ശ്രീ ജോസഫ് പുലിക്കുന്നേല്‍
(മുപ്പത്തിയൊന്നു വര്‍ഷം മുമ്പ്, 1981 ജൂലൈ ലക്കം ഓശാന മാസികയില്‍, എഴുതിയ ഈ ലേഖനം
ഇന്നും പ്രസക്തമെന്നു തോന്നുന്നതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നു.)
കേരള കത്തോലിക്കാ അല്‍മായ അസ്സോസിയേഷന്‍, ഒന്നാം വാര്‍ഷികസമ്മേളനത്തിന്റെ ചെലവിലേയ്ക്കായി, കുറെ പണം പിരിക്കുന്നതിനായി, സ്വീകരണസംഘാദ്ധ്യാക്ഷന്‍ ശ്രീ ഇ. എം. ജോസഫും, ജില്ലാ പ്രസിഡണ്ട് ഡോ. സി.പി. മാത്യൂവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ പി. സി ജോസഫും, ഞാനും കൂടി കുറെ വീടുകള്‍ സന്ദര്‍ശിച്ചു. എല്ലാ പേരും തന്നെ ഓരോ ചെറിയ തുക സംഭാവനയായും തന്നു. നമ്മുടെ സമുദായത്തിന്, ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യൂതിയെപ്പറ്റി, മിക്കവരും ബോധവാന്മാരായിരുന്നു. പലരും തുറന്നു സംസാരിച്ചു. സംഭാവനയുടെ തുകയെക്കാള്‍, നമ്മുടെ സമുദായത്തിന് ഇന്നുവന്ന തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലും, അതിന് പരിഹാരം കാണേണ്ട അടിയന്തിരമായ കടമകളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിന് ലഭിച്ച ഒരവസരമായാണ് ഞങ്ങള്‍ ഇതിനെ ഉപയോഗിച്ചത്.
അങ്ങിനെ ഞങ്ങള്‍, കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സമ്പന്ന കുടുംബാംഗമായ കരിമ്പനാല്‍ ഇട്ടിരാച്ചനെയും കണ്ടു. രാത്രി എട്ടുമണിയോടടുത്ത സമയം. പകല്‍സമയത്തെ ''നല്ല ഓട്ടം'' പൂര്‍ത്തിയാക്കി അദ്ദേഹം ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നു തോന്നുന്നു.
അദ്ദേഹത്തിന്, വളരെയധികം പറയാനുണ്ട് അച്ചന്മാരെപ്പറ്റി. ഓശാന പറയുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമാണ് അദ്ദേഹത്തിന്റെ വികാരം. ബോര്‍ഡിംഗില്‍ പഠിച്ച കാലം മുതല്‍ അച്ചന്മാരുടെ കൊള്ളരുതായ്മ അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്തിന് പലപ്പോഴും കാഞ്ഞിരപ്പള്ളി സെമിനാരിയില്‍ കുര്‍ബ്ബാന കാണാന്‍ ഭക്തിപൂര്‍വ്വം