Translate

Monday, July 23, 2012

നമുക്ക് വളരണ്ടേ?

ജൊസഫ് മറ്റപ്പള്ളി 


എന്തുകൊണ്ട് ഞാന്‍ യേശുവിനെ സ്നേഹിക്കുന്നൂവെന്നു റോഷന്‍ ഫ്രാന്‍സിസ് അല്മായാ ശബ്ദത്തില്‍ കൂടി എഴുതിക്കണ്ടു. അത് സത്യവുമാണ്. യേശുവിനെ അലങ്കാരങ്ങള്‍ക്കൊണ്ട്‌ സഭ മൂടി. യേശുവിനെ കാണണമെങ്കില്‍, അല്ലെങ്കില്‍ അറിയണമെങ്കില്‍  സഭ ചാര്‍ത്തിയ എല്ലാ അലങ്കാരങ്ങളും എടുത്തുമാറ്റുകയും ചെയ്യേണ്ടതുണ്ട്. അത് വസ്തുത തന്നെയാണ്.

എന്തുകൊണ്ട് സഭയെ അല്മെനികള്‍ എതിര്‍ക്കുന്നു എന്ന ചോദ്യത്തിനും കൂടി നാം മറുപടി കണ്ടെത്തേണ്ടതുണ്ട്. നല്ലവഴി കാണിച്ചുകൊടുക്കാന്‍ സഭക്ക് കഴിയുന്നില്ലാ എന്നതു കൊണ്ട് മാത്രമല്ലാ ഞാന്‍ സഭയെ വിമര്‍ശിക്കുന്നത്, പകരം, അനേകായിരങ്ങളെ നശിപ്പിക്കുന്നൂ എന്നുള്ളതുകൊണ്ടാണ്. ശരിയായ ആത്മീയതയില്‍  മനുഷ്യന്‍ ഭൌതികമായും അത്മിയമായും വളരുമെന്ന് തെളിയിക്കാന്‍ എനിക്ക് ധാരാളം ഉദാഹരണങ്ങള്‍ കാണിച്ചുതരാന്‍ കഴിയും. അത് ബോധ്യപ്പെടുത്തുന്നതിലൂടെ നിരവധി ആളുകളുടെ ഭാവി മാറ്റിക്കുറിക്കാന്‍ എനിക്ക്  കഴിഞ്ഞിട്ടുണ്ട്. 

ഒരു  ഉദാഹരണം ഞാന്‍ അല്മായാ ശബ്ദം വായനക്കാരുമായി പങ്ക് വെക്കാം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കുട്ടിയായിരുന്നു എബിന്‍; കംപ്യുട്ടര്‍ പഠിക്കുവാനും, ഉപയോഗിക്കുവാനും എട്ടാം ക്ലാസ്സുമുതല്‍ താല്‍പ്പര്യം കാണിച്ചു. അക്കാലത്ത് അല്‍പ്പം ഇലക്ട്രോണിക്സ് എനിക്ക് അറിയാമായിരുന്നത് കൊണ്ട് എന്‍റെ അടുത്തു വന്നു തുടങ്ങി. ആദ്യം സ്വന്തം കഴിവുകളെ എങ്ങിനെ വളര്‍ത്തണമെന്നു പറഞ്ഞു കൊടുത്തു. അത് ബോധ്യമായപ്പോള്‍ എങ്ങിനെ സാഹചര്യങ്ങളിലൂടെ ദൈവം മുമ്പില്‍ കൊണ്ടുവരുന്ന സാധ്യതകളെ ഉപയോഗിക്കാം എന്ന് ഉദാഹരണസഹിതം മനസ്സിലാക്കി കൊടുത്തു, പിന്നിട് എങ്ങിനെ പ്രാര്‍ത്തിക്കണമെന്നു പറഞ്ഞു കൊടുത്തു. ഒരിക്കലും ഒന്നും യാചിക്കരുതെന്നും കിട്ടിയവകളെ തിരിച്ചറിഞ്ഞു അതിനു നന്ദി പറയുന്നവനെയാണ് ഉള്ളവന്റെ ഗണത്തില്‍ ദൈവം കാണുന്നതെന്നും അവര്‍ക്കാണ് സമൃദ്ധമായി ലഭിക്കുന്നതെന്നും ബോധ്യപ്പെടുത്തി.  ജിവിതത്തില്‍ പ്രതിസന്ധികളുണ്ടാവുംപോള്‍ എങ്ങിനെ യേശുവെന്ന ഗുരു വഴികാട്ടുമെന്നും യേശു എപ്പോഴും കൂട്ടത്തില്‍ തന്നെയുള്ള വഴികാട്ടിയാണെന്നും പേടിയോടെ കാണേണ്ട ഒരു ശക്തിയല്ലെന്നും പറഞ്ഞുകൊടുത്തു. പതിയെ, ഓരോന്നും ചെയ്യുമ്പോള്‍ അത് മറ്റുള്ളവരെ പരിഗണിച്ചുകൊണ്ടാവണമെന്നും, ആരുടേയും ഒരു ചില്ലി പൈസാ പോലും അപഹരിക്കരുതെന്നും അങ്ങിനെ ചെയ്‌താല്‍ വിതച്ചത് കൊയ്യേണ്ടിവരുമെന്നും ബോദ്ധ്യപ്പെടുത്തി. ഒരൊറ്റ നൊവേനയും നടത്താതെ ഒരു കൊന്തയും എത്തിക്കാതെ പക്ഷെ മൂല്യങ്ങള്‍ നശിപ്പിക്കാതെ എബിന്‍ പഠിച്ചു. കിട്ടിയ ഒരവസരവും മറ്റുള്ളവരെ സഹായിക്കാന്‍ മറന്നില്ല.  എന്ജിനിയരിംഗ് മൂന്നാം വര്‍ഷം, ചെന്നൈ S A Engineering കോളേജ്  ഏറ്റവും മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുത്തത്   ഈ എബിനെയായിരുന്നു. 

