Translate

Thursday, July 12, 2012

കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍!


സിറോ മലബാര്‍ സഭയിലെ പല പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു പലപ്പോഴും ഞാനും അല്മായാ ശബ്ദത്തില്‍ എഴുതാറുണ്ട്. KCRM ന്‍റെതായി പരിചയപ്പെടുത്തിയ ഈ ബ്ലോഗ്‌, അല്മായരുടെ  പ്രശ്നങ്ങള്‍ പങ്കുവെക്കാനും, സഭാധികാരികള്‍ അനുവര്‍ത്തിക്കുന്ന തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടാനും അങ്ങിനെ ഒരു സമ്പൂര്‍ണ്ണ നവികരണത്തിന്  ഉപകരിക്കുമെന്നും കരുതിയതുകൊണ്ടാണ്, അതില്‍ പങ്കു ചേര്‍ന്നത്‌. കഴിഞ്ഞ ദിവസം ഡോ. ജയിംസ് കോട്ടൂര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കാതെ KCRM നു ഉദ്ദേശിച്ച ഫലം കിട്ടുമോയെന്ന് ഞാനും സംശയിക്കുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി അക്കമിട്ടു പറഞ്ഞാല്‍, അറിയാനും, ചിന്തിക്കാനും ഉപകാരപ്പെടുന്ന കമന്റുകളും ലേഖനങ്ങളുമാണ് ആണ് blog ല്‍ ഉണ്ടാവേണ്ടതെന്നും, പേരില്ലാ ധീരന്മാരെയല്ലാ KCRM ആശ്രയിക്കെണ്ടാതെന്നുമാണ്. പേരില്ലാ ധീരന്മാരെക്കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം എന്നെങ്കിലും ഉണ്ടാകുമെന്ന് ഞാനും കരുതുന്നില്ല. ശരിയായ ദിശയിലല്ല ബ്ലോഗ്‌ പോവുന്നതെങ്കില്‍ അത് KCRM ന്‍റെ വിശ്വസനിയത കുറക്കുകയും  അല്മായന്റെ മുന്നേറ്റത്തിനു ആക്കം കുറക്കുകയും ചെയ്യും. 

നമ്മുടെ ആവശ്യം, റോമിനെ മുട്ടുകുത്തിക്കുകയോ കഴിഞ്ഞകാല തെറ്റുകള്‍ പുനര്‍വിചാരണ ചെയ്യുകയോ ആണെന്ന് ഞാന്‍ കരുതുന്നില്ല.  നമ്മുടെ തൊട്ടു മുമ്പിലുള്ള, വിശ്വാസികളുടെ അനുദിന വിശ്വാസജിവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, അടിച്ചമര്‍ത്തപ്പെട്ട അല്മായാ സമൂഹത്തിന് താങ്ങായി നില്‍ക്കാനും KCRM നു കഴിയണമെങ്കില്‍, വ്യക്തിഹത്യകള്‍ ഒഴിവാക്കുകയും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട്‌ വെക്കുകയും തന്നെയാണ് ചെയ്യേണ്ടത്. 

നമ്മുടെ പിതാക്കന്മാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ അവരും ഇപ്പോള്‍ ചിന്താകുലര്‍ തന്നെയാണ്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി അവര്‍ മാറിക്കഴിഞ്ഞു. ഏതു സ്ഥലത്ത് ചെന്നാലും ചിത്ത പറയാന്‍ പത്തുപേരെങ്കിലും ഇന്ന് ഉണ്ട്; അതവര്‍ വരുത്തിവെച്ച വിന. സമൂലമായ ഒരു മാറ്റം വരുമെന്നത് തിര്‍ച്ച. ആ മാറ്റത്തിന് വേണ്ടിയുള്ള യാത്രയില്‍ അവര്‍ കാണിക്കുന്ന ധാര്‍ഷ്ട്യം അല്മായര്‍ കാണിക്കരുത് എന്നാണ് എന്റെ എളിയ അഭിപ്രായം. ഔദ്യോഗിക പ്രസിദ്ധികരണങ്ങളെക്കാള്‍  നിലവാരത്തില്‍ ഈ ബ്ലോഗ്‌ കൊണ്ട്പോകാന്‍ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് കഴിയും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. അങ്ങിനെ ചിന്തിക്കാന്‍ കാരണം, പേരില്ലാത്തവരും പേരുള്ളവരുമെല്ലാം നല്ല നല്ല എഴുത്തുകാരും അറിവുള്ളവരും ആണെന്ന് മനസ്സിലാകുന്നതുകൊണ്ടാണ്.  അങ്ങിനെയൊരു മുന്നേറ്റമാണ് വേണ്ടതെങ്കില്‍ നാം ഓരോരുത്തരും മനസ്സ് വെച്ചാല്‍ മാത്രം മതി. ഈ അല്മായാ ശബ്ദം ബ്ലോഗിലൂടെ നല്ല വിശകലനങ്ങളും, പ്രസക്തമായ ചിന്തകളും വരുമ്പോള്‍ അത് അനേകരെ ആകര്‍ഷിക്കുക തന്നെ ചെയ്യും. അല്‍പ്പം അച്ചടക്കം കൊണ്ട് സാധിക്കാവുന്ന കാര്യമേയുള്ളൂ, മനസ്സുണ്ടെങ്കില്‍.  പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍  ഒരു പൊതു ലക്‌ഷ്യം മുന്നില്‍ കണ്ടാല്‍ കാര്യം ശരിയായി. 

No comments:

Post a Comment