Translate

Thursday, June 14, 2012

ജോവാന്‍ ഓഫ് ആര്‍ക്ക്

(ചരിത്രാന്വേഷികളായ അല്മായശബ്ദം വായനക്കാര്‍ക്ക് 2012 ജനുവരി ലക്കം അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം പ്രയോജനപ്രദമാകും എന്നു കരുതുന്നു. എഡിറ്റര്‍, അസ്സീസി മാസിക)
''നിങ്ങള്‍ എന്റെ ന്യായാധിപനാണെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ അങ്ങനെയാണെന്ന് എനിക്കു ബോധ്യമായിട്ടില്ല. എന്നാല്‍ എന്നെ തെറ്റായി വിധിക്കരുതെന്നും അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ അതിഭയങ്കരമായ ഒരവസ്ഥയിലേക്ക് വിട്ടുകൊടുക്കുകയായിരിക്കുമെന്നും എനിക്കു പറയാതെവയ്യ.''

1431 മാര്‍ച്ച് 14 പ്രഭാതം. 19 വയസ്സുമാത്രം പ്രായമുള്ള ജോവാന്‍ ഓഫ് ആര്‍ക്ക് പാഷണ്ഡതയുടെ പേരില്‍ വിചാരണചെയ്യപ്പെടുകയാണ്. അവള്‍ അഭിഭാഷകരെയൊന്നും വച്ചിട്ടില്ല. അവളെ കുറ്റം ആരോപിച്ചയാളും വിധിയാളനും ആയ പിയറി കൗക്കോണ്‍ (Pierre Cauchon) എന്ന കത്തോലിക്കാ മെത്രാന്‍ തന്റെ ഉത്കര്‍ഷത്തില്‍ മാത്രം ശ്രദ്ധാലുവായിരുന്ന, ഒരു സ്വാര്‍ഥമതിയായിരുന്നു. മൂന്നാഴ്ചയോളം കൗക്കൂണ്‍ സ്വയം നടത്തിയ ക്രോസ് വിസ്താരത്തിനുശേഷവും ജോവാന്‍ കുറ്റം സമ്മതിച്ചില്ല. അപ്പോഴാണ് അസാമാന്യ ധീരതയോടെ ജോവാന്‍ തന്റെമേല്‍ തെറ്റായ വിധി കല്പിക്കാന്‍ തുനിഞ്ഞാല്‍ മെത്രാന്റെ ആത്മാവ് അതിഭയങ്കരമായ ഒരവസ്ഥയിലേക്കു നിപതിക്കുമെന്ന മുന്നറിയിപ്പു നല്കിയത്. മെത്രാനാകട്ടെ ജോവാന്റെ പാഷണ്ഡത തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ജോവാന്‍ തീയില്‍ എരിഞ്ഞുമരിക്കണമെന്നാണ് തന്റെ വിധിതീര്‍പ്പെന്നും ആവര്‍ത്തിച്ചു. ജോവാനാകട്ടെ മെത്രാന്റെ വിധി നിഷ്പക്ഷമല്ലാത്തതിനാല്‍ അദ്ദേഹത്തിനു ലഭിക്കാവുന്ന നിത്യശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു.
ആരായിരുന്നു ജോവാന്‍ ഓഫ് ആര്‍ക്ക്?
അവള്‍ക്ക് എഴുത്തോ വായനയെ അറിയില്ലായിരുന്നു. അവളുടെ പിതാവായ ജാക്വസ് ഡി ആര്‍ക്ക് (Jacques D 'Ark )ഒരു ഗ്രാമീണകര്‍ഷകന്‍ മാത്രമായിരുന്നു. അമ്മ ഇസബെല്ലാ വൗത്തോണ്‍ (Isabella Vouthon - ഇസബെല്ലാ റോമീ) വലിയ ഭക്തയായിരുന്നു. വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ കാമ്പെയിന്‍ (Campagne), ലോറൈന്‍ (Lorraine) എന്നീ നഗരങ്ങളുടെ സമീപത്തുണ്ടായിരുന്ന ഡോംറെമി (Domremy) എന്ന ഗ്രാമത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. അവരുടെ അഞ്ചു മക്കളില്‍ മൂന്നാമിയായിരുന്നു ജോവാന്‍. വീട്ടിലെ ആടുമാടുകളെ മേയ്ക്കുന്നതില്‍ പിതാവിനെ സഹായിച്ചുകൊണ്ടായിരുന്നു, അവള്‍ ജീവിച്ചിരുന്നത്. തന്റെ സഹോദരിയോടും കൂട്ടുകാരികളോടുമൊപ്പം എല്ലാ ശനിയാഴ്ചയും അവര്‍ സമീപഗ്രാമമായ ഗ്ര്യൂക്‌സില്‍ (Greux) പോകാറുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഗ്രാമീണദേവാലയത്തില്‍ വിശുദ്ധ മാര്‍ഗരറ്റിന്റെയും വിശുദ്ധ കാതറൈന്റെയും മുഖ്യദൈവദൂതനും സ്വര്‍ഗീയസൈന്യാധിപനുമായ വിശുദ്ധ മിഖായേലിന്റെയും (St. Michael)തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. അവ ജോവാന്റെ ജീവിതത്തെ അത്യധികം സ്വാധീനിക്കുകയുണ്ടായി. പതിമൂന്നാം വയസ്സുമുതല്‍ ഈ മൂന്നു വിശുദ്ധരുടെയും ദര്‍ശനശ്രവണങ്ങളുടെ സ്വാധീനത്തിലാണ് അവള്‍ ജീവിച്ചിരുന്നത്. അവ ഫ്രാന്‍സിന്റെ ചരിത്രത്തെത്തന്നെ സ്വാധീനിച്ചു. ഇങ്ങനെയെല്ലാം സംഭവിച്ചതിന്റെ പിന്നിലുള്ള ചരിത്രപശ്ചാത്തലം എന്തായിരുന്നു?
ജോവാന്‍ ജനിക്കുന്നതിനുമുമ്പുള്ള ഒരു നൂറ്റാണ്ട് യുദ്ധനൂറ്റാണ്ട് (The Hundred Years War) എന്നാണ് അറിയപ്പെടുന്നത്. ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലായിരുന്നു ദീര്‍ഘകാലം നീണ്ട ആ യുദ്ധം. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഏറ്റവും ഫലഭൂയിഷ്ഠമായ അക്വിറ്റൈന്‍ (Aquitaine) പ്രദേശം ഇംഗ്ലണ്ടു പിടിച്ചെടുത്തതിനെത്തുടര്‍ന്നായിരുന്നു, ആ യുദ്ധം. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിനു വിധേയമായിപ്പോയ ആ പ്രദേശം വിട്ടുകൊടുക്കാന്‍ ഇംഗ്ലണ്ട് തയ്യാറല്ലായിരുന്നു.
ജോവാന് 8 വയസ്സു പ്രായമുള്ളപ്പോള്‍ വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചില പ്രദേശങ്ങള്‍ കൂടി ഇംഗ്ലണ്ട് കീഴടക്കി. 1415 ഒക്‌ടോബര്‍ 25-ന് വിശുദ്ധ ക്രിസ്പിന്റെ തിരുനാളില്‍ നടന്ന അഗിന്‍കോര്‍ട്ടിലെ യുദ്ധം (battle at Agincourt) ഫ്രാന്‍സിനു കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കി. ഹെന്റി അഞ്ചാമനായിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്. കോണ്‍സ്റ്റബിള്‍ ചാള്‍സ് ഡി ആല്‍ബര്‍ട്ട് നയിച്ച ഫ്രഞ്ച് സൈന്യം പരാജയപ്പെട്ടു. അതോടൊപ്പം, അന്നു ഫ്രാന്‍സ് ഭരിച്ചിരുന്ന ചാള്‍സ് ആറാമന്‍ മരണമടയുമ്പോള്‍ ഹെന്റി അഞ്ചാമന്‍ ഫ്രാന്‍സിന്റെയും രാജാവായിത്തീരുമെന്നു സമ്മതിച്ചുകൊടുക്കുന്ന ഒരുടമ്പടിയില്‍ (Treaty of Troyes)ഫ്രാന്‍സ് ഒപ്പിടേണ്ടിയും വന്നു. തന്റെ സൈന്യത്തെത്തന്നെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ചാള്‍സ് ആറാമന് തീരെ മനോബലമില്ലായിരുന്നു. അതിനാലാണ് ആ ഉടമ്പടി അദ്ദേഹം ഒപ്പിട്ടത്.
ഇതെല്ലാം ഫ്രാന്‍സിലെ ജനങ്ങളുടെ ജീവിതത്തെ തീര്‍ത്തും അസഹനീയമാക്കിയിരുന്നു. 1424-ല്‍ ഡോംറെമി ബ്രിട്ടീഷ്‌സൈന്യത്തിന്റെ കീഴിലായപ്പോള്‍ അന്നു പന്ത്രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജോവാനും കുടുംബവും ന്യൂഫ്ചാറ്റലിലേക്ക് (Neufchatel) പലായനം ചെയ്യേണ്ടിവന്നു. അധിനിവേശം നടത്തിയ പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങള്‍ കാണാനിടയായ ജോവാന്റെ പിഞ്ചുമനസ്സില്‍ മുറിവുകളുണ്ടാക്കിയിരിക്കാം. അവര്‍ കൈയില്‍ കരുതിയിരുന്നിരിക്കാനിടയുള്ള വിശുദ്ധ കാതറൈന്റെ സ്വരൂപം അവള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നിരിക്കാം. ജോവാന്‍ ജനിക്കുന്നതിനും വളരെമുമ്പ് ജീവിച്ചിരുന്ന ആര്‍തര്‍ രാജാവിന്റെയും വട്ടമേശയിലെ വീരയോദ്ധാക്കളുടെയും (Knights of the Roundtable) കഥയില്‍ മെര്‍ലിന്‍ നടത്തിയിട്ടുള്ള ''ഫ്രാന്‍സ് പ്രശ്‌നകലുഷിതമാകുമ്പോള്‍ ഓക്കുവനത്തില്‍നിന്ന് വരുന്ന ഒരു സ്ത്രീ ഫ്രാന്‍സിനെ രക്ഷിക്കും'' എന്ന പ്രവചനവും ജോവാനെ സ്വാധീനിച്ചിരിക്കാന്‍ ഇടയുണ്ട്. വിശുദ്ധരുടെ ദര്‍ശനം പതിവായതോടെ ജോവാന്‍ സ്വയം ആ രക്ഷകയാണെന്നു വിശ്വസിച്ചിരിക്കും.
ട്രോയി ഉടമ്പടിക്കുശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഹെന്റി അഞ്ചാമനും ചാള്‍സ് ആറാമന്‍ മരണമടഞ്ഞു. ഇങ്ങനെ ഒരു സാഹചര്യം ഉടമ്പടിയില്‍ വിഭാവനം ചെയ്തിരുന്നേയില്ല. ഹെന്റി അഞ്ചാമന്റെ മകന്‍ ഹെന്റി ആറാമന്‍ ഫ്രാന്‍സിലെ സിംഹാസനം തന്റേതാണെന്ന് അവകാശപ്പെട്ടു. ചാള്‍സ് ആറാമന്റെ മകനായ ഡൗള്‍ഫിന്‍ അതംഗീകരിച്ചില്ല. ഹെന്റി അഞ്ചാമനല്ലാതെ മറ്റൊരിംഗ്ലീഷുകാരനും ഫ്രാന്‍സിലെ സിംഹാസനത്തിന് അവകാശമില്ല. അദ്ദേഹം മരിച്ച സ്ഥിതിക്ക് താന്‍തന്നെയാണ് സിംഹാസനത്തിനവകാശി എന്ന വാദത്തോടെ ഡൗള്‍ഫിന്‍ ചാള്‍സ് ഏഴാമന്‍ എന്ന പേരു സ്വീകരിച്ച് സ്വയം രാജാവായി പ്രഖ്യാപിച്ചു. എന്നാല്‍ വ്യവസ്ഥാപിതമായ രീതിയില്‍ റെയിംസ് (Rheims) കത്തീദ്രലില്‍വച്ച് അവരോധിക്കപ്പെട്ടാലല്ലാതെ ജനം തന്നെ രാജാവായി അംഗീകരിക്കുകയില്ലെന്ന് താമസിയാതെ അദ്ദേഹത്തിനു മനസ്സിലായി. പക്ഷേ റെയിംസ് ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു.
