന്മാര്‍ ജനത്തെ പറ്റിക്കും.

    എളിമയുള്ളവനായി സ്വയം മനസ്സിനെ പാകപ്പെടുത്തിയാല്‍ നമ്മെക്കാള്‍ കൂടിയവനെന്നു ചിന്തിക്കുന്ന ഒരു ഗുരുവിന്‍റെയും സഹായം ആവശ്യമില്ല. നമ്മെക്കാളും എളിമയുള്ളവനെന്നു ചിന്തിക്കുന്നവനെ ഇഷ്ടമുണ്ടെങ്കില്‍ മാത്രം ആത്മീയ പങ്കാളിയാക്കാം. രണ്ടുപേരും പരസ്പരം ഗുരുക്കന്മാര്‍. അവരും, ദൈവമക്കള്‍ അല്ലാതെ
    ശ്രേഷ്ഠ കാതോലിക്കാ ബാവായോ ഭൂമിയിലെ പിതാവോ അല്ല.

    എളിമയില്ലാത്തവരെ ഗുരുവായി കാണേണ്ട ആവശ്യമില്ല. യേശുവിന്‍റെ വചനവും വ്യക്തമാക്കുന്നത് അങ്ങനെയാണ്. നിഷ്കളങ്കമായ ഓരോരുത്തരുടെയും ഹൃദയത്തില്‍ ഗുരുവുണ്ട്. ഒരു ഗുരുവിനും തന്‍റെ ശിഷ്യന്‍ ഒപ്പംആകുന്നതും ഗുരുവിനേക്കാള്‍ കേമാമാകുന്നതും ഇഷ്ടമല്ല. അയാളെ ആരാധിച്ചു നടക്കുന്നവരെയാണ് കൂടുതല്‍ താല്പര്യം.

    അനുയായികളെ വേണ്ടെന്നു ആഗ്രഹിച്ചു അറിവിനെ
    തുല്യമായി വീതിച്ചു സ്വന്തം ശിഷ്യനെ പങ്കാളിയായി കാണുന്നവനെ ഗുരുവായി ദര്‍ശിക്കാം.

    ReplyDelete
  2. ഗുരു എന്ന വാക്കിന് ഒരു നിര്‍വചനമുള്ളത് 'ഗു'ശബ്ദമന്ധകാരംതാന്‍ 'രു'ശബ്ദം തന്‍ നിരോധകം എന്നാണ്. അറിവില്ലായ്മ എന്ന ഇരുട്ടുനീക്കി അറിവ് എന്ന വെളിച്ചം പ്രദാനംചെയ്യുന്നതെന്തും ഗുരുവാണ് തൈത്തിരീയോപനിഷത്തില്‍ തിത്തിരിപ്പക്ഷികളെപ്പോലും ഗുരുവായി കാണുന്നുണ്ട് എന്നോര്‍ക്കുക.
    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗുരുരൂപമാണ് ഗണപതിവിഗ്രഹം. പ്രതീകാത്മകമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ ഗണപതിവിഗ്രഹത്തിന്റെ മുമ്പില്‍ തേങ്ങയുടച്ചേക്കാം. എന്നാല്‍ അഹന്തയുടെ ചകിരിയും ചിരട്ടയും കാമ്പും തകര്‍ത്താല്‍ മാത്രമേ ആത്മാനന്ദം അനുഭവിച്ചറിയാനാവൂ എന്ന തത്വത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരമാണ് ആ ആചാരം എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഗണപതിയെ ലോകഗുരുവായി കാണാന്‍ നമുക്കു കഴിയും. ഗണപതിയുടെ വലിയ ചെവികള്‍ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കണമെന്നും നീണ്ട മൂക്ക് വിവേകപൂര്‍വമേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാവൂ എന്നും ഒക്കെ ധ്വനിപ്പിക്കുന്നതാണന്നു മനസ്സിലാക്കാന്‍ കഴിയുമ്പോഴേ ഗണപതിയിലെ ഗുരുവിനെ നമുക്കു കാണാനാവൂ. ഇതുപോലെതന്നെയാണ് ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ള ദൈവമനുഷ്യരായ (മനുഷ്യദൈവങ്ങളല്ല!) ഗുരുക്കന്മാരെയും നാം കാണേണ്ടത്. പോസ്റ്റുമാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റായിരിക്കന്നതുപോലെയെങ്കിലും ഭൂമിയില്‍ ഗുരുക്കന്മാരായി കുറെപ്പേര്‍ അനേകര്‍ക്ക് മാര്‍ഗദര്‍ശനംനല്കുന്ന വെളിച്ചമാകാറുണ്ട് എന്നു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

