Translate

Friday, June 29, 2012

കെ.സി.ആര്‍.എം. വാര്‍ഷികപൊതുയോഗവും സെമിനാറും


കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം-KCRM
(Reg.No.K. 152/10), തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575

ബഹുമാന്യ സുഹൃത്തേ, 18-06-12
       K C R M-ന്റെ വാര്‍ഷിക പൊതുയോഗത്തിന്റെയും ജൂണ്‍മാസ ചര്‍ച്ചാപരിപാടിയുടെയും കാര്യം അറിയിക്കുന്നതിനും അതിലേക്കു ക്ഷണിക്കുന്നതിനുമാണ് ഈ കത്ത്.

       2012 ജൂണ്‍ 30 ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 1.30 മുതല്‍, പാലാ കുരിശുപള്ളിക്കവലയിലുള്ള 'മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയ'ത്തില്‍, കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാന(K.C.R.M.)ത്തിന്റെ വാര്‍ഷികപൊതുയോഗം നടക്കുന്നു. ചെയര്‍മേന്‍ ശ്രീ. ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം, പ്രമുഖ ഗാന്ധിയന്‍ചിന്തകനും ഈ പ്രസ്ഥാനത്തിന്റെ ഒരു അഭ്യുദയകാംക്ഷിയുമായ പ്രൊഫ. ഡോ. എം.പി. മത്തായി (M.G.യൂണിവേഴ്‌സിറ്റി, ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ അദ്ധ്യക്ഷന്‍, ഇപ്പോള്‍ 'ഗുജറാത്ത് വിദ്യാപീഠ് യൂണിവേഴ്‌സിറ്റി'യിലെ 'പീസ് റിസര്‍ച്ച് സെന്ററില്‍ ഗാന്ധിയന്‍ ഫിലോസഫി പ്രൊഫസര്‍) നിര്‍വ്വഹിക്കുന്നു.

       പൊതുയോഗത്തെത്തുടര്‍ന്ന് 3.00 മണിക്ക്, 'യേശുവിന്റെ ദൈവരാജ്യസങ്കല്പവും ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സമൂഹദര്‍ശനവും' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടക്കും. വിഷയാവതരണം നടത്തി ചര്‍ച്ച നയിക്കുന്നത് പ്രൊഫ. ഡോ. എം.പി. മത്തായി. ആയിരിക്കും.

       ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കും. രണ്ടു പരിപാടികളിലേക്കും അങ്ങയെ ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.

                                                  ആദരപൂര്‍വ്വം,

K.ജോര്‍ജ്ജ് ജോസഫ്                                                                   ജോര്‍ജ് മൂലേച്ചാലില്‍
-ചെയര്‍മാന്‍ K.C.R.M.                                                               -സെക്രട്ടറി K.C.R.M.

I വാര്‍ഷിക പൊതുയോഗം (1.30 PM.)
അജണ്ട:
(1) 2011 സെപ്റ്റംബര്‍ 10-ലെ വാര്‍ഷികപൊതുയോഗത്തിന്റെ മിനിട്‌സ് വായന
(2) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം
(3) വാര്‍ഷിക കണക്ക് അവതരണം
(4) ബൈ-ലോ ഭേദഗതി നിര്‍ദ്ദേശം :
(5) കമ്മറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ്
(6) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
(7) ഓഡിറ്ററെ നിയമിക്കല്‍
(8) ചെയര്‍മേന്‍ അനുവദിക്കുന്ന ഇതരവിഷയങ്ങള്‍

II ചര്‍ച്ചാസമ്മേളനം (3.00 PM.)
സ്വാഗതം : ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ - സെക്രട്ടറി
മോഡറേറ്ററുടെ ആമുഖം : ശ്രീ. കെ. ജോര്‍ജ് ജോസഫ് - ചെയര്‍മേന്‍
'യേശുവിന്റെ ദൈവരാജ്യ സങ്കല്പവും ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സമൂഹദര്‍ശനവവും.
വിഷയാവതരണം : പ്രൊഫ. ഡോ. എം.പി. മത്തായി
പ്രതകരണങ്ങള്‍ : സദസ്സില്‍നിന്നുള്ളവര്‍
മറുപടിപ്രസംഗം : പ്രൊഫ. ഡോ. എം.പി. മത്തായി
കൃതജ്ഞത : ശ്രീ. ജോയി മുതുകാട്ടില്‍ (വൈസ് ചെയര്‍മാന്‍)

1 comment:

  1. ക്രിസ്തുവിനെ ഇഷ്ടമാണ്. പക്ഷെ ക്രിസ്ത്യാനിയെ ഇഷ്ടമാണെങ്കിലും വിശ്വാസം പോരാ. അതുപോലെ ഗാന്ധിജിയെയും ഇഷ്ടമാണ്.ഗാന്ധിയന്മാരെയും വിശ്വാസം ഇല്ല.

