Translate

Monday, May 26, 2014

ഇംഗ്ലണ്ടിലും സീറോ .....

ഉള്ളില്‍ പടയുമായി ഒരു പ്രസ്ഥാനത്തിനും നിലനില്‍പ്പില്ല. കപ്പല്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും അടിയില്‍ ദ്വാരമുണ്ടെങ്കില്‍ അത് മുങ്ങും. പ്രപഞ്ച തത്വങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തലിന്‍റെ ഭാഷയുമായി മുന്നേറാമെന്നാണ്  സിറോ മലബാര്‍ മെത്രാന്മാര്‍ കരുതുന്നത്. ഒരിക്കല്‍ സി. മേരി ബെനിജ്ഞ എന്ന കവയത്രി എഴുതി, സീസറും ഹോമറും മാത്രമല്ല  സര്‍വ്വ മിടുക്കരും കാലചക്രത്തിന്‍റെ തിരിവില്‍ അമര്‍ന്നുപോയിയെന്ന്. ലോകത്തെ വിറപ്പിച്ച നേപ്പോളിയനോ ഹിറ്റ്‌ലറോ, സ്ടാലിനോ ഒന്നും ഇന്നില്ല, തകരാത്തതായി ഒരു സാമ്രാജ്യവും ഉണ്ടായിരുന്നുമില്ല.
യേശു പഠിപ്പിച്ച സ്നേഹത്തിന്‍റെയും എളിമയുടെയും സമര്‍പ്പണത്തിന്‍റെയും ഭാഷ ലോകത്ത് നിന്ന് അന്യം നിന്ന് പോകാതിരിക്കണമെങ്കില്‍ ഓരോ വിശ്വാസിയും ആലസ്യം വിട്ടുണര്‍ന്നെ മതിയാവൂ എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. 99% വരുന്ന അത്മായരെ പിരിവു കൊടുക്കാനും അനുസരിക്കാനും മാത്രമുള്ള ഒരു വര്‍ഗ്ഗമായി കണ്ടുകൊണ്ട് സിറോ മലബാരീകരണവുമായി നാട് നിരങ്ങാന്‍ ഇറങ്ങിയിരിക്കുന്ന അപ്പോസ്തോലിക് വിസിറ്റെറ്റര്‍ മാര്‍ തട്ടില്‍ ബ്രിട്ടണില്‍ നിന്ന് മടങ്ങുന്നത് മധുരിക്കുന്ന ഒര്മ്മകളുമായിട്ടായിരിക്കില്ലായെന്ന് ഏതാണ്ട് ഉറപ്പായി. ഒരു മെത്രാനെ സ്വീകരിക്കാന്‍ ഒരു കുടുംബം 50 പൌണ്ട് (4925 രൂപാ) വെച്ച് സംഭാവന കൊടുക്കണമെന്ന് ഒരു ബ്രിട്ടിഷ് പള്ളിയിലെ ആമ്മേന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. തീരുമാനങ്ങളെല്ലാം എടുത്തിട്ട് അത് അംഗികരിക്കാന്‍ പിന്നാലെ പൊതു യോഗവും. സഭക്കും അതിന്‍റെ ഭരണചക്രത്തിനും അറിയാവുന്ന ഈ സമ്പ്രദായം ബ്രിട്ടണിലെ മലയാളികള്‍ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്നത് നിസ്സാര കാര്യമല്ല.
തൃശ്ശൂര്‍ വാര്‍ത്തകളും ചിത്രങ്ങളുമായി ഈ മെയിലുകള്‍ ബ്രിട്ടണിലെ കേരളിയ കത്തോലിക്കരുടെ ഇടയില്‍ സുഗമമായി സഞ്ചരിക്കുന്നു. കേരളത്തില്‍ തൃശ്ശൂര്‍ രൂപതയോളം നാണംകെട്ട മറ്റൊരു രൂപതയില്ലെന്നോര്‍ക്കണം. ജീവന്‍ ടി വി പിടിച്ചെടുക്കാന്‍ വല്യ മെത്രാന്‍ പോയി സരസ്വതി കേട്ടു മടങ്ങിയ കഥ അറിയാത്തവരില്ല. തലോറില്‍ ഒരു സന്യാസ സഭയുടെ പള്ളി പിടിച്ചെടുത്ത സംഭവം ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നു. അവിടുത്തെ വികാരി ജെനറല്‍ കുടിച്ചു പൂസായി വണ്ടി ഓടിച്ച് നാല് അപകടങ്ങളാണ് ഉണ്ടാക്കിയത്. കൊക്കന്‍ കഥകള്‍ ധാരാളം. ഒരു കോടിയിലേറെ രൂപാ ചെലവ് ചെയ്ത് അയ്യായിരം പാപ്പാമാരെ തെരുവിലിറക്കി ക്രിസ്മസ് ആഘോഷിച്ച മെത്രാന്‍, വേഷം കെട്ടിയ പെണ്‍കുട്ടികളെ ഏറെ ബുദ്ധിമുട്ടിച്ചത് അന്ന് വാര്‍ത്തയായിരുന്നു.

അസത്യത്തിനും അന്യായത്തിനുമെതിരെ നട്ടെല്ലു നിവര്‍ത്തി നിന്ന് പൊരുതുന്ന വിശ്വാസികള്‍ ലോകമെമ്പാടും ഉണ്ടാവട്ടെ. അത്തരം ഒരു മുന്നേറ്റത്തിനെ ഈ അതിക്രമങ്ങള്‍ക്ക് വിരാമമിടാന്‍ സാധിക്കൂ. എത്ര പേര്‍ പിന്നിലുണ്ടെന്നല്ല ഓരോരുത്തരും ചിന്തിക്കേണ്ടത് പകരം മുന്നില്‍ കണ്ട അധര്‍മ്മത്തോട് തനിക്കാവുന്നത് പോലെ പ്രതികരിച്ചോ എന്നാണ്.  

No comments:

Post a Comment