ഭ്രൂണഹത്യ: അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങള്‍
ഭ്രൂണഹത്യയെ അനുകൂലിക്കുന്നവര്‍ചിന്തിക്കുന്നത് ഇങ്ങനെ, ഒരുവന്റെ സന്താന
ഉത്ഭാതന കാര്യങ്ങളില്‍ സ്വയം അനിയന്ത്രിതമായി തീരുമാനം എടുക്കുവാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത്
ശരീരത്തിന്റെ വെറും കോശം മാത്രമാണ്. ജീവന്‍ എന്നു ആരംഭിക്കുന്നുവെന്നു
ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. ജീവന്‍ പുരുഷന്റെ ബീജം സ്ത്രീയില്‍
പതിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവന്‍
രൂപാന്തരപ്പെടുന്നത് ആര്‍ക്കും അറിയത്തില്ല. ഉദരത്തിലുള്ള കുഞ്ഞിനു
വലിപ്പമോ, വേദനയോ, സ്വയം ബോധമോ, മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.ഇതു എന്റെ ശരീരമാണ്, എന്റെ ശരീരത്തില്‍ എന്തും ചെയ്യുവാന്‍ അവകാശമുണ്ടെന്നും ഭ്രൂണഹത്യയെ അനുകൂലിക്കുന്നവര്‍ പറയും. ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗര്‍ഭിണിയാവുകയാണെങ്കില്‍ ആ കുഞ്ഞിനെ ഇല്ലാതാക്കുവാന്‍ തങ്ങള്‍ക്കു അവകാശമുണ്ട്. ഒരു കുഞ്ഞു ഗര്‍ഭത്തില്‍ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കില്‍ എന്തിനു ആ കുഞ്ഞിനെ ജീവിതം മുഴുവന്‍ കഷ്ടപ്പെടുത്തണം. കൃഷിഭൂമികള്‍ ആവശ്യത്തിനില്ല. കുടിക്കാന്‍ കുടിവെള്ളം ഇല്ല. എന്തിനു ഇങ്ങനെയുള്ള ഭൂമിയില്‍ ആവശ്യത്തിലധികം ജനിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ ക്ഷണിക്കണം.
ഭ്രൂണഹത്യ: പ്രതികൂലിക്കുന്നവരുടെ പ്രതികരണങ്ങള്‍
മനുഷ്യജീവനെ നിലനിര്‍ത്തേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവര്‍ ചെവി കൊള്ളുകയില്ല.
ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതല്‍ ഹൃദയതുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗര്‍ഭസ്ഥ ശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീ ബീജവും പുരുഷ ബീജവും സംയോജിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു. ഗര്‍ഭസ്ഥശിശുവിനു മനുഷ്യാവയവങ്ങള്‍ പല ഘട്ടങ്ങളില്‍ രൂപാന്തരപ്പെടുന്നു. വേദനകളും ബോധവും പല ഘട്ടങ്ങളില്‍ ആണ് ഗര്‍ഭസ്ഥ ശിശുവില്‍ കാണുന്നത്. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരു വ്യക്തിയും പല ഘട്ടങ്ങളില്‍ ആണ് പൂര്‍ണ്ണനായ മനുഷ്യനും ആകുന്നത്.
നീ ഗര്‍ഭിണിയാകുമ്പോള്‍ മറ്റൊരു ശരീരം നിന്റെ ഉദരത്തില്‍ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാന്‍ നിനക്ക് അവകാശമില്ല. ഉദരത്തില്‍ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാല്‍സംഘം മൂലം കുഞ്ഞുണ്ടായാലും ഉദരത്തില്‍ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കില്‍ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞു ഉണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്.
ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാന്‍ തയ്യാറാകുമോ?. അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാന്‍ നിനക്ക് എന്ത് അവകാശം. ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാന്‍ വെള്ളമോ ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരില്‍ കുഞ്ഞിനെ കൊല്ലണം.
ഒബാമയും ഗര്‍ഭ നിരോധക സുരക്ഷ പദ്ധതികളും
പതിറ്റാണ്ടുകളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഒരു
പ്രശ്നത്തിനു ഐക്യരൂപം നല്‍കുവാന്‍ സാധിച്ചതില്‍ ഒബാമയെ ചരിത്രത്തിന്റെ ഒരു
സുവര്‍ണ്ണ നക്ഷത്രമായി അമേരിക്കയിലെ പ്രമുഖപത്രങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നു.
അമേരിക്കയുടെ ആരോഗ്യ സുരക്ഷപദ്ധതി അനുസരിച്ച് സ്ത്രീകളുടെ ഗര്‍ഭാധാന പ്രതിരോധനത്തിനുള്ള
ചിലവുകള്‍ കത്തോലിക്കാ മതസ്ഥാപനങ്ങള്‍ വഹിക്കേണ്ടതില്ല.
സ്ത്രീകളുടെ അനാവശ്യ ഗര്‍ഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചിലവുകളും അതാതു
സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണം. സഭയുടെ മനസാക്ഷിക്കെതിരാണെന്ന് സഭ
കല്‍പ്പിക്കുന്ന പക്ഷം മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍
ഗര്‍ഭസുരക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള ഈ ചിലവുകള്‍ വഹിക്കേണ്ടത്.
അങ്ങനെ
ഒബാമ ഭരണകൂടത്തിനു സ്ത്രീകളുടെ സ്വന്തം ശരീരത്തിന്റെ അവകാശങ്ങള്‍ക്കും കത്തോലിക്കാ
സഭയുടെ നയങ്ങള്‍ക്കുമിടയില്‍ കണ്ടെത്താത്ത ഒരു കണ്ണി
യോജിപ്പിക്കുവാന്‍സാധിച്ചു.ഇവിടെ സഭയാണോ ഒബാമ ഭരണകൂടമാണോ ശക്തി തെളിയിച്ചതെന്നു
തീരുമാനിക്കേണ്ടത് അമേരിക്കന്‍ പൊതുജനമാണ്.
മതസ്ഥാപനങ്ങളെ ഭീമമായ
ഇന്‍ഷുറന്‍സ് ചിലവുകളില്‍നിന്നും ഒഴിവാക്കിയതുകൊണ്ട് കത്തോലിക്കാസഭയുടെ ഒരു
നേട്ടമെന്നു
പറയാം.ഇതു സ്ത്രീകളുടെ ഒരു വിജയം കൂടിയാണ്. സഭയുടെ എക്കാലത്തെയും
മുന്‍ഗണന എന്നും അത്മീയതെയെക്കാള്‍ പണമാണല്ലോ.
സഭയ്ക്കും യാഥാസ്ഥിതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമിടയിലുള്ള
കാഴ്ചപ്പാടുകള്‍ക്കു ഒരു ഒത്തുതീര്‍പ്പെന്നു ഒബാമയുടെ ഈ പ്രഖ്യാപനത്തെ കരുതാം. ഈ
സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയാണ്.
ചിലവുകള്‍ നികത്തുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയംവര്‍ധിപ്പിച്ചാല്‍ സഭാസ്ഥാപനങ്ങള്‍ക്ക് അധിക ചിലവുകള്‍ വരുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.
അബോര്‍ഷന്‍ ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion
Inducing drug) കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഇന്നു അമേരിക്കയില്‍
ഇരുപത്തിയെട്ടു സംസ്ഥാനങ്ങളില്‍ നിയമപ്രാബല്യത്തില്‍ ഉണ്ട്. ഈ നിയമം
തൊഴില്‍ദാതാവും തൊഴില്‍ചെയ്യുന്നവരും തമ്മിലാണ്. തൊഴില്‍സ്ഥാപനങ്ങളുടെ
മതവിശ്വാസത്തിനുപരി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗര്‍ഭനിരോധക, അബോര്‍ഷന്‍
ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion Inducing drug) മുതലാവകള്‍ക്ക് സൌജന്യ ഇന്‍ഷുറനസ്
കൊടുക്കണമെന്നാണ് വ്യവസ്ഥ. Co-Payment സഹിതം ഇന്നും കത്തോലിക്കാസ്ഥാപനം ഉള്‍പ്പടെ ഈ
നിയമം ഈ രാജ്യത്ത് നിലവിലുണ്ട്.
ഒബാമയും സഭയും തമ്മില്‍ ഇടയുന്നു
അമേരിക്കയിലും കത്തോലിക്കാബിഷപ്പുമാര്‍ ഇറാനിയന്‍ മുള്ളാമാരെക്കാള്‍ തരംതാണവരാണ്. മതാധിപത്യം അമേരിക്കയിലും ഒരു ദു:ഖസത്യം തന്നെ. ഗര്‍ഭധാരണ നിരോധകത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്ക് പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടുശതമാനവും അമേരിക്കര്‍ ഗര്‍ഭധാരണനിരോധക ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേകണക്കു പറയുന്നത്.
ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അദ്ദേഹം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല സമര്‍പ്പിച്ചിട്ടും ബിഷപ്-കര്‍ദ്ദിനാള്‍ അച്ചുതണ്ടുകള്‍ക്ക് തൃപ്തി വരുന്നില്ല. ഒത്തുതീര്‍പ്പ് കല്‍പ്പിച്ചത് ഇങ്ങനെ. കുടുംബാസൂത്രണ നിരോധകങ്ങള്‍ക്ക് ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിതമായി സൌജന്യഇന്‍ഷുറന്‍സ് നല്‍കണം. നിലവില്‍ കോ പെയ്മെന്റ് സഹിതം ഇരുപത്തിഎട്ടു സംസ്ഥാനങ്ങളില്‍ ഈ നിയമം പ്രാബാല്ല്യത്തില്‍ ഉണ്ട്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ഗര്‍ഭനിരോധകമാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാല്‍, സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ ആവശ്യപ്പെട്ടാല്‍ ജോലി ഉടമ സൌജന്യമായ ഈ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ ബാധ്യസ്ഥനാണ്.