ഇപ്പോള്‍ കേരളത്തിലെ ഇന്‍ഫോ പാര്‍ക്കുകളിലെ ഏറ്റവും പ്രായം കുറഞ്ഞ CEO ഈ എബിന്‍  (Click here to learn more) ആണ് ( 22 ). കേരള കത്തോലിക്കാ സഭയില്‍ കഴിവുള്ള പതിനായിരങ്ങള്‍ വളരുന്നുണ്ട്‌, അവരെ നോവേനകളുടെയും, യാചനാ പ്രാര്‍ത്തനകളുടെയും ലോകത്ത് നിന്ന് മോചിപ്പിക്കുന്ന ആ നിമിഷം സഭ തകര്‍ന്നേക്കാം പക്ഷെ യേശു വളരും ഉറപ്പ്. സ്വയം കണ്ടെത്താനും ഇശ്വരനെ തിരിച്ചറിയാനും ശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നുവെങ്കില്‍ നാം വിജയിച്ചുവെന്നു പറയാം. അതിനു മറ്റൊന്ന് തകരണമെന്നില്ല. 

8 comments:

  1. (1. ആദ്യം സ്വന്തം കഴിവുകളെ എങ്ങിനെ വളര്‍ത്തണമെന്നു പറഞ്ഞു കൊടുത്തു. അത് ബോധ്യമായപ്പോള്‍ 2. എങ്ങിനെ സാഹചര്യങ്ങളിലൂടെ ദൈവം മുമ്പില്‍ കൊണ്ടുവരുന്ന സാധ്യതകളെ ഉപയോഗിക്കാം എന്ന് ഉദാഹരണസഹിതം മനസ്സിലാക്കി കൊടുത്തു, 3. പിന്നിട് എങ്ങിനെ പ്രാര്‍ത്തിക്കണമെന്നു പറഞ്ഞു കൊടുത്തു. (മറ്റപ്പള്ളി)

    മറ്റപ്പള്ളിയുടെ ലേഖനത്തില്‍ മൂന്നാമത് പറയുന്നതുപോലെ ഒരാളുടെ ഭൌതിക ജീവിത പുരോഗതിക്കു പ്രാര്‍ഥനയുമായി എന്തു ബന്ധം. മഹാനായ നെഹ്‌റു ഒരിക്കലും പ്രാര്‍ഥിക്കുകയില്ലായിരുന്നു. നെഹ്‌റു കുടുംബം ഭാരതം മുഴുവന്‍ തീറായി മേടിച്ചു ഇന്നും തലമുറകള്‍ അനുഭവിക്കുന്നു. പ്രാര്‍ഥനയും ഉപവാസവും ആയി കഴിഞ്ഞ ഗാന്ധിജിക്ക് ലഭിച്ചത് മറ്റൊരു പ്രാര്‍ഥനാ- ഭ്രാന്തന്‍ നത്തുരാം ഗോട്സ്സെയുടെ മൂന്നു വെടിയുണ്ട ബുള്ളറ്റുകളും.വ്യത്യസ്തങ്ങളായ പ്രാര്‍ഥനാ രീതികളായിരിക്കാം ഗോട്സയെ തീവ്ര വാദിയായി നയിച്ചത്. ഇസ്ലാമിക തീവ്രവാദവും കുരിശു യുദ്ധങ്ങളും അമിത പ്രാര്‍ഥനയില്‍നിന്നും ഉടലെടുത്തതാണ്.

    പലപ്പോഴും നെഹ്രുവിനെ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. അദ്ദേഹത്തിനു സ്വന്തമായ ഒരു ദൈവം ഇല്ലായിരുന്നു. ഒരു മിനിറ്റു പോലും പ്രാര്‍ഥിച്ചു സമയം പാഴാക്കാതെ സദാ കര്‍മ്മ നിരതനായിരുന്നു. എങ്ങനെ പ്രാര്‍ഥിക്കണമെന്നും മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കണോ? ഭൌതിക ലോകത്ത് സ്വയം വളരുവാന്‍ അവസരം കൊടുത്തതുപോലെ പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്നും അല്ലെങ്കില്‍ ഒരിക്കലും പ്രാര്‍ഥിക്കരുതെന്നും വ്യക്തിക്കു സ്വയം സ്വാതന്ത്ര്യം കൊടുത്തുകൂടെ?

    കുഞ്ഞായിരിക്കുമ്പോള്‍ പ്രാര്‍ഥനയും നമസ്കാരവും മുടക്കാതെ അനുഷ്ടിക്കുവാന്‍ മാതാപിതാക്കളുടെ നിബന്ധനകള്‍ക്ക് ഒരു കുട്ടി കീഴ്പ്പെടെണ്ടി വരും. അവിടെ ഒരു ഉപദേശി വന്നു നിന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത് തെറ്റാണെന്ന് പറഞ്ഞു കുട്ടിയുടെ കുടുംബത്തിലുള്ള സമാധാനം കെടുത്തുന്നതും ശരിയല്ല.

    പ്രാര്‍ഥിക്കാതെ ജീവിച്ചിരുന്ന അനേക മഹാന്മാരും ഉണ്ട്. ഐന്‍സ്റീന്‍ പറഞ്ഞതും ഇവിടെ ഉദ്ധരിക്കുന്നു. "ബലഹീനനായ മനുഷ്യന്റെ സൃഷ്ടിയാണ് ദൈവം എന്ന പദം. ബൈബിള്‍ എന്നു പറയുന്നതു കാടന്‍യുഗത്തിലെ കഥകളും കൂടുതലും ബാലിശവുമാണ്. എത്രമാത്രം ബൈബിള്‍ വചനങ്ങള്‍ ഞാന്‍ പഠിച്ചാലും വിവരിച്ചാലും എന്റെ സൂക്ഷ്മ ബുദ്ധിക്കു ഇതൊന്നും ഉള്കൊള്ളുവാന്‍ സാധിക്കുകയില്ല."

