പാശ്ചാത്യനാടുകളില്‍ പരസ്പരം ധാരണയോടും ആദരവോടുംകൂടി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നത് റ്റി.വി. യിലൂടെ എപ്പോഴും കാണാന്‍ കഴിയും. എന്നാല്‍ മലയാളനാട്ടിലും മലയാളികള്‍ പങ്കെടുക്കുന്ന മറ്റു സംവാദങ്ങളിലും ആ മാന്യത ബ്ലോഗിലാണെങ്കില്‍പോലും നമുക്ക് നഷ്ടപ്പെടാറുണ്ട്. ആശയത്തെ ആശയംകൊണ്ട് പ്രതികരിക്കുന്നതിനുപകരം വ്യക്തികളെ കയറിപ്പിടിച്ച് അവരെ നശിപ്പിക്കുക എന്ന സ്വഭാവം മലയാളി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണതിനു കാരണം.കെ.സി.ആര്‍.എം. സെക്രട്ടറി ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ പക്വത നിറഞ്ഞ മനസ്സോടെ രണ്ട് ലേഖനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ 'KCRMസെക്രട്ടറി എഴുതുന്നു' എന്ന ലേഖനം നാമെല്ലാവരും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്. സ്‌നേഹാദരവോടെ അദ്ദേഹത്തിന് നന്ദിരേഖപ്പെടുത്തുന്നു.
ഞാന്‍ മനസ്സിലാക്കിയിടത്തോളം അല്‍മായശബ്ദം മതാധികാരികളേയോ (മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍) അല്‍മായരേയോ അവഹേളിക്കാനായി രൂപംകൊണ്ട ഒരു ബ്ലോഗല്ല.ആഗോളകത്തോലിക്കാസഭയിലും പ്രത്യേകിച്ച് നാമായിരിക്കുന്ന സീറോമലബാര്‍ സഭയിലും പരിണാമപരമായിത്തന്നെ സംഭവിക്കേണ്ട കാലോചിതമായ മാറ്റങ്ങള്‍ ദൈവജനത്തിന്റെയും സഭാമേലധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഈ ബ്ലോഗുകൊണ്ടുദ്ദേശിക്കുന്നത്.കൂടാതെ സഭാനവീകരണം അക്രമാസക്തമല്ലാതെ ബൗദ്ധികതലത്തില്‍ നിന്നുകൊണ്ട് നേടിയെടുക്കുകയും വേണം. ഈ നവീകരണപ്രസ്ഥാം 'കുട്ടപ്പന്‍ മരിച്ചടക്കുസംഭവത്തിന്'ഒച്ചപ്പാടുണ്ടാക്കുന്ന ഒരു പ്രസ്ഥാനം മാത്രമായി കാണാതെ യഹൂദക്രിസ്ത്യാനികളില്‍ നിന്നും ക്രിസ്തുസന്ദേശം വിജാതീയ ക്രിസ്ത്യാനികളിലേയ്ക്ക് അപ്പോസ്തലികസഭ ഒരു ഹനുമാന്‍ കുതി നടത്തിയപോലുള്ള വിപ്‌ളവാത്മകമായ പരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് മനസ്സിലാക്കണം. അതിനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ Aggiornamento (A bringing up to date) എന്നോ Mikhail Gorbachev-ന്റെ Perestroika (Restructuring) എന്നോ മറ്റോ വിളിക്കാം. അത്രയ്ക്കും ആഴവും പരപ്പുമുള്ള ഒരു മഹാസാഗരം തന്നെയാണ് കത്തോലിക്കാസഭാ നവീകരണം. കാരണം സുവിശേഷാധിഷ്ടിതമായി വളര്‍ന്നുവന്ന ആദിമസഭ നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ റോമാ സാമ്രാജ്യസഭയായതോടെ ക്രിസ്തുസന്ദേശം അക്ഷരാര്‍ത്ഥത്തില്‍ നശിച്ചുപോയി. ആ റോമാ സമ്രാജ്യസഭയാണ് ഇന്നത്തെ കത്തോലിക്കാസഭ.പോപ്പിന്റെയും കര്‍ദിനാളന്മാരുടെയും മെത്രാന്മാരുടെയും ആടയാഭരണങ്ങളും അധികാരങ്ങളും മതിയല്ലോ അതു മനസ്സിലാക്കാന്‍. എന്നാല്‍ പഴമയിലേയ്ക്കു തിരിയുക എന്നുവച്ചാല്‍ സുവിശേഷാധിഷ്ടിതമായ സഭയിലേക്ക് തിരിയുക എന്നല്ലാതെ കംപ്യൂട്ടര്‍ കീബോര്‍ഡില്‍ നിന്നും പഴയ ടൈപ്പ്‌റൈറ്ററിലേക്ക് തിരിയുക എന്നല്ലര്‍ത്ഥം. ഭീമാകരമായ ഒരു പൊളിച്ചുപണിയാണിത്.
