Translate

Wednesday, June 6, 2012

'സത്യജ്വാല' മെയ് ലക്കം എഡിറ്റോറിയല്‍


മുഖക്കുറി

സഭാനവീകരണം സമുദായപരിഷ്‌കരണത്തിന്
മതമേഖലയില്‍ നടക്കുന്ന നവീകരണം ആത്യന്തികമായി നവീകരിക്കുന്നത് മനുഷ്യമനസ്സുകളെയാണ്. അന്ധവും മൂഢവുമായ 'വിശ്വാസങ്ങള്‍' ഇരുള്‍പടര്‍ത്തിയിരുന്ന മനസ്സുകളില്‍ അതോടെ, ശുദ്ധദര്‍ശനത്തിന്റെ വെളിച്ചം വീശുകയായി. അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന അന്യവിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രചിന്തയിലേക്കും മനനത്തിലേക്കും, അങ്ങനെ തനതു ബോധ്യങ്ങളിലേക്കും വിശ്വാസത്തിലേക്കും വളരാന്‍ മനുഷ്യനപ്പോള്‍ കഴിവു നേടുന്നു. അവര്‍ സത്യം അറിയുന്നവരും ആ സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുന്നവരുമായി മാറുന്നു.
മനുഷ്യന്റെ അടിത്തട്ടില്‍ സംഭവിക്കുന്ന ഒന്നാണ് ഈ ആദ്ധ്യാത്മികസ്വാതന്ത്ര്യം. എന്നാല്‍, അതവിടെ ഒതുങ്ങുന്നില്ല-അത് മനുഷ്യന്റെ ഉള്ളില്‍നിന്നും പുറത്തേക്കു ബഹിര്‍ഗമിക്കുന്നു. സാംസ്‌കാരിക നവോത്ഥാനത്തിനും ഉദാത്തമായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങള്‍ക്കും അതു നാന്ദിയായിത്തീരുന്നു.
ഏതു നവോത്ഥാനചരിത്രം പരിശോധിച്ചാലും അതിനുമുമ്പേ അവിടുത്തെ മതമേഖലയില്‍ ഒരു ശുദ്ധികലശം നടന്നിട്ടുള്ളതായി കാണാവുന്നതാണ്. മനുഷ്യസഹജവും സാര്‍വ്വത്രികവുമായ മതദര്‍ശനങ്ങളെ, മതസംവിധാനത്തില്‍ ഇത്തിള്‍ക്കണ്ണിയായി കയറിപ്പറ്റുന്ന പൗരോഹിത്യം വികലമാക്കുകയും തലകുത്തിനിര്‍ത്തി അവതരിപ്പിക്കുകയും, അതിന്‍ഫലമായി മനുഷ്യസമൂഹം ഇരുളിലാഴുകയും പുരോഹിത-രാഷ്ട്രീയഘടനകളുടെ അടിമത്തത്തില്‍പ്പെട്ട് ഉഴലുകയും ചെയ്ത എത്രയോ കാലഘട്ടങ്ങളാണ് ചരിത്രത്തില്‍ കടന്നുപോന്നിട്ടുള്ളത്! എന്നാല്‍ അപ്പോഴൊക്കെയും, ഒരു ബുദ്ധനോ ജൈനനോ യേശുവോ നബിയോ പരമഹംസരോ വിവേകാനന്ദനോ നാരായണഗുരുവോ എത്തുകയും, മതങ്ങളുടെ പുരോഹിതഘടനയെ പൊളിച്ച് മനുഷ്യരില്‍ വീണ്ടും ആദ്ധ്യാത്മികതയെ ഉണര്‍ത്തുകയും ചെയ്യുന്നു. എല്ലാത്തരത്തിലുംപെട്ട ആസ്തിക-നാസ്തികദര്‍ശനങ്ങളുടെയും പിള്ളത്തൊട്ടിലായ ഭാരതത്തിന്റെ അത്യുദാത്തമായിരുന്ന സംസ്‌കാരത്തെ തകര്‍ത്തും ജനങ്ങളെ വിഘടിപ്പിച്ച് വിവിധ തട്ടുകളിലും കള്ളികളിലുമാക്കിയും അജയ്യമെന്നപോലെ നിലകൊണ്ട ബ്രാഹ്മണപൗരോഹിത്യത്തിന്റെ പത്തി