Translate

Sunday, June 17, 2012

സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍(തുടര്‍ച്ച)


9. കേരളത്തില്‍ സാമൂഹികമായി അയിത്തം അനുഭവിച്ചിരുന്നവരെ സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടും, കത്തോലിക്കാസമുദായത്തിലെ ഒരു കീഴ്ജാതിയായി, ആര്‍ത്തരും അവശരുമായി, ദളിത് ക്രൈസ്തവരെന്ന പുതിയപേരില്‍ അവരിന്നും നിലനില്‍ക്കുന്നു എന്നു ഞങ്ങള്‍ കാണുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ അവരുടെ അവശതകള്‍ പരിഹരിച്ച് സമുദായത്തിന്റെ മുഖ്യധാരയിലേക്ക് ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് സഭയുടെ അടിയന്തിരമായ ക്രൈസ്തവ ഉത്തരവാദിത്വമാണെന്നു ഞങ്ങള്‍ കരുതുന്നു.

- അതുകൊണ്ട്, ഇടവകകളുടെയും രൂപതകളുടെയും ആകെ വരുമാനത്തിന്റെ ദശാംശമെങ്കിലും ദളിത ക്രൈസ്തവ വിഭാഗത്തിനു വീടുണ്ടാക്കിക്കൊടുക്കുന്നതിനും പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമായി നീക്കിവച്ച് അവരുടെയുംകൂടി നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയുടെ നിയന്ത്രണത്തില്‍ അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നു ഞങ്ങളാവശ്യപ്പെടുന്നു. അതുപോലെതന്നെ, ഈ വിഭാഗത്തില്‍നിന്നും അര്‍ഹരായവര്‍ക്ക് പ്രത്യേകപരിഗണന നല്‍കി സഭാസ്ഥാപനങ്ങളില്‍ ജോലി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

10. സീറോ-മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപതയിലുള്ളവര്‍ മറ്റുരൂപതകളില്‍നിന്നു വിവാഹം കഴിച്ചാല്‍ അവരെ രൂപതയില്‍നിന്നു പുറത്താക്കുന്ന അക്രൈസ്തവസമീപനം കോട്ടയം രൂപതാധികാരം ഇന്നും തുടര്‍ന്നുപോരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. 'സമുദായംവിട്ട് വിവാഹിതരായ ക്‌നാനായക്കാര്‍ക്ക് രൂപതയില്‍ അംഗത്വം നല്‍കണ'മെന്നുള്ള കല്പന റോമില്‍നിന്നുണ്ടായിട്ട് വര്‍ഷങ്ങളായിട്ടും അതു പാലിക്കുവാന്‍ കോട്ടയം രൂപതാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലതന്നെ.

- അതുകൊണ്ട്, സ്വന്തം മക്കളോടു തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ക്രൂരത എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കോട്ടയം രൂപതാധികാരികളോടു ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ അതിനു തയ്യാറാകാത്തപക്ഷം എത്രയും വേഗം സിനഡ് ചേര്‍ന്ന് ഈ ആവശ്യം കോട്ടയം രൂപതാധികാരത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് സീറോ-മലബാര്‍ മെത്രാന്‍ സമിതിയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

11. ലോകത്തെവിടെയുമുള്ള കത്തോലിക്കരുടെ ആദ്ധ്യാത്മികനിലവാരം മറ്റു മതസ്ഥരുടേതിനെക്കാള്‍ ഇന്ന് ഒട്ടും ഉന്നതമല്ല എന്നു ഞങ്ങള്‍ കരുതുന്നു. സഭ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന പരിശ്രമങ്ങളുടെ വ്യര്‍ത്ഥതയിലേയ്ക്കാണ് ഈ വസ്തുത വിരല്‍ചൂണ്ടുന്നത്.

- അതുകൊണ്ട്, സഭയുടെ ആളെണ്ണം കൂട്ടുക എന്ന രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഇന്നത്തെ മതപരിവര്‍ത്തനശ്രമങ്ങളേക്കാള്‍ പ്രാധാന്യം, യേശുവിന്റെ സ്‌നേഹ-സേവനമനോഭാവമാകുന്ന ക്രൈസ്തവ ആദ്ധ്യാത്മികതയിലേക്ക് കത്തോലിക്കരെത്തന്നെ മാനസാന്തരപ്പെടുത്തുക എന്ന 'മതപരിവര്‍ത്തന'പരിശ്രമത്തിനു നല്‍കാന്‍ സഭാനേതൃത്വം ശ്രദ്ധയൂന്നണം എന്നു ഞങ്ങളാവശ്യപ്പെടുന്നു.

