Translate

Friday, June 1, 2012

ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ക്കുവേണ്ടി ഏകദിന സെമിനാര്‍








ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ക്കുവേണ്ടി ഏകദിന സെമിനാര്‍| 0Comment
മൊയ്‌തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്‌: അമേരിക്കയിലേക്ക്‌ കുടിയേറിയിട്ടുള്ള ഇന്ത്യക്കാരുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സാമൂഹ്യവും സാംസ്‌ക്കാരികവും രാഷ്ട്രീയവും മതപരവുമായ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നു ചര്‍ച്ച ചെയ്യുന്നതിനും, ഏകോപന പ്രക്രിയയിലൂടെ അവരുടെ ഉന്നമനവും ക്ഷേമവും സാധിതമാകാനുള്ള പോംവഴികള്‍ ആരായാനും ഒരു ഏകദിന സെമിനാര്‍ ജൂണ്‍ 9 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ യോങ്കേഴ്‌സിലെ ഇന്‍ഡോ-അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച്‌ (54 യോങ്കേഴ്‌സ്‌ ടെറസ്‌, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10704) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി തോമസ്‌ കൂവള്ളൂര്‍ അറിയിച്ചു.

പ്രശസ്‌ത സാഹിത്യകാരനും, നിരൂപകനും, പത്രപ്രവര്‍ത്തകനുമായ ഡോ. ജയിംസ്‌ കോട്ടൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. അമേരിക്കന്‍ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ-മത രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പല നേതാക്കളും പത്ര-മാധ്യമ പ്രതിനിധികളും ഈ സെമിനാറില്‍ പങ്കെടുക്കുന്നതാണ്‌.

അറുപതുകളുടെ ആരംഭത്തില്‍ മില്‍വോക്കിയിലുള്ള മാര്‍ക്വറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ജേര്‍ണ്ണലിസത്തില്‍ ബിരുദം നേടുകയും, കുറെക്കാലം ഡിട്രോയിറ്റ്‌, ക്ലീവ്‌ലാന്റ്‌, ഡെന്‍വര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തന രംഗത്ത്‌ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരിച്ചുപോയ ഡോ. കോട്ടൂര്‍ ചെന്നൈയിലുള്ള `ന്യൂ ലീഡര്‍' എന്ന 100 വര്‍ഷം പിന്നിട്ട വാരികയുടെ എഡിറ്ററും പബ്ലിഷറുമായി ദീര്‍ഘകാലം ജോലി ചെയ്‌തു.

ബാംഗ്ലൂരിലെ എ
ക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്ററിലെ എഡിറ്റോറിയല്‍ സെക്രട്ടറി, ഡല്‍ഹിയില്‍ നിന്നും `ശബ്ദമില്ലാത്തവരുടെ ശബ്ദം' (വോയ്‌സ്‌ ഫോര്‍ ദി വോയ്‌സ്ലസ്‌) ആയി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കറന്റ്‌സ്‌ എന്ന ഇന്റര്‍നാഷണല്‍ വീക്ക്‌ലിയുടെ അസ്സോസിയേറ്റ്‌ എഡിറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

റോമില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റും സോഷ്യോളജിയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള ഡോ. കോട്ടൂര്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ കാതോലിക്‌ ഡിപാരീസ്‌ എന്ന സ്ഥാപനത്തില്‍ നിന്നും ഫ്രഞ്ചു ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌. യൂറോപ്പിലെ ലക്‌സംബര്‍ഗില്‍ വച്ചു നടന്ന ഒമ്പതാമത്‌ വേള്‍ഡ്‌ കാത്തലിക്‌ പ്രസ്‌ കോണ്‍ഫറന്‍സ്‌, ഹോങ്കോങ്ങില്‍ വച്ചു നടന്ന സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളുടെ `പ്രിന്റഡ്‌ വേര്‍ഡ്‌ ഇന്‍ ഏഷ്യ' കോണ്‍ഫറന്‍സ്‌, 2002-ല്‍ ഡബ്ലിനില്‍ വച്ച്‌ നടന്ന `കത്തോലിക്കാ സഭയില്‍ സ്‌ത്രീകളുടെ പൗരോഹിത്യം' എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ വേള്‍ഡ്‌ കോണ്‍ഫറന്‍സ്‌ എന്നിവയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിട്ടുണ്ട്‌. `സ്‌ത്രീയേ നീ എന്തിനു കരയുന്നു', `ജനനം മുതല്‍ മരണം വരെ' എന്നീ പുസ്‌തകങ്ങള്‍ രചിച്ചത്‌ ആ കാലഘട്ടത്തിലായിരുന്നു.

ഡോ. ജയിംസ്‌ കോട്ടൂരിന്റെ ലേഖനങ്ങള്‍ ഇന്ത്യയിലേയും അമേരിക്കയിലേയും വിവിധ മാധ്യമങ്ങള്‍ ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ മുന്‍കൈ എടുത്താണ്‌ ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. എറണാകുളത്ത്‌ സ്ഥിരതാമസമാക്കിയിട്ടുള്ള ഡോ. കോട്ടൂര്‍ ജൂണ്‍ 7 മുതല്‍ 13 വരെ ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ ഉണ്ടായിരിക്കുന്നതാണ്‌.

സെമിനാറില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: ജേക്കബ്ബ്‌ കല്ലുപുരയ്‌ക്കല്‍ (ബോസ്റ്റണ്‍) 781 864 1391, തോമസ്‌ എം. തോമസ്‌ (ന്യൂജെഴ്‌സി) 201 289 7256, എബ്രഹാം തോമസ്‌ (ന്യൂയോര്‍ക്ക്‌) 718 413 8113, തോമസ്‌ കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്‌) 914 409 5772.

No comments:

Post a Comment