താഴ്ന്നത് ഏതെങ്കിലും രാഷ്ട്രീയവിപ്ലവം മൂലമല്ല എന്നു നമുക്കറിയാം. മറിച്ച്, ബ്രാഹ്മണ്യം തങ്ങളുടെ കുത്തകയാക്കിവച്ചിരുന്ന അതേ വേദോപനിഷത് ദര്‍ശനങ്ങളെ സത്യാനേ്വഷികളായ മനുഷ്യര്‍ പുനരവതരിപ്പിച്ചും പുനര്‍വ്യാഖ്യാനിച്ചും മനുഷ്യമനസ്സുകളില്‍ ആദ്ധ്യാത്മികതയുടെ തീപ്പൊരി പാറിച്ചതിലൂടെയായിരുന്നു. ജ്വാലകളായി പടര്‍ന്ന ഈ ആദ്ധ്യാത്മികവെളിച്ചത്തില്‍ ഇവിടുത്തെ ഹൈന്ദവജനത മതപരമായി സ്വതന്ത്രരായി. തുടര്‍ന്ന,് മതനവീകരണം സമൂഹത്തെ പുനരുദ്ധരിക്കുമെന്നു തെളിയിച്ചുകൊണ്ട്, ഇവിടെ നിലനിന്നിരുന്ന കനത്ത ജാതിമതിലുകള്‍ ഇടിഞ്ഞുവീഴുകയും ജനം സാമൂഹികസ്വാതന്ത്ര്യം നേടുകയും ചെയ്തു.
ഭാരതത്തിലെ കത്തോലിക്കാസമൂഹം ഒരു വൈദേശിക'ബ്രാഹ്മണ്യ'ത്തിന്റെ പിടിയിലാണിന്ന് എന്നു ഞങ്ങള്‍ കരുതുന്നു. യേശു മുന്നോട്ടുവച്ച ദൈവദര്‍ശനത്തെയും ദൈവരാജ്യസങ്കല്പത്തെയും അതിനായി പാലിക്കണമെന്നുപദേശിച്ച സ്‌നേഹത്തിന്റെ കല്പനകളെയും കാറ്റില്‍ പറത്തിയും, അരുതെന്നു വിലക്കിയ റോമന്‍ അധികാരഘടനയെ ആഞ്ഞുപുല്‍കിയും, സഭയെ ഒരു രാജാ-പ്രജാസംവിധാനമാക്കിയിരിക്കുന്നു, ഈ റോമന്‍ 'ബ്രാഹ്മണ്യം'. ബൈബിളിന്റെ കുത്തകഭാവിച്ചും, അതിലെ വാക്യങ്ങളെ ദുര്‍വ്യാഖ്യാനിച്ചും, സര്‍വ്വാധികാരങ്ങളോടെ നിയമങ്ങളും അനുഷ്ഠാനങ്ങളും നിര്‍മ്മിച്ചടിച്ചേല്‍പ്പിച്ചും, യേശുവിന്റെ പേരില്‍ ഒരു അടിമസമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു, ഈ പൗരോഹിത്യം. യേശുദര്‍ശനത്തിന്റെ തെളിനീര്‍ പ്രവാഹത്തിലേയ്ക്ക് മനുഷ്യരെ നയിച്ച് അവരുടെ ഉള്‍ക്കണ്ണുകള്‍ തുറക്കാന്‍ സഹായിക്കുക എന്ന തങ്ങളിലര്‍പ്പിതമായ ഒരേയൊരു കര്‍ത്തവ്യത്തില്‍നിന്നും വ്യതിചലിച്ച,് സമൂഹം കൂട്ടായി ചെയ്യേണ്ട നൂറുകൂട്ടം കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നു, ഈ പുരോഹിതനേതൃത്വം. കത്തോലിക്കാ സമൂഹത്തിന്റെ യാതൊരുവിധ പ്രാതിനിധ്യവും ഇല്ലാതിരുന്നിട്ടും ഈ സമൂഹത്തിന്റെ നേതൃത്വം കയ്യാളുന്നതും ഇവര്‍ തന്നെ! ചുരുക്കത്തില്‍, ആദ്ധ്യാത്മികചൈതന്യം ചോര്‍ത്തിക്കളഞ്ഞ് യേശുവിന്റെ സഭയെ ഒരു ഭൗതികസ്ഥാപനമായി മാറ്റിയിരിക്കുകയാണ് ഈ 'ക്രൈസ്തവ' ബ്രാഹ്മണ്യം.
