Translate

Monday, June 4, 2012

നവീകരണം സഭയെ എവിടെ എത്തിച്ചു?


ക്രൈസ്തവ ആത്മീയതയുടെ മുഖമുദ്ര കരിസ്മാറ്റിക് നവീകരണ പ്രക്രിയ ആണെന്ന ധാരണ സഭാവിശ്വാസികളിലും മറ്റു ഇതര മതസ്ഥരിലും ആഴത്തില്‍ വേരൂന്നിയിട്ട് കാല്‍നൂറ്റാണ്ടു കഴിഞ്ഞു. സമൂഹത്തിന് ഇങ്ങനെ ഒരു ധാരണയുണ്ടാകാന്‍ കാരണമുണ്ട്. നാട്ടില്‍ എങ്ങോട്ടു തിരിഞ്ഞാലും ധ്യാനകേന്ദ്രങ്ങളും കരിസ്മാറ്റിക് കണ്‍വെന്‍ഷനുകളുമാണ്. ഇത്തരം കണ്‍വെന്‍ഷനുകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്നുമുണ്ട്. നമ്മുടെ പള്ളികളിലും പട്ടണങ്ങളിലും മാത്രമല്ല മറ്റു മതസ്ഥര്‍ കൂട്ടായ് പാര്‍ക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ക്രൈസ്തവരുടെ വീടുകളില്‍പോലും കരിസ്മാറ്റിക് നവീകരണ കണ്‍വെന്‍ഷനുകള്‍ അരങ്ങു തകര്‍ക്കുകയാണ്. കേരളത്തിലെ പുരാതനമായ പള്ളിപെരുന്നാളുകള്‍ നാനാജാതി മതസ്ഥര്‍ ആണ്ടുവട്ടം ആചരിച്ചുപോന്നിരുന്ന വലിയ ആഘോഷങ്ങള്‍ ആയിരുന്നു. ഈ മഹോത്സവങ്ങള്‍ എല്ലാം കരിസ്മാറ്റിക്കുകാര്‍ കൈയടക്കിയിരിക്കുകയാണ് ഇപ്പോള്‍. പോട്ടയിലും കടുത്തുരുത്തിയിലും, ആലപ്പുഴയിലും, എറണാകുളത്തും, അതിരംമ്പുഴയിലും കോഴിക്കോടും അട്ടപ്പാടിയിലും എല്ലാം ഇടമുറിയാതെ കരിസ്മാറ്റിക് ധ്യാനങ്ങള്‍ അരങ്ങേറുകയാണ്.

പരിശുദ്ധാത്മാവ് അഭിഷേകധ്യാനം, ആന്തരിക സൗഖ്യധ്യാനം, വളര്‍ച്ച ധ്യാനം, ദിവ്യകാരുണ്യ വളര്‍ച്ച ധ്യാനം, വിവാഹ ഒരുക്കധ്യാനം, പരീക്ഷ മുന്‍ഒരുക്ക ധ്യാനം, പീഡാനുഭവ ധ്യാനം, കുടുംബനവീകരണ ധ്യാനം, മരിയന്‍ ധ്യാനം, രോഗികള്‍ക്കും രോഗീ പരിചാരകര്‍ക്കുമുള്ള ധ്യാനം തുടങ്ങി വിശ്വാസികളുടെ ജനനം മുതല്‍ വാര്‍ദ്ധക്യംവരെ ധ്യാനാവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു.

പ്രത്യേക ധ്യാനകേന്ദ്രങ്ങളിലേയും ഇടവകയിലെയും ധ്യാനംകൊണ്ട് പൂര്‍ണത വരാത്തതുകൊണ്ടാവാം തിരുപിറവിയ്ക്ക് മുമ്പ് രൂപത ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ തീര്‍ഥാടനകേന്ദ്രങ്ങളില്‍വച്ച് അതിവിപുലമായി നടത്തപ്പെടുന്നത്. മെത്രാന്മാരുടെയും, അഭിഷേകാഗ്നിചൊരിക്കാന്‍ കഴിവുള്ള 'ധ്യാനഗുരുക്കളു'ടേയും വലിയ ചിത്രങ്ങളോടുകൂടിയ flex board-കള്‍ പട്ടണങ്ങളിലും പള്ളികളിലും പ്രദര്‍ശിപ്പിച്ച് പരസ്യം കൊടുത്ത് വണ്ടിയും, വാഹനസൗകര്യങ്ങളും ഒരുക്കി, തീര്‍ഥാടന കേന്ദ്രങ്ങളില്‍ കരിസ്മാറ്റിക് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത് വിശ്വാസികളുടെ അത്മരക്ഷക്കാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. നോമ്പാചരണത്തിന്റെ അരൂപിയില്‍ ഭക്തരുടെ പണം ചോര്‍ത്താനാണ് ഈ കണ്‍വെന്‍ഷന്‍ എന്ന് അല്പവിശ്വാസികള്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ? പണത്തിനുവേണ്ടി എന്തും പ്രദര്‍ശിപ്പിക്കുന്നതും, വില്‍പനയ്ക്കു വയ്ക്കുന്നതും ക്രിസ്തീയതയ്ക്കു നിരക്കുന്നതാണോ?

അള്‍ത്താരയില്‍ വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തി ബലിയര്‍പ്പിക്കുന്ന തിരുമേനിമാരുടെ തെരുവില്‍ നിരത്തിയിരിക്കുന്ന flex board-ലെ വദനങ്ങളില്‍ ആരോ കരിഓയില്‍ പുരട്ടിയതുപോലെ, തെരുവിലെ കാക്കകള്‍ കാഷ്ഠിച്ചിരിക്കുന്നത് കാണുന്നത് വേദനാജനകമാണ്.
നാനാജാതി മതസ്ഥര്‍, വ്യത്യസ്തമായ ഈശ്വര വിശ്വാസങ്ങളും, ആചാരാനുഷ്ഠാനങ്ങളുമുള്ളവര്‍ ഇടതിങ്ങി പാര്‍ക്കുന്ന ഒരു വലിയ പട്ടണംപോലെയാണ് ഇന്നീ ചെറിയ കേരളം. നമ്മുടെ പള്ളികളില്‍ നിന്നൂം ധ്യാനകേന്ദ്രങ്ങളില്‍നിന്നുമുള്ള ശബ്ദങ്ങള്‍ ജനങ്ങള്‍ സഹിക്കുകയാണ്. വീടുകളിലെ കണ്‍വെന്‍ഷന്‍ നഗറില്‍നിന്നു അലറി വിളിച്ചുയരുന്ന പ്രഭാഷണങ്ങളും, ഹൈടെക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഗാനങ്ങളും ഹല്ലേലൂയ്യ, സ്‌തോത്രം വിളികളും വിശ്വാസികള്‍ക്കുപോലും ഇന്ന് അരോചകമാണ്. ഈ ശബ്ദകോലാഹലങ്ങള്‍ സഹിച്ചു കഴിയുന്ന മറ്റു മതസ്ഥരുടെ സഹിഷ്ണുത ക്രൈസ്തവര്‍ കാണാതിരിക്കരുത്. മതേതരത്വത്തേയും, മനുഷ്യത്വത്തേയും മാനിക്കാതെയുള്ള ശബ്ദമലിനീകരണ കണ്‍വെന്‍ഷനുകള്‍ രാത്രി വളരെ വൈകിയും തുടരുന്നത് വിചിത്രമാണ്.

കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യംവച്ച് നിരവധി സംരംഭങ്ങള്‍ സഭയില്‍ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഉപദേശക സമിതി, കോര്‍ഗ്രൂപ്പ് റീജനുകള്‍, സോണല്‍ സംവിധാനം, പ്രാര്‍ഥനാ ഗ്രൂപ്പ്, വിവിധ മിനിസ്റ്ററികള്‍. എന്നാല്‍ ഇവയെല്ലാം പഴയ മൂന്നാം സഭയും സോഡാല്‍റ്റിയും നിത്യാരാധന സംഘവും കര്‍മ്മലമാതാഭക്തരും പുനര്‍ അവതരിച്ചതുപോലെ ഉണ്ട്. ആദിമ സഭയുടെ മാതൃകയില്‍ ഇടവക സമൂഹത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ പങ്കുവയ്ക്കലും പരിപോഷണത്തിലൂടെ ക്രിസ്തീയ ചൈതന്യവും ആത്മീയതയും അനുഭവിക്കുന്ന കൂട്ടായ്മകള്‍ ആയിമാറാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് ഒന്നും ഇന്നേവരെ കഴിഞ്ഞിട്ടില്ല.

നവീകരണത്തിന്റെ പ്രാഥമിക ഘടകം പ്രാര്‍ത്ഥന കൂട്ടായ്മകള്‍ ആണെന്നാണ് സഭയുടെ പ്രഖ്യാപനം. തിരുവചനത്തിലും തിരുസഭയുടെ പഠനത്തിലും വേര് ഉറപ്പിച്ച്, കൂദാശകളാല്‍ പരിപോഷിപ്പിക്കപ്പെട്ട്, സഭാ നേതൃത്വത്തേ അംഗീകരിച്ചും അനുസരിച്ചുമുള്ള ആദ്ധ്യാത്മികതയെ മാത്രമേ സഭ അംഗീകരിക്കുകയുള്ളൂ.

സഭയുടെ നവീകരണത്തെപ്പറ്റിയുള്ള പ്രഖ്യാപനങ്ങള്‍ വിലയിരുത്തിയാല്‍ കരിസ്മാറ്റിക് നവീകരണത്തിന്റെ തുടക്കം കുറിച്ചതു കുറെ മെത്രാന്മാര്‍ അരൂപിയില്‍ ഒന്നിച്ചുകൂടി ആലോചിച്ച് രൂപപ്പെടുത്തിയതാണോയെന്ന് തോന്നിപോകും. സഭയെ നവീകരിക്കുന്നതിനുവേണ്ടി സിനഡോ സൂനഹദോസോ കൂടിയതായി അറിയില്ല. അമേരിക്കയിലെ ഏതാനും കത്തോലിക്കാ വിദ്യാര്‍ത്ഥികളില്‍ ആണ് നവീകരണ ആശയം പൊട്ടിമുളച്ചത്.

ആദ്യമൊക്കെ ഹൈരാര്‍ക്കിയുടെ അനുവാദമില്ലാതെ തെരുവ് മൈതാനങ്ങളില്‍ വലിയ സ്റ്റേജും പന്തലുംകെട്ടി കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ നടത്തിയ ചില പുരോഹിതര്‍ ബൈബിളിന്റെ നേരറിവില്‍, സഭയിലെ പണസമ്പാദകര്‍ ആയ മദ്ധ്യസ്ഥന്‍മാരെ നിഷേധിച്ചുകൊണ്ട് യേശു ഏകരക്ഷകന്‍ എന്നു പ്രസംഗിച്ചതു സഭാനേതൃത്വത്തിന് തീരെ പിടിച്ചില്ല. നവീകരണത്തെ  അംഗീകരിച്ചുകൊണ്ടിരുന്ന സഭാ നേതൃത്വത്തിന് ഇത്തരക്കാര്‍ ഒരു തലവേദന ആയിമാറി.

കണ്‍വെന്‍ഷന്‍ നടക്കുന്ന മൈതാനത്തിന്റെ വാടകയും മറ്റു ഇതര ചിലവുകള്‍ക്കുമായി വിശ്വാസികളില്‍ നിന്നാണ് പണം സമാഹരിച്ചിരുന്നത്. (അങ്ങനെ വിശ്വാസികള്‍ സ്‌നേഹപൂര്‍വം കൊടുത്ത പണം അല്ലേ ഇ ന്നത്തെ സ്‌തോത്ര കാഴ്ചയുടെ തുടക്കം.) ഓരോ ദിവസവും വരവുചെലവു കണക്കുകള്‍ ജനങ്ങളെ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. പൊതുസമൂഹത്തില്‍നിന്നും പിരിഞ്ഞുകിട്ടിയ പണത്തിന്റെ കണക്ക് സുതാര്യമായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസികള്‍ നിര്‍ലോഭമായ സംഭാവനകള്‍ കൊടുത്തുകൊണ്ടിരുന്നു. ചെറിയ പട്ടണങ്ങളില്‍പോലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കരിസ്മാറ്റിക് കണ്‍വന്‍ഷനുകളില്‍ സ്‌തോത്രകാഴ്ചയായി വീഴുന്ന പണത്തിന്റെ വലിപ്പം മെത്രാന്മാര്‍ തിരിച്ചറിഞ്ഞു. സഭയുടെ പിടിവിട്ടു പോകുന്ന വിശ്വാസികളേയും അവരുടെ സമ്പത്തിനേയും സഭയിലേയ്ക്ക് അടുപ്പിക്കുന്നതിനാണ് നവീകരണം സന്ധിചെയ്യപ്പെട്ടത്.

നവീകരണത്തിന്റെ 30 ആണ്ടുകള്‍ പിന്നിടുമ്പോള്‍ കേരള കത്തോലിക്ക വിശ്വാസികള്‍ എത്തിനില്‍ക്കുന്ന അവസ്ഥ വിലയിരുത്തുന്നത് ഉചിതമായിരിക്കും. ക്രൈസ്തവരുടെ കുടുംബജീവിതം താറുമാറായി. എവിടെയും എതു കുടുംബവും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. മദ്യം കത്തോലിക്കന്റെ നിത്യജീവിതത്തിന്റെ ഭാഗമായിമാറി. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, കൂട്ട ആത്മഹത്യകള്‍, ബലാത്സംഗങ്ങള്‍, ലൈംഗിക ചൂഷണം, വഞ്ചന, പിടിച്ചുപറി, അമിതമായ ആഭരണപ്രിയം, പണത്തിന്റെ ധൂര്‍ത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പിടിയില്‍ ആണ് കത്തോലിക്കര്‍. ഈശ്വരാരാധന മനുഷ്യസംബന്ധമായിരുന്നു. പരസ്പരം സ്‌നേഹിക്കുകയും ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രമാണം, ത്യാഗത്തിന്റെ കുരിശ് കത്തോലിക്കര്‍ വിശ്വാസത്തിന്റെ നാള്‍വഴിയില്‍ എവിടെയോ എറിഞ്ഞുകളഞ്ഞു. അന്യന്റെ അപ്പം സ്വന്തമാക്കാന്‍ വേണ്ടി മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നു. വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും സേവനമേഖലയും എല്ലാറ്റിനുമുപരി നവീകരണംപോലും വിറ്റ്  യേശു നിഷേധിച്ച സമ്പത്ത് ആര്‍ജിക്കാന്‍ മത്സരിക്കുകയാണ് പുരോഹിതരും വിശ്വാസികളും. സാമൂഹ്യസന്തുലിതാവസ്ഥയും മതസൗഹാര്‍ദവും തകര്‍ക്കുന്ന അക്രൈസ്തവ പ്രവണതക്കെതിരെ ക്രിസ്തീയ വിശ്വാസികള്‍ ജാഗ്രത പാലിക്കണം.

പി. ജെ. സെബാസ്റ്റ്യന്‍

2012 മെയ്‌ ലക്കം ഒശാനയില്‍ പ്രസധീകരിച്ചത്.

1 comment:

  1. പൊതുജനങ്ങള്‍ക്ക്‌ ശല്ല്യമില്ലെങ്കില്‍‍ പ്രാര്‍ത്ഥിക്കുന്നവര്‍ എങ്ങനെ വേണമെങ്കിലും പ്രാര്‍ത്ഥിക്കട്ടെയെന്നാണ് എന്റെ അഭിപ്രായം.

    കരിഷ്മാറ്റിക് ഭ്രാന്തുപിടിച്ച ഒരു ലോകം കേരളത്തില്‍ മാത്രമേ ഉണ്ടാകുവാന്‍ സാധ്യതയുള്ളൂ. വിശ്വാസികളുടെ ബലഹീനതയെ പണം കൊയ്ത്തുവഴി മുതലാക്കുകയാണ് ഇവരുടെ പണി.

    ആന്തിരികസൌഖ്യമെന്നു പറഞ്ഞു ഇവര്‍ കാണിച്ച
    മറിമായങ്ങള്‍മൂലം പലരും മാനസിക ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നുവെന്നും അറിയുവാന്‍ കഴിഞ്ഞു.

    കൂടുതലും കള്ള് വാറ്റുകാര്‍, കള്ള്കുടിയന്മാര്‍, വന്‍കിട ചാരായലോബികള്‍ ആണ് ഇവിടെ
    പ്രാര്‍ത്ഥിക്കുവാന്‍ വരുന്നത്.തീരാരോഗങ്ങള്‍ ഉള്ളവരെ ധ്യാനംകൊടുത്ത് മരണത്തിലേക്ക് പറഞ്ഞുവിടും.

    ഹൈസ്ക്കൂള്‍പോലും പാസാകാത്ത കള്ളുകുടിയന്മാര്‍ കൌണ്‍സില്‍മാര്‍ അവിടെയുണ്ട്. ഇതൊക്കെ സഹിക്കുന്ന ബുദ്ധിജീവികളുടെ കേരളത്തോട് സഹതാപമേയുള്ളു.

