Translate

Wednesday, June 13, 2012

ദളിത ക്രിസ്ത്യാനികളോട് സഭയുടെ നിലപാട്(തുടര്‍ച്ച)

 ദളിത ക്രിസ്ത്യാനികളുടെ ഉത്ഭവം 
ദളിത്‌ ക്രിസ്ത്യാനികളില്‍ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. മത്സ്യ തൊഴിലാളികളാണ് അധികവും.  പതിനാറും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ താണ ഹിന്ദുജാതികളില്നിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ
മിഷ്യനറിമാര്‍ക്ക് അന്നു ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥയെപ്പറ്റി വ്യക്തമായി  അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തില്‍ ജാതി വ്യവസ്ഥ  ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെ ഇടയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ക്രിസ്ത്യന്‍ ദളിതരുടെയിടയില്‍ പകര്‍ന്നു പിടിച്ചിരുന്നു.  സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചു.

സംവരണവും ക്രിസ്ത്യന്‍ ദളിതരും
 "ദളിത്ക്രിസ്ത്യാനി എന്ന പദം തന്നെ തെറ്റാണ്. സിറോമലബാര്‍ സഭയില്‍ വിശ്വാസികള്‍ എല്ലാവരും ഒരുപോലെയാണ്."കര്‍ദ്ദിനാള്‍ ആലന്ചെരിയുടെയും ക്രിസ്ത്യന്‍ പിതാക്കന്മാരുടെയും അഭിപ്രായമാണിത്.
ക്രിസ്തുവചനം അനുസരിച്ച് സുന്ദരമായ തത്വം. ഇങ്ങനെ ബ്രാഹ്മണരും ചതുര്‍വേദങ്ങളും  പറയും, ദളിതര്‍ ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളുടെ ഭാഗമാണ്. കാരണം ഒരു ശരീരത്തിനു എല്ലാ അവയവങ്ങളും ഒന്നായ ആവശ്യംപോലെ ദളിതരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്.  അങ്ങനെ തത്വങ്ങള്‍ക്ക് യാതൊരു കുറവുമില്ല.


ഇന്ത്യയിലെ മൊത്തം കത്തോലിക്കരില്‍ എഴുപതു ശതമാനവും ദളിതരാണ്. ദളിത്‌ എന്നു പറഞ്ഞാല്‍ തകര്‍ന്ന മനുഷ്യര്‍ എന്നാണുഅര്‍ഥം. സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയുണ്ടാക്കിയപ്പോള്‍ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്ന് നക്കല്‍ തയ്യാറാക്കിയത്. അതായത് ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്ന് വാദിക്കുന്ന അന്നത്തെ ക്രിസ്ത്യന്‍ നേതൃത്വം ക്രിസ്ത്യാനികളായ ദളിതര്‍ക്കുള്ള സംവരണംനിരസിച്ചുകൊണ്ട് ഇല്ലാതാക്കി. ജാതിതിരിവ് ക്രിസ്ത്യന്‍മതത്തില്‍ ഇല്ലെന്നു നെഹ്രുവിനെയും അംബേദ്ക്കാര്‍ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി. ക്രിസ്ത്യാനി ദളിതര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ മുളയിലേതന്നെ നുള്ളികളഞ്ഞത് അന്നത്തെ ക്രിസ്ത്യന്‍ നേതൃത്വമാണ്. ഫലമോ,ദളിതരായ ഹിന്ദുക്കള്‍ ഇന്ന്ബ്രാഹ്മണരേക്കാള്‍ ഉന്നത നിലകളിലായി. സംവരണംമൂലം ജീവിതത്തിന്റെ ഏതുതുറകളിലും ഹിന്ദു ദളിതര്‍ക്ക് ഉയരുവാന്‍ അവസരങ്ങള്‍ ഉണ്ടായി.

