Translate

Tuesday, July 10, 2012

ലജ്ജാവഹം!


ലജ്ജാവഹം! ...... സിറോ മലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ വാക്കേ ശരിയാവൂ.  സത്യത്തിനും നീതിക്കും വചനങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഈ സഭക്ക് എന്ത് ശിക്ഷയാണ് കിട്ടാന്‍ പോവുന്നത് എന്ന് മാത്രമേ സംശയമുള്ളൂ. അല്മായരുടെതായി വരുന്ന അനുഭവ സാക്ഷ്യങ്ങള്‍ മാത്രം മതി ഈ ഗതികെട്ട സഭയുടെ ഭരണാധികാരികള്‍ കാട്ടികൂട്ടുന്ന നെറികേടിന്‍റെ  ആഴം അറിയാന്‍. മനോരോഗാശുപത്രികളില്‍ ചെല്ലുന്ന രോഗികളോട് ആദ്യം ചോദിക്കുന്നത്, ഇത് പാരമ്പര്യമായിട്ടുള്ളതാണോ എന്നാണ്‌.  രണ്ടാമത്തെ ചോദ്യം, ഏതെങ്കിലും കരിസ്മാറ്റിക് ധ്യാനത്തിന് പോയിരുന്നോ എന്നാണ്. യാതൊരു അതിശയോക്തിയും ഇല്ലാത്ത പച്ച പരമാര്‍ത്ഥമാണ്  ഞാന്‍ പറഞ്ഞത്. ധ്യാനത്തിന് ചെല്ലുന്നവരെ ആയുഷ്കാലം രക്ഷപെടാത്ത രിതിയില്‍ ഇവര്‍ തകര്‍ക്കുന്നു . കൌണ്‍സലിങ്ങിന്‍റെ ബാലപാഠം പോലും അറിയില്ലാത്ത ഭ്രാന്തന്മാരുടെ കൈകളില്‍ എത്രയോ പേര്‍ വിഴുന്നു. ഇത് ഒരുവശം; ധ്യാന ഗുരുക്കന്മാര്‍ നടത്തുന്ന വ്യാഖ്യാനങ്ങള്‍ അപഹാസ്യം തന്നെയാണ്. ഈയ്യിടെ വിശകലനം ചെയ്യപ്പെട്ട ദശാശത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ പലരും വായിച്ചു കാണുമല്ലോ. വരുമാനത്തിന്റെ പത്തിലൊന്ന് സഭാപ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കണമെന്ന് സൂചിപ്പിക്കുന്ന ഒരൊറ്റ വചനം പോലും ഇല്ല. ദശാംശം കൊടുക്കാത്തവന്‍റെ വംശം അറ്റുപോകുമെന്ന് ചിക്കാഗോ പള്ളിയില്‍ ഒരു വൈദികന്‍ പ്രസംഗിച്ചത്രേ. ആ വൈദികന്‍ ദശാംശം പോയിട്ട് അണുവംശം  പോലും സഭക്ക് കൊടുക്കുന്നുണ്ടോ? 

ലോകത്ത് ഇന്ന് നിലവിലുള്ള ഒരു മതത്തിലും വിശ്വാസികള്‍ സ്വന്തം മതത്തെ ഇത്രമേല്‍ ആക്ഷേപിക്കുന്നില്ലാ എന്നോര്‍ക്കണം. കേരള സഭയുടെ വളര്‍ച്ചക്ക് നെടുംതൂണായി പ്രവര്‍ത്തിച്ച സത്യദിപവും അസ്സിസ്സിയുമൊക്കെ തല്ലിത്തകര്‍ത്തു ഓരോ മെത്രാനും സ്വന്തം ഫോട്ടോ കവര്‍ പേജില്‍ വരുത്താന്‍ തനതു പ്രസിദ്ധികരണങ്ങള്‍ തുടങ്ങി. ഔദ്യോഗിക പ്രസിദ്ധികരണമായ Laity Voice ന്‍റെ പത്രാധിപര്‍ പോലും ഈ പോക്ക് അസഹനിയമാണ് എന്ന് എഴുതി. യേശുവിനെ സ്നേഹിക്കുന്ന വൈദികര്‍ ഒന്നൊന്നായി അല്മായാ പ്രസിദ്ധികരണങ്ങളിലേക്ക് വന്ന് തെറ്റ് എവിടെയൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചു തുടങ്ങി. എന്റെ ചെറുപ്പത്തില്‍ ഇടവകയിലുള്ള ദരിദ്രര്‍ക്ക് കൃത്യമായി സഹായം ചെയ്തുകൊണ്ടിരുന്ന ഒരേയൊരു കത്തോലിക്കാ സംഘടനയായിരുന്നു, വിന്സന്റ് ഡി പോള്‍ സഖ്യം. അവര്‍ക്ക് പോലും വേണ്ടത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ഇന്ന് ഇടവകകളിലില്ല. 