12. ഭാരതം ഒരു മതേതര-ജനാധിപത്യരാഷ്ട്രമാണ്. ഇവിടെ ജനങ്ങള്‍ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഇച്ഛകളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും ജനപ്രാതിനിധ്യസംവിധാനത്തിലൂടെയാണ്. വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും അതാതു സമുദായംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന നേതാക്കളിലൂടെയാണ്. എന്നാല്‍, കത്തോലിക്കാസമുദായംഗങ്ങള്‍ ഒരുതരത്തിലും തങ്ങളുടെ പ്രാതിനിധ്യം ഏല്പിച്ചുകൊടുത്തിട്ടില്ലാത്ത മെത്രാന്മാരും വൈദികരും കത്തോലിക്കാ സമുദായത്തെ പ്രതിനിധീകരിച്ച് സാമുദായിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഏകപക്ഷീയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും, വിശ്വാസികള്‍ക്കുമേലും ഗവണ്മെന്റുകള്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടുന്നതും ഇന്നു സാധാരണമായിരിക്കുന്നു. ഇപ്രകാരം, കത്തോലിക്കാസഭയെ ഒരു രാഷ്ട്രീയമതമാക്കി മറ്റു മതങ്ങള്‍ക്കു ദുര്‍മാതൃക സൃഷ്ടിക്കുന്നതും പുരോഹിതനേതൃത്വത്തിലുള്ള ഒരു വിധേയസമുദായമാക്കി മാറ്റുന്നതും അങ്ങേയറ്റം അപകടകരമാണെന്നു ഞങ്ങള്‍ കാണുന്നു. കൂടാതെ, ഇത് ഇന്ത്യയിലെ കത്തോലിക്കര്‍ക്കുകൂടി ഭരണഘടനാപരമായി ഉറപ്പു ലഭിച്ചിട്ടുള്ള പൗരാവകാശങ്ങളുടെ ലംഘനവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു.

- അതുകൊണ്ട്, കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വമേധയാ ഏറ്റെടുത്തതും യേശു ഭരമേല്പിച്ചതുമായ ആദ്ധ്യാത്മികശുശ്രൂഷയില്‍മാത്രം ഊന്നിയുള്ളതായിരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഉപസംഹാരം

സഭയെ ആദിമസഭയുടെ മാതൃകയില്‍ സ്‌നേഹസമൂഹങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആദ്ധ്യാത്മികപ്രബോധനങ്ങളും ജീവിതമാതൃകകളുമാണ് സഭാതലവന്മാരില്‍നിന്നും ഉണ്ടാകേണ്ടത്. അങ്ങനെയെങ്കില്‍, സ്‌നേഹത്തിന്റേതായ ദൈവരാജ്യനിയമങ്ങള്‍ മനുഷ്യഹൃദയങ്ങളില് ആലേഖനം ചെയ്യപ്പെടുകയും അതിന്‍ഫലമായി, സാഹോദര്യത്തിലും പാരസ്പര്യബോധത്തിലും അധിഷ്ഠിതമായ ദൈവരാജ്യസമൂഹങ്ങള്‍ ഭൂമിയില്‍ ഉദയംകൊള്ളുകയും ചെയ്യും. അപ്പോള്‍, അത്തരം സമൂഹങ്ങള്‍ സകലജനങ്ങള്‍ക്കും പ്രീതികരങ്ങളാവുകയും (അപ്പോ. പ്രവ. 3:47) ആദിമസഭയിലെപ്പോലെ, അവര്‍ ആ സ്‌നേഹകൂട്ടായ്മകളിലേക്ക് ചെന്നുചേരുകയും ചെയ്തുകൊള്ളും.

ഇത്തരം ദൈവരാജ്യസൃഷ്ടിയില്‍ പങ്കാളികളാകാനാണ് യേശുശിഷ്യരും അനുയായികളും വിളിക്കപ്പെട്ടിരിക്കുന്നത് എന്നു ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട്, ആ ലക്ഷ്യം ഉള്ളില്‍പേറി സഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാനും സഭാകാര്യങ്ങളില്‍ ഇടപെടുവാനും ഞങ്ങള്‍ ഉറച്ചിരിക്കുന്നു. ബാഹ്യപ്രതാപത്തിലും സമ്പത്തിലും സംഘടിതശക്തിയിലും മനസ്സര്‍പ്പിച്ചിരിക്കുന്ന ഇന്നത്തെ കത്തോലിക്കാസഭയെ, ആദിമസഭയുടെ സ്‌നേഹവും വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ആദ്ധ്യാത്മിക ഉറവിടങ്ങളിലേക്കു തിരിച്ചു നടത്തുക എന്ന ലക്ഷ്യംവച്ചു മുകളില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും സാധിച്ചെടുക്കുന്നതിന് യേശുവില്‍ ധീരരായിനിന്ന് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ ഉറച്ചിരിക്കുന്നു.

സഭയെ ഒരു ഭൗതികാധികാരഘടനയാക്കിയിരിക്കുന്ന ഇന്നത്തെ സമ്പ്രദായങ്ങളെ യേശുവചനങ്ങളാല്‍ നിര്‍വീര്യമാക്കി സഭയില്‍ യേശുവിന്റെ സ്‌നേഹചൈതന്യം നിറയ്ക്കുന്നതിന്, ഞങ്ങള്‍ അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭയ്ക്കുള്ളില്‍ പരിവര്‍ത്തനത്തിന്റെ പുളിമാവായി വര്‍ത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രഖ്യാപിക്കുന്നു.

No comments:

Post a Comment