Translate

Sunday, July 22, 2012

ദശാംശം ബൈബിളധിഷ്ഠിതമോ?- റവ. ഫാ. ജോണിനെ വിചാരണ ചെയ്താല്‍....

താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലെ (made by Ravingpente, based on the story below) സംഭാഷണങ്ങള്‍ ശ്രീ സക്കറിയാസ് നെടുങ്കനാല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് താഴെ കൊടുക്കുന്നു:
The trial of Pastor Jones:

'via Blog this'

ജഡ്ജി: ഫാ. ജോണ്‍, അന്യായമായ പിടിച്ചുപറിക്കല്‍ നടത്തിയതിനു നിങ്ങള്‍ കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്. ഇരുപതു കൊല്ലത്തോളം നീണ്ടുനിന്ന ഈ പിഴിച്ചിലിന് ആയിരങ്ങള്‍ ഇരയായിട്ടുണ്ട്. ദൈവാനുഗ്രഹവാഗ്ദാനത്തില്‍ വിശ്വസിച്ചും, വഴങ്ങാത്തവര്‍ക്ക് ദൈവശാപം കിട്ടുമെന്ന് ഭയപ്പെട്ടും സമ്പാദ്യത്തിന്റെ പത്തു ശതമാനം പള്ളിക്ക് കൊടുക്കാന്‍ നിങ്ങളുടെ ഇരകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഈ കുറ്റത്തിനെതിരെ എന്ത് വാദഗതിയാണ് നിങ്ങള്‍ക്കുള്ളത്?
ഫാ. ജോണ്‍: ഞാന്‍ നിരപരാധിയാണ്. ബൈബിള്‍ പറയുന്നത് ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അബ്രഹാം മെല്ക്കിസെദെക്കിന് പത്താം അംശം കൊടുത്തെന്നും അതിനാല്‍ ദൈവം അയാളെ അനുഗ്രഹിച്ചെന്നും ബൈബിളില്‍ കാണുന്നു. 
ജഡ്ജി: ഉല്‍്പത്തി പുസ്തകം പതിമൂന്നാം അദ്ധ്യായം രണ്ടാം വാക്യത്തില്‍ അബ്രഹാം ധനവാനും ധാരാളം ആടുമാടുകളുടെയും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും ഉടമയുമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നു. ശരിയല്ലേ, ഫാ. ജോണ്‍?
ഫാ. ജോണ്‍: തീര്‍ച്ചയായും.
ജഡ്ജി: ശരി. എന്നാല്‍ എബ്രഹാം മെല്ക്കിസെദെക്കിനു കപ്പം കൊടുക്കുന്നതിനെപ്പറ്റി നാം വായിക്കുന്നത് ഉല്‍പത്തി പതിന്നാലാം അദ്ധ്യായത്തിലാണ്. അതായത്, അപ്പോള്‍ അദ്ദേഹം ധനികനായിരുന്നു എന്നല്ലേ അര്‍ത്ഥം? 
ഫാ. ജോണ്‍: അത് ശരിയായിരിക്കണം.
ജഡ്ജി: അപ്പോള്‍, മെല്ക്കി സെദെക്കിനു കപ്പം കൊടുത്തതുകൊണ്ടല്ല അയാള്‍ ധനവാനായത് എന്ന് ചുരുക്കം.
ഫാ. ജോണ്‍: ശരിയാണ്. 
ജഡ്ജി: തന്നോട് വിശ്വസ്തനായിരുന്നതിനാല്‍, ദൈവം അബ്രാഹത്തെ അനുഗ്രഹിച്ചു എന്നും നിങ്ങള്‍ പറയുന്നു. അയാള്‍ മെല്ക്കിസെദെക്കിനു കപ്പംകൊടുത്തതായി എത്ര തവണ എഴുതപ്പെട്ടിട്ടുണ്ട്, ഫാ. ജോണ്‍?
