Translate

Sunday, June 10, 2012

Dr. സ്കൈ ലാര്‍ക്കിന്റെ ന്റെ സംശയങ്ങള്‍ - എനിക്ക് തോന്നിയത്

സ്കൈലാര്‍ക്കിന്റെ ലേഖനം  വായിച്ചു. കൊള്ളാം എന്ന് തിര്‍ത്തു പറയാനാവില്ല. ഒരു സാധാരണ പാലാക്കാരന്‍ നസ്രാണിയുടെ ചിന്തകള്‍ എന്നെ പറയാനാവൂ. ഒരിടത്തും തലകുനിക്കാന്‍ തയ്യാറില്ലാത്ത ഒരു അല്മായന്‍; അതുകൊണ്ടാണല്ലോ ഒരു പറമ്പില്‍ രണ്ടു ഇടവക പള്ളിയുള്ള ഏക സ്ഥലമായി പാലാ മാറിയത്. പക്ഷെ അദ്ദേഹം പറഞ്ഞ എല്ലാ ആശയങ്ങളും നിണ്ട ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വഴി തുറക്കുന്നവയുമാണ്. 
സിറോ മലബാര്‍ സഭയും നവികരണവും തമ്മില്‍ എന്ത് ബന്ധമാണ്   ഉള്ളതെന്നാണ്    ചോദ്യം.  ഓരോ മനുഷ്യന്റെയും രക്ഷ ഉറപ്പാക്കുന്നതില്‍ സുബോധമുള്ളവര്‍ അവരുടെ ചുമതല നിര്‍വ്വഹിക്കുകയാണ് ഈ സംരംഭത്തിലൂടെ. ഒരു സഭാംഗം ആയി ജനിച്ച എല്ലാവര്ക്കും ആയിരിക്കുന്ന പ്രസ്ഥാനത്തെ നവികരിച്ചു എല്ലാവര്ക്കും ആത്മീയ വളര്‍ച്ച ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. അതാണ്‌  യേശുവിന്റെ ശിക്ഷ്യന്മാര്‍ എക്കാലവും ചെയ്തുകൊണ്ടിരുന്നത്.  സ്കൈലാര്‍ക്കിന്റെ ഒരു വലിയ പ്രശ്നം പള്ളി പ്രഭാഷണങ്ങള്‍ മാത്രമേ കേട്ടിട്ടുള്ളൂ എന്നതാണ്. ഗിത വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചു ഗിതയില്‍ ആയിതിര്‍ന്ന കത്തോലിക്കാ വൈദികന്‍  ഒരു ഉദാഹരണം മാത്രം. ഹിന്ദുവും ക്രിസ്ത്യാനിയും ഉണ്ടാവുന്നതിനു മുമ്പ് ഈ ഭാരതത്തില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും ഒരു ആധ്യാത്മിക ഗ്രന്ഥം വായിച്ചു നോക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇത് പറയില്ലായിരുന്നു. അവയും പഠിച്ചു  യേശു പറഞ്ഞതും സഭ മനസ്സിലാക്കിയതും തമ്മില്‍ ഉള്ള പൊരുത്തക്കേടുകള്‍ ഉള്ളില്‍ തട്ടി മനസ്സിലാക്കിയവര്‍ക്കെ ഈ ചെയ്യുന്നതെന്താനെന്നും മനസ്സിലാവൂ. 
കലയന്താനിയിലും മറ്റു പല ഇടവകകളിലും ഉണ്ടായ ദാരിദ്ര്യം മൂലമുള്ള ദുരന്തങ്ങള്‍ സഭയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് അല്മായാ ശബ്ദത്തില്‍ എത്ര പ്രാവശ്യം  എഴുതിയിട്ടുണ്ട്. അത് ഏറ്റവും കൂടുതല്‍ വായിക്കുന്ന പാലാക്കാര്‍ ഇപ്പോള്‍ കാരിത്താസ് പ്രസ്ഥാനവുമായി ഇറങ്ങിയല്ലോ. ഒശാനയെ എക്കാലവും പാലാ പിതാക്കന്മാര്‍ പേടിക്കുന്നു. പോകുന്നിടത്തെല്ലാം സ്വന്തം അടുക്കള ക്കാരനും കുപ്പി പാത്രങ്ങളുമായി സഞ്ചരിക്കുന്ന മേതാന്മാരെ പരിചയപ്പെടുത്തി കൊടുത്തത് ഒശാനയല്ലേ. ആ തി നാളത്തില്‍ നിന്നാണ് അല്മായാ ശബ്ദവും ജനിച്ചത്‌. ആ തി നാളം ഇവിടുണ്ടായിരുന്നില്ലെങ്കില്‍ വിരുദ്ധാഭിപ്രായം പറയുന്ന എല്ലാവരുടെയും ഒരു ഫയറിംഗ് ലിസ്റ്റ്  അരമനയില്‍ കാണുമായിരുന്നു എന്ന് മറക്കരുത്. 