    ഐന്‍സ്റ്റിന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും തന്റെ ദൈവം മതം പറയുന്നതു അനുസരിച്ച് അല്ലായിരുന്നു. സ്വതന്ത്രമായ ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്റെ ദൈവസങ്കല്പം.

    ഇവിടെ എബിയുടെ ജീവിതം മാതൃകയാക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്നു വരുകയില്ല. ചിലര്‍ വളരുമ്പോള്‍ തന്നെ പൂര്‍ണ്ണമായി ബുദ്ധി വികസിച്ചവരാണ്. ചിലര്‍ സാഹചര്യങ്ങള്‍ അനുസരിച്ചും സ്വയം പരിശ്രമത്തിലും വളരും.

    കമ്പൂട്ടറിന്റെ ബുദ്ധിരാക്ഷസന്‍ ബില്‍ഗേറ്റ്സ് പറഞ്ഞതിങ്ങനെ. "ഭൂമുഖത്തുള്ള ആരുമായും നീ തുലനം ചെയ്യരുത്. ഉപമിക്കരുത്‌. നീ അങ്ങനെ ചെയ്യുന്നുവെങ്കില്‍ നിന്നെതന്നെ നീ അപമാനിക്കുന്നു." ബില്‍ ഗേറ്റ്സ് തുടരുന്നു. "ഞാന്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കുറെ വിഷയങ്ങള്‍ക്ക്‌ തോറ്റു. എന്റെ കൂട്ടുകാരന്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമന്‍ ആയിരുന്നു. അവന്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റിലെ ഇഞ്ചിനീയറും ഞാന്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥനുമാണ്. പഠിച്ചിരുന്ന കാലത്ത് ഞാന്‍ എന്നും പുറകോട്ടായിരുന്നു. ഒരിക്കലും ഒന്നാമനോ പത്താമനോ ആകുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ലോകത്തിലെ വിശ്വ പ്രസിദ്ധങ്ങളായ യൂണിവെഴ്സിറ്റിയിലെ ഒന്നാമന്‍മാര്‍ എന്റെ ജോലിക്കാരാണ്. കുഞ്ഞായിരുന്നപ്പോള്‍ എനിക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ എനിക്കു വായിക്കുവാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. പണി ആയുധങ്ങള്‍ മറ്റൊരുവന് കൊടുത്തു നോക്കൂ, പ്രകൃതി കൊടുത്ത കഴിവുകള്‍ അവര്‍ സ്വയം വികസിപ്പിക്കും. ജിജ്ഞാസ വര്‍ധിപ്പിക്കും. പ്രതീക്ഷിക്കുന്നതിനെക്കാള്‍ നേട്ടങ്ങള്‍ അവര്‍ കൊയ്യും."

    പ്രാര്‍ഥനയില്‍ ആയാലും ഭൌതിക ജീവിതത്തിലായാലും സ്വതന്ത്രമായിഅവരെ തടയാതെ വിടൂ. സ്വയം സത്യം കാണട്ടെ. പ്രകൃതി കൊടുത്ത അവരുടെ കഴിവുകളെ വികസിപ്പിച്ചു ഭൌതിക ജീവിതത്തിലും വിജയിക്കുവാന്‍ അനുവദിക്കുക.

    എബി 22 വയസ്സില്‍ മിടുക്കന്‍ ആയെങ്കില്‍ മറ്റു ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. മൈക്കില്‍ ആഞ്ജലോ എഴുപതു വയസു കഴിഞ്ഞാണ് തന്റെ വിശ്വപ്രസിദ്ധങ്ങളായ കലാരൂപങ്ങള്‍ എല്ലാം സൃഷ്ടിച്ചതും.

    ReplyDelete
    Replies
    1. പ്രാര്‍ത്ഥന എന്നുപറയുന്ന പ്രക്രിയ ഒരു സാധാരണ മനുഷ്യന്റെ രക്തത്തിലലിഞ്ഞു കിടക്കുന്ന ഒരു ആവേശമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. എന്‍റെ പ്രാര്‍ത്തനയെന്നു പറയുന്നത് അനുനിമിഷം ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ തിരിച്ചറിയുകയാണ്. അത് മാത്രമേ ഞാന്‍ പറഞ്ഞു കൊടുത്തതുമുള്ളൂ. ജോസഫ് പടന്നമാക്കല്‍ പറഞ്ഞ ചില കാര്യങ്ങളുംകൂടി ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. ഒന്നാമന്‍ ആക്കാനുള്ള ശ്രമം, എല്ലാ അര്‍ത്ഥത്തിലും ദോഷമേ ചെയ്യൂ. 99 മാര്‍ക്കും വാങ്ങിക്കുന്നതും 99 ആണേലും 56 ആയാലും എല്ലാവരുടെയും മുമ്പില്‍ വന്നാല്‍ മതി എന്ന ചിന്തിക്കുന്നതും വ്യത്യസ്തമാണ്. സ്വന്തം നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക, അതിന് ഊന്നല്‍ കൊടുക്കണമെന്നെ പ്രധാനമായും ഞാന്‍ ഉദ്ദേശിച്ചുള്ളൂ. എന്തായാലും ഒരാള്‍ക്ക്‌ പൊക്കമുണ്ടെന്നു പറയണമെങ്കില്‍ എന്തെങ്കിലുമായി താരതമ്യം ചെയ്തെ മതിയാവൂ. അതിനാവശ്യമുള്ള കാര്യമേ ഞാനും സൂചിപ്പിച്ചിട്ടുള്ളൂ എന്നാണു തോന്നുന്നത്. ജോസഫ് പടന്നമാക്കല്‍ എന്ത് പറഞ്ഞാലും അതില്‍ അറിയാന്‍ എന്തെങ്കിലും കാണും. അത് ഇവിടെയും സംഭവിച്ചു. ശരിയാണെന്ന വിശ്വാസത്തില്‍ ഞാന്‍ ഒരു നിലപാടെടുത്തു. അതിലും നല്ലത് മറ്റൊന്നില്ലെന്ന് ഞാന്‍ കരുതുന്നില്ല, ഇതിലും നല്ലത് കണ്ടാല്‍ സ്വികരിക്കുന്നതിന് എനിക്ക് മടിയുമില്ല. അല്മായാ ശബ്ദം പോലെയുള്ള ധാരാളം വായനക്കാര്‍ ഉള്ള ഒരു ബ്ലോഗ്ഗില്‍ വിഡ്ഢിത്തരം എഴുതി പ്രഗല്‍ഭരായ വായനക്കാരുടെ തിപ്പോരി മറുപടി കേള്‍ക്കാന്‍ ഉള്‍ഭയവുമുണ്ട്.

