Translate

Monday, July 2, 2012

ഇടയനില്ലാത്ത ലോകം

അല്മായാ ശബ്ദത്തില്‍ സിറോ മലബാര്‍ സഭയുടെ നാനാവിധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. പലതും പങ്കുവെയ്ക്കാനും മനസ്സിലാക്കാനും വായനക്കാര്‍ക്ക്  കഴിയുന്നുമുണ്ട്.  ഒരു വലിയ മലയോടു തന്നെയാണ് KCRM പ്രവര്‍ത്തകര്‍ പൊരുതുന്നത്, എന്നും അറിയാം. അതുകൊണ്ട് പേടിക്കണ്ട, അന്തശ്ചിദ്രം സഭാക്കകത്തുതന്നെ വേണ്ടത്രയുണ്ട്; സഭയുടെ നാശത്തിനു വൈദികരും ബിഷപ്പന്മാരും ധാരാളം മതിയെന്ന് തന്നെയാണ് ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ തോന്നുന്നത്.

ഇതിനോടൊപ്പം നാം ഗൌരവമായി ചിന്തിക്കേണ്ട ഒരു അടിസ്ഥാന പ്രശ്നം ആരും കണ്ടില്ലെന്നു നടിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സഭാ പ്രശ്നങ്ങളില്‍  വൈകാരികമായി മുഴുകി യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുമ്പോള്‍, നമ്മുടെ അത്മിയ വളര്‍ച്ചയുടെ  കാര്യം നമ്മള്‍ മറക്കുന്നുവോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. യേശുവെന്ന സദ്ഗുരു ലോകത്തിനു നല്‍കിയ സന്ദേശം ഹൃദയത്തില്‍ പകര്‍ത്തി ജിവിക്കുന്ന നിരവധി ആളുകള്‍, ഇന്ന് കേരളത്തില്‍ നിശ്ശബ്ദതയുടെയും സേവനത്തിന്റെയും പാതയില്‍ ജിവിക്കുന്നുണ്ട്. ആ പാത അതുപോലെ പിന്തുടരണമെന്ന് അല്ല ഞാന്‍ പറയുന്നത്. പക്ഷെ, ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ദൌത്യം നന്നായി പൂര്‍ത്തിയാക്കാന്‍ വിശ്വാസികളെ സഹായിക്കുക എന്ന ജോലിയും നാം ഏറ്റെടുക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.

ഇവിടെ നിസ്സംശയം പറയാവുന്ന ഒരു കാര്യമുണ്ട്, ആത്മ രക്ഷ തേടി സഭയെ നമ്പരുത്; അത് ആത്മഹത്യാപരം തന്നെ. പൊന്‍കുന്നം ഫൊറോനായുടെ കിഴിലുള്ള ഒരു പഴക്കം ചെന്ന ഇടവകയില്‍  ഈ അടുത്ത കാലം വരെ വികാരിയായിരുന്ന ഒരു പേരുകേട്ട ധ്യാന പ്രസംഗകനുണ്ടായിരുന്നു.  പള്ളി മുറ്റത്തു പന്തല്‍ കെട്ടി നാട് മുഴുവന്‍ ഇളക്കി വരപ്രസാദ ധ്യാനം മുറക്ക് നടത്തികൊണ്ടിരുന്ന ആ വൈദികന്‍ ഇപ്പോള്‍ ഒളിവിലാണ് - ഒരു കൊച്ചു കന്യാസ്ത്രി രണ്ടു മാസത്തിനുള്ളില്‍ ഒരു ദിവ്യ ശിശുവിന് ജന്മം കൊടുക്കും.  ചിന്തിക്കുന്നതും, പറയുന്നതും, പ്രവൃത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത ഇത്തരം പ്രവാചകന്മാര്‍ ഭരിക്കുന്ന പ്രസ്ഥാനത്തിനു ഒരുത്തരെയും രക്ഷയിലേക്കു നയിക്കാനാവില്ല. ആചാരങ്ങള്‍ മാറി, അനുഷ്ടാനങ്ങള്‍ മാറി, ക്രമങ്ങള്‍ മാറി, സര്‍വ്വതും മാറി; ഇപ്പോഴും മാറാത്തത് ഒന്ന് മാത്രം - പിരിവ്. 

