Translate

Saturday, June 23, 2012

ഒരു വിശുദ്ധന്റെ ജീവിതത്തില്‍ നിന്ന്‌

ശ്രീ സെബാസ്ട്യന്‍ വട്ടമറ്റം ചര്‍ച്ചയ്ക്കായി  അയച്ചുതന്ന ഒരു കുറിപ്പ് താഴെ കൊടുക്കുന്നു:

കര്‍ദ്ദിനാള്‍ ലിയോ തന്നോടുകൂടെ ഒരു ദിവസം വസിക്കുവാന്‍ വി.ഫ്രാന്‍സിസിനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. വിശുദ്ധന്‍ സമ്മതിച്ചു. ഒരു വ്യവസ്ഥമാത്രം, തന്റെ ദാരിദ്ര്യവ്ര തത്തിനുചേര്‍ന്നവിധം കൊട്ടാരവളപ്പില്‍ തനിക്കായി ഒരു കുടില്‍ സജ്ജമാക്കണം. കര്‍ദ്ദിനാള്‍ അതു സമ്മതിച്ചു. 
രാത്രിയില്‍ കിടക്കാനൊരുങ്ങുമ്പോള്‍ വിശുദ്ധന്റെ കിടപ്പറയില്‍ ഒരു പിശാചുകയറിവന്ന്‌ വിശുദ്ധനെ പൊതിരെ തല്ലി. അദ്ദേഹത്തിനു കാര്യം പിടികിട്ടി. ദാരിദ്ര്യ വ്രതമെടുത്തിരിക്കുന്ന താന്‍ ഒരു കര്‍ദ്ദിനാളിന്റെ കൊട്ടാരവളപ്പിനുള്ളില്‍ പാര്‍ത്തതിനു ദൈവം തന്റെ പോലീസുകാരനായ പിശാചിനെ വിട്ടു തന്നെ ശിക്ഷിച്ചിരിക്കുന്നു. രാവിലെതന്നെ വി.ഫ്രാന്‍സിസ്‌ കര്‍ദ്ദിനാള്‍ തിരുമേനിയെക്കണ്ടു സംഭവിച്ചതൊക്കെ പറഞ്ഞിട്ടു സ്ഥലംവിട്ടു.

ഫാ. ലിയോ കപ്പൂച്ചിന്‍ എഴുതിയ അസ്സീസിയിലെ വി. ഫ്രാന്‍സിസ്‌ എന്ന പുസ്‌തകത്തിലാണ്‌ ഈ സംഭവം വിവരിക്കുന്നത്‌. ഇന്നത്തെ പശ്ചാത്തലത്തില്‍ ഈ സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങളറിയാന്‍ താല്‍പര്യമുണ്ട്‌.  

2 comments:

  1. ഈ കഥയില്‍ എന്താണ് ചര്‍ച്ച ചെയ്യാന്‍ കിടക്കുന്നത്? ഇങ്ങനെ, വണക്കമാസദൃഷ്ടാന്തങ്ങള്‍ പോലുള്ള എത്രമാത്രം കഥകള്‍ വിശുദ്ധരുടെ ജീവചരിത്രം എഴുതുന്നവര്‍ കുറിച്ചിടാറുണ്ട്. പണ്ട് അതൊക്കെ വിശ്വാസികളില്‍ ദൈവഭക്തിയുണ്ടാക്കാന്‍ വേണ്ടി ചെയ്തിരുന്ന വിദ്യകളാണ്. ഫാ. ലിയോ തന്റെ കാലത്തെ വലിയ ധ്യാനപ്രഭാഷകള്‍ ആയിരുന്നു. കൈയില്‍ തലയോട്ടികളുമായി വിശ്വാസികളെ സിമിത്തേരിയില്‍ വിളിച്ചുകൂട്ടി അദ്ദേഹം നരകഭീതിയും പാശ്ചാത്താപവുമൊക്കെ ജനിപ്പിക്കുമായിരുന്നു. ഇന്നത്തെ ഖാന്‍വട്ടായിസ്റ്റൈല്‍ തന്റെ സ്വന്തം രീതിക്ക് ഫാ. ലിയോയും ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ അന്നും ചില്ലറ താത്ക്കാലിക ഫലങ്ങള്‍ ഉണ്ടായിട്ടും കാണും. പക്ഷേ, ഒന്നുണ്ട് - പണ്ടത്തെ കപ്പുചിന്‍കാര്‍ ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ഇന്ന് പ്രസംഗമേയുള്ളൂ. വി. ഫ്രാന്‍സീസിന്റെ ജീവചരിത്രം ആ ഉള്ക്കരുത്തോടെയാണ് ഫാ. ലിയോ എഴുതിയത്.

    നികോസ് കസാന്ദ്സാകിസിന്റെ God's Pauper എഴുതപ്പെട്ടത് 1962ല്‍ ആണ്. ആ കൃതി വിതറുന്ന ആത്മപ്രഭ വേറൊന്നാണ്. അമിതഭാവനയുടെ സൃഷ്ടികളായ ഐതിഹ്യകഥകള്‍ അദ്ദേഹം വിട്ടുകളയുകയാണ് ചെയ്തത്. മാനുഷിക ബലഹീനതകളെ ആത്മീയതയിലൂടെ ഉയര്‍ത്താനും പ്രകൃതിയുമായി ഒന്നാകാനുമാണ് കസാന്ദ്സാകിസിന്റെ ഫ്രാന്‍സിസ് ശ്രമിക്കുന്നതും വിജയിക്കുന്നതും. ഫ്രാന്‍സിസിന്റെ ഉറ്റ സുഹൃത്തും നിരക്ഷരനും ബലഹീനനും പേടിത്തൊണ്ടനും ആയ ബ്രദര്‍ ലീയോയാണ് അതില്‍ കഥ പറയുന്നത്. ഇരുവരും കൂടി ഈ ലോകത്തിലും അതിലെ സൌന്ദര്യത്തിന്റെ വൈവിധ്യങ്ങളിലും തിരഞ്ഞു നടന്ന് ഒരു സഞ്ചാരിയുടെ ദൈവത്തെ കണ്ടെത്തുകയും ചെയ്യുന്നുണ്ട് എന്നതാണ് ആ കൃതിയുടെ വൈശിഷ്ട്യം.

