Translate

Wednesday, July 25, 2012

പ്രാര്‍ഥന - ബോധപൂര്‍വകവും കൃതജ്ഞതാഭരിതവും സുകൃതോത്തേജകവും


അല്മായശബ്ദത്തില്‍ പ്രാര്‍ഥനയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വളരെ നല്ല കാര്യം. നാം നിരീശ്വരരാണെന്ന ആരോപണത്തിനും ഇതു മറുപടിയാകും. 


ഏതാനും വര്‍ഷംമുമ്പ് പ്രാര്‍ഥന ബോധപൂര്‍വകവും സുകൃതോത്തേജകവും കൃതജ്ഞതാഭരിതവും ആക്കാന്‍ എങ്ങനെ കഴിയും എന്ന വിചാരത്തോടെ കുറെ മതാതീത പ്രാര്‍ഥനാഗാനങ്ങള്‍ എഴുതാന്‍ എനിക്കു പ്രചോദനം ലഭിച്ചതും എന്നെത്തന്നെ സംസ്‌കരിക്കാനായി അങ്ങനെ കുറെ ഗാനങ്ങള്‍ എഴുതിയതും ഓര്‍മ വരുന്നു. ഒരെണ്ണം പകര്‍ത്താം.  

ദൈവമേ, ഹൃത്തില്‍ തുളുമ്പും കൃതജ്ഞതാ-
ഭാവമെന്‍ ജീവിതചൈതന്യമായ്
ജീവജാലങ്ങളോരോന്നിനോടും ഹൃത്തി-
ലൂറുന്ന കാരുണ്യമായൊഴുക്കൂ!

എല്ലാമെന്‍ നന്മയ്ക്കായെന്നറിഞ്ഞീടുവാന്‍
നന്ദിയോടിന്നിനെ സ്വീകരിക്കാന്‍
ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍
എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!

ഇങ്ങെന്നെയസ്വസ്ഥനാക്കാതെ ഒട്ടുമേ
ആകുലനാകാതെ കാത്തിടേണേ
ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും 
കോപിക്കാനും ഇടയാക്കരുതേ!

ദൈവമേ എന്‍ ധര്‍മമെന്തെന്നറിഞ്ഞിന്നും
എന്‍ പണി കൃത്യമായ് സന്തോഷമായ്
ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ
നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!

ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആവുംവിധം സഹായങ്ങളേകാന്‍
ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും
ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!


(ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ കമന്റുക. മറ്റു ഗാനങ്ങളും അല്മായശബ്ദത്തില്‍ കൊടുക്കാം.)

1 comment: