Translate

Friday, June 1, 2012

എന്നെ തേടിയുള്ള യാത്ര

        എന്നെ തേടിയുള്ള  യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. ശ്രി. സാക്  നെടുങ്കനാലിന്റെ  ലേഖന  പരമ്പര  ഒരുപക്ഷേ,  ഇവിടെ തീര്‍ന്നേക്കാം ...... ശരിയായ ഒരു നല്ല  വായനക്കാരന്  ഒരു പരിചിന്തനത്തിനുള്ള   അവസരമാണ്  അദ്ദേഹം ഒരുക്കിയത്.  ഞാന്‍ വെറും ശരീരം മാത്ര മാണെന്ന്  ചിന്തിക്കുന്നവര്‍ക്ക്  ഇത്  അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല . അതില്‍ ആരും വ്യകുലപ്പെട്ടിട്ടും കാര്യമില്ല. മുന്‍ കാലടി ശങ്കരാചാര്യ  യുനിവേഴ്സിറ്റി  വൈസ് ചാന്സലരും, ഇപ്പോള്‍ PSC ചെയര്‍മാനും ആയ ഡോ. K S രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താല്‍, 'നീ ശരീരംമാത്രമാണോ? അല്ല മനസ്സും കൂടിയാണ്. നീ മനസ്സ് മാത്രമാണോ? അല്ല ആത്മാവും കൂടിയാണ്. നീ ആത്മാവ്‌ മാത്രമാണോ? അല്ല  ആനന്ദവും ആണ്.'  
                ഇന്ന്  മനുഷ്യന്‍ പൊതുവേ മതത്തിന്റെ അംശങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ദേവാലയത്തിന്റെ  ആനവാതിലില്‍ കൂടിയല്ലാതെ  പ്രപഞ്ചത്തിലേക്ക് കടന്നുവരുന്ന ഒരു ദൈവത്തെ സങ്കല്‍പ്പിക്കാനേ അവനു കഴിയുന്നില്ല. തൂണിലും തുരുമ്പിലും ദൈവമാണ് ഉള്ളത് എന്ന്  ഒരു മനോസുഖത്തിനു പ്രസംഗിക്കുന്ന ദൈവത്തിന്റെ അംബാസഡര്‍മാര്‍  കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് പറയാതെ വയ്യ. ജിവിതത്തിന്റെ ലക്‌ഷ്യം ശരിയായ അവ ബോധത്തില്‍ ആയിരുന്നുകൊണ്ട്  സ്വന്തം സത്തയെ തേടിയുള്ള യാത്രയും അത് ആയി ത്തിരാനുള്ള  ശ്രമവുമാണ്.  ഒറ്റയ്ക്ക് ചെയ്യേണ്ട ഈ തീര്‍ഥാടനം വിജയകരമാക്കാന്‍ സ്വയം പരിശിലിക്കേണ്ടിയിരിക്കുന്നു.   ആ വസ്തുത   വളരെ ലളിതമായി പറഞ്ഞു തന്ന സാക്കിനു അഭിനന്ദനങ്ങള്‍. അനേകം ഗ്രന്ഥങ്ങളുടെ ചുരുക്കമാണ് അദ്ദേഹം ഇത്ര മനോഹരമായി പറഞ്ഞുവെച്ചത്‌. ഇത് നിരവധി മൂല പ്രഭാഷണങ്ങളുടെ ചുരുക്കവും ആയിരിക്കണം. ശ്രി സാക്കിനെ ഒരു എഴുത്തുകാരനായി ഞാന്‍ കാണുന്നില്ല. അദ്ദേഹം വിപ്ലവാത്മകമായ പരിവര്‍ത്തനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന  ഒരു അസാധാരണ വ്യക്തിത്വം ആയി ഞാന്‍ കാണുന്നു. പെരിങ്ങുളത്തിന്റെ ചുവരുകള്‍ക്ക്  ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറം, അഹത്തിന്റെ മര്‍മ്മങ്ങള്‍ അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം എവിടുത്തു കാരനാണെന്നു ചോദിച്ചാല്‍, ഭാരതീയനാണെന്ന്  മാത്രമേ   എനിക്ക് പറയാന്‍ സാധിക്കൂ.  അദ്ദേഹം ആരാണെന്ന്  ചോദിച്ചാല്‍ നമ്മുടെ ഭാഷയില്‍  ഒരു മരമണ്ടന്‍ ആണെന്നും  പറയാതെ വയ്യ.  അല്ലായെന്ന് വാദിക്കാന്‍ അദ്ദേഹം മരിച്ചിട്ടില്ലല്ലോ അല്ലെ? 
ജോസഫ് മറ്റപ്പള്ളി 
znperingulam.blogspot.com എന്ന  ബ്ലോഗില്‍നിന്നുള്ള അവസാന പോസ്റ്റ്‌ ആണു താഴെ കൊടുക്കുന്നത് 
'ഞാന്‍' ഗീതയില്‍ 
           എന്നെ  തേടിയുള്ള യാത്ര വളരെ ദുര്‍ഘടമാണ്, അതുകൊണ്ട്  തത്സ്വരൂപം (ആദിയും അന്ത്യവുമില്ലാത്ത ഏക അസ്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്  എന്റെ സ്വത്വം എന്ന സത്യം) കണ്ടെത്തുന്നവര്‍  തുശ്ചമെന്നല്ല, തീരെ വിരളമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം, ഈ ലേഖനത്തില്‍ അന്യത്ര പറഞ്ഞമാതിരി, ജീവിതവ്യാപാരങ്ങളിലെല്ലാം,  "ഇതു 'ഞാന്‍' അല്ല, അതും 'ഞാന്‍' അല്ല" എന്നു നിഷേധിച്ചു് നിഷേധിച്ചു്, ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ എന്തോ, അതാകുന്നു ‘ഞാന്‍’. ഈ അറിവിനെയാണ് ആദ്ധ്യാത്മവിദ്യ എന്ന് ഗീതയില്‍ പറയുന്നത്. അതനുസരിച്ച് മനുഷ്യരില്‍ രണ്ട് 'ഞാനുകള്‍ ' ഉണ്ട്. ഒന്ന് ഇന്ദ്രിയമനോബുദ്ധികളുടെ ഉത്പന്നമായ 'ഞാന്‍'. മറ്റേത് പരമാത്മസ്വരൂപമായ 'ഞാന്‍'. ആദ്യത്തെത്  പ്രാപഞ്ചിക ഞാന്‍ ആണ്. അതാണ്‌  സംസാരദുഖങ്ങള്‍ക്ക്  കാരണ മാകുന്നത്. എന്നാല്‍ , അതിനെ ഉപയോഗിച്ചുവേണം രണ്ടാമത്തേതിലേയ്ക്കുള്ള വഴിയി ലെത്താന്‍. ഇവ രണ്ടിന്റെയും ലയനത്തെയാണ് ഉപനിഷത്തുകള്‍ മുക്തി എന്ന് വിളിക്കുന്നത്‌.
          ഗീതയുടെ പാഠങ്ങള്‍ വളരെ ലളിതവും അതേ സമയം അത്യഗാധവുമാണ്. വെറും വായനകൊണ്ട്‌ ആരും അതിന്റെയാഴം അറിയുകയില്ല. അതുകൊണ്ടാണ്  എണ്ണമറ്റ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ സി. രാധാകൃഷ്ണന്‍ എഴുതിയ ഗീതാദര്‍ശനം (ഹൈടെക് ബുക്സ്, കൊച്ചി, 2011) അത്യുത്തമവും സാധാരണക്കാരന് പോലും വായിച്ചു മനസ്സിലാക്കാവുന്നതുമാണ്. ഇത്രയും നല്ലയൊരു കൃതി അടുത്ത കാലത്തെങ്ങും എന്റെ കൈയില്‍ വന്നുപെട്ടിട്ടില്ല. എങ്ങുമെന്നുമുള്ള മനുഷ്യജീവിതത്തിനുള്ള കൈപ്പുസ്തകമായി ആര്‍ക്കും ഗീതയെ അടുത്തറിയാന്‍ വേണ്ടി ഗ്രന്ഥകര്‍ത്താവ്  ഇതില്‍ നടത്തിയിരിക്കുന്നത്  അപാരമായ അധ്യയനമാണ്. 
            വേദാന്തമാണ്  ഗീത അവതരിപ്പിക്കുന്ന ദര്‍ശനം. വേദാന്തസാരം നാല് ലളിതമായ ചോദ്യോത്തരങ്ങളില്‍ ഒതുക്കാമെന്ന്  ശ്രീ രാധാകൃഷ്ണന്‍. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: ഇത്രയും വലുതും സങ്കീര്‍ണ്ണവും എന്നും മാറിക്കൊണ്ടേ ഇരിക്കുന്നതുമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരിക്കലും മാറാത്ത ഒരു അധിഷ്ഠാനശക്തി ഉണ്ടെന്ന് കരുതുന്നതല്ലേ യുക്തി? അതേ എന്നേ സാമാന്യബുദ്ധിക്ക് പറയാനാവൂ. രണ്ട്: ആ ശക്തി എങ്ങാണ്ടോ ഇരിക്കുന്നുവെന്നോ, അതോ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടത്?  സര്‍വ്വവ്യാപി എന്ന് തന്നെ പറയേണ്ടി വരും. മൂന്ന്: അപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമായ നാമും അതില്‍ത്തന്നെയല്ലേ നിലനില്‍ക്കുന്നത്? വീണ്ടും അതേ എന്ന് സമ്മതിക്കേണ്ടി യിരിക്കുന്നു. നാല്: എങ്കില്‍ , നമ്മില്‍ ബാക്കിയുള്ളതൊക്കെ (ശരീര-മനോ-ബുദ്ധികള്‍ ) നശിക്കുമെന്നിരിക്കെ, നാശരഹിതമായ യഥാര്‍ത്ഥ നാം അതുതന്നെയല്ലേ? അത് മാത്രമല്ലേ? ഇവിടെയും അതേ എന്നറിയുന്നതോടെ, വേദാന്തത്തിന്റെ കാതലായ "അത് നീയാണ്" എന്നിടത്തു നാം എത്തുന്നു. ഒരു പടി കൂടിയേ വേണ്ടു, എന്റെ ആത്മാവിന് (ഇക്കാണായ ഞാനല്ല) 'അയമാത്മാ ബ്രഹ്മ' എന്ന അവബോധത്തിലെത്താന്‍.   നേരത്തേ സൂചിപ്പിച്ച  രണ്ട് 'ഞാനുകള്‍ ' തമ്മിലുള്ള, അപ്പുറത്തെ കാണാനാവാത്ത, അവ്യക്തതയുടെ മതിലാണ്  മായ.  ഈ ലോകത്തെയോ അതിലെ ജീവിതത്തെയോ നിഷേധിക്കാതെ തന്നെ എന്ന് മാത്രമല്ല, അവയെ ആത്മസാക്ഷാത്ക്കാരത്തിന്  ഉപാധി യാക്കിക്കൊണ്ടുതന്നെ,  ഈ മതിലിനെ മറികടക്കുക എന്നതാണ്  ആത്മവിദ്യയുടെ സാരം. ആപേക്ഷിക സത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള വിവേകമാണത്. ഗീതയുടെ ദൃഷ്ടിയില്‍ ഭൌതികമെന്നും ആത്മികമെന്നും രണ്ട് ലോകങ്ങളില്ല; ഒരേയൊരു ലോകമെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് 'ഞാന്‍ അതാകുന്നു' എന്ന അവബോധം.      
സമയബദ്ധനായ ഞാന്‍