    ReplyDelete
  3. സംസ്കൃതത്തിലും ഹിന്ദുമതത്തിലും ഗുരുവിനു വലിയ അര്‍ഥമുണ്ട്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും ഗുരുവെന്ന വാക്കിനെ ആക്ഷേപകരമായി വിലയിടിച്ചു നിര്‍വചനം കൊടുത്തിരിക്കുന്നു. ഇവരുടെ വിജ്ഞാന കോശങ്ങളില്‍ ഗുരുവിനെ താറടിച്ചാണ് അര്‍ഥംകൊടുത്തിരിക്കുന്നത്.

    എന്തുകൊണ്ടു ഭാരതത്തിലെ ബുദ്ധിജീവികള്‍ ഇവരുടെ വിവരമില്ലായ്മയെ
    തടഞ്ഞില്ലായെന്നും മനസ്സിലാകുന്നില്ല. ഗുരുവെന്നാല്‍ ലോകമെന്തെന്നു അറിയാത്ത നിഷ്കളങ്കരെ ചൂഷണംചെയ്തു അനുയായികളെ സൃഷ്ടിക്കുന്നവന്‍,
    ദൈവനായകത്വം നേടി ഒരു ഭീകര മതവിഭാഗത്തെ നയിക്കുന്നവന്‍ എന്നൊക്കെ വിക്കൊപിടിയായിലും വിജ്ഞാനകോശങ്ങളിലും കാണാം.

    പൊതുപരിപാടികളിലും സ്പോര്‍ട്സ്, സാംസ്ക്കാരിക ആഘോഷങ്ങളിലും
    ഗുരു സ്റ്റേജില്‍ അവതാരകനാകുന്നു. നേരംപോക്കുകാരനും‍, ബുദ്ധിശൂന്യതയോടെ
    വായില്‍തോന്നുന്നത് വിളിച്ചുപറയുന്ന ‍ നേതാവെന്ന നിലയിലും‍ ജനം ഗുരുവിനെ ദര്‍ശിക്കുന്നു. മത്സരങ്ങളില്‍ ക്രിക്കറ്റ് ഗുരുതന്നെ ഇതിനു ഉദാഹരണം.

    ഭാരതീയരുടെ പവിത്രമായ ഈ പദത്തെ ഇവര്‍ അങ്ങനെ ദുരുപയോഗം
    ചെയ്തിരിക്കുകയാണ്.ഹരേ രാമാ പോലുള്ള തീവ്രമതവിഭാഗങ്ങളുടെ
    ഭ്രാന്തന്‍ആചാരങ്ങള്‍ ആണ് ഇവര്‍ ഗുരുവെന്ന വാക്കിനെ ദുരുപയോഗപ്പെടുത്തി സംസാരിക്കുവാന്‍ കാരണവും.

    ഹിന്ദുമതത്തില്‍ ഗുരുവെന്നാല്‍ തത്വചിന്തകളിലും ആത്മീയതയിലും
    ശിഷ്യഗണങ്ങളെ നേരായവഴിയെ നയിക്കുന്നവന്‍, വിശ്വസിക്കാവുന്ന
    ഉപദേശകന്‍, ഒരുവന്‍റെ മനസാക്ഷി സൂഷിപ്പുകാരന്‍,ആശയങ്ങളുടെ ലോകത്ത് നമ്മെ സ്വാധീനിക്കുന്നവനും അംഗീകരിച്ച നേതാവും ഇങ്ങനെ നിര്‍വചിക്കാന്‍ പാടില്ലാത്ത വിധം അര്‍ഥങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്‌.

    ചുരുക്കത്തില്‍ അന്ധകാരത്തെ മാറ്റി ആത്മീയവെളിച്ചം നമ്മുടെ ഹൃദയത്തില്‍ പ്രകാശിപ്പിക്കുന്നവന്‍ ആരോ അവന്‍ ആത്മീയഗുരുവും ഭൌതികരഹസ്യങ്ങള്‍ വെളിപ്പെടുത്തി തരുന്നവന്‍ ഭൌതികഗുരുവും ആയി കാണാം.

    ReplyDelete