ചെല്ലുമ്പോള്‍ ''പല അവന്മാരുടെ (അച്ചന്മാര്‍) കവയ്ക്കിടയില്‍ (അദ്ദേഹം ഉപയോഗിച്ച പദമാണ്). സ്‌കൂട്ടറും വെച്ച് നാടുചുറ്റാന്‍ പോകും.'' അച്ചന്മാരുടെ കൊള്ളരുതായ്മകളെ ശ്ലീലാതിര്‍ത്തി കടന്നും വിമര്‍ശിക്കുന്നതിനു വരെ, അദ്ദേഹത്തിന്റെ ധര്‍മ്മരോഷം ആളിക്കത്തി നില്‍ക്കുകയായിരുന്നു. അദ്ദേഹം ഉപദേശിച്ചു പള്ളിയോടും പട്ടക്കാരനോടും അടുക്കരുത്. അദ്ദേഹം തന്റെ പിള്ളേര്‍ക്ക് കൊടുത്തിരിക്കുന്ന ഉപദേശമാണ്. കാരണം പള്ളിയോടും പട്ടക്കാരനോടും അടുത്താല്‍ ''നല്ല ഓട്ടം'' നടക്കാതെ വരും. അതുകൊണ്ട് പള്ളിക്ക് അകന്ന് നിന്ന് ഉപദ്രവകരമല്ലാത്ത നല്ല ഓട്ടം ഓടി സ്വര്‍ഗ്ഗരാജ്യത്തെത്തണമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പക്ഷേ അദ്ദേഹം പറഞ്ഞു. '' ഇവരെ ഒന്നും നന്നാക്കാന്‍ നമ്മളോട് കര്‍ത്താവ് പറഞ്ഞിട്ടില്ല''. അദ്ദേഹം മത്തായിയുടെ സുവിശേഷത്തിലെ നാലും അഞ്ചും അദ്ധ്യായങ്ങള്‍ വായിക്കും. കൂടുതലൊന്നും ആവശ്യമില്ല. എങ്ങിനെയെങ്കിലും ഇങ്ങനെ തന്റെ നല്ല ഓട്ടം ഓടി സ്വര്‍ഗ്ഗം നേടണമെന്നുള്ള ആഗ്രഹം മാത്രമെ അദ്ദേഹത്തിനുള്ളൂ. മെത്രാനും, അച്ചനും, എന്തും കാണിച്ചുകൊള്ളട്ടെ! ''തനിക്ക് നല്ല ഓട്ടം ഓടണം''. ആ നല്ല ഓട്ടത്തിനിടയില്‍, അല്‍മായ അസ്സോസിയേഷന്‍ അദ്ദേഹത്തെ ശല്യം ചെയ്യരുത്. ഇടതടവില്ലാതെ, അച്ചന്റെയും മെത്രാന്റെയും കുറ്റങ്ങളെക്കുറിച്ചും. തന്റെ നല്ല ഓട്ടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ അദ്ദേഹം, എനിക്ക് ഒരു ഉപദേശവും, കാഞ്ഞിരപ്പള്ളി മെത്രാന്‍ കൊള്ളരുതായ്മ കാണിച്ചാല്‍ അരമനയില്‍ ചെന്നു പറയണം. ''എടോ പവ്വത്തില്‍ താന്‍ ചെയ്യുന്നത് തെറ്റാണ്'' എന്ന്.
ഇട്ടിരാച്ചന്റെ ജീവിത ഫിലോസഫി കേട്ട ശേഷം, അദ്ദേഹത്തെ ''നല്ല ഓട്ടം'' തുടരുന്നതിന് അനുവദിച്ചുകൊണ്ട് ഞങ്ങള്‍ സ്ഥലം വിട്ടു.
നമ്മുടെ സമുദായത്തിന്റെ ഒരു മുഖമാണ് ഇട്ടിരാച്ചന്‍ അനാവരണം ചെയ്തത് എന്നതുകൊണ്ട്, ഈ മുഖത്തെക്കുറിച്ച് ഒരു പഠനം ആവശ്യമാണെന്നു തോന്നുന്നു.
