സാന്ദ്ര
കത്തോലിക്കാസഭയിലെ ഇന്നത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം പൗരോഹിത്യ മേധാവിത്തമാണ്. എന്റെ വീക്ഷണത്തില്‍ പൗരോഹിത്യംതന്നെ അക്രൈസ്തവവും അനാവശ്യവുമാണ്. എല്ലാ മതങ്ങളിലെയും പൗരോഹിത്യത്തിന്റെ സ്വഭാവം ഒന്നു തന്നെ, ചൂഷണം. വിശ്വാസികളുടെ അജ്ഞതയേയും ഭയത്തേയും ചൂഷണംചെയ്യല്‍ മതങ്ങളുടെ ആരംഭംമുതല്‍ തന്നെ ആരംഭിച്ചിരുന്നു. അന്നത്തെ യഹൂദമതത്തിലെ പൗരോഹിത്യമേധാവിത്തത്തെയും ചൂഷണത്തെയും എതിര്‍ക്കാനും തകര്‍ക്കാനുമാണ് യേശു അവതരിച്ചത്. അതുകൊണ്ടുതന്നെ അവിടത്തേക്ക് കുരിശുമരണം വരിക്കേണ്ടിവന്നു. ഇന്നത്തെ പൗരോഹിത്യത്തെ ചോദ്യം ചെയ്യുന്നവന്റെ സ്ഥിതിയും മറിച്ചാവാന്‍ വഴിയില്ല.
തിരുസ്സഭയുടെ ഘടനതന്നെ ഫ്യൂഡല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതമാണ്. ആശാരിച്ചെറുക്കനായിരുന്ന യേശുവിന്റെ പ്രതിപുരുഷന്മാരെന്ന് അവകാശപ്പെടുന്ന മെത്രാന്മാര്‍ കിരീടവും ചെങ്കോലും സ്വര്‍ണ അങ്കിയും ധരിച്ച് കൊട്ടാരങ്ങളില്‍ വാണരുളുന്നത് വലിയ വിരോധാഭാസമല്ലെ? പണമുണ്ടാക്കാനും സ്വത്തുസമ്പാദിക്കാനും അവര്‍ പരക്കംപായുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു. തിരുസ്സഭ ഊന്നല്‍ നല്‍കുന്നത് പുരോഹിതരിലും കൂദാശകളിലുമാണ്. കൂദാശകളും ബാഹ്യ ചടങ്ങുകളും വിശ്വാസികള്‍ക്കു വേണ്ടിയല്ല, മറിച്ച് പൗരോഹിത്യത്തിന്റെ നിലനില്‍പ്പിനും ഉദരപൂരണത്തിനും വേണ്ടി മാത്രമാണ്. ഒരുപാട് അല്പവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സഭയില്‍ നിലനില്‍ക്കുന്നതിന്റെ ബാക്കിപത്രമാണ് കൂദാശകളും ബാഹ്യചടങ്ങുകളും. യേശു ഒരു കൂദാശയും സ്ഥാപിച്ചില്ല. ബലികര്‍മ്മങ്ങളെ തള്ളിപ്പറഞ്ഞവനാണ് യേശു. ബലിയല്ല, കരുണയാണ് എനിക്കു വേണ്ടത് എന്നാണ് അവിടന്ന് അരുളിച്ചെയ്തത്. സത്യംസത്യമായി ഞാന്‍ പറയുന്നു, ക്രിസ്ത്യാനി ക്രിസ്തുവിനെ അറിയുന്നില്ല. പൗരോഹിത്യത്തിന്റെ നിലനില്‍പിനുവേണ്ടി യേശുവിന്റെ വചനങ്ങള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു. സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും അനുകമ്പയുടേയും നിറകുടമായ ദൈവത്തില്‍നിന്ന് അവിടുത്തെ മക്കളായ മനുഷ്യര്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കില്‍ 'കമ്മീഷന്‍ ഏജന്റു'മാരായ ഈ പുരോഹിതരുടെ ശുപാര്‍ശ വേണമെന്നു പറയുന്നതിനേക്കാള്‍ അല്പവിശ്വാസം മറ്റെന്തുണ്ട്? ആകാശത്ത് ഉദിച്ചുനില്‍ക്കുന്ന പൂര്‍ണചന്ദ്രനായ ദൈവത്തെ തങ്ങള്‍ നിര്‍മ്മിച്ച കൂദാശകളാകുന്ന കുഴലിലൂടെ നോക്കിയാല്‍മാത്രമേ കാണാന്‍ കഴിയൂ എന്നു ശഠിക്കുന്നതിനേക്കാള്‍ വലിയ മൗഢ്യം വേറെ എന്താണുള്ളത്?