ഫ്രാന്‍സിലെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷുകാര്‍ ട്രോയീസ് ഉടമ്പടി ലംഘിച്ച് ഫ്രാന്‍സിലേക്കു നുഴഞ്ഞുകയറുകയും 1428 ഒക്‌ടെബര്‍ 12-ന് ഫ്രാന്‍സിന്റെ മധ്യഭാഗത്ത് പാരീസിനു തെക്ക് എണ്‍പതു മൈല്‍മാത്രം അകലെയുള്ള ഓര്‍ലിയന്‍സ് (Orleans) പിടിച്ചെടുക്കുകയും ചെയ്തു. വടക്കന്‍ ഫ്രാന്‍സിലുള്ള ലോയ്‌റിലും (Loire) ഫ്രാന്‍സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. ഫ്രാന്‍സില്‍ സ്വന്തമായി ബര്‍ഗണ്ടി (Burgundy) എന്ന സംസ്ഥാനമുണ്ടായിരുന്ന ബര്‍ഗണ്ടിയന്മാരുടെ (Burgundians) പിന്തുണയോടെയായിരുന്നു ഇംഗ്ലീഷുകാര്‍ ആ ഭാഗത്തെ നിയന്ത്രണം നേടിയെടുത്തത്. ബര്‍ഗണ്ടിയിലെ ഫിലിപ്പിന് ഫ്രാന്‍സുമായല്ല, ഇംഗ്ലണ്ടുമായി സഖ്യത്തിലാകാനായിരുന്നു കൂടുതല്‍ താത്പര്യം. ബാര്‍ഗണ്ടിയന്മാരുടെ പിന്തുണ തനിക്കു കിട്ടില്ല എന്ന കാര്യം ഡൗള്‍ഫിന് നിശ്ചയമുണ്ടായിരുന്നു. ആമിയന്‍സില്‍ (Amiens) വച്ചുണ്ടാക്കിയ അനുരഞ്ജനം 1429 വസന്തകാലമായപ്പോഴേക്കും ചാള്‍സ് ഏഴാമനും അനുയായികള്‍ക്കും ഒട്ടും പ്രത്യാശാജനകമായിരുന്നില്ല.
നാലുവര്‍ഷത്തിലേറെയായി വിശുദ്ധരായ മിഖായേലിന്റെയും കാതറിന്റെയും മാര്‍ഗരറ്റിന്റെയും ദര്‍ശനങ്ങളും ഉദ്‌ബോധനങ്ങളും സ്വാംശീകരിച്ച ജോവാന്‍ ഫ്രാന്‍സിനെ രക്ഷിക്കുക എന്നത് തനിക്കുള്ള ദൈവനിയോഗമാണെന്ന ഉറച്ചബോധ്യത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ജോവാന്‍, ഡൗള്‍ഫിനെ റെയിംസിലെത്തിക്കുകയും ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി അവരോധിക്കുകയും എന്നതാണ് തന്റെ ദൗത്യമെന്ന് കരുതി.
പതിനഞ്ചാം നൂറ്റാണ്ടില്‍ എന്തായിരുന്നു സ്ത്രീയുടെ അവസ്ഥ എന്നുകൂടി നാം അറിഞ്ഞിരിക്കണം. അക്കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാരോടൊപ്പം യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ആമിയെന്‍സില്‍ 30 സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. പക്ഷേ യാതൊരു സൈനികാനുഭവങ്ങളുമില്ലാത്ത വെറുമൊരു കൗമാരക്കാരി മാത്രമായിരുന്നു ജോവാന്‍. വിശുദ്ധരുടെ ദര്‍ശനവും സ്വരവും വഴി ലഭ്യമായിട്ടുള്ള പ്രചോദനത്തില്‍ വിശ്വസിക്കാന്‍ സന്നദ്ധയായ ഒരു സഹോദരിയെയും കൂട്ടി ഡോംറെമിയില്‍നിന്ന് ഡൗള്‍ഫിന്റെ സൈന്യം താവളമടിച്ചിട്ടുള്ള വൗക്കൗളേഴ്‌സിലേക്ക് അവള്‍ സധൈര്യം പുറപ്പെട്ടു.
ഓര്‍ലിയന്‍സില്‍ ഡൗള്‍ഫിന്‍ പരാജയപ്പെട്ടതെങ്ങനെ എന്ന് സൂക്ഷ്മമായി വിശദീകരിച്ചുകൊടുത്തതിനെത്തുടര്‍ന്ന് ആര്‍മി കമാണ്ടറായ റോബട്ട് ഓഫ് ബൗഡ്രിക്കോര്‍ട്ട് (Robert of Baudricourt) ഡൗള്‍ഫിനുമായുള്ള കൂടിക്കാഴ്ച ഏര്‍പ്പാടാക്കി.
