Translate

Sunday, May 25, 2014

അഭയാ കൊലക്കേസും കൈവെടിയുന്ന നീതിയുംBy  ജോസഫ് പടന്നമാക്കൽ

കേരളത്തിലെ നീതിന്യായ  ചരിത്രത്തിൽ  അപൂർവങ്ങളിൽ അപൂർവമായ ഒന്നാണ് 1992 മാർച്ച് ഇരുപത്തിയേഴാം തിയതി കോട്ടയം പയസ് മൌണ്ടിൽ നടന്നതായ അഭയായുടെ കൊലപാതകം. അധികാരവും സ്വാധീനവുമുപയോഗിച്ച് ചില തൽപ്പര കഷികൾക്ക്  അഭയായുടെ മരണത്തെ ആത്മഹത്യയാക്കാനും സാധിച്ചു. നീതിയുടെ ഫയലിൽ തെളിയിക്കപ്പെടാതെ ഇന്നും അഭയായെന്ന   പെണ്‍ക്കുട്ടി  വെറുമൊരു ചോദ്യചിന്ഹമായി അവശേഷിച്ചിരിക്കുകയാണ്. സംഭവങ്ങളുടെ നൂലാമാലകൾ കോർത്തിണക്കിയ അവളുടെ ചിത്രം ഇന്നും  ഗതികിട്ടാത്ത ആത്മാവിനെപ്പോലെ മനുഷ്യമനസ്സിൽ ദുർഗ്രാഹിതകളുടെ കഥകളായി മാറിക്കഴിഞ്ഞു. 

ഉന്നതരുടെ ഇടപെടൽ കാരണം തെളിവുകളില്ലാതാക്കിയ അഭയായുടെ കേസ്‌ തെളിയുകയെന്നത് എളുപ്പമല്ല. കാരണം, പ്രതികൾ സഭയുടെയും സമൂഹത്തിന്റെയും കരുത്തേറിയവരും  അധികാര ശ്രേണിയിലുള്ളവരെ സ്വാധീനിക്കാൻ കഴിവുള്ള  വ്യക്തികളുമാണ്. നീതിന്യായവും പോലീസും കുറ്റാന്വേഷകരും  അധികാര രാഷ്ട്രീയ, മതമേധാവികളുടെ സ്വാധീന വലയങ്ങളിൽ അകപ്പെട്ടുപോയി. ജയിലും അഴിയെണ്ണലും അതിലെ പാർപ്പിടവും പണമോ സ്വാധീനമോയില്ലാത്ത  പാവപ്പെട്ടവർക്കായി വിധിച്ചിട്ടുള്ളതാണ്. കൂടാതെ മരിച്ചത് ഒരു കന്യാസ്ത്രിയും. മരണം സംഭവിച്ചത് കന്യാസ്ത്രി മതിൽക്കെട്ടിനുള്ളിലും. അവിടെ നടക്കുന്ന ചരിത്രങ്ങളെന്തെന്ന് പുറം ലോകമറിയാനും സാധ്യതയില്ല. അഭയാക്കേസിൽ കുറ്റവാളികളെ കണ്ടുപിടിക്കാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ബിഷപ്പും അതിനുത്തരവാദികളായവരും മെനഞ്ഞെടുത്തിരുന്നു.  കൂടെ അധികാരം പേറി നടക്കുന്ന രാഷ്ട്രീയകൂട്ടുകെട്ടും ഉന്നതങ്ങളിലുള്ള സമ്മർദ്ദവും പിന്നിലുണ്ടായിരുന്നു. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  നിസഹായകഥകളാണ് പിന്നീടവരിൽനിന്നും കേട്ടത്. ദുഷിച്ച പൌരാഹിത്യത്തിന്റെ ചിത്രം പള്ളിയോടും പട്ടക്കാരോടും അടുത്തിട്ടുള്ളവർക്കറിയാം. അധർമ്മത്തിനായി ഏതറ്റവും പോവുമെന്ന് അഭയായുടെ തെളിയപ്പെടാത്ത അസ്വഭാവിക മരണം തന്നെ സാക്ഷിയാണ്. എതിർക്കുന്നവർക്ക് അവർ തെമ്മാടിക്കുഴിയും ഭീഷണിയും മുഴക്കും. 

കോട്ടയം ജില്ലയിലെ അരീക്കര സ്വദേശി ശ്രീ തോമസ് എ മത്തായിയുടെയും ലീലാമ്മയുടെയും ഏകപുത്രിയായി അഭയാ ജനിച്ചു. മരിക്കുമ്പോൾ പ്രായം പത്തൊമ്പതു വയസ്സായിരുന്നു.  മാതാപിതാക്കൾ വിശ്വസിക്കുന്നത് തങ്ങളുടെ മകളെ പുരോഹിതരും ഒരു കന്യാസ്ത്രിയുമൊത്ത് കൊന്നുവെന്നു തന്നെയാണ്.  അപ്പൻ ചിലപ്പോൾ മകളെപ്പറ്റിയോർത്ത് നെടുവീർപ്പെടും, "എന്റെ മോളെയന്ന്  വിവാഹം കഴിപ്പിച്ചു  വിട്ടിരുന്നുവെങ്കിൽ പേരക്കുട്ടികളുമായി വാർദ്ധക്യം ഞാൻ അവരോടൊപ്പം കഴിയുമായിരുന്നു. അവളും ഭർത്താവുമായ ഒരു സ്വപനം ഒടുവിൽ കന്യാസ്ത്രിക്കൂടിനുള്ളിൽ പൊലിഞ്ഞുപോയി. സഭയെ വിശ്വസിച്ച്, സഭയിൽ സമർപ്പിച്ച് ഞാനെന്റെ പൊന്നുമോളെ ബലികൊടുത്തു. അവളും ഭർത്താവുമായ സന്തോഷം നിറഞ്ഞ ഒരു ജീവിതം എന്റെ സ്വപ്നത്തിലെങ്കിലും വന്നിരുന്നുവെങ്കിലെന്ന് ഞാനാശിച്ചിട്ടുണ്ട്. കുറ്റബോധം എന്നെയെന്നും വേട്ടയാടുന്നുണ്ടായിരുന്നു."


സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ ഘാതകരെ കണ്ടുപിടിക്കാൻ  നാളിതുവരെയായി ഒരു പുരോഹിതനും തെരുവുകളിൽ ഇറങ്ങുന്നതായി കണ്ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്ടായി,  "ഒരിക്കൽ അയൽവക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാൻ ഞാൻ പോയി. അതിലും ഒരു കൊച്ചിനെ കാലേൽ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളിൽ തള്ളുമ്പോൾ എന്റെ ചങ്ക് പൊട്ടി തകർന്നിരുന്നു. അറിയാതെയെന്നും എന്റെ സ്വപ്നാടനലോകത്തിൽ മോളെയോർത്ത് കണ്ണുനീർ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല" അഭയാക്കേസ് കോടതികളിൽ ഇല്ലായ്മ ചെയ്ത് ഒത്തു തീർക്കുന്നതിനായി  പിന്നിൽനിന്നും ആരംഭം മുതൽ പ്രവർത്തിച്ചത് ബിഷപ്പ് കുന്നശ്ശേരിയും രാഷ്ട്രീയക്കാരുമെന്ന് ബി.സി.എം. കോളേജ് മുൻ പ്രൊഫസർ ത്രസ്യാമ്മ ചില ടെലിവിഷൻ ചാനലുകാരോട് വെളിപ്പെടുത്തുകയുണ്ടായി. ത്രസ്യാമ്മ  പറയുന്നു," ബിഷപ്പും കെ.എം. മാണിയും നല്ല രാഷ്ട്രീയബന്ധമുള്ള അടുത്ത സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയ നേതാക്കൾ വോട്ടുബാങ്കിനായി ഈ സാഹചര്യം മുതലാക്കി അഭയാക്കേസിൽ ഇടപെട്ടിട്ടുണ്ട്. കേസ് നീളാൻകാരണവും ബിഷപ്പും രാഷ്ട്രീയക്കാരും തമ്മിലുള്ള ഒത്തുകളിമൂലമാണ്. അല്ലായിരുന്നെങ്കിൽ അഭയായുടെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റു ചെയ്ത് ശിക്ഷയും മേടിച്ച് പുറത്തുവരാൻ സമയവുമായേനെ. രാഷ്ട്രീയനേതാക്കൾ ഇടപ്പെട്ടതായി കോടതിയിൽ ഒരു പത്രികയിലും പരാമർശനവുമില്ല. "സിസ്റ്റർ ലൂസ്സിയും ബിഷപ്പ് കുന്നശ്ശേരിയും തമ്മിലുള്ള കടുത്ത പ്രേമബന്ധം പുറത്തു പറയാതിരിക്കാനാണ് കോട്ടൂരിനെയും പുതുർക്കയെയും സഭ സംരക്ഷിക്കുന്നതെന്നും" ത്രസ്യാമ്മ  വെളിപ്പെടുത്തുകയുണ്ടായി. ലൂസ്സിയും കോട്ടൂരും തമ്മിലും ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ബിഷപ്പിന്റെ കഥകൾ അഭയാക്കേസിലെ പ്രതികളായ പുരോഹിതർക്കും അറിയാമായിരുന്നു. അത്തരം ആരോപണങ്ങൾ സി.ബി.ഐ. യുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ "സി.ബി.ഐ. യ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും"അന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തി. ത്രസ്യാമ്മയുടെ ഈ വെളിപ്പെടുത്തൽ അരമനയൊന്നാകെ ഞെട്ടിച്ചിരുന്നു.  ബിഷപ്പും ലൂസിയുമൊത്തുള്ള  ഈ കഥ ത്രസ്യാമ്മ വെളിച്ചത്താക്കുന്നതിനു മുമ്പുതന്നെ കോട്ടയം പട്ടണത്തിലെ അങ്ങാടിപ്പാട്ടുമായിരുന്നു.


അഭയാ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ദാരുണമായ ഈ  മരണത്തിനിടയായത്. പ്രാഥമികമായ അന്വേഷണത്തിൽ  മരണം ആത്മഹത്യയെന്നായിരുന്നു പോലീസ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ചില പൌരജനങ്ങളുടെ എതിർപ്പുമൂലം പ്രശ്നം ക്രൈം ബ്രാഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലും മരണം ആത്മഹത്യയായി വിധിയെഴുതി.  കേസന്വേഷണം ലോക്കൽ പോലീസിൽ നിന്നുമേറ്റെടുത്ത് ആദ്യംമുതൽ കേസിനെ തുരങ്കം വെച്ചിരുന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. യായിരുന്ന കെ.റ്റി. മൈക്കിളായിരുന്നു. മൈക്കിൾ തുടക്കത്തിലേതന്നെ അഭയാ ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനുള്ള സാഹചര്യ തെളിവുകളെല്ലാം എഴുതിയുണ്ടാക്കിയിരുന്നു. പ്രാഥമിക നടപടികളായ സംഭവസ്ഥലത്തെ വിരലടയാളം എടുക്കുവാനോ  പോലീസ്നായെ വരുത്തുവാനോ അന്ന് പോലീസ് തയ്യാറല്ലായിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയിൽ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും നിരവധിയുണ്ടായിരുന്നു. അഭയായുടെ ചെരുപ്പും ശിരോവസ്ത്രവും ദുരഹസാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്തു.   കേസന്വേഷണത്തിന്റെ പ്രാഥമിക കാര്യങ്ങൾപോലും പരിഗണിക്കാതെ ഇതൊരു ആത്മഹത്യയെന്നനുമാനിക്കാൻ തങ്ങൾക്ക് തെളിവിന്റെ ആവശ്യമില്ലെന്നാണ് മൈക്കിളിന്റെ വാദം. അഭയാ മാനിസിക രോഗിയായിരുന്നെന്നു സ്ഥാപിക്കാനും ഒരു ശ്രമം ക്രൈംബ്രാഞ്ച് നടത്തി.  മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മനോവിഷാദ  രോഗമുണ്ടായിരുന്നെന്നും പറഞ്ഞു പരത്തി. കാനോൻനിയമം അനുസരിച്ച് മാനസികരോഗമുള്ള കുടുംബങ്ങളിൽനിന്ന് സന്യാസിസന്യാസിനികളെ സ്വീകരിക്കുകയില്ലായെന്നുള്ള പ്രാഥമികവിവരവും ക്രൈം ബ്രാഞ്ചിനില്ലാതെ പോയി. മാത്രവുമല്ല അഭയാ മരിക്കുന്നതിനുമുമ്പ് അവരുടെ കുടുംബം മാനസിക ചീകൽസ തേടിയിരുന്നുവെന്ന തെളിവും  ക്രൈംബ്രാഞ്ചിന് ഹാജരാക്കാൻ സാധിച്ചില്ല. നുണകൾ മാത്രം കുത്തി നിറച്ച് അന്ന് കെ.ടി. മൈക്കിൽ അഭയാ ആത്മഹത്യാ ചെയ്തതായി വരുത്തി വെച്ചു. മരിച്ചശേഷം പുറത്തെ വാതിൽ കുറ്റിയിട്ടിരുന്നതും ശിരോവസ്ത്രം വാതിലിൽ ഉടക്കികിടന്നതും ആത്മഹത്യ ചെയ്യുന്ന ഒരാളിന്റെ വികൃതസ്വഭാവമെന്നും മൈക്കിൽ എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു.


