Translate

Monday, May 19, 2014

ഹൃദയവയലില്‍ വിതയ്ക്കുന്നവന്‍


ശ്രീകാന്ത് കോട്ടക്കല്‍
mathrubhumi - news
---------------------------------
മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിക്കുന്ന
അപൂര്‍വ്വം പുരോഹിതരില്‍ ഒരാളായ ഫാ.ബോബി ജോസുമായി ഒരു അഭിമുഖം
അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നാകെ സുഗന്ധം പ്രസരിച്ചു. തേനിന്റേതുപോലുള്ള, മെഴുകിന്റെയും പനിനീര്‍പ്പൂവിന്റെയും പോലുള്ള ഗന്ധം. അതനുഭവിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, സന്ന്യാസത്തിന് സുഗന്ധമുണ്ട്. അതുകൊണ്ടാണ് വെള്ളിനിറത്തിലുള്ള സ്മാരകപേടകങ്ങള്‍ തുറക്കുമ്പോള്‍ സന്ന്യാസിമാരുടെ എല്ലുകള്‍ മണക്കുന്നത്.
-നിക്കോസ് കസാന്‍ദ് സാക്കിസ് (ഗോഡ്സ് പോപ്പര്‍)
ചുറ്റിലും മതങ്ങളുടെ ബഹളമയമായ പ്രകടനങ്ങളും പ്രഘോഷണങ്ങളുമാണ്. അമ്പലങ്ങളും പള്ളികളും ജനങ്ങളാല്‍ നിറഞ്ഞ് പുറത്തേക്ക് കവിയുന്നു. പുരോഹിതരും മതപ്രഭാഷകരും അന്തിമവാക്കാവുന്നു. എല്ലാവരും പറയുന്നു, എന്റെ മതമാണ് ശരി, ഇത് മാത്രമാണ് മോക്ഷമാര്‍ഗം. പൂജകള്‍, കാര്യസാധ്യ പ്രാര്‍ഥനകള്‍, വഴിപാടുകള്‍, കവിയുന്ന കാണിക്കവഞ്ചികള്‍, വീടുകളേക്കാള്‍ എണ്ണം കൂടുന്ന ദേവാലയങ്ങള്‍...
ഈ ബഹളത്തിനിടയില്‍ കാണാതെപോകുന്ന മനുഷ്യനെയും അവന്റെ ഉള്ളറകളിലെ വെളിച്ചങ്ങളെയും നീരൊഴുക്കുകളെയും നിധികുംഭങ്ങളെയും കുറിച്ച് ആകുലപ്പെടുന്നവര്‍ ബോബി ജോസ് കട്ടിക്കാട് എന്ന കപ്പൂച്ചിന്‍ സന്ന്യാസിയെ ഒരിക്കലെങ്കിലും കാണണം.
തവിട്ടുനിറത്തില്‍ ഉലയുന്ന അങ്കിയും അരയിലൊരു കെട്ടുമായി ഈ സന്ന്യാസി നടന്നുവരുന്നത് കാണുമ്പോള്‍ ജറുസലേമിലെ കല്‍മലകളിറങ്ങിവരുന്ന മറ്റൊരു രൂപത്തെ ഓര്‍ത്തുപോകും. തിരമാലകളെയും തീവെയില്‍ നാളങ്ങളെയും മഴകളെയും മഞ്ഞുവീഴ്ചകളെയും ഉള്ളില്‍ വഹിക്കുന്ന ഒരു മനുഷ്യന്റെ ഛായ. ഒരിക്കലും ചെരിപ്പുകള്‍ ഉപയോഗിക്കാത്ത അദ്ദേഹത്തിന്റെ കാലടികളില്‍ ഭൂമിയുടെ ഉപ്പും ഗന്ധവും പൊടിയുടെ രൂപത്തില്‍ പുരണ്ടിട്ടുണ്ട്.