യേശുവാണ് കുര്‍ബാന സ്ഥാപിച്ചതെന്ന തിരുസ്സഭയുടെ വാദം ശുദ്ധ തട്ടിപ്പാണ്. യേശുവിനെപ്പോലൊരു വിപ്ലവകാരി അങ്ങനെയൊരു വങ്കത്തം ഒരിക്കലും പറയില്ല. യേശു തന്റെ വചനങ്ങളൊക്കെ പ്രഘോഷിച്ചത് ഉപമകളിലൂടെയായിരുന്നു. താന്‍ വധിക്കപ്പെടാന്‍ പോവുകയാണെന്ന് മന്ദബുദ്ധികളായ ശിഷ്യന്മാരെ മനസ്സിലാക്കിക്കൊടുക്കുവാന്‍ വേണ്ടിയായിരിക്കണം യേശു അപ്പവും വീഞ്ഞുമെടുത്ത് തന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞിട്ടുണ്ടാവുക. ഇതിനെ മറയാക്കിയാണ് പുരോഹിതര്‍ കുര്‍ബാനയുണ്ടാക്കിയിരിക്കുന്നത്. ധനസമ്പാദനത്തിനായി കുര്‍ബാനതന്നെ വലിയ കുര്‍ബാന, ചെറിയ കുര്‍ബാന, റാസ എന്നിങ്ങനെ തരംതിരിച്ച് അവര്‍ പണം പിടുങ്ങുന്നു. ക്രിസ്തീയവിശ്വാസത്തിന്റെ മൂലക്കല്ലാണ് വിശുദ്ധ കുര്‍ബാന എന്നാണ് പുരോഹിതര്‍ വിശ്വാസികളെ ധരിപ്പിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ സുവിശേഷകരില്‍ പ്രമുഖനായ യോഹന്നാന്റെ സുവിശേഷത്തില്‍ ഇതേപറ്റി ഒരു പരാമര്‍ശം പോലുമില്ല എന്നത് വിചിത്രമല്ലെ? ക്രിസ്തു നിരൂപിച്ചിട്ടുപോലുമില്ലാത്ത ഈ ആശയം ക്രിസ്തുവിന്റെ പേരില്‍ നൂറ്റാണ്ടുകളായി വിശ്വാസികള്‍ക്ക് വിറ്റഴിച്ച് അവരെ തെറ്റിദ്ധരിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ കാപട്യം തുറന്നു കാണിക്കേണ്ടതല്ലെ? അത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. എന്റെ വീക്ഷണങ്ങള്‍ അസ്ഥാനത്താണെങ്കില്‍ തിരുത്തപ്പെടാന്‍ ഞാന്‍ തയ്യാറാണ്.
"അന്നത്തെ യഹൂദമതത്തിലെ പൗരോഹിത്യമേധാവിത്തത്തെയും ചൂഷണത്തെയും എതിര്‍ക്കാനും തകര്‍ക്കാനുമാണ് യേശു അവതരിച്ചത്. അതുകൊണ്ടുതന്നെ അവിടത്തേക്ക് കുരിശുമരണം വരിക്കേണ്ടിവന്നു" Sandra
ReplyDeleteഈ പറഞ്ഞത് ശരിയോ? ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി ഒരവതാരവും ഉണ്ടാവും എന്ന് തോന്നുന്നില്ല. പോരാത്തതിന് കുരിശു മരണവും. എന്നിട്ട് എന്ത്യേ യഹൂദരുടെ ഇടയിലെ പൌരോഹിത്യം തുടര്‍ന്നു? എന്ന് തന്നെ അല്ല പൌരോഹിത്യം മാറ്റാന്‍ അവതരിച്ചയാളുടെ അനുയായികളുടെ ഇടയിലും പൌരോഹിത്യം ശക്തി പ്രാപിച്ചു. തീര്‍ച്ചയായും യേശു അവതരിച്ചത് യഹൂദ പൌരോഹിത്യം തകര്‍ക്കാന്‍ ആല്ല. യേശു മരിച്ചതും അതിനു വേണ്ടി അല്ല. യേശുവിന്റെ ജനനത്തെയും മരണത്തെയും പഠനങ്ങളെയും ഈ രീതിയില്‍ ലളിതവല്‍ക്കരിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. യേശു