          'അതല്ല  ഞാന്‍' എന്ന്  പറയാവുന്നതെല്ലാം സ്ഥലകാലങ്ങളുടെ (space and time) നിമ്മിതികളാണ്. വാസ്തവത്തില്‍ ക്ഷണികമായ നമ്മുടെ ഈ അസ്തിത്വത്തിന്റെ കാതല്‍തന്നെ ഈ രണ്ട് സങ്കല്പ പ്രതിഭാസങ്ങളോടുള്ള നമ്മുടെ അടിമത്തമാണ്‌ . അങ്ങനെ നോക്കുമ്പോള്‍ , സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേ ന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. ഇവയോടൊപ്പം, ഓര്‍മ്മകളുടെ തുടര്‍വിചാരങ്ങളില്‍ നമ്മെ തളച്ചിടുന്ന മനസ്സും ‘ഞാന്‍’ അല്ല എന്ന് നാം നേരത്തേതന്നെ കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ മനസ്സാണ് മേല്‍പ്പറഞ്ഞ ഓരോന്നും വഴി നമ്മെ സ്ഥലകാലങ്ങളുമായി ബന്ധിപ്പിക്കുന്നത്. അതുകൊണ്ടാണ്  മനസ്സിനെ നിര്‍വീര്യമാക്കാതെ പരമമായ മുക്തിയിലേയ്ക്ക്  ഒരാളും എത്തുകയില്ലെന്ന്  ജെ. കൃഷ്ണമൂര്‍ത്തിയും ഓഷോയും നിസര്‍ഗദത്ത മഹാരാജയും അതുപോലെ മറ്റ്  ജ്ഞാനികളും  നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നത്  . 
           സമയത്തിന്റെ അഴിയറയിലേയ്ക്കാണ് ഓരോ അമ്മയും തന്റെ കുഞ്ഞുങ്ങളെ പെറ്റിടുന്നത്. ഞാന്‍ ജനിക്കുന്ന നിമിഷം മുതല്‍ എന്നെ ബാധിക്കുന്ന കണക്കുകൂട്ടലുകളെല്ലാം സമയബന്ധിതങ്ങളാണ്. പതിയെ ദിനംപ്രതി വളരുന്ന എന്റെ ശരീരം, അതിന് ഇടമുണ്ടാക്കുന്ന എന്റെ കുടുംബം, ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ , എനിക്ക് കിട്ടുന്ന വിദ്യാഭ്യാസം, ഞാന്‍ ചെയ്യുന്ന  ജോലി, ഉണ്ടാക്കുന്ന സമ്പത്ത്, ആര്‍ജ്ജിക്കുന്ന ബഹുമതികള്‍ , എന്ന് വേണ്ടാ, ഇത്തരം നൂറു കൂട്ടം വിശേഷണങ്ങളുടെ, അല്ലെങ്കില്‍ അടയാളങ്ങളുടെ ആകെത്തുകയായി മാറുന്നു, ഞാന്‍. സമയം നെയ്തുണ്ടാക്കുന്ന ഈ വലിയ വലയില്‍ എന്റെ സത്യസ്വരൂപം ഞെരുക്ക പ്പെടുകയാണെന്നറിയാതെ, ഈ അടയാളങ്ങള്‍ക്ക് ഞാന്‍ അമിതപ്രാധാന്യം കല്‍പ്പിച്ചു കൊടുക്കുന്ന ഒരു തഴക്കം എനിക്ക് സ്വന്തമായിത്തീരുന്നു. അങ്ങനെ വെറും പൊതിയാടകള്‍ ഞാനാണെന്ന മിഥ്യക്കു ഞാന്‍ അടിമയായിത്തീരുന്നു.
             മനസ്സിന്റെ മേല്‍നോട്ടത്തില്‍ , സമയത്തിനു നാം അടിപ്പെടുന്നതിന് ഒരതിരും ഇല്ലെന്നു ള്ളതാണ്  മനുഷ്യജന്മത്തിന്റെ ദയനീയത. അല്പമെങ്കിലും സത്യസന്ധമായ  ആത്മനിരീക്ഷണം സാധിക്കുന്നവര്‍ക്ക്  നിഷ് പ്രയാസം കണ്ടുപിടിക്കാവുന്ന ഒന്നുണ്ട്: നമ്മുടെ ജീവിത വ്യവഹാരങ്ങളില്‍ തൊണ്ണൂറ്റൊന്‍പത് ദശാംശം ഒന്‍പതും ഞാനല്ലാത്ത കാര്യങ്ങളെ എന്റെ അവിഭാജ്യഘടകമായി കരുതിയാണ് ഞാന്‍ പെരുമാറുന്നത്. എന്റെ സംസാരം, പെരുമാറ്റം, ഉടയാടകള്‍ , ചമയങ്ങള്‍  എന്നിവയിലൂടെ എന്നെ എങ്ങനെ ഉള്ളതില്‍ കൂടുതല്‍ പൊലിപ്പിച്ചു കാണിക്കാം, എന്നെപ്പറ്റിയുള്ള അന്യരുടെ അഭിപ്രായം എങ്ങനെ മെച്ചപ്പെടുത്താം, ഞാന്‍ പോലും ഉണ്ടെന്ന് കരുതാത്ത ആന്തരികവും ബാഹ്യവുമായ ഗുണങ്ങള്‍ എനിക്കുണ്ടെന്ന് എങ്ങനെ അന്യരെ തെറ്റിധരിപ്പിക്കാം തുടങ്ങിയ പരോക്ഷവും അറു പൊള്ളയുമായ ലക്ഷ്യസാദ്ധ്യത്തിനുള്ള സൂത്രധാരണത്തിലാണ് എപ്പോഴും മനസ്സിന്റെ വ്യാപനം. ഇവയും മുകളില്‍ എണ്ണിപ്പറഞ്ഞ ജന്മാടയാളങ്ങളും കൂടിച്ചേര്‍ന്ന്  മെനഞ്ഞുണ്ടാക്കുന്ന വ്യാജന്  -  അഹംഭാവത്തിന്   -  സര്‍വ്വാസ്തിത്വത്തില്‍ ഭാഗഭാക്കായ എന്റെ തത്സ്വരൂപത്തോട്  ഒരു തരിപോലും സാമ്യമില്ല. ഈ സത്യം ഗ്രഹിക്കുമ്പോള്‍ മാത്രമേ സത്യത്തിലുള്ള  സ്വരൂപ ദര്‍ശനമുണ്ടാകൂ എന്ന്  രമണമഹര്‍ഷിയെപ്പോലുള്ള ജ്ഞാനികള്‍ കട്ടായം പറഞ്ഞിട്ടുണ്ട്. വേദാന്തകൃതികളില്‍ ആവര്‍ത്തിച്ചുപയോഗിക്കാറുള്ള  കയറിന്റെയും പാമ്പിന്റെയും ഉപമയെടുത്താല്‍ , കയര്‍ പാമ്പാണെന്നുള്ള തെറ്റിധാരണ നീങ്ങാതെ കയര്‍ കയര്‍ തന്നെ യാണെന്നുള്ള ബോദ്ധ്യം ഉണ്ടാകാത്തതുപോലെ, കല്പിതമായ അഹംബോധം നശിച്ചാലല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനം ഉണ്ടാവില്ല. 
മനസ്സിനെ മനസ്സിലാക്കുക 
             അധിഷ്ഠാനമായ സ്വരൂപദര്‍ശനം ഉണ്ടാവാന്‍ എന്താണ്  അന്വേഷി ചെയ്യേണ്ടത്? ഇത്രമാത്രം -  എന്റെ നിര്‍വ്യാജസത്തക്ക്  ഉതകാത്ത സകല അറിവിനും എനിക്ക് ചേരാത്ത സകല പ്രവൃത്തികള്‍ക്കും കാരണമാകുന്ന  മനസ്സിനെ അടക്കുക എന്നതാണ്  അത്. ആദ്യം മനസ്സ്  എന്താണെന്നറിയണം. സ്വരൂപദര്‍ശനത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിച്ചുകൊണ്ടി രിക്കുന്ന ഈ മനസ്സ്  ഒരു വസ്തുവാണോ? അതിനൊരു രൂപമുണ്ടോ? സമയമെന്താണെന്നു വിവരിക്കാമോ എന്ന ചോദ്യത്തിന്  സെന്‍റഗസ്റ്റിന്‍ പറഞ്ഞത്  സമയത്തെ സൃഷ്ടിക്കുന്ന  മനസ്സിനെപ്പറ്റിയും തുലോം ശരിയാണ്. "അതെന്താണെന്ന്  എനിക്കറിയാം, പക്ഷേ, അതെ ന്താണെന്ന്  പറയാന്‍ എനിക്കാവുന്നില്ല."  മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശ യശക്തിയാണെന്ന്  പറയാം. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. എന്നാല്‍ , വിചാരങ്ങളെല്ല‍ാം നീക്കിനോക്കിയാല്‍ മനസ്സ്  എന്ന്  പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ലതാനും. അതുകൊണ്ട്  മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. ഓര്‍മ്മകളിലാണ്  മനസ്സിന്റെ അസ്തിത്വം. ഓര്‍മ്മ നശിക്കുന്നിടത്തു പിന്നെ മനസ്സില്ല. മനസ്സില്ലാത്തിടത്ത് ജഗത്തുമില്ല. കാരണം, സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. നല്ല  ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റ് വീണ്ടും അതു തന്നില്‍ പ്രതി സംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു എന്ന് രമണമഹര്‍ഷി ഒരുപമ പറഞ്ഞിട്ടുണ്ട്.  (ഞാന്‍ ആരാണ് ? – രമണമഹര്‍ഷി)
            കുറേക്കൂടി വ്യക്തമായ ഭാഷയില്‍ , സി. രാധാകൃഷ്ണന്‍ മനസ്സിനെ ഇങ്ങനെ വിവരി ക്കുന്നു. "സുഖദു:ഖങ്ങളുടെ മുന്നനുഭവങ്ങള്‍ വാസനകളായി മനസ്സില്‍ ശേഷിക്കുന്നു. അവയില്‍നിന്ന് മുളയ്ക്കുന്ന കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് സങ്കല്‍പ്പങ്ങള്‍ . സങ്കല്പ ങ്ങളില്‍നിന്ന് വികാരങ്ങളും വികാരങ്ങളില്‍ നിന്ന്  ആഗ്രഹങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ ചിന്തകളായി രൂപാന്തരപ്പെടുന്നു. ഈ വക ചിന്തകളാണ്  കാമ്യകര്‍മ്മങ്ങളായിത്തീരുന്നത്.  ഈ കര്‍മ്മങ്ങള്‍ സ്വാര്‍ത്ഥത്തില്‍ അധിഷ്ഠിതവും കടപ്പാടുകള്‍ ഇല്ലാത്തവയുമാണ്. ഇത്തരം കര്‍മ്മങ്ങളുടെ ഫലങ്ങളുമായി  ബന്ധപ്പെട്ടു പുതിയ വാസനകളുടെ വിത്തുകള്‍ ഉണ്ടാകുന്നു. അചിരേണ, ഈ വിത്തുകള്‍ മുളച്ചുണ്ടാകുന്ന കളകള്‍ ആത്മബോധം എന്ന വിളയെ മൂടി മറയ്ക്കുന്നു."  (ഗീതാദര്‍ശനം താ. 38)   
            മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലുംവച്ച്   ആദ്യമുണ്ടാകുന്നത്  ‘ഞാന്‍’ എന്ന വിചാരമാകുന്നു. പ്രാപഞ്ചിക ഞാന്‍ ആണിവിടെ വിവക്ഷ. ഇതുദ്ഭവിച്ചതിന്  ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ബോധം ഉളവായതിന്റെ ശേഷമേ ‘നീ', 'അവന്‍/അവള്‍ ’ മുതലായ വ്യതിരിക്തതകള്‍ ഉണ്ടാകുകയുള്ളൂ. എന്നാല്‍ നവജാതശിശുവിന്റെ കാര്യത്തില്‍ ഞാന്‍ എന്ന ബോധത്തിന് മുമ്പ് തന്നെ നീ (സംരക്ഷ ണത്തിന്റെ സ്നേഹസാന്നിദ്ധ്യമായ അമ്മ) എന്ന ബോധം ഉണ്ടാകുന്നു എന്നത് ഒരപവാദവും സൃഷ്ടിയുടെ അദ്ഭുതവുമാണ് . മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍ഭ്രമവുമില്ല. (ജഗത്  എന്നത്  ഒരു ഭ്രമം മാത്രമാണെന്ന വിചാരം ഏതാനും വരികളില്‍ വിശദമാക്കാനാവില്ല. അവസാനം കൊടുത്തിരിക്കുന്ന ലിങ്ക്  ശ്രദ്ധിക്കുക.) മനസ്സിന്റെ സ്വഭാവത്തെ  നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ , അതിന്റെ സ്വരൂപത്തെക്കുറിച്ച് സ്വയം ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നാല്‍ , ‍ മനസ്സ് ബലഹീനപ്പെട്ട് മൃതപ്രായമായിക്കൊകൊള്ളും. അപ്പോള്‍ സ്വമേധയാ  ആത്മസ്വരൂപം തെളിഞ്ഞുവരും. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കാ വുന്ന ഒരു രൂപം അതിനില്ലല്ലോ. അങ്ങനെയുള്ള  ഈ  മനസ്സിനെ എങ്ങനെ അടക്കാം എന്നതു തന്നെയായിത്തീരണം ശരിയായ എന്നെ തെരയുന്നവന്റെ പരമപ്രധാനമായ  അന്വേഷണം. ‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത എന്റെ യഥാര്‍ത്ഥ എതിരാളിയായ അഹത്തെ ചുറ്റിപ്പറ്റിയുള്ള  മറ്റുചിന്തകളെയെല്ല‍ാം നശിപ്പിച്ച്‌,  ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് ബാക്കിയാവുന്നത്  സ്വരൂപദര്‍ശനമായിരിക്കും.
ധ്യാനം മനസ്സിനെതിരെയുള്ള ആയുധം
             ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായമെന്ത്? മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലും, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍ , മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി ക്ഷയിക്കും. അതോടെ  സാവധാനം എല്ല‍ാം ശിവാത്മകമായിത്തീരും. 
            മനസ്സിനെ നിഗ്രഹിക്കുക എന്ന്  ഗുരുക്കന്മാര്‍ പറയുമ്പോള്‍ , ചിന്തകളുടെ നിരന്തര പ്രയാണത്തെ അടക്കുക എന്നാണര്‍ത്ഥം. മനസ്സിനെ പൂര്‍ണമായും അടക്കുക അസ്സാദ്ധ്യ മാണെന്നു അതിന് ശ്രമിചിട്ടുള്ളവര്‍ക്ക്  പെട്ടെന്ന് ബോദ്ധ്യമാകും. എന്റെ ധാരണയില്‍ , അവരുദ്ദേശിക്കുന്നത് ഇത്രയേയുള്ളൂ - ചെയ്യുന്നത്  എന്തുതന്നെയായാലും ‘ഞാന്‍’, 'എനിക്ക്'  എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. ഓരോ പ്രവൃത്തിയിലും , ഇത് എന്റെ അഹത്തിന്റെ വര്ദ്ധനക്കായിട്ടാണോ അല്ലെയോ എന്നതിനെപ്പറ്റി സത്യസന്ധമായ നിരീക്ഷണം ഉണ്ടായിരിക്കുക എന്നതാണ്  അതിനുള്ള കര്‍മ്മപദ്ധതി. ഈ  അദ്ധ്യാത്മവിചാരമല്ലാതെ മനസ്സടക്കുന്നതിനു വേറെ തക്കതായ ഉപായമൊന്നുമില്ല. പ്രാണായാമം പോലുള്ള  മറ്റുപാ യങ്ങളെക്കൊണ്ട്‌ പിടിച്ചുനിറുത്തിയാലും അല്പനെരത്തേയ്ക്ക്  അടങ്ങിയതുപോലെയിരു ന്നിട്ട്  അത്  വീണ്ടും ഉദിക്കുമെന്നത്  തീര്‍ച്ചയാണ്. പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നിട്ട് , പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. കാരണം, മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം. ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം എന്ന് പറഞ്ഞുവല്ലോ? അതുതന്നെ അഹങ്കാരം. 
            സത്യസന്ധമായി 'എന്നെ' തേടുന്നവര്‍ മനസ്സില്‍ എപ്പോഴെല്ലാം എങ്ങനെയെല്ലാം വിഷയവാസന ഇരിക്കുന്നുവോ ആപ്പോഴെല്ലാം ‘ഞാന്‍ ആരാണ്’ എന്ന വിചാരണ ചെയ്തു കൊണ്ടിരിക്കുക എന്നതാണ്  ധ്യാനം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തര മായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. വിചാരങ്ങള്‍ വന്നുകൊണ്ടി രിക്കേ അപ്പോഴപ്പോള്‍‍ അവയെല്ല‍ാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പി ക്കണം. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോഴെല്ലാം അവരെ തുരത്തിക്കൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും. 
             മനസ്സില്‍ ഒരു ചിത്രവും ഉണ്ടാകരുത് എന്ന് ഇതിനത്ഥമില്ല. ഭാവനയും പ്രതിഭയും കര്മ്മനിര്‍വഹണത്തിന്  അനിവാര്യമാണ്. ചെയ്യേണ്ടവ കൌശലത്തോടെ ചെയ്യാനും ആത്മാവിനെ തെരയാനും അറിയാനും ഇവ രണ്ടും ആവശ്യമാണ്‌. ബാലിശമായ വൈകാരിക സങ്കല്പങ്ങളില്‍ ആയിരിക്കരുത് ഇവയുടെ വേരുകള്‍ എന്നേയുള്ളൂ. ആണോ എന്ന്  പരിശോധിച്ചുകൊണ്ടിരിക്കുന്നതാണ്  ധ്യാനം.     
           ധ്യാനത്തിന്  അനിവാര്യമായ ഘടകമാണ്  മൌനം എന്ന് പറയാറുണ്ടല്ലോ. എന്തുകൊണ്ട് എന്നറിയാന്‍  സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു എന്നോര്‍ത്താല്‍ മതി. അഹന്ത അല്ലെങ്കില്‍ ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥതന്നെയാകുന്നു സ്വരൂപം. യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ആ ഒന്നില്‍ സംഭവിക്കുന്ന  കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും. എല്ലാ കല്പിതങ്ങളും മറഞ്ഞുപോകുന്ന അവസ്ഥയ്ക്കാണ്  മൗനമെന്നു പറയുന്നത്. അവിടെ സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ല‍ാം ശിവരൂപം. 
           ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ച്  യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാണല്ലൊ മുക്തി. മുക്തിയിലേയ്ക്ക് അടുക്കുന്നവന്റെ ചില  ലക്ഷണങ്ങള്‍ കൂടി കുറിച്ചിട്ട് ഈ വിചിന്തനങ്ങള്‍ സമാപിപ്പിക്കാം. മനസ്സ്  സ്വയം തിരിച്ചറിയുമ്പോള്‍ , അല്ലെങ്കില്‍ മനസ്സ്  മേധക്കു വഴങ്ങുമ്പോള്‍ ആനന്ദമാണ്  ഫലം. ഈ ,    ആനന്ദം ഐന്ദ്രികമല്ല, ബൌദ്ധിക മാണ്. തന്നില്‍തന്നെ ഉള്ളതാകയാല്‍ , മറ്റാര്‍ക്കുമതിനെ തരാനോ തടയാനോ ആവില്ല. വായനയി ലൂടെയോ ഗുരുവിലൂടെയോ കൈവന്ന ആത്മജ്ഞാനത്തെ അനുഭവമാക്കി മാറ്റാനുള്ള അനുഗ്രഹം ലഭിച്ചവന്  തന്നെപ്പറ്റിയോ ലോകത്തെപ്പറ്റിയോ സത്യശങ്ക ഉണ്ടാവില്ല. മനാപമാനങ്ങളില്‍ അയാളുടെ ബുദ്ധി പതറില്ല. ഇവ രണ്ടും വെറും തോന്നലുകളാണെന്നും, തന്നെ ബാധിക്കുന്നവയല്ലെന്നും അറിയാനുള്ള വിവേകമാണ്  അതിന് പിന്നിലുള്ളത്. ഇഷ്ടാനിഷ്ടങ്ങളും സുഖദു:ഖങ്ങളും നിരുപദ്രവകരമായ  ഒരു പരിധിക്കപ്പുറത്തേയ്ക്ക്  വളരാന്‍ ഈ വിവേകം അനുവദിക്കില്ല.    
          പല നല്ല കൃതികളും ഒരുമിച്ചിരുന്നു വായിക്കുകയും സംസ്കൃതമുള്‍പ്പെടെയുള്ള ഭാഷകളില്‍ അവഗാഹം നേടാന്‍ സഹകരിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരാത്മസഖി നല്ല ശ്ലോകങ്ങള്‍ മന:പാഠമാക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ പഠിച്ച ഒരു ശ്ലോകം ഇവിടെ ഏറ്റവും ആപ്തമായി ഭവിക്കുന്നു എന്നത് കൃതജ്ഞതയോടെ ഓര്‍ത്തുകൊള്ളട്ടെ.
സര്‍വഭൂതസ്ഥമാത്മാനം
സര്‍വഭൂതാനി ചാത്മനി 
ഈക്ഷതേ യോഗയുക്താത്മാ
സര്‍വത്ര  സമദര്‍ശന:  (ഗീത, 6,1) 
         (അര്‍ത്ഥം: എല്ലാറ്റിലും സമത്വം ദര്‍ശിക്കുന്ന യോഗയുക്തമായ സ്വത്വത്തോടുകൂടിയവന്‍ താന്‍ എല്ലാ ഭൂതങ്ങളിലും ഇരിക്കുന്നതായും അതേസമയം എല്ലാ ഭൂതങ്ങളും തന്നില്‍ ഇരി ക്കുന്നതായും കാണുന്നു.) ഈശാവാസ്യമിദം സര്‍വം എന്നും, മറിച്ചും, ഉള്ളില്‍ ഗ്രഹിച്ചു കഴിഞ്ഞാല്‍ എത്തേണ്ടിടത്തെത്തി എന്ന് സര്‍വ്വശാന്തതയില്‍ സമാശ്വസിക്കാം.        
        എന്നെ തേടിയുള്ള  ഈ യാത്രയില്‍ എന്നോടൊത്ത്‌  ഉണ്ടായിരുന്ന പലര്‍ക്കും തീര്‍ച്ചയായും  ധാരാളം ചോദ്യങ്ങള്‍ ബാക്കി കാണും. അവയില്‍ പലതിനും, ശാസ്ത്ര  വീക്ഷണത്തിലൂടെ, ഭാഗികമായെങ്കിലും ഉത്തരം നല്‍കാനുതകുന്ന ഒരു വീഡിയോ താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമാണ്.    
http://www.youtube.com/watch?v=FEF7T-Yy3kQ&feature=endscreen&NR=1      
(On the mystery of consciousness - Deepak Chopra)
(അവസാനിച്ചു)