സ്വന്തം മതഗ്രന്ഥങ്ങള്‍മാത്രം വായിച്ച് അജീര്‍ണംപിടിച്ച്, മരിച്ച മത്സ്യങ്ങളെപ്പോലുള്ള വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്ന വരണ്ട സന്ന്യാസിമാരെപ്പോലെയല്ല ഫാ. ബോബി ജോസ് സംസാരിക്കുന്നതും എഴുതുന്നതും. അവയില്‍ ക്രിസ്തുവും കൃഷ്ണനും നബിയും ഗൗതമബുദ്ധനും ഖലീല്‍ ജിബ്രാനും ഏണസ്റ്റോ ചെഗുവേരയും ഏണസ്റ്റ് ഹെമിങ്വേയും പീറ്റര്‍ മാത്തിസനും കസാന്‍ദ് സാക്കിസും കുഞ്ഞിരാമന്‍നായരും ദസ്തയേവിസ്‌കിയും കാളിദാസനും വിക്ടര്‍ യൂഗോയും മാര്‍ക്കേസുമെല്ലാം നുരഞ്ഞ് പതഞ്ഞ് നിറയുന്നു. ഓരോ വാക്കും ഒരു നക്ഷത്രം, ഓരോ ആശയവും ഒരു മിന്നല്‍. തെളിഞ്ഞ ചിന്തയും നിറഞ്ഞ വിനയവും നനഞ്ഞ മനസ്സുമുള്ള ഒരാള്‍. വയല്‍പ്പൂക്കള്‍ക്കിടയില്‍ക്കൂടി നഗ്‌നപാദനായി നടന്നുപോകുന്ന നിസ്സാരനായ ഒരു സഞ്ചാരി മാത്രമാണ് താന്‍ എന്ന ഭാവമായിരുന്നു എപ്പോഴും ബോബി ജോസിന്റെ മുഖത്ത്. അദ്ദേഹമായുള്ള സംഭാഷണത്തില്‍നിന്ന്...
ആത്മീയത എന്നാല്‍ മതത്തിന്റെ പേരിലുള്ള ബഹളമാകുന്ന കാലത്തെക്കുറിച്ച്...
നിയതമായ തീര്‍ച്ചകളോ തീര്‍പ്പുകളോ ഇല്ലാത്തതാണ് മതവും ആത്മീയതയും. ഓരോ വ്യക്തിയിലും അത് ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ശരിയെന്നും മറ്റൊന്ന് തെറ്റെന്നും എങ്ങനെയാണ് നാം പറയുക? നമുക്ക് തെറ്റ് അല്ലെങ്കില്‍ നിരര്‍ഥകം എന്ന് തോന്നുന്നത് അന്യന്റെ അനുഭവത്തില്‍ ശരിയും സാര്‍ഥകവുമാണെങ്കിലോ? ഏകാന്തതയാണ് ആത്മീയത, അവിടെ മാത്രമാണ് ശാന്തി എന്നുപറയുമ്പോള്‍ കുംഭമേളയ്ക്ക് ഇത്രയും പേര്‍ വരുന്നത് എന്തുകൊണ്ടാണ്? ഞാന്‍ കുംഭമേള അനുഭവിച്ചയാളാണ്. ആ മനുഷ്യക്കടലില്‍നിന്ന് ഒരു ഊര്‍ജം ഉണ്ടാവുന്നുണ്ടാവണം. അത് ആര്‍ക്കൊക്കെയോ സാന്ത്വനമാവുന്നുണ്ടാവാം; നമുക്കറിയില്ല. അതുകൊണ്ട് വിധിക്കാതിരിക്കുക, ആത്മീയതയുടെ കാര്യത്തില്‍.
വലിയ വായനയും യാത്രകളും ഉള്ളയാളാണല്ലോ. ഒരു സന്ന്യാസിയെ ഇവ സഹായിക്കുമോ
സന്ന്യാസിക്കെന്നല്ല എല്ലാ മനുഷ്യര്‍ക്കും വായനയും യാത്രയും ആവശ്യമാണ്, അത്യാവശ്യമാണ്. ഉള്ളിലേക്കുള്ള യാത്രകളാണ് വായന. വായിക്കാതിരുന്ന മനുഷ്യനായിരിക്കില്ല വായിച്ചതിന് ശേഷമുള്ളത് എന്ന കാര്യം തീര്‍ച്ച. ഏതൊക്കെ ദേശങ്ങളെയും എത്രയെത്ര ജീവിതങ്ങളെയുമാണ് നാം വായനയിലൂടെ സ്വന്തമാക്കുന്നത്! അവയെല്ലാം നമ്മെ മറ്റൊരാളാക്കും. യാത്രയാണ് മനുഷ്യനെ വിനയം പഠിപ്പിക്കുന്നത്.