ചാള്‍സിന്റെ ഭരണകേന്ദ്രമായിരുന്ന ചിനോണില്‍ (Chinon) ജോവാനെയും കൂട്ടരെയും കാണണമോ എന്നു ചാള്‍സും ഉപദേശകരും ദീര്‍ഘനേരം ചര്‍ച്ചചെയ്തു. അവള്‍ക്ക് കിറുക്കാണെന്ന് ഉപദേശകരില്‍ പലരും അഭിപ്രായപ്പെട്ടു. ജോവാന്‍ സദസ്സിലെത്തിയപ്പോള്‍ അവളെ തെറ്റിദ്ധരിപ്പിക്കാനായി രാജകീയ വസ്ത്രങ്ങളണിഞ്ഞ് ഒരാളെ സഭയില്‍ ഇരുത്തുകയും ചെയ്തു. എന്നാല്‍ അവള്‍ യഥാര്‍ഥ ഡൗള്‍ഫിനെ കണ്ടെത്തുകയും അദ്ദേഹത്തെ സംഘത്തില്‍നിന്നു മാറ്റിനിറുത്തി തനിക്കു പറയാനുള്ളതു പറയുകയും ചെയ്തു. അവള്‍ ദൈവത്തിനും ഡൗള്‍ഫിനും മാത്രമറിയാവുന്ന ചില കാര്യങ്ങള്‍ ഡൗള്‍ഫിനോടു പറഞ്ഞതുകൊണ്ടാണത്രെ, അദ്ദേഹം ജോവാനെ വിശ്വസിക്കാന്‍ തയ്യാറായത്. ഏതായാലും ജോവാന്റേത് ദൈവനിയോഗമാണെന്ന് ഡൗള്‍ഫിനു ബോധ്യമായി. എങ്കിലും ആ കൗമാരക്കാരിയുടെ തനിമയും മാനസികാരോഗ്യവും പരിശോധിക്കാനായി അദ്ദേഹം അവളെ പോയിറ്റയേഴ്‌സ് (Poitiers) യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച് അവിടുത്തെ ദൈവശാസ്ത്രവിശാരദരുടെ വിശകലനങ്ങള്‍ക്ക് വിധേയയാക്കി. അവര്‍ അവള്‍ക്ക് മാനസികരോഗങ്ങളൊന്നുമില്ലെന്നു സാക്ഷ്യപ്പെടുത്തി. ഡൗള്‍ഫിന്‍ തന്റെ സൈന്യത്ത നയിക്കാന്‍ അനുയോജ്യമായ സൈനികവസ്ത്രങ്ങളും ആയുധങ്ങളും അവള്‍ക്കു നല്കിയശേഷം ആദ്യ യുദ്ധം ഓര്‍ലിയന്‍സില്‍നിന്നുതന്നെ തുടങ്ങണമെന്ന് നിര്‍ദേശിച്ചു. യുദ്ധത്തിന് ഇറങ്ങിത്തിരിക്കുംമുമ്പ് 1429 മാര്‍ച്ച് 22-ന് ഇംഗ്ലണ്ടിലെ രാജാവിന് ഒരു കത്തയയ്ക്കണമെന്നും അതെങ്ങനെ എഴുതണമെന്നും ജോവാന്‍ നിര്‍ദ്ദേശിക്കുകയും തീവ്രമായി പ്രാര്‍ഥിക്കുകയും ചെയ്തു.
ജോവാന്‍ നയിച്ച ഫ്രഞ്ചു സൈന്യം ഓര്‍ലിയന്‍സില്‍ 1429 മെയ് എട്ടിന് അന്തിമ വിജയം നേടിയപ്പോള്‍ ഏഴു മാസത്തോളം നീണ്ട അധിനിവേശത്തില്‍നിന്ന് ഓര്‍ലിയന്‍സ് വിമോചിതമായി. ഇംഗ്ലീഷുകാരുടെ അസ്ത്രങ്ങളേറ്റ് മുറിവുകളുണ്ടായിരുന്നെങ്കിലും അതീവധീരതയോടെ യുദ്ധം നയിച്ച ജോവാന് 'ഓര്‍ലിയന്‍സിലെ മഹതി' എന്ന പേരുവീണു.


ലോയര്‍ (Loire) താഴ്‌വരയില്‍നിന്ന് ഇംഗ്ലീഷ് സൈന്യം വിട്ടുപോകുന്നതുവരെ ജോവാന്‍ യുദ്ധം തുടര്‍ന്നു. ജോവാന്റെ സൈന്യം പാറ്റേയില്‍ (Patay)എത്തി യുദ്ധം തുടങ്ങും മുമ്പുതന്നെ ഇംഗ്ലീഷ് കമാണ്ടറായിരുന്ന സര്‍ ജോണ്‍ ഫാസ്റ്റോള്‍ഫും (Sir John Fastolfe) സൈന്യവും അവിടം വിട്ടിരുന്നു. ഭീരുവായിരുന്ന സര്‍ ജോണ്‍ തനിക്കു കിട്ടിയിരുന്ന പല ബഹുമതികളും ഉപേക്ഷിച്ചപ്പോള്‍ ജോവാന്‍ പാറ്റേയില്‍ അതിഗംഭീരമായ വിജയം നേടുകയായിരുന്നു.
ഇംഗ്ലീഷുകാര്‍ റെയിംസ് വിട്ടുപോയതോടെ ജോവാന്‍ ഡൗഫിനെ അവര്‍ ട്രോയ്‌സ് ഉള്‍പ്പെടെ നിരവധി പട്ടണങ്ങളിലൂടെ സഞ്ചരിച്ച് റെയിംസിലെ കത്തീദ്രലിലെത്തിച്ചു. 1429 ജൂലൈ17-ന് ഡൗഫിന്‍ ചാള്‍സ് ഏഴാമന്‍ എന്ന പേരില്‍ കിരീടധാരണം നടത്തി. ജോവാനെ തന്റെ അടുത്തുതന്നെ ഇരുത്താനും ജോവാന്റെ കുടുംബത്തിന് പ്രത്യേക പദവികള്‍ നല്കാനും രാജാവു മടിച്ചില്ല.
