Translate

Thursday, May 29, 2014

ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !

'വചനം ജഡമായവന്റ ജഡത്തെ ലോകം ഒടുവിൽ കൈകാര്യം ചെയ്തത് ' വി.മത്തായി 27/60, വി.മാർക്കോസ് 15/46,     വി.ലൂക്കോസ് 23/53.& വി.യോഹന്നാൻ 19/40,41,42 വരെ നോക്കിയാൽ, "ശീലയിൽ പൊതിഞ്ഞു കല്ലറയിൽ  വച്ചു (കിടത്തി),"എന്നാണു വായിക്കുക! പക്ഷേ, അവന്റെ ജനം വെറും മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു! ഇത് വിരോധാഭാസം എന്നെനിക്കു തോന്നിയതിനാൽ ഇത് എഴുതുന്നു.

മരിച്ചവരുടെ ശരീരം ചേതനയറ്റതാകയാൽ കിടത്തുകയാണ് ഭൂമിയോട് കാണിക്കുന്ന ഏറ്റവും ചെറിയ ആദരവു്! പക്ഷേ, ഭൂമിയുടെ ഗുരുത്വാകർഷണശക്തിയോടു മല്ലിട്ടുവേണം ഒരു ജഡം ശവക്കുഴിയിൽ ഇരുത്തിമൂടാൻ!

'മെത്രാൻ' എന്നാൽ 'കത്തനാർ മൂത്തവൻ' എന്നതല്ലേ സത്യം? മെത്രാനെ ലക്ഷങ്ങളുടെ കുന്തുരുക്കത്തിൽ മൂടിയാലും മൂന്നാംനാൾ ഉയർത്തെഴുനേൽക്കാത്തതിനാൽ, ഇവരുടെ ജഡം  ചിതിലിനും     കീടങ്ങൾക്കും ഭക്ഷണമാകും, നിശ്ചയം! ഭൂമിദേവിയോട് പൊരുതി ഇവരുടെ ജഡം ഇരുത്തി മൂടിയതിനാൽ, കിടത്തിമൂടിയ (വെറും മുപ്പതുവെള്ളിക്കാശിനു വിലയായവന്റെ) ക്രിസ്തുവിനെക്കാൾ ഇവർ ശ്രേഷ്ഠരാകുമോ? ഇല്ലെങ്കിൽ, ആരോ എന്നോ എപ്പോഴോ എന്തിനുവേണ്ടിയോ തുടങ്ങിയ അർത്ഥമില്ലാത്ത ഈ ആചാരാനുഷ്ഠാനങ്ങളെ നാം അന്ധമായി എന്തിനു ഇന്നും പിൻപറ്റണം ?

എന്നാൽ ആത്മീയ/ഭൌതിക തിരിച്ചറിവ് കിട്ടിയ ചില മെത്രാന്മാർ "തങ്ങളെ മണ്ണിൽ കിടത്തി ഭൂമിദാനം ചെയ്യണമെന്നു" മുന്കൂട്ടി ഇടയലേഖനം/കല്പന ഇറക്കിയതിനാൽ അപ്രകാരം മണ്ണിൽ ആദമിനെപ്പോലെ അബ്രഹാമിനെപോലെ മറവുചെയ്ത ചരിത്രവും സഭകൾക്ക് ഉണ്ടുപോലും! "ആത്മജ്ഞാനം ലഭിച്ചവർ ഈ ചരിത്രം പിന്തുടർന്നാൽ നല്ലത് എന്നാശിക്കാനല്ലാതെ നമുക്കെന്തു കാര്യം? "മറ്റുവിൻ ചട്ടങ്ങളെ/അനാചാരങ്ങളെ" എന്ന കാലത്തിന്റെ മുൻവിളി കേട്ടെങ്കിലും, കേട്ടില്ലെന്നു നടിച്ചു കള്ളയുറക്കം/പള്ളിയുറക്കം നടിക്കുന്നവർ എങ്ങനെ ഉണരാൻ ? ആരുണർത്താൻ?