താങ്കളുടെ ക്രിസ്തു ആരാണ്, ആരല്ല?
എന്റെ ക്രിസ്തു ഒരു പാവം മരപ്പണിക്കാരനാണ്. പ്രവാചകന്മാരുടെ ചരിത്രത്തില്‍ ഇത്രമാത്രം സ്വേദകാണ്ഡം ഉണ്ടായിരുന്ന അധികം പേരുണ്ടാവില്ല. വളരെ ലളിതനായ, കാരുണ്യവാനായ, സ്‌നേഹം മാത്രമായ ഒരു പാവം-അതാണ് ക്രിസ്തു. മറ്റൊന്നും എനിക്ക് ക്രിസ്തുവല്ല.
മലയാളിക്ക് എന്താണ് പറ്റുന്നത്?
ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിഷമമാണ്. കാരണം, പറയുമ്പോള്‍ നമ്മള്‍ മുകളില്‍നിന്ന് മറ്റൊരാളെ വിമര്‍ശിക്കുന്നതുപോലെ തോന്നും. അതല്ല, ഞാനുള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ കാഴ്ചയുടെ അതിപ്രസരമാണ് പ്രധാനപ്രശ്‌നമെന്ന് തോന്നുന്നു. നമ്മള്‍ കാഴ്ചയില്‍ മാത്രമായി മയങ്ങിപ്പോയി. ഒന്നും കേള്‍ക്കുന്നില്ല, അനുഭവിക്കുന്നില്ല, സ്വയം ആര്‍ജിക്കുന്നില്ല. എല്ലാം മുകള്‍പ്പരപ്പിലൂടെയുള്ള സഞ്ചാരം മാത്രം. ഒന്നിനുമില്ല ആഴവും ആത്യന്തിക സത്യാന്വേഷണവും.
താങ്കളുടെ മതസങ്കല്പവും മനുഷ്യസങ്കല്പവും എന്താണ്
ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെത്തന്നെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്.
സന്ന്യാസി എന്ന നിലയില്‍ താങ്കളുടെ ഒരു ദിനം എങ്ങനെയാണ്?
എല്ലാ പാവം മനുഷ്യരെയുംപോലെ. നടന്നും വിയര്‍ത്തും ബസ്സിലും തീവണ്ടിയിലും കയറിയും മഴകൊണ്ടും വെയിലേറ്റും വിശന്നും പ്രാര്‍ഥിച്ചും...

1 comment:

  1. Self projection, self advertisement, self seeking, self exultation തുടങ്ങിയ വ്യത്യസ്ത നിറങ്ങളിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ അല്മായശബ്ദത്തിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾക്കിടയിൽ, നിലത്തു കാലുറപ്പിക്കാനും മനസ്സിനെ ഈശ്വരനിലെയ്ക്ക് ഉയർത്താനും മനുഷ്യനെ സഹായിക്കുന്ന ഇത്തരം ചില കുറിപ്പുകളും കാണുന്നതിൽ സന്തോഷിക്കുന്നു. മഹേശ്വറിനു നന്ദി.

    ReplyDelete