12 comments:

  1. ഞാന്‍ ദൈവമെന്നുള്ളതു ഹിന്ദു മതത്തിന്റെ തനതായ തത്വസംഹിതയാണ്. യൂറോപ്യന്മാര്‍ ഞാന്‍ ദൈവത്തെ പരിഹസിക്കും. നശ്വരമല്ലാത്ത ആത്മാവ് നമ്മുടെ ഭൌതിക ശരീരത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ആത്മന്‍. ഈ ആത്മന്‍ ദൈവത്തിന്റെ രൂപമാണ്; പരമാത്മാവാണ്.ശരീരം ദൈവമാണെന്ന് ഒരു പൌരാണിക ഗ്രന്ഥത്തിലുമില്ല.ഞാന്‍ ദൈവമെന്നുള്ള സങ്കല്പം അനേക ഹിന്ദു മന്ത്രങ്ങള്‍ കൊണ്ട് അലംകൃതമാണ്.

    അഹം ബ്രഹ്മാസ്മി,ഞാന്‍ ദൈവമെന്നുള്ള ഉപനിഷത്തിലെ ഒരു മന്ത്രമാണ്. തറ്റ്ത്വം അസി എന്ന് മറ്റൊരു മന്ത്രം. നീ ആയിരിക്കുന്ന അത്. ഞങ്ങള്‍ ആരെയാണോ ബ്രഹ്മന്‍ അഥവാ ദൈവം എന്നു വിളിക്കുന്നത്‌ അതു നീയാണ്.

    അതര്‍വ വേദത്തിലും ഞാന്‍ ദൈവത്തിന്റെ മന്ത്രങ്ങള്‍ ഉണ്ട്. പ്രജനനം, ബ്രഹ്മ,എന്റെ
    ഉപബോധമനസ്സാകുന്നു ബ്രഹ്മം.

    അയം ആത്മ ബ്രഹ്മ,ഞാന്‍ സ്വയം ദൈവമാകുന്നു. (മണ്ടുക്യ ഉപനിഷദ് 1.2, of അതര്‍വ വേദ )

    ഇത് സ്വയം അഹങ്കാരിയുടെ, ഗര്‍വ്വ്‌ ഉള്ളവന്റെ ഭാഷയെന്നു ഞാന്‍ ദൈവമെന്നു മനസ്സിലാകാത്തവന്‍ പറയും. എനിക്കും, എന്റെ അനേഷണത്തില്‍ ഒന്നും ലഭിച്ചില്ല. ഞാന്‍ ദൈവമെന്നു ഇപ്പോള്‍ പറഞ്ഞാല്‍ എന്റെ ഈഗോ കൊണ്ട് സാക്കിനെ ഞാനും ഭാരതത്തിലെ അപ്രധാന വ്യക്തിയായ ഒരു മണ്ടന്‍ എന്നു വിളിക്കേണ്ടി വരും.

    എങ്കിലും മനസുകൊണ്ട് സാക്കിനെ എനിക്ക് വളരെയേറെ ഇഷ്ടമാണ്.ഇത്രമാത്രം ഹൃദയ ശുദ്ധിയോടെ എഴുതുവാന്‍ സാധിക്കുന്ന അദ്ദേഹം
    ഒരു മുനികുമാരന്‍ തന്നെയോയെന്നും തോന്നിപോവാറുണ്ട്.
    ഇനി ജോണുമായി ഉടക്കാന്‍ പോവുകയാണ്. എന്തു ചെയ്യാം. ഞങ്ങള്‍ തമ്മില്‍ ജാതകപൊരുത്തമില്ല. യഹൂദന്മാരോട് യേശു ഞാന്‍ ദൈവമെന്നു പറഞ്ഞപ്പോള്‍ അതു ദൈവദൂഷണമായി.

    മനുഷ്യനില്‍നിന്നും മാറി മറ്റൊരു വിശേഷണമായി
    കാണാമറയത്തുള്ള അനന്തശക്തിയേ, ത്രിത്വമായ പിതാവ്, പുത്രന്‍, പരിശുദ്ധ ആത്മാവ് അല്ലെങ്കില്‍ ഒന്നായ മൂന്നായ ശ ക്തിയേ ദൈവമെന്നുള്ളതാണ് ക്രിസ്ത്യന്‍സങ്കല്പം. ഇസ്ലാമിനും യഹൂദര്‍ക്കും യഹോവയും അള്ളായും പരമാത്മാവ്‌.

    ത്രിത്വം എന്തെന്ന് ജീവിതകാലം മുഴുവന്‍ ചിന്തിച്ചിട്ടും മനസിലായിട്ടില്ല. മോശയുടെ ഉടമ്പടികളെ പുതുക്കുന്നതിന് യേശു വന്നെങ്കില്‍ യാഹൂവാ എന്നുള്ള ഏക സങ്കല്പം മാറ്റി യേശു ത്രിത്വം സ്ഥാപിച്ചുവോ എന്നും വ്യക്തമല്ല.

    ക്രിസ്ത്യന്‍ വചനങ്ങളില്‍ മരണമില്ലാത്ത ഒരു ആത്മാവിനെപ്പറ്റി പറഞ്ഞിട്ടില്ല. ഒരാള്‍ ജനിക്കുമ്പോള്‍ ആത്മാവും ജനിക്കുന്നുവെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ആത്മാവ് സ്ഥായിയുമല്ല. നഷ്ടപ്പെടുന്നതും വിധിക്കപ്പെടുന്നതുമാണ്.

    യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ്.ക്രിസ്ത്യാനികള്‍ അങ്ങനെ യേശുവിനെ ദൈവവുമാക്കി. യഹൂദ ജനങ്ങള്‍ യേശുവിനെ മത നിന്ദകനുമാക്കി.മനുഷ്യനായ നീ ദൈവമോ [JOHN 10:33 ].ജനം അദ്ദേഹത്തെ ആക്രമിച്ചു. സാബത്ത് നിയമങ്ങളോ അത്ഭുതങ്ങളോ പ്രവര്‍ത്തിച്ചത് കൊണ്ടായിരുന്നില്ല ജനം യേശുവിനെ ആക്രമിച്ചത്.

    സ്വയം ഞാന്‍ പിതാവായ ദൈവമെന്നു പറഞ്ഞു. ദൈവ പുത്രനെന്നു പറഞ്ഞു. യഹൂദര്‍ക്ക് യേശു പറഞ്ഞ ആ വലിയ തത്വം മനസ്സിലായില്ല. യേശു ആരോടും ഞാന്‍ പരമാത്മാവെന്നു പറഞ്ഞില്ല. യേശു കുരിശില്‍ സാധാരണ മനുഷ്യനെപ്പോലെ മരിച്ചു. ഞാന്‍ പരമാത്മാവിന് തുല്യമെന്നും ഒരിക്കലും പറഞ്ഞില്ല. ഞാന്‍ ദൈവത്തെയാണ് അദ്ദേഹം കണ്ടത്.

    അബ്രാഹാമിന് മുമ്പും ഞാന്‍ ഉണ്ടായിരുന്നു. ദൈവത്തിനു തുല്യമെന്ന് പറഞ്ഞെന്നു യഹൂദര്‍ തെറ്റി ധരിച്ചു. ഞാനും എന്റെ പിതാവും ഒന്നാണ്. [John 10:30 ] തോമസ്‌ സുവിശേഷത്തില്‍ ഇങ്ങനെയുണ്ട്. എന്റെ അധരങ്ങളില്‍ നിന്ന് ആര് ഈ വീഞ്ഞ് കുടിക്കുന്നുവോ അവന്‍ ഞാന്‍ ആകും ഞാന്‍ ആയി ത്തീരും. യേശു പുതിയ ഉടമ്പടി സ്ഥാപിച്ചത് ഇങ്ങനെയാണ് . യേശു ലോകത്തോട്‌ പറയുന്നു ആര് അവനെ പിന്തുടരുന്നുവോ അവനില്‍ യേശു എന്ന സത്ത, ആത്മം രൂപം കൊള്ളും. യേശുവെന്ന ഉപബോധ മനസ് അതായത് യേശുവിനെപ്പോലെ പരിശുദ്ധമായ ഞാന്‍ എന്ന മറ്റൊരു ആത്മം.

    ചരിത്രത്തില്‍ ആത്മത്തെ യേശു തിരിച്ചറിഞ്ഞു.
    ഇങ്ങനെയൊരു ചിന്തനീയമായ ലേഖനം അത്മായ ശബ്ദത്തിനു സമ്മാനിച്ചതിനു സാക്കിനു നന്ദി.

    ReplyDelete
  2. "ഇനി ജോണുമായി ഉടക്കാന്‍ പോവുകയാണ്. എന്തു ചെയ്യാം. ഞങ്ങള്‍ തമ്മില്‍ ജാതകപൊരുത്തമില്ല. യഹൂദന്മാരോട് യേശു ഞാന്‍ ദൈവമെന്നു പറഞ്ഞപ്പോള്‍ അതു ദൈവദൂഷണമായി"(Joseph Wrote)

    ജോസഫ് നമ്മള്‍ തമ്മില്‍ പൊരുത്തം ഇല്ലാന്ന് തോന്നുന്നത് ഒരു മായ ആണ്. നമ്മള്‍ തമ്മില്‍ നല്ല പൊരുത്തം ഉണ്ട്. എന്‍റെ നാള് ചോതി ആണ് എന്നാണു വല്യമ്മ പറഞ്ഞത് .. അവര്‍ക്ക് ചോതിക്കാതെ എന്തും കിട്ടുമത്രേ. തെറിയും കിട്ടും എന്ന് ചുരുക്കം.( എനിക്ക് ജാതകത്തില്‍ വിശ്വാസം ഒട്ടും ഇല്ല കേട്ടോ) നമ്മള്‍ തമ്മിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്.അത് കൊണ്ടാണ് നമ്മള്‍ പൊരുത്തം ഇല്ല എന്ന് തോന്നാന്‍ കാരണം. ഒരു കാര്യത്തിലെ നമ്മള്‍ ഡിസ്എഗ്രീ ചെയ്യുന്നുള്ളൂ. അത് യേശുവിന്റെ കാര്യത്തിലാണ്. അത് ഒരു പൊരുത്തക്കേടല്ല. അതൊരു disagreement ആണ് . മനുഷ്യര്‍ തമ്മില്‍ അങ്ങിനെ ഉള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ അല്ലെ മനുഷ്യന്റെ ചിന്തയെ വളര്‍ത്തിയത്‌. അത് തികച്ചും ക്രിയാല്‍മകം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.തത്വചിന്തകന്‍ ആയ ഹേഗല്‍ പറഞ്ഞപോലെ ആദ്യം തേസിസ്, പിന്നെ ആന്റി തേസിസ്, അവസാനം സിന്തെസിസ് , എന്നവയാണ് യുക്തി ചിന്തയുടെ വിവിധ ഘട്ടങ്ങള്‍. നമ്മള്‍ രണ്ടു പേരും ചില കാര്യങ്ങളില്‍ ആന്റി തേസിസ് ഘട്ടത്തില്‍ ആയിരിക്കാം. അത് ഒരു സിന്തെസിസിലേക്ക് നയിച്ചേക്കാം. പിന്നെ ജോസഫും , സക്കറിയാസും പറയുന്നത് ശരി ആണെങ്കില്‍ ജോസഫും ജോണും എന്നുള്ളത് ഒരു മായ ആണ്. അവര്‍ തമ്മില്‍ പൊരുത്തം ഇല്ല എന്നുള്ളതും ഒരു മായ ആണ്. ജോസഫിലുള്ള പരമാത്മാവ് ജോണിലുള്ള പരമാത്മാവും തമ്മില്‍ ആണ് സംവാദം. അവര്‍ രണ്ടും ഒന്നല്ലേ. പിന്നെ എങ്ങനെ പോരുത്തക്കെടുണ്ടാകും. അവര്‍ ഏകം തത് സത് വിപ്രാവാദന്തി, ഈശാവാസ്യം ഇദം സര്‍വം , അഹം ബ്രഹ്മാസ്മി , തത്വം അസി, സര്‍വം ഖലു ഇദം ബ്രഹ്മം,ആണോര ണിയാന്‍ മഹാതോമാഹിയാന്‍ ആത്മാസ്യ ജന്തോ നിഹിതോ ഗുഹായാം എന്നീ ഉപനിഷദിക് ദര്‍ശനങ്ങള്‍ വച്ചുനോക്കുമ്പോള്‍ ജോണും ജോസഫും എന്ന വ്യതിരക്തത ഇല്ലാതാകുന്നു. ഞാന്‍ എന്ത് പറഞ്ഞാലും അത് ജോസഫും കൂടി ആണ് പറയുന്നത്. ജോസഫു പറയുന്നതൊക്കെ ഞാനും കൂടി ആണ് പറയുന്നത്. ഒരേ പരമത്മാവല്ലേ എല്ലാവരിലും വര്‍ത്തിക്കുന്നത്. ഒരു പക്ഷെ നമ്മുടെ അജ്ഞാനം കൊണ്ടായിരിക്കും നമ്മള്‍ ഇങ്ങനെ ഒക്കെ പൊരുത്തം ഇല്ലാതെ തര്‍ക്കിക്കുന്നത്‌. ജ്ഞാനം വന്നു കഴിയുമ്പോള്‍ ഒരു പക്ഷെ നമ്മള്‍ രണ്ടാളും കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിക്കും എന്നെനിക്കുറപ്പാണ്. അപ്പൊ നമ്മള്‍ പറയും "ത ത്വം അഹം" എന്ന്. അതാണെന്റെ പുതിയ സിന്തെസിസ്. "ഞാന്‍ നീയാകുന്നു" അല്ലങ്കില്‍ "നീ ഞാന്‍ ആകുന്നു". എനിക്ക് എന്നോട് തന്നെ "ഉടക്കാന്‍" ആവുമോ? സത്യത്തില്‍ നമ്മള്‍ പൊരുത്തം ഉള്ളവരാണ് ഔസേപ്പച്ച. മിഥ്യ സര്‍വതും മിഥ്യ. കാണുന്നതൊക്കെ ശരിയല്ല , കാണാത്തതൊക്കെതെറ്റുമല്ല .

    ReplyDelete
  3. വേദാന്തത്തില്‍ കേട്ടിട്ടുള്ള ഒരു വാക്കാണ്‌ 'ovarian lottery' എന്ന്. അതായതു ഞാന്‍ തീരുമാനിച്ചിട്ടല്ല ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വന്നു പിറന്നത്‌. ഞാന്‍ അമ്മയുടെ ഗര്‍ഭ പത്രത്തില്‍ വരണമെന്ന് അമ്മയും ആഗ്രഹിച്ചിട്ടില്ല. പിന്നെ എങ്ങിനെ വന്നു? ഓരോ ആല്മാവും അതിനു പറ്റിയ യോജിച്ച ഗര്‍ഭ പാത്രം കിട്ടുമ്പോള്‍ അതില്‍ കേറി ഇരിക്കും. ഇരുന്നു കഴിഞ്ഞാലും അതിനു പറ്റിയതല്ല ആ ഗര്‍ഭ പാത്രം എന്ന് ആ ആല്മാവിനു ബോധ്യപ്പെട്ടാല്‍ അതില്‍ നിന്നും ഇറങ്ങി പോകും. അങ്ങനെ abortion നടക്കുന്നു. ചില സ്ത്രീകള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതു നമ്മള്‍ കാണുന്നുണ്ട്. അതിന്റെ അര്‍ഥം അവരുടെ ഗര്‍ഭ പാത്രത്തില്‍ കേറുവാന്‍ ഒരു ആല്‍മാവും തയാറല്ല എന്നത് തന്നെ. അമ്മയുടെയും ആല്മാവിന്റെയും മുന്‍ജന്മ കര്‍മങ്ങള്‍ അതിനു കാരണം ആകുന്നുണ്ട്. പല വേദാന്തികളും ഇതിനു ശെരിയായ വിശദീകരണം കൊടുത്തിട്ടുണ്ട്‌. ഇതിനു പറ്റിയ ഒരു വിശദീകരണം ബൈബിളില്‍ കാണുവാന്‍ സാധിച്ചിട്ടില്ല.