ഇവിടെ ഞങ്ങള്‍ സഭയിലെ പുരോഹിരെയാരെയും വ്യക്തിപരമായി പഴിചാരുകയല്ല; മറിച്ച്, പൗരോഹിത്യമെന്ന സ്ഥാപന (institution) ത്തിന്റെ മതവിരുദ്ധതയെ തുറന്നുകാട്ടുക മാത്രമാണു ചെയ്യുന്നത്. യേശുവിന്റെ ഭാഗമാകാന്‍ കഴിയാതെ ഈ യാന്ത്രിക അധികാരസംവിധാനത്തിന്റെ ഭാഗമായി ജീവിക്കേണ്ടി വരുന്നതില്‍ വീര്‍പ്പുമുട്ടുന്ന ജ്ഞാനികളും നന്മനിറഞ്ഞവരുമായ എത്രയെങ്കിലും പുരോഹിതരും സന്ന്യാസിനീ-സന്ന്യാസികളും കേരളസഭയിലുണ്ടെന്നു ഞങ്ങള്‍ക്കറിയാം. ഈ പുരോഹിതസംവിധാനത്തിലിരുന്നു ദുഷിച്ചുപോയവര്‍ ഒരുപക്ഷേ, അതിലുമധികമുണ്ടായേക്കാം. ഇവരെല്ലാവരും ജീവനില്ലാത്ത ഈ യാന്ത്രികസംവിധാനത്തിന്റെ സഹതാപാര്‍ഹരായ ഇരകള്‍ മാത്രം! അതുകൊണ്ട്, അവരിലൂടെ സഭയെ നവീകരിക്കാം എന്ന ചിന്ത ഞങ്ങള്‍ അശ്ശേഷം വച്ചു പുലര്‍ത്തുന്നില്ല. ബ്രിട്ടീഷ് ഭരണാധികാരികള്‍ മാനസാന്തരപ്പെട്ടതുകൊണ്ടല്ല; മറിച്ച്, ഇന്ത്യന്‍ ജനത ഉറക്കമുണര്‍ന്നെഴുന്നേറ്റതുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിട്ടൊഴിഞ്ഞത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!
ഇത്തരത്തിലുള്ള ഒരു ഉറക്കമുണര്‍ത്തലിനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന് യേശുവചസ്സുകളുടെ അര്‍ത്ഥതലങ്ങള്‍ സ്വന്തം തനിമയില്‍നിന്നു കണ്ടെത്താനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും പുരോഹിതവിഭാഗത്തെയോ സമുദായാംഗങ്ങളെയോ അനുവദിക്കാത്ത സഭയുടെ ഇന്നത്തെ പുരോഹിതഘടനയെ നിശിതമായി വിലയിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതുമുണ്ട്; യേശുവിന്റെ സ്‌നേഹവചസ്സുകളെയും ദൈവരാജ്യസങ്കല്പത്തെയും സഭയില്‍ പുനരവതരിപ്പിക്കേണ്ടതുണ്ട്; യേശുവിന്റെ മുഖഭാവമുള്ള ഒരു സഭയും സ്‌നേഹസമൂഹവും ഈ ഭൂമിയില്‍ സാധ്യമാണ് എന്ന പ്രത്യാശ ജനങ്ങളില്‍ ഉണര്‍ത്തിയെടുക്കേണ്ടതുമുണ്ട്.
അല്‍മായശബ്ദം ബ്ലോഗി (www.almayasabdam.blogspot.com) നെയും 'സത്യജ്വാല' മാസികയെയും അതിനുള്ള എളിയ വേദികളാക്കുവാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. അതുകൊണ്ട് ഈ ഉണര്‍ത്തല്‍പ്രക്രിയയില്‍ പങ്കാളികളാകാന്‍, മാനുഷികമായ ഒരു നവസമൂഹം സ്വപ്നംകാണുന്ന എല്ലാവരെയും, വിശിഷ്യാ കേരളക്രൈസ്തവസമൂഹത്തിലെ പുരോഹിതരുള്‍പ്പെടെ യേശുവിന്റെ ദൈവരാജ്യസ്വപ്നം ഹൃദയത്തില്‍ സൂക്ഷിക്കുന്ന എല്ലാവരെയും, ഈ തുറന്ന ചര്‍ച്ചാവേദികളിലേക്ക് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു!

-എഡിറ്റര്‍

No comments:

Post a Comment