ഫാ. ജോണ്‍: ഒരിക്കല്‍ മാത്രം. 
ജഡ്ജി: ആഴ്ച തോറും പത്തിലൊന്ന് കപ്പം കൊടുത്തതായി ബൈബിള്‍ പറയുന്നില്ലല്ലൊ?
ഫാ. ജോണ്‍: ഇല്ല. 
ജഡ്ജി: എങ്കില്‍, മെല്ക്കിസെദെക്കിനു കൊടുത്ത വകകള്‍ അബ്രഹാമിന് എവിടെ നിന്ന് കിട്ടി?
ഫാ. ജോണ്‍: അവയൊക്കെ യുദ്ധത്തില്‍ കവര്ച്ച ചെയതവയാണെന്നാണ് ബൈബിള്‍ പറയുന്നത്. 
ജഡ്ജി: അപ്പോള്‍, അയാള്‍ കൊടുത്തതൊക്കെ കവര്‍ച്ചവസ്തുക്കളായിരുന്നു, അല്ലേ?
ഫാ. ജോണ്‍: എന്നാണ് ബൈബിള്‍ പറയുന്നത്. 
ജഡ്ജി: അതായത്, സ്വന്തമല്ലാത്ത വസ്തുവകകള്‍ എടുത്ത് അയാള്‍ കപ്പമായി നല്കി എന്നല്ലേ മനസ്സിലാക്കേണ്ടത്?
ഫാ. ജോണ്‍: വിശുദ്ധ ഗ്രന്ഥം സൂചിപ്പിക്കുന്നത് അങ്ങനെയാണ്. 
ജഡ്ജി: സ്വന്തം സമ്പാദ്യത്തില്‍ നിന്ന് എന്തെങ്കിലും അയാള്‍ മെല്കിസെദെക്കിനോ മറ്റാര്‍ക്കെങ്കിലുമോ കപ്പമായോ പതവാരമായോ കൊടുത്തില്ല എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്? 
ഫാ. ജോണ്‍: അതേ എന്നനുമാനിക്കേണ്ടിയിരിക്കുന്നു, സാര്‍.. 
ജഡ്ജി: നിങ്ങള്‍ പുരോഹിതനാണ്. എന്നിട്ടും നിങ്ങള്ക്ക് ഇക്കാര്യം അനുമാനിക്കാനേ ആകുന്നുള്ളോ? തീര്‍ത്തു പറയുക. സ്വന്തം സമ്പാദ്യത്തില്‍നിന്നാണ് അബ്രഹാം ആര്‍ക്കെങ്കിലും കപ്പംകൊടുത്തത് എന്ന് എഴിതപ്പെട്ടിടുണ്ടോ? 
ഫാ. ജോണ്‍: അങ്ങനെ ഉള്ളതായി ഞാനൊരിടത്തും കണ്ടിട്ടില്ല. 
ജഡ്ജി: എബ്രഹാം മെല്ക്കിസെദെക്കിന് കൃത്യമായി എന്താണ് കപ്പമായി നല്കിയത് എന്ന് എവിടെയെങ്കിലും കുറിച്ചിട്ടുണ്ടോ? 
ഫാ. ജോണ്‍: കവര്‍ച്ചദ്രവ്യമാണെന്നു കുറിച്ചിട്ടുണ്ട്.
ജഡ്ജി: അതെന്തുമാകാമല്ലോ?
ഫാ. ജോണ്‍: ആകാം. 
ജഡ്ജി: അത് പണമായിരിക്കണമെന്നില്ല. ഭക്ഷ്യവസ്തുവോ ആടുമാടുകളോ അന്യരുടെ വകകളോ ഒക്കെയാവാം. 
ഫാ. ജോണ്‍: ശരിയാണ്. പതാരം പണമായിരിക്കണമെന്നു പറയുന്നില്ല. 