സഭയില്‍  സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്ന് കാണാന്‍ പിന്നോട്ട് നോക്കിയാല്‍ മതി. പൂജ്യത്തില്‍ നിന്ന് ഇത്രയും വലുതാക്കി സഭയെ വളര്‍ത്താന്‍ മെത്രാന്മാരുടെ നിയന്ത്രണത്തിലുള്ള ഒരു ബോര്‍ഡ് അല്ല സഹായിച്ചത്. ഇടവക ജനങ്ങള്‍ തന്നെയാണ്. അതിന്റെ പേരില്‍ സഭ ഒരിടത്തും തളര്ന്നിട്ടില്ല. അതില്‍ കൂടുതല്‍ എന്തെങ്കിലും ആരെങ്കിലും പറഞ്ഞോ? അതോ ഭാരതത്തില്‍ ക്രിസ്ത്യാനി മാത്രം കണക്കു ബോധിപ്പിക്കണ്ട എന്നാണോ അഭിപ്രായം? ഭാരതത്തിലെ പൌരന്മാര്‍  റോമന്‍ നിയമം അനുസരിച്ചും ജിവിക്കണോ?  
പള്ളികളില്‍ ഒരുപാട് തോന്ന്യാസങ്ങള്‍ നടക്കുന്നു എന്ന് പറയുന്നു. ബൈബിളിന്റെ സത്ത അനുസരിച്ചു എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക. ഇത്തരം  പൊള്ളയായ ആചാരങ്ങളെ പ്പറ്റി സാധുക്കളെ ബോധവാന്മാരാക്കാന്‍ ആര് വരുമെന്നാണ് പറയുന്നത്? ദൈവമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍,  ദൈവത്തിന്റെ അംശങ്ങള്‍ ആയ പ്രപഞ്ച സൃഷ്ടികളിലൂടെയെ ദൈവം അത് സാധിക്കൂ. അതാണ്‌ അല്മായാ ശബ്ദം ചെയ്യുന്നതും. 
ഇദ്ദേഹം പറയുന്നതുപോലെ അടി പേടിച്ചു ഒതുങ്ങി നില്‍ക്കുന്നവരുമല്ല അല്‍മായ ശബ്ദക്കാര്‍. അടി സാധിക്കുന്നിടത്തോളം സഭക്കാര്‍ ഇപ്പോഴും കൊടുക്കുന്നുണ്ട്.  സര്‍വ്വ ചിന്തകരും, സി ജെ മുതല്‍ സക്കറിയാ വരെ സര്‍വ്വ എഴുത്തുകാരും, M  V പൈലി മുതല്‍ മൂലെചാലില്‍ വരെ സര്‍വ്വ സാമൂഹ്യ പ്രവര്‍ത്തകരും ഊണിലും ഉറക്കത്തിലും സഭയുടെ ഈ പോക്കിനെ വിമര്‍ശിക്കുന്നു. സഭയെ പിന്തുണക്കാന്‍ കൂടെയുള്ളത് കുറെ 'ഉവ്വച്ചോ, അതെയച്ചോ'   പ്രവര്‍ത്തകര്‍ മാത്രം. ഇവരുടെ സംഖ്യാ കോടി കോടി ആയതുകൊണ്ട് എന്ത് ഫലം? മണ്ടന്മാര്‍ എന്നും മണ്ടന്മാര്‍ തന്നെ.   വന്നു വന്നു സത്യദീപം പോലും വായിക്കരുതെന്ന് പറയുന്നു. അവരെയും സഭക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല. എന്റെ അപ്പനും ചട്ടുണ്ടായിരുന്നു, അതുകൊണ്ട് എന്റെ ചട്ട് ഇരിക്കട്ടെ കൂടെ എന്നാ നിലപാട് കഷ്ടം തന്നെ.  
അവിടെയും ഇവിടെയും നടക്കുന്ന  sexual abuse  അല്ല പ്രശ്നം. ആല്മിയതയില്‍  നിന്ന് അകലുംപോഴാണ്   ലോകത്തിന്റെ ഭംഗിയും ആര്ഭാടങ്ങളെയും ഒരാള്‍ പുല്കുന്നത്. ഈ ഒരൊറ്റ കാരണം ചൂണ്ടി കാണിച്ചാല്‍  മതി നയിക്കെണ്ടവര്‍  എങ്ങോട്ടാണ് പോകുന്നതെന്ന് കാണാന്‍. ഇതെന്താ അത്ര നിസ്സാരമാണോ ? പുത്തന്‍ കാറ് മേടിച്ചു പെയിന്റു   മാറ്റുക, പുതു പുത്തന്‍ കാറുകള്‍ സ്വന്തമാക്കുക, വിശ്രമത്തിന് പ്രത്യേകം കൊട്ടാരങ്ങള്‍ തന്നെ തിര്‍ക്കുക, ഇതൊക്കെ ആചാരമായി കഴിഞ്ഞു. ഇവര്‍ ആരെ സ്വര്‍ഗ്ഗത്തിലേക്ക്   കൊണ്ടുപോകുമെന്നാ ഡോക്ടര്‍ പറയുന്നത്? കിട്ടുന്നത് മതിയെന്നാണെങ്കില്‍ ഓക്കേ!   
ഞാന്‍ ഒരു പാവം മണിമലക്കാരനാണ്. പാലാ വഴി പോകാറുണ്ട്. യേശുവിനെ ഉള്ളില്‍ തന്നെ കണ്ടെത്താനും സത്യത്തിന്റെ വഴിയെ സഭയെ നോക്കാതെ നടക്കാനും ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന് സമാധനാത്തോടെ ജീവിക്കുന്നു.  ഒരു Retd അധ്യാപകനാണ് ഞാന്‍. എനിക്ക് അല്മായാ ശബ്ദക്കാരുടെ പ്രവര്‍ത്തനം ഇഷ്ടമാണ്. അതില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും.   ആദര്‍ശ ജിവിതം എന്താണെന്ന് കാണിക്കുന്ന ശ്രി. എ . കെ   ആന്റണി  വളര്‍ന്നത് പള്ളിയിലൂടെയല്ലാ എന്നോര്‍ക്കുക.   