    കരിഷ്മാറ്റിക്ക് അമേരിക്കയില്‍നിന്ന് വന്നതെന്ന് ലേഖകന്‍ എഴുതിയിരിക്കുന്നു. ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ മൈക്കുംവെച്ച് പൊതു ജനശല്ല്യം നടത്തിയാല്‍ ഇവിടെ അറസ്റ്റു
    ഉറപ്പാണ്‌. മുസ്ലിംസമുദായത്തിന് ബാങ്ക് പോലും പൊതു നിരത്തില്‍നിന്ന് വിളിച്ചാല്‍ മുളളയ്ക്കും അഴി എണ്ണാം.

    ഇത്തരം ഭ്രാന്തമാര്‍ എന്റെ ഓര്‍മ്മയില്‍ വെന്തിക്കൊസ്സു പാസ്റ്റര്‍മാരുടെ ഇടയില്‍
    പണ്ട്മുതലേ ഉണ്ടായിരുന്നു.

    പണ്ടൊക്കെ പൊതുനിരത്തില്‍ ഇങ്ങനെ ശല്ല്യം ചെയ്യുന്നവരെ ഒതുക്കുവാന്‍ ഓരോ നാട്ടിലും കേഡികള്‍ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു കാട്ടുകോഴി, വാഴൂര്‍ ഒരു കുട്ടപ്പായി, ഇവരെയൊക്കെ പേടിച്ചു ഇത്തരം പ്രസ്ഥാനങ്ങളുമായി പൊതുജനങ്ങളെ ശല്ല്യം ചെയ്യുവാന്‍ സാമൂഹ്യദ്രോഹികള്‍ എത്തുകയില്ലായിരുന്നു.

    സമാധാനത്തില്‍ ജീവിച്ച കേരളജനതയെ
    വര്‍ഗീയവിഷം കുത്തിവെച്ചു പരസ്പരം തല്ലിപ്പിക്കുന്നതും ഈ കരിസ്മാറ്റിക്ക് ഭ്രാന്തമാര്‍ ആണ്. നായിക്കാന്‍‍ പറമ്പില്‍ പണംതട്ടി എവിടെയോ ഒരു വിദേശസ്ത്രീയുമായി ഒളിവിലാണെന്നും അറിയുന്നു.ചിലര്‍ പറയുന്നു, അയാള്‍ അമേരിക്കയില്‍ അജ്ഞാതമായി താമസിക്കുന്നുവെന്നും.

    പഴയ പള്ളിപെരുന്നാളുകളില്‍ അന്ന് ജനത്തിനു ദേവാലയത്തോടു ഒരു ഭക്തിയുണ്ടായിരുന്നു. എല്ലാ മതങ്ങളും ഒത്തുള്ള ഒരു സൌഹാര്‍ദ്ദം. ആ നല്ല പാരമ്പര്യവും തകര്‍ത്തത് കരിഷ്മാറ്റിക്ക് ഭ്രാന്തമാര്‍ ആണ്. പരിശുദ്ധആത്മാവ് വരുന്നെന്നു പറഞ്ഞു പറ്റിച്ചു വിശ്വാസികളെ ചതിച്ചു പണം വിഴുങ്ങുന്ന ഇവര്‍ക്കെതിരെ നാട്ടില്‍ നിയമങ്ങള്‍ ഒന്നുമില്ലേ.?

    ബിഷപ്പ്മാരുടെ പടങ്ങള്‍ പരസ്യവിപണിയില്‍ ഉണ്ടെങ്കില്‍ പ്രയാസപ്പെടുകയല്ല ചാണകവെള്ളം ഒഴിച്ച് മെത്രാന്‍അഭിഷേകം ഒന്നുകൂടി നടത്തുകയായിരിക്കും ഉത്തമം. വിദ്യാഭ്യാസവും കോഴയും കച്ചവടമാക്കിയ ഇവര്‍ക്ക് അമേരിക്കന്‍ പള്ളികളില്‍ ഉള്ളപോലെ ബിന്ഗോ എന്ന ചൂതുകളി നടപ്പാക്കിയാല്‍ വരുമാനം ഇനിയും വര്‍ധിപ്പിക്കാം.

    ReplyDelete