ആദ്യമായി അഭയായുടെ മരണം കൊലപാതകമെന്ന് സ്ഥിതികരിച്ചത് സി.ബി.ഐ. ഡപ്യൂട്ടി സുപ്രണ്ടായ വർഗീസ് പി. തോമസായിരുന്നു. പ്രസിഡന്റിന്റെ വിശിഷ്ടാ സേവനമെഡൽവരെ കരസ്ഥമാക്കിയ വർഗീസ് ഈ കേസ് തെളിയിക്കുമെന്ന വിശ്വാസവും പൊതുജനത്തിനുണ്ടായിരുന്നു. അദ്ദേഹം കേസന്വേഷണം തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട റിക്കോർഡുകൾ  വളരെ വിദഗ്ക്തമായിതന്നെ പ്രതിഭാഗം നശിപ്പിച്ചു കളഞ്ഞിരുന്നു. പലതും തേച്ചുമായ്ച്ചും കൃത്രിമമായി ഉണ്ടാക്കിയും ഏതാണ്ട് നഷ്ടപ്പെട്ട നിലയിലുമായിരുന്നു തെളിവുകളെല്ലാം അവശേഷിച്ചിരുന്നത്.ശവത്തിന്റെ  പരിശോധന റിപ്പോർട്ടും മെഡിക്കൽ കോളേജിലെ പോസ്റ്റ്മാർട്ടം റിപ്പോർട്ടും അപൂർണ്ണവും അവ്യക്തവുമായിരുന്നു. അഭയായുടെ മരണം സംബന്ധിച്ച് വർഗീസിന്റെ വ്യത്യസ്തമായ അഭിപ്രായം സഭാതലങ്ങളിലാകെ അങ്കലാപ്പുണ്ടാക്കി. എന്നാൽ അദ്ദേഹം സർവീസിൽ ഏഴുവർഷം ബാക്കിനിൽക്കവേ ജോലിയിൽ നിന്ന് രാജിവെച്ചു. അദ്ദേഹം നിർബന്ധപെൻഷനും വാങ്ങി ഉദ്യോഗത്തിൽനിന്നും വിടപറഞ്ഞത്‌, ഉന്നതങ്ങളിൽനിന്നുള്ള ഭീഷണിയും ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഘട്ടവും വന്നപ്പോഴായിരുന്നു. ഇതോടെ അഭയാക്കേസ്സിൽ സഭയുടെ ശക്തമായ ഇടപെടലിന്റെ കഥയും പു റത്തുവന്നു. സഭ അഭയാക്കേസ് തേയ്ച്ചു മായിച്ചു കളയാൻ ശ്രമിക്കുന്ന വിവരങ്ങളും പൊതുജനങ്ങൾക്ക് ബോദ്ധ്യമായി.


ഇന്ത്യായിലെ  കുറ്റാന്വേഷണ  വിദഗ്ക്തരെയും നിയമപാലകരെയും   സ്വാധീനിക്കാൻ കഴിവുള്ള സഭ ഇതിനുള്ളിൽ പ്രവർത്തിക്കുന്നതുമൂലം ഒരു സത്യാന്വേഷിക്കും കൊലപാതകമോ കവർച്ചയോ തെളിയിക്കപ്പെടാൻ സാധിക്കാത്ത സാഹചര്യങ്ങളാണ് നിലവിലുള്ളത്. അഭയാക്കേസ്സിൽ കൊലപാതകികൾക്കൊപ്പം സീ.ബി.ഐ. യും ലോക്കൽ പോലീസും കൂട്ടുനില്ക്കുന്നുണ്ടായിരുന്നു. 1994 ജനുവരി പത്തൊമ്പതാം തിയതി വർഗീസ് ഇതേ സംബന്ധിച്ച് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. അന്നത്തെ  വർഗീസിന്റെ പത്രപ്രസ്ഥാവനയിൽക്കൂടി അഭയായുടെ മരണം കൊലപാതകമെന്ന് പൊതുജനസമൂഹത്തെ അറിയിച്ചു. അന്നുമുതലാണ് ആത്മഹത്യായെന്ന അഭയായുടെ മരണം പ്രഖ്യാപിതമായ ഒരു കൊലപാതകമായി മാറിയത്. വളരെ അസൂത്രണത്തോടെ കേസിനെയില്ലാതാക്കാൻ ചില സംഘിടിതശക്തികൾ ചരടു  വലിക്കുന്നുണ്ടായിരുന്നുവെന്നും സമൂഹം മനസിലാക്കാനും തുടങ്ങി.


 2008 നവംബർ പത്തൊമ്പതാം തിയതി ഫാദർ തോമസ് കോട്ടൂരിനെയും ഫാദർ പുതുർക്കയെയും  സിസ്റ്റർ  സെഫിയെയെയും സീ.ബി.ഐ. അറസ്റ്റുചെയ്തു. ബിഷപ്പ് കുന്നശേരിയേയും  ബിഷപ്പ് മൂലെക്കാടിനെയും ചോദ്യവും ചെയ്തു. സംഭവം കഴിഞ്ഞ് ആദ്യമായി  അന്വേഷണ റിപ്പോർട്ട് തയാറാക്കിയ അന്നത്തെ സബ് ഇൻസ്പെക്റ്റർ  വി.വി. ആഗസ്റ്റിൻ  കേസിന്റെ ദുരൂഹതയെന്നോണം 2008  നവംബർ ഇരുപത്തിയഞ്ചാം തിയതി ആത്മഹത്യ ചെയ്തു. സി.ബി.ഐ. യുടെ മാനസിക പീഡനം മൂലമാണ് താൻ മരിക്കുന്നതെന്നും  ഒരു ആത്മഹത്യാക്കുറിപ്പുമുണ്ടായിരുന്നു.   തെളിവുകളെല്ലാം നശിപ്പിച്ച് അഭയായുടെ മരണം ആത്മഹത്യയാക്കിയത് അഗസ്റ്റ്യനാണെന്ന് സീ.ബി.ഐ.യുടെ ആരോപണമുണ്ടായിരുന്നു. അഗസ്റ്റിന്റെ വ്യക്തിപരമായ മറ്റൊരു ഡയറിയിൽ അന്നത്തെ സീ.ബി.ഐ. ഉദ്യോഗസ്ഥർ   അങ്ങനെയെഴുതുവാൻ സ്വാധീനം ചെലുത്തിയതായും കുറിച്ചു വെച്ചിട്ടുണ്ട്.


ഇന്ത്യ വിഷന്റെ  ദൃശ്യ മാദ്ധ്യമത്തിൽ   അഭയാക്കൊലക്കേസിന്റെ നാർക്കോ അനാലിസിസിനെപ്പറ്റിയുള്ള സീഡിയിലെ  സാങ്കേതിക വിവരങ്ങൾ  വിശദമായി  വിക്ഷേപിച്ചിരുന്നു.  അഭയാ അടിച്ചു കൊല  ചെയ്യപ്പെടുകയായിരുന്നുവെന്ന്  നാർക്കോ സീഡിയിൽ പ്രതികളായ പുതുർക്കയും കോട്ടൂരും സെഫിയും വ്യക്തമാക്കുന്നുണ്ട്. അഭയായെ എന്തു സാധനം കൊണ്ടാണ് അടിച്ചുകൊന്നതെന്ന   ചോദ്യം ചോദിച്ചപ്പോൾ കോടാലി, ചുറ്റിക, കൂടം പോലുള്ള സാധനം കൊണ്ടെന്ന് പുതുർക്കയച്ചൻ  നാർക്കോ പരിശോധനയിൽ   ഉത്തരം പറയുന്നുണ്ട്. രണ്ടോ മൂന്നോ പേർ ഒന്നിച്ചാണ് അഭയായെ കിണറ്റിലിട്ടതെന്നും  പറയുന്നുമുണ്ട്. കേസുമായി ബന്ധപ്പെട്ട  ഇത്തരം കാര്യങ്ങൾ പുറത്തു വിടരുതെന്ന് ബിഷപ്പ് വാർത്താ ലേഖകരെ വിലക്കുന്നതും   പുതുർക്ക വെളിപ്പെടുത്തുന്നുണ്ട്.  ഇത്തരം ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽക്കൂടി പുറത്തു വിട്ടെങ്കിലും കോടതി അവർക്ക് പിന്നീട് വിലക്ക് കല്പ്പിച്ചിരുന്നു. ഇതിനായി സിസ്റ്റർ സെഫിയുടെ പരാതി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. നാർക്കോ പരിശോധന വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തു വിടുന്നതിൽ സിസ്റ്റർ സെഫിയുടെ സ്വകാര്യത  മാനിച്ചാണ് കോടതി വിലക്ക് കല്പ്പിച്ചത്.  അതനുസരിച്ച് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് കോടതി  വിലക്കിയെങ്കിലും വാർത്തകൾ പുറത്തു വിടുന്നതിൽ വിലക്കൊന്നും കൽപ്പിച്ചില്ല. ഏതായാലും ഒരു കാര്യം തീർച്ച, അഭയായെ കൊല്ലാൻ ഈ മൂന്നു വ്യക്തികൾക്കും കാര്യമായ പങ്കുണ്ട് ; അത്  നാർക്കോ അനാലിസിസിലെ വിവരങ്ങളിൽ നിന്നും സുനിശ്ചിതമാവുകയും ചെയ്തു.


ദൃശ്യങ്ങൾക്ക് വിലക്കു കൽപ്പിച്ചെങ്കിലും അഭയാ കൊലക്കേസ് സംബന്ധിച്ച സുപ്രധാനമായ വിവരങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി മറച്ചുവെക്കാൻ അരമനയ്ക്ക് കഴിഞ്ഞില്ല. നാർക്കോ പരിശോധനയിൽ വ്യക്തമായി കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നതും ജോസ് പുതുർക്കയിൽ കൂടിയാണ്. കിണറ്റിൽ അഭയായെ തള്ളിയിട്ടശേഷം മതിലുചാടി പുറത്തു പോയിയെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം കോട്ടൂരിനും പുതുർക്കയ്ക്കും  അടുക്കളയുടെ വാതിൽ തുറന്നു കൊടുത്തത് താനായിരുന്നുവെന്ന് സിസ്റ്റർ സെഫി പറയുന്നുണ്ട്. ഇവരെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും  വിളിക്കാറുണ്ടായിരുന്നെന്നും  സെഫി പറയുന്നു. പുതർക്കയും കോട്ടൂരുമായി ആത്മബന്ധത്തിനു പുറമേ ശാരീരിക ബന്ധങ്ങളുണ്ടായിരുന്നതായും അവരുടെ ശരീരത്തിൽ സ്പർശിച്ചിട്ടുള്ള കാര്യങ്ങളും സെഫി പറയുന്നുണ്ട്. മൂന്ന് പ്രതികളുടെയും ഉത്തരങ്ങൾ പരസ്പരം യോജിച്ചു പോവുന്നതും ചേർത്തു വെക്കാവുന്നതുമാണ്. ഇത്തരം പൊരുത്തങ്ങൾ സാധാരണ അപൂർവ്വമായേ സംഭവിക്കാറുള്ളൂവെന്നും നിയമ വിദക്തരും സീ ബി ഐ യിലെ പ്രമുഖരും സമ്മതിക്കുന്നുണ്ട്. “പുതിർക്കയും കോട്ടൂരും ഞാനും  ഒന്നിച്ചു നിൽക്കുമ്പോൾ  അഭയായെ ഇടനാഴികകളിൽക്കൂടി കണ്ടുവെന്നും" സെഫി പറയുന്നുണ്ട്. അഭയായുടെ തലയ്ക്കു മീതെ കോടാലികൊണ്ട്  അടിച്ചുകഴിഞ്ഞ് കിണറ്റിലിട്ടന്നാണ് സെഫിയും  പരിശോധനയിൽ പറയുന്നത്. ദൃശ്യങ്ങൾ പലതും എഡിറ്റ് ചെയ്താണ് പുറത്തുവിട്ടത്. അതുകൊണ്ട് അവ്യക്തതകളുമുണ്ട്. അസമയത്ത് രണ്ടു പുരോഹിതർ എന്തിനു വന്നുവെന്ന ഉത്തരങ്ങളും അതിൽ കാണാം. അതെല്ലാം എഡിറ്റു ചെയ്തതുമാകാം. നാർക്കോ അനാലിസിസ് വിവരങ്ങൾ പുറത്തുവിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോട്ടയം അതിരൂപത പ്രതികരിച്ചിരുന്നു. ഉന്നതരായ പലരും കുടുങ്ങുമെന്ന ഘട്ടം വന്നപ്പോഴായിരുന്നു നാർക്കോ സീഡികൾ  പുറത്തുവിട്ടത്. 

 
സത്യവും നീതിപൂർവ്വവുമായ ഒരന്വേഷണം സീ ബി ഐ നടത്തിയിരുന്നെങ്കിൽ അഭയാക്കേസ് കാലഹരണപ്പെടാതെ തെളിയുമായിരുന്നുവെന്നു കോടതി കുറ്റപ്പെടുത്തി. അജ്ഞേയമായ ഏതോ ശക്തി അഭയാക്കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണ കമ്മീഷനെ ഇക്കാലമത്രയും സ്വാധീനിച്ചിരുന്നുവെന്നും കോടതിയുടെ കണ്ടെത്തുലുകളിലുണ്ട്. കേരളത്തിലെ പ്രസിദ്ധനായ ഒരു നേതാവ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനെ സ്വാധീനിച്ചതായും അതുവഴി അഭയാകേസ് ഇല്ലാതാക്കാൻ ശ്രമിച്ചതായും പുറത്തുവന്നിട്ടുണ്ട്. കത്തോലിക്കാ അല്മായകമ്മീഷനുകളുംപ്രമുഖരായ അല്മായനേതാക്കളും അന്വേഷണകമ്മീഷനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. കൂടെ കൂടെയുള്ള സ്വാധീനവും ചില കേന്ദ്രങ്ങളിൽനിന്നുള്ള പണത്തിന്റെ ഒഴുക്കും കാരണം കേസ് തെളിയിക്കുന്നതിനുള്ള പല മാർഗങ്ങളും ഇല്ലാതാവുകയും ചെയ്തു.


2009 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ,. എറണാകുളത്തുള്ള  നീതിന്യായ മജിസ്ട്രേറ്റു   കോടതിയിൽ  ഹാജരാക്കിയ പത്രികയിൽ ഇങ്ങനെ കാണുന്നു, "നാർക്കോ അനാലിസീസ് വിവരങ്ങളനുസരിച്ച് 1992 മാർച്ച് ഇരുപത്തിയേഴാം തിയതി സുപ്രഭാതത്തിൽ അഭയാ എഴുന്നേല്ക്കുകയും ഹോസ്റൽ വക അടുക്കളയിലുള്ള  റഫറിജറേറ്ററിൽനിന്നും വെളളം കുടിക്കാനെത്തുകയും ചെയ്തു.  പുറകിൽനിന്ന് സെഫി മൂന്നു പ്രാവിശ്യം അഭയായുടെ തലക്കിട്ടടിച്ചു. അഭയാ ഉടൻ അബോധാവസ്ഥയിലാവുകയും ചെയ്തു.  മരിച്ചുവെന്നു കരുതി കോട്ടൂരും   പുതിർക്കയും സെഫിയുമൊത്ത് അഭയായുടെ ശരീരം  അടുക്കളയിൽനിന്നും പുറത്തെടുത്ത് കെട്ടിടത്തിനു വെളിയിലുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു."   എന്നാൽ 2009 ജനുവരി ഒന്നാം തിയതി 'ജഡ്ജി ഹേമാ' നാർക്കോ റിപ്പോർട്ടിന് പരിഗണന നല്കാതെ  സീ.ബി.ഐ യുടെ   ഡയറിയിൽ മാത്രം എഴുതിയിരിക്കുന്ന വസ്തുതകളെ ആധാരമാക്കി പ്രതികൾക്ക് ജാമ്യം നല്കുകയാണുണ്ടായത്. നാർക്കോ അനാലിസിസിനെ തെളിവുകളായി എടുക്കാൻ കോടതിക്ക് കഴിഞ്ഞില്ല. സീ.ബി.ഐ യുടെ ഡയറിയിൽ മറ്റൊരിടത്തുള്ളത് "അഭയാ രാവിലെ ഉണർന്നെഴുന്നേറ്റു അടുക്കളയിൽ വന്ന സമയം കോട്ടൂരും   പുതുർക്കയും പരസ്പരം  ഒരേ സമയം  സെഫിയെ   ലൈംഗികമായി പങ്കിടുകയായിരുന്നു"വെന്നാണ്.  അഭയായെ കണ്ട്  വിവശയായ  സെഫി വിറകുകൊള്ളികൊണ്ട് അഭയായുടെ തലക്കിട്ടടിച്ചുവെന്നും  സി.ബി.ഐ. രേഖപ്പെടുത്തിയിരിക്കുന്നു. 

അഭയാ എന്ന മാലാഖ നിത്യ നിദ്രയിലായിട്ട്  ഇരുപത്തിരണ്ട് വർഷങ്ങൾ കടന്നുപോയിരിക്കുന്നു.  കേസിലുടനീളം കൊല നടത്തിയവരെ നീതിപീഠത്തിൽ കൊണ്ടുവരുകയായിരുന്നില്ല  മറിച്ച്  കുറ്റവാളികളെ എങ്ങനെ രക്ഷപ്പെടുത്തണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്‌ഷ്യം.  അതിനായുള്ള ശ്രമങ്ങളും അവർ നടത്തി. വിജയിക്കുകയും ചെയ്തു.  ജീവിച്ചിരിക്കുന്ന അവളുടെ മാതാപിതാക്കളുടെ അശാന്തി ഇന്നും കെട്ടണഞ്ഞിട്ടില്ല. പരിഹാസമായ അന്വേഷണമല്ലാതെ   നാളിതുവരെ ഉത്തരം കണ്ടെത്തിയിട്ടുമില്ല.  അഭയായെന്ന അറിയപ്പെടാത്ത കൊടുങ്കാറ്റിൽ ഗ്രഹിക്കാൻ സാധിക്കാതെ  സത്യം എവിടെയോ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്. തെളിവുകൾ വിദക്തമായി  നശിപ്പിച്ചതുമൂലം സത്യം എവിടെയെന്ന് അന്വേഷിക്കാനും കണ്ടെത്താനും സാധിക്കുന്നില്ല. സാക്ഷിയായിരുന്ന അന്നത്തെ ഹോസ്റ്റൽ നടത്തിപ്പുകാരി കന്യാസ്ത്രിയെ ഇറ്റലിയിലെവിടെയോ സഭയൊളിപ്പിച്ചിരിക്കുകയാണ്. അവരെവിടെയുണ്ടെന്ന് നാളിതുവരെയായി ആർക്കും അറിയില്ല. നൂറുനൂറായിരം സ്ഥാപനങ്ങളുള്ള സഭയുടെ ഒളിത്താവളങ്ങൾ  കണ്ടുപിടിക്കാൻ നീതിന്യായ നിയമപാലകർക്കു സാധിക്കുകയുമില്ല.നീതിയുടെ വിതരണത്തിൽ പാവം അഭയായ്ക്ക് നീതി ലഭിച്ചില്ല.  ഹീനമായി തെളിവുകൾ നശിപ്പിച്ചവരുടെ ചെളിക്കുണ്ടിൽ അവളുടെ നീതി ഒളിഞ്ഞിരിക്കുന്നു.

Malayalam Daily News: http://www.malayalamdailynews.com/?p=91339
 

1 comment:

  1. അഭയാ കൊലക്കേസും കൈവെടിയുന്ന നീതിയും ‏
    കാലഹരണപ്പെട്ടുവെന്നു കരുതുന്ന നീതി കിട്ടാതെ പോയ ഒരു പെണ്ക്കുട്ടിയുടെ കഥയാണ് അഭയായുടെ കൊലപാതകം. പ്രതികൾ സമൂഹത്തിലെ ഉന്നതരായ പുരോഹിതരും ഒരു സന്യാസിനിയും. പ്രതികൾക്കുവേണ്ടി വിശ്വാസികളുടെ കോടിക്കണക്കിന്പണം അപഹരിച്ച് ചെലവാക്കിയത് രൂപതയുടെ ബിഷപ്പും. ഈ കഥയിൽ ബിഷപ്പിന്റെ പ്രേമവും ഉണ്ട്. നല്ല ഹിറ്റോടെ മലയാളം ഡെയിലി ന്യൂസ് പ്രസിദ്ധികരിച്ച ലേഖനം വായിക്കുക.

    ബിഷപ്പെന്ന് പറഞ്ഞ് വേഷം കെട്ടി നടക്കുന്ന കുറേയെണ്ണം കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രൊഫസർ ജോസഫിനെ താറടിച്ചുകൊണ്ട് ഇടയ ലേഖനം എഴുതിയ കുപ്രസിദ്ധനായ കോതമംഗലം ബിഷപ്പും ഇടുക്കിയിലെ മാഫിയാ ബിഷപ്പും മാനന്തവാടിയിലെ ജ്വാലിയൻ വാലാ ബിഷപ്പും കൊക്കന്റെ ഗുരു തൃശ്ശൂർ ബിഷപ്പും മോണിക്കയുടെ മുപ്പതു കോടി രൂപയുടെ വസ്തു തട്ടിയെടുത്ത ബിഷപ്പും ഇടയ ലോകത്ത് ചോദ്യം ചെയ്യപ്പെടാതെ നടക്കുന്നു. നാണമില്ലാത്ത ഇവറ്റകൾ ഉടൻ പിരിവിനായി വിദേശത്തും തെണ്ടാൻ ഇറങ്ങുന്നതെന്നും കേട്ടു. ഇവർക്കെതിരെ പൂരപ്പാട്ടുകൾ വിദേശ മലയാളികളുടെയിടയിൽ ധാരാളവും.
    http://www.malayalamdailynews.com/?p=91339

    ReplyDelete