സഭാപ്രസംഗി 12/7 "പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക്‌ തിരികെ ചേരും;  ആത്മാവ് അതിനെ നൾകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും" എന്ന അറിവ് പഞ്ചഭൂതാത്മകമായ (ആകാശം, അന്ഗ്നി, വായു, ജലം, ഭൂമി ) പ്രകൃതിയിൽ നിന്നും മനസില്ന്റെ വാസനമൂലം വികസിച്ചെടുത്ത മനുഷ്യശരീരം, മരണാനന്തരം (ആത്മാവതിനെ ഉപേക്ഷിക്കുമ്പോൾ) തിരികെ ഈ പ്രകൃതിയിലേക്ക് തന്നെ മടങ്ങി ചേരും എന്ന് തന്നെയാണ്! ഈ ചെറിയ സത്യംപോലും മനസിലാകാത്ത ഇവറ്റകൾ എങ്ങനെ സത്യസത്യമായ ദൈവത്തെ മനസ്സിലാക്കും? ദൈവത്തെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഇവർ എങ്ങനെ നമ്മെ ദൈവത്തിങ്ങലേക്കു നയിക്കും?  ഇല്ല; കുരുടന്മാരായ ഈ വഴികാട്ടികൾക്ക് ഒരിക്കലും അതിനു കഴിയുകയില്ല എന്ന് പണ്ടേ ക്രിസ്തു മൊഴിഞ്ഞതും ഓർമ്മിക്കുവിൻ.

മരിച്ചാലും 'കിരീടവും ചെങ്കോലും' വെടിയാൻ മനസില്ലാത്ത ഇവർ ആത്മീയരല്ല ജനമേ.....വെറും ഭൌതികർ ! ആത്മാവിനെ അറിഞ്ഞവൻ ഇതിനു സമ്മതിക്കുമോ? ഒരുനാളുമില്ലെൻ പ്രിയരേ... ആത്മാവിനെ             അറിയാത്തവർ എങ്ങനെ പരിശുദ്ധാത്മാവിനെ അറിയും? തന്നിൽ ഇല്ലാത്ത ഈ പരിശുദ്ധാത്മാവിനെ അവർ എവിടെനിന്നും എടുത്തു കൊടുക്കും? തലമുറകളെ പറ്റിക്കുന്ന മിടുമിടുക്കന്മാരേ നിങ്ങൾക്കു ഹാ കഷ്ടം!

4 comments:

  1. മണ്ണിനോടുള്ള ബന്ധം എന്തോ താഴ്ന്ന പരിപാടിയാണെന്ന ചിന്തയായിരിക്കാം ശരീരത്തിന്റെ കഴിവതും കുറഞ്ഞ പ്രതലം മാത്രം നിലത്തുമുട്ടുന്ന ഈ രീതി തിരഞ്ഞെടുക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചത്. പിന്നെ, നിൽക്കുന്നതിനെക്കാളും കിടക്കുന്നതിനെക്കാളും കേമമായി ഇരിക്കലിനെ കണ്ടിരിക്കാം. ഇരിക്കുക എന്നത് അധികാരത്തിന്റെ സൂചന നൽകുന്നു. ഇതൊക്കെ ഓരോതരം വ്യക്തിപൂജയുടെ ഭാഗമായി കണ്ടാൽ മതി. ചില റീത്തുകളിലെ മെത്രാന്മാർക്ക് എന്തെങ്കിലും കഴിക്കുമ്പോൾ ഒഴിച്ചെപ്പോഴും ചെങ്കോലുപോലെ കുരിശ് കൈയിൽ കാണുമല്ലോ. തങ്ങൾ ജനത്തിന് ഒരു നിരന്തര കുരിശാനെന്നാണോ അതിനർഥം? ആല്ല, 'ഞങ്ങൾ ഭരിക്കുന്നവരാണ്, രാജാക്കന്മാരാണ്‌' എന്നാണത് സൂചിപ്പിക്കുന്നത്. ഇതെല്ലാം വ്യാജമായ അധികാരത്തിനെ ഓരോ പ്രദർശനങ്ങളാണ്. ശരിയായ അധികാരം പ്രദർശനം ആവശ്യപ്പെടുന്നില്ല. തുടർന്നു പോകുന്ന ധാർഷ്ട്യവും ധിക്കാരവും ഇന്നത്തെ മതനേതാക്കളെ മനുഷ്യരിൽനിന്ന് കൂടുതൽ അകറ്റുന്നു. പുതിയ കാലത്തിന്റെ ചുവരെഴുത്ത് ഇവർ കാണുന്നില്ല. അത് ബൌദ്ധികമായ പ്രാപ്തിയില്ലായ്മകൊണ്ടാണ്. മുമ്പില മലപോലെ ഉയർന്നുനിന്ന് ദൂരെക്കാഴ്ച്ചയെ മറയ്ക്കുന്ന അഹത്തെ മറികടക്കാനുള്ള ഒരു പുതിയ സാംസ്കാരിക, രാഷ്ട്രീയ നയം സ്വീകരിക്കാൻ അവർക്കാകുന്നില്ല. അധികാരവുമായി അടുപ്പം ആഗ്രഹിക്കുന്നതാണ് എല്ലാ മത, സാമുദായിക നേതാക്കളുടെയും ശൈലി എന്നത് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനു ശേഷം ഇവർ ബിജെപിയോട് കാണിക്കുന്ന സമീപനരീതിയിലും തെളിഞ്ഞുകാണാം. അല്പനേട്ടത്തിനായി എതാദർശത്തെയും അവർ കൈവെടിയും. ശവമായിത്തീർന്നാലും ഇവർ അധികാരത്തിന്റെ അംഗചിന്ഹങ്ങളും ചെങ്കോലും താഴെവയ്ക്കില്ല!