ഇട്ടിരാച്ചന്റെ അഭിപ്രായം, അദ്ദേഹത്തിന്റേതു മാത്രമല്ല; ഒരു വിഭാഗം കത്തോലിക്കരുടെ അഭിപ്രായമാണിത്. അദ്ദേഹം അത് തുറന്നു പറഞ്ഞു എന്നതില്‍, സന്തോഷമുണ്ടെങ്കിലും, അദ്ദേഹത്തിന്റെയും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവരുടെയും ''നല്ല ഓട്ട'' കാമന, സമൂഹത്തിലുണ്ടായിരുന്ന അക്രൈസ്തവമായ ചിന്തയുടെ ആഴം വളരെയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇന്ന് കത്തോലിക്കാ വിശ്വാസം, ഈ ലോകത്തില്‍ സുഖസൗഭാഗ്യങ്ങളോടെ ജീവിച്ച്, പരലോകത്തില്‍ സ്വര്‍ഗ്ഗസുഖവും വിലയ്ക്കു വാങ്ങാവുന്ന ഒരു ഭാഗ്യക്കുറിയാണെന്ന ധാരണയാണ് പലരിലും ഉള്ളത്. ഞായറാഴ്ച തോറും പള്ളിയില്‍ പോകുകയും, നല്ല സുഖസമൃദ്ധമായ ഏകാന്ത ധ്യാനം കഴിച്ച് ആണ്ടുകുമ്പസാരവും നടത്തി പള്ളിയോടും പട്ടക്കാരനോടും അടുക്കാതെ അവര്‍ക്ക് വേണ്ടപ്പോഴെല്ലാം, കുറച്ചു കാശും കൊടുത്ത് വലിയ സാമ്പത്തികനഷ്ടമോ ക്ലേശമോ കൂടാതെ സ്വര്‍ഗ്ഗരാജ്യം നേടാനുതകുന്ന ഒരു സമ്പ്രദായമാണ് കത്തോലിക്കാ സഭാ സംവിധാനം. പോരാ, ഈ ലോകത്തില്‍ കാര്യങ്ങള്‍ നേടണമെങ്കിലും, എത്രയോ പുണ്യവാളന്മാരെ, സ്വര്‍ഗ്ഗീയ ശുപാര്‍ശക്കാരായി കെട്ടിയിരുത്തിയിട്ടുമുണ്ട്. ഈ ലോകകാര്യങ്ങള്‍ നേടുന്നതിനും വലിയ ബുദ്ധിമുട്ടില്ല അവരിലൂടെ! കുറച്ചു കാശു നേര്‍ച്ചയായി കൊടുക്കണം അത്രതന്നെ! ഈ നേര്‍ച്ചക്കാശും, പണ്യവാനോടുള്ള ഭക്തിയും (അല്ലെങ്കില്‍ പുണ്യവാന്‍ സ്ഥാനാര്‍ത്ഥികളോടുള്ള ഭക്തി) അവരെ, ഈ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്മാരുടെ ചെല്ലപ്പിള്ളകളാക്കുകയും, അവരിലൂടെ ദൈവത്തിന്റെ അനുഗ്രഹം വലിയ ചെലവില്ലാതെ വാങ്ങിയെടുക്കുകയും ചെയ്യാം.
ക്രിസ്തു എന്തുപറഞ്ഞു എന്നതൊന്നും പ്രശ്‌നമല്ല. ദൈവത്തെ സ്വാധീനിക്കാനുള്ള പുണ്യവാളന്മാരെ ഭക്തികൊണ്ടും, പണം കൊടുത്തും സ്വാധീനിച്ചാല്‍, ഇഹലോകാനുഗ്രഹനവും, പരലോകാനുഗ്രഹവും ഒപ്പം ലഭിക്കും. ഇവരെയെല്ലാം സ്വാധീനിക്കുന്നതിന് അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും കഴിയുമെന്നതിനാല്‍, അവരുടെ, നല്ല പുസ്തകത്തിലും പേരെഴുതിക്കേണ്ടത് ഈ സംവിധാനത്തില്‍ ആവശ്യമായിത്തീരുന്നു.
ഇതാണ് ഇന്ന് ശരാശരി കത്തോലിക്കന്റെ വിശ്വാസം. ക്രിസ്തു ഇന്ന് ആരാധിക്കപ്പെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്യേണ്ട ഒരു അപ്പമാണ്. ആ അപ്പം ശാരീരികമായി ഭക്ഷിച്ചാല്‍ സ്വര്‍ഗ്ഗം തീര്‍ച്ച. ഇതിനെ പൗലോസിന്റെ 'നല്ല ഓട്ടമായി' തെറ്റിദ്ധരിക്കുന്നു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
ക്രിസ്തുവിന്റെ സന്ദേശത്തെ, റോമന്‍ പേഗന്‍ ചിന്ത, സംവിധാനങ്ങളില്‍ കെട്ടിയിരുത്തിയതില്‍ നിന്നുണ്ടായ മൂല്യചോര്‍ച്ച കൊണ്ട് സംഭവിച്ചതാണിത്. ക്രിസ്തുവിലുള്ള വിശ്വാസവും, വിശ്വാസത്തില്‍നിന്ന് ഉരുത്തിരിയുന്ന പ്രവൃത്തിയുമല്ല, പ്രത്യുത, സംവിധാനവും, സംവിധാനം ആവശ്യപ്പെടുന്ന ആചാരനുഷ്ടാനങ്ങളാണ് സര്‍വപ്രധാനം എന്ന ചിന്തയും ക്രൈസ്തവരില്‍ ആഴമായി പതിപ്പിച്ചു. സംവിധാനം പ്രധാനമെങ്കില്‍ ആ സംവിധാനത്തിന്റെ കാവല്‍ക്കാരാണ് മുഖ്യസ്ഥാനികളെന്ന് വരുത്തിത്തീര്‍ക്കാന്‍, ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ പരിശ്രമിച്ചു. ക്രൈസ്തവ സന്ദേശത്തിനുവന്ന ഏറ്റവും വലിയ പതനമായിരുന്നു അത്.
സ്‌നാപകയോഹന്നാന്‍ പറഞ്ഞു. ഞാന്‍ ചെറുതാകുകയും അവന്‍ വളരുകയും വേണം. നിര്‍ഭാഗ്യവശാല്‍ ഇന്ന് സഭയില്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ക്രിസ്തു ചെറുതാകുകയും സംവിധാനവും, സംവിധാനപാലകരും അനസ്യൂതം വലുതാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഈ സംവിധാനമാകട്ടെ, സാമൂഹ്യശക്തികേന്ദ്രമാണ്: രാഷ്ട്രീയ ശക്തികേന്ദ്രവുമാണ്; അപ്പോള്‍ ഭയദായകമായ പ്രൗഢി ഈ സംവിധാനത്തിനു ലഭിക്കുന്നു. ഈ സംവിധാനത്തിന്റെ കാവല്‍ ഭടന്മാരും നായകന്മാരുമായാണ് നാം ഇന്ന് പുരോഹിതരെ കാണുന്നത്. സംവിധാനത്തിന്റെ നിലനില്‍പ്പ്, നമ്മുടെ ആത്മരക്ഷയുടെ അടിസ്ഥാനഘടകമാണെന്ന് അന്ധവിശ്വാസം നമ്മില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സ്ഥാനം, ഇന്ന് സംവിധാനം കൈയ്യേറി കുടിയിരിക്കുന്നു.
ശ്രീ ഇട്ടിരാച്ചന്റെ ദീര്‍ഘമായ പ്രഭാഷണത്തില്‍, ഇന്നത്തെ പുരോഹിതന്മാരുടെ അപഥ ചരണങ്ങളെ അപലപിക്കുന്നതിന്, വളരെയേറെ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അവയെ തിരുത്താനുള്ള കടമയൊന്നും തനിക്കില്ല. ''തനിക്കു നല്ല ഓട്ടം ഓടി സ്വര്‍ഗ്ഗം കരസ്ഥമാക്കണം. ആ നല്ല ഓട്ടത്തിനിടയില്‍ ഇതൊന്നും കാണാന്‍ തനിക്കു സമയമില്ല''.