ജഡ്ജി: വാസ്തവത്തില്‍ പണം അവിടെ പരാമര്‍ശിക്കപ്പെടുന്നേയില്ല. അല്ലേ, ഫാ. ജോണ്‍? 
ഫാ. ജോണ്‍: ശരിയാണ് സാര്‍. 
ജഡ്ജി: അങ്ങനെയെങ്കില്‍, അബ്രഹാം മെല്ക്കിസെദെക്കിന് പണം നല്കിയതായി നിങ്ങള്‍ക്ക് ഒരിക്കലും വാദിക്കാനാവില്ല. 
ഫാ. ജോണ്‍: ഇല്ല. 
ജഡ്ജി: ഒരു ചോദ്യം കൂടി. കവര്‍ച്ചദ്രവ്യങ്ങളില്‍നിന്ന് മെല്ക്കിസെദെക്കിന് കപ്പം കൊടുക്കാന്‍ ദൈവം അബ്രാഹത്തോടു കല്പ്പിച്ചുവോ? 
ഫാ. ജോണ്‍: ഇല്ല. എബ്രഹാം സ്വന്ത ഇഷ്ടത്തിനു അങ്ങനെ ചെയ്തതായി വേണം അനുമാനിക്കാന്‍. 
ജഡ്ജി: അങ്ങനെവരട്ടെ. ഒരിക്കല്‍ മാത്രം ഇഷ്ടദാനമായി അബ്രഹാം പണമല്ലാത്ത എന്തോ മെല്ക്കിസെദെക്കിന് കൊടുത്തതിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആഴ്ചതോറും വരുമാനത്തിന്റെ പത്തു ശതമാനം പള്ളിക്കു കൊടുക്കണമെന്നല്ലേ നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത്? ഈ നിരീക്ഷണങ്ങളുടെ തെളിവില്‍, സ്വന്തം ലാഭത്തിനായി, ബൈബിളില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉദ്ധരിക്കുന്നു എന്ന തെറ്റിന് നിങ്ങള്‍ ഉത്തരവാദിയാണ് എന്നതില്‍ സംശയത്തിന് ഇടയില്ല. 
ഫാ. ജോണ്‍: സമ്മതിക്കുന്നു, സാര്‍. .മെല്ക്കിസെദെക്കിന്റെ കഥയുപയോഗിച്ച് ദശാംശം നല്കാന്‍ മനുഷ്യരെ ഞാന്‍ നിര്‍ബന്ധിച്ചത് തെറ്റാണ്. പക്ഷേ, മറ്റ് ചിലടത്തു ബൈബിളില്‍ അതിനുള്ള ആധാരം കാണാം. ഉദാഹരണത്തിന്, എല്ലാറ്റിന്റെയും പത്തു ശതമാനം താന്‍ ദൈവത്തിനു കൊടുക്കും എന്ന് യാക്കോബ് പറയുന്നുണ്ട്. അത് നമുക്ക് മാതൃകയാക്കരുതോ?
ജഡ്ജി: ആ ഭാഗം വായിക്കൂ, ഫാ. ജോണ്‍. 
ഫാ. ജോണ്‍: ഉല്‍പത്തി 28, ഇരുപതാം വാക്യം തൊട്ട് ഇങ്ങനെ വായിക്കാം. 'യാക്കോബ് ഒരു പ്രതിജ്ഞ ചെയ്തു. ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍, കര്‍ത്താവായിരിക്കും എന്റെ ദൈവം. ... അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും. 
ജഡ്ജി: നമ്മള്‍ യാക്കോബിന്റെ മാതൃക അനുകരിക്കണമെന്നല്ലേ താങ്കള്‍ പറഞ്ഞത്?
ഫാ. ജോണ്‍: അത് ശരിയാണ്. അദ്ദേഹത്തിന്റെ പ്രതിജ്ഞപോലെ നമ്മളും ചെയ്യണം.