യഹൂദ പൌരോഹിത്യത്തിന്റെ നെറികേടുകളെ വിമര്‍ശിച്ചു എന്നത് ശരിയാണ്. പക്ഷെ അവര്‍ യേശുവിന്റെ ജന്മ ലക്ഷ്യം അല്ലായിരുന്നു. യേശു തന്നെ പറഞ്ഞ്ട്ടുണ്ട് ഞാന്‍ പാപികളെ തേടിയാണ് വന്നത് എന്ന്. നിത്യജീവന്‍ തരാനാണ് , നഷ്ടപ്പെട്ട ആടിനെ കണ്ടെത്താനാണ് , അന്ധര്‍ക്ക് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം നല്‍കാനാണ് എന്നൊക്കെ. അല്ലാതെ യഹൂദ പുരോഹിതന്മാരെ എതിര്‍ക്കാനോ തകര്‍ക്കാനോ അല്ല. അതിനു വേണ്ടി യേശു ജനിക്കണ്ടാതോ മരിക്കണ്ടാതോ ഇല്ല. ആണ് എന്ന് പറയുന്നത് യുക്തിയല്ല. ഇത്രയും ഒരു നിസാര കാര്യത്തിന് വേണ്ടി ഈ പ്രപഞ്ചം സൃഷ്ടിച്ചവന്‍( അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നു, പലര്‍ക്കും എതിര്‍പ്പുണ്ടാകാം) ജനിച്ചു ക്രൂശിക്കപ്പെടും എന്ന് തോന്നാന്‍ ബുദ്ധിമുട്ടുണ്ട്. ഉറുമ്പ് അരി തിന്നുന്ന കണ്ടു ആനക്ക് മദം ഇളകുമോ?
well said....
ReplyDeleteസാന്ദ്ര ആണോ പെണ്ണോ? ആരായാലും പറഞ്ഞത് വളരെ വളരെ ശരിതന്നെ. യേശു ആ കൂദാശ ഉണ്ടാക്കി, ഈ കൂദാശ ഉണ്ടാക്കി എന്നൊക്കെ സഭ ആവര്‍ത്തിക്കുന്നത് അവയുടെ ചട്ടക്കൂട്ടില്‍ വിശ്വാസികളെ തളച്ചിടാന്‍ വേണ്ടി മാത്രമാണ്. മിക്ക പുരോഹിതരെയും മെത്രാന്മാരെയും പോലെ ദുര്‍മേദസ് നിറഞ്ഞ, അനങ്ങാത്ത ശരീരവും വ്യായാമമില്ലാത്ത ബുദ്ധിയുമായി നടന്നവനല്ല യേശു. കൂദാശകളിലെല്ലാം ഓരോ തരം ഗോഷ്ടികളും മനുഷ്യര്‍ക്ക് തിരിയാത്ത വചനങ്ങളുമൊക്കെയാണുള്ളത്. അവയിലൂടെ, ചുമ്മാ നിന്ന് കൊടുത്താലും, ഓട്ടോമാറ്റിക് ആയി, ദൈവവരപ്രസാദം മനുഷ്യനിലേയ്ക്ക് ഒഴുകും എന്നൊക്കെ പറഞ്ഞാല്‍ പെണ്ണുങ്ങള്‍ വിശ്വസിച്ചേക്കും, അതുപോലെ, തലക്കടികൊണ്ട കുറേ ആണുങ്ങളും.
ReplyDeleteസാന്ദ്ര പറയുമ്പോലെ പൌരോഹിത്യ മേധാവിത്തത്തെക്കാള്‍ പൌരോഹിത്ത വിഡ്ഢിത്തമാണ് ഇന്നത്തെ സഭയെ നശിപ്പിക്കുന്നത്. പൌരോഹിത്യം അക്രൈസ്തവവും അനാവശ്യവുമാണെന്നത് തറപ്പിച്ചു പറയാവുന്ന ഒരു സത്യമാണ്. എനിക്ക് വേണ്ടത് ബാലിയല്ല, കരുണയാണ് എന്ന് പല കാലങ്ങളില്‍, പല വിധത്തില്‍ വ്യക്തമാക്കിയ ഒരു ദൈവത്തെപ്പറ്റി പറഞ്ഞു നടന്ന യേശു, സ്വയം ആ ദൈവത്തിനു ബലിയായി, മനുഷ്യര്‍ക്ക് കോപ്പിയടിച്ചുകൊണ്ടിരിക്കാന്‍,ദിവ്യബലി സ്ഥാപിച്ചു എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണമെങ്കില്‍, കനത്ത ബുദ്ധിമാന്ദ്യം തന്നെ അനുഭവിക്കണം.
ഇതുപോലെ തന്നെ ഒരു കനത്ത വിഡ്ഢിത്തമാണ് KCBC ഈയിടെ തട്ടിവിട്ട "വിശ്വാസികള്‍ ഷാലോം പോലുള്ള ചാനലുകള്‍ കാണണം, പ്രചരിപ്പിക്കണം" എന്ന ഉപദേശം. ഈ രാജ്യത്തെ ഏത് ചാനല്‍ നോക്കിയാലും കാണുന്നത് മനുഷ്യരെ മെനക്കെടുത്തുന്ന, കലയില്ലാത്ത, ശുദ്ധ നുണകളും വഷളത്തരങ്ങളും പറഞ്ഞും കാണിച്ചും സമയം കൊല്ലുന്ന ഏര്‍പ്പാട് മാത്രമാണ്. ഏത് ചാനലിന്റെയും സിംഹഭാഗം വിഴുങ്ങുന്ന പരസ്യങ്ങളാകട്ടെ, 500 ശതമാനം പൊലിപ്പിച്ച നുണകള്‍ മാത്രമാണ്. ഇങ്ങേയറ്റം വാര്‍ത്തകള്‍ പോലും കൂടുതലും, എന്തെങ്കിലും പുതിയത് കേട്ടില്ലെങ്കില്‍ ഉറക്കം വരാത്ത വിഡ്ഢികളായ ജിജ്ഞാസ്സുക്കളെ സുഖിപ്പിക്കാനുള്ള സൂത്രങ്ങള്‍ മാത്രമാണ്. മനുഷ്യരെ രസിപ്പിക്കാന്‍ വേണ്ടി ഒന്നാന്തരം കലാപരമായ പ്രോഗ്രാമുകള്‍ യൂറോപ്പിലെ മിക്ക രാജ്യക്കാരും ഒരുക്കാറുണ്ട്. ഗൗരവമുള്ള വിഷയങ്ങളെപ്പറ്റി പണ്ഡിതരുടെ ചര്‍ച്ചകളുണ്ട്. എന്നാല്‍, അമേരിക്കയിലും കാനഡയിലും റ്റി.വി. എന്ന മാദ്ധ്യമം ഇന്ത്യയിലെക്കാള്‍ നിലവാരം കുറഞ്ഞ ചവറുകള്‍ കുത്തി നിറച്ചവയാണ്. ഇന്ത്യാക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ ഒട്ടും അറിഞ്ഞുകൂടാത്ത ഇത്തരത്തിലുള്ള ഒരു മാദ്ധ്യമം, വിശേഷിച്ച്, ഒരു കഴമ്പുമില്ലാത്ത ഭക്തിപ്പായാസം മാത്രം വിളമ്പുന്ന ഷാലോം പോലുള്ള ചാനലുകളെ വിശ്വാസികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്ന മെത്രാന്മാരുടെ തലയില്‍ നിറയെ ചാണകം പോലുമല്ല അറപ്പിക്കുന്ന പുരീഷമാണെന്നു തീര്‍ത്തു പറയാം.
വാല്‍ക്കഷണം: ഈ നാട്ടില്‍ അദ്ദേഹത്തിന് ചെയ്യാവുന്ന ജോലിയില്ലാഞ്ഞിട്ടാണോ, ചുവന്ന തൊപ്പി കിട്ടിയ നാള്‍തൊട്ട്, ആലഞ്ചേരി മൂപ്പര് മറുനാടുകളില്‍ കറങ്ങുന്നത്? യൂറോപ്പും അമേരിക്കയുംകഴിഞ്ഞു. ഇനി ആസ്ത്രെലിയാ അദ്ദേഹത്തെ മാടി വിളിക്കുന്നു പോലും!
അവതാരതെപ്പറ്റി ജോണ്‍ പറഞ്ഞതിനോട് യോജിക്കാതെ തരമില്ല. ഒരു യുക്തികൊണ്ടും അവതാരം എന്ന ഈ ഏര്‍പ്പാട് മനസ്സിലാക്കാന്‍ പറ്റുന്നില്ല. കാരണം, മനുഷ്യരുടെ ഇടയില്‍ എന്തെങ്കിലും സാധിക്കാനായിരിക്കണമല്ലോ ദൈവത്തിന്റെ അവതാരം. സര്‍വ്വ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന ആ ശക്തിക്ക് എന്തെങ്കിലും സാധിക്കാനുണ്ടെങ്കില്‍, അതിനിവേണ്ടി മനുഷ്യന്റെ, അല്ലെങ്കില്‍ ഹിന്ദുക്കള്‍ കരുതുംപോലെ, മറ്റൊരു ജീവിയുടെ, രൂപത്തില്‍ ഭൂമിയിലേയ്ക്ക് വരേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ? ഇത്തരം ഭാവനകള്‍ അങ്ങേയറ്റം സങ്കുചിതമായ പ്രപഞ്ച- ദൈവസങ്കല്‍പ്പങ്ങളില്‍ നിന്ന് മുളക്കുന്നവയാണ്. അതായത്, ഈ കാണുന്ന ഭൂമിയും അതിലെ മനുഷ്യരുമാണ് ദൈവത്തിന്റെ മനസ്സ് നിറയെ, അവര്‍ക്ക് വേണ്ടിയാണ് ബാക്കിയെല്ലാം, ദൈവം പോലും ഉള്ളത്! തല തിരിഞ്ഞുപോയ അവരെ എങ്ങനെയെങ്കിലും തിരിച്ചു, സ്വര്‍ഗത്തില്‍ തന്റെയടുത്ത് എത്തിക്കാന്‍ വേണ്ടിയുള്ള ബുദ്ധിമുട്ടിലാണ് പരാശക്തി എന്നൊക്കെയുള്ള ചിന്തകള്‍കൊണ്ട് തല കനക്കുമ്പോള്‍ അവതാരങ്ങള്‍ വീണ്ടും വീണ്ടും ആവശ്യമായി വരും. ബൈബിളില്‍ കാണുന്ന പ്രപഞ്ചസങ്കല്‍പം തീരെ ബാലിശമാണ്. ഇന്ന് അതില്‍നിന്നൊക്കെ മനുഷ്യന്റെ മനസ്സ് വളരെയധികം വികസിച്ചിട്ടുണ്ട്. പ്രപഞ്ചങ്ങള്‍ തന്നെ എത്രയെന്ന് ആര്‍ക്കും കല്‍പ്പിക്കാനാവില്ല. നമ്മുടെ സൌരയൂഥവും അതിലെ സൃഷ്ടികളും ഈ പ്രപഞ്ചത്തിന്റെ പോലും വിസ്തൃതിയില്‍ വെറും ഒരു തരി പൂഴി മാത്രമാണ്. ആ പൂഴിയില്‍ വന്നുമറയുന്നപുഴുക്കള്‍ക്കായി സര്‍വ്വ പ്രപഞ്ചങ്ങളുടെയും സ്രോതസ്സായ, അരൂപിയായ, ആ അജ്ഞാതശക്തി വികൃതവും നിസ്സാരവുമായ ഒരു രൂപം കൈക്കൊള്ളുക എന്നതൊക്കെ എന്തൊരു പമ്പരവിഡ്ഢിത്തമാണ്!
ReplyDeleteശ്രീ ജോസഫ് മറ്റപ്പള്ളിയുടെ മഹത്തായ ഒരു ലേഖനം (സാരാംശം) ജൂലൈ ലക്കം സത്യജ്ജ്വാലയില്‍ ഉണ്ട്. അതില്‍ ഉല്പ്പത്തിയിലെ ഭാഷയേയും കാലത്തിന്റെ വിവക്ഷയെയും പറ്റി പരാമര്‍ശമുണ്ട്. കാലം നിത്യതക്കിപ്പുറമുള്ള എല്ലാമാണ്. ദൈവമാകട്ടെ നിത്യതയിലുള്ളതും. ആ ലേഖനത്തില്‍ 100 ബ്രഹ്മവവര്‍ഷങ്ങളില്‍ ബ്രഹ്മാവിന്റെ അന്ത്യമാണെന്നു പറയുമ്പോള്‍തന്നെ അത് വേദാന്തത്തിന്റെ ദൈവസങ്കല്പമല്ല എന്ന് വ്യക്തമാണ്. അവതാരമെന്നത് നിത്യത കാലത്തിലേയ്ക്ക് കടക്കുന്നതാണ്. അത് ശുദ്ധ വിരുക്ദ്ധോക്തിയാണ്. മനുഷ്യകേന്ദ്രീകൃതമായ ഒരു പ്രപഞ്ചസങ്കല്പത്തില്‍ മാത്രമേ അവതാരം ന്യായീകരിക്കാനാവൂ. അത് പക്ഷേ ഇന്ന് ചില മതങ്ങളില്‍ മാത്രം സ്വീകാര്യമായ ഒരു സങ്കുചിതസങ്കല്‍പ്പമാണ്. മനുഷ്യന്റെ എല്ലാ വെപ്രാളങ്ങളും വികൃതികളും ഉടലെടുക്കുന്നതും ഈ സങ്കല്‍പ്പത്തില്‍ നിന്നാണ്.