    ക്രിസ്തു സ്വര്‍ഗരാജ്യത്തെപ്പറ്റി സംസാരിച്ചു. പുരോഹിതര്‍ സ്വര്‍ഗരാജ്യം വിറ്റു വലിയ സാമ്പത്തിക സാമ്രാജ്യം കയ്യടക്കി. കൃസ്തു വലിയ സാമ്പത്തിക ശാസ്ത്രജ്ഞനും ആയി.

    ഗാന്ധിജി സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം പോലും സ്കൂളില്‍ പഠിച്ചിട്ടില്ല. ഇന്ന് സാമ്പത്തിക ഗ്രാമസ്വരാജ് യൂണിവേഴ്സിറ്റിവരെ അദ്ദേഹത്തിന്‍റെ പേരില്‍ ഉണ്ട്. അനേക പ്രബന്ധങ്ങളും ഗവേഷണങ്ങളും ഗാന്ധിജിയുടെ ചര്‍ക്കാ സാമ്പത്തികവുമായി ഗാന്ധിയന്മാരുടെ പ്രചാരണത്തില്‍ ഉണ്ട്.കാലത്തിനു ചേരാത്ത ധനതത്വ ശാസ്ത്രം.

    ഗാന്ധിയനായ വിനോബാജി പണ്ട് ഭൂദാന യജ്ഞവും ആയി ഇന്ത്യയിലെ ലക്ഷോപലക്ഷം ഗ്രാമങ്ങളില്‍ നടന്നു. പരിപൂര്‍ണ്ണ പരാജയം വാങ്ങി അദ്ദേഹം പിന്‍വാങ്ങുകയും ചെയ്തു. അന്നുപോലും
    സ്വരാജ്യ ഗ്രാമവിപ്ലവം പരാജയപ്പെട്ട സ്ഥാനത്തു ഇന്നത്തെ ഹൈടെക്ക് യുഗത്തില്‍ ഗാന്ധിജിയുടെ ഈ ഗ്രാമസ്വരാജ് പ്രസ്ഥാനത്തിനുള്ള പ്രസക്തി അറിയുവാന്‍ കാത്തിരിക്കുന്നു.

    യേശുവിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ പത്തു ശതമാനം പള്ളിക്ക് കൊടുക്കണമെന്ന് പള്ളി പറയുന്നു. യേശു പാവങ്ങള്‍ക്ക് ദാനം ചെയ്യുവാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിനു പണം കൊടുക്കുവാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ യേശുവിന്റെ വചനത്തെ വളച്ചൊടിച്ചു പത്തു ശതമാനം എന്നത് പുരോഹിതന്റെ യേശുക്രിസ്തു പറഞ്ഞ സാമ്പത്തിക ശാസ്ത്രം ആക്കി.

    ദൈവത്തിനു കൊടുക്കുന്നത് ഹൃദയത്തില്‍നിന്നു ദാനം ചെയുവാന്‍ പറഞ്ഞതു പുരോഹിതന്റെ അവകാശവുമായി. അതും നീതിയുടെ ഉറവിടമായ യേശുവില്‍നിന്നും അനീതിയുടെ ഒഴുക്കായ പള്ളി കൃഷിയില്‍ പത്തു ശതമാനം കൊടുക്കണമെന്നു പറയുന്നത് എന്തു സാമ്പത്തിക ശാസ്ത്രമെന്നും മനസിലാവുന്നില്ല.

    യേശു എന്റെ ഹൃദയത്തില്‍ ഉണ്ട്,എന്നാല്‍ എന്റെ വാലറ്റ് എന്റേതെന്നു ചിന്തിച്ചാല്‍ തെറ്റെന്ത്?

    ദൈവരാജ്യം ദരിദര്‍ക്കായും അവിടുന്ന് വാഗ്ദാനം ചെയ്തു. കടത്തില്‍ മുങ്ങിയവര്‍ക്കായുള്ള ഉപമ യേശു പറഞ്ഞത് ധനികര്‍ക്കെതിരായ വിമര്ശനം ആയിരുന്നു. യേശു ശിഷ്യന്മാരോട് ധനം പൊതുസ്വത്തായി കൈകാര്യം ചെയ്യുവാന്‍ വഴി കാണിച്ചുകൊടുത്തു. വ്യക്തിയുടെ അവകാശത്തെക്കാള്‍ ആദിമസഭയില്‍ ധനം സമൂഹ നന്മയില്‍ അടിസ്ഥാനമിട്ടു.