ഒരര്‍ത്ഥത്തില്‍ ഇട്ടിരാച്ചന്റെ നല്ല ഓട്ടം സ്വാര്‍ത്ഥപരമാണ്. തനിക്ക് നല്ല ഓട്ടം ഓടി സ്വര്‍ഗ്ഗം നേടണമെന്നും, മറ്റുള്ളവര്‍ എവിടെയെങ്കിലും പോയി തുലഞ്ഞോട്ടെ എന്നുമാണ് അദ്ദേഹത്തിന്റെ വീക്ഷണം. വഴിയില്‍ മുറിവേറ്റു കിടന്ന യാത്രക്കാരനെ നോക്കാന്‍ സമയമില്ലാത്ത പുരോഹിത-ഫരിസേയവര്‍ഗ്ഗവും, ഈ നല്ല ഓട്ടത്തിലായിരുന്നു എന്ന് ഓര്‍ക്കണം. ''എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?'' എന്ന ചോദ്യം ദൈവത്തിനെറിഞ്ഞു കൊടുത്ത് അലസമായി നടന്നുപോയ കായേനും, ഈ നല്ല ഓട്ടത്തിലായിരുന്നില്ലേ?.
നാം ജീവിക്കുന്ന സമൂഹത്തോട് നമുക്കു കടപ്പാടുണ്ട്. ക്രൈസ്തവ കൂട്ടായ്മയെ ക്രിസ്തു മുന്തിരിച്ചെടിയോടാണ് ഉപമിച്ചത്. വി. പൗലോസാകട്ടെ, ശരീരത്തോടും, ശരീരത്തിലുള്ള അവയവങ്ങള്‍ പോലെയാണ്, വിശ്വാസികള്‍, ഒരവയവം വേദനിക്കുമ്പോള്‍, മറ്റയവങ്ങളും വേദനിക്കാതെ 'നല്ല ഓട്ടം' നടത്തുന്നത് ക്രൈസ്തവമാണെന്ന് തോന്നുന്നില്ല.
ഇന്ന് പുരോഹിതര്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ ധര്‍മ്മച്യുതിയുടെ ചുറ്റൊഴുക്കിലാണ് ഇട്ടിരാച്ചന്‍ സമ്മതിക്കുന്നു. ഞങ്ങള്‍ സന്ദര്‍ശിച്ചവരെല്ലാം സമ്മതിച്ചു. എങ്കില്‍ ഈ ധര്‍മ്മച്യുതിയുടെ ചുറ്റൊഴിക്കില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുവാന്‍ കൂട്ടായി ചര്‍ച്ച ചെയ്യേണ്ട? പരിശ്രമിക്കേണ്ടേ? രോഗം ഇല്ലെന്നാണ്. വാദമെങ്കില്‍ ചികിത്സയുടെ ആവശ്യത്തെ നിരാകരിക്കാം. കത്തോലിക്കാ സമുദായത്തില്‍, രോഗമുണ്ടെന്നു സമ്മതിക്കുകയും, ഇതൊന്നും ഞാന്‍ ശ്രദ്ധിക്കേണ്ടതില്ല ''എനിക്കു നല്ല ഓട്ടം ഓടിയാല്‍ മതി'' എന്ന് വാശിപിടിക്കുകയും ചെയ്യുന്നത്, ക്രൈസ്തവമായ സമീപനമാണെന്നു തോന്നുന്നില്ല.
യൂറോപ്പിലെ ക്രൈസ്തവികതയെ നശിപ്പിച്ചത് ഇത്തരം ''കുറെ നല്ല ഓട്ടക്കാരുടെ'' നിഷ്‌ക്രിയത്വമാണ്.
ഏതായാലും ഇട്ടിരാച്ചന്‍, തന്റെ നല്ല ഓട്ടം തുടരട്ടെ എന്നാശംസിക്കുന്ന കൂട്ടത്തില്‍ ഈ വസ്തുതകള്‍ കൂടി പരിഗണിക്കണമെന്ന് അദ്ദേഹത്തെ അനുസ്മരിപ്പിക്കട്ടെ!
No comments:
Post a Comment