Translate

Sunday, June 3, 2012

അല്‌മായര്‍ സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷകരാവണം


കൊച്ചി: സഭയെ ശക്തിപ്പെടുത്താനും സമൂഹത്തിന്റെ ശുശ്രൂഷകരാവാനും വിളിക്കപ്പെട്ടവരാണ്‌ അല്‌മായരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ആരംഭിച്ച അല്‌മായ ദ്വിദിന ദേശീയ നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ക്രൈസ്‌തവനും തന്നോടുതന്നെ സുവിശേഷമൂല്യങ്ങള്‍ സംസാരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്‌. നമ്മുടെ ജീവിതയാത്രയില്‍ സുവിശേഷചൈതന്യത്തില്‍ നിറഞ്ഞുനിന്നു സഭാപ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം കൂറു പുലര്‍ത്താന്‍ ആകുന്നുവെന്ന്‌ ആത്മവിമര്‍ശനം നടത്താന്‍ നാം തയാറാവണം. സഭയ്‌ക്കു വലിയ പ്രതീക്ഷയാണ്‌ അല്‌മായനേതാക്കളില്‍ നിന്നും അല്‌മായരില്‍ നിന്നുമുള്ളത്‌. വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും തങ്ങളുടെ ജീവിതം സാക്ഷ്യമാകുവാന്‍ അല്‌മായര്‍ ശ്രദ്ധിക്കണം. കര്‍മവഴികളില്‍ ഒരിക്കലും വിമുഖരാകാതെ മുന്നേറുകയാണ്‌ നമ്മുടെ ദൗത്യം. സഭയുടെ വലിയ സമ്പത്തായ അല്‌മായ നേതാക്കള്‍ സഭാനേതൃത്വത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്‌റ്റിയന്‍ സമ്മേളന ആമുഖവും പ്രവര്‍ത്തനരേഖയും, നാളികേര ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.ജോസ്‌ ഐ.എ.എസ്‌. മുഖ്യപ്രബന്ധവും അവതരിപ്പിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡോ.സാബു ഡി മാത്യു (പാലാ), അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ (താമരശ്ശേരി), പ്രെഫ.റോസിലി തോമസ്‌ (കല്യാണ്‍), കെ.പി.ചാക്കപ്പന്‍ (ബാംഗ്ലൂര്‍), സൈബി അക്കര എന്നിവര്‍ സംസാരിച്ചു.

1 comment:

  1. അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍

    പണ്ടൊരു കുറുക്കന്‍ നീലത്തില്‍ മുങ്ങി എന്നതിന്റെ പേരില്‍ മറ്റ് കുറുക്കന്മാരുടെ രാജാവായ കഥയുണ്ട്. കള്ളി അവസാനം പുറത്തു വരികയും അവന്‍ തുരത്തപ്പെടുകയും ചെയ്തതായിട്ടുമാണ് കേട്ടിട്ടുള്ളത്.

    ReplyDelete