Translate

Thursday, May 29, 2014

സിറോ മലബാര്‍ സഭയില്‍ ഇനി കല്യാണം വരെ വേദപാഠം പഠിക്കാം
Mathrubhumi
Posted on: 29 May 2014
ജിജോ സിറിയക്‌


കൊച്ചി: സിറോ മലബാര്‍ സഭയില്‍ ഇനി മുതല്‍, കല്യാണം വരെ വേദപാഠം പഠിക്കാം. ആദ്യ പടിയായി എറണാകുളം - അങ്കമാലി അതിരൂപതയില്‍ 'ല്യൂമന്‍ ക്രിസ്റ്റി' എന്ന പേരില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ യുവജനങ്ങള്‍ക്കായി പ്രത്യേക മതപഠന പദ്ധതി നടപ്പാക്കും. നിലവില്‍ എല്‍.കെ.ജി. മുതല്‍ പ്ലസ്ടു വരെയാണ് മതപഠനം. ചില രൂപതകളില്‍ അടുത്തകാലത്തായി !ഡിഗ്രി വരെ മതപഠനം തുടങ്ങിയിട്ടുണ്ട്. പുതിയ പദ്ധതിപ്രകാരം വിവാഹിതരാകും വരെ വേദപാഠം പഠിക്കാം. ഇതിന് സര്‍ട്ടിഫിക്കറ്റുകളും നല്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അതിരൂപതാ അംഗങ്ങള്‍ക്ക് ഓണ്‍ലൈനായും പഠനത്തില്‍ പങ്കാളിയാകാം. താമസിയാതെ മറ്റു രൂപതകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്.
യുവജനങ്ങള്‍ സഭയില്‍ നിന്നകന്നുപോകുന്നു എന്നത് സിനഡില്‍ ചര്‍ച്ചയായിരുന്നു. സ്വദേശം വിടുന്ന പ്രൊഫഷണലുകള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി. സഭയിലൂടെ വളര്‍ന്നുവന്നവര്‍പോലും പൊന്തക്കോസ്ത് പോലുള്ള കൂട്ടായ്മകളിലേക്ക് എത്തിപ്പെടുന്നുണ്ട്. സമുദായാംഗങ്ങളില്‍ ചിലരെങ്കിലും മദ്യവും മയക്കുമരുന്നുമടക്കമുള്ളവയുടെ പിടിയിലേക്കും പോകുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതപഠനത്തിന് തുടര്‍ച്ച നല്‍കുവാന്‍ സഭ തീരുമാനിച്ചത്.
മതപഠനത്തിലുപരി ആത്മീയ കാര്യങ്ങളിലും സമൂഹിക പ്രശ്‌നങ്ങളിലും ഒരു പൊതുകാഴ്ചപ്പാട് പകരുകയാണ് 'ല്യൂമന്‍ ക്രിസ്റ്റി' ലക്ഷ്യമാക്കുന്നത്. !ഞായറാഴ്ചകളില്‍ ഇടവക കേന്ദ്രീകരിച്ച് നടക്കുന്ന ക്ലാസുകള്‍ കൂടാതെ ബുധനാഴ്ചകളില്‍ മതബോധന കേന്ദ്രം വെബ്‌സൈറ്റിലൂടെ കാലിക വിഷയങ്ങളുടെ ചര്‍ച്ചയും നടത്തും. വിദേശത്തുള്ളവര്‍ക്ക് www.catechismernakulam.com വഴി ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വിദഗ്ധരുടെ ലേഖനങ്ങള്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്ത് അതിനെ മുന്‍നിര്‍ത്തിയാകും ചര്‍ച്ച. തത്കാലം യുവജന മതപഠനം നിര്‍ബന്ധിതമല്ല എന്നാണ് സഭാ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, സഭാ സ്ഥാപനങ്ങളില്‍ ജോലിക്കും മറ്റും പരിഗണിക്കുമ്പോള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് വെയിറ്റേജ് നല്‍കുന്നത് പരിഗണനയിലുണ്ട്. 
http://www.mathrubhumi.com/online/malayalam/news/story/2943391/2014-05-29/kerala

No comments:

Post a Comment