അന്നു ഫ്രാന്‍സിലുണ്ടായിരുന്ന ഏറ്റവും സമ്പന്നനായിരുന്നു ഗില്‍സ് ഡി റെയ്‌സ് ഉള്‍പ്പെടെ ഫ്രഞ്ചുകാരായ നിരവധി മാന്യവ്യക്തികള്‍ യുദ്ധത്തോടു സഹകരിക്കുകയും ലോയര്‍ താഴ്‌വരയെ ഇംഗ്ലീഷുകാരില്‍നിന്നു മോചിപ്പിക്കാന്‍ ജോവാനെ സഹായിക്കുകയും ചെയ്തു. ഗില്‍സ് ഡി റെയ്‌സിനെ ചാള്‍സ് ഏഴാമന്‍ മാര്‍ഷല്‍ ഓഫ് ഫ്രാന്‍സ് സ്ഥാനം നല്കി ആദരിച്ചു. എന്നാല്‍ ജോവാന്റെ മരണത്തെത്തുടര്‍ന്ന് ആ സ്ഥാനം നഷ്ടപ്പെട്ട, കൊലപാതകപരമ്പരകള്‍തന്നെ നടത്തിയിട്ടുള്ള ഏറ്റവും ക്രൂരനായ ഒരു കുറ്റവാളിയായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, അദ്ദേഹം തൂക്കിലേറ്റപ്പെടുകയായിരുന്നു. മൃതദേഹം ചാമ്പലാക്കപ്പെട്ടു.
ഡൗള്‍ഫിന്‍ രാജാവായതോടെ ബര്‍ഗണ്ടിയരുമായി സന്ധിയാകാന്‍ ആഗ്രഹിച്ചെങ്കിലും പോരാട്ടം തുടരണം എന്നായിരുന്നു ജോവാന്റെ നിലപാട്. നിര്‍ഭാഗ്യവശാല്‍ 'ഓര്‍ലിയന്‍സിലെ മഹതി' ചില യുദ്ധങ്ങളില്‍ തോല്ക്കുകയും ചെയ്തു. 1930 വസന്തകാലത്ത് അവള്‍ കെണിയില്‍പ്പെട്ടു. കോംപെയിനിലെ കോട്ടയ്ക്കുള്ളില്‍ നഗരവാസികളെല്ലാം സുരക്ഷിതരായി കഴിയുമ്പോള്‍ ജോവാന്‍ മാത്രം പുറത്ത് യുദ്ധം ചെയ്തുകൊണ്ടിരുന്നു. 1930 മെയ് 24-ന് ബര്‍ഗണ്ടിയന്മാര്‍ അവളെ പിടികൂടിയപ്പോള്‍ നഗരവാസികളാരും അവളെ രക്ഷിക്കാനെത്തിയില്ല. അവരാണ് ജോവാനെ ഇംഗ്ലീഷുകാര്‍ക്ക് ഏല്പിച്ചുകൊടുത്തത്. ജീന്‍ ഡി ലക്‌സംബര്‍ഗ് (Jean De Luxembourge) തന്റെ ഭാര്യയുടെ അപേക്ഷപോലും കേള്‍ക്കാതെ 10000 സ്വര്‍ണനാണയങ്ങളും പ്രതിവര്‍ഷപ്രതിഫലവും വാങ്ങിയശേഷമാണ് ജോവാനെ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. ജോവാനെ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന റൂവന്‍ (Rouen) ഇരുട്ടറയിലേക്കാണ് അവര്‍ കൊണ്ടുപോയത്. ഇംഗ്ലീഷുകാര്‍ തങ്ങള്‍ക്കു മാനവും ധനവും നഷ്ടപ്പെടാന്‍ ഇടയാക്കിയ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. സ്വന്തം തോല്‌വിക്ക് അവള്‍ക്ക് പിശാചുബാധയുണ്ടാവും എന്നതിനെക്കാള്‍ നല്ലൊരു ന്യായീകരണം അവര്‍ കണ്ടതുമില്ല. അവള്‍ ഒരു മന്ത്രവാദിനിയാണെങ്കില്‍ ശരിക്കും ശിക്ഷനല്കാന്‍ വകുപ്പുകളുമുണ്ട്.
ഇക്കാരണത്താലാണ് ഇംഗ്ലീഷുകാര്‍ അവളെ സഭാധികാരികള്‍ക്ക് കൈമാറിയത്. അവള്‍ക്കെതിരെ പാഷണ്ഡത, ദുര്‍മന്ത്രവാദം തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു. പുരുഷന്മാരുടെ വസ്ത്രം ധരിച്ചത് അക്കാലത്തെ സഭയുടെ കാഴ്ചപ്പാടില്‍ സഭയ്‌ക്കെതിരെയുള്ള വലിയൊരു കുറ്റമായിരുന്നു. അവള്‍ക്കതിരെ ആ ആരോപണവും ഉണ്ടായിരുന്നു. അവളെ കുറ്റം ആരോപിച്ചയാളും വിധിയാളനും ബ്യൂവിസിലെ കത്തോലിക്കാ മെത്രാന്‍ ആയ പിയറി കൗക്കോണ്‍ ആയിരുന്നു.
അദ്ദേഹത്തിന് അതില്‍പ്പരം മറ്റൊരു സന്തോഷമില്ലായിരുന്നു. തനിക്ക് ആര്‍ച്ചുബിഷപ്പാകാനും കര്‍ദ്ദിനാളാകാനുമൊക്കെ ഈ കേസ് സഹായകമാകും എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എങ്കിലും കുറ്റം വിധിക്കാന്‍ അദ്ദേഹം 117 പേരടങ്ങുന്ന വലിയൊരു സമിതി രൂപീകരിച്ചിരുന്നു. അതിലൊരാള്‍ ഫ്രാന്‍സിലെ ഇന്‍ക്വിസിറ്ററായ ജീന്‍ ലെമൈറ്റര്‍ ആയിരുന്നു. കുറ്റം ആരോപിച്ച പിയറി കൗക്കോണും ജഡ്ജിയായിരുന്നു. ജോവാനെ പ്രതിനിധീകരിക്കാന്‍ ഒരഭിഭാഷകനും ഇല്ലായിരുന്നു.