ഭാരതവും വിവേചന സംവരണ നിയമവും 
മാധ്യമങ്ങളും സാംസ്ക്കാരിക രാഷ്ട്രീയസംഘടനകളും ഭാരതം  പ്രകാശി ക്കുന്നുവെന്ന് പ്രചരണം നടത്തുന്നുവെങ്കിലും യഥാര്‍ഥ ചരിത്രം മറിച്ചാണ്. ലോകശക്തികളില്‍ ഒന്നായി ഭാരതം
കുതിച്ചുയരുന്നുവെന്നതും ശരിതന്നെ. നിരസിക്കുന്നില്ല. ഒന്നേകാല്‍ ബില്ല്യന്‍ ജനങ്ങളുടെ   സാമ്പത്തികശക്തിയുടെ മുന്നേറ്റമാണിത്. ഭാരതത്തിലെ പരിഷ്കൃത നഗരങ്ങളില്‍ക്കൂടി യാത്ര ചെയ്‌താല്‍ ഈ സാമ്പത്തിക മുന്നേറ്റത്തിന്റെ കുതിപ്പ് എവിടെയും കാണാം.  ടെക്കനോളജിയുടെ ഗുണങ്ങള്‍ ലോകത്ത് ഏറ്റവും അനുഭവിക്കുന്ന ജനങ്ങള്‍ ഉള്ള രാജ്യവും ഭാരതം തന്നെ. 

ആധുനികതയുടെ ഈ മുഖംമൂടിയില്‍  അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഒളിഞ്ഞിരിപ്പുണ്ടെന്ന വസ്തുത അധികം ആരും ഗൌനിച്ചിട്ടില്ല. ലോകം ഇവരോട് വിവേചനപരമായി പെരുമാറുന്നു. ഇന്നുള്ള നിര്‍ദ്ദയമായ സാമൂഹ്യക വ്യവസ്ഥ  ഇവരെ മൃഗങ്ങളുടെ നിലവാരത്തില്‍  കാണുന്നു. ഉയര്‍ന്ന ജാതികളായ ഹിന്ദുക്കളില്‍ നിന്നും ക്രിസ്ത്യാനികളില്നിന്നും ഒരുപോലെ ഇവര്‍ക്ക് ജീവനും ഭീഷണിയുണ്ട്. ഭാരതത്തിന്റെ പുറം ലോകത്തുനിന്നും ഒളിഞ്ഞിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വര്‍ണ്ണ വ്യവസ്ഥയുടെ കഥയാണിത്. 

 കരംചെടുവിലും ചുന്ദൂരിലും അടുത്തയിടെ
ദളിതര്‍ക്കെതിരെ നടന്ന  ഭീകര ആക്രമത്തില്‍  ഇരയായയതും കൂടുതലും ദളിത ക്രിസ്ത്യാനികള്‍ ആയിരുന്നു.  ദളിതര്‍ക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലയെന്നുള്ളതും പരിതാപകരമാണ്.

ദളിത ക്രിസ്ത്യാനികളും ദളിത മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഭരണഘടനയ്ക്ക് മാറ്റം വരുത്തി ദളിത ക്രിസ്ത്യാനികളെ ഷെഡ്യൂള്‍ കാസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍  ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയം പലവിധ സാങ്കേതിക കാരണങ്ങളാല്‍ ബില്ലവതരണം പരാജയപ്പെടുന്നതായും കാണുന്നു. ഉയര്‍ന്ന ജാതികളില്‍ നിന്നുമുള്ള എതിര്‍പ്പ് ഒരു കാരണമാണ്.

ക്രിസ്ത്യന്‍ ദളിതരുടെ തൊഴിലവസരങ്ങള്‍
എഴുപതുശതമാനം വരുന്ന ദളിത്ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. പുരോഹിതര്‍ക്കും
പിന്‍വാതിലില്‍ക്കൂടി കോഴ നല്‍കുന്നവരുടെ മക്കള്‍ക്കും ജോലി നല്‍കുന്ന സങ്കേതങ്ങളില്‍ തകര്‍ന്നു ജീവിക്കുന്ന ദളിതര്‍ക്ക് എന്തുകാര്യം. സീറോ മലബാര്‍സ്ഥാപനങ്ങളില്‍ ഒരു ശതമാനം ദളിതര്‍പോലും ജോലി ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.

ദളിത്ജനങ്ങളെതന്നെ സ്വാതന്ത്ര്യം കിട്ടികഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു. ഇവര്‍ക്ക് സര്‍ക്കാരില്‍ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത്
ക്രിസ്ത്യന്‍ സ്ഥാപനങ്ങളായിരുന്നു.