ഓരോ കത്തോലിക്കനും പൊതുവായി അനുഭവിക്കുന്ന സൌകര്യങ്ങള്‍, സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ നിന്ന് രൂപപ്പെടുന്നതാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക പ്രസ്ഥാനമായ കത്തോലിക്കാ സഭക്ക് മാത്രം കണക്കും ബോധിപ്പിക്കണ്ട, നികുതിയും കൊടുക്കണ്ട. സ്വന്തം ശവക്കൊട്ടകള്‍ ഇല്ലാത്തിടത്ത് പൊതു ശ്മശാനങ്ങളിലാണ്  കത്തോലിക്കരെ  അടക്കാറുള്ളത്. പക്ഷെ ആ മര്യാദ നാം അങ്ങോട്ട്‌ കാണിക്കാറില്ല. ആദ്യകാല കുടിയേറ്റക്കാരെ ചൊല്ലിയടക്കാന്‍ ഒരച്ചന്മാരും ഉണ്ടായിരുന്നില്ല.  അതുകൊണ്ട് അവരാരും നരകത്തില്‍ പോയതായി ആരും പറഞ്ഞും കേട്ടിട്ടില്ല. അനുസരിക്കാന്‍ ഒരു ജനവും, ആസ്വദിക്കാന്‍ ഇഷ്ടം പോലെ പണവും ഉണ്ടെങ്കില്‍ ഹാ.... എന്ത് രസം!  ആനിക്കാട് പള്ളിയുടെ മേല്‍ക്കൂര കത്തിതാഴെ വിണു. വെറും ഒറ്റ ആഴ്ച കൊണ്ട് അത് പുതുക്കി പണിതുല്‍ഘാടനവും നടത്തി. ചിക്കാഗോയില്‍ ചെന്നുപെട്ട ഓരോ കത്തോലിക്കനെയും, അവന് വിടുണ്ടോ, കുടിയുണ്ടോ എന്ന്പോലും നോക്കാതെ പിഴിഞ്ഞെടുത്ത അധികാരികള്‍, ആരുടെ പാരമ്പര്യമാണ് സംരക്ഷിക്കുന്നത്? തോമ്മാ സ്ലിഹാ വന്ന വള്ളം, അന്ന് നാട്ടുകാര്‍ കൊട്ടിയ ചെണ്ട, ഇതെല്ലാം അവിടെയുണ്ട്; സ്ലിഹാ ഇട്ടിരുന്ന നൈറ്റി, പിടിച്ചിരുന്ന കാപ്പി വടി, ഇങ്ങിനെ കുറെ സാമഗ്രികള്‍ കൂടി ഇറക്കുമതി ചെയ്‌താല്‍ എല്ലാം പൂര്‍ത്തിയാവും.  

സത്യമായിട്ടും ഇതിനൊരു മാറ്റം വരുമെന്ന്, ആലഞ്ചേരി പിതാവിന്റെ രുദ്രാക്ഷ മാലയിട്ടുള്ള വരവ് കണ്ടപ്പോള്‍ ആശിച്ചുപോയി.  പള്ളിയില്ലാത്തിടത്തു ഇടവക പ്രഖ്യാപിച്ചും, സിറോ മലബാറിന് പള്ളിയില്ലാത്ത ജര്‍മനിയില്‍ സിറോമലബാറിന്‍റെ പത്താം വാര്‍ഷികം ആഘോഷിച്ചും അദ്ദേഹത്തിന്റെ നാളുകളും മുന്നേറുന്നു. ഏതോ കൊടിയ പ്രാക്ക് ഈ സഭക്ക് കിട്ടിയിട്ടുണ്ടെന്ന് സ്പഷ്ടം, അല്ലെങ്കില്‍ ഇത്രമേല്‍ വിവരംകെട്ട ഒരു വര്‍ഗ്ഗം അധികാര സ്ഥാനത്തു വരില്ലായിരുന്നു. 

2 comments:

  1. അല്ത്താരയില്‍ കയറിയാല്‍ എന്തും പ്രസങ്ങിക്കാവോ?

    കഴിഞ്ഞ സണ്‍‌ഡേ ടോരോന്റൊയിലെ തിരുനാള്‍ പ്രസംഗത്തില്‍ ഫാ: തുണ്ടത്തില്‍ ബിഷപ്പ് പൗലോസ്‌ മാര്‍ പൌലോസേനെ സഭയില്‍ നിന്നും പുറത്താക്കണം എന്ന സാഹിതിയ വാരഭലം കൃഷ്ണന്‍ നായരുടെ വാക്ക് ഉദ്ദരിച്ച്‌ പ്രസംഗിച്ചു. ഫാ: തുണ്ടത്തില്‍ ബിഷപ്പ് പൌലോസില്‍ ദര്‍ശിച്ച കുറ്റം അദ്ദേഹം പി. ജെ. ആന്റണി യുടെ ആറാം തിരുമുറിവ് എന്ന നാടകത്തെ അത് അന്റൊനിയുടെ ആവിഷ്ക്കര സ്വാതന്തിരിയം ആണ് എന്ന് പറഞ്ഞു. ഫാ: തുണ്ടാതിലിന്റെ പ്രസംഗത്തില്‍ നിന്നും ഈ എളിയവനു മനസിലായത് ബിഷപ്പ് പൗലോസ്‌ മാര്‍ പൗലോസ്‌ ഈ സന്ദര്‍ഭം ക്രിശ്തിയനികളെ ഇളക്കി വിട്ടു പി. ജെ ആന്റണിയെ തല്ലി ഓടിക്കുവാന്‍ വിനിയോഗിക്കനംയിരുന്നു. ബിഷപ്പ് പൗലോസ്‌ മാര്‍ പൗലോസ്‌ എന്ന കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന വ്യക്തി കേരളത്തില്‍ ഒരു വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ കൂട്ട് നിന്നില്ല എന്നതാണ് ഫാ: തുണ്ടത്തില്‍ അദ്ദേഹത്തില്‍ കണ്ട കുറ്റം. ക്രുസ്തുവിനെതിരെ പറയുന്ന ആരോടും നമ്മള്‍ സഹിഷ്ണത പുലര്തരുതെന്നും ഫാ: തുണ്ടത്തില്‍ ആഹ്വാനം ചെയിതു.
    കേരള ജനത വളരെയധികം ബഹുമാനിക്കുന്ന ബിഷപ്പ് പൌലോസിനെ അവഹെളിക്കുവാനും അതുപോലെ കൃഷ്ണന്‍ നായരേ മഹത്വവല്ക്കരിക്കാനും തിരുനാള്‍ പ്രസംഗ വേദി ഉപയോഗിക്കരുതയിരുന്നു. ഫാ: തുണ്ടാതിലിന്റെ വാക്കുകള്‍ അനുസരിച്ച് കൃഷ്ണന്‍ നായരേ പോലെ ക്രിസ്തുവിന്റെ വഴിയെ ജീവിക്കുന്ന ഒരു വ്യക്തി കേരളത്തില്‍ ഇല്ല. (എങ്കില്‍ അദ്ദേഹറെ ഒരു ബിഷപ്പ് ആക്കാന്‍ ഉപദേശിക്കട്ടെ). ആരും എതിര് പറയുക എല്ലാ എന്നുളത് കൊണ്ട് കുര്ഭാന പ്രസംഗം ഇത്തരം കൊള്ളരുതയിമ്മകള്‍ പറയാന്‍ ദയവായി ഉപയോഗിക്കരുത്.

    ReplyDelete
    Replies
    1. എനിക്ക് തോന്നുന്നത് മെത്രാന്‍ തൊപ്പിക്ക്‌ ആരോ കൈവിഷം വെച്ചിട്ടുണ്ടെന്നാ. അത് വെച്ചു കഴിഞ്ഞാല്‍ ആള് മാറി. പവ്വത്തില്‍ തിരുമേനി കോളേജില്‍ പഠിപ്പിക്കുമ്പോള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞ ആളാ. തൊപ്പി കിട്ടിയതും പിന്നെ പ്രശ്നമായി. അങ്ങാടിയത്ത്, അച്ചനായിരുന്നപ്പോള്‍ എന്ത് പാവമായിരുന്നു. അടുത്ത ബിഷപ്പായി വരാന്‍ പോകുന്ന തുണ്ടത്തില്‍, എല്ലാവരെയും പോലെ പത്തിരട്ടി മൂച്ച് കാണിച്ചാല്‍ ദാവിഞ്ചിയുടെയും അമേരിക്കക്കാരുടെയും കാര്യം പോക്കാ. മേത്രാനായെക്കും എന്ന് ഒരു സൂചന കിട്ടിയതെ ഇത്രേം... വികാരി ജനറാള്‍ ആയപ്പോള്‍ തന്നെ ഇതാ ഗതി.....അപ്പൊ മെത്രാനോ വല്ലോം ആയാലോ ! കര്‍ത്താവിന്റെ കാര്യത്തില്‍ ഏതായാലും 12 ല്‍ ഒരവകാശമേ തോമ്മാ ഗ്രൂപ്പ്‌കാര്‍ക്കുള്ളല്ലോ എന്നോര്‍ത്തു ആശ്വസിക്കാം. രണ്ടായാലും, അല്ത്താരയില്‍ കേറി നിന്ന് മറുപടിയില്ലാത്ത ഗോളുകള്‍ അടിക്കുന്ന വൈദികരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മൈക്ക് കിട്ടിയാല്‍ എല്ലാവരും വെറും 'മണി' യാവും.... കഷ്ടം!

      Delete