ഫാ. ഡേവീസ് കാച്ചപ്പിള്ളി
9497179433
“ഫാദേഴ്‌സ് ഡേ” എന്ന ശീര്‍ഷകത്തില്‍ ആഗോള പിതൃദിനമായ ജൂണ്‍ 17ന് ദീപികയില്‍ വായിച്ച ലേഖനമാണ് കുടുംബപിതാവും സഭാ പിതാവും എന്നൊരു താരതമ്യ ചിന്ത എന്നിലുണര്‍ത്തിയത് ലേഖനത്തില്‍ പ്രതിപാദിക്കുന്ന ഡാഡി, പപ്പാ, അച്ഛന്‍, അപ്പന്‍, ഇഛായന്‍, അഛാച്ചന്‍ എന്നൊക്കെ വിളിക്കപ്പെടുന്ന കുടുംബ പിതാവിന്റെ ഗുണഗണങ്ങളേക്കാളേറെ ഗുണങ്ങള്‍ പ്രസരിപ്പിക്കേണ്ട വ്യക്തികളാണ്. സഭയില്‍ “അച്ചാ” എന്ന് വിളിക്കപ്പെടുന്ന വൈദികരും, “പിതാവെ” എന്ന് വിളിക്കപ്പെടുന്ന മെത്രാന്മാരും അവര്‍ അജപാലകരാണ്. കത്തോലിക്കാ സഭയില്‍ അജഗണം എന്ന് വിളിക്കപ്പെടുന്ന വിശ്വാസികളുടെ പിതാക്കന്മാരാണിവര്‍. കുടുംബപിതാക്കന്മാര്‍ ജഗത് പിതാവായ ദൈവത്തിന്റെ പിതൃത്വത്തില്‍ പങ്കുചേര്‍ന്ന് പ്രസ്തുത പിതൃത്വം തങ്ങളുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നതുപോലെയാണ് സഭയിലെ അജഗണത്തെ സംബന്ധിച്ച് വൈദികരും മെത്രാന്മാരും. മക്കളെ സ്‌നേഹിക്കുക, വളര്‍ത്തുക, പരിപാലിക്കുക എന്നതുപോലെ സഭയിലും ഇപ്പറഞ്ഞ ദൗത്യങ്ങള്‍ക്കുപുറമെ വിശുദ്ധീകരിക്കുക എന്ന ദൗത്യം കൂടി അജപാലകര്‍ക്കുണ്ട്. കുടുംബനാഥന്മാര്‍ മേല്‍പ്പറഞ്ഞ ദൗത്യങ്ങള്‍ മനോഹരമായി നിര്‍വ്വഹിച്ച് അപ്പന്‍ (പിതാവ്) എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതുപോലെ അജപാലകരും തങ്ങളുടെ ദൗത്യങ്ങള്‍ മനോഹരമായി നിര്‍വ്വഹിച്ച് അച്ഛാ, പിതാവേ എന്ന പേരുകള്‍ അന്വര്‍ത്ഥമാക്കേണ്ടവരാണ്. കുടുംബ പിതാവിന് കുടുംബത്തിലെ മക്കളിലും സഭാ പിതാവിന് സഭയിലെ അജഗണത്തിലും നന്മയുടെ കൈയ്യൊപ്പുകള്‍ പതിപ്പിക്കാന്‍ സാധിക്കണം. തന്മൂലം നല്ലകുടുംബപിതാവിലൂടെയും നല്ല അജപാലകരിലൂടെയും ലോകത്തിന് ലഭിക്കുന്ന സംഭാവനകള്‍, നേട്ടങ്ങള്‍ വിലമതിക്കാനാകില്ല. തന്മൂലം എവിടെ ഒരു നല്ല കുടുംബ പിതാവുണ്ടോ, അവിടെ നല്ല മക്കളുമുണ്ട്. എവിടെ നല്ല അജപാലകരുണ്ടോ, അവിടെ നല്ല സഭാമക്കളുമുണ്ട്.
പക്ഷെ മറുവശത്ത്, ക്രൂരതയുടേയും സ്‌നേഹരാഹിത്യത്തിന്റെയും നിരുത്തരവാദിത്വത്തിന്റെയും സ്വാര്‍ത്ഥതയുടേയും ആള്‍രൂപങ്ങളായി കുടുംബ പിതാവെന്ന പേരിനും പദവിക്കും തീരാകളങ്കമായി ജീവിക്കുന്ന കുടുംബപിതാക്കന്മാരുള്ള കുടുംബങ്ങളും സഭാ പിതാക്കന്മാരുള്ള സഭാ സമൂഹങ്ങളും കാണാനാകും എന്നതൊരു ദുഃഖസത്യമാണ്. ദൗര്‍ഭാഗ്യവശാല്‍ പിതാവായിപ്പോകുകയും മക്കള്‍ക്കും അജഗണത്തിനും യാതനകളും വേദനകളും ദുഃഖങ്ങളും ദുരിതങ്ങളും മാത്രം കൊടുക്കുകയും ചെയ്യുന്നവര്‍ കുടുംബത്തിലും സഭയിലും ഉണ്ടാകുന്നതാണ് കുടുംബത്തിലേയും സഭയിലേയും ദുരിതപൂര്‍ണ്ണമായ അവസ്ഥ. ഇത്തരക്കാരെ നോക്കി, ഇവര്‍ എന്തിന് ഞങ്ങള്‍ക്ക് പിതാവായി എന്ന് ഇവര്‍ക്കെതിരെ മക്കളുടേയും അജഗണത്തിന്റെയും ചോദ്യങ്ങള്‍ ന്യായീകരണം അര്‍ഹിക്കുന്നില്ലെങ്കിലും, ചോദിക്കരുതാത്തത് ചോദിച്ചതിന്റെ സാഗത്യം വിസ്മരിക്കാവുന്നതല്ല. ഇത്തരക്കാരുടെ കുടുംബത്തുനിന്ന് മക്കളും, സഭയില്‍ നിന്ന് വിശ്വാസികളും ഓടിപ്പോയി മറ്റ് എവിടെയെങ്കിലും ചേക്കേറിയാല്‍ കുറ്റപ്പെടുത്തേണ്ടവര്‍ താന്തോന്നികളായ പിതാക്കന്മാരാണെന്നതില്‍ സംശയമില്ല. എന്നാല്‍ സ്‌നേഹിക്കാനും സഹായിക്കാനും പരിചരിക്കാനും കളിക്കാനും ചിരിക്കാനും കൂട്ടുകൂടാനും സന്മനസുള്ള ഒരു സുഹൃത്തിനെ അപ്പനില്‍കാണുന്ന മക്കളും, അജപാലകരില്‍ കാണുന്ന വിശ്വാസികളും ഒളിച്ചോടുകയില്ല. അവര്‍ അപ്പനോടൊത്ത്, അജപാലകരോടൊത്ത്, അവരെ അനുസരിച്ച്, അവരോട് സഹകരിച്ച് അവര്‍ക്ക് താങ്ങും തണലുമായി കുടുംബത്തിലും സഭയിലും ഭാഗ്യവാന്മാരാകും. കാരണം, അപ്പന്റെയും അജപാലകന്റെയും സ്‌നേഹചങ്ങലയില്‍ അവര്‍ സുരക്ഷിതരാണ്. അത് പൊട്ടിച്ച് പുറത്തു ചാടേണ്ട ആവശ്യം അവര്‍ക്കില്ല. അവരുടെ സ്‌നേഹത്തണലില്‍ മക്കളും വിശ്വാസികളും കുടുംബവും സഭയും വളര്‍ന്ന് പന്തലിക്കും, നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കും, അടിസ്ഥാനരൂപവും ആദര്‍ശരൂപവുമായ ജഗത് പിതാവിനെ അവര്‍ മഹത്വപ്പെടുത്തും. ഹല്ലേലൂയ്യാ പാടും; കുടുംബത്തിനും സഭക്കും സല്‍പ്പേരുണ്ടാകും. പ്രസ്തുത കുടുംബത്തിലേക്കും സഭയിലേക്കും അനേകര്‍ കടന്നു വരാനിടയാകും. ഇതല്ലെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലം. നല്ല അപ്പനും നല്ല അജപാലകനും കുടുംബത്തിന്റെയും സഭയുടേയും സൗഭാഗ്യനിദാനങ്ങളാകും. അതുകൊണ്ട് അപ്പനും അജപാലകനും എടുക്കേണ്ട പ്രതിജ്ഞ ഇതാണ് : ഞാന്‍ എന്റെ മക്കളുടെ, എന്റെ അജഗണത്തിന്റെ രക്ഷകനാകും.