 
എഴുപത്തിയഞ്ചുശതമാനം ദളിതര്‍ ഉള്‍കൊള്ളുന്ന ക്രിസ്തീയസഭയില്‍ കത്തോലിക്കരുള്‍പ്പെടെ 85ശതമാനവും ക്രിസ്തീയനേതൃത്വം ഉയര്‍ന്ന ജാതിയില് ‍നിന്നുമാണെന്നുള്ളതു തികച്ചും നീതികരിക്കാവുന്നതല്ല. സഭയ്ക്കുള്ളില്‍ ബ്രാഹ്മണരേപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ചു ദളിതര്‍ക്കും അവരുടെ സമുദായ ഉദ്ധാരണത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള കൂടുതല്‍അവസരങ്ങള്‍ കൊടുത്തില്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല.വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹിക   വ്യവസ്ഥിതികള്‍ക്കെതിരെ യേശുനല്‍കിയ സന്ദേശങ്ങള്‍ക്ക് വിരുദ്ധവും.

 അവഗണിക്കപ്പെട്ട ദളിതര്‍
മതവും രാഷ്ട്രവും ഒരുപോലെ ദളിത്‌ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. ഇവര്‍ ഇന്ന് ഹിന്ദു ദളിതരെക്കാള്‍ അമ്പതുവര്‍ഷം പുറകിലാണ്. മതമെന്നുള്ളത് ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെ പേരില്‍ ദളിതര്‍ക്ക് റിസര്‍വേഷന്‍ നിഷേധിക്കുന്നത് ഭരണഘടന വാഗ്ദാനത്തിന്‍റെ ലംഘനംകൂടിയാണ്. ദളിത്‌ ക്രിസ്ത്യാനികളുടെ ഈ ആവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും.

നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഇവര്‍ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ
പരിഗണനയും ഇവരോട് കാണിച്ചിട്ടില്ല. ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനു ഇവര്‍ ഇന്ന് ഇവരുടെ പൂര്‍വികരെ പഴിക്കുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനങ്ങള്‍ കൊടുത്തിട്ടു ഇവരെ ചതിക്കുക ആയിരുന്നു. 

ഉന്നതകുലക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴില്‍ ഇല്ലായ്മയും ചൂഷണവും ചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലിതേടിയാലും ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലി ഏറെയും. ദളിതര്‍ക്ക് ബുദ്ധമതത്തിലോ സിക്ക്മതത്തിലോ  മതപരിവര്‍ത്തനം  നടത്തിയാലും റിസര് വേഷനെ ബാധിക്കുകയില്ല.

ക്രിസ്ത്യന്‍ദളിതര്‍ ഹിന്ദുമതത്തില്‍ ആയിരുന്നപ്പോള്‍  ഉയര്‍ന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തില്‍ ചേര്‍ന്നത്‌ ഹിന്ദുമൌലികവാദികളുടെ വര്‍ണ്ണവ്യവസ്ഥയില്‍നിന്നു രക്ഷനേടുവാന്‍ ആയിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാര്‍ ദളിതരെയും തുല്യമായി പരിഗണിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ എല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവര്‍ പോലും ഇന്നും ഇവരുടെ ഇടയില്‍ കുറവാണ്.

ക്രിസ്ത്യന്‍സ്കൂളില്‍ പഠിക്കുന്ന ദളിതര്‍ക്ക് വീട്ടിലെ ദാരിദ്ര്യംകാരണം പഠനത്തില്‍ ഉയരുവാനും സാധിക്കുന്നില്ല. പുരോഹിതരും കന്യാസ്ത്രികളും സമയം ചിലവഴിക്കുന്നത് പണക്കാര്‍ക്കും ഉന്നതകുല കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ക്കുമാണ്.പാവപ്പെട്ട ദളിത്‌ ക്രിസ്ത്യാനികളെ ക്രിസ്ത്യന്‍ സ്കൂളുകളില്‍ അവഗണിക്കുന്നതും അവരുടെ മാനസ്സികനിലയെ തകര്‍ത്തിട്ടുണ്ട്. ദളിതരുടെ കണ്ണുനീരിന്‍റെ ഉറവിടവും ക്രിസ്ത്യന്‍സ്കൂളുകള്‍ തന്നെയാണ്.

No comments:

Post a Comment