    ആധുനിക യുഗത്തില്‍ പരിഷ്കൃതരാജ്യങ്ങള്‍ ഈ സാമ്പത്തികശാസ്ത്രം അംഗീകരിക്കുകയില്ല. ലൂക്കിന്റെ അദ്ധ്യായം നാലില്‍ പറയുമ്പോലെ, ജനം അനുസരിച്ച് കൊടുക്കാനുള്ള കടം പൊറുക്കുവാനും പോകുന്നില്ല. ഇങ്ങനെയുള്ള വചനങ്ങള്‍ ഒരു ചെവിയില്‍ കൂടി കേട്ടിട്ട് മറ്റേ ചെവിയില്‍ കൂടി ഇന്നു തള്ളി കളയും.

    ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ പൊറുക്കുന്നതു പോലെ, എവിടെ ആരു പൊറുക്കുന്നു? എല്ലാം വിറ്റു ദരിദ്രര്‍ക്ക് ദാനം ചെയ്യുക, മാര്പാപ്പയെകൊണ്ട് ഒന്നു ചെയ്യിപ്പിക്കാമോ? എങ്കില്‍ ഞാനും ചെയ്യാം!!!

    യേശുവിന്റെ ആ നല്ല സമരിയാക്കാരന്‍ എവിടെ? സാക്കെവൂസ് പാപത്തിന്റെ പ്രതിഫലം
    നാലിരട്ടി ധനം ദരിദര്‍ക്ക് ദാനം ചെയ്യാമെന്ന് പറഞ്ഞ തത്വം ഒക്കെ ഇന്നു വെറും പാഴ്വാക്ക് മാത്രം.

    ജോലി ചെയ്യുന്നവനു ഭക്ഷണം എന്ന തത്വമായിരുന്നു ഗാന്ധിജിയുടേത്.ഇന്ന് വെറും പാഴ്വാക്കായ ഒരു തത്വം മാത്രം. ടോള്‍സ്റ്റോയി ആയിരുന്നു അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം.ഗാന്ധി പറഞ്ഞു അദ്ധ്വാനം ഒരുവന്റെ ജീവിത നിവൃത്തിക്ക് ആവശ്യമാണ്. വായുവും വെള്ളവും ഭക്ഷണവും പോലെ അദ്ധ്വാനവും ശരീരത്തിനു കൂടിയേ തീരൂ.

    ധനം, മുതലാളിത്വ വ്യവസ്ഥയില്‍ നിന്നും അടര്‍ത്തി സ്വതന്ത്രമായി കൈകാര്യം ചെയ്യണം. സാമ്പത്തിക പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ നമ്മുടെ ആവശ്യങ്ങള്‍ ചുരുക്കണം. എന്നാല്‍ ഉപഭോക്ത്താക്കളുടെ വര്‍ധന സാമ്പത്തിക് നേട്ടം കൈവരിക്കുവാന്‍ സാധിക്കുമെന്ന്
    ഗാന്ധിജി അന്ന് ചിന്തിച്ചില്ല. ആവശ്യങ്ങള്‍ കൂടുന്തോറും ഉത്ഭാതനം കൂടും. കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്നുള്ളതാണ് വിജയിച്ച സാമ്പത്തിക ശാസ്ത്രം.

    കൃഷിയിലും വ്യവസായത്തിലും ചെറുകിട വ്യവസായങ്ങളിലും ഗാന്ധിജിയുടെ സഹകരണ ശാസ്ത്രം പരാജയപ്പെട്ടു.

    നെഹുറുവിയന്‍ ഗാന്ധിയന്‍ സോഷ്യലിസം പരാജയമായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇന്നു ഭാരതം പുരോഗമിക്കുന്നതിനു കാരണവും ഗാന്ധിയന്‍ തത്വങ്ങള്‍ കാലഹരണപ്പെട്ടു എന്നത് മനസിലാക്കിയതു കൊണ്ടാണ്. ചെറുകിട, സഹകരണ ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ മറന്നു, ദൂരെകളഞ്ഞു, വന്‍വ്യവസായങ്ങള്‍ രാജ്യത്ത് പടുത്തുയര്ത്തിയാല്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ക്കലാമിന്റെ സ്വപ്നഭൂമിയായി മാറ്റങ്ങളുടെതായ ഭാരതം പ്രതീക്ഷിക്കാം.

    ReplyDelete