2 comments:

  1. റോഷന്റെയും എന്റെയും മനസ്സില്‍ ആന്റണിയെന്ന സത്യക്രിസ്ത്യാനിയെപ്പറ്റി ഒരേസമയം ഒരേ ചിന്താഗതി വന്നുവെന്നുള്ളതാണ് പ്രത്യേകത. ആന്റണിയെപ്പോലെ നൂറു കണക്കിന് സത്യത്തില്‍ ജീവിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്.

    സ്കയിലാര്‍ക്ക് ചിന്തിക്കുന്നത് അല്മെനിയെന്നു പറഞ്ഞാല്‍ പണം ചോര്‍ത്തുന്നവനെന്നാണ്. പള്ളിയില്‍ ദൈവത്തിന്റെ പണം കത്തനാര്‍ കക്കും. അതുപോലെ പള്ളിയോടു ഒവ്വേ ഒവ്വേ എന്ന് പറഞ്ഞു നടക്കുന്നവരും കക്കും. കക്കുന്നവര്‍ അല്മെനികളില്‍ പത്തു ശതമാനം താഴെയും കത്തനാരില്‍
    അമ്പതു ശതമാനവും ബിഷപ്പുമാര്‍ അനേകരുമെന്നും സര്‍വ്വേഫലം തരും. ദൈവത്തിന്റെ ആലയം ഇന്നു ഫരീസ്സിയരായ കൊള്ളക്കാരും കള്ളന്മാരും വസിക്കുന്ന സ്ഥലമാണ്.

    അല്മേനിയെന്നു പുരോഹിതരും പിതാക്കന്മാരും ചിന്തിക്കുന്നതു പാലു കറക്കാനുള്ള കറവപശു വെന്നാണ്. കാമധേനു. കറവ പശുവിനു പുല്ലും അല്മെനിക്ക് സ്വര്‍ഗത്തില്‍ ഭവനവും സൌജന്യമായി ലഭിക്കും.