ജഡ്ജി: ഇവിടെ ഒരു സംഗതി ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ. ദൈവം അയാളെ ആദ്യം അനുഗ്രഹിച്ചാല്‍ മാത്രം പത്തിലൊന്ന് നല്കാമെന്നാണ് യാക്കോബ് പ്രതിജ്ഞയെടുത്തത്. അങ്ങനെയൊരു നിബന്ധന നമുക്കും ആകാമല്ലോ?
ഫാ. ജോണ്‍: ഞാനതല്ല ഉദ്ദേശിച്ചത്. 
ജഡ്ജി: പിന്നെയെന്താണ്?
ഫാ. ജോണ്‍: നാമും ദൈവത്തിനു പത്തിലൊന്ന് കൊടുക്കണമെന്ന്. 
ജഡ്ജി: നിങ്ങള്‍ എന്താണ് വീണ്ടും ചെയ്യുന്നതെന്ന് ശ്രദ്ധിക്കൂ. നിങ്ങള്‍ ആഗ്രഹിക്കുന്നത് വിശുദ്ധ ലിഖിതത്തെകൊണ്ട് നിങ്ങള്‍ പറയിപ്പിക്കുകയാണ്. യാക്കോബ് തന്റെ പ്രതിജ്ഞ പാലിച്ചു എന്ന് പറയുന്ന ബൈബിള്‍ ഭാഗം കൂടി താങ്കള്‍ കാണിച്ചു തരേണ്ടതുണ്ട്. അക്കൂടെ, അയാള്‍ ആ വിഹിതം എവിടെ സമര്‍പ്പിച്ചു എന്നതും. കാരണം, അക്കാലത്ത് ഒരു ദേവാലയമോ പുരോഹിതരോ ഇല്ലായിരുന്നു.
ഫാ. ജോണ്‍: ഇവ രണ്ടിന്റെയും സൂചന ലിഖിതത്തില്‍ ഉള്ളതായി എനിക്കറിവില്ല. 
ജഡ്ജി: അങ്ങനെയെങ്കില്‍, എനിക്ക് തോന്നുന്നത്, യാക്കോബ് സ്വമനസ്സാ ദൈവതിരുമുമ്പില്‍ ഒരു വാക്ക് കൊടുക്കുകയും അതിനൊരു നിബന്ധന വയ്ക്കുകയുമാണ് ചെയ്തത്. അത് ചൂണ്ടിക്കാണിച്ച്, മനുഷ്യര്‍ നിര്‍ബന്ധമായി അവരുടെ വരുമാനത്തിലൊരംശം നിങ്ങള്‍ക്കോ പള്ളിക്കോ കൊടുക്കണമെന്നതില്‍ ഒരു കഴമ്പും ഇല്ല. 
ഫാ. ജോണ്‍ : പത്തിലൊന്ന് കൊടുക്കണമെന്ന് പറയുന്ന മറ്റ് ചില വാക്യങ്ങളും വിശുദ്ധ ലിഖിതത്തില്‍ ഉള്ളതായി എനിക്കറിയാം. 
ജഡ്ജി: പള്ളിക്കുള്ള നിര്‍ബന്ധ ദശാംശത്തിന്റെ കാര്യത്തില്‍ യുക്തിസഹമായ ഒരു വാദവും ഇതുവരെ നിങ്ങള്‍ മുന്നോട്ടു വച്ചിട്ടില്ല. പണം പിരിക്കാന്‍ വേണ്ടി ചില ബൈബിള്‍ വാക്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുപോരുക മാത്രമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. വിധിപറയും മുമ്പ്, നിങ്ങളുടെ പിടിച്ചുപറിക്കലിനെ സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടോ? 
