Translate

Tuesday, December 4, 2012

ശ്വാസോഛ്വാസം പോലെ

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന

അര്‍ത്ഥമില്ലാത്തവ കേട്ടാണ് ഞാന്‍ വളര്‍ന്നത്‌

ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മ

ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.

കിട്ടാത്തതിനെപ്പറ്റി, കിട്ടിയിട്ട് കൈവിട്ടു-

പോയതിനെപ്പറ്റി, അമ്മ പറഞ്ഞു:

ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,

കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.


അന്യരെ നടുക്കാനല്ല,

സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്,

അച്ഛന്‍ പറഞ്ഞു. നടന്നു കാണിച്ചു.

ഞാന്‍ സ്വാതന്ത്ര്യമെടുക്കുകയും

ഒന്നും മിണ്ടാതെ ദിവസം മുഴുവന്‍

കൂട് നെയ്യുന്ന കുരുവികളെ നോക്കി

മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍ ചടഞ്ഞിരിക്കയും

ചെയ്തപ്പോള്‍ അച്ഛന്‍ ചിരിച്ചതേയുള്ളൂ, തല്ലിയില്ല.

മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.

തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.

കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.


ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,

തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.

നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,

ഒരിക്കല്‍ ഞാന്‍ പറഞ്ഞു.

അമ്മ നോക്കി നില്‍ക്കേ,

പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്

തോളിലൊന്നു തട്ടിയിട്ട്

അച്ഛന്‍ എന്നെ തള്ളിവിട്ടു.

പിന്നെന്തോ പറയാനോങ്ങിയപ്പോള്‍

അടുത്താരും ഇല്ലായിരുന്നു.

നടന്നു നടന്ന് ഞാനങ്ങ് മലയുടെ-

യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

ആകെയുണ്ടായിരുന്ന കള്ളിമുണ്ടും

എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.


അന്നുതൊട്ട് ഒരു കവചവും

ഞാന്‍ ഇഷ്ടപ്പെട്ടില്ല.

ആരോടും മത്സരിക്കാത്ത എന്നോട്

ആരും കയര്‍ക്കാന്‍ വന്നില്ല.

ഒന്നും സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

എവിടെ, എത്ര ദൂരെപ്പോകുമ്പോളും

പേരിനൊരു സഞ്ചിപോലുമില്ലാതെ

ഞാന്‍ കൈവീശി നടന്നു.

പകരമൊരുടുപ്പ് എനിക്കാവലാതിയാണ്.

ഓ, ജീവിതം ധന്യമാകാന്‍

എത്ര കുറച്ചു മതി! അവയിലൊന്നുപോലും

ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ.


കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും

ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.

അപ്പോള്‍ വെറുതേ നടന്നു പോകുന്നത്

സുഖകരമായിത്തോന്നും

വായിച്ചെടുക്കേണ്ടതൊന്നും

ഒരു പുസ്തകത്തിലും

ആരോടെങ്കിലും പറയേണ്ടത്

മനസ്സിലും ഇല്ലെന്നറിയും.

വഴി ചോദിക്കാന്‍പോലും

ഒരാള്‍ വേണ്ടെന്നു വരും.

ഞാന്‍ കണ്ടതൊക്കെ എനിക്ക് ധാരാളം,

കേട്ടതൊക്കെ മതിയാവോളം.


ഇതാണ്‌ സുവിശേഷങ്ങളില്‍ വരച്ചിരിക്കുന്ന

മനുഷ്യപുത്രന്റെ ചിത്രമെങ്കില്‍, പണ്ടേ

അതെനിക്ക് മനഃപാഠമായിക്കഴിഞ്ഞു.

എനിക്ക് വേണ്ടതെല്ലാം അതിലുണ്ട്,

എന്‍റെപോലും ഭാരം ഞാന്‍ അറിയുന്നുമില്ല.

ശ്വാസോഛ്വാസംപോലെ സ്വതന്ത്രരായ ചിലര്‍

ഈ ലോകത്തുണ്ട്  - അതിലൊന്ന് ഞാനാണ്.

4 comments:

  1. ഈ കവിത വായിച്ചപ്പോള്‍ സത്യമായും എന്റെു ശ്വാസം അല്പ്പ നേരം നിലച്ചു പോയി. അടുത്ത കാലത്താണ് എനിക്കങ്ങയെ പരിചയപ്പെടാന്‍ അവസരം കിട്ടിയത്. ഞാനൊരു നല്ല സുഹൃത്തിനെ മാത്രമേ ആഗ്രഹിച്ചുള്ളൂ, പക്ഷെ ദൈവം നല്ലൊരു മാര്ഗ്ഗ ദര്ശിയെ തന്നെ എനിക്ക് തന്നു. എഴുതാന്‍ വേണ്ടി എഴുതുന്ന പലരും ഉണ്ട്, മനസ്സിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി എഴുതുന്ന വിപ്ലവകാരികള്‍ ഉണ്ട്; പക്ഷെ, ബോധമനസ്സ് അറിയാതെ എഴുതി പോകുന്ന അപൂര്വ്വം ചിലരില്‍ ഞാന്‍ അങ്ങയെ കാണുന്നു. ഒന്നും മിണ്ടാതെ എല്ലാം പറയുന്ന താങ്കളുടെ വാക്കുകള്‍ എന്നെയും കൊത്തി വലിക്കുന്നു – ആരോടും പകയില്ലാതെ ഒരു തികഞ്ഞ താന്തോന്നിയാകാന്‍. കൂടുതലൊന്നും എനിക്ക് പറയാനില്ല. ഇത് പോലെ, ഇടവേളകള്‍ സൃഷ്ടിക്കുന്ന ശൂന്യതകളില്‍ പ്രപഞ്ചവുമായി ഏറെ സംവാദങ്ങള്‍ നടത്താന്‍ അങ്ങേക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. തനിയേ നടക്കാന്‍ ഒറ്റയടിപ്പാത മതിയെന്നു കണ്ടെത്തി.-ഹൃദയസ്പര്‍ശിയായ കവിത .

    ReplyDelete