    റോമനിയമം ഈ നാട്ടില്‍ നടപ്പിലാക്കിയത് തെറ്റെന്നു രാജ്യസ്നേഹമുള്ളവര്‍ക്ക് ബോധ്യമാകും. റോഷന്‍ പറഞ്ഞതു പോലെ പള്ളി പ്രഭാഷണങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരാള്‍ക്ക്‌ രാജ്യ സ്നേഹത്തെക്കാള്‍ ഉപരി സ്വന്തം വികാരിയുടെ അഭിപ്രായവും പ്രഭാഷണവും ആയിരിക്കും. നല്ല ഒരു അഭിപ്രായം പറയുവാന്‍ സാധിക്കുകയില്ല. മനസ് സദാ പള്ളിയില്‍ അച്ചനു അടിയറ വെച്ചിരിക്കും.

    ബുദ്ധിജീവികളെന്നു വിശ്വസിക്കുന്ന ചില പള്ളി ഭക്തരും പുരോഹിതന്റെ നിയന്ത്രണത്തില്‍ ഉള്ള ഒരു തരം ബൌദ്ധിക അടിമത്വത്തിലാണ്.

    പുലിക്കുന്നന്‍ പാലായില്‍ പ്രസ്ഥാനം തുടങ്ങുന്നതിനു മുമ്പുതന്നെ ഇവരുടെ നൂറുനൂറു തെമ്മാടിത്തരങ്ങള്‍ കണ്ടുവളര്‍ന്നവന്‍ ആണ് ഞാന്‍. അന്നു പാലയില്‍ ഇങ്ങനെ ഒരു സംഘടന ഉണ്ടായിരുന്നില്ല. പാലായിലെ ചിന്തകരായ നവീകരണ പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടതാണ്. കേരളത്തിലെ മെത്രാന്മാരെ
    വെറപ്പിക്കുവാന്‍ കഴിവുള്ളവര്‍ ആണ് ഇവരിലെ
    പ്രവര്‍ത്തകര്‍.

    പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍വരെ ഇവരോടൊപ്പം പൊരുതുന്നതും
    അല്‍മായശബ്ദത്തില്‍ വായിച്ചപ്പോള്‍ അഭിമാനം തോന്നി. പത്തു ചെറുപ്പക്കാര്‍ മുമ്പോട്ട്‌ വന്നാല്‍ മതി മെത്രാന്റെ ഇന്നത്തെ ഈ വന്കൊട്ട തകര്‍ക്കുവാന്‍. ഇന്ന് പ്രവര്‍ത്തകര്‍ മെത്രാന്റെ കോട്ടവാതില്‍ക്കല്‍ തന്നെയുണ്ട്‌.

    കുറ്റബോധംകൊണ്ട് ഓര്‍ത്തോഡോക്സ്
    മെത്രാന്‍മാരെപ്പോലെ തലയില്‍ തലമുണ്ടു ഇവര്‍ ഉടന്‍ ഇടുമെന്നും അറിയുന്നു.ഡോക്റ്റര്‍ സ്കയിലാര്‍ക്കിനു പ്രവാസികളോടാണ് കൂടുതല്‍ അമര്‍ഷം.ഞാന്‍ വ്യക്തമായ ഉത്തരം
    മുന്‍സന്ദേശത്തില്‍ കൊടുത്തതുമാണ്.

    അദ്ദേഹം പറഞ്ഞതും ശരിയാണു. നാട്ടില്‍ പോലീസും നിയമവും കിടക്കുന്നത് മെത്രാന്റെ
    കീശയിലെ പണത്തിലാണ്. പ്രവാസിയായ എന്നെ ഒരു ചുക്കും ചെയ്യുവാന്‍ ഒരു രാജ്യത്തിനും കഴിയുകയില്ല. കാരണം സ്വതന്ത്രമായി
    വിമര്‍ശിച്ചാല്‍ പണംകൊണ്ട് ഒരു ചുക്കും ഒരു ബിഷപ്പിനും ഈ രാജ്യത്തു സാധ്യമല്ല.