താന്‍ ദുര്‍മന്ത്രവാദത്തിലൂടെയാണ് ഡൗള്‍ഫിനെ രാജാവാക്കിയതെന്ന് ജോവാന്‍ കുമ്പസാരിക്കണമെന്ന് ഇംഗ്ലീഷുകാരെപ്പോലെ കൗക്കോണും ആഗ്രഹിച്ചു. ചാള്‍സ് ഏഴാമനെ സിംഹാസനത്തില്‍നിന്ന് ഇറക്കിവിടാനും ഇംഗ്ലീഷുകാര്‍ക്ക് ഭരണം പിടിച്ചെടുക്കാനും അതു സഹായകമാകും.
താന്‍ സിംഹാസനാരൂഢനാകാന്‍ തന്നെ സഹായിച്ച ജോവാനെ ചാള്‍സ് ഏഴാമന്‍ സഹായിക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം യാതൊന്നും ചെയ്തില്ല.
ജോവാന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. അവിടെ അവളനുഭവിച്ച പീഡനങ്ങള്‍ അവാച്യമാണ്. എന്നാല്‍ അവള്‍ കുമ്പസാരിക്കും എന്ന കൗക്കോണിന്റെ പ്രതീക്ഷ ഫലമണിഞ്ഞില്ല.
1431 ഫെബ്രുവരി 21-നാണ് വിചാരണ ആരംഭിച്ചത്. മൂന്നാഴ്ചത്തെ ക്രോസ് വ്വിസ്താരത്തിനുശേഷവും താന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ജോവാന്‍ സമ്മതിച്ചില്ല. അവല്‍ക്കെതിരെ യാതൊരു തെളിവും നേടാനാകാത്തതില്‍ കൗക്കോണ്‍ അസ്വസ്ഥനായി. എന്തെങ്കിലും കൗശലമുപയോഗിച്ചാണെങ്കിലും അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കണം. ജോവാന്റെ മൊഴിയില്‍നിന്ന് എന്ന ഭാവേന പന്ത്രണ്ട് കുറ്റങ്ങള്‍ അവള്‍ചെയ്തതായി സമ്മതിച്ചിട്ടുണ്ട് എന്ന് അവര്‍ വരുത്തിത്തീര്‍ത്തു. (25 വര്‍ഷം കഴിഞ്ഞ് അവയൊന്നും അവളുടെ മൊഴിയില്‍നിന്ന് തയ്യാറാക്കിയതല്ലെന്ന് തെളിയുകയുണ്ടായി.) എഴുത്തോ വായനയോ അറിയില്ലാത്ത അവള്‍ കുറ്റപത്രത്തില്‍ എഴുതിയിരന്നതുസ്വയം വായിച്ച് ഒപ്പിട്ടിരിക്കില്ല. വെറുമൊരു പത്തൊമ്പതുകാരി മാത്രമായ അവള്‍ അന്ന് അനുഭവിച്ചിരിക്കാവുന്ന സംഘര്‍ഷം നമുക്കിന്ന് ഊഹിക്കാന്‍പോലും കഴിയില്ല.
മെയ് 9-ന് അവളെ കൊട്ടാരത്തിലുള്ള പീഡനമുറിയിലെത്തിച്ച് കുറ്റം സമ്മതിക്കുന്നില്ലെങ്കില്‍ അവളെ എങ്ങനെയെല്ലാമാണ് പീഡിപ്പിക്കാന്‍ പോകുന്നതെന്ന്, അതിനുപയോഗിക്കാന്‍പോകുന്ന ഉപകരണങ്ങള്‍ ചൂണ്ടിക്കാട്ടി, പീഡകര്‍ വിശദീകരിച്ചു. എന്നിട്ടും ജോവാന്‍ ചെയ്യാത്ത കുറ്റങ്ങള്‍ സമ്മതിക്കാന്‍ തയ്യാറായില്ല. മെയ് 23-ന് ജീവനോടെ തീയില്‍ ചുട്ടുകൊല്ലാന്‍പോകുകയാണെന്ന നാട്യത്തില്‍ അവളെ സിമിത്തേരിയിലെത്തിക്കുകയും മനസ്തപിച്ചില്ലെങ്കില്‍ വരുന്ന പ്രശ്‌നങ്ങളെപ്പറ്റി ദീര്‍ഘമായ ഒരു പ്രസംഗം കേള്‍പ്പിക്കുകയും വരെ ചെയ്തു. അതിനുശേഷം എട്ടുവരിയോളം മാത്രം ദൈര്‍ഘ്യമുള്ള ഒരു മൊഴി അവളെ വായിച്ചു കേള്‍പ്പിച്ചു. അതനുസരിച്ച് വീണ്ടും ആയുധമെടുക്കുകയോ സൈനിക വേഷം ധരിക്കുകയോ മുടി മുറിക്കുകയോ ചെയ്യരുത്. അപ്പോഴും അവള്‍ മൗനം ഭഞ്ജിച്ചില്ല. അപ്പോള്‍ കൗക്കോണ്‍ അവലെ ജീവനോടെ ചുട്ടെരിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് അവള്‍ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന ആ എട്ടുവരി സമ്മതപത്രം ഒപ്പിട്ടത്. ജോവാന് എഴുത്തും വായനയും അറിയില്ല എന്നു മനസ്സിലാക്കിയ കൗക്കോണ്‍ ആ എട്ടുവരി സമ്മതപത്രം മറ്റു ചില വ്യവസ്ഥകള്‍ കൂടി ചേര്‍ത്ത് മാറ്റിയെഴുതുകയായിരുന്നു. അതുവച്ചായിരുന്നു കൗക്കോണിന്റെ അടുത്ത ചുവടുവയ്പ്. കുറ്റം സമ്മതിക്കാന്‍ തയ്യാറായ അവള്‍ക്ക് അദ്ദേഹം ദയാപൂര്‍വം ജീവന്‍ തിരിച്ചുനല്കി. ജീവപര്യന്തം ജയിലില്‍ കിടന്നാല്‍മതിയല്ലോ എന്നോര്‍ത്ത് ജോവാന്‍ സ്വസ്ഥയായി.