    ReplyDelete
  4. ഇവിടെ കണ്ട ഭാരതിയ ദര്‍ശനത്തെ പറ്റിയുള്ള ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ഒരു സത് സംഗത്തില്‍ പങ്കെടുത്ത അനുഭവം ഉണ്ടാകുന്നുണ്ട്. ഭൌതിക ശരിരത്തെ പറ്റി ശ്രി ജോസെപ്പ് പറഞ്ഞത് പൂര്‍ണമാകണം എങ്കില്‍ സുക്ഷ്മ ശരീരത്തെ (subtle body) പറ്റി കൂടി പറയേണ്ടതല്ലേ? അതായിരിക്കാം ശ്രീ ജോണിനെ കുഴപ്പിക്കുന്നത്. ശ്രീ സാക്കിന്റെ ലേഖനത്തില്‍ 'മനസിനെ നിഗ്രഹിക്കുക' എന്ന് പറയുന്നതും, വേദാന്തത്തില്‍ ego ഇല്ലാതാക്കുക എന്ന് പറയുന്നതും ഒന്ന് തന്നെ അല്ലെ? ശ്രീ ജോണ്‍ ആണെങ്കില്‍ brahman എന്നും atman എന്നും പറയുന്നവയെ തമ്മില്‍ തെറ്റിധരിച്ചിട്ടുണ്ടോ എന്നൊരു സംശയം. Max Muller പോലും the zenith of philosophy എന്ന് പറഞ്ഞ ഭാരതീയ ദര്‍ശനം വായിക്കുന്നതും പഠിക്കുന്നതും എനിക്ക് ഇഷ്ടമുള്ള വിഷയം ആണ്. എന്ന് വെച്ച് Descartes ഇന്റെ cogito ergo sum ഉം St Augustine ഉം Nieshe, Sartre, Existentialists ഒന്നും വിട്ടു കളഞ്ഞിട്ടില്ല. രമണ മഹര്‍ഷിയുടെയും നിസര്‍ഗ ദത്ത മഹാരാജിന്റെയും മറ്റും കൃതികള്‍ വായിച്ചപ്പോള്‍ മനസിലായത് ചിലര്‍ക്ക് ultimate reality യെ പറ്റി അറിയാന്‍ നിമിഷങ്ങള്‍ മതി, പക്ഷെ മറ്റു ചിലരാകട്ടെ, വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനസിലാക്കുക ഇല്ല എന്നാണ്.

    ReplyDelete
  5. "ഓരോ ആല്മാവും അതിനു പറ്റിയ യോജിച്ച ഗര്‍ഭ പാത്രം കിട്ടുമ്പോള്‍ അതില്‍ കേറി ഇരിക്കും. ഇരുന്നു കഴിഞ്ഞാലും അതിനു പറ്റിയതല്ല ആ ഗര്‍ഭ പാത്രം എന്ന് ആ ആല്മാവിനു ബോധ്യപ്പെട്ടാല്‍ അതില്‍ നിന്നും ഇറങ്ങി പോകും. അങ്ങനെ abortion നടക്കുന്നു. ചില സ്ത്രീകള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതു നമ്മള്‍ കാണുന്നുണ്ട്. അതിന്റെ അര്‍ഥം അവരുടെ ഗര്‍ഭ പാത്രത്തില്‍ കേറുവാന്‍ ഒരു ആല്‍മാവും തയാറല്ല എന്നത് തന്നെ. അമ്മയുടെയും ആല്മാവിന്റെയും മുന്‍ജന്മ കര്‍മങ്ങള്‍ അതിനു കാരണം ആകുന്നുണ്ട്. പല വേദാന്തികളും ഇതിനു ശെരിയായ വിശദീകരണം കൊടുത്തിട്ടുണ്ട്‌"(Jose Kutty)

    ആതാമാവിറങ്ങി പോകുമ്പോള്‍ അബോര്‍ഷന്‍ നടക്കും എന്ന് തുടങ്ങി മുകളില്‍ പറഞ്ഞത് പോലെ ഉള്ള ചിന്ത ഒരു കുട്ടിയുടേത് മാത്രമാണ്. ഹോ എന്തൊരു ആത്മഞാനമാണ് ഈ ആത്മാക്കള്‍ക്ക്‌ . ആദ്യം കേറിയപ്പോള്‍ പാത്രം പറ്റിയതല്ല എന്ന് തോന്നിയില്ലേ. ചില എലികള്‍ മാളം തേടി നടക്കുന്ന പോലെ ?!.ഇവിടം പറ്റിയതല്ല. ശരി ഇനി വേറെ ഗര്‍ഭം അന്വേഷിക്കുക.ആത്മാക്കളുടെ ഒരു കഷ്ടപ്പാടെ.? പല പെണ്ണുങ്ങളുടെ ഗര്‍ഭത്തില്‍ കയറി ഇറങ്ങി നടക്കുക, പിന്നെ ഇറങ്ങി പോകുക. എയിട്സും, ഗുണേറിയയും ഉള്ളവരുടെ ഗര്‍ഭ പാത്രവും ചില ആത്മാക്കള്‍ ഇഷ്ടപ്പെടുന്നു. അവര്‍ പണ്ട് എയിഡ്സ് വന്നു മരിച്ചവരുടെ ആത്മാക്കള്‍ ആയിരിക്കും അല്ലെ വേദാന്തികളെ?. കാരണം എയിട്സും, ഗുണേറിയയും ഉള്ളവരും പ്രസവിക്കുന്നു. ചിലര്‍ മന്ദ ബുദ്ധികളുടെ പാത്രത്തിലും വേറെ ചിലര്‍ കുറ്റവാളികളുടെയും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഗര്‍ഭ പാത്രവും ഇഷ്ടപ്പെടുന്നു!!? കാരണം അവര്‍ക്കും കുട്ടികള്‍ ഉണ്ടാകുന്നു. മദ്യവും മയക്കു മരുന്നും ഇഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ അത്തരം ഗര്‍ഭ പാത്രം പറ്റിയതായി കണ്ടു അതില്‍ കയറുന്നു.!!? ബാലെ ഭേഷ്. ആത്മ ലോകത്ത് ആയിരിക്കുംബഴും ഈ ആത്മാക്കള്‍ക് ഒരു ബോധവും ഇല്ല എന്നര്‍ഥം. പിന്നെ ഇത്തരക്കാരുടെ ഗര്‍ഭത്തില്‍ വരുമ്പോഴാണ് ഇവര്‍ക്ക് ബോധം ഉദിക്കുന്നത്. അഹം ബ്രഹ്മാസ്മിയായ ആത്മാവിനെങ്ങിനെ ഇങ്ങനെ വിഡ്ഢിത്തവും ക്രൂരതയും കാണിക്കാനാവും? ഗര്‍ഭം ഉണ്ടാകുന്നതും ഉണ്ടാകാതിരിക്കുന്നതും അതമാവ്‌ മൂലമാണെങ്കില്‍ എന്‍റെ അപ്പനും അമ്മയും എന്‍റെ ജന്മത്തില്‍ നിരപരാധികള്‍ ആണല്ലോ. ഒരു അബോര്‍ഷന് ശേഷം വേറൊരു കുഞ്ഞുണ്ടാകുമ്പോള്‍ ആ ആത്മാവ് ആ പാത്രം ഒകെയാണെന്ന് ബോധ്യപ്പെടുന്നു. ഇതാ ജാതി വ്യവസ്ഥയുടെ ഒരു തുടര്‍ച്ച ഗര്ഭാതിലും ഉണ്ടാകും. പെലയെന്റെ ആത്മാവ് ബ്രാമണ ഗര്‍ഭത്തില്‍ കയറിയാല്‍ അബോര്‍ഷന്‍ ഉണ്ടാകും. നേരെ തിരിച്ചും.ഹിന്ദു ആത്മാവിനു ക്രിസ്തിയാനി തള്ളയെ പിടിക്കില്ല. അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു ചില ആത്മാക്കള്‍ കേറും , ,അപ്പോഴാണ്‌ അറിയുന്നത് ആ തള്ള എപ്പഴും പറയുന്നത് രാമ രാമ എന്നാണു എന്ന്. പാവം അള്ളാഹു വിളിക്കാരന്‍ ആതമാവ്‌ ഒരു അബോര്‍ഷന്‍ നടത്തി ഇറങ്ങി പോകും .എന്നാ പിന്നെ കേറുന്നതിനു മുന്‍പ് സന്ധ്യ വന്ദനം കഴിയുന്നത്‌ വരെ ഈ ആത്മാക്കള്‍ക് കാത്തു നിന്ന് കൂടെ. അല്ലെങ്കില്‍ കേറുന്നതിനു മുന്‍പ് വീടിലെ ഭിത്തിയില്‍ വച്ചിരിക്കുന്ന ഫോട്ടോയിലോന്നു നോക്കിക്കൂടെ ഇക്കൂട്ടര്‍ക്ക്. അഞ്ചും ആറും ഏഴും മാസം ഒരു തള്ളയുടെ ഗര്‍ഭത്തില്‍ കഴിഞ്ഞിട്ടാണ് വേറെ ചില വിരുതന്‍മാര്‍ അബോര്‍ഷന്‍ നടത്തി ഇറങ്ങി പോകുന്നത്. ചില വിദ്വാന്മാരുണ്ട് കേറും, ഇറങ്ങും. ഇതൊരു ഹോബിയാണ് അവര്‍ക്ക്. മഹാ പാപികള്‍ എന്നല്ലാതെ ഈ ആത്മാവിനെയും പരമാത്മാവിനെയും എന്ത് വിളിക്കാന്‍. അറിയാതെ കയറിപ്പോയാലും അബോര്‍ഷന്‍ ഉറപ്പ്‌. പരമാത്മാവ്‌ ഇങ്ങനെയും പെരുമാറുമോ? അപ്പോള്‍ അമ്മമാര്‍ അബോര്‍ഷന്‍ നടത്തുന്നത് കേറിയ അല്മാവിനെ ഇഷ്ടമില്ലാഞ്ഞിട്ടയിരിക്കും.? അതും ആ ആത്മാവിന്റെ മുന്‍ജന്മ പാപം കൊണ്ടും?!!. ഇതാണ് അബോര്‍ഷനോളജി എന്ന് വിളിക്കാവുന്ന നവ വേദ ദൈവ ശാസ്ത്ര ശാഖ. അതെ ചില സ്ത്രീകക്ക് കുട്ടികള്‍ ഇല്ലാത്തതിന് കാരണം മുന്‍ജന്മ പാപവും അലമാക്കളുടെ കളിയുമാണ്. അപ്പോള്‍ virgins ന്‍റെ കാര്യമോ.? അതും മുന്‍ജന്മ പാപമോ? ആത്മാക്കളെ കിട്ടാഞ്ഞിട്ടോ?. വേദാന്തി കളുടെ ഒരു വേദ ഗര്‍ഭ വിശകലനമേ? ഈ അജ്ഞാനിയുടെ ചോദ്യങ്ങള്‍ വ്യക്തിപരമായി ആരും എടുക്കല്ലേ എന്നൊരപേക്ഷ ഉണ്ട്.