നമ്മുടെ മലങ്കര നസ്രാണിസഭ ഒരു റോമാ കൊളോണിയല്‍ ആധിപത്യത്തിന്റെ കീഴില്‍ ഇന്നും തുടരുകയാണ്. മാര്‍തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമായി സുവിശേഷാധിഷ്ടിതമായി വളര്‍ന്നു വികസിച്ച നമ്മുടെ സഭ ഇന്നും വികലപ്പെട്ട റോമാസഭയുമായി അനുരൂപപ്പെടുത്താന്‍ റോമന്‍ കാര്യാലയങ്ങളും നമ്മുടെ ചില മെത്രാന്മാരും രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ കാരണം വളരെ ലളിതമാണ്. സഭാ സമ്പത്തിന്റെ കുത്തകാധികാരം അവരുടെ മടിശീലയിലായിരിക്കണം.വിശ്വാസികളെ കാനോന്‍ നിയമം കൊണ്ടുവരിഞ്ഞുകെട്ടി അടിമകളാക്കി അവരെ ഭരിക്കണം. ഇത് വെറും മാനുഷീക വീക്ഷണമാണ്. എങ്കിലും സഭാധികാരികള്‍ അതിനെ ദൈവീക പഞ്ചസാരരുചികലര്‍ത്തി സത്യവിശ്വാസികള്‍ക്ക് വിഴുങ്ങാന്‍ കൊടുക്കും. ആഴ്ചയില്‍ പല പ്രാവിശ്യം പള്ളിയില്‍ പോയി ആ ഗുളികകള്‍ അവര്‍ വിഴുങ്ങണം. യേശുപഠനങ്ങള്‍ സഭാനേതാക്കന്മാര്‍ക്ക് ഒരു പ്രശ്‌നമല്ല.അതിനെ എങ്ങനെയും വളച്ചൊടിക്കാനുള്ള ദൈവശാസ്ത്രം കഴിഞ്ഞ 16 നൂറ്റാണ്ടുകള്‍കൊണ്ട് കുറെയധികം എണ്ണയും മഷിയും ചിലവാക്കി അവര്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. പോരെങ്കില്‍ സഭാപരമായ കാര്യങ്ങളില്‍ നിരക്ഷരകുക്ഷികളായിരുന്ന അല്‍മായരെ പുണ്യവാന്മാരിലും തിരുശേഷിപ്പിലും തളച്ചിട്ട് അന്തവിശ്വാസികളാക്കുകയും ചെയ്തു.
യേശുക്രിസ്തു പഠിപ്പിച്ച സദ്വാര്‍ത്തപ്രകാരമാണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി തന്റെ ജീവിതം ക്രമപ്പെടുത്തേണ്ടത്. ഈ സത്യം പറയുന്നതുവരെ സഭാധികാരികളോട് റാം മൂളുന്നവര്‍ക്ക് ക്രിസ്തീയ സ്‌നേഹത്തോടെ നോക്കിക്കാണുവാനുള്ള സഹിഷ്ണതപോലുമില്ലന്നുള്ളത് ദുഃഖകരമായ സത്യമാണ്. അതുകൊണ്ടല്ലെ വ്യക്തിഹത്യയ്ക്ക് നാം മുതിരുന്നത്.
വ്യക്തികളല്ല നമുക്ക് പ്രധാനം. വ്യക്തികളുടെ ആശയങ്ങളാണ് നമുക്ക് പ്രധാനം. അത് മറക്കാന്‍ പാടില്ല.
ഈ ബ്ലോഗില്‍കൂടി നമുക്ക് സഭാനവീകരണത്തിനുതകുന്ന നല്ല ആശയങ്ങള്‍ അവതരിപ്പിക്കാം. സഭാധികാരികളേയും വിശ്വാസികളേയും ബോധവല്‍ക്കരിക്കാന്‍ പരിശ്രമിക്കാം. എന്റെ അഭിപ്രായത്തില്‍ ദൈവജത്തിനാണ് ആദ്യം നവീകരണം സംഭവിക്കേണ്ടത്.കാരണം ദൈവവചനത്തെ ദൈവജനം ശരിക്കും ശ്വാംശീകരിച്ചാല്‍ അവര്‍ ക്രിസ്തുവില്‍ പട്ടാളക്കാരാകും. അത്തരം പട്ടാളക്കാര്‍ അല്‍മായരെ അടിമകളാക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന സഭാമേലാധികാരികളെ ആഫ്രിക്കന്‍ കില്ലര്‍ ഹണിബീകളെപ്പോലെ അക്രമിച്ചുകൊള്ളും.
No comments:
Post a Comment