ഫാ. ജോണ്‍: മലാക്കി അദ്ധ്യായം മൂന്ന്, എട്ടാം വാക്യം മുതല്‍ ഇങ്ങനെവായിക്കാം. 'മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നതെന്നു നിങ്ങള്‍ ചോദിക്കുന്നു. ദാശാംശങ്ങളിലും കാഴ്ചകളിലും തന്നെ. നിങ്ങള്‍ ജനം മുഴുവനും എന്നെ കൊള്ള ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ അഭിശപ്തരാണ്. ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാവട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടം തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരീക്ഷിക്കുവിന്‍! . സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.' ഇതെപ്പറ്റി അങ്ങെന്തു പറയുന്നു? ദശാംശം സംഭരണിയിലേക്ക് കൊണ്ടുവരാനല്ലേ ഇവിടെ കല്പ്പന? അല്ലെങ്കിലോ ദൈവശാപം തീര്‍ച്ച! 
ജഡ്ജി: ഇതിനുത്തരം തരൂ, ഫാ. ജോണ്‍. പത്തിലൊന്ന് ദാനമായി നല്കണമെന്ന് ദൈവം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്ന കാര്യം താങ്കള്‍ക്ക് അറിവുള്ളതായിരുന്നില്ലേ?
ഫാ. ജോണ്‍: ഇല്ല, അങ്ങനെയൊരു കാര്യം എനിക്കറിയില്ല.
ജഡ്ജി: ഇവിടെ പരാമൃഷ്ടമായ ദശാംശം ഭക്ഷണദ്രവ്യങ്ങള്‍ ആയിരുന്നു, ഒരിക്കലും പണമായിരുന്നില്ല. 
ഫാ. ജോണ്‍: സാറേ, അത്, അക്കാലത്ത് നാണയം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. 
ജഡ്ജി: അതൊരിക്കലും ശരിയല്ല. ഉല്‍പത്തിയില്‍ നാണയത്തെപ്പറ്റി സൂചനയുണ്ട്. മലാക്കി എഴുതപ്പെട്ടത് നൂറ്റാണ്ടുകള്‍ക്കും ശേഷമാണ്. അതില്‍ ലേവ്യര്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കുമായി ഭക്ഷണം കൊണ്ടുവരുവാന്‍ ദൈവം ആജ്ഞാപിക്കുന്നുണ്ട്. ദശാംശം ജനത്തിന്റെ ആവശ്യങ്ങള്‍ക്കായി ആണ് ഉദ്ദേശിച്ചിരുന്നത്. ഇങ്ങള്‍ ഉദ്ധരിച്ചിടത്തുതന്നെ ഇങ്ങനെയും കാണുന്നു: എന്റെ ഭവനത്തില്‍ ആവശ്യത്തിനു ഭക്ഷണം ഉണ്ടായിരിക്കുന്നതിനു വേണ്ടി എന്ന്. ഭക്ഷണം എന്ന വാക്ക് താങ്കള്‍ മനഃപൂര്‍വം കാണാതെ പോകുന്നതല്ലേ?
ഫാ. ജോണ്‍: എനിക്കറിയില്ല. 
ജഡ്ജി: ഇതും കൂടി അറിഞ്ഞിരിക്കുക. ഈ വചനങ്ങള്‍ പഴയ നിയമത്തിലെ ജനത്തോടുള്ളവയാണ്. ദശാംശം പഴയ നിയമത്തിന്റെ ഭാഗമായിരുന്നു. ആ നിയമത്തെ മറികടന്ന യേശുവിനു ശേഷം അവയ്ക്ക് സാധുതയില്ല. തിരുവചനങ്ങളെ അവയുടെ ചരിത്രപരമായ സാഹചര്യങ്ങളില്‍നിന്നു വേര്‍പെടുത്തി, സ്വന്തം ഇഷ്ടത്തിനു വ്യാഖ്യാനിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ദശാംശം ഭക്ഷണത്തില്‍നിന്ന് പണത്തിലേക്ക് ദൈവം മാറ്റിയതിന്റെ ഒരു തെളിവെങ്കിലും ബൈബിളില്‍ കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ?
ഫാ. ജോണ്‍: ഇല്ല. 
ജഡ്ജി: ദൈവമത് ചെയ്തിട്ടില്ലെങ്കില്‍, പിന്നെ അത് ചെയ്തത് ആര്?
ഫാ. ജോണ്‍: മനുഷ്യരായിരിക്കണം.
ജഡ്ജി: അതായത്, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, പഴയനിയമ വചനങ്ങളെ ചികഞ്ഞെടുത്തു, പുതിയ നിയമത്തിലെ വിശ്വാസികളെ അവകൊണ്ട് കബളിപ്പിക്കുകയാണ്. 
ഫാ. ജോണ്‍: സാര്‍, പുതിയ നിയമത്തിലും ദശാംശത്തെ സാധൂകരിക്കുന്ന ഒരു വാക്യം യേശുവിന്റേതായി ഉണ്ട്. 
ജഡ്ജി: ശരി, എവിടെ?
ഫാ. ജോണ്‍ : മത്തായി 23:23 യേശു പറഞ്ഞു. 'കപട നാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം. നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റുള്ളവ അവഗണിക്കാതെ തന്നെ.'
ജഡ്ജി: നിങ്ങളോട് എനിക്കൊരു ചോദ്യമുണ്ട്. ആരോടായിരുന്നു യേശു സംസാരിച്ചിരുന്നത്?
ഫാ. ജോണ്‍: നിയമജ്ഞരോടും ഫരിസേയരോടും. 
ജഡ്ജി: താങ്കള്‍ ഒരു നിയമജ്ഞനോ ഫരിസേയനോ ആണോ?
ഫാ. ജോണ്‍: ഒരിക്കലുമല്ല. 
ജഡ്ജി: നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളെ നിങ്ങള്‍ അവഗണിക്കുന്നു എന്നും യേശു ആ വാക്യത്തില്‍ പറയുന്നുണ്ട്. നാം ആ നിയമത്തിനു അധീനരാണോ, ഫാ. ജോണ്‍?
ഫാ. ജോണ്‍: അല്ല. 
ജഡ്ജി: എന്തുകൊണ്ട്?
ഫാ. ജോണ്‍: യേശു അവയെ പൂര്‍ത്തീകരിച്ചതുകൊണ്ട്. 
ജഡ്ജി: എന്നാണ് യേശു അത് ചെയ്തത്?
ഫാ. ജോണ്‍: ക്രൂശിതനായപ്പോള്‍
ജഡ്ജി: എങ്കില്‍, യേശുവിന്റെ മരണംവരെ നിയമം നിലനിന്നിരുന്നു?
ഫാ. ജോണ്‍: അത് ശരിയാണ്. 
ജഡ്ജി: ഇതെവിടേക്കാണ് നയിക്കുന്നത് എന്ന് താങ്കള്‍ക്ക് ബോധ്യമുണ്ട്, അല്ലേ?
ഫാ. ജോണ്‍: ശരിയാണ്, അങ്ങുന്നേ. യേശു മരിക്കുംവരെ നിയമത്തിനു വഴങ്ങേണ്ട കടമ ഫരിസേയര്‍ക്കുണ്ടായിരുന്നു. ദശാംശം കൊടുക്കുക എന്നതും അതില്‍ പെട്ടിരുന്നു. നിയമം മറികടക്കപ്പെട്ടതോടെ, ദാശാംശത്തിനുള്ള കടമയും തീര്‍ന്നു.
ജഡ്ജി: മേലുദ്ധരിച്ച വാക്യം ഒന്നുകൂടി പരിശോധിക്കുക. എന്നിട്ട് പറയൂ, എന്തിന്റെ ദശാംശമായിരുന്നു നല്കപ്പെട്ടിരുന്നത്?
ഫാ. ജോണ്‍: ലിഖിതമനുസരിച്ച്, തുളസി, ചതകുപ്പ, ജീരകം എന്നിവയുടെ. 
ജഡ്ജി: പണത്തിന്റെ ഒരു സൂചനയെങ്കിലും ഉണ്ടോ?