സഭാധികാരികള്‍ക്ക് അവളെ വിട്ടുകൊടുത്തുകൊള്ളാമെന്നും മതാചാരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്നും പറഞ്ഞായിരുന്നു സമ്മതപത്രം ഒപ്പിടുവിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലീഷുകാരുടെ തടവറയില്‍ പട്ടാളക്കാരുടെ പീഡനങ്ങള്‍ക്കു വിധേയയായി ജയില്‍വാസം തുടരാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ. ഒരു ദിവസം അവളുറങ്ങുമ്പോള്‍ കാവല്‍ക്കാര്‍ അവളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ എങ്ങോ ഒളിപ്പിച്ചുവച്ചു. കാവല്‍ക്കരുടെ പുരുഷവേഷംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവള്‍ അവ അണിയാന്‍ നിര്‍ബന്ധിതയായി. അത് നേരത്തെ ഒപ്പിട്ടിരുന്ന സമ്മതപത്രത്തില്‍ സമ്മതിച്ചിരുന്നതിനു വിരുദ്ധമാണെന്നു പറഞ്ഞ് കൗക്കൂണും സഭാധികാരികളും അവളെ ഇംഗ്ലീഷ് രാജാവിനു വിട്ടുകൊടുത്തു. രാജാവ് അവളെ ജീവനോടെ റൂവന്‍ ചന്തയില്‍വച്ച് ചുട്ടുകൊല്ലാന്‍ വിധിക്കുകയും ചെയ്തു.
ഇത്രയുമായിട്ടും ചാള്‍സ് ഏഴാമനോ മറ്റാരെങ്കിലുമോ അവള്‍ക്ക് യാതൊരു സഹായവും നല്കിയില്ല. ഏഴു വര്‍ഷത്തേക്ക് ഇംഗ്ലീഷുകാരില്‍നിന്ന് ഫ്രാന്‍സിനു ഭീഷണിയൊന്നും ഉണ്ടാകില്ലെന്ന ജോവാന്റെ പ്രവചനം സംഭവിച്ചിരുന്നു. ഇംഗ്ലീഷുകാരുമായി ഫ്രാന്‍സിനുണ്ടായിരുന്ന ബന്ധം മെച്ചപ്പെട്ടിരുന്നിട്ടും അവള്‍ക്കു വേണ്ടി ആരും ഒന്നും ചെയ്തില്ല.
ഇംഗ്ലീഷ് സൈനികര്‍ ഫ്രാന്‍സിലെ മറ്റു ദേശാഭിമാനികളെ നിശ്ശബ്ദരാക്കാന്‍ ജോവാന്‍ കൊല്ലപ്പെടണം എന്നു തീരുമാനിച്ചിരുന്നു. ജീവനോടെ തന്നെ ചുട്ടുകൊല്ലാന്‍ പോകുന്നു എന്നറിഞ്ഞതേ ജോവാന്‍ ഭയാകുലയായി. അവളുടെ കുമ്പസാരക്കാരനായ ബ്രദര്‍ മാര്‍ട്ടിന്‍ എല്‍ അഡ്വെനു അവളെ സമാശ്വസിപ്പിച്ചു. മരിച്ചാല്‍ താന്‍ സ്വര്‍ഗത്തിലേ പോകൂ എന്ന കാര്യത്തില്‍ അവള്‍ക്കു സംശയമില്ലായിരുന്നു. തന്നെ തീജ്വാലകള്‍ വിഴുങ്ങുമ്പോള്‍ തനിക്കു നോക്കാന്‍ ഒരു ക്രൂശിതരൂപം വേണമെന്നും തന്റെ അരികില്‍ ബ്രദറും ഉണ്ടാകണമെന്നും അവള്‍ ആവശ്യപ്പെട്ടു, എന്നാല്‍ വിധിവാചകം വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും പട്ടാളക്കാര്‍ തീകൊടുത്തു കഴിഞ്ഞിരുന്നു. നിയയമപരമായ മിനിമം പരിഗണനകള്‍പോലും ലഭിക്കാത്തവിധത്തിലായിരുന്നു ജോവാന്റെ വധശിക്ഷ നടപ്പാക്കിയത്. ഒച്ചവച്ചുകൊണ്ടിരുന്ന ജനക്കൂട്ടം തീനാളം തന്നെ സ്പര്‍ശിച്ചതേ ''എന്റെ ഈശോ'' എന്ന് അലറിക്കരഞ്ഞ ജോവാന്റെ നിലവിളി കേട്ടതേ നിശ്ശബ്ദരായി.
ജോവാന്റേതായ യാതൊന്നും ഭൂമിയില്‍ ശേഷിക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ ജോവാന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഒന്നടങ്കം അധികാരികള്‍ സൈന്‍ നദിയിലൊഴുക്കി. എന്നാല്‍ അവരുടെ എല്ലാശ്രമങ്ങളെയും പാഴാക്കിക്കൊണ്ട് വളരെ വേഗം അവളെ ജനം രക്തസാക്ഷിയായി കാണാന്‍ തുടങ്ങി.