      Delete
    2. ജോസഫ് മറ്റപ്പള്ളിയുടെ ലേഖനങ്ങള്‍ എല്ലാംതന്നെ രസകരവും ഞാന്‍ ആസ്വദിക്കുന്നും ഉണ്ടായിരുന്നു. പ്രത്യേകിച്ചു തത്വചിന്തകളും ജീവിതത്തിന്റെ പ്രതിഫലനങ്ങളും എഴുതുമ്പോള്‍ വളരെയധികം ജിജ്ഞാസയോടെ വായിക്കാറുണ്ട്. ഈ എഴുതിയ ലേഖനവും വളരെയേറെ ഉന്നതനിലവാരം ഉള്ളതാണ്. എന്റെ അഭിപ്രായങ്ങളെ കണക്കാക്കണ്ടാ. എതിരഭിപ്രായങ്ങള്‍ എഴുതുന്നത്‌ അറിവുകള്‍ കൂടുതല്‍ പുറത്തു കൊണ്ടു വരുന്നതിനുമാണ്. ബഹുജനം പലവിധവും വിഭിന്ന അഭിപ്രായങ്ങള്‍ ഉള്ളവരുമാണല്ലോ.!!!

      ഒരു കുട്ടിക്ക് കുഞ്ഞായിരുന്ന സമയത്ത് വേണ്ടവിധം മാര്‍ഗദര്‍ശനം നല്‍കിയ സന്തോഷമെന്ന പ്രതിഫലം തന്നെയാണ് വായനക്കാരുമായി ഈ
      ലേഖനംവഴി മറ്റപ്പള്ളി പങ്കുവെച്ചതും.അറിവ് പങ്കുവെച്ച് ഉയര്‍ന്നനിലയില്‍ ആയവരില്‍ ഞാനും അഭിമാനിക്കാറുണ്ട്.അതാണ്‌ ഒരു സത്ഗുരുവിന്റെ വീക്ഷണവും.

      സ്വന്തം ആശയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മറ്റപ്പള്ളിക്ക് അസാധാരണമായ ഒരു കഴിവുണ്ട്. എല്ലാ ലേഖനവും നൂറുശതമാനവും സ്വന്തംമനസ്സില്‍ നിന്ന് വരുന്ന സൃഷ്ടിയാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. അഭിനന്ദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അല്‍മായശബ്ദത്തില്‍ വന്നതില്‍പിന്നീടാണ് ഞാന്‍ എഴുത്ത് ആരംഭിച്ചത്.

      സ്വയം മനസ്സില്‍കൂടെ എഴുതുവാന്‍ ഉള്ള ഭാവനകളും കുറവാണ്. ആരെങ്കിലും എഴുതിയാല്‍ ചിലപ്പോള്‍ വിഭിന്നമായ അഭിപ്രായങ്ങളോടെ പ്രതികരിച്ചു പോവുന്നു. സാക്കും മറ്റപ്പള്ളിയും നല്ലവണ്ണം ചിന്തിക്കുന്നവരാണെന്നും ലേഖനങ്ങളില്‍ നിന്നു മനസിലാക്കാറുണ്ട്‌. നിങ്ങള്‍ ചിന്തിക്കുന്നതിനെ സാധാരണ ഞാന്‍ ഒരു എലാസ്റ്റിക്ക്പോലെ വലിച്ചും നീട്ടുന്നു.

      പ്രാര്‍ഥിക്കുക,പള്ളിയില്‍പോകുക എന്ന മതാനുഷ്ടാനങ്ങള്‍ ഞാന്‍ ഒരിക്കലും ജീവിതത്തില്‍ പാലിച്ചിട്ടില്ല. ഇതൊഴിച്ചു ആശയപരമായി മറ്റപ്പള്ളിയും ഞാനുമായി ഐക്യരൂപം ഉണ്ട്.

      പ്രാര്‍ത്ഥനയും നൊവേനയും നേര്‍ച്ചയും എല്ലാം വിശ്വാസംമാത്രം. ഒരാളുടെ വളര്‍ച്ചയിലും വ്യക്തിജീവിതത്തിലും ഇതു പ്രസക്തമല്ല. പ്രകൃതിയും സാഹചര്യങ്ങളും എല്ലാവരോടും ഒരുപോലെ നീതി പുലര്‍ത്തിയിട്ടില്ല. ചിലര്‍ ജനിക്കുമ്പോഴേ പണക്കാര്‍. ചിലര്‍ മന്ദബുദ്ധികളായി, കുചേലരായി ജനിക്കുന്നു. മറ്റു ചിലര്‍ അമിത ബുദ്ധിമാന്മാരായും. ചിലരില്‍ കലാവാസന കൂടുതല്‍ തോതിലും. ഇതു കര്‍മ്മഫലമോ പൂര്‍വികഫലമോ അല്ല.