ഈ സാഹചര്യത്തിലാണ്, ശ്രി. ജയിംസ്  കോട്ടൂരിന്റെ സമിപ കാല ലേഖനങ്ങളിലേക്കു ഞാന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. സഭയിലെ അനാചാരങ്ങളിലേക്ക് വിരല്‍ചൂണ്ടി ഒതുക്കത്തില്‍, മാന്യമായി കാര്യങ്ങള്‍ പറഞ്ഞിട്ട് ഒരു ഫലവും കാണാത്തത് കൊണ്ടുതന്നെയാണ്, അദ്ദേഹവും തുറന്നെഴുതി തുടങ്ങിയത്. സിറോ മലബാര്‍ സഭ ഇവിടെ ഇന്ത്യയില്‍ ആണ് ആയിരിക്കുന്നത്, പക്ഷെ പിതാക്കന്മാരെ കാണണമെങ്കില്‍ ജര്‍മ്മനിയിലോ ഉസ്ബെക്കിസ്ഥാനിലോ ചെല്ലണം. ആ യാത്രകള്‍ ഒന്നും യേശുവിലേക്ക് ഒരാളെപ്പോലും അടുപ്പിക്കാന്‍ അല്ല എന്നോര്‍ക്കണം - ഒന്നുകില്‍ പിരിവിന്‌, അല്ലെങ്കില്‍ സുറിയാനി ക്രമം അത് ഇല്ലാത്ത കോണില്‍ കൂടി അടിച്ചേല്‍പ്പിക്കാന്‍;  ഒരു ചില്ലി പൈസാ പോലും സംഭാവനയായി സ്വികരിക്കാതെ ഒരൊറ്റ ഇടയനും മടങ്ങുന്നില്ല. കഞ്ഞിരപ്പള്ളി രൂപതയില്‍, വൈദിക  വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍, ഒരു മൂലധനം ആയി  share കള്‍ അമേരിക്കയില്‍ പിരിവ് നടത്തിയ ഒരു വൈദികനെയും നേരിട്ടറിയാം.

ശ്രി. ജയിംസ് കോട്ടൂര്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള 'Forget the Churches , Follow Christ ' ഇന്നൊരു ആഗോള ജിവിതരിതി തന്നെയാണ്. കത്തോലിക്ക ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥികളില്‍ ബഹു ഭൂരിപക്ഷവും ഈ ഗണത്തില്‍ പെട്ടവരാണ്. ഇടവക ഗണത്തില്‍ 50 % എങ്കിലും വരും ഇവരുടെ സംഖ്യ. ആരിവരെ നയിക്കും? യേശു കണ്ണീര്‍ ഒഴുക്കികൊണ്ട് വിലപിച്ചത് ഇടയനില്ലാത്ത ഈ ജനത്തെ പ്പറ്റിയാണ്. സഭയെന്ന ഇജിയന്‍ തൊഴുത്ത് വൃത്തിയാക്കി ജിവിതം പാഴാക്കാതെ, അതിലും ഫലദായകമായ യേശു മാര്‍ഗ്ഗത്തിലേക്ക് ആയിരങ്ങളെ നയിക്കാന്‍ കഴിയണം നമുക്ക്. മുമ്പോട്ട്‌ വരുന്നവരുടെ കൂട്ടത്തില്‍ എല്ലാ സഭക്കാരും കാണും; ജീവിക്കാനുള്ള വ്യഗ്രത ആര്‍ക്കാണ് ഇല്ലാത്തത് ?


ഉന്നത വിദ്യാഭാസ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍  വിജയശതമാനം   കുറയുന്നതിനെപ്പറ്റി സ്വര്‍ണ്ണവടി കുത്തി നടക്കുന്ന ഒരു വന്ദ്യ പിതാവ് ഇയ്യിടെ പറഞ്ഞത് ശ്രദ്ധിച്ചോ? സര്‍ക്കാര്‍ കോട്ടയില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കൊണ്ടാണത്രേ വിജയ ശതമാനം കുറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു പ്രശ്നവും ഇല്ലായെന്നത്‌ പോട്ടെ, മാനെജ്മെന്ടു തിരുകി കയറ്റുന്ന എല്ലാവരും ഫസ്റ്റ്ക്ലാസ്സിലാണോ ജയിക്കുന്നത്?  സര്‍ക്കാര്‍ കോട്ടയില്‍ വരുന്നവര് മുഴുവന്‍ (ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ പ്രത്യേകിച്ചും)   കിഴങ്ങന്മാരോ, ഉഴപ്പാനായി ജനിച്ചവരോ  ആണെന്ന് വ്യംഗ്യം.  ഈ കണ്ടുപിടുത്തത്തിന് ഒരു പത്രോസ് അവാര്‍ഡ് തന്നെ കൊടുക്കാം. കാര്യവും കാരണവും മറകൂടാതെ പറയുന്ന ശ്രി. വെള്ളാപ്പള്ളി നടേശന്‍ എത്ര ഭേദം. ഇതേ ചങ്ങനാശ്ശേരി രൂപത തന്നെയാണ് ചങ്ങനാശ്ശേരിയില്‍ ഉള്ള മറ്റൊരു സന്യാസ സഭയുടെ വൈദിക വിദ്യാര്‍ഥികള്‍ക്ക്, സ്വന്തം മാനെജുമെന്ടിലുള്ള വിദ്യാലയങ്ങളില്‍ പ്രവേശനം കൊടുക്കരുത് എന്ന് ഒരിക്കല്‍ തിരുമാനിച്ചത് (പിന്നിടത് മാറ്റി). ക്രിസ്ത്യാനികള്‍ ആണെങ്കില്‍ തന്നെ  എരന്നു   തിന്നണം എന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ആട്ടിന്തോലിട്ട ഈ ചെന്നായ്ക്കളുടെ ഇടയില്‍ ജിവിക്കുന്ന അലമായന്, അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗ രാജ്യം കിട്ടിയേക്കാം. 

2 comments:

  1. സഭ ആല്മീയതയെ വിട്ടു മാമോനെ (പണത്തെ ) പുണരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ , കത്തോലിക്ക പ്രസ്ഥാനം ആത്മീയമായി ക്ഷീണിക്കാന്‍ തുടങ്ങി .

    ReplyDelete
  2. ആട്ടിടയന്‍ നയിക്കുന്ന ആട്ടിന്‍കുട്ടികള്‍ എന്നൊക്കെ പഠിച്ചിട്ടുണ്ട്. ഒന്നുമറിയാത്ത പ്രായത്തില്‍ ആട്ടിടയന്‍ യേശുവായിരുന്നുവെന്നും വിചാരിച്ചു. ഏതോ കലാകാരന്‍ വരച്ച യേശുവും, കൈവശം കാട്ടുകമ്പ് കൊണ്ടുള്ള ഒരു വടിയും ആട്ടിന്ക്കുട്ടികളും ഉള്ള പടം വളരെയേറെ അര്‍ഥവ്യാപ്തിയുള്ളതായും തോന്നി. ആ സ്ഥാനത്തു സ്വര്‍ണ്ണ വടിയും കിരീടവും വെച്ചു നടക്കുന്ന ഭൂമിയിലെ പിതാക്കന്മാര്‍ എന്നു വിളിക്കുന്ന ഇവരെ ഇടയരെന്നും കരുതണമോ?കൂടലിന്റെ കവിതയെവിടെ?

    ഇടയന്‍ എന്ന ബൈബിളിലെ വിശുദ്ധമായ ആ പദത്തിനുതന്നെ ഒരു കളങ്കം ആകും.
    ഇടയന്‍ എന്ന വിശുദ്ധപദം കൊണ്ടാണ് ഇടവകകള്‍ കെട്ടി പൊക്കിയിരിക്കുന്നത്. വിശാലമായ അര്‍ഥത്തില്‍ ആ പദംകൊണ്ട് നാം ഓരോരുത്തരെയും ഒരു ബിഷപ്പിന്റെ കീഴിലാക്കി. അവസാനം മാര്‍പാപ്പാ, ഭൂമിയിലെ പ്രധാന ഇടയന്‍, ക്രിസ്തുവിന്റെ വികാരി, നല്ല ഇടയന്‍ ഇങ്ങനെയായി.

    ഇങ്ങനെ ഇത്രയേറെ മഹനീയമായ പദം അലങ്കരിക്കുന്ന ഇടയന്‍, ഒരു
    ആട്ടിന്കുട്ടിയില്‍ ദിവ്യഗര്‍ഭം ധരിപ്പിച്ചുവെന്നും ദിവ്യഉണ്ണി ഉടന്‍ പിറക്കുമെന്നും റോഷന്‍ അറിയച്ചപ്പോള്‍ മഹാഭാരതം വായിക്കുന്നതുപോലെയും തോന്നിപോയി. ഇതു മഹാഭാരതമല്ല, റോഷനെപ്പോലെ അറിവുള്ള ഒരാള്‍ പറഞ്ഞതുകൊണ്ട് വിശ്വസിക്കുക തന്നെ ചെയ്യുന്നു.

    യേശുവിന്റെ കാലത്ത് ആട് ഏറ്റവും വില കൂടിയ മൃഗമായിരുന്നു. അന്നു ആടുകളുടെ എണ്ണം നോക്കിയായിരുന്നു ഒരാളിന്റെ ധനസ്ഥിതി നിജപ്പെടുത്തിയിരുന്നതും. ആടുകള്‍, ഇറച്ചി, പാല്, കമ്പിളി, തോല് ഇങ്ങനെ മനുഷ്യന്റെ ഉത്പന്ന വിഭവമായിരുന്നു. ആടുകളെ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും തീറ്റുന്നതിനും രോഗവിമുക്തമാക്കുന്നതിനും ആട്ടിടയന്മാര്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു.

    എന്നാല്‍ ഇന്നത്തെ ആട്ടിടയന്മാരും ദൈവരാജ്യം പണിയുന്നവര്‍ ആണ്. ഇത്തരം പ്രവാചകരും പുരോഹിതരും ജെരൂമിയായുടെ ബുക്കില്‍ ഉണ്ട്. ആടുകളെ നയിക്കുന്ന ഈ ഇടയന്മാര്‍ കൂടുതലും ശ്രദ്ധിക്കുന്നത് ആടുകളെയല്ല അവരെ തന്നെയാണ്. വിശ്വാസികളെ നിയന്ത്രിക്കാനുള്ള ഈ പ്രസ്ഥാനം ജനങ്ങളുടെ ആവശ്യങ്ങള്‍ തിരസ്ക്കിരിക്കുന്നു.

    ആധുനിക ഇടയന്മാര്‍ അഴിമതികള്‍ നിറഞ്ഞ പടുകിളവന്മാര്‍തൊട്ടു ദിവ്യഉണ്ണികളേ സൃഷ്ടിക്കുവാന്‍ കഴിവുള്ളവര്‍വരെയുണ്ട്. ഇന്നുള്ള ഇടയന്മാരുടെ ധനം അധാര്‍മ്മികമായ മതസ്ഥാപനങ്ങളുടെ ഭരണാധികാരവും കോഴയും കോളേജു പ്രവേശന സീറ്റുകച്ചവടവും വിദേശപ്പണവും പള്ളിപൊളിക്കലും പള്ളിപണിയും പിന്നെ ഷോപ്പിംഗ്‌ കൊമ്പ്ലെക്സും അങ്ങനെ പോവുന്നു.

    പള്ളിയില്‍ സ്ഥിരം പോവുന്നവരെ ഇവര്‍ കൊടുക്കാവുന്നടത്തോളം ഞെക്കി പിഴിയുകയും പീഡനം കൊടുക്കുകയും ചെയ്യും. ഒരു മരണ ആവശ്യമോ വിവാഹമോ വന്നാല്‍ ഇവരുടെ യഥാര്‍ഥ തനിനിറം അനുഭവിക്കാത്ത ക്രിസ്ത്യാനികള്‍ ആരുംതന്നെ കാണുകയില്ല.

    ആധുനിക പരീശിയരായ ഈ പുരോഹിതക്കൂട്ടം എല്ലാം ദൈവത്തിനു നല്‍കുന്നുവെന്നു വിശ്വാസികളെ തെറ്റിധരിപ്പിക്കും. സഭയുടെ നിയമങ്ങളും തത്വങ്ങളും പിന്തുടരുന്നവന് മാത്രം സ്വര്‍ഗ്ഗത്തിലെക്കുള്ള വാതില്‍ തുറന്നിടുകയും ഭൂമിയില്‍ സമാധാനം നല്‍കുകയും ചെയ്യും.

    യേശുവിന്റെ കാലത്ത് ആട്ടിന്‍കുട്ടികള്‍ ശരിയായ രക്ഷ കിട്ടിയിരുന്നതുകൊണ്ട് തടിച്ചു കൊഴുത്തിരുന്നു. ഇന്നുള്ള ആട്ടികുട്ടികള്‍ക്ക് സ്വയം സംരക്ഷിക്കുവാന്‍ സാധിക്കുന്നില്ല. ഇന്നത്തെ ആട്ടിന്‍കുട്ടികളെ ഇടിക്കുന്ന കോവര്‍ കഴുതകളും മാന്തുന്ന പൂച്ചകളും കടിക്കുന്ന പട്ടികളും ഓടുന്ന മുയലുകളും നാറുന്ന സ്കങ്കും കൂട്ടങ്ങളായി
    പുരോഹിതര്‍ മുതല്‍ വലിയ മെത്രാന്‍വരെ വേഷംമാറി നടപ്പുണ്ട്. ചുറ്റിലും ഈ പറ്റങ്ങളെ അമേരിക്കയില്‍ ജീവിച്ചാലും കാണാം.

    എങ്ങനെയെല്ലാം അവറ്റകള്‍ ആടുകളെ അന്നു ഉപദ്രവിച്ചിരുന്നുവോ ആ ഉപദ്രവകാരികള്‍ ഇന്ന് ബാലപീഡക, കോഴകോഴി പിടുത്തരൂപത്തില്‍ ഒരു കൊച്ചു ഇടവകമുതല്‍ വത്തിക്കാന്‍വരെയുണ്ട്.

    ആടിനെ നയിച്ചിരുന്ന ആട്ടിന്‍പട്ടികള്‍ക്കും ആട്ടിടയന്മാര്‍ക്കും പകരം ആട്ടിന്‍തോല് ധരിച്ച ചെന്നായ്ക്കളുടെ ഒരു ലോകമാണ് വിശ്വാസിവലയം സംരക്ഷിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക, ഭരണരാഷ്ട്രീയ അധികാരികള്‍വരെ ഇവര്‍ക്കു മുമ്പില്‍ തലകുനിക്കുന്ന ഒരു ദയനീയ ലോകവും കാണാം.

    ReplyDelete