Translate

Monday, March 19, 2018

ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ അത്മായര്‍ - ജോസഫ് പുലിക്കുന്നേല്‍

http://www.josephpulikunnel.com/wp-content/uploads/2017/03/April-June-2017.pdf

ഓശാന ത്രൈമാസികയുടെ അവസാന (ഏപ്രില്‍- ജൂണ്‍ 2017) ലക്കത്തില്‍നിന്ന്

സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സ്വത്തു ഭരിക്കുന്നതിനുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വഖഫ് നിയമവും ദേവസ്വം നിയമങ്ങളും. എന്നാല്‍ ഗവണ്‍മെന്റ് ക്രിസ്ത്യാനികളുടെ പള്ളിഭരിക്കുന്നതിനുവേണ്ടി ഒരു നിയമവും ഉണ്ടാക്കാന്‍ തയ്യാറായില്ല. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കണമെന്നതായിരുന്നു അല്‍മായ അസ്സോസിയേഷന്‍ സ്ഥാപകരുടെ ലക്ഷ്യം.
2009-ല്‍ കേരള ഗവണ്‍മെന്റ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ ഒരു വിപുലമായ കമ്മറ്റിയെ നിയമിക്കുകയും ആ കമ്മറ്റി പള്ളിവകസ്വത്തുക്കള്‍ എങ്ങനെ ഭരിക്കണമെന്ന് നിയമം ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതു നടപ്പിലാക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തയ്യാറായില്ലെന്നുള്ളത് അതീവ ഖേദകരമാണ്.
ക്രിസ്ത്യാനികള്‍ പല സംഘടനകളിലൂടെയും ഈ ആവശ്യം പിന്നീട് ഉന്നയിച്ചെങ്കിലും ഇന്നും അതു സാധിതപ്രായമായില്ല. ക്രിസ്ത്യാനികളുടെ പരമ്പരാഗത പള്ളി ഭരണ സമ്പ്രദായമായ ഇടവകയോഗങ്ങള്‍ പുനരുദ്ധരിക്കണമെന്നായിരുന്നു കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല കേരള ഗവണ്‍മെന്റ് ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തയ്യാറായില്ല.
കേരള ക്രൈസ്തവരുടെ പള്ളിഭരണത്തിനുള്ള മാര്‍ത്തോമ്മായുടെ ഈ നിയമം എന്തുകൊണ്ടാണ് പുനരുദ്ധരിക്കാത്തത് എന്നത് ക്രൈസ്തവര്‍ക്ക് ഒരു അത്ഭുതമാണ്. ഇന്നും പള്ളികളെ ഭരിക്കുന്നത് വത്തിക്കാനില്‍ രൂപം കൊടുത്ത കാനോന്‍ നിയമമാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ഭരണം നിയന്ത്രിക്കുന്നത് ഒരു വിദേശ രാഷ്ട്രത്തിന്റെ നിയമമാണെന്ന സത്യം ലജ്ജിക്കേണ്ടതാണ്. വിദേശ ഭരണത്തിനെതിരെ ആദ്യമായി കലാപമുയര്‍ത്തിയ കൂനന്‍കുരിശു സത്യത്തിന്റെ കാര്‍മ്മികരായ ക്രിസ്ത്യാനികളെതന്നെ ഈ വിദേശ ഭരണനിയമം ഭരിക്കപ്പെടുന്നുവെന്നത് ഓരോ ഭാരതീയനും നാണക്കേടാണ്.
ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ അത്മായര്‍ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. അതു നിയമമാക്കിയാല്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന അധികാരത്തെ സംബന്ധിച്ച് മെത്രാന്മാരും പുരോഹിതരും വേവലാതിപ്പെടുകയാണ്. ഗവണ്‍മെന്റിനെതിരെ കത്തോലിക്കാ സഭ സമരത്തിനിറങ്ങുമോ എന്ന് ഗവണ്‍മെന്റ് ഭയപ്പെടുന്നു. വേണ്ടിവന്നാല്‍ ജനങ്ങളോടൊപ്പം നിന്ന് ഈ സമരത്തെ നേരിടാനുള്ള തന്റേടമാണ് ഗവണ്‍മെന്റ് കാണിക്കേണ്ടത്.
ശ്രീ. വി. ആര്‍ കൃഷ്ണയ്യര്‍ അതിപണ്ഡിതനായ ഒരു അഡ്വക്കേറ്റാണെങ്കിലും ഈ നിയമത്തിന്റെ ക്രോഡീകരണത്തില്‍ ചില പാകപ്പിഴകള്‍ വന്നുഭവിച്ചിട്ടുണ്ട്. അത് തിരുത്തിവേണം ഗവണ്‍മെന്റ് ചര്‍ച്ച് ആക്ട് പാസ്സാക്കാന്‍. ഉദാഹരണത്തിന് 4 definitios(i) 'Christian' means a person who believes in Jesus Christ as his Lord and Saviour' ഈ നിര്‍വചനം ശരിയല്ല. ക്രിസ്തുവിനെ ദൈവവും കര്‍ത്താവുമായി സ്വീകരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളല്ല. നേരെമറിച്ച് വിശ്വാസപ്രഖ്യാപനം നടത്തി മാമ്മോദീസ സ്വീകരിച്ച് ഓരോ സഭയിലും അംഗമാകുന്നവരാണ് ക്രിസ്ത്യാനികള്‍. കേരളത്തില്‍ വിവിധ സഭകള്‍ ഉണ്ട്; റോമന്‍ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, യാക്കോബായ, സി.എസ്.ഐ, പെന്തക്കോസ്ത്. ഈ സഭകളിലോരോന്നിലും അംഗമാകുന്നതിന് അതതുസഭകളിലെ മാമ്മോദീസാ ആവശ്യമാണ്. ഈ ഓരോ സഭയ്ക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ക്രിയയാണ് മാമ്മോദീസ. അതുപോലെതന്നെ ഈ മാമ്മോദീസാ മുങ്ങുന്ന ഓരോ വിശ്വാസിയും ഓരോ ഇടവകയില്‍ അംഗങ്ങളായിതീരുന്നു. ഇടവകയില്‍ അംഗമാകുമ്പോള്‍തന്നെ പ്രാദേശിക സഭയില്‍ അംഗമാകുന്നു. ഇങ്ങനെ മാമ്മോദീസാ മുങ്ങി സഭാംഗങ്ങളാകുന്നവര്‍ പ്രാദേശികമായി ഓരോ ഇടവകാംഗങ്ങളാകുന്നു. അവര്‍ക്ക് അവരുടേതായ പള്ളികളും ഉണ്ടാകാം. ഈ പള്ളികള്‍ ഓരോ ട്രസ്റ്റിന്റെ കീഴിലായിരിക്കും.