    ReplyDelete
  2. ചിന്തിച്ച് ആശയലോകത്തും നവോത്ഥാനരംഗത്തും പങ്കുവയ്ക്കാനും മുന്നേറാനും എന്തെങ്കിലും സംഭാവന നൽകുന്ന കുറിപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് അല്മായശബ്ദത്തിന്റെ പ്രവർത്തനശൈലി. ഒരു നല്ല ആശയമാണെങ്കിൽ പോലും, അത് വെറുതേ തോന്നുന്നതുപോലെ കുറിച്ച് ധൃതിയിൽ പോസ്റ്റ്‌ ചെയ്യുന്നതിനോട് ഈ ബ്ളോഗിന് അനുഭാവം കാണിക്കാനാവില്ല. അതുകൊണ്ട്, എഴുതുന്നവർ നല്ല ഭാഷയിലും കഴിവതും അക്ഷരത്തെറ്റില്ലാതെയും വാക്യങ്ങളിലെ പദവിന്യാസത്തിൽ (syntax) ശ്രദ്ധിച്ചും, എഴുതിയത് സ്വയം എഡിറ്റ്‌ ചെയ്ത് ഭംഗിയാക്കിയും വേണം പ്രസിദ്ധീകരിക്കാൻ. ഈ മാനങ്ങൾ പ്രകടിപ്പിക്കാത്ത ചില കുറിപ്പുകൾപോലും എഡിറ്റുചെയ്ത് ഭംഗിയാക്കിയിടാൻ (ആശയത്തിൽ തൊടാതെ, spelling ഉം syntax ഉം മാത്രം തിരുത്തി) അഡ്മിനിസ്ട്രെറ്റർ (ഇതൊരാളല്ല, ഒരു ഗ്രൂപ്പാണ്) സമയം ചെലവഴിച്ചാലും അതംഗീകരിക്കാനാവാത്ത ചില എഴുത്തുകാർ അവരുടെ പഴ സൃഷ്ടിതന്നെ തിരിച്ചിടുന്ന അനുഭവം ഉണ്ടാകാറുണ്ട്. അത്തരം ഇടപെടലുകൾ അപമര്യാദയും നിസ്സഹകരണവും തുടർന്ന് കണ്ണടക്കാനാവില്ലാത്ത ധാർഷ്ട്യവുമായി കണക്കാക്കപ്പെടും. ദയവായി സഹകരിക്കുക. അതിനു സന്മനസ്സു കാണിക്കാത്തവരുടെ authorship എടുത്തുകളയുന്നതാണ്. ഇത് ഇക്കാരത്തിൽ അല്മായശബ്ദത്തിന്റെ അവസാനത്തെ മുന്നറിയിപ്പാണ്.
    Administrator-group
    Almayasabdam is a Group Blog meant as a discussion forum for people who would like to express their views and opinion about the affairs of the Catholic Church. Although a wing of Kerala Catholic Reformation Movement (with headquarters in Pala), Almayasabdam is not the mouth piece of KCRM. Views expressed in the posts and comments are those of the individuals concerned. Any communication meant for Almayasabdam should be sent to its Administrator (almayasabdam@gmail.com).

    ReplyDelete
  3. മരിച്ചുകഴിഞ്ഞാലും സഭയെ ശവക്കുഴിയിലിരുന്നു ഭരിക്കുന്ന ഇവരുടെ ആത്മാവ് എങ്ങിനെ സ്വര്ഗത്തിലെത്തി അബ്രഹാമ്യ മടിയിൽ ഇരുന്നു മാലാഖമാരുമൊത്തു അനാദികാലമായി സുഖിച്ചു വാഴും ? കാലപ്പഴക്കത്തിൽ വെറും തലയോട്ടിയും പഴകിയ അസ്തികളൂമായാലും ചെങ്കൊലിൽനിന്നും ഇവരു പിടിവിടില്ലേ? ഹോ "നിന്റെ രാജ്യം" വരില്ലെന്ന് തീര്ച്ചയായി ! കര്ത്താവിനു മുൾക്കിരീടവും കത്തനാര് മൂത്തവന് ശവത്തിലും അലങ്കാരക്കിരീടവും ?! കാലമേ നിനക്കെൻ പ്രണാമം ...

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete