Translate

Monday, May 12, 2014

മുരുകന്‍ ഒരു ദൈവത്തിന്റെ പേരാകുന്നു

പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍പ്പോലും ചില മനുഷ്യര്‍ ദൈവത്തോളം തെളിച്ചമുള്ള ഒരു പ്രകാശമാകുന്നു. ഇതാ തെരുവില്‍ വളര്‍ന്ന ഒരു യുവാവിന്റെ അഭിമാനകരമായ ജീവിതകഥ.  (മധു തൃപ്പെരുന്തുറ, മാതൃഭൂമി പോർട്ടൽ)

ജാതിപ്പേരോ വീട്ടുപേരോ അല്ല മുരുകന്‍ തന്റെ പേരിനോട് വിളക്കിച്ചേര്‍ത്തിരിക്കുന്നത്. ഒരിക്കല്‍ തെരുവിന്റെ പുത്രനായിരുന്ന തന്നെ 'തെരുവോരം മുരുകന്‍' എന്ന് മറ്റാരെങ്കിലും വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനംമാത്രം. കാരണം, തെരുവില്‍നിന്നുണ്ടായ ലോകത്തിലെ ആദ്യസംഘടനയായ 'തെരുവോര'ത്തിന്റെയും പിന്നെ 'തെരുവുവെളിച്ച'ത്തിന്റെയും എല്ലാമെല്ലാമാണ് തമിഴ് വംശജനായ ഈ യുവാവ്.
ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന്‍ തെരുവില്‍നിന്ന് വീണ്ടെടുത്തത്. അവരില്‍ കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്. മക്കളുപേക്ഷിച്ചുപോയ അമ്മമാര്‍ മാത്രമല്ല, കണ്ണുകുത്തിപ്പൊട്ടിച്ചും അംഗഭംഗം വരുത്തിയും ഭിക്ഷാടനത്തിന് ഉപയോഗിക്കപ്പെട്ട കുരുന്നുബാല്യങ്ങളുമുണ്ട്. കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പിന്റെ ശിശുക്ഷേമത്തിനുള്ള 2011-'12 ലെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് മുരുകന്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയുടെ അംഗീകാരമായി. ഈ പുരസ്‌കാരം നേടുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായി 'ഓട്ടോ മുരുകന്‍' എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഷണ്മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന് ബാല്യം കഷ്ടപ്പാടിന്റെയും പട്ടിണിയുടേതുമായിരുന്നു. ഇടുക്കി പീരുമേട് ചിദംബരം എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ അമ്മയ്ക്ക് കിട്ടുന്ന 10 രൂപ ദിവസക്കൂലിയായി ഏക വരുമാനമാര്‍ഗം. '90-കളില്‍ എറണാകുളം ഗാന്ധിനഗറിനടുത്തുള്ള ഒരു ചേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയ മുരുകന്‍ ഭിക്ഷാടനം നടത്തിയും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റും തെരുവിന്റെ മകനായി എങ്ങനെയൊക്കെയോ വളര്‍ന്നു. നാലാം ക്ലാസുവരെമാത്രം സ്‌കൂളില്‍ പോയിട്ടുള്ള മുരുകന്റെ 'യൂണിവേഴ്സിറ്റി' അങ്ങനെ തെരുവായിത്തീര്‍ന്നു; പാഠപുസ്തകം ജീവിതവും.
പട്ടിണികൊണ്ട് കുടലുണങ്ങിയ ആ നാളുകള്‍ മുരുകന്‍ ഓര്‍ക്കുന്നു. ഇരുട്ട് വീണുകഴിഞ്ഞാല്‍ എറണാകുളം സീലോഡ് ഹോട്ടലിനുപിന്നിലും ഓവന്‍സ് ബേക്കറിക്ക് സമീപവും പ്രതീക്ഷയോടെ കാത്തിരിക്കും. മുരുകനെപ്പോലെ ഒട്ടേറെ തെരുവിന്റെ സന്തതികളും അവിടെ ഉണ്ടാകും. ഹോട്ടലില്‍നിന്ന് വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ക്കായി തെരുവുനായ്ക്കളെപ്പോലെ കടിപിടികൂടും. സ്‌നേഹത്തിനോ സൗഹൃദത്തിനോ സ്ഥാനമില്ലാത്ത, അക്ഷരാര്‍ഥത്തില്‍ 'മൃഗീയം' എന്ന് വിശേഷിപ്പിക്കാവുന്ന സന്ദര്‍ഭങ്ങള്‍...

ഒരു ക്രിമിനലായി മാറേണ്ടിയിരുന്ന മുരുകന്റെ ജീവിതത്തില്‍ അങ്ങനെയിരിക്കേ ഒരു രക്ഷകന്‍ പ്രത്യക്ഷനായി: ബ്രദര്‍ മാവുരൂസിന്റെ രൂപത്തില്‍. 'മിഠായി അച്ച'നെന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബ്രദര്‍ മാവുരൂസാണ് മുരുകന്‍ എന്ന വികൃതിക്കുട്ടിയെ ഡോണ്‍ ബോസ്‌കോ സ്‌നേഹഭവനില്‍ എത്തിച്ചത്. നന്മയുടെയും സ്‌നേഹത്തിന്റെയും പുതിയ ലോകത്തേക്ക് അതോടെ അവന്‍ ആനയിക്കപ്പെടുകയായിരുന്നു. അവിടെ നീണ്ട എട്ടുവര്‍ഷങ്ങള്‍... പതുക്കെ അവന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ആളുകളോട് മര്യാദയോടെ സംസാരിക്കാനും പെരുമാറാനും പഠിച്ചു. കല്‍പ്പണിയും മരപ്പണിയും പഠിച്ചു. ഒപ്പം ബോക്‌സിങ്ങിന്റെ ചില ബാലപാഠങ്ങളും. കോഴിക്കോട്ട് നടന്ന ഓള്‍ കേരള അമച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയ്ക്കുള്ള ഒരേയൊരു ഒന്നാംസ്ഥാനം നേടിയപ്പോള്‍ അവന്‍ ഒരു കൊച്ചു സ്റ്റാറായി. ആ വര്‍ഷം നാഷണലില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തന്റെ ജാതകം മറ്റൊന്നാകുമായിരുന്നു എന്ന് മുരുകന്‍ ഇന്നും പറയും.
ബാലഭവനോട് യാത്രപറയുമ്പോള്‍ സ്വന്തംകാലില്‍ നില്‍ക്കാമെന്നൊരു ആത്മവിശ്വാസം വന്നു. ജീവിക്കാനായി മുരുകന്‍ ചെയ്യാത്ത ജോലികളില്ല. തോട്ടിപ്പണിക്കാരനും കല്‍പ്പണിക്കാരനുമായി. ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകാന്‍ നിന്നു. മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടം ചെയ്തു. പെയിന്റിങ് തൊഴിലാളിയും പത്രവിതരണക്കാരനുമായി...
പിന്നെയും ബ്രദര്‍ മാവുരൂസിന്റെ കാരുണ്യഹസ്തം അവന് തുണയായി. ഒറ്റമുറിവീട് ഒറ്റയ്ക്ക് പണിത് മുരുകന്‍ അതിന് ഷീറ്റിട്ടു. ഒരു പഴയ ഓട്ടോറിക്ഷ വാങ്ങാനും ബ്രദര്‍ മാവുരൂസ് സഹായിച്ചു. അങ്ങനെ പകല്‍ മുഴുവന്‍ തെരുവുകുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷകനായി; രാത്രി ഓട്ടോറിക്ഷാ ഡ്രൈവറായി. അവന്‍ തെരുവോരം എന്ന പേരില്‍ സന്നദ്ധസംഘടന രൂപവത്കരിക്കുകയും തന്റെ കൊച്ചുവീടുതന്നെ ഒരു പുനരധിവാസകേന്ദ്രമാക്കുകയും ചെയ്തു. 


അന്നൊരിക്കല്‍ കൊച്ചിന്‍ കോളേജില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായി വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണ ക്ലാസിന് പോയത് മുരുകന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. സദസ്സില്‍നിന്ന് ഒട്ടേറെ സംശയങ്ങളുമായി തുടുത്ത മുഖമുള്ള ഒരു പെണ്‍കുട്ടി എണീറ്റു. ക്ലാസ് അവസാനിച്ചിട്ടും അവളുടെ സംശയങ്ങള്‍ അവസാനിച്ചില്ല. മുരുകന്റെ വലിയ മനസ്സ് മനസ്സിലാക്കിയ അവള്‍ ആ തണല്‍മരത്തിന്റെ ചില്ലയില്‍ കൂടുകൂട്ടാനൊരു ഇടം ചോദിച്ചു. അങ്ങനെ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന്‍ പള്ളുരുത്തി 'ശ്രീനിവാസി'ല്‍ രമേശന്റെയും അധ്യാപിക സിന്ധുവിന്റെയും ഏകമകള്‍ ഇന്ദു, പുരോഗമനവാദം നാക്കില്‍മാത്രം വെച്ചുപുലര്‍ത്തുന്ന കേരളീയ സമൂഹത്തിനെ ഞെട്ടിച്ചു. ശ്രീനാരായണഗുരുവിന്റെ വെളിച്ചം ആത്മാവില്‍ പേറുന്ന മാതാപിതാക്കള്‍ തങ്ങളുടെ ഏകമകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.
2010 ആഗസ്ത് 10-ന് എറണാകുളത്തപ്പന്റെ ക്ഷേത്രത്തില്‍നടന്ന ലളിതമായ വിവാഹത്തോടെ മുരുകന്‍ എന്ന തെരുവുവിളക്കിന് ജീവിതവെളിച്ചമായി ഇന്ദു എന്ന എം.ബി.എ.ക്കാരി. വിവാഹശേഷം ഇരുവരും നേരേ പോയത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങാനായിരുന്നു. പിന്നെ അവര്‍ തെരുവിലേക്കിറങ്ങി. എല്ലാ തെരുവിന്റെ മക്കള്‍ക്കും ഒരുപിടി ചോറുകൊടുക്കാന്‍. ഈ ദിനത്തില്‍ അത് മുരുകന്റെ അവകാശമാണെന്ന ഉത്തമബോധ്യത്തോടെ.
ഒരിക്കല്‍ ഗുണ്ടകളും കഞ്ചാവ് മാഫിയയും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷ തച്ചുതകര്‍ത്ത സംഭവം മുരുകന്‍ ഓര്‍മിക്കുന്നു. കുട്ടികളെ ഉപകരണമാക്കി കഞ്ചാവുകച്ചവടം നടത്തുന്നത് മുരുകന്‍ കണ്ടുപിടിക്കുകയും ആ കുട്ടികളെ ഇദ്ദേഹം ബാലഭവനില്‍ ഏല്‍പ്പിക്കുകയും ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. മൊഴിയെടുക്കാന്‍ വന്ന പോലീസുകാരനോട് പക്ഷേ, തന്നെ ദ്രോഹിച്ചവരുടെ പേരുകള്‍ മുരുകന്‍ പറഞ്ഞില്ല. അവരില്‍ ചിലരെങ്കിലും തന്നോടൊപ്പം തെരുവില്‍ വളര്‍ന്നവരായിരുന്നു എന്നതായിരുന്നു കാരണം. ഇന്ദു ഊരിക്കൊടുത്ത മോതിരം വിറ്റാണ് ഓട്ടോറിക്ഷ വീണ്ടും നിരത്തിലിറക്കിയത്. പിന്നീട് ബഹ്‌റൈനിലെ സിറോ മലബാര്‍ സൊസൈറ്റിയും മുരുകന് ഒരു പുത്തന്‍ ഓട്ടോറിക്ഷ സ്‌നേഹസമ്മാനമായി നല്‍കുകയുണ്ടായി.

മുരുകന്‍ തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കുന്നു എന്നറിഞ്ഞ് ചില പ്രമുഖ പ്രസാധകര്‍ അദ്ദേഹത്തെ സമീപിച്ചു. ഞങ്ങള്‍ ആളെവെച്ച് എഴുതിച്ചോളാം, അനുഭവങ്ങള്‍ പറഞ്ഞുതന്നാല്‍ മതിയെന്നായി. എന്നാല്‍, ആ കച്ചവടത്തിന് മുരുകന്‍ വഴങ്ങിയില്ല. ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയ 15 അമ്മമാരുടെ കരള്‍ പിളര്‍ക്കുന്ന കഥകള്‍ ചിത്രങ്ങള്‍സഹിതം സ്വന്തം ഭാഷയിലെഴുതി 100 പേജുള്ള ഒരു പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അമ്മ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. കുഷ്ഠരോഗം ബാധിച്ച് ജീവിതത്തിന്റെ പുറംപോക്കില്‍ ഒറ്റപ്പെട്ടുപോയ സരോജിനി അമ്മയും ദുര്‍ഗന്ധംപരത്തി പുഴുവരിച്ച് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മേരിത്തള്ളയും അപൂര്‍വയിനം സോറിയാസിസ് ബാധിച്ച മഹാരാഷ്ട്രയിലെ കോലാപ്പുര്‍ സ്വദേശികളായ ഒരു കുടുംബവും സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയുമൊക്കെ പ്രത്യക്ഷമാവുന്ന ആ ജീവിതകഥകള്‍ കണ്ണീരണിയാതെ വായിച്ചുപോകാനാവില്ല.
മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ തെരുവു മക്കളുടെ പുനരധിവാസത്തിനായി സംസ്ഥാന സാമൂഹികനീതിവകുപ്പ് 'തെരുവുവെളിച്ചം' എന്ന പേരില്‍ എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം 15 സെന്റ് സ്ഥലവും അതിനുള്ളില്‍ സ്ഥിതിചെയ്യുന്ന കെട്ടിടവും അനുവദിച്ചു. 2013 മെയ് 16-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരുവുവെളിച്ചം പുനരധിവാസകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിവകുപ്പ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായിരുന്നു.
ഇപ്പോള്‍ ചെറിയൊരു വേതനം സംസ്ഥാന സര്‍ക്കാര്‍ മുരുകന് നല്‍കുന്നുണ്ട്. സഹായത്തിനായി ഒരു സ്റ്റാഫിനെയും നല്‍കി. തെരുവുവെളിച്ചം ഒന്നാം വാര്‍ഷികം വരുന്ന മെയ് 16-ന് വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മുരുകന്‍.
രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനുപുറമേ അന്തര്‍ദേശീയ സംഘടനയായ എര്‍ത്ത് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള 'ഹോപ്' പുരസ്‌കാരം, സര്‍വോദയം കുര്യന്റെ പേരിലുള്ള പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷണല്‍ പുരസ്‌കാരം, ജെ.സി. ഐ. കൊച്ചിന്‍ പുരസ്‌കാരം... എല്ലാ പുരസ്‌കാരങ്ങളും തെരുവിന്റെ മക്കള്‍ക്കായി സമര്‍പ്പിക്കുന്നു വിനയാന്വിതനായ ഈ ചെറുപ്പക്കാരന്‍. തന്റെ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടേറെ തെരുവുപദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ തുടക്കംകുറിച്ചിരിക്കുന്നതില്‍ അഭിമാനംകൊള്ളുകയാണ് ഇന്ന് മുരുകന്‍.

''നിങ്ങള്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു തെരുവ് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരു പുസ്തകമാകുന്നു''എന്ന, തുര്‍ക്കി നോവലിസ്റ്റ് മെഹ്മത് മുരാട് ഇല്‍ഡാനിന്റെ വരികള്‍ മുരുകന്‍ വായിച്ചിട്ടില്ല. എന്നാല്‍, തെരുവിനെ ജീവിതമാക്കുകയും സ്വന്തം ജീവിതത്തെ തെരുവാക്കുകയുംചെയ്ത ഈ കര്‍മയോഗിയില്‍നിന്ന് നമ്മുടെ കാരുണ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. കാരണം, യഥാര്‍ഥ മനുഷ്യജീവിതത്തെക്കുറിച്ച് നമ്മുടെ ഒരു സര്‍വകലാശാലയിലും പഠിപ്പിക്കുന്നില്ലല്ലോ.

No comments:

Post a Comment