ഫാ. ജോണ്‍: ഇല്ല.
ജഡ്ജി: തീര്‍ച്ചയായും ഭക്ഷ്യയോഗ്യമായ സാധനങ്ങളുടെ ഓഹാരിയായിരുന്നു കൊടുത്തിരുന്നത് എന്ന് സാരം. താങ്കള്‍ക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ?
ഫാ. ജോണ്‍ : അങ്ങനെയെങ്കില്‍, സഭ എങ്ങനെ അതിജീവിക്കും? ഒറ്റി, വെള്ളത്തിന്റെയും കറന്റിന്റെയും ബില്ല്, എനിക്കുള്ള ശമ്പളം, അങ്ങനെ മറ്റ് പലതും ജനങ്ങളുടെ ദാനമില്ലാതെ എങ്ങനെ നടന്നുപോകും?
ജഡ്ജി: ഇവയൊന്നും ചൂഷണത്തെ സാധൂകരിക്കുന്നില്ല. സ്വാര്‍ത്ഥപരമായ ലാഭത്തിനായി വിശുദ്ധ വചനത്തെ തോന്ന്യവാസം വ്യാഖ്യാനിക്കുക ഗൌരവമേറിയ തെറ്റാണ്. ചുരുക്കത്തില്‍, ദശാംശം പഴയനിയമത്തിലെ ഒരേര്‍പ്പാട് ആയിരുന്നു. അവിടെയും കെട്ടിടം പണിയാനുള്ള പണമല്ല, ഇല്ലാത്തവര്‍ക്ക് കൊടുപ്പാനായി ഭക്ഷണസാധനങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നിലനില്പ്പിനായി അന്യരുടെ തനത് ഇഷ്ടപ്രകാരമുള്ള പണദാനത്തില്‍ കവിഞ്ഞും ആവശ്യമുള്ള സഭയില്‍ ദൈവത്തിനു സ്ഥാനമില്ലെന്ന് കരുതുകയാണ് ന്യായം. 
ഫാ. ജോണ്‍: ഇത്രയൊന്നും ഞാന്‍ ഇതുവരെ മനസ്സിലാക്കിയിരുന്നില്ല. പള്ളിക്കുവേണ്ടി എല്ലാവരില്‍നിന്നും ദശാംശം വാങ്ങാം, വാങ്ങണം എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. അത് തെറ്റായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. തന്നെയല്ല, വേദപുസ്തകം ഞാന്‍ സ്വയം പഠിച്ചിട്ടില്ല. കേട്ടത് വിശ്വസിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. അതേ, ഞാന്‍ തെറ്റുകാരന്‍തന്നെ. ഈ വലിയ തെറ്റു ഞാന്‍ തിരുത്തിക്കൊള്ളാം. 
ജഡ്ജി: ഫാ.ജോണ്‍, അജ്ഞതയില്‍ നിന്നുടലെടുത്ത തെറ്റില്‍ താങ്കള്‍ പരിതപിക്കുന്നു എന്നും ഞാന്‍ മനസ്സിലാക്കുന്നു. ഈ ന്യായപീഠം നിങ്ങളെ ശിക്ഷിക്കുന്നില്ല. സത്യത്തെ അറിയുക. നിങ്ങളും ഇവിടെ സന്നിഹിതരായ ഏവരും വേദപുസ്തകം നന്നായി പഠിക്കുമെന്നും അതിലൂടെ ദൈവത്തെ അന്വേഷിക്കുമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുകയാണ്. ആരുടേയും വാക്കുകളെ മുഖവിലയ്ക്ക് എടുക്കരുത്. ദൈവഹിതത്തിനും മനഃസാക്ഷിക്കും അനുസരിച്ച് കൊടുത്തു ശീലിക്കുക. ഇന്നത്തേക്ക് ഇത്രമാത്രം.

No comments:

Post a Comment