പ്രിയപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ്,
അങ്ങയുടെ ഈ ജൂണ്‍ 3-ാം തീയതിയിലെ ഇടയലേഖനത്തിന്റെ ചില ഭാഗങ്ങള്‍ പത്രങ്ങളില്‍ കാണുകയുണ്ടായി. അതിലെ ഒരു ഭാഗം എന്നെ വളരെ ആകര്‍ഷിച്ചു. അത് ''വിശ്വാസത്തെ വ്യക്തിപരമായ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. തിരുവചനങ്ങള്‍ക്ക് സഭ നല്‍കുന്ന ആധികാരികമായ വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കാതെ സഭാ ജീവിതത്തില്‍ നിന്ന് അകന്നു പോകുന്നവര്‍ ഏറെയുണ്ട്. ഈ സാഹചര്യത്തില്‍ വിശ്വാസപരിശീലനം പ്രധാനപ്പെട്ടതാണ്'' എന്ന ഭാഗമാണത്.
കത്തോലിക്കാസഭ പല കാര്യങ്ങളിലും മുമ്പും ആധികാരികമായ വ്യാഖ്യാനങ്ങള്‍ നല്‍കിയതായി അറിയാം. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും അങ്ങിനെ അല്ല എന്നു പറഞ്ഞ കോപ്പര്‍നിക്കസ്സും ഗലീലിയോയും സഭാ നിന്ദയാണ് ചെയ്യുന്നതെന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ക്കും മറ്റു മതസ്ഥരെ കൂട്ടക്കൊല ചെയ്യുവാനും സഭ ആഹ്വാനം ചെയ്തിട്ടുണ്ട്. പിന്നീട് ശാസ്ത്രം പുരോഗമിക്കുകയും മനുഷ്യര്‍ വിദ്യാഭ്യാസം നേടുകയും ചെയ്തപ്പോള്‍ യാതൊരു മടിയും കൂടാതെ അന്നു ചെയ്തതെല്ലാം തെറ്റായിരുന്നു എന്നും ക്ഷമ ചോദിക്കുന്നു എന്നും സഭാ നേതാവായ പോപ്പ് പറയുന്നതു കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇടയലേഖനങ്ങളും പള്ളി പ്രസംഗങ്ങളും കേള്‍ക്കുവാന്‍ മാത്രമാണ് അത്മായന്റെ വിധി. അതിലെ തെറ്റുകളും വിഢിത്തങ്ങളും ചൂണ്ടിക്കാണിക്കുവാനോ സംശയങ്ങള്‍ തീര്‍ക്കുവാനോ അവസരമില്ല. അനുവദിക്കുകയുമില്ല. 2000-ാം വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ പുരോഹിതപ്രമാണിമാരുടെ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനാണല്ലോ യേശുവിനെ പീഡനങ്ങള്‍ക്ക് വിധേയനാക്കിയത്. ഇതൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അങ്ങേയ്ക്ക് ന്യായീകരിക്കാന്‍ സാധിച്ചേക്കാം.
ഇപ്പോള്‍ സഭയിലെ കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെ പല മെത്രാന്മാരും സഭ തന്നെ നിരോധിച്ച അധോലോക സംഘടനയായ ഫ്രീമേസനില്‍ (Freemason) അംഗങ്ങളാണെന്നും വായിക്കുവാന്‍ ഇടയായിട്ടുണ്ട്. അവര്‍ക്ക് വത്തിക്കാനിലും മാര്‍പാപ്പയുടെ പക്കലും കാര്യമായ സ്വാധീനം ഉണ്ടെന്നും. അതുപോലെ സഭയെ പിന്തുണക്കുന്ന മറ്റൊരു അധോലോക സംഘടനയായ, പഴയ inquisition -ന്റെ പിന്‍തലമുറക്കാരായ 'ഓപുസ് ദേയി' (Opus Dei) യുടെ സ്ഥാപകനെ ഇതിനു
മുമ്പത്തെ ഒരു മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച കാര്യം മാധ്യമങ്ങളില്‍
നിന്ന് അറിയുവാന്‍ കഴിഞ്ഞു. വത്തിക്കാന്‍ ബാങ്കിന്റെ അധോലോക ഇടപാടുകള്‍
മിക്കവാറും നിത്യവാര്‍ത്തകളാണല്ലോ? ഇങ്ങനെയുള്ള സഭയുടെ ആധികാരികമായ
വ്യാഖ്യാനങ്ങള്‍ ക്രിസ്തുവിന്റെ അനുയായികള്‍ എങ്ങിനെയാണ് കണ്ണുമടച്ച്
വിശ്വസിക്കുന്നത്. കുറച്ചുനാള്‍ കഴിയുമ്പോള്‍ പല വ്യാഖ്യാനങ്ങളും
തെറ്റായിരുന്നു എന്നു സമ്മതിക്കുകയും ക്ഷമചോദിക്കുകയും ചെയ്താലും ഇപ്പോള്‍
തെറ്റിദ്ധരിപ്പിക്കപ്പെടുകയും കാലയവനികക്കു പിറകില്‍ പോകുകയും ചെയ്തവരെ
എങ്ങിനെ ബോദ്ധ്യപ്പെടുത്താനാകും.