    പ്രവാസികളുടെ പൂര്‍വികരുടെ സ്വത്താണ് ഈ കൊള്ളപുരോഹിതര്‍ പങ്കിടുന്നതെന്നും ചിന്തിക്കാത്തത് എന്ത്?

    അമേരിക്കയില്‍ പ്രവാസികളില്‍നിന്നു പിരിവു നടത്താത്ത മലയാളീ ബിഷപ്പുമാരില്‍ ഒറ്റയൊരാളും ഇവിടെയില്ല. ഒരിക്കല്‍ പാവങ്ങളുടെ പിതാവെന്നു പേരുകേട്ട കുണ്ടുകുളം ബിഷപ്പ് പാവങ്ങള്‍ക്ക് ഭവന നിര്‍മ്മാണം എന്നു പറഞ്ഞു ലക്ഷ കണക്കിന് ഡോളര്‍ ശേഖരിച്ചതും ഓര്‍ക്കുന്നു. അന്നൊക്കെ ബിഷപ്പെന്നു കേട്ടാല്‍ പ്രവാസികള്‍ കൈഅയച്ചു സഹായിക്കുമായിരുന്നു.

    നൂറു കണക്കിന് അച്ചന്മാര്‍ കോളേജു ആടിറ്റൊരിയം (auditorium), ലൈബ്രറി കെട്ടിടങ്ങള്‍ പണിയാനെന്നു പറഞ്ഞു പ്രവാസികളെ പിഴിഞ്ഞ് പോയവരെയും അറിയാം. വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ പാലാ ബിഷപ്പ് കോളേജ് അഡ്മിഷന് കോഴ മേടിക്കുന്നുണ്ടായിരുന്നു. മാസ്റ്റെര്സ്ഡിഗ്രീ
    പ്രവേശനത്തിനു അന്നത്തെ വികാരി ജനറാള്‍ നേരിട്ട് എന്നോട് പണം ചോദിച്ചതും ഓര്‍ക്കുന്നു.

    അമേരിക്കയില്‍ തെണ്ടുവാന്‍ ഏറ്റവും മിടുക്കന്‍
    മെത്രാന്‍ കാഞ്ഞിരപ്പള്ളി അറക്കല്‍
    ബിഷപ്പാണെന്നും ഏതു പ്രാവാസ്സിയും വിളിച്ചു പറയും. കണക്കില്ലാത്ത കറുത്ത പണം
    കൈവശമുള്ള ഇവര്‍ വെളുത്തതാക്കുവാന്‍ ഇന്ന്
    പള്ളി ഇടിച്ചു താഴെഇടുകയും ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയുകയും ചെയ്യുന്നു.

    ReplyDelete
  2. നെറികേടിനെ എതിര്‍ക്കുമ്പോഴും നേരുകള്‍ നേരാണെന്ന് കൂടി പറയുന്നതാണ് ആര്‍ജവം. ബൌധിക അടിമത്തം സഭയോടായാലും മറ്റു പ്രസ്ഥാനങ്ങളോടായാലും അടിമത്തം തന്നെ. ഒരു വശം മാത്രമായി ഇത് വരെ ആരും ഒരു നാണയവും ഇറക്കിയിട്ടില്ല. ഒരു വശം മാത്രമുള്ള മനുഷ്യരോ ജീവികളോ ഇല്ല. എല്ലാ പ്രകാശവും അല്പം പുകയും കരിയും പുറപ്പെടുവിക്കും. അതുകൊണ്ട് ആ തിരി ഇരുട്ടുള്ളപ്പോള്‍ ആരും തല്ലി കെടുത്താറില്ല. തിരി കരിന്തിരി ആയാല്‍ അല്പം എണ്ണ ഒഴിച്ചു ജീവന്‍ കൊടുക്കുക. അതാണ്‌ വിവേകവും പക്വതയും. എണ്ണയാണെന്ന് കരുതി വെള്ളമോഴിക്കുകയുമരുത്. മതങ്ങളെ താരതമ്മ്യപ്പെടുതിയാല്‍ മനുഷ്യനെ സ്വതന്ത്രനും സഹിഷ്ണുവും ആക്കുന്ന മതം കത്തോലിക്കാ മതം തന്നെ ആണ്. നെറികേട് കാട്ടിയിട്ടുള്ള മത മേധാവികളുടെ കാര്യമല്ല ഞാന്‍ സഭ എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ഈ ബ്ലോഗില്‍ എഴുതുന്നവരെ പോലെ ഉള്ളവരെയും മുഴുവന്‍ കത്തോലിക്കാ സമൂഹത്തെയും അതിന്‍റെ ലോക വീക്ഷണത്തെയും സ്നേഹ കാരുണ്യ പ്രവര്‍ത്തികളെയും കൂട്ടി ആണ്.