ആര്‍ക്കും ഈ സൌജന്യഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലയെന്നും പുരോഹിതര്‍ വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന് പുരോഹിതര്‍ ചിന്തിക്കുന്നില്ല.
അമേരിക്കയുടെ first amendmend ഭരണഘടനയനുസരിച്ച് ഈ നിയമം പ്രായോഗികമാവുമെന്നു തോന്നുന്നില്ല.കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് മാത്രമായ ഒബാമയുടെ ഈ തീരുമാനം അമേരിക്കന്‍ പൌരന്മാരുടെ തുല്ല്യഅവകാശങ്ങളുടെ അതിക്രമിക്കലായി നിയമകോടതികള്‍ കരുതും. ഒരു പ്രത്യേക മതവിഭാഗത്തിനായുള്ള ഈ സൌജന്യത്തിനെതിരായി സാമ്പത്തികഭാരം വഹിക്കുന്ന ഇന്‍ഷുറന്‍സ്കമ്പനികള്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നുറപ്പാണ്. ഒരു ജോലിക്കാരനും മതത്തിന്റെ പേരില്‍ വിവേചനം പാടില്ലാന്നുള്ള നിയമം നിലനില്‍ക്കെ അവിടെ ഒബാമ യാഥാസ്ഥിതികരായ കത്തോലിക്കരുടെയിടയില്‍ ഒരു പുകമറ സൃഷ്ടിച്ചുവെന്നുമാത്രം.
ഗര്‍ഭനിരോധകങ്ങള്‍, അവിഹിതഗര്‍ഭങ്ങള്‍, അലസിപ്പിക്കല്‍, പ്രസവങ്ങളെക്കാള്‍ ലാഭമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കു കൂട്ടുന്നത്.
ദാരിദ്ര്യത്തിനെതിരെ പൊരുതുവാന്‍ വത്തിക്കാനു സമയമില്ല. ജനോപകാരപ്രദമായ ഒബാമയുടെ ആരോഗ്യ സുരക്ഷാപദ്ധതികളെ തകര്‍ക്കുവാന്‍ രണ്ടും കല്‍പ്പിച്ചു അമേരിക്കയിലെ പുരോഹിത ലോകം ഇറങ്ങിയിരിക്കുകയാണ്. അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ ജനമുണ്ടോ ഇവരെ ശ്രവിക്കുന്നു. തോന്ന്യാസങ്ങള്‍ കളിച്ചു ഇവര്‍ക്കായി പൊരുതുവാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വിശ്വാസികളില്ലെന്നായി.
സന്താന ഉത്ഭാതനം: ആലഞ്ചേരിയുടെ ആഹ്വാനം
കര്‍ദിനാള്‍ ആലഞ്ചേരി അടുത്ത കാലത്ത് അംഗസംഖ്യ കൂടുതലുള്ള
കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരു വാര്‍ത്ത ആയിരുന്നു.
കൂടുതല്‍ സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ
വിചിത്രമായിരിക്കുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിന് കടല്‍ത്തരിപോലെ
മക്കളുണ്ടാകാന്‍ കൊടുത്ത അതേ വരം സീറോ മലബാര്‍ രാജകുമാരന്‍ ആയ
ആലഞ്ചേരിതിരുമേനിക്കും കൈമാറിയോ?ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടില്‍ കൃഷിഭുമിയില്‍ പണിയുവാന്‍ കൂടുതല്‍ മക്കളെ മാതാപിതാകള്‍ക്ക് ആവശ്യമായിരുന്നു. അന്ന് സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവര്‍ വളരെ വിരളം മാത്രം. ജനം മെത്രാന്മാരുടെ രാജവിളംബരം കയ്യുംകെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു.
ജനസംഖ്യ കൂടിയാല്‍ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതല്‍ വൈദികരെ സൃഷ്ടിച്ചു അവരെ ഷന്ധന്മാരാകുകയും ചെയ്യാം. എങ്കിലേ അവരുടെ മെത്രാന്‍ വടിയും തൊപ്പിയും മോതിരവും
പൊതുജനം ബഹുമാനിക്കുകയുള്ളൂ.
ലൈഗികസംഭോഗങ്ങളും മോഹങ്ങളും സന്താനഉത്ഭാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധര്‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത എന്നുള്ളത്
സന്താന ഉത്ഭാദനത്തിനു മാത്രമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ലൈഗികമോഹങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാര്‍പാപ്പാമാര്‍ ചാക്രികലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്.
നോക്കണേ പ്രണയിനിയോട് അനുരാഗപ്രേമത്തിലുള്ള ആനന്ദനിമിഷങ്ങള്‍ അസാന്മാര്‍ഗികമാണുപോലും.