    ഫാ. ലിയോയുടെ കഥാകഥനം വികാരത്തിലൂടെ ദൈവഭയത്തെ തൊട്ടുണര്‍ത്തി, അനുവാചകരില്‍ ഭക്തിയുണ്ടാക്കാനാണ് നോക്കുന്നത്. അദ്ദേഹം അറുപതുകളുടെ മദ്ധ്യത്തിലാണ് ഈ പുസ്തകമെഴുതുന്നത്. കസാന്ദ്സാകിസിന്റെ കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം കണ്ടിട്ടുണ്ടാവാം. ഏതായാലും ഫാ. ലിയോയുടെ ഈ പുസ്തകത്തിലെ ഈ കഥയെക്കാള്‍ പ്രധാനപ്പെട്ട വേറേ എന്തെല്ലാം കാര്യങ്ങള്‍ അതിന് മുമ്പ് അല്‍മായശബ്ദത്തില്‍ ചര്‍ച്ച ചെയ്യാന്‍ കിടക്കുന്നു!

    ReplyDelete
  2. കപ്പൂച്ചിയന്റെ അര്‍ഥമില്ലാത്ത ഒരു കഥയെന്നു മാത്രമേ തോന്നുന്നുള്ളൂ. വിശുദ്ധ ഫ്രാന്സീസിനെ ശയിത്താന്‍ അല്ല അടിക്കേണ്ടത്. മനുഷ്യന്‍ തന്നെ അയാള്‍ക്കിട്ട്‌ കൊടുക്കണമായിരുന്നു.

    മനോഹരമായ കൊട്ടാരത്തിന്റെ മുമ്പില്‍ ദരിദ്രനെപ്പോലെ കൂടുവെച്ചു താമസിച്ചാല്‍ പുറത്താക്കാണ്ടതല്ലേ? താജ്മഹാളില്‍ ഞാന്‍ പോയിട്ടുണ്ട്. ആ സുന്ദരമായ സൌധത്തിന്റെ സമീപ പ്രദേശങ്ങള്‍ മുഴുവന്‍ ദരിദ്രകോളനികള്‍ ആണ്. ഇങ്ങനെയുള്ള ചുറ്റുപാടില്‍ താജ്മഹാല്‍ സൌന്ദര്യമുള്ളതെന്നു എങ്ങനെ പറയുവാന്‍ സാധിക്കും.

    പണ്ടു കാലങ്ങളില്‍ എറണാകുളം വളരെ പ്രകൃതിഭംഗി നിറഞ്ഞ പട്ടണമായിരുന്നു. ഇന്ന് തമിഴ്നാട്ടിലെ ദരിദ്രകോളനികളാണ് എവിടെയും തമ്പടിച്ചിരിക്കുന്നത്. അവരില്‍ കള്ളന്മാരും കൊള്ളക്കാരുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ എവിടെയെങ്കിലും പട്ടണത്തില്‍ ഇങ്ങനെ ദരിദ്രകോളനികള്‍ ഉണ്ടോയെന്നു നോക്കുക. ഇത്തരം കപ്പൂചിയന്‍ പ്രസംഗങ്ങള്‍ സ്ത്രീകളെ ഇളക്കുവാന്‍ ഉപകരിക്കും.

    ദാരിദ്ര്യം ക്ഷണിച്ചു വരുത്തുവാന്‍ സഭ എന്നും പ്രോത്സാഹനം നല്‍കും. തന്മൂലം കത്തോലിക്കാ രാജ്യങ്ങള്‍ മുഴുവന്‍ ദരിദ്രരാജ്യങ്ങളായി. കത്തോലിക്കര്‍ ഭൂരി പക്ഷമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ മുഴുവനും ദരിദ്രരാജ്യങ്ങളാണ്. ഇങ്ങനെയുള്ള പ്രസംഗങ്ങള്‍ അവസാനിപ്പിച്ചു യുവതലമുറകളെ
    ടെക്കനോളജി യുഗത്തില്‍ ജീവിക്കുന്നതിനു ഉപദേശിക്കുവാന്‍ കപ്പൂചിനോട് പറയൂ!!!

    പീറ്റരിസവും, പൌലനിസവും കാലഹരണപ്പെട്ടതാണ്. ഇന്ന് വേണ്ടത് ഹൈടെക്ക് കമ്പനികളും കേരളത്തിലെ ദരിദ്രകോളനികള്‍ ഇല്ലാതാക്കലും പരിസര ശുദ്ധീകരണവും പരിതസ്ഥിതി മലിനമില്ലാതാക്കലും. വിശുദ്ധ ഫ്രാന്‍സീസ് ചെയ്തതുപോലെ പ്രാഥമിക ആവശ്യങ്ങള്‍ കൊട്ടാരവളപ്പില്‍ ചെയ്യുവാന്‍ അനുവദിക്കരുത്.

    ReplyDelete