    "ആദിമ ക്രിസ്ത്യന്‍ സഭയില്‍ നടന്നത് പോലെ സ്വത്തു കൈകാര്യം ചെയ്യുന്നത് അല്‍മായ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഒരു സമിതി ആയിരിക്കണം. ഭാരതത്തിലെ പൌരന്മാര്‍ റോമന്‍ നിയമം അനുസരിച്ചും ജിവിക്കണോ?"

    അങ്ങിനെ എങ്കില്‍, 1 .2 billion വരുന്ന ഇന്ത്യന്‍ ജനത ബ്രിട്ടീഷ്‌ നിയമവും അവിടെ നിന്നും ഇറക്കുമതി ചെയ്ത ജനാതിപത്യ വ്യവസ്ഥിതിയിലും ആണ് ജീവിക്കുന്നത്. ഇനി ഇന്ത്യ അതിന്‍റെ പഴയ പുരാതന രാജ ഭരണത്തിലേക്ക് തിരിച്ചു പോകണമോ? അതോ പഴയ ഗോത്ര വര്‍ഗ സംഹിതയിലെക്കോ? കാലത്തിലേക്ക് മടങ്ങി പോകാന്‍ ആവില്ല. ബുദ്ധന്‍ പറഞ്ഞു ഒരു നദിയില്‍ രണ്ടു പ്രാവശ്യം കാലെടുത്തു വക്കാന്‍ ആവില്ല എന്ന്. ആദ്യം കാല് വച്ച നദി ഒഴുകിപ്പോയി. ഇപ്പോള്‍ ഒഴുകുന്നത്‌ വേറെ ഒന്നാണത്രെ. പഴയ കാളവണ്ടിയെക്കാള്‍ നല്ലതല്ലേ ഇപ്പോഴത്തെ ബോയിംഗ്. പക്ഷെ വേഗതയും കാര്യക്ഷമതയും കൂടുതല്‍ ഉള്ളപ്പോള്‍ മരണ സാദ്ധ്യതയും, മരണ സംഖ്യയും കൂടുതല്‍ ആയിരിക്കും. എന്നാലും നമൂക്കു ബോയിങ്ങിന്‍റെ ഉപയോഗവും ആവശ്യകതയും തള്ളിക്കളയാനാവില്ലല്ലോ.
    എത്ര ശ്രമിച്ചാലും എല്ലാ അഴുക്കുകളോടും കൂടി നദി മുന്നോട്ടു തന്നെ ഒഴുകും. അതിനെ പിന്നോട്ടൊഴുക്കാന്‍ പറ്റില്ല, ഒഴുക്കിനെതിരെ നീന്താന്‍ പറ്റിയാലും. പക്ഷെ കുറച്ചു ദൂരം മാത്രം. ഏതൊരു സമൂഹവും എപ്പോഴൊക്കെ പിന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ടോ അതു ക്ഷയിച്ചിട്ടേ ഉള്ളൂ. (ഉദാഹരണം അഫ്ഗാനിസ്ഥാനിലെ താലിബാന്‍) ഇപ്പോഴുള്ളതിനെ നവീകരിക്കുക എന്ന് വച്ചാല്‍ ഇന്നലകളിലേക്ക് മടങ്ങുക എന്നര്‍ഥം ഇല്ല. ഇന്നിനെ സ്ഫുടം ചെയ്തു നാളെയിലേക്ക് നയിക്കുക എന്നാണു. ആദിമ സഭാ സംവിധാനം അതുപോലെ തന്നെ ഇന്ന് ഇവിടെ അപ്രസക്തമാണ് എന്നാണ് എന്‍റെ അഭിപ്രായം. പക്ഷെ ഇന്ന് ഇവിടെ അത്മായ പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത ഒരു സാമ്പത്തിക സമിതിയും സാമ്പത്തിക ഇടപാടുകളും കത്തോലിക്ക സഭക്ക് അഭികാമ്യം അല്ല എന്ന്തന്നെ അല്ല അധാര്‍മികം കൂടി ആണ്. കാരണം ആ സമ്പത്തിന്‍റെ സ്രോതസ്സ് അവരാണ്. അത്മായരാണ് സഭയുടെ ശക്തിയും യജമാനരും. വൈദികരും മെത്രാന്മാരും ശുശ്രൂഷകര്‍ മാത്രം. പക്ഷെ റോമിലെ സാമ്പത്തിക ഇടപാടുകളിലെ അല്‍മായ കര്‍ദിനാള്‍ മാഫിയ ബന്ധങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാന്‍ ഇടയാകരുത്.

    ഗിത വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചു ഗിതയില്‍ ആയിതിര്‍ന്ന കത്തോലിക്കാ വൈദികന്‍ ഒരു ഉദാഹരണം മാത്രം. ഹിന്ദുവും ക്രിസ്ത്യാനിയും ഉണ്ടാവുന്നതിനു മുമ്പ് ഈ ഭാരതത്തില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും ഒരു ആധ്യാത്മിക ഗ്രന്ഥം വായിച്ചു നോക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇത് പറയില്ലായിരുന്നു"

    ഖുറാന്‍ വായിച്ചു മുസ്ലിം ആയി തീര്‍ന്ന ,das capital വായിച്ചു കമ്മ്യുണിസ്റ്റ് ആയ, ഫിലോസഫി പഠിച്ചു നിരീശ്വര വാദികളായ കത്തോലിക്ക പുരോഹിതരും ഉണ്ട്. ഗീതയില്‍ ആകുന്ന പലരും ഉണ്ട്. അതുകൊണ്ട് എന്ത് കത്തോലിക്കാ നവീകരണം എന്ന് വ്യക്തമല്ല. ഗീതയും സുറിയാനി കത്തോലിക്ക സഭയും തമ്മില്‍ ബന്ധിപ്പിക്കുന്നത് യുക്തിയല്ല നവീകരണവും അല്ല. കത്തോലിക്കാ നവീകരണത്തിന് സുവിശേഷത്തെക്കാള്‍ മഹത്തായ ഹിന്ദുവും ക്രിസ്തിയാനിയും ഉണ്ടാകുന്നതിനു മുന്‍പുള്ള ഏതു ഗ്രന്ഥമാണ് ഉള്ളത്.

    "ഇത്തരം പൊള്ളയായ ആചാരങ്ങളെ പ്പറ്റി സാധുക്കളെ ബോധവാന്മാരാക്കാന്‍ ആര് വരുമെന്നാണ് പറയുന്നത്? ദൈവമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ദൈവത്തിന്റെ അംശങ്ങള്‍ ആയ പ്രപഞ്ച സൃഷ്ടികളിലൂടെയെ ദൈവം അത് സാധിക്കൂ. അതാണ്‌ അല്മായാ ശബ്ദം ചെയ്യുന്നതും"

    തീര്‍ച്ചയായും ദൈവം വരില്ല. മനുഷ്യര്‍ തന്നെ വേണം.ഈ പറഞ്ഞത് സത്യം.അതിനീ പ്രസ്ഥാനം നല്ലതാണ്. പക്ഷെ വായിക്കുന്നവര്‍ വളരെ പ്രബുദ്ധര്‍ ആയവര്‍ മാത്രം എന്ന് തോന്നുന്നു. അവര്‍ക്കിതിന്‍റെ ആവശ്യം ഇല്ല എന്നത് ഒരു വിരോധാഭാസം. പുലിക്കുന്നേലിനെ ബോധാവാനാക്കാന്‍ ഓശാന വായിച്ചു കേള്‍പ്പിക്കണോ!

    "ദൈവത്തിന്‍റെ അംശങ്ങള്‍ ആയ പ്രപഞ്ച സൃഷ്ടികളിലൂടെയെ ദൈവം അത് സാധിക്കൂ"
    കുറെ ദൈവാംശങ്ങള്‍ വേറെ കുറെ ദൈവാംശങ്ങളെ നവീകരിക്കാന്‍ ശ്രമുക്കുകയാണ്. ഈ പറയുന്നതില്‍ ഒരു യുക്തി രാഹിത്യം തോന്നുന്നില്ലേ.

    ReplyDelete