ജോവാനെ വധിച്ചത് നീതിപൂര്‍വമല്ലായിരുന്നു എന്ന വാര്‍ത്ത പരന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാവരും, ചാള്‍സ് ഏഴാമന്‍ പോലും, പഴിയില്‍നിന്ന് ഒഴിയാനുള്ള ശ്രമമായി. എന്നാല്‍ ജോവാന്റെ അമ്മ ഇസബെല്ലാ റോമി പുനര്‍വിചാരണയ്ക്കായി സഭയില്‍ പരാതി കൊടുക്കുംവരെ യാതൊന്നും സംഭവിച്ചില്ല. മാര്‍പ്പാപ്പായ്ക്കു മാത്രമേ സംഭവം പുനര്‍ വിചാരണ പ്രഖ്യാപിക്കാനാവൂ എന്ന് കൗക്കോണും മറ്റും വാദിച്ചു. 1455 നവംബര്‍ 17-ന് ജോവാന്റെ അമ്മയും സഹോദരന്മാരും നോട്ടര്‍ഡാം കത്തീദ്രലില്‍ പുനര്‍വിചാരണയ്ക്കായുള്ള പരാതി നല്കി. ഭാഗ്യവശാല്‍ ആദ്യവിചാരണയില്‍ ഗുമസ്തനായിരുന്ന ഗ്വിലൗം മഞ്ചോ (Guillaume Mancho) ജീവിച്ചിരുപ്പുണ്ടായിരുന്നു. അന്നു താന്‍ സാക്ഷ്യംവഹിച്ച ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തി, തന്റെ പേരെഴുതി ഒപ്പിട്ടു സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍, 1456 ജൂണ്‍ 7- പിയറി കൗക്കോണിനെയും കൂട്ടരെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് സഭയുടെ വിധി വന്നു. ജോവാന്റെ മൊഴി തെറ്റായാണ് വിവര്‍ത്തനം ചെയ്തിരുന്നതെന്നും ചില വാക്കുകള്‍ തെറ്റായാണ് ഉദ്ധരിച്ചിരുന്നതെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. 25 വര്‍ഷംമുമ്പ് ജോവാനെതിരെ വിധി പ്രഖ്യാപിച്ച റൂവന്‍ ചന്തയില്‍ത്തന്നെ ജോവാന് സഭയിലുണ്ടായിരുന്ന അംഗത്വം അംഗീകരിച്ചുകൊണ്ടും നിലനിര്‍ത്തിക്കൊണ്ടും പുതിയ വിധിയും പ്രഖ്യാപിച്ചു.
മരണത്തിനുശേഷം ഏതാണ്ട് 500 വര്‍ഷമായപ്പോഴാണ്, 1920 മെയ് 9-ന് 15-ാം ബനഡിക്ട് മാര്‍പ്പാപ്പാ ജോവാനെ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധസഖ്യങ്ങളുടെ പ്രചാരണത്തിന് അമേരിക്കയും ബ്രിട്ടനും അവളെ സമര്‍ഥമായി ഉപയോഗിച്ചു. പ്രതിമകളിലും റേഡിയോനാടകങ്ങളിലും സംഗീതശില്പങ്ങളിലും ചലച്ചിത്രങ്ങളിലും ഒക്കെ ഇന്നും ജോവാന്‍ വിഷയമായും പ്രതീകമായും ജീവിക്കുന്നുണ്ട്. 1928-ല്‍ നിര്‍മ്മിച്ച ദി പാഷന്‍ ഓഫ് ജോവാന്‍ ഓഫ് ആര്‍ക്ക് എന്ന നിശ്ശബ്ദ ചലച്ചിത്രത്തിലെ മരിയാ ഫാല്‍ക്കനേറ്റിയുടെ (Maria Falconetti) അഭിനയം ചലച്ചിത്രലോകത്ത് ഇന്നോളമുണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. രഹസ്യാത്മകവും അത്ഭുതാവഹവുമായ ജോവാന്‍ ഓഫ്ആര്‍ക്കിന്റെ കഥയ്ക്ക് ആറുനൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു തെളിവുകൂടി ലഭിച്ചിരിക്കുന്നു: അവള്‍ അണിഞ്ഞിരുന്ന പടച്ചട്ട. ആ അവകാശവാദത്തിന്റെ യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള തെളിവ് പ്രചോദകമാണ്.
ജോവാന്റെ ചരിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചു എന്നതും പഠനീയമാണ്. ജോവാന്റെ സ്മരണകള്‍ ഇന്നും തിളങ്ങിനില്ക്കുമ്പോള്‍ കൗക്കോണും സഹചാരികളും ഇന്ന് വിസ്മൃതരാണ്. ജോവാനെ വിചാരണചെയ്യാന്‍ അനുവാദം നല്കിയ ഹെന്റി ആറാമന്‍ സിംഹാസനഭ്രഷ്ടനായി,മനോരോഗബാധിതനായാണ് ജീവിതത്തിന്റെ കൂടുതല്‍ കാലവും കഴിച്ചുകൂട്ടിയത്. ഫ്രാന്‍സുമായുള്ള സമാധാനക്കരാറിന്റ ഭാഗമായി ഹെന്റി അഞ്ചാമന്‍ ഫ്രാന്‍സിലെ ചാള്‍സ് ആറാമന്റെ മകളെ വിവാഹം കഴിച്ചിരുന്നു. അവളുടെ മകനായിരുന്നു, ഹെന്റി ആറാമന്‍. മനോരോഗം ആ വഴി കിട്ടിയതായിരിക്കണം.
1471-ല്‍ ഹെന്റിയുടെ രാജ്യാവകാശിയായിരുന്ന ഏകമകന്‍ കൊലചെയ്യപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോള്‍ പിതാവിനും അതുതന്നെ സംഭവിച്ചു. എന്നാല്‍ സ്വന്തം രാജ്യത്തില്‍ ദേശീയബോധം വളര്‍ത്താനായി തന്നാലാവുന്നതെല്ലാം ജോവാന്‍ ഓഫ് ആര്‍ക്ക് ചെയ്തു. നീതിരഹിതമായ വിചാരണയെ അവള്‍ സത്യസന്ധതയോടെ നേരിട്ടതെങ്ങനെ എന്നത് ഒരു മാതൃകയാണ്. ജോവാന്‍ ഓഫ് ആര്‍ക്ക് എന്ന വ്യക്തിയാകട്ടെ ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ തന്റെ ദൗത്യത്തോടു പുലര്‍ത്തണ്ട ആത്മാര്‍ഥതയുടെ നിത്യമായ പ്രതീകമായി എന്നും അനുസ്മരിക്കപ്പെടും.

കരോള്‍ ഡി. ബോസ് ജെ ഡി.


No comments:

Post a Comment