ഞങ്ങളുടെ വിനീതമായ അഭിപ്രായത്തില്‍ നസ്രായനായ യേശുവിന്റെ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത് ധ്യാനത്തിലൂടെ അനുഭവിച്ചറിഞ്ഞതിനു ശേഷമായിരിക്കണം. മെത്രാന്മാര്‍ ഏകാന്ത ധ്യാനത്തിനായി ആശ്രമങ്ങള്‍ സ്ഥാപിക്കുകയാണ്, കച്ചവട മനസ്ഥിതിയോടെ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും വിശുദ്ധരെ പ്രഖ്യാപിക്കുകയും ചെയ്യുന്നതിനെക്കാള്‍ അഭികാമ്യമായിട്ടുള്ളത്. യേശുവിനെ ഇഷ്ടപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വചനങ്ങള്‍ വായിക്കുകയും ധ്യാനമാര്‍ഗ്ഗത്തിലൂടെ അത് ബോദ്ധ്യപ്പെടുകയും ചെയ്യുന്നത് സഭയ്ക്ക് നേട്ടമേ ഉണ്ടാക്കുകയുള്ളൂ.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ച് രഹസ്യത്തില്‍ നിങ്ങളെ കാണുന്ന പിതാവിനോട് പ്രാര്‍ത്ഥിക്കുവാനും പിതാവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നുമാണല്ലോ യേശുനാഥന്‍ പഠിപ്പിച്ചത്. ഒരു പുണ്യവാന്റെയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുവാനും യേശുനാഥനോ സുവിശേഷകരോ ലേഖനകര്‍ത്താക്കളോ പറഞ്ഞിട്ടില്ലല്ലോ.
ആയതിനാല്‍ യേശുവിന്റെ വചനങ്ങള്‍ ശരിയായി പഠിക്കുകയും അതനുസരിച്ച് ധ്യാനജീവിതം നയിക്കുവാനും സ്വയം കണ്ടെത്തലുകളില്‍ കൂടി ആത്മീയ പുരോഗതി നേടുവാനും സഭാംഗങ്ങളെ അങ്ങ് പ്രോത്സാഹിപ്പിക്കുമെന്നും വിശ്വസിക്കട്ടെ. (ഇടയലേഖനം hi-tech ആയി കാണിച്ചതുപോലെ ചിന്താഗതിയിലും പുരോഗതി ഉണ്ടാകുമല്ലോ?)
യേശുവിന്റെ സമാധാനം നാമെല്ലാവര്‍ക്കും എന്നും ഉണ്ടാകട്ടെ.
തോമസ് തെങ്ങുംപള്ളി
പാലാ
06.06.2012
NB
മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തില്‍ ഇടപ്പള്ളി പള്ളിയിലെ കോഴി നേര്‍ച്ച നിര്‍ത്തുവാനും റോഡു ബ്ലോക്കാക്കിയുള്ള പ്രദഷിണങ്ങള്‍ ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിട്ട് ഇവിടുത്തെ വൈദികരോ മെത്രാന്മാരോ അനുസരിച്ചില്ലെന്നും അവര്‍ക്കെതിരെ നടപടികളൊന്നും ഇല്ലെന്നും അറിയുന്നു.
സഭാധികാരികളുടെ പ്രഖ്യാപനങ്ങളും ആഹ്വാനങ്ങളും ഇങ്ങനെയുള്ള വനരോദനങ്ങളാണെന്നതിനെപ്പറ്റി വിശ്വാസികള്‍ക്കല്ലാം നല്ല ബോധ്യമുണ്ട്. വിശ്വാസികള്‍ പ്രകടിപ്പിക്കാറുള്ള ഏറാന്‍മൂളി നിലപാടു പാടേ ഇല്ലാതാകുന്നത് നിങ്ങള്‍ക്കും അവര്‍ക്കും നന്മയേ ഉളവാക്കൂ എന്നാണ് എന്റെ അഭിപ്രായം.
ഇതില്‍ പരാമര്ശിച്ചിരിക്കുന്ന ജൂണ്‍ മൂന്നാം തിയതിയിലെ ഇടയലേഖനം ഓണ്ലൈന്‍ വഴി ലഭ്യമാണെങ്കില്‍, അതിന്റെ ലിങ്ക് ആരെങ്കിലും ഇവിടെ പോസ്റ്റ് ചെയ്‌താല്‍ നന്നായിരിക്കും. സെര്ച്ച് ചെയ്തു നോക്കിയിട്ട് ലഭിച്ചില്ല.
ReplyDeleteAdministrator