കുടുംബപിതൃത്വം അതിലുപരി അന്വര്‍ത്ഥവും അര്‍ത്ഥപൂര്‍ണ്ണവും ആകേണ്ടതാണ് കത്തോലിക്കാ സഭയിലെ അജപാലക പിതൃത്വം, അതിന് കടപ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണ് അജപാലകരായ വൈദികരും മെത്രാന്‍മാരും. അവര്‍ ദൈവപുത്രനായ യേശുവിന്റെ പ്രതിപുരുഷരും യേശുവിന്റെ മാതൃകയില്‍ യേശുവിനെ അനുകരിക്കേണ്ടവരും അനുഗമിക്കേണ്ടവരുമാണ്. യേശുവിനെപ്പോലെ അവര്‍ നല്ല ഇടയരായിരിക്കണം. നല്ല ഇടയനും ദൈവപുത്രനുമായ യേശുവിനോടുള്ള വ്യക്തിത്വപൊരുത്തം അജപാലകരെ ദൈവത്തോളമുയര്‍ത്തും, അവരിലൂടെ വിശ്വാസികള്‍ ദൈവത്തിലേക്കുയരും. അതാണ് അജപാലനത്തിന്റെ അന്തസത്ത. കുടുംബത്തിന്റെ കാര്യത്തിലെന്നപോലെ ദുര്‍മാതൃകകളായ അജപാലകരിലൂടെ സഭയും നശിക്കാനിടയാകും എന്നത് വിസ്മരിക്കാവുന്നതല്ല. ഇതിനൊരു ഉദാഹരണമാണ് തൃശൂര്‍ അതിരൂപതയിലെ അയ്യായിരത്തിലധിം വിശ്വാസികളുള്ള തലോര്‍ ഇടവകയുടെ അധഃപതനം. രൂപതാദ്ധ്യക്ഷന്റെ സത്യസന്ധമല്ലാത്തതും നീതിരഹിതവുമായ പ്രവര്‍ത്തന ശൈലികളുടേയും അധികാര ദുര്‍മ്മോഹങ്ങളുടേയും സന്യാസ വൈദികരോടുള്ള അസൂയയുടേയും ഫലമായി സഭയുടെ നിയമങ്ങളേയും വിശ്വാസികളുടെ ആത്മീയ നന്മകളേയും അവഗണിച്ചുകൊണ്ട് ഏകാതിപത്യശൈലിയില്‍ നടപ്പാക്കിയ ഇടവക മാറ്റത്തിന്റെ ഫലമായി സംഭവിച്ച നാശമാണത്. ഇടവക പുനഃരുദ്ധരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രൂപതാദ്ധക്ഷന്റെ ഏകാധിപത്യ പിടിവാശിയില്‍ ഉന്നതാധികാരികളുടെ നീതിപൂര്‍വ്വകമായ നടപടികള്‍ വഴിമുട്ടി നില്‍ക്കുകയാണ്. അതുകൊണ്ട് ഫാദേഴ്‌സ്‌ഡേയുടെ ചൈതന്യം പ്രഘോഷിച്ച് നല്ല കുടുംബ നാഥന്‍മാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വൈദികരും മെത്രാന്മാരും സ്വന്തം പിതൃത്വത്തിന്റെ സനാതന ഭാവങ്ങളിലൂടെ സ്വന്തം അജഗണത്തെ ശുശ്രൂഷിക്കാനും വളര്‍ത്താനും പരിപാലിക്കാനും വിശുദ്ധീകരിക്കാനും പ്രാഗത്ഭ്യം ഉള്ളവരാകേണ്ടിയിരിക്കുന്നു. സഭയുടെ കാനോന്‍ നിയമത്തില്‍ അജപാലനത്തെ തളച്ചിട്ടിരിക്കുന്ന വൈദികരും മെത്രാന്മാരും വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീര്‍ത്തകനെ ശ്രവിക്കണം:
“അനീതി ചെയ്യുന്ന ന്യായാധിപന്‍മാര്‍ക്ക് അങ്ങയുടെ സ്‌നേഹിതരാകാന്‍ കഴിയുകയില്ല.
നിയമത്തിന്റെ മറ പിടിച്ചുകൊണ്ട് അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു.
അവര്‍ നീതിമാന്‍മാരെ ആക്രമിക്കുകയും കുറ്റമില്ലാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു.”
(സങ്കീ. 94: വൈദീകരുടെ കാനോന നമസ്‌കാരം, മൂന്നാം പുസ്തകം, സങ്കീര്‍ത്തനങ്ങള്‍ പേജ് 25)
വൈദീക കൂട്ടായ്മയില്‍ പരിശുദ്ധാത്മാവിന്റെ ദാനവരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.
സസ്‌നേഹം ഫാ. ഡേവീസ് കാച്ചപ്പിള്ളി.
No comments:
Post a Comment