      പ്രകൃതിയുടെ വേലിയേറ്റത്തില്‍ അങ്ങനെ സംഭവിച്ചു. ബൈബിള്‍ മുഴുവന്‍ അരച്ചു കുടിച്ച ഒരു പാസ്റ്റര്‍ക്കും കരിഷ്മാറ്റിക്കിനും പരിഹാരം തേടുവാന്‍ സാധിക്കുകയില്ല. മണ്ടനും പൊട്ടനും ചട്ടനും ആയി ജനിച്ചവര്‍ പുരോഹിതരും രാജ്യം ഭരിക്കുന്നവരും മാര്‍പാപ്പവരെയും ഉണ്ട്. അറിവെന്നു പറഞ്ഞാല്‍ ഓരോരുത്തരുടെയും മനശക്തി അനുസരിച്ച് സ്വയം കണ്ടെത്തലുകളും ആണ്.

      യേശുവിന്റെ മതം ദൈവത്തിന്റെ കുടുംബമായിട്ടാണ് കരുതപ്പെടുന്നത്.എന്നാല്‍ ഇന്ന് സത്യം മറിച്ചാണ്. ഈ കുടുംബത്തില്‍ മാര്‍പാപ്പാമുതല്‍ പുരോഹിതന്‍വരെ അധികാര വികെന്ദ്രികരണത്തില്‍ക്കൂടി തന്‍ ശക്തിരാഷ്രീട്രീയം കളിച്ചു അമ്മയായ സഭയുടെ നെഞ്ചത്ത് ചവിട്ടി രാജ നീജ പ്രജഭാവങ്ങള്‍ നിത്യജീവിതത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്നു. യേശു പഠിപ്പിക്കുന്നതിനെ വിപരീതമായി പഠിപ്പിക്കുന്ന ഗുരുക്കന്മാരും. ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഗുരു, സഭയുടെ പരമാധികാരിയും. ഒരു സാധാരണ അല്മെനിക്ക് ആന തോട്ട് പിണ്ട്ടവും പിണ്ട്ടത്തെ പിടിച്ചിരിക്കുന്ന ഈച്ചയെവരെയും വന്ദിക്കണം.

      ബ്രാഹ്മണ ശൂദ്ര തീണ്ടല്‍ സമുദായം നിയമംമൂലം അവസാനിപ്പിച്ചു. ആധുനിക യുഗത്തില്‍ ഇന്നും കത്തോലിക്കരില്‍ ഈ യജമാനന്‍ അടിമ ഭാവം തുടരുന്നു. അങ്ങനെ ദൈവത്തിന്റെ കുടുംബത്തെ പ്രധാനമായും രണ്ടായി പിളര്ന്നിരിക്കുകയാണ്. ഒരു ഭാഗത്ത് കപ്പ്യാര് തൊട്ടു പുരോഹിത കൈക്കാരന്‍പടകള്‍ രാജ കിംഗ്‌ഗ്രമാരും മാമ്മോനെ കയ്യിട്ടു വാരുന്ന വിശിഷ്ടസൃഷ്ടികളും. ഇവര്‍ അറിവുണ്ടെന്നു നടിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ അറിവില്ലെന്ന് പുരോഹിത ലോകം വിധി നല്‍കിയ അല്മെനികളും. ക്ലാസ് സമ്പ്രദായത്തില്‍ പുരോഹിതര്‍ ബ്രാഹ്മണരെപ്പോലെ ഉയര്‍ന്ന ജാതികളെന്നു വിചാരിക്കുന്നു.

      സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍ക്ക് 'ക്രിസ്ത്യാനിയെന്തു പള്ളിയെന്തു' എന്നുള്ള വിത്യാസം അറിയാതെ ഒരു ചിന്താകുഴപ്പത്തിലുമാണ്. അല്മായന്റെ പങ്കിനെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിവരിച്ചിട്ടുണ്ട്. രണ്ടാം സുനഹദോസ് കാറ്റില്‍ പറത്തി. ആധുനിക ലോകവുമായി പുതിയ യുഗത്തില്‍ വന്ന വാനര ദേവന്മാര്‍ക്ക് പഴയതിനെ തുടച്ചു മാറ്റുവാന്‍ പ്രയാസവും.വീണ്ടും വീണ്ടും പുറകോട്ടു ചിന്തിക്കുന്നു. പണ്ട് ഒരു വട്ടു തോമ്മാ ക്ലാവര്‍ കുരിശു കൊണ്ടുവന്നുവെന്നു പറഞ്ഞു ജനങ്ങളെ തല്ലി അടിപ്പിക്കല്‍, തൃശൂര്‍ മെത്രാന്റെ പള്ളിക്കുവേണ്ടിയുള്ള ഒരു തരം ചൂതുകളി ഇങ്ങനെ പോകുന്നു ഇന്നു കേരള സഭാചരിത്രം.വട്ടായി വരെ മതംമാറി വട്ടുപിടിച്ച സഭയില്‍ ഇന്ന് വചനം കൊട്ടി ഘോഷിച്ചു ക്രിസ്ത്യാനിയെന്തെന്നും പള്ളിയെന്തെന്നും അല്മെനികളെ ചിത്ത ഭ്രമത്തിലുമാക്കുന്നു.

