Translate

Monday, May 19, 2014

ജീവിക്കാന്‍ അനുവദിക്കൂ...

ആര്‍ഷഭാരതത്തില്‍ യേശുവിന്‍റെ സന്ദേശം മുഴങ്ങിയപ്പോള്‍, പതിയെ ആ സന്ദേശത്തിന്‍റെ ആസ്വാദകര്‍ ഒരു മതമായി രൂപമെടുത്തപ്പോള്‍ അതില്‍ ഭാരതീയതയുടെ ആത്മാവും സ്ഥാനം പിടിച്ചിരുന്നു. മാപ്പിളമാര്‍ എന്ന പദം തന്നെ ചേരരാജാക്കന്മാര്‍ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ ബഹുമതിയാണ്. ബ്രാഹ്മണര്‍ക്കും നായന്മാര്‍ക്കും ഇടയിലുള്ള ഒരു സാമൂഹ്യ സ്ഥാനത്തിലായിരുന്നു ക്രിസ്ത്യാനികള്‍ നിലയുറപ്പിച്ചിരുന്നത്. ഒന്നാംകിട യോദ്ധാക്കളായിരുന്നു ആദ്യകാല ക്രിസ്ത്യാനികള്‍; വാളും പരിചയും സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു മോണ്ടളങ്ങള്‍ തന്നെ, ഇതര മതസ്ഥരുമായി വളരെ രമ്യതയിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നതും. ഹീന ജാതിക്കാര്‍ സ്പര്‍ശിച്ച് അശുദ്ധമായ സാധനങ്ങള്‍ തൊട്ടു ശുദ്ധമാക്കുകയെന്ന ദൌത്യം മാപ്പിളമാര്‍ക്കായിരുന്നുവെന്നോര്‍ക്കണം.
കുട്ടികളുണ്ടായാല്‍ മാപ്പിളമാര്‍ പിള്ളയൂണ് നടത്തിയിരുന്നു, വിവാഹ തലേന്ന് വരന് ചന്തം ചാര്‍ത്തലുണ്ടായിരുന്നു, വരന്‍ താലി കെട്ടി വിവാഹം നടത്തിയിരുന്നു, നിറപറയും നിലവിളക്കും വെച്ച് വധൂവരന്മാരെ സ്വീകരിച്ചിരുന്നു, അവര്‍ കാതു കുത്തിയിരുന്നു, കര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു, കുടുമ്മി കെട്ടിയിരുന്നു,  അറ്റം മടക്കിയ വാഴയിലയില്‍ നിലത്തു പായിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നു, പുലകുളിയും പതിനാറടിയന്തിരവും നടത്തിയിരുന്നു.......അങ്ങിനെ പലതും. ഒന്നും സ്വര്‍ഗ്ഗ പ്രാപ്തിക്കു വിഘാതവുമായിരുന്നില്ല. ചരിത്ര ലേഖകനായ ശ്രി. ചുമ്മാര്‍ ചൂണ്ടല്‍ എഴുതിയത്, “ആചാര്യ മര്യാദകളിലും സാമൂഹ്യ സംഘടനകളിലും കലയിലും സാഹിത്യത്തിലും ശില്പവേലയിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും എല്ലാം അവര്‍ ഏറെക്കുറെ ഹിന്ദുക്കളുടെ സമ്പ്രദായം പിന്തുടര്‍ന്ന് പോന്നു” എന്നാണ്. പട്ടക്കാര്‍ എന്ന് സഭാസമൂഹത്തില്‍ പ്രാമുഖ്യം നേടിയോ അന്ന് മുതല്‍ അമ്പലവട്ടത്തെ കലാപരിപാടികളിലും അക്രൈസ്തവരോത്തുള്ള കലാസാംസ്കാരിക പരിപാടികളും ക്രൈസ്തവര്‍ക്ക്  നിഷിദ്ധമായി. മാര്‍ത്തോമ്മാ തന്നെ നിത്യ നരകത്തിലായിരിക്കണം എന്നപോലെ അവര്‍ വിശ്വാസികളെ പഠിപ്പിച്ചു. ചവിട്ടുനാടകം പോലുള്ള ക്രൈസ്തവ കലാരൂപങ്ങളുടെ  വേരറ്റു പോകാന്‍ ഇത് മതിയായ കാരണമായിരുന്നു. ക്രൈസ്തവരുടെ സാംസ്ക്കാരികക്ഷയത്തിന് ഇത് കാരണമായിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് മാര്‍ത്തോമ്മവത്കരണത്തിന്‍റെ പേരില്‍ നാം കാണുന്നത്, ഒന്നൊന്നായി ആ പഴയ ആചാരങ്ങള്‍ ക്രൈസ്തവത്കരിച്ച് വീണ്ടും അവതരിപ്പിക്കപ്പെടുന്നതാണ് – എല്ലാം നിയന്ത്രിക്കുന്നത്‌ മെത്രാന്മാര്‍. ഓരോ മെത്രാനും ഓരോ സന്തോഷ്‌ പണ്ഡിറ്റ്‌.
കേരളത്തിലെ കത്തോലിക്കാ സമൂഹത്തെ റോമില്‍ നിന്ന് വേര്‍പെടുത്തി ഒരു എപ്പാര്‍ക്കിയായി മാറ്റാനുള്ള ഗൂഢാലോചന തുടങ്ങിയിട്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ സഭാധികാരികളും അത്മായരും തമ്മിലുള്ള അകല്‍ച്ചയും ഏറെ വര്‍ദ്ധിച്ചു. ഇടുക്കിയില്‍ ഒരു മെത്രാന്‍റെ നേരെ ബോംബെറിയുന്നിടം വരെയെത്തി കാര്യങ്ങള്‍. അത്മായാ ശബ്ദത്തില്‍ വന്ന പോസ്റ്റുകളും കമന്‍റുകളും മാത്രം സമാഹരിച്ചാല്‍, മെത്രാന്‍ ജയിപ്പിച്ച സ്ഥാനാര്‍ഥിക്ക് മെത്രാന്‍ വളര്‍ത്തിയെടുത്ത സമരസമിതിയുടെ ഒരാവശ്യം പോലും സാധിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്ക്കും മനസ്സിലാകും. രാഷ്ട്രിയത്തിലേക്ക് സഭ ഇറങ്ങിയതേ തെറ്റ്, ഇപ്പോള്‍ വന്നുകൂടിയ ദൌര്ഭാഗ്യത്തില്‍ നിന്ന് തലയൂരാന്‍ അതിലും വലിയ വിഡ്ഢിത്തരത്തിലേക്ക് സഭ എടുത്തു ചാടുന്നുവെന്നത് കേരള ക്രിസ്ത്യാനികള്‍ കണ്ടേ മതിയാവൂ.
കേരളത്തിലുള്ള ആയിരക്കണക്കിന് ഇടവകകളില്‍ അംഗങ്ങളായുള്ള വോട്ടവകാശമുള്ള കത്തോലിക്കര്‍ എല്ലാം കൂടി ഒന്നിച്ചാല്‍ കേരളത്തിലെ ഏതു മന്ത്രിസഭയേയും ചൂണ്ടു വിരലില്‍ നിര്‍ത്താനാവും, അതിനു പോന്ന ഒരു പുതിയ രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയുള്ള നീക്കങ്ങളാണ് അണിയറയില്‍ ഇപ്പോള്‍ നടക്കുന്നത്. ശരിയല്ലേ? പതിനയ്യായിരം വോട്ട് സമാഹരിക്കാവുന്ന നൂറിലേറെ നിയമസഭാ മണ്ഡലങ്ങളെപ്പറ്റി അവര്‍ക്ക് പറയാന്‍ കഴിയും. അതിലൂടെ ഇടുക്കിയിലെ കര്‍ഷകരെ രക്ഷിക്കാമെന്നും ഇവരു കണക്കു കൂട്ടുന്നുണ്ടാവും. ഇത് വിജയിച്ചാല്‍ കര്‍ഷകരാണോ മെത്രാന്മാരാണോ രക്ഷപ്പെടാന്‍ പോവുന്നതെന്നത് വേറൊരു ചോദ്യം.
ഈ നീക്കത്തിന് വേറൊരു വശവും കൂടിയുണ്ട്. കുറെ വര്‍ഷങ്ങളായി കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ ഉദ്യോഗദാനം വരെ എല്ലാം സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്. ന്യൂനപക്ഷാവകാശങ്ങളുടെ മറവില്‍ മുസ്ലിം ലീഗ് അവരുടെ കോട്ടകളെ മനോഹരമായി പച്ച പുതപ്പിച്ചു. ക്രിസ്ത്യാനികള്‍ക്ക് അത് കഴിഞ്ഞില്ല, ക്രിസ്ത്യാനി വിദ്യാഭ്യാസ കച്ചവടത്തിലൂടെ പച്ചയും കാവിയും വെള്ളയുമെല്ലാം പിഴിഞ്ഞെടുത്ത് കൊഴുത്തു, കേരളാ ഗവ. കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായി. കേരളത്തിലെ അറുപതു ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു കാര്യമല്ല, അതവര്‍ വിവിധ വേദികളിലൂടെ വെട്ടിത്തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എങ്കിലും കേരളം മതസൌഹാര്‍ദ്ദത്തിന് പ്രാമുഖ്യം കൊടുത്തു, പലതും പലരും കണ്ടില്ലെന്നു നടിച്ചു. കത്തോലിക്കര്‍ എന്ന് ഒരു രാഷ്ട്രിയ പാര്‍ട്ടിയായി മാറി കേരളത്തെ വിരല്‍ തുമ്പില്‍ നിര്‍ത്തുമോ അന്ന് കേരളം പൊട്ടിത്തെറിക്കും. കോണ്ഗ്രസ് 20%, ലീഗ് 10%, കമ്മ്യുണിസ്റ്റ് 30% എന്നിങ്ങനെയുള്ള അനുപാതത്തിലായിരിക്കില്ല അന്ന് കേരളം രാഷ്ട്രിയം വിലയിരുത്തുന്നത്. ഈ ദ്രുവീകരണത്തിന്‍റെ പ്രത്യാഘാതം കേരളത്തില്‍ ഒതുങ്ങാതെ പോയാല്‍ അത് അനുഭവിക്കുന്നത് വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കോളനികളില്‍ മിഷ്യന്‍ പ്രവര്‍ത്തനം ചെയ്യുന്ന ലത്തിന്‍ റിത്തില്‍പ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാര്‍ ആയിരിക്കുകയും ചെയ്യും.
കഴിഞ്ഞ വര്ഷം ഒരു മെത്രാന്‍ സിനഡ് കഴിഞ്ഞ് സിനഡ് വക്താവ് ഒരു ടിവി ചാനലില്‍ സ്പഷ്ടമായി പറഞ്ഞത്, ഭാരതം ക്രൈസ്തവത്കരിക്കുകയാണ് സഭയുടെ ലക്‌ഷ്യം എന്നാണ്. ഇന്ത്യയില്‍ ആകെ രണ്ടു ശതമാനം മാത്രം ക്രിസ്ത്യാനികള്‍, അതാകട്ടെ ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ഈ ഒരു വാചകം മതി ഒരു വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകാന്‍. ഇതുപോലെ അര്‍ഥം വരുന്ന മറ്റൊരു ദിവ്യന്‍റെ വചനമാണ് കണ്ടമാലില്‍ തീവ്രവാദികള്‍ വ്യാപകമായി ക്വോട്ട് ചെയ്തത് എന്നോര്‍ക്കണം. അന്ന് ഞാനോര്‍ത്തു വക്താവ് ഒരബദ്ധം പറഞ്ഞതായിരിക്കുമെന്ന്. ഇന്ന് ഞാന്‍ സംശയിക്കുന്നു ലത്തിന്കാരെ കെട്ടു കെട്ടിക്കാന്‍ സിറോ മലബാര്‍ ഉപജാപക സംഘം ബോധപൂര്‍വ്വം നടത്തിയ ഒരു നീക്കത്തിന്‍റെ ഭാഗം തന്നെയായിരിക്കാമിതെന്ന്. സ്വന്തമായി ഒരു സിറോ മലബാര്‍ എപ്പാര്‍ക്കിയെന്നാല്‍ അതാകെ സാധിക്കുന്നത് ലത്തിന്കാരെ ഒഴിപ്പിക്കുകയെന്നത് മാത്രമാണ്. ലത്തിന്‍കാര്‍ ക്രൈസ്തവ സമുദായത്തിന് എന്ത് ദ്രോഹമാണ് ചെയ്തതെന്നു മാത്രം എനിക്ക് മനസ്സിലാകുന്നില്ല. കേരളത്തില്‍ അനേകം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നു, അവര്‍ക്ക് വേണ്ടി നമ്മുടെ പിതാക്കന്മാര്‍  എന്ത് ചെയ്തു? Migrant Labourers Ministry എന്നൊരു പ്രസ്ഥാനം ഇവിടെ ലത്തിന്‍ റിത്തില്‍പ്പെട്ട SVD വൈദികരാണ്‌ ചെയ്യുന്നത്.

ഇവിടെ, മനുഷ്യനെ മനുഷ്യനായിക്കണ്ട്, സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും സഹോദര്യത്തിന്‍റെയും ഒരുമയില്‍ കൈകോര്‍ത്തു കഴിയാന്‍ ആഗ്രഹിക്കുന്ന കത്തോലിക്കാ വിശ്വാസികളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ഥിക്കുന്നു, പാരമ്പര്യം തലയ്ക്കു പിടിച്ച കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരോട്. 

4 comments:

  1. ലേഖനത്തിൽ ഒത്തിരി ഉൾക്കാഴ്ചകൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. സമകാലിക സംഭവങ്ങളെ ശരിയായി വിലയിരുത്താൻ കഴിയുന്ന ഒരാൾക്ക്‌ മാത്രമേ ഇതൊക്കെ ചൂണ്ടിക്കാണിക്കാൻ പറ്റൂ. ആദ്ധ്യാത്മികത നേരേവാ നേരേപോ ആണ്. അതിനപ്പുറം സഭ എന്തന്വേഷിച്ചാലും അത് രാജ്യത്തിനോ ക്രിസ്ത്യാനിക്കോ ഏതെങ്കിലും മനുഷ്യനോ നന്മയായിത്തീരില്ല. ചില കാര്യങ്ങൾ മനസ്സിൽ തട്ടി.
    1. സഭാധികാരികൾ രാഷ്ട്രീയത്തിലേയ്ക്ക് എടുത്തുചാടുന്നത് അവർക്ക് സഭ കൊടുത്തിരിക്കുന്ന ദൌത്യത്തിൽ അവർക്ക് താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടാണ്. ആദ്ധ്യാത്മികത ഇല്ലാതായവര്ക്ക് ആദ്ധ്യാത്മിക ശുശ്രൂഷയിൽ എങ്ങനെ സന്തോഷമുണ്ടാകും? ജനത്തെ കൈവശപ്പെടുത്താനുള്ള അടുത്ത വഴി രാഷ്ട്രീയം കളിക്കുകയാണ്. ആ കളി അത്രയൊന്നും അറിയില്ലാത്തതുകൊണ്ട് ഓക്കത്തരങ്ങൾ ചെയ്തു വയ്ക്കുന്നു. എന്നിട്ട് അതിന്റെ പേരിൽ ഏറുകൊള്ളുന്നു.
    2. റോമായിൽ നിന്ന് ഏതാണ്ടൊരു സ്വാതന്ത്ര്യം നല്ലതാണെന്ന പക്ഷക്കാരനാണ് ഞാൻ. ഇന്ത്യൻസഭ റോമൻ സഭയുടെയോ പോപ്പിന്റെയോ വരുതിക്ക് നില്ക്കേണ്ട യാതൊരു കാരണവും ചരിത്രത്തിൽ ഇല്ല. ആ ബന്ധം പോര്ടുഗീസുകാരുടെ കള്ളക്കളിയിലൂടെ കെട്ടിയേല്പ്പിച്ചതാണെന്നു നമുക്കറിയാം. സ്വർഗത്തിലേയ്ക്കുള്ള, യേശു ചൂണ്ടിക്കാണിച്ച വഴിയിൽ പോപ്പിന് ഒരു പ്രസക്തിയുമില്ല. പക്ഷേ നാടൻ മെത്രാന്മാർ ഇവിടുത്തെ സഭക്ക് വരുത്തി വച്ച ദുര്യോഗങ്ങൾ ഓർത്താൽ, സ്വാതന്ത്യത്തിനു ശേഷം നാട്ടുകാർ ഭരിച്ചു ഭരിച്ച് ഇന്ത്യയെ ഇന്നത്തെ അരക്ഷിതാവസ്ഥയിൽ എത്തിച്ചതുപോലെ തന്നെ ദാരുണമായ കഥയാണ്‌ സഭക്കും പറയാനുള്ളത്. അപ്പോൾ പിന്നെ തനതായ ഒരു ഏപാർക്കി ഉണ്ടാക്കിയാലും അത് സൽഗതി കൊണ്ടുവരില്ല. യേശുവിനെ തള്ളിക്കളഞ്ഞ സഭയിൽ ആര് തലപ്പതിരുന്നാലും വിനാശമാണ് ഉണ്ടാവുക.
    3. റീത്തിന്റെ പേരിൽ ഇപ്പോഴും തുടരുന്ന വിഭജനം അർത്ഥശൂന്യമാണ്. ക്രിസ്തുവാണ്‌ സഭയുടെ കേന്ദ്രമെങ്കിൽ, ഇത്തരം വ്യത്യാസങ്ങൾ വച്ചുപുലർത്തുകയല്ല, അവയെ സാവധാനം ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. താത്ത്വികമായി കാര്യങ്ങൾ നേരേചൊവ്വേ ഗ്രഹിക്കുന്നവര്ക്ക് പോലും കാര്യത്തിലേയ്ക്കു വരുമ്പോൾ ശീലം മാറ്റാൻ പറ്റുന്നില്ല.
    4. ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ഇന്ന് ഞാൻ ചെയ്തു. ഒരു കല്യാണത്തിനു പോയപ്പോൾ പള്ളിയിൽ കയറി കുറേനേരം ഇരുന്നു. പ്രാര്ത്ഥയിൽ ഒരു ഭാഗം കേട്ടപ്പോൾ ഞാൻ നേരത്തേ വിവാഹത്തെപ്പറ്റി ചൂണ്ടിക്കാനിച്ചിട്ടുള്ള, സഭ വച്ചുപുലർത്തുന്ന തെറ്റായ കാഴ്ചപ്പാട്, ഇത്രയായിട്ടും തിരുത്തിയിട്ടില്ലല്ലോ എന്നോർത്തു. " കൂദാശ യോഗ്യതയോടെ പരികർമം ചെയ്യാൻ ഈ ദാസനെ ശക്തനാക്കേണമേ" എന്നാണ് വൈദികൻ പ്രാര്ത്ഥിക്കുന്നത്. വൈദികൻ അവിടെ വെറും സാക്ഷിയാണ്, വരനും വധുവും ആണ് പരസ്പരം അല്ലെങ്കിൽ പൊതുകാർമികരായി വിവാഹമെന്ന കൂദാശയിൽ പങ്കുചേരുന്നത്‌ എന്നാ സത്യം അംഗീകരിക്കാൻ പുരോഹിതർക്ക് ആകുന്നില്ല! തങ്ങൾക്ക് ഒരവകാശവുമില്ലാത്തെ ഒരു ശക്തിക്കുവേണ്ടി പ്രാര്ത്ഥിച്ചാൽ ആര് കേൾക്കാൻ? അവനവന്റെ സ്ഥാനം മറന്നുള്ള എല്ലാ കളികളും വിപരീത ഫലം ഉളവാക്കും എന്നാണു ഈ ലേഖനത്തിൽ ഉടനീളം പറയുന്നത്.

    ReplyDelete
    Replies
    1. താങ്കളുടെ മതസങ്കല്പവും മനുഷ്യസങ്കല്പവും എന്താണ്
      ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെത്തന്നെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്. - Bobby Jose Capuchin

      Delete
  2. "എല്ലാം നിയന്ത്രിക്കുന്നത്‌ മെത്രാന്മാര്‍. ഓരോ മെത്രാനും ഓരോ സന്തോഷ്‌ പണ്ഡിറ്റ്‌." എന്ന മറ്റപ്പള്ളി സാറിന്റെ കണ്ടെത്തൽ ഉഗ്രാൻ ! "നിന്റെ രാജ്യം വരേണമേ " എന്നത് തിരുത്തി, "എന്റെ രാജ്യം വരേണമേ" എന്ന് എന്നും ഉരുവിടാറുള്ള ഇവറ്റകളെ ദൈവതുല്യരായി കരുതി, ദൈവത്തെ തന്നെ അപമാനിക്കുന്ന കലികാലമേ ,ഇന്നക്ക്‌ സ്വസ്തി ... സന്തോഷ്പണ്ഡിറ്റ് ഇത്തിരി ബുദ്ധിയുള്ള കോമാളീയാണു സാറേ.. ..മെത്രാന് കുബുദ്ധിയല്ലേ ഉള്ളൂ ?

    ReplyDelete
  3. എല്ലാ മെത്രാന്മാരും ' z ' കാറ്റഗറി സുരക്ഷയോടെ ,ബ്ളാക്ക്ക്യാറ്റ് കമ്മണ്ടോകളുടെ അകമ്പടിയോടെ പോകുന്ന കാലം വരുന്നു .അരമന വാതിൽക്കൽ പോലീസ്കാവലും മെറ്റൽഡിക്റ്റടറും വേണ്ടി വരും .
    മെത്രാൻമാരെ "സന്തോഷ്‌ പണ്ഡിറ്റ്‌" എന്ന് വിളിച്ചു സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു .

    ReplyDelete