    ReplyDelete
  6. ഇതൊരു ഉത്തരമായിട്ടെടുക്കേണ്ട. "ജീവന്‍ ജീവിക്കുന്നവരുടെതാണ്. ജീവിക്കുന്നവര്‍ വ്യതിയാനങ്ങളെ അംഗീകരിക്കാതെ തരമില്ല." എന്ന് ഗ്വേതെ എഴുതി. ഗര്ഭശ്ചിദ്രത്തെപ്പറ്റി ഞാനും ആലോചിച്ചിട്ടുണ്ട്. എന്താണ് ആ ജീവനു സംഭവിക്കുന്നത്‌? നമ്മുടെ ദൃഷ്ടിയില്‍ ഒരു ജീവന്‍ അകാലത്ത്‌ ഇല്ലാതാകുകയോ നശിപ്പിക്കപ്പടുകയൊ ആണ് എന്നത് ശരി തന്നെ. പക്ഷേ, നാശവും രക്ഷയും ഒക്കെ നമ്മുടെ ദൃഷ്ടിയില്‍ മാത്രമാണ്. എത്ര കുഞ്ഞുങ്ങള്‍ ജനിച്ചാലും ജനനത്തിനു മുമ്പ് തന്നെ ഇല്ലാതായാലും, സ്ഥൂലപ്രപഞ്ചത്തിലുള്ള അവരുടെ അസ്തിത്വത്തേ മാത്രമാണ് അത് ബാധിക്കുന്നത്. എന്നാല്‍ , ഒന്ന് മാത്രമായ, ആദ്യവും അന്ത്യവുമറിയാത്ത പരമമായ അസ്തിത്വത്തില്‍ , ജനിക്കുന്നതും ജനിക്കാനിരിക്കുന്നതും, നമ്മുടെ ദൃഷ്ടിയില്‍ ജനിക്കാതെ പോയതുമായ സകലതും അവയുടെ പരിപൂര്‍ണതയില്‍ അവിഗമം, അവിരതം നിലനില്‍ക്കുന്നുണ്ട്, ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കും. ഇങ്ങനെയല്ലാതെ ഏത്‌ തരത്തിലുമുള്ള ജനനമരണങ്ങള്‍ക്ക് ഒരു വിശദീകരണം സാദ്ധ്യമല്ല. അതിന് വേണ്ടി ബൈബിളില്‍ തെരഞ്ഞിട്ടു കാര്യമില്ല. അതിലുള്ളത് ചില ഗോത്രപ്പിണക്കങ്ങളുടെ കഥകളാണ് . അക്കൂടെ അതിലുള്ളത് കവിതയും ശൈഥല്യമനുഭവിക്കുന്ന മനസ്സുകളുടെ രോദനങ്ങളുമാണ്. ഇത് ആത്മീയതയായി വേണമെങ്കില്‍ എടുക്കാം. പക്ഷേ യുക്തിസഹമായ ഉത്തരങ്ങള്‍ അതിലൊരിടത്തുമില്ല. അതേ സമയം ആധുനിക ഭൌതിക ശാസ്ത്ര ങ്ങളുടെ കണ്ടെത്തലുകളെ വെല്ലുന്ന ജ്ഞാനം പോലും വേദാന്തം നല്‍കുന്നുണ്ട്, സ്വീകരിക്കാന്‍ മനസ്സുള്ളവര്‍ക്ക്.

    ReplyDelete
    Replies
    1. എന്‍റെ ഒരു അഭിപ്രായം , നമ്മുടെ ജടിക ശരീരമുമായി കൂടിക്കലര്‍ന്നു ഒരു നശിപ്പിക്കാന്‍ കഴിയാത്ത അദൃശ്യ ശരീരം കൂടിയുണ്ട് . (ജീവന്‍). അത് കൊണ്ടായിരിക്കാം , ദൈവം സാത്തനോട് പറഞ്ഞത് , അവന്‍റെ (ജോബ്‌ )ശരീരത്തെ എന്തുവേണമെങ്കിലും ചെയ്യുക , ജീവനെ തൊടരുത് . അതുപോലെ യേശു പറഞ്ഞതും ഓര്‍മ്മ വരുന്നു , നിന്‍റെ ശരീരത്തെ കൊല്ലാന്‍ കഴിവുള്ളവനെ ഭയപ്പെടേണ്ട , മറിച്ചു ജീവനെ ( ആത്മാവിനെ ) നരകത്തില്‍ തള്ളാന്‍ കഴിവുള്ളവനെ ഭയപ്പെടുക . പൌലോസ് പറയുന്നു " ഈ ജട ശരീരത്തിലായിരിക്കോളം നാം ദൈവത്തില്‍ നിന്നകന്നവരാണ്" എന്ന് . അപ്പോള്‍ അബോര്‍ഷന്‍ ചെയ്ചാലും , ജടശരീരം മാത്രമേ മരിക്കുന്നോള്ളൂ . അപ്പോള്‍ ജട ശരീരം , സാത്താന്‍റെയും , ഉള്ളിലുള്ള( frozen state )ശരീരം ആല്‍മീയവും. പൌലോസ് വീണ്ടും പറയുന്നു , പുറമെയുള്ള മനുഷ്യന്‍ കുറയുകയും , അകമേയുള്ള മനുഷ്യന്‍ വളരുകയും വേണമെന്ന് .

      Delete
  7. ഒരുവന്റെ സുഖ ദുഃഖങ്ങള്‍ 'ജീവന്‍' ആത്മം എന്നത് വ്യക്തി യില്‍ മാത്രം കാണുന്നതാണ്. ഈ കാണുന്ന ദുരിതങ്ങള്‍ കഷ്ടപ്പാടുകള്‍ രോഗങ്ങള്‍ എല്ലാം ഒന്നിന്റെ ജീവനില്‍ മാത്രം. ബ്രഹ്മന്‍ അഥവാ പരമാത്മാവിനെ ബാധിക്കുകയില്ല.

    പാമ്പിനു വിഷമുണ്ട്‌. വിഷപാമ്പു കടിച്ചു മറ്റുള്ളവര്‍ മരിക്കുമെങ്കിലും പാമ്പു സ്വയം വിഷത്തില്‍ ചാവുകയില്ല. അങ്ങനെ ബ്രഹ്മന്‍ അവര്‍ണ്ണനീയമാണ്. വേദങ്ങളും പുരാണങ്ങളും തന്ത്രങ്ങളും തത്വങ്ങളും വിക്രുതമായെക്കാം. ഇതൊന്നും ബ്രഹ്മനെ ബാധിക്കുകയില്ല.

    നാക്ക് ഭക്ഷണത്തിന്റെ രുചിയറിയിക്കുന്നു. നാക്കുകൊണ്ടു പദ്യവും ഗദ്യവും പാരായണം നടത്തുന്നു. എന്നാല്‍ നാക്കു പരമമല്ല.ഗര്‍ഭത്തിലുള്ള ജീവനും അഥവാ ആത്മത്തിനും കോട്ടം വരാം. ഇങ്ങനെ കോട്ടം വരാത്ത ഒന്നാണ് ബ്രഹ്മന്‍ അല്ലെങ്കില്‍ പരമാത്മാവ്‌.

    യേശു പരമാത്മാവെന്നു പറഞ്ഞു പുരോഹിതര്‍ കബളിപ്പിക്കും. പരമാത്മാവിനെപ്പറ്റി അയാള്‍ ഒരു ചുക്കും പഠിച്ചിട്ടില്ല. പുരോഹിതമതം ദേഹിയെ മായയില്‍ക്കൂടി മയക്കുന്ന കറുപ്പാക്കി.

    ഒരിക്കല്‍ ഒരു ഉറുമ്പ്‌ പഞ്ചസാര മാത്രമുള്ള കുന്നിലേക്ക് സഞ്ചരിച്ചു. ഒരു തരി പഞ്ചസാരകൊണ്ട് അതിന്റെ വയറു നറഞ്ഞു. ഉറുമ്പ്‌ മറ്റൊരു തരി വായില്‍ വെച്ചുകൊണ്ട് മാടത്തിലേക്ക് മടങ്ങി പോകുന്നു. മടങ്ങി പോവുന്ന വഴി ആ ഉറുമ്പ്‌ ചിന്തിക്കുകയാണ് അടുത്തതവണ ആ പഞ്ചാരക്കുന്നു മുഴുവന്‍ കീഴടക്കും. വിഴുങ്ങും. അതുപോലെയാണ് നമ്മുടെ ചിന്തകള്‍ പോകുന്നതും.

    ബ്രഹ്മന്‍ എന്നു പറയുന്നത് നമ്മുടെ വാക്കുകളേക്കാളും ചിന്താലോകത്തെക്കാളും അപ്പുറമാണ്. എന്നാല്‍ എത്രമാത്രം എനിക്ക് ബ്രഹ്മത്തെ അറിയുവാന്‍ സാധിക്കുമെന്ന് മഹാന്മാര്‍ ചിന്തിക്കും.യേശു മഹാന്മാരില്‍ മഹാനായിരുന്നു. ദൈവമായിരുന്നു. എന്നാല്‍ പിതാവോ പരമാത്മാവോ ആയിരുന്നില്ല.

    യേശുവിന്റെ ഉപമ ചെറിയ ഉറുമ്പിനെപ്പറ്റിയല്ല വലിയ ഉറുമ്പിനെപ്പറ്റിയായിരുന്നു. അതാണ്‌ യേശുവിനെ എല്ലാ സാഗമുനികളും വിവേകാനന്ദനും ഗാന്ധിജിയും നാരായണ ഗുരുവുമൊക്കെ ഇഷ്ടപ്പെട്ടത്. ഇവരൊക്കെ വലിയ ഉറുമ്പുകള്‍ ആയിരിക്കാം. എങ്കിലും കൂടിയാല്‍ എട്ടോ പത്തോ ധാന്യം പഞ്ചസ്സാര ഇവര്‍ക്ക് വഹിക്കുവാന്‍ സാധിക്കും.

    എന്നാല്‍ കലിയുഗത്തില്‍ മനുഷ്യന്‍ സുഖത്തിനും ഭക്ഷണത്തിനും ജീവിക്കുന്നു. ഇതു ശരീരആവശ്യം മാത്രമെന്ന് മനസ്സിലാക്കുന്നില്ല. ഭൌതികസുഖത്തില്‍ മാത്രം മുഴുകിയിരിക്കുന്ന ഒരുവന്‍ ഞാന്‍ ദൈവം, അവന്‍ എന്നു പറയുന്നതും തെറ്റാണ്. അവന്‍ ഞാന്‍ എന്ന ദൈവത്തെ കണ്ടെത്തിയില്ല.

    അപ്പോള്‍ ഞാന്‍ പറയണം, ഞാന്‍ ദൈവത്തിന്റെ സേവകനാണ്. ഞാന്‍ ചിന്തിക്കാന്‍ കഴിയാത്ത ഭക്തന്‍ മാത്രം .അത് അജ്ഞാനിയുടെ ശബ്ദമാണ്. മാര്‍പാപ്പ തൊട്ടു താഴെയുള്ള കൂലികുര്‍ബാന തൊഴിലാളിയുടെയും ശബ്ദമാണ്.

    അജ്ഞാനികളായ ഇവര്‍ ഒരിക്കല്‍ പുരോഹിതരെ ശ്രവിക്കാത്തവരെയും അജ്ഞാനികള്‍ എന്നു വിളിച്ചു. ഇവര്‍ ദൈവങ്ങളല്ല ദൈവസേവകരാണ്. ഭക്തികൊണ്ട് മാത്രം ഒരുവന്‍ ദൈവത്തെ അറിയുകയില്ല. ജ്ഞാനം അവനില്‍ ഉദയം ചെയ്യണം.എങ്കിലേ ഞാന്‍ എന്ന ദൈവത്തില്‍ യാത്ര ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

    ReplyDelete
  8. ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഒരു അല്‍പ ജ്ഞാനിയുടെതെന്നു കരുതി മാപ്പാക്കണം. ഒരു ശിശുവിന്റെ വെറും സംശയങ്ങള്‍ മാത്രം. ഒരു കുട്ടിയുടെ സ്വഭാവം രൂപികൃതമാകുന്നതില്‍ മാതാ പിതാക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ? ഒരു വ്യക്തി ജെനിക്കുമ്പോള്‍ കൊണ്ട് വരുന്ന വാസനകള്‍ മാറ്റുവാന്‍ ഏതെങ്കിലും വ്യക്തിക്കോ ശാസ്ത്രത്തിനോ മതത്തിനോ സാധിക്കുമോ?ഒരാളുടെ സ്വഭാവം മാറ്റി മറിക്കുവാന്‍ അയാള്‍ തന്നെ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു പകരം മറ്റുള്ളവര്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക് അല്ലെ? (വാസനകള്‍ എന്ന് പറഞ്ഞത് ജെന്മ പാപം എന്ന് ചിലര്‍ തിരുത്തി പറയുമെങ്കിലും അത് ശെരിയല്ല). ഒരാളുടെ പല മക്കള്‍ക്ക്‌ ഇരട്ട കുട്ടികള്‍ ആണെങ്കില്‍ പോലും വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങള്‍ ഉണ്ടാകുന്നതു എന്ത് കൊണ്ട്? കൊലപാതകിക്കും ദുഷ്ടനും നല്ല സ്വഭാവമുള്ള മക്കള്‍ ഉണ്ടാകുന്നുണ്ട്, നേരെ തിരിച്ചും? എല്ലാത്തിനും ദൈവത്തിന്റെ ഇഷ്ടം എന്ന് പറയാതെ ഒരു യുക്തി സഹമായ മറുപടി കിട്ടേണ്ടിയത് അല്ലെ? ഇവക്കൊന്നിനും ബൈബിളില്‍ യുക്തി സഹമായ മറുപടി ഇല്ലാതിരിക്കെ ഇവക്കൊക്കെ യുക്തി സഹമായ മറുപടി വേദാന്തത്തില്‍ ഉണ്ടെന്നു പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് യുക്തി സഹമായി തന്നെ വേണ്ടേ തിരുത്താന്‍? (ഞാന്‍ ബൈബിളിനെയും വൈദിക മേലധ്യക്ഷന്മാരെയും അങ്ങേ അറ്റം ആദരിക്കുന്ന ഒരാളാണെന്ന് മറക്കരുത്). ആല്മാക്കളില്‍ പോലും ക്രിസ്ത്യാനി, മുസ്ലിം,ഹിന്ദു എന്നൊക്കെ തരാം തിരിവ് ഉണ്ടെന്നു പറയുന്നതല്ലേ തട്ടിപ്പിന്റെ ആദ്യത്തെ രീതി. ഇതൊക്കെ മനുഷ്യ സൃഷ്ടി മാത്രം അല്ലെ? (കുറേകൂടി സംശയങ്ങള്‍ ഉണ്ട്. അത് അടുത്തതില്‍).

    ReplyDelete
  9. അല്‍മായ ശബ്ദത്തിലെ കമന്റുകള്‍ മിക്കപ്പോഴും പ്രധാന പോസ്റ്റിനെ അടിസ്ഥാനമാക്കിയല്ല എന്നത് ഖേദകരം ആണ്. ഇത് ധാരാളം വായനക്കാര്‍ വായിക്കുന്നു എന്നാ ചിന്തയും പല എഴുത്തുകാരിലും കാണുന്നില്ല. ഒരു സൃഷ്ടിയില്‍ ജിവന്‍ എപ്പോഴുണ്ടാകുന്നു എന്നത് മനസ്സിലാക്കാന്‍ മാത്രം ബൌദ്ധിക ശേഷി മനുഷ്യനില്ല. സൃഷ്ടി സംബന്ധമായ നിരവധി മറ്റു ദുരൂഹതകളും ഇതിനോടൊപ്പം കൂട്ടി കുഴഞ്ഞു കിടക്കുന്നു. ഒരു വേദ ഗ്രന്ഥവും ഈ രഹസ്യം വിശദികരിച്ചിട്ടില്ല. ശ്രി സാക് നെടുങ്കനാല്‍ അത് ഇങ്ങിനെതന്നെ ആണെന്ന് പറഞ്ഞിട്ടുമില്ല. ശ്രി പടന്നമാക്കല്‍ കാര്യങ്ങള്‍ നന്നായി വിലയിരുത്തുന്നു. വിഡ്ഢി ചോദ്യങ്ങള്‍ക്ക് മറുപടി പറയുംപോളാണ് കാര്യങ്ങള്‍ വഷളാവുന്നത്. തല്‍സംബന്ധമായ മനസ്സിലാക്കലുകള്‍ വ്യക്തിപരമാണ്, അത് പങ്കു വെയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതിനെ ചോദ്യം ചെയ്യുന്നത് എത്ര ശരിയാണ് എന്ന് ചിന്തിച്ചു നോക്കുക. ബാറിലിരുന്നു സാറ്റ ലൈറ്റ് ടെക് നോളജി വിശദികരിക്കുന്ന വിളമ്പുകാരനെ തിരുത്താന്‍ കേട്ടിരിക്കുന്ന വിവരമുള്ള ആരും ശ്രമിക്കാറില്ല. ഇതെന്റെ മനസ്സിലാക്കലാണ് കേട്ടോ. ഇങ്ങിനെയും ആളുകള്‍ ചിന്തിക്കുന്നു എന്ന് കാണിക്കാന്‍ ഇത് എഴുതുകയല്ലാതെ മാര്‍ഗ്ഗമില്ലല്ലോ.

    ReplyDelete
  10. As a short reply to Josukutty's queries of July 3, let me borrow a quotation from Hermann Hesse about the book 'Demien' - The story of Emil Sinclair's Youth.

    "We always define the limits of our personality too narrowly. In general, we count as part of our personality only that which we can recognize as being an individual trait or as diverging from the norm. But we consist of everything the world consists of, each of us, and just as our body contains even much further, so we bear everything in our soul that once was alive in the soul of men. Every god and devil that ever existed, be it among the Greeks, Chinese, or Zulus, are within us, exist as latent possibilities, as wishes, as alternatives. If the human race were to vanish from the face of the earth save one halfway talented child that had received no education, this child would rediscover the entire course of evolution, it would be capable of producing everything once more, gods and demons, paradises, commandments, the Old and New Testaments." (Pistorius to Sinclair. ibid. p. 91)
    But there's an immense diff. betw. simply carrying the world within us and being aware of it. ..one is a tree or a stone, at best an animal, as long as he is not conscious. But as soon as the first spark of recognition dawns within him, he is a human being.Each one of us carry the possibility of becoming human..by learning to make oneself consious of the possibilities.. by making the possibilities one's own. (p.92)

    ReplyDelete