      Delete
    3. വളരെ ചിന്തനിയമായ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. ശ്രി. പടന്നമാക്കല്‍ പള്ളിയില്‍ പോകുന്നില്ല. പക്ഷെ, അത് ഒരു പോരായ്മയായി ഞാന്‍ കരുതുന്നുമില്ല. യേശു തന്നെ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം പള്ളിയില്‍ പോയതായി ആരും പറഞ്ഞും കേട്ടിട്ടില്ല. പക്ഷെ പള്ളി വേണ്ടാ എന്ന അഭിപ്രായമല്ല എനിക്കുള്ളത്. ശരിരം എന്ന മാധ്യമം നമ്മള്‍ ചുമക്കുന്നിടത്തോളം കാലം മാധ്യമങ്ങളില്ലാത്ത ലോകത്തെക്കാണെങ്കിലും പോവാന്‍ ഭൌതിക മാധ്യമം കൂടിയേ തിരൂ. ആ ദൗര്‍ബല്യത്തില്‍, നോവേനയാണെങ്കിലും, നമസ്കാരമാണെങ്കിലും മനുഷ്യന്‍ മുറുകെ പിടിക്കുന്നു. പക്ഷെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് സ്ലേറ്റ്‌ എന്നതുപോലെയുള്ളൂ ഇതെന്നും ഇതും കൊണ്ട് കോളേജില്‍ പോകാനാവില്ലെന്നും മറക്കുന്നിടത്താണ് പ്രശ്നം. അനാസിന്‍ കഴിച്ചപ്പോള്‍ തലവേദന പോയി. അപ്പോള്‍ അനാസിന്‍ നല്ലത് തന്നെ....പക്ഷെ അനാസിന്‍ അത്താഴമാക്കിയാലോ?

      Delete
  2. "ഒരൊറ്റ നൊവേനയും നടത്താതെ ഒരു കൊന്തയും എത്തിക്കാതെ പക്ഷെ മൂല്യങ്ങള്‍ നശിപ്പിക്കാതെ എബിന്‍ പഠിച്ചു. കിട്ടിയ ഒരവസരവും മറ്റുള്ളവരെ സഹായിക്കാന്‍ മറന്നില്ല. എന്ജിനിയരിംഗ് മൂന്നാം വര്‍ഷം, ചെന്നൈ S A Engineering കോളേജ് ഏറ്റവും മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുത്തത് ഈ എബിനെയായിരുന്നു"

    എബിന്‍ പഠിച്ചു മിടുക്കന്‍ ആയതു നൊവേനയും കൊന്തയും ചോല്ലത്തത് കൊണ്ടാണ് എന്ന് അനുമാനിക്കുന്നത് യുക്തിയല്ല. ഒരു തരം വിഭക്തിയല്ലേ. ഇത് പെന്തക്കുസ്ഥാക്കാരുടെ ഉപദേശം പോലെ ആയിപ്പോയില്ലേ എന്നൊരു സംശയം. ദൈവ വിശ്വാസി അല്ലാത്ത നെഹ്‌റു പ്രധാനമന്ത്രിയായെന്നും ദൈവവിശ്വാസി ആയ ഗാന്ധിജി വെടിയേറ്റ്‌ മരിച്ചു എന്നും ഉള്ള നിരീശ്വരവാദി വാദം പോലെ ആണത്. ഓരോരുത്തരുടെയും ധിഷണയാണ് അവരെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നത്. വിശ്വാസവും വിശ്വാസക്കുറവും ഇവിടെ അപ്രസക്തമാണ്. ഉദാഹരണം ഒബാമ, അബ്ദുല്‍ കലാം, കെ ആര്‍ നാരായണന്‍, ബില്‍ ഗേറ്റ്സ് എന്നിവര്‍ നമ്മുടെ കാലത്തുണ്ട്.

    ReplyDelete
  3. Part 1
    നാം ഇപ്പോള്‍ കാണുന്ന ജീവിതത്തിലെ ജയപരാജയങ്ങള്‍ ആണ് മാനധന്ണ്ടമെങ്കില്‍ , ഇപ്പറഞ്ഞതെല്ലാം ശരിയാണ്.

    എന്നാല്‍ ഉണ്ടെങ്കിലും ,ഇല്ലെങ്കിലും യേശു പഠിപ്പിക്കുന്ന പ്രതിഫലം എല്ലാം മരണാന്തര ജീവിതത്തിലാണ്. അല്ലെങ്കില്‍ ഈ ലോകത്തിലെ ഏറ്റം വലിയ ധനികാരാകേണ്ടവരായിരുന്നു. യേശുവും ,അപ്പോസ്ഥലന്മാരും,ശിഷ്യരും .

    എന്നാല്‍ അവര്‍ ഈ ജീവിതത്തില്‍ എന്ത് നേടിയെന്നു ചിന്തിക്കുന്നത് പരിശോധിക്കുന്നത് ഈയവസരത്തില്‍ നല്ലതാണെന്ന് തോന്നുന്നു.

    1 കൊരിന്ത് 15:19
    നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും ദയനീയരെത്രേ!.

    ഏറ്റം കൂടിയാല്‍ അന്നന്നത്തെ ആപ്പമേ (അത്യാവശ്യം മാത്രമേ ) യേശു വാഗ്ദാനം ചെയ്തിറ്റൊള്ളൂ. അതിനുവേണ്ടിയുംചിലപ്പോള്‍ പ്രാര്‍ത്ഥിക്കനമെന്നാണ് പറഞ്ഞത്. മലയിലെ പ്രസംഗത്തിലെ പ്രതിഫലം എല്ലാം അടുത്ത ജീവിതത്തിലാണ്. ആഭ്യന്തര മന്തിക്കുപ്പായം തയിച്ചിരുന്ന ശീമോനും,ധനമാന്ത്രിസ്ഥാനം സ്വപ്നം കണ്ട യൂദാസും മൂന്നാം സ്ഥാനം ആഗ്രഹിച്ച യാക്കോബും , വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിച്ച യോഹന്നാനും ...... ക്ഷമ കേട്ടപ്പോള്‍ ഒരിക്കല്‍ ഗുരുവിനോട് ചോദിച്ചു , " എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ നടക്കുന്ന ഞങ്ങള്‍ക്കുള്ള പ്രതിഫലം എന്താണെന്ന്" . അപ്പോള്‍ യേശുവിന്റെ ഉത്തരവും , അടുത്ത ജന്മത്തിലുള്ളതായിരുന്നു." നിങ്ങള്‍ മഹിമയുടെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കും."

    ഇനിയി ഭാഗത്തിന് മറ്റു പല വ്യാഖ്യാനങ്ങളുമായി പലരും വന്നേക്കാം , ചിലപ്പോള്‍ അതായിരിക്കാം ശരി . എന്നാല്‍ ഇങ്ങനെ പല അഭിപ്രായങ്ങള്‍ വരുമ്പോള്‍, ഞാന്‍ ചെയ്യാറുള്ളത് , യേശുവും ,പ്രവാചകരും, അപ്പോസ്ടലന്മാരും, ശിഷ്യരും ഇവിടെ എന്തൊക്കെ നേടി എന്ന് പരിശോധിക്കയാണ്.

    ആദ്യമായി ദൈവം പ്രസാദിച്ച ആബേല്‍ - ദൈവം പ്രസാദിക്കാത്ത

    കായേന്‍ തല്ലിക്കൊന്നു. ( ലോകം അവനെപ്പോലുള്ളവരെ മിടുക്കന്‍ എന്നും കഴിവുള്ളവന്‍ എന്നും ജീവിക്കാന്‍ അറിയാവുന്നവന്‍ എന്നും പറയും - ആബേലോ? മരമണ്ടന്‍ ,കാര്യശേഷിയില്ലാത്തവാന്‍, യൌവ്വനത്തിലെ ദുര്‍മരണം സംഭാവിച്ചവന്‍.ദൈവ ശിക്ഷ കിട്ടിയവന്‍.)

    മോശയെ നോക്കൂ ,ഏലിയാവ് , എലീശ,ആമോസ് ,പ്രവചകനായിരുന്നിട്ടും, വേശ്യാകുടുംബത്തെ സ്വീകരിക്കയും , പിന്നെയും അവരെ വേശ്യാതെരുവില്‍നിന്നും വിലകൊടുത്തു വാങ്ങിയ ഹോസിയ .

    പത്രോസ് - തലകീഴായി ക്രൂശിച്ചു.

    അന്ത്രയോസ് - ക്രൂശിച്ചു

    സെബതി യാക്കോബ് - തലവെട്ടി

    യോഹന്നാന്‍ - ആയുസെത്തി എങ്കിലും നാട് കടത്തപ്പെട്ടു.

    ഫിലിപ്പോസ് - തൂക്കിക്കൊന്നു.

    ബാര്തലോമായി - ജീവനോടെ തൊലിയുരിച്ചു കൊന്നു .

    തോമസ്‌ - കുന്തത്താല്‍ കൊന്നു എന്ന് പറയുന്നു

    മത്തായി - എത്യോപ്പിയയില്‍ വാളിനാല്‍ കൊല്ലപ്പെട്ടു

    ആല്‍ഫയുടെ മകന്‍ യാക്കോബ് - ദേവാലയത്തില്‍ നിന്നും തള്ളിയിട്ടു വടികൊണ്ടാടിച്ചുകൊന്നു.യൂദ(തദേവൂസ്) - അമ്പുകളാല്‍ കൊന്നു.

    കാനാങ്കരന്‍ ശിമോന്‍ - അരക്കവാളിനാല്‍ എന്നും ചിലര്‍ കുരിശിലെന്നും പറയുന്നു

    നമ്മുടെ സ്വന്തം യൂദ - സ്വയം തൂങ്ങി

    പൌലോസ് - രോമില്‍വച്ചു തലവെട്ടി.

    യേശുവിനെ - എല്ലാവര്ക്കും അറിയാം.




    എന്നാല്‍ ഇതിനാപവാദമായി പലരും പറയാറുള്ളത് അബ്രാഹം ധനവാനായിരുന്നു എന്നാണ്. എന്നാല്‍ സൂക്ഷിച്ചു പഠിച്ചാല്‍ ഒരു കടുത്ത ക്ഷാമാത്തിലൂടെ എല്ലാം പോയ നമ്മുടെ അബ്രാഹം , സുന്ദരിയായ സാറയെ ,പെങ്ങളെന്നു പറഞ്ഞു ഭരവോയിക്ക് ,കൊടുത്ത് ഉണ്ടാക്കിയതാണ് എല്ലമെന്നു കാണാം . ഉല്‍പ്പത്തി (12 :16 ) . ഇതേ ഉപായം അബ്രാഹം അഭിമെലക്കിനടുത്തും പ്രയോഗിക്കുന്നു (ഉല്‍പ്പത്തി 20 ) അപ്പോള്‍ ഇതൊന്നും ദൈവമല്ല കൊടുത്തതെന്ന് കാണാം. ഇനിയിതില്‍ സംശയമുള്ളവര്‍ (Acts 7 : 5 ) വായിക്കുക.

    ReplyDelete
  4. Part 2
    ഇനിയിതില്‍ സംശയമുള്ളവര്‍ (Acts 7 : 5 ) വായിക്കുക.
    സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:

    3 നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.

    4 അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

    5 അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

    6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.

    അവസാനം സത്യം മനസിലാക്കിയ അബ്രാഹം വാഗ്ദത്ത നാട്ടില്‍ എത്തിയിട്ടും(മായ) സ്വര്‍ഗീയമായതിനെ കാംഷിച്ചു കൂടാരങ്ങളില്‍ പാര്‍ത്തു.




    എബ്രായര്‍ (11 :8 -16 )


    വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.

    9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

    10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

    11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.

    12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.

    13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.

    14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

    15 അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.

    16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.




    ഇനി എന്നെ എറിയാനുള്ള അടുത്തകല്ല് , ദാവീദും, സോളമനും ആണ് , അവരും അവരുടെ കഴിവുകള്‍ അവര്‍ക്കായിതന്നെ ഉപയോഗിച്ചപ്പോള്‍ ഏറ്റം വലിയ പാപങ്ങളില്‍ ചെന്ന് വീണു.

    ദിനവൃത്താന്തത്തില്‍, ദൈവം സോലമനോട് പറയുന്നത്, അറിവ് ഞാന്‍ തരുന്നു(വര്‍ത്തമാനകാലം), സമ്പത്ത് തരും (ഭാവിയില്‍ ) ,ഇതൊക്കെ നമ്മള്‍ തെറ്റായി മനസിലാക്കിയിട്ടു ദൈവം കൊടുത്ത് എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും?

    ഇനിയും സത്യാ ദൈവത്തിനെതിരെ നിന്നവര്‍ക്കെല്ലാം , ഈലോക ദൈവം സമൃദ്ധമായി , സമ്പത്തും ,അധികാരവും ,ആയുസും , ആരോഗ്യവും പ്രൌഡിയും കൊടുത്തതായി കാണാം. കായെനില്‍ തുടങ്ങി ഫരവോമാരിലൂടെ , ഹെരോദേസുമാരിലൂടെ, നിമ്രോധിലൂടെ ,റോമന്‍ ചക്രവര്‍ത്തിമാരിലൂടെ , പീലാത്തോസിലൂടെ ,ധാവൂധിലൂടെ, ഹര്ഷത് മേത്തയിലൂടെ , ഫാരിസിലൂടെ , നമ്മളിലൂടെ ... അങ്ങനെ പോകുന്നു . ഇതെല്ലാം ദൈവാനുഗ്രഹമെന്നു നമ്മള്‍ കൊട്ടിഖോഷിക്കയും ചെയ്യുന്നു.

    ReplyDelete
    Replies
    1. പ്രാര്‍ത്ഥന എന്താണെന്നും എങ്ങിനെയാണെന്നും ഉള്ളതിനെപ്പറ്റി ഇന്നും എന്നും ചര്‍ച്ചകള്‍ ഉണ്ടാവും. ആദ്യം യേശു പറഞ്ഞു, നിന്നെ പിതാവ് മുഴുവനായും അറിയുന്നു, നീ ആഗ്രഹിക്കുന്നതിന് മുമ്പേയെന്ന്. വിണ്ടും, ഞങ്ങള്‍ എങ്ങിനെ പ്രാര്തിക്കണം എന്ന ചോദ്യം വന്നു ...രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടി എന്‍റെ നാമത്തില്‍ വിളിച്ചപെക്ഷിച്ചാല്‍ അവിടെ പിതാവ് നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കുമെന്ന് പറഞ്ഞു. വിണ്ടും ഇതേ ചോദ്യം വന്നപ്പോളാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രസിദ്ധമായ പ്രാര്‍ത്ഥന നമുക്ക് ലഭിച്ചത്. വയലിലെ ലില്ലി പുഷ്പങ്ങളെപ്പോലെ നാം ആവശ്യപ്പെടാതെ തന്നെ നമ്മെ അണിയിച്ചൊരുക്കുന്ന ദൈവത്തെയാണ് ഞാന്‍ എന്നും കാണുന്നത്. പ്രാര്‍ത്ഥന ഒരിക്കലും അധരവ്യായാമമല്ല, അത് ഉള്ളില്‍നിന്നോഴുകുന്ന ലഭിച്ചതിനെ ഓര്‍ത്തുള്ള നന്ദിയുടെ ബഹിര്സ്പുരണം തന്നെയാണ്.

      മനുഷ്യന് വേണ്ടത് തിരിച്ചറിവാണ്, സ്വന്തം ശരിരം പ്രവര്‍ത്തിക്കുന്നതു ബഹു ദശലക്ഷം സെല്ലുകളുടെ ബലത്തിലാണെന്നും, ഓരോ കോശവും നിറയെ ദൈവിക ബോധാതലമാണെന്നുമുള്ള തിരിച്ചറിവ്. ആ തിരിച്ചറിവ് ഉണ്ടായാല്‍ സ്വന്തം താലന്തുകള്‍ ആരും കുഴിച്ചിടില്ല, തേച്ചുമിനുക്കി ഉപയോഗിക്കുകയെ ഉള്ളൂ. എന്തെങ്കിലും പ്രവൃത്തി, ദൈവികമാല്ലാതെയിവിടെ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ലഭിച്ചിരിക്കുന്ന നിമിഷങ്ങളെ ഏറ്റവും ദൈവികമായി ഉപയോഗിക്കുന്നതിനേക്കാള്‍ മികച്ച ഒരുക്കവും ഭൂമിയിലില്ലാ എന്ന് ഞാന്‍ കരുതുന്നു. അതിനു ഗുരു വേണം. അവിടെയാണ് മരിക്കാത്ത ഗുരുവിന്റെ പ്രസക്തിയും. നല്ല സംവാദം, കൂടുതല്‍ അറിയാന്‍ ഉപയോഗപ്പെടും... പിപ്പിലാതനു ഒരുപാട് നന്ദി.

      Delete