2 comments:

  1. കാനോൻ നിയമത്തെ ദുർബലമാക്കി കേരളസഭകളുടെ പൗരാണിക ജനാധിപത്യമൂല്യങ്ങളടങ്ങിയ തോമസ് നിയമങ്ങൾ നടപ്പാക്കണമെന്ന് വാദിച്ചിരുന്ന ഒരു സഭായോദ്ധാവായിരുന്നു ശ്രീ ജോസഫ് പുലിക്കുന്നേൽ. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയായി കാണാൻപോലും സഭയുടെ ദുർബല പൗരാഹിത്യത്തിനു കഴിഞ്ഞില്ല. അതിൽ നിന്നും സഭയുടെ കാഴ്ചപ്പാടിൽ മാമ്മോദീസ മാത്രം പോരെന്നർത്ഥം.

    ഒരു നിയമജ്ഞനായിരുന്ന മുൻ സുപ്രീം കോടതി ജഡ്ജി ചർച്ച് ആക്റ്റിന്റെ നക്കൽ എഴുതിയപ്പോൾ ക്രിസ്ത്യൻ സഭകളിലുള്ള കൂദാശയായ മാമ്മോദീസാ സൂചിപ്പിച്ചില്ലെന്നുള്ള ശ്രീ പുലിക്കുന്നേലിന്റെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുന്നില്ല. “Christian means a person who believes in Jesus Christ as his Lord and Saviour”. ഒരു നിയമം എഴുതുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന നിർവചനത്തിനു ഈ നിയമം ധാരാളം മതിയാകും.

    ഒരു ക്രിസ്ത്യാനിയ്ക്ക് ജനിക്കുമ്പോൾ മുതൽ മാമ്മോദീസാ തൊട്ടു സഭയുടെ എല്ലാ കൂദാശകളും സ്വീകരിക്കണമെന്നുണ്ട്. വിവാഹം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നിങ്ങനെ അനേക കീറാമുട്ടികളുണ്ട്. ഈ കൂദാശകൾ ഉൾക്കൊണ്ടാലേ സഭ ഒരുവനെ കത്തോലിക്കനായി കരുതുകയുള്ളൂ. ആ സ്ഥിതിക്ക് മാമ്മോദീസ എന്ന കൂദാശ മാത്രം ചർച്ച് ആക്ടിൽ നിർവചനമായി ചേർക്കുന്നതിൽ യുക്തിയില്ല.

    യേശുവിനെ മാതൃകയായി, രക്ഷകനായി ഒരാൾ സ്വീകരിക്കുന്നുവെങ്കിൽ അയാൾ ക്രിസ്ത്യാനിയെന്നാണ് അർത്ഥം. ക്രിസ്തുവിനൊപ്പം ക്രൂശിച്ച വലതു ഭാഗത്തെ കള്ളനെ വെള്ളം കൊണ്ട് മാമ്മോദീസ മുക്കിയതായി വചനത്തിൽ പറഞ്ഞിട്ടില്ല. യേശു നല്ല കള്ളന്റെ രക്ഷകൻ മാത്രമായിരുന്നു. വെള്ളം കൊണ്ടുള്ള മാമ്മോദീസാ തന്നെ പേഗൻ കാലത്തുള്ള വിശ്വസമാണ്. ആ വിഷയത്തിലേക്ക് കടക്കുന്നില്ല.

    ഒരു സഭയുടെ അംഗമാകുന്നതിന് മാമ്മോദീസ സ്വീകരിക്കണം. ശരി തന്നെ. സഭയുടെ അംഗങ്ങൾക്ക് മാത്രമേ സഭാ സമിതികളിൽ അംഗത്വം ഉള്ളുവെന്ന് ചർച്ച് ആക്റ്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിസ്ത്യാനിയെന്ന നിർവചനത്തിന് മാമോദീസ വേണമെന്നില്ലെന്നാണ് പ്രൊട്ടസ്റ്റന്റ് സഭകൾ വിശ്വസിക്കുന്നത്. കത്തോലിക്കരുടെ കൂദാശകൾ മാർത്തോമ്മാ സഭ അംഗീകരിച്ചിരിക്കുന്നതായി കാണാം. സുവിശേഷം കേട്ടയുടൻ പരിശുദ്ധ ആത്മാവ് ആവഹിച്ച കാര്യങ്ങളൊക്കെ ബൈബിൾ വചനങ്ങളിൽ ഉണ്ട്. അപ്പോസ്തോല പ്രവർത്തനം 10:44-48-ൽ കൊർണേലിയസ് കുടുംബം മാമ്മോദീസ സ്വീകരിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവെന്നും പുതിയ നിയമത്തിൽ വായിക്കാം. ഒരു ക്രിസ്ത്യൻ എന്ന നിർവചനത്തിന് 1 പീറ്റർ 3:21, റോമാ 6:4 വചനങ്ങൾ മാമ്മോദീസ വേണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

    ReplyDelete
  2. http://mattersindia.com/2018/03/church-land-row-